Latest News

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.

‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.

നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

തെലുങ്ക് നടന്‍ നരേഷിനെയും നടി പവിത്രാ ലോകേഷിനെയും ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.

ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റില്‍ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.

നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു.

കര്‍ണാടക സ്വദേശിനിയായ പവിത്ര, സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വൈമാത്രയ സഹോദരന്‍ (സ്റ്റെപ് ബ്രദര്‍) നരേഷിനെ വിവാഹം ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ അച്ഛന്‍ തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് നരേഷ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷ് തന്നെ വഞ്ചിച്ചതായും ചൂഷണം ചെയ്താതായും ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ ജൂലൈ 7 വ്യാഴാഴ്ച്ച അവസാനിക്കും.

ജൂലൈ 9 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229

 

ദൈവവിളിയുടെ ധന്യ മുഹൂർത്തത്തിന് യു കെ സാക്ഷ്യം വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കുട്ടനാട് വേഴപ്രാ പള്ളി ഇടവക അംഗമായ മഠത്തിൽ ആൻറണിയുടെയും ഏലിയാമ്മയുടെയും മകൻ ജെയിംസ് (ടോമിച്ചൻ) ന്റെയും കാഞ്ഞിരപ്പള്ളി അതിരൂപത പൊൻകുന്നം ചെങ്ങളം കാഞ്ഞിരമറ്റം പള്ളി ഇടവക അംഗമായ പുത്തൻപുരയ്ക്കൽ പി .വി ആൻറണിയുടെയും ത്രേസ്യാമ്മയുടെയും മകളായ ജോളി ജെയിംസിന്റെയും മകനായ ഫാ. ജിത്തു ജയിംസ് മഠത്തിലിൻെറ പുത്തൻ കുർബാന നോർത്താംപ്ടണിൽ നടന്നു .ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ പീറ്റർ ഡോയലിലെ ബിഷപ്പ് എമിരിറ്റസ് ആയ ബിഷപ്പ് ഡേവിഡ് ഓക്ക് ലിയിൽ നിന്നാണ് ഫാ. ജിത്തു ജയിംസ് പൗരോഹിത്യം സ്വീകരിച്ചത്.

ഒട്ടേറെ വൈദികരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശംസകൾ ചടങ്ങിനെ ധന്യമാക്കി . ഫാ ആന്റണി ചുണ്ടേലിക്കാട്ട് വി ജി നന്ദി പറഞ്ഞ ചടങ്ങ് യുകെയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനാനുഭവമായി.    ഫാ ജോർജ്ജ് തോമസ് .വി ജി, ഫാ ബെന്നി വള്ളിയാവെട്ടിൽ എം എസ് എഫ് എസ്, ഫാ എബിൻ തോമസ് വി സി, ഫാ സുജിത്ത് എം എസ് എഫ് എസ്, ഫാ ആർ ജോസഫ്, ഫാ ആർ ദീപു ആന്റണി പുത്തൻപുരക്കൽ, ഫാ ,മാത്യു ലാൽ , ഫാ . ഷാൻജു കൊച്ചുപറമ്പിൽ എന്നിവരും പ്രാർത്ഥനാ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു

ഷെറിൻ പി യോഹന്നാൻ

നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 1994ലെ ISRO ചാരക്കേസ് ആയിരിക്കും. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തിയെന്ന ആരോപണമാണ് നമ്പി നാരായണന് നേരെ ഉയർന്നത്. പിന്നാലെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനം, ജയിൽവാസം, രാജദ്രോഹിയെന്ന ആക്ഷേപം, കുടുംബത്തിന് നേരെയുള്ള അക്രമം എന്നുതുടങ്ങി നിരവധി പ്രതികൂലതകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നിരപരാധി ആണെന്ന് കാലം തെളിയിച്ചപ്പോഴും നമ്പി നാരായണൻ തന്റെ പോരാട്ടം തുടർന്നു.

എന്നാൽ ഇതുമാത്രമല്ല നമ്പി നാരായണൻ. ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായിരുന്നു നമ്പി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനം, ഫ്രാൻസിലെ പരിശ്രമങ്ങൾ, വികാസ് എഞ്ചിന്റെ ഉപജ്ഞാതാവ്, ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവൻ തുടങ്ങി ഒട്ടേറെ അഭിമാനനേട്ടങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ചാരക്കേസ് ആവും. ആ മുൻവിധിയെ പൊളിച്ചെഴുതുകയാണ് മാധവൻ, ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലൂടെ.

