തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്ട്ടുകളില് പ്രതികരിച്ച് തെന്നിന്ത്യന് സൂപ്പര് താരം സാമന്ത രംഗത്ത്. താനിപ്പോള് മരിക്കാന് കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്ത്തകള് ഒഴിവാക്കണമെന്നും സാമന്ത പറയുന്നു.
താന് ഒരടി പോലും മുന്നോട്ടു നടക്കാന് പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര് പറഞ്ഞു. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്.
”ചില ദിവസങ്ങള് മോശമായിരിക്കും. ചിലപ്പോള് നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാന് പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാല്, തിരിഞ്ഞുനോക്കുമ്പോള് അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോള് അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി.
‘ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന് അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോര്ട്ടുകള് കണ്ടു. ഞാനിപ്പോള് മരിക്കാന് കിടക്കുകയൊന്നുമല്ല. നിലവില് ഞാന് മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകള് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടര്മാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു.
എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവില് നമ്മള് തന്നെ വിജയിക്കും-സാമന്ത പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നതായ റിപ്പോര്ട്ടുകള്ക്കിടെ സാമന്ത തന്നെയാണ് തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തിയത്. പേശീവീക്കം എന്നറിയപ്പെടുന്ന ‘മയോസൈറ്റിസ്’ രോഗമാണ് താരത്തെ ബാധിച്ചിരുന്നത്. എല്ലുകള്ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം.
യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് സാമന്ത നന്ദി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്സിന്റെ ബാനറില് ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന്ചാണ്ടിയ്ക്ക് ഇന്ന് ലേസര് ശസ്ത്രക്രിയ. വിദഗ്ധ ചികിത്സയ്ക്കായി ജര്മനിയിലാണ് ഉമ്മന്ചാണ്ടി.
അദ്ദേഹത്തിനൊപ്പം ജര്മനിയിലുള്ള മകന് ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.
ബെര്ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്ചാണ്ടിയുള്ളത്. ഡോക്ടര്മാരുടെ നിര്ദേശപ്രകാരമാണ് ലേസര് സര്ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂര്ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
അപ്പയുടെ ചികിത്സ ബര്ലിനിലെ ചാരിറ്റി ആശുപത്രിയില് ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടര്മാരുടെ നിര്ദ്ദേശപ്രകാരം അപ്പയെ ലേസര് സര്ജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂര്ത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്.നിങ്ങള് നല്കിയ പിന്തുണകള്ക്ക് നന്ദി..
ഈ മാസം ആറിനാണ് ഉമ്മന്ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്മനിയിലേക്ക് തിരിച്ചത്. മകന് ചാണ്ടി ഉമ്മനെ കൂടാതെ മകള് മറിയ, ബെന്നി ബഹനാന് എംപി, കോണ്ഗ്രസ് പ്രവര്ത്തകന് ജിന്സണ് എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്.
ഉമ്മന് ചാണ്ടിക്ക് മക്കള് ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില് നേരത്തെ സോഷ്യല് മീഡിയയില് പ്രചാരണമുണ്ടായിരുന്നു. എന്നാല് ഇത്തരം വാര്ത്തകള് അസംബന്ധമാണെന്ന് മകന് ചാണ്ടി ഉമ്മന് പ്രതികരിച്ചിരുന്നു. വിമര്ശനങ്ങള് ഉന്നയിക്കുന്നവര്ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015ല് വന്നപ്പോള് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല് വന്നപ്പോള് യുഎസിലും ജര്മനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മന്
അകാലത്തില് നഷ്ടപ്പെട്ട സഹോദരന്റെ ഓര്മ്മയ്ക്കായി സൂക്ഷിച്ചിരുന്ന
ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില് യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന് പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര് മടക്കി നല്കിയാല് ചോദിക്കുന്ന പണം നല്കാമെന്നാണ് സുജീഷിന്റെ വാക്ക്.
അര്ബുദ ബാധയേറ്റാണ് സുജീഷിന്റെ സഹോദരന് പ്രതീഷ് അകാലത്തില് പൊലിഞ്ഞത്. നഷ്ടപ്പെടലിന്റെ വേദന ഇന്നും നൊമ്പരമായി സുജീഷിന്റെയും ബന്ധുക്കളുടെയും ഉള്ളിലുണ്ട്. സഹോദരന്റെ സന്തത സഹചാരിയായിരുന്ന ബൈക്കായിരുന്നു ആകെയുള്ള ഓര്മയും ആശ്വാസവും. ഇതാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.
കട്ടെടുത്തവര് തന്റെ ചങ്കാണ് പറിച്ചെടുത്തത്. അനിയന്കുട്ടിയുടെ വാഹനവുമായി അത്രയേറെ ആത്മബന്ധമുണ്ട്. തിരികെ നല്കിയാല് ചോദിക്കുന്ന പണം നല്കാമെന്നും സുജീഷ് പറയുന്നു.
കെഎല് 55 എല് 5809 എന്ന പാഷന് പ്രോ ബൈക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയില് ചോമേരിയില് നിന്നാണ് നഷ്ടപ്പെട്ടത്. ബൈക്ക് വീണ്ടെടുക്കാന് സുജീഷ് മണ്ണാര്ക്കാട് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വാഹനം തിരികെ നല്കണമെന്ന് കള്ളന് ആഗ്രഹിച്ചാല് പരാതി പിന്വലിക്കാനും തയ്യാറാണെന്നും സുജീഷ് പറയുന്നു.
യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.
പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നിലവിൽ 2.08 മില്യൺ സബ്സ്ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.
നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ശേഷം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വാഭാവികമായ പെരുമാറ്റമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ഡ്രെെവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ചില അംഗവിക്ഷേപങ്ങൾ യുവാവ് ചെയ്തതായും ദൃശ്യങ്ങളിൽ കാണാം.
പണ്ട് നെല്ലിന്റെ കലവറ അല്ലായിരുന്നു കുട്ടനാട്. അത് ആറ്റുകൊഞ്ച്, കരിമീൻ, വരാൽ, കാരി, കല്ലേമുട്ടി, ആരകൻ, വലഞ്ഞിൽ, ചേറുമീൻ, വാക, ആറ്റുവാള തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളുടെ കലവറയായിരുന്നു. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഏറിയവയും കൃത്രിമസൃഷ്ടികൾ തന്നെയാണ്. കായൽപ്പരപ്പുകളും വിസ്തൃതമായ ജലാശയങ്ങളും ഒക്കെ വളച്ചുകെട്ടിയെടുത്തു, നമ്മുടെ ഭക്ഷ്യധാന്യ സ്രോതസ് കൂട്ടാൻ സൃഷ്ടിക്കപ്പെട്ടവ.
പാടശേഖരങ്ങളില് നിരോധിത കീടനാശിനികളുടേയും, മാരകമായ വിഷങ്ങളുടേയും പ്രയോഗത്തിലൂടെ കുട്ടനാടിനെ ദുരന്തഭൂമിയാക്കുന്ന കാന്സറിനെ പ്രതിരോധിക്കാനോ,ഫലപ്രദമായ ചികിത്സ നല്കാനോ ബന്ധപ്പെട്ടവര്ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം. കുട്ടനാട്ടില് കാന്സര് ഉപകേന്ദ്രം സ്ഥാപിക്കുമെന്നും വേണ്ട സഹായങ്ങള്ചെയ്യാമെന്ന് ജനപ്രതിനിധികള് പറയുന്നുണ്ടെങ്കിലും രോഗികള്ക്ക് ഫലപ്രദമായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി നഴ്സുമാര് വീടുവീടാന്തരം കയറി ഇറങ്ങി നടത്തിയ സര്വ്വേയിലാണ് ദിനം പ്രതിയെന്നോണം കുട്ടനാട്ടില് കാന്സര് രോഗികളുടെ എണ്ണം വര്ദ്ധിക്കുന്നുണ്ടെന്നും അത് പുരുഷന്മാരെക്കാള് കൂടുതല് സ്ത്രീകളിലാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത്. കഴിഞ്ഞ ജനുവരിയില് നടന്നസെമിനാറില് വെച്ചായിരുന്നു ആരോഗ്യപ്രവര്ത്തകരുടെ വെളിപ്പെടുത്തല്.
ഈ വെളിപ്പെടുത്തലിനോട് ഒരു മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കുട്ടനാട്ടില് മാത്രമായി കാന്സര് പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നും,അതിന് തന്നെ ഒരു പദ്ധതികൊണ്ടു വരുമെന്നും നല്ല വെള്ളം കുട്ടനാട്ടുകാര്ക്കും, ആലപ്പുഴക്കാര്ക്കും കിട്ടുന്നില്ലെന്നും ജലഅഥോറിറ്റി ഉദ്ദ്യോഗസ്ഥരെ ജയിലില് അടയ്ക്കുകയാണ് വേണ്ടതെന്നും, കുട്ടനാടിന് സെമിനാറും, പ്രസംഗവും കൊണ്ട്ഒരുകാര്യവുമില്ലെന്നുമാണെന്നാണ് പ്രതികരിച്ചത്.