1994-ലെ സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നമ്പിയുടെ കുടുംബത്തിൽ നിന്നു തന്നെ. ശ്രീ വെങ്കടേശ്വര സുപ്രഭാതം എന്ന ഗാനം ആദ്യ സീനുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയിക്കുമ്പോൾ നമ്പി നാരായണൻ എന്ന പേര് വീണ്ടും മുഖ്യധാരയിലേക്ക് വരുന്നു. 2013-ൽ നടക്കുന്ന അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതം പറയുകയാണ്; ഓരോരോ അധ്യായങ്ങളായി.

തമിഴിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനുമാണ് നമ്പി നാരായണനെ ഇന്റർവ്യൂ ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ഇരുവരും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന വാർത്ത മുൻപ് വന്നിരുന്നു. ക്ലൈമാക്സിൽ സൂര്യയുടെ പ്രകടനം വളരെ സ്വാഭാവികമായി തന്നെ സ്‌ക്രീനിൽ നിറയുന്നുണ്ട്. ഷാരൂഖ്, സൂര്യ ഫാക്ടറാണ് ഈ ചിത്രത്തിന്റെ USP എന്ന് പറയുന്നതിൽ തെറ്റില്ല. കാനിൽ പ്രദർശിപ്പിച്ച ചിത്രമായതിനാലും നമ്പി നാരായണന്റെ ജീവിതകഥ ആയതിനാലും ആദ്യം ദിനം തന്നെ കണ്ടു.

നമ്പി നാരായണന്റെ വ്യക്തിജീവിതം ആദ്യപകുതിയിലും 94ലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും രണ്ടാം പകുതിയിലുമായി പറയുന്നു. ഒരു ബയോപിക് ഒരുക്കുമ്പോൾ സംവിധായകൻ സഞ്ചരിക്കുന്ന വഴിയിലൂടെയൊക്കെ മാധവൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഫൈനൽ ഔട്ട്‌പുട്ടിൽ കഥ ഓവറായിട്ടില്ല. ‘ചെറുതൊന്നും ചെയ്ത് ശീലമില്ലാത്ത’ നമ്പിയുടെ കഴിവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ പകുതിയിലെ കാഴ്ചകൾ. പലപ്പോഴും ഒരു സയൻസ് ക്ലാസിൽ ഇരിക്കുന്ന ഫീലാണ് ലഭിക്കുക.

രണ്ടാം പകുതിയിൽ ചാരക്കേസും തുടർന്ന് ഒരു ഇമോഷണൽ ഡ്രാമയെന്ന നിലയിലുമാണ് ചിത്രം നീങ്ങുന്നത്. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട് മാധവൻ. വേഷപകർച്ചയിലും രൂപഭാവത്തിലും നമ്പി നാരായണനായി ഗംഭീര പ്രകടനം. പോലീസ് സ്റ്റേഷനിൽ ചായ കുടിക്കുന്ന സീനിൽ മാധവനിലെ മികച്ച അഭിനേതാവിനെ, ആ കഥാപാത്രത്തെ സാംശീകരിച്ചുള്ള പ്രകടനം കാണാം. രണ്ടാം പകുതിയിൽ ഡയലോഗുകൾ ഷാർപ്പ് ആകുമ്പോൾ മാധവന്റെ സംവിധാനവും മികവിലെത്തുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയും കുടുംബത്തിന് നേരെയും ഉണ്ടായ അക്രമങ്ങളെ ഇന്റൻസായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സിമ്രാന്റെ പ്രകടനമികവും സീനുകളെ മികച്ചതാക്കുന്നു.

നാസയുടെ ക്ഷണം നിരസിച്ച് ഇസ്റോയിൽ ചേർന്ന, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച, കലാമിനൊപ്പം രാജ്യം വാഴ്ത്തിപ്പാടേണ്ടിയിരുന്ന, ഇസ്റോ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ കഥയാണിത്. അയാളുടെ പോരാട്ടത്തെക്കാൾ ഏറെ അയാളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോക്കറ്റ് സയന്റിസ്റ്റിന്റെ കഥ പറയുമ്പോഴും സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ആദ്യ പകുതിയിൽ പലയിടത്തും ഒരു ഹീറോ എന്ന നിലയിലാണ് നമ്പിയെ പ്രതിഷ്ഠിക്കുന്നത്.