ദേശീയ ശരാശരി പ്രകാരം ഒരു ലക്ഷം പേരില് 120പേര്ക്കാണ് കാന്സര് ഉള്ളത്. കുട്ടനാട്ടിലാകട്ടെ ഇരട്ടിയിലധികവും. പമ്പ,അച്ചന് കോവില്,മണിമല എന്നീ നദികള് ചുറ്റപ്പെട്ട കടല് നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും,നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും,വീടുകളില് നിന്നും,ഹൗസ്ബോട്ടുകളില് നിന്നുമുള്ള വിസര്ജ്യങ്ങളും ഇവിടെ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ള നദികളിലെ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്ക്ക് നല്ലതുപോലെയുണ്ടെന്നും,കോശങ്ങള്ക്ക് നാശമുണ്ടാക്കുന്ന സെല്ലു ലൈറ്റീസ് രോഗം മറ്റു പ്രദേശങ്ങളെക്കാള് കൂടുതല് കുട്ടനാട്ടിലാണെന്നും പഠനങ്ങള് തെളിയ്ക്കുന്നു.
അതുപോലെ മനുഷ്യവിസര്ജ്യമൂലമുണ്ടാകുന്ന ഇക്കോ ബാക്ടീരിയ വെള്ളത്തില് 10% മാത്രമെ പാടുള്ളൂ എന്നിരിക്കെ ഇവിടെ 1450വരെ കണ്ടെത്തിയെന്നും പഠന റിപ്പോര്ട്ടുകള് സാക്ഷ്യ പ്പെടുത്തുന്നു. വേണ്ടത്രചികിത്സകിട്ടാതെ 27.2%പേര്മരിച്ചു.മറ്റുള്ള മരണങ്ങളെക്കാള് കൂടുതലാണിത്. പ്രായാധിക്യംമൂലം19.4%, ജീവിത ശൈലിരോഗത്താല് 7.9% ആളുകള് മരിക്കുന്ന കണക്കും കൂടി തട്ടിച്ചു നോക്കുമ്പോള് കുട്ടനാട്ടിലെ കാന്സര് രോഗികളുടെ എണ്ണം മനസ്സിലാക്കാന് കഴിയും.
കേരളത്തില് ഒന്നര ലക്ഷം കാന്സര് രോഗികളുണ്ടെന്നും,അരലക്ഷം പേര്ക്ക് ഓരോവര്ഷവും പുതുതായി രോഗം പിടിപെടുന്നുമാണ് പഠന റിപ്പോര്ട്ട്. എന്നാല് കേരളത്തില് ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്സര് രജിസ്ട്രിയില്ല. ഉള്ളതാകട്ടെ തിരുവന്തപുരം,കൊല്ലം,കണ്ണൂര് ജില്ലകളില് മാത്രവും. രജിസ്ട്രി ഉണ്ടെങ്കില് കൃതൃമായി രോഗികളുടെ എണ്ണം ലഭിക്കുമായിരുന്നു. അര്ബുദ വിദ്ഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്വ്വേയില് ഉള്പ്പെടുത്തിയാല് മാത്രമെ യഥാര്ത്ഥ കണക്കുകള് ലഭിക്കുകയുള്ളൂ. അതുപോലെ കാന്സറിനെ നോട്ടിഫയബിള് രോഗമാക്കി പ്രഖ്യാപിച്ചാല് ആശുപത്രികളില് നിന്നുള്ള യഥാര്ത്ഥ വിവരങ്ങള് ലഭിക്കുകയുള്ളു.
മുട്ടാര്,ചമ്പക്കുളം,നീലംപേരൂര്,എടത്വ,കൈനകരി,തകഴി,വെളിയനാട്,പുളിങ്കുന്ന്,നെടുമുടി,വീയപുരം,തലവടി,രാമങ്കരി,കാവാലം,എന്നിവിടങ്ങളില് രോഗം കൊണ്ട് ബുദ്ധി മുട്ടനുഭവിക്കുന്നവര് നിരവധിയാണ്. കോട്ടയം,ആലപ്പുഴ,തിരുവനന്തപുരം എന്നിവിടങ്ങളെ കൂടാതെ മലബാര് പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചികിത്സതേടി പോകുന്ന കുട്ടനാട്ടുകാര് നിരവധിയാണ്. സാമ്പത്തിക പരാധീനതയുള്ള രോഗികള്ക്ക് 1000 രൂപ സര്ക്കാര്പെന്ഷന് നല്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സകളാണിവരുടെ ജീവന് നില നിര്ത്തുന്നത്. നാട്ടുകാരുടെ സഹായവുമുണ്ടെന്ന് രോഗികള് പറയുന്നു.അലോപ്പതിയെ കൂടാതെ ആയൂര്വേദം,ഹോമിയോ,നാട്ടുവൈദ്യം എന്നീ ചികിത്സകളാണ് രോഗികള് അവലംബിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ പലപ്രദേശങ്ങളിലും പലതരത്തിലുള്ള കാന്സറാണ് രോഗികള്ക്കുള്ളതെന്ന് ഡോക്ടര്മാര് പറയുന്നു. കുട്ടനാട്ടില് അപ്രത്യക്ഷമാകുന്ന വെള്ളപൊക്കം ഒരു പരിധിവരെ കാന്സറിനെ പ്രതിരോധിച്ചിരുന്നു. വര്ഷത്തില് രണ്ടുതവണ കൃഷിചെയ്യുമ്പോള്ഉപയോഗിച്ചിട്ടുള്ള എല്ലാകീടനാശിനികളും ഒരുതവണത്തെ വെള്ളം പൊക്കം പാടശേഖരത്തിലൂടെ കയറി ഇറങ്ങി കടലില് എത്തുമായിരുന്നു.
വെള്ള പ്പൊക്കത്തിന് ശേഷമുള്ള ആറുകളിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇന്ന് കുട്ടനാടിന്റെ വികസനത്തിന്റെ മറവില് അശാസ്ത്രിയമായ രീതിയില് നിര്മിച്ചിരിക്കുന്ന പാലങ്ങളും റോഡുകളും വെള്ളപൊക്കത്തിന് തടസ്സമായത് കാന്സര് വര്ദ്ധിക്കാന് കാരണമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. കാന്സര് രോഗികള്ക്ക് ഫലപ്രദമായ ചികിത്സയും,മറ്റുള്ളര്ക്ക് ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധപ്രവര്ത്തനങ്ങളും നടത്തി വേണ്ട നടപടികള് ബന്ധപ്പെട്ടവര് കയ്യ്കൊള്ളണമെന്നാവശ്യം ശക്തമാകുകയാണ്.
ആണ്ടിലൊരു പൂ കൃഷി എന്നതുകൊണ്ട് നമ്മുടെ നാൾക്കുനാൾ ശുഷ്കിച്ചു വരുന്ന കാർഷിക ഭൂവിസ്തൃതിയിൽ നിന്നും ഭക്ഷ്യധാന്യോൽപാദനം കൂട്ടുക എന്നത് അസാധ്യം ആയതുകൊണ്ടാണ് ലഭ്യമായ കൃഷിയിടങ്ങളിൽ രണ്ട് പൂ കൃഷി എന്ന ആശയം ഉടലെടുത്തത്. നല്ല കാര്യം. പക്ഷേ മേൽപ്പറഞ്ഞ ഓരുവെള്ളസംചേതനത്തിന്റെ അഭാവം, കുടിയേറ്റക്കളകളുടെ ആധിപത്യം, അസാധാരണമായ ഋതു വ്യതിയാനം എന്നിവ മൂലമുള്ള കെടുതികൾ കർഷകന്റെ നടുവൊടിക്കുകയാണ്.
ഇന്ന് നിലങ്ങളിൽ ഉണ്ടാകുന്ന കളകൾ കതിരയും കറുകയും കാക്കപ്പോളയും പായലും അല്ല. പണ്ടൊക്കെ നാം വിളവെടുപ്പിൽനിന്നും കരുതിവച്ചിരുന്ന വിത്തുകൾ വിതച്ചിരുന്നപ്പോൾ തദ്ദേശീയമായ അത്തരം കളകളേ വിത്തിന്റെ കൂടെ കിളിർത്തിരുന്നുള്ളൂ എങ്കിൽ ഇന്ന് കുടിയേറ്റ കളകൾ നിലങ്ങളിൽ ആധിപത്യം പുലർത്തുന്നു. NSCയുടെയും KSCയുടെയും വിത്തുകളുടെകൂടെ കവിട, മൈസൂർ കവിട, കമ്പിക്കവിട എന്നിങ്ങനെ പെട്ടെന്നുവളർന്നും പന്തലിച്ചും നെൽച്ചെടിയേക്കാൾ പെട്ടെന്ന് പൂത്തു കായ്ച്ചു വിളഞ്ഞു നിലങ്ങളിൽ തന്നെ നിന്നുപോഴിഞ്ഞു വീണ്ടും കൃഷിയിറക്കുമ്പോൾ കിളിർത്തു തഴച്ചു പെരുകുന്ന ഹൈ-ബ്രീഡ് കളകൾ. പിന്നെയുള്ള തലവേദന വരിനെല്ലാണ്. അതിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെ. എത്ര മരുന്നടിച്ചാലും മരിക്കാത്ത അമരജന്മം. ആളുകളെ ഇറക്കി പറിച്ചുകളയാമെന്നു വച്ചാലും കോൺക്രീറ്റ്പോലെ മണ്ണിനെ വിട്ടുപോരാത്ത വീറുകാട്ടുന്ന ജനുസ്സുകൾ.
ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണ്. പരാധീനതകളും ആവലാതികളും നമ്മൾ ഒട്ടേറെ പറഞ്ഞു മടുത്തു, നമുക്കും നമ്മെ കേൾക്കുന്നവർക്കും. നാം കർഷകരും, പടശേഖരസമിതികളും രണ്ടുമൂന്നു കൊല്ലത്തിലൊരിക്കൽ നിലങ്ങൾക്ക് ഒരവധി/ഇടവേള കൊടുക്കണം. അതും ഓരുവെള്ളം നിലങ്ങളിൽ കയറി ഇറങ്ങിയൊഴുകാൻ അനുയോജ്യമായ സമയം നോക്കി നൽകണം. പരീക്ഷണാർഥം ഒരു തവണ ചെയ്തു നോക്കിയിട്ട് വിജയകരമെങ്കിൽ അങ്ങനെയൊരു ഇടവേള നൽകൽ ആസൂത്രണം ചെയ്യണം. പൊതുഖജനാവു കാലിയാക്കി ഏതാനും ചിലരുടെ സ്വകാര്യ ഖജനാവുകൾ മാത്രം നിറയ്ക്കുന്ന ഫലപ്രദമല്ലാത്ത ഓരുമുട്ടുകൾ ആണ്ടോടാണ്ട് നിർമിക്കുന്ന അഴിമതിക്കരാറുകൾ ഒഴിവാക്കി ഫലവത്തും ബലവത്തുമായ ബദൽമാർഗങ്ങൾ സ്വീകരിക്കണം.
നമുക്ക് കക്ഷികൾ തോറും കാർഷിക സംഘടനകളുണ്ട്. കക്ഷിരഹിതം എന്ന് അവകാശപ്പെടുന്നവയും ഉണ്ട്. ഇവരിൽ ആരെങ്കിലും ഓരോ കാർഷിക മേഖലയ്ക്കും വേണ്ടി പഠന-ഗവേഷണ-നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി വിദഗ്ധ സമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടോ? കുട്ടനാട്ടിലെ അമ്ലബാധിതമായ കരിനില മേഖലയിൽ ഒരു കരിനില വികസന ഏജൻസി ഉണ്ടായിരുന്നു. കുറച്ചു രാഷ്ട്രീയ നിയമനങ്ങളും സർക്കാർ (വേണ്ടിടത്തു എങ്ങുമെത്താത്ത) ഫണ്ട് ചെലവഴിക്കലും അല്ലാതെ എന്ത് കരിനില വികസനമാണ് അത് നടപ്പാക്കിയത്? കൃഷിവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് കുറച്ചൊക്കെ വികസനം ഉണ്ടായിട്ടുണ്ടാവും.
അതുകൊണ്ട് നമ്മുടെ കാർഷിക (നെല്ലും മത്സ്യസമ്പത്തും ഒക്കെ ഉൾക്കൊള്ളുന്ന) കലവറയെ അൽപമാത്രമായെങ്കിലും വീണ്ടെടുക്കുന്നതിന് ഓരുവെള്ളം ഒരിടവേളയിലെങ്കിലും കടന്നുവന്ന് ഇറങ്ങിപ്പോകാൻ അവസരം ഉണ്ടാക്കുക. തദ്ദേശീയരായ തൊഴിലാളികൾക്ക് തോടുകളിൽ നിന്നും മണലും ചെളിയും വാരുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. ഇപ്പോൾ സർക്കാർ കാശ് അങ്ങോട്ടുകൊടുത്തു ആഴം കൂട്ടൽ എന്ന പ്രഹസനം നിർത്തലാക്കിയാൽ നാട്ടിലെ തൊഴിലാളികൾക്ക് വരുമാനവും സർക്കാർ ഖജനാവിലെ പണം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യാം. രാസ വിഷങ്ങളുടെ വില യാതൊരു മാനദന്ധവുമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. അതിനും മരുന്നുകളുടെ ഉൽപാദകർ അവകാശപ്പെടുന്നതുപോലെയുള്ള ഫലപ്രാപ്തി കിട്ടാതെവന്നാൽ നിയമനടപടിക്കുമുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം എന്നും അഭ്യർഥിക്കുന്നു.
ഉത്തരകേരളത്തെ എൻഡോസൾഫാൻ ബാധിച്ചപ്പോൾ കുട്ടനാടിനെ നാൾക്കുനാൾ പെരുകുന്ന അർബുദരോഗങ്ങളാണ് കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ആവർത്തിച്ചുള്ള രാസവിഷ പ്രയോഗങ്ങൾ ആലപ്പുഴയെ ‘cancer hub’ ആക്കി മാറിയിരിക്കുന്നു. നാം നടപടി കൈക്കൊണ്ടേ പറ്റൂ.