നമ്പി നാരായണൻ്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ രചിക്കുകയും, ‘നമ്പി ദി സയൻ്റിസ്റ്റ്’ എന്ന ഡോക്യുമെൻ്ററി ഒരുക്കുകയും ചെയ്ത പ്രജേഷ് സെൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനം നമ്പി നാരായണനെ സ്‌ക്രീനിൽ എത്തിച്ചുകൊണ്ട്, അദ്ദേഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ഒക്കെ മൊഴിമാറ്റിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലേക്കുള്ള ഈ മാറ്റമാണ് ആസ്വാദനത്തെ ബാധിക്കുന്നത്. വിദേശ വ്യക്തികളുടെ സംസാരമൊക്കെ തമിഴിലും മലയാളത്തിൽ ആക്കിയത് എന്തിനാണ്? സംഭാഷണം ഇംഗ്ലീഷിൽ തന്നെ ഒരുക്കി സബ്ടൈറ്റിൽ നൽകുന്നതായിരുന്നു ഉചിതം. ഈയൊരു പ്രശ്നം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞിരിക്കേണ്ട കഥയെ, അതിന്റെ സത്ത ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കാൻ മാധവന് കഴിഞ്ഞിട്ടുണ്ട്.

💥Bottom Line – നമ്പി നാരായണന്റെ വ്യക്തി ജീവിതവും ഇസ്റോ ചാരക്കേസും അതിന്റെ പ്രത്യാഘാതങ്ങളും നിയമ പോരാട്ടങ്ങളും പറയുന്ന സിനിമ. മൊഴിമാറ്റത്തിലെ പ്രശ്നങ്ങളും ആദ്യ പകുതിയിൽ ചിലയിടത്തുണ്ടാവുന്ന കൃത്രിമത്വവും കല്ലുകടിയാവുന്നുണ്ടെങ്കിലും വിഷയസ്വീകാര്യതയും നീതിപൂർവമായ ആഖ്യാനവും പരിഗണിച്ച് തിയേറ്ററിൽ കാണാവുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്ട്’

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്രിട്ടൻ ബുധനാഴ്ച പ്രഖ്യാപിച്ചു.ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ചെവനിംഗ് സ്കോളർഷിപ്പുകൾ ഉൾപ്പെടുന്നു, യുകെ സർവകലാശാലയിൽ ഏത് വിഷയവും പഠിക്കാനുള്ള അവസരവും.

കൂടാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ത്രീകൾക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ഏകദേശം 18 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.ഇവയ്‌ക്കൊപ്പം ആറ് ഇംഗ്ലീഷ് സ്‌കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.സെപ്തംബർ മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാൻ 75 സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 150 ലധികം യുകെ സർവകലാശാലകളിലായി 12,000 കോഴ്സുകൾ ഉൾക്കൊള്ളുന്നു . 1983 മുതൽ ആഗോള നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള 150 രാജ്യങ്ങളിൽ യുകെ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അവാർഡ് പദ്ധതിയാണ് ചെവനിംഗ് പദ്ധതി. 3,500-ലധികം പൂർവ്വ വിദ്യാർത്ഥികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഷെവനിംഗ് പരിപാടിയാണ് ഇന്ത്യയുടെ ചെവനിംഗ്.

“ഇന്ത്യയുടെ 75-ാം വർഷത്തിൽ, ഇത് ഒരു വലിയ നാഴികക്കല്ലാണ്,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്കിൽ പറഞ്ഞു.”വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളിൽ നിന്നുള്ള അസാധാരണമായ പിന്തുണക്ക് നന്ദി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഈ പഠനകാലയളവിൽ ലഭിക്കും’’

എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ സൺസ്, ഡ്യുലിംഗോ എന്നിവ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനുള്ള ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നു.75 സ്കോളർഷിപ്പുകളുടെ ഭാഗമായി എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.

പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളിൽ ട്യൂഷൻ, ജീവിതച്ചെലവ്, ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമിനുള്ള യാത്രാ ചെലവ് എന്നിവ ഉൾപ്പെടുന്നു.അവാർഡിന് അർഹത നേടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്‌തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്‌ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.

എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്‌ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂട്ടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സി.സി.ടി.വി.യില്‍നിന്നാണ് ഇത് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂട്ടറിലാണ് അക്രമം കാട്ടിയ ആള്‍ എത്തിയത്.