പാറശ്ശാല ഷാരോണ് വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം തൃപ്പരപ്പിലെ ഹോട്ടലില് തെളിവെടുപ്പ് നടത്തി. ബുധനാഴ്ചയാണ് ഗ്രീഷ്മയെ തെളിവെടുപ്പിവനായി എത്തിച്ചത്. ഇരുവരും താമസിച്ച ഹോട്ടല് മുറിയിലടക്കം തെളിവെടുപ്പ് നടന്നു.വെട്ടുകാട് പളളിയില് വെച്ച് ഷാരോണ് താലികെട്ടിയ ശേഷം ഇരുവരും ചേര്ന്ന് തൃപ്പരപ്പിലെ ഹോട്ടലില് മൂന്ന് ദിവസം താമസിച്ചിരുന്നതായി ഗ്രീഷ്മ നേരത്തെ മൊഴി നല്കിയിരുന്നു. ഇതേതുടര്ന്നാണ് ഹോട്ടലില് തെളിവെടുപ്പ് നടത്തിയത്.
ഹോട്ടലിലെ തെളിവെടുപ്പിനൊപ്പം ഷാരോണ് പഠിച്ച നെയ്യൂരിലെ കോളേജിലും ജൂസ് ചലഞ്ച് നടത്തിയ പാലത്തിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കോളേജില് നിന്ന് സംഭവ ദിവസം ഉച്ചയോടെ ഇരുവരും ബൈക്കിലാണ് പാലത്തിലെത്തിയതെന്ന് ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചലഞ്ച് നടത്തുന്നതിനായി കൊണ്ടുവന്ന രണ്ട് ജ്യൂസ് കുപ്പികളില് ഒരെണ്ണത്തില് കോളേജില് വെച്ച് തന്നെ വിഷം കലര്ത്തിയിരുന്നു.
രണ്ട് പേരില് ആരാണ് ആദ്യം ജൂസ് കുടിച്ച് തീര്ക്കുക എന്നതായിരുന്നു ചലഞ്ച്. അതിന്റെ ഭാഗമായി പാലത്തില് വെച്ച് വിഷം കലര്ത്തിയ ജ്യൂസ് ഷാരോണിന് നല്കിയെങ്കിലും കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ് അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജൂസ് രണ്ട് പേരും കൂടി പങ്കിട്ട് കുടിച്ചെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും വീട്ടില് പോയതിന് ശേഷമാണ് ഊണ് കഴിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു.
ഇതിന് മുമ്പ് കോളേജില് വെച്ച് ജ്യൂസില് പാരസെറ്റാമോള് കലര്ത്തി ഷാരോണിനെ അപായപ്പെടുത്താന് ശ്രമിച്ചതായും ഗ്രീഷ്മ സമ്മതിച്ചിരുന്നു. അമ്പതോളം ഗുളികകള് ഇതിനായി പൊടിച്ച് സൂക്ഷിച്ചിരുന്നതായും പ്രതി പറഞ്ഞു.
മലയാള സിനിമയിലെ താരങ്ങള് തിരുത്തേണ്ട ചില പ്രവണതകളുണ്ടെന്ന് നിര്മ്മാതാവ് ജി സുരേഷ് കുമാര്. മലയാള സിനിമയ്ക്ക് ചിന്തിക്കാന് പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങള് വരെ ചോദിക്കുന്നത് എന്ന് സുരേഷ് കുമാര് പറയുന്നു. യുവതലമുറയിലെ അഭിനേതാക്കള്ക്ക് തൊഴിലിനോട് ആത്മാര്ഥതയില്ലെന്നും അവര് കലക്ക് വേണ്ടിയല്ല കാശിന് വേണ്ടിയാണു പരക്കം പായുന്നതെന്നും അദ്ദേഹം പറയുന്നു.
നാലും അഞ്ചും കാരവന് ഉണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കു എന്നുള്ള അവസ്ഥയാണെന്നും, കാരവന് കയറിച്ചെല്ലാത്ത സ്ഥലമാണെങ്കില് അവിടെ ഷൂട്ടിങ് പറ്റില്ല എന്ന നിലപാടിലാണ് പല യുവ താരങ്ങളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലുള്ള ഏറ്റവും മുന്തിയ സൗകര്യങ്ങള് തന്നെ തനിക്കു കിട്ടണമെന്ന നിലയിലാണ് ഇപ്പോഴുള്ള ആളുകളുടെ പോക്കെന്നും, കാര്യങ്ങള് കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. താരങ്ങളെ ഇപ്പോള് തിരുത്തിയില്ലെങ്കില് മലയാള സിനിമ ഒരുകാലത്തും നന്നാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു.
സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെ പലപ്പോഴും സിനിമ സംസ്കാരം തന്നെ ഇല്ലാതായത് പോലെയാണ് കാര്യങ്ങള് നടക്കുന്നതെന്നും, കൊച്ചിയില് സിനിമാക്കാര്ക്കിടയില് പല ഗ്രൂപ്പുകള് പ്രവര്ത്തിക്കുന്നതാണ് അതിന് ഒരു കാരണമെന്നും ജി സുരേഷ് കുമാര് കൂട്ടിച്ചേര്ത്തു.
ഒട്ടോറിക്ഷയില് കയറിയ യാത്രക്കാരിയെ കയ്യില് കയറിപ്പിടിച്ച് ഡ്രൈവര്, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില് വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്കോളേജില് പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര് റോഡിലെ പള്ളം പെട്രോള് പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലുവിളയില് നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില് കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില് അശോകന് യുവതിയോട് നമുക്ക് കള്ള് കുടിക്കാന് പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്കിയില്ല.
തുടര്ന്ന് അശോകന് യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില് കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്കുട്ടി ഓട്ടോറിക്ഷ നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും അശോകന് തയ്യാറായില്ല. തുടര്ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില് നിന്ന് പുറത്തേക്ക് ചാടിയത്.
യുവതി ഓട്ടോറിക്ഷയില് നിന്നും ചാടിയത് കണ്ട നാട്ടുകാര് ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര് ഇതേ ഓട്ടോറിക്ഷയില് തന്നെ സമീപത്തെ ആശുപത്രിയില് എത്തിച്ചു. തുടര്ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില് എടുത്തു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
മലയാറ്റൂരിനടുത്തുള്ള തട്ടുപാറപ്പള്ളിയുടെ മുൻപിൽ പരന്നു കിടക്കുന്ന പാറപ്പുറം… പുരാതനവും മനോഹരവുമായ കൊച്ചുപള്ളിയെപൊതിഞ്ഞ് നിൽക്കുന്ന കോടമഞ്ഞ്… ചുറ്റും കണ്ണുകൾക്ക് സുന്ദരമായ വിരുന്നൊരുക്കി പ്രകൃതി… ആരെയും കൊതിപ്പിക്കുന്ന ഈ ദൃശ്യഭംഗിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗാനത്തിന് നൃത്താവിഷ്കാരം നല്കാൻ ഫാ. ഡാനിയേൽ തയ്യാറെടുത്തു… പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഇമ്പമാർന്നൊരു ഗാനം അന്തരീക്ഷത്തിന് സ്വർഗീയദീപ്തി പകർന്നു… ചടുലമായ ചുവടുവയ്പുകളോടെ അച്ചൻ പരിശുദ്ധ അമ്മയുടെ അപദാനങ്ങൾക്ക് ജീവൻ പകർന്നു… നടനവൈഭവത്തിന്റെ വിസ്മയക്കാഴ്ചകളിൽ ക്രിസ്തുവിന്റെ കാൽവരി ബലിയുടെ പുനരാവിഷ്കാരം!
3M പ്രൊഡക്ഷൻസിന്റെ (3M Productions) “അമ്മയിലൂടെ അൾത്താരയിലേക്ക്” എന്ന ആൽബത്തിനുവേണ്ടിയുള്ള ചിത്രീകരണം അത്രമേൽ വശ്യതയാർന്നതായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസംഇക്കഴിഞ്ഞ ഒക്ടോബർ മാസം ആൽബം പുറത്തിറക്കിയപ്പോഴോ കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു; ആൽബം ഒരുക്കിയവർക്ക് അഭിന്ദനത്തിന്റെ പെരുമഴയും.
വൈദികരുടെ രാജ്ഞിയായ മറിയത്തിന് ജപമാലമാസത്തിൽ അഭിഷിക്തരുടെ, ക്രിസ്തുവിന്റെ പുരോഹിതരുടെ സ്നേഹസമ്മാനമായിട്ടാണ് ഭക്തിഗാനരംഗത്തെ പുതുവസന്തമായ റോസീന പീറ്റി ഈ ഗാനം രചിച്ചത്. നഴ്സിംഗ് ജോലിക്കിടയ്ക്കും ഇത്രമേൽ മനോഹരമായി വാക്കുകൾ അടുക്കി വയ്ക്കുവാനും, ചിന്തകൾ ചിന്തേറിട്ട് മിനുക്കുവാനും കഴിയുന്നത് അത്ഭുതം തന്നെ. ആഴമായ ധ്യാനമില്ലാതെ പരിശുദ്ധ അമ്മയുടെ ജീവിതത്തെ വിശുദ്ധ കുർബാനയുമായി, വിശുദ്ധ കുര്ബാന അർപ്പണവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുകയല്ലല്ലോ!