ആക്രമണം നടത്തിയ ആള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

70-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

ഡോ. ഐഷ വി

ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ദൂരം കൂടുതലുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള ചിട്ടയായ ഓരോ ചുവടുവയ്പും നമ്മളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരിയ്ക്കും, ലക്ഷ്യത്തിൽ എത്തുന്നതു വരെ നാം ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും , സമയമില്ല എന്ന് തോന്നിയാലും നാം ഒരിക്കലും ശ്രമം കൈവിടരുത്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ശരിയായ മാർഗ്ഗം നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവിതം പുഴ പോലൊരു പ്രയാണമാണ്. അതിൽ എന്തെങ്കിലും ഒക്കെ പിൻ തലമുറക്കാർ ഓർക്കത്തക്ക തരത്തിൽ അവശേഷിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബോധപൂർവ്വം ശ്രമിച്ചാൽ അത് സാദ്ധ്യമാണ്. സാദ്ധ്യമായതിനെ സ്വായത്തമാക്കാൻ ചിട്ടയായി പരിശ്രമിച്ചേ മതിയാകൂ. ലക്ഷ്യം ഉദ്യോഗമാകാം, ഭൗതികമായ എന്തെങ്കിലുമാകാം, എഴുത്താകാം കീർത്തിയാകാം, വിദ്യാഭ്യാസമാകാം, അങ്ങനെ ആഗ്രഹിക്കുന്ന, അന്യന് ദോഷമില്ലാത്ത സാധ്യമായ എന്തുമാകാം.

ഓർമ്മച്ചെപ്പ് തുറന്നപ്പോർ എന്ന പംക്തി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കാൻ ശ്രീ റ്റിജി തോമസ് സർ എന്നോട് നിർദ്ദേശിച്ചിരുന്നു. അന്ന് നൂറ് അധ്യായങ്ങൾ പൂർത്തിയാകട്ടെ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി 100 അധ്യായങ്ങളും പിന്നിട്ട് ഏറെ മുന്നോട്ട് പോയി. ഓരോ ഞായറാഴ്ചയും കൃത്യമായി ഞാനെഴുതി. മലായാളം യു കെ.കോമിലെ ജീവനക്കാർ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എഡിറ്റിംഗ് പൂർത്തിയാക്കി. അത് അപ് ലോഡ് ചെയ്തു. അനുജ സജീവിന്റെ വരകൾ അതിന് മിഴിവേകി അവരുടെ ദൗത്യം നിർവ്വഹിച്ചു. ശ്രീ റ്റിജി തോമസ് നിർദേശിച്ച തഴക്കമുള്ള മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റമായ ശ്രീ ഒ സി രാജുവിന്റെ സഹായത്തോടെ ആദ്യ 100 അധ്യായങ്ങൾ പുസ്തകമാക്കിയിരിക്കുകയാണ്. നല്ല കവർ ഡിസൈൻ, കാർട്ടൂൺ . എന്നിവ ശ്രീ.ഒ സി രാജു നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനങ്ങൾ പുസ്തകമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഒട്ടേറെപ്പേരുടെ തക്ക സമയത്തുള്ള പ്രവർത്തനങ്ങൾ അതിന് ആക്കം കൂട്ടി. പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ, ഞാനെന്റെ ലക്ഷ്യം നിർണ്ണയിച്ച് കഴിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ എന്റെ കൂടെ നിന്നു എന്ന് പറയാം. പ്രിന്റ് ചെയ്ത ഡോണ പ്രസ്സ്, പുസ്തകം ട്രാൻസ്പോർട്ട് ചെയ്ത വണ്ടിക്കാരൻ എല്ലാം ഓരോ ഘട്ടത്തിൽ അവരവരുടെ പങ്ക് യഥാസമയം നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനവും ലക്ഷ്യവും മാർഗ്ഗം സുഗമമാക്കി എന്ന് പറയാം.