ഭാവതീവ്രമായ ഈ ഗാനം ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് -ന്റെ കൈകളിൽ ചെന്നെത്തിയത് തീർച്ചയായും ദൈവപരിപാലനയാണ്. ഈ ഗാനത്തിന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ, ആത്മാവിനെ സ്പർശിക്കുന്ന ഈണം ഈ ഗാനത്തിന് നൽകുവാൻ അച്ചന് കഴിയുമായിരുന്നില്ല. 400 ഓളം ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് ക്രൈസ്തവ ഭക്തിഗാനരംഗത്ത് ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞ ഫാദർ മാത്യുസിന്റെ ഈ പുതിയ മരിയൻ ഗാനം സോഷ്യൽ നെറ്റ്വർക്കിൽ നിറഞ്ഞു നിൽക്കുകയാണ്. സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികത നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഗാനത്തിൽ. പല്ലവിയിലെ “അടിപതറാതെ ശിരസ്സുയർത്തി നിന്ന കുരിശിൻ ചുവട്ടിലെ ധീരസ്ത്രീയേ” എന്ന് പാടുമ്പോൾ സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികതയാണ് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നത്. സംഗീതത്തിൽ നാടകീയത കൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണ് അനുപല്ലവി അത്രയ്ക്കും ഇമ്പമാർന്നതായി നമുക്ക് അനുഭവപ്പെടുന്നത്. വൈകാരികതയുടെ മലവെള്ളപ്പാച്ചിൽ സംഗീതത്തിലൂടെ അനുഭവവേദ്യമാക്കാൻ കഴിയുന്ന വളരെ ചുരുക്കം സംഗീത സംവിധായകരിൽ ഒരാളാണ് ഫാ. മാത്യൂസ്. ക്രൈസ്തവഭക്തിഗാനത്ത് സഭയുടെ അഭിമാനമാണ് അച്ചൻ.
പരിശുദ്ധ അമ്മയിലെന്നപോലെ, ക്രിസ്തുവിന്റെ പൗരോഹിത്യത്തിലൂടെ വിശുദ്ധ കുർബാനയുടെ വേളയിൽ വീണ്ടും ദൈവം മാംസം ധരിക്കുന്ന അത്ഭുതത്തിന്റെ നൃത്താവിഷ്കാരം ഒരു വൈദികനിലൂടെ തന്നെ സംഭവിച്ചത് ആരുടെ പുണ്യമാണോ, എന്തോ. ഫാ. ഡാനിയേൽ വാരുമുത്ത് സംഗീത നൃത്താസ്വാദകർക്ക് ഒരു മുത്ത് തന്നെയാണ്. എത്ര ചാരുതയോടെയാണ് അഅച്ചൻ ഈ ഗാനത്തിന്റെ നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെയാണ് ഇതിന്റെ കോറിയോഗ്രഫി അച്ചൻ ചെയ്തിരിക്കുന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.
ചെറുപ്പം മുതലേ നൃത്തത്തോട് താത്പര്യമുണ്ടായിരുന്ന ഫാ. ഡാനിയേൽ ചാലക്കുടിയിലെ ഫാസിൽ (FASS) ആണ് നൃത്തം പഠിച്ചത്. ഈ മരിയൻ ഗാനത്തിന് ഭരതനാട്യത്തിന്റെ രീതിയാണ് അച്ചൻ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവ ആശയങ്ങളും, സുവിശേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുവാനുള്ള ഒരു വിനിമയോപാധിയായി ഭാരതനാട്യത്തെ ഉപയോഗിക്കുകയെന്ന വലിയൊരു സങ്കൽപ്പമാണ് അച്ചനുള്ളത്. കണ്ണിന് കൗതുകവും, മനസ്സിന് കുളിർമയും നൽകുന്ന നൃത്തചുവടുകളിലൂടെ, അർത്ഥം തുളുമ്പി നിൽക്കുന്ന മുദ്രകളിലൂടെ, വികാരങ്ങൾ പ്രകാശിതമാകുന്ന ഭാവങ്ങളിലൂടെ ക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയുന്നു കല മതത്തിനതീതമാകുന്നുവെന്ന സത്യം! ഒരു നവ സുവിശേഷവത്കരണത്തിന് ഭരതനാട്യത്തെ പ്രയോജനപ്പെടുത്തുകയെന്ന അച്ചന്റെ സ്വപ്നം സഫലമാട്ടെയെന്ന് നമുക്ക് ആശംസിക്കാം.
ദേവാനന്ദ് എസ്. പിയുടെ ശബ്ദം ഈ ഗാനത്തെയും, ഇതിന്റെ നൃത്താവിഷ്കാരത്തെയും മധുരതരമാക്കുന്നു. ബാജിയോ ബാബു ക്ളാസിക്കൽ സംഗീതത്തിന്റെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ നിർവഹിച്ചിരിക്കുന്നത്.
പരിശുദ്ധ അമ്മയുടെ തോരാത്ത പ്രാർത്ഥന ഓരോ അഭിഷിക്തന്റെയും കരങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്ന സന്ദേശം പകർന്നുകൊണ്ട്, പൗരോഹിത്യം ശക്തമായ വെല്ലുവിളികൾ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഇക്കാലത്ത് ഈ ആൽബത്തിന്റെ പ്രസക്തി ഏറെയാണ്.