അതിലെ കഥാപാത്രങ്ങളെ പിന്നെ കണ്ടിട്ടുണ്ടോ? കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ചില വായനക്കാർ എന്നെ വിളിച്ച്‌ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള മൂന്നുപേർ. ഒന്ന് കമലാക്ഷി, രണ്ടാമത്തേത് ശാന്തേച്ചി. മൂന്നാമത്തേത് ഹിന്ദി ടീച്ചർ. ആദ്യ രണ്ട് പേരും കാസർഗോഡ് ജില്ലക്കാർ . മൂന്നാമത്തേത് തിരുവനന്തപുരം ജില്ലക്കാരിയായ ഹിന്ദി ടീച്ചർ. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിരിഞ്ഞ് പോയവർ . അവരെ കാണാൻ ഞാൻ വളരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ പലവിധ തിരക്കുകൾ മൂലം അവരെ തിരഞ്ഞ് പോയില്ല എന്ന് മാത്രം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നന്നായി പരിശ്രമിച്ച അധ്യാപികയാണ് സരോജിനി ടീച്ചർ. കാറ്റ് ഭവാനി ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട് .

അങ്ങനെ ഓർമ്മചെപ്പിന്റെ പ്രകാശന ചടങ്ങ് ജൂലൈ 9 ശനിയാഴ്ച 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. മലയാളം മിഷൻ ചെയർമാനും കവിയുമായ ശ്രീ വിനോദ് വൈശാഖി പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങ് മാന്യ വായനക്കാരുടെ നേരിട്ടും അല്ലാതെയ്യുള്ള സാന്നിദ്ധ്യത്തിലൂടെ അന്വർത്ഥമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബ്രോക്കൺ ഗ്ലാസ് ജെല്ലോ

ചേരുവകൾ

ജെല്ലോ ക്യൂബുകൾക്കായി:-

1 . ജെല്ലോയുടെ 4 വ്യത്യസ്ത രുചികൾ
2 . 4 കപ്പ് തിളക്കുന്ന വെള്ളം

കണ്ടൻസ്ഡ് മിൽക്ക് ജെല്ലോയ്ക്ക്:-

1 . 3 ടേബിൾ സ്പൂൺ ജെലാറ്റിൻ പൊടി
2 . 1/4 കപ്പ് തണുത്ത വെള്ളം
3 . 395 ഗ്രാം കണ്ടൻസ്ഡ് മിൽക്ക്
4 . 1 കപ്പ് ചൂടുവെള്ളം

ഉണ്ടാക്കുന്ന രീതി

ആദ്യമായി ജെല്ലോയുടെ നാല് വ്യത്യസ്ത രുചികൾ തയ്യാറാക്കാം.

അതിനായി ഓരോ ജെല്ലോ ഫ്ലേവറും ഓരോ കപ്പ് ചൂടുവെള്ളത്തിൽ ലയിപ്പിച്ചു, വെവ്വേറെ കണ്ടെയ്നറുകളിൽ സെറ്റ് ചെയ്യാനായി, ഏകദേശം 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

ജെല്ലോ സെറ്റ് ആയതിനുശേഷം, കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ തയ്യാറാക്കാം. അതിനായി ജെലാറ്റിൻ പൊടി 1/4 കപ്പ് തണുത്ത വെള്ളത്തിൽ ലയിപ്പിക്കുക.പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ, 1 കപ്പ് ചൂടുവെള്ളവും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി കൂടിച്ചേരുന്നതുവരെ ഇളക്കുക.

സെറ്റായ ജെല്ലോ സമചതുരകളാക്കി മുറിച്ച് ഒരു ഗ്ലാസ് ട്രേയിലേക്കു ക്രമരഹിതമായി വയ്ക്കുക. അതിലേക്കു തയ്യാറാക്കിവെച്ചിരിക്കുന്ന കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ മിശ്രിതം ഒഴിക്കുക. എന്നിട്ടു 1-2 മണിക്കൂർ തണുപ്പിക്കാൻ ഫ്രിഡ്ജിലേക്ക് മാറ്റുക. ബ്രോക്കൺ ഗ്ലാസ് ജെല്ലോ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സമചതുരകളാക്കി മുറിച്ചു ഡിസേർട്ട് ബൗളിലേക്ക് മാറ്റി ആസ്വദിക്കുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

 

 

പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് കേതകി ആരോപിച്ചു.

‘എന്നെ എന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവര്‍ എന്നെ ജയിലില്‍ അടച്ചു. പക്ഷേ ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞത് സത്യമാണ്, അതിനാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു, എന്നെ മര്‍ദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാന്‍ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.

ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂണ്‍ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 22 എഫ്ഐആറുകളില്‍ ഒന്നില്‍ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.

 

RECENT POSTS
Copyright © . All rights reserved