മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയുടെ പുതിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.
ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.
മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ ംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന ധ്യാൻ ശ്രീനിവാസൻ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധേയനാണ്. അച്ഛൻ ശ്രീനിവാസന്റെ പാതയിലൂടെയാണ് ധ്യാനും വിനീതും സിനിമാലോകത്തേക്ക് എത്തിയത്.
വിനീത് ശ്രീനിവാസൻ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ തിളങ്ങുമ്പോൾ മലയാളസിനിമയിൽ തന്റേതായ ഒരിടമുണ്ടാക്കുകയാണ് ധ്യാനും. ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താൻ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ.
”നാട്ടിലൊക്കെയാണെങ്കിൽ ഏത് വീട്ടിൽ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മൾ നാട്ടിലാണെങ്കിൽ തെണ്ടിപ്പോവില്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താരം വെളിപ്പെടുത്തി.
അനാവശ്യമായ പ്രിവിലേജുകളിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവർ അറ്റൻഷൻ തനിക്ക് വേണ്ട. അത് താൻ ആഗ്രഹിക്കുന്നുമില്ലെന്നും താരം വെളിപ്പെടുത്തി.
‘ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താൽ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാൽ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്നം.ഓവർ പ്രിവിലേജുകൾ എനിക്ക് ഇഷ്ടമല്ല,”-ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാൻ തന്നെയായിരുന്നു.
സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.
ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.
ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.
മനോജ് കുമാറിന്റെ നോവൽ “പെയ്തൊഴിയാത്ത മഴ”ജനശ്രദ്ധ പിടിച്ചു പറ്റുന്നു. സംഭവബഹുലമായ യുകെ ജീവിതത്തിൽ സംഭവിക്കുന്ന കാരൃങ്ങൾ പച്ചയായരീതിയിൽ എല്ലവർക്കും ഒരേപോലെ മനസിലാകുന്ന ഭാക്ഷയിൽ ലളിതമായി വർണ്ണിക്കുന്നതിൽ നോവലിസ്റ്റ് പുണ്ണമായും വിജയിച്ചിരിക്കുന്നു. പ്രതേൃകിച്ച് പ്രവാസികൾ വായിക്കേണ്ട പുസ്തകം. ആദൃാവസനംവരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് വായനക്കാരേ മുന്നോട്ട് കൊണ്ടുപോകുന്ന മനോഹരമായ കഥാതന്തു. ആമസോണിൽ ലഭ്യമാണ്. മനോജിന്റെ മനോഹരമായ രചനയിൽ സുന്ദരം മനോഹരം അകാംക്ഷജനകം എന്ന് അല്ലാതെ ഒന്നും പറയാനില്ലാ ഈ നോവലിനെപ്പറ്റി.
കെസിഎഫ് വാറ്റ് ഫോർഡിന്റെ സജീവ പ്രവർത്തകനാണ് നോവലിസ്റ്റ്. ഒരു നോവൽ എന്നതിലുപരി ഒരു ഡ്രമാറ്റിക്കൽ അല്ലെങ്കിൽ സിനിമാറ്റിക്കൽ ശൈലിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിയമങ്ങൾ കർക്കശമായി പ്രയോഗിക്കപ്പെടുമ്പോൾ മനുഷ്യരെക്കാളും നിയമങ്ങളാണ് വലുതെന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ചില അവസരങ്ങളിൽ വേദനാജനകമാണ്. ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ വളരെ സമർത്ഥമായും ഉള്ളിൽതട്ടുന്ന രീതിയിലും ചിത്രീകരിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട് . പുത്തൻ പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്കുതകുന്ന നോവൽ. ചില ദുർബല നിമിഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പരിണിത ഫലം ചിലപ്പോൾ എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് ഈ നോവലിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.
മനോജ് കുമാർ : കേരളത്തിലെ കണ്ണൂര്‍ സ്വദേശിയാണ്. യു.കെ.യിലെ സെൻട്രൽ ലണ്ടനിൽ നിന്നും ഏറെ അകലെയല്ലാത്ത വാറ്റ് ഫോഡ്എന്ന സ്ഥലത്താണ്, യു.കെ. സിറ്റിസണായി വര്‍ഷങ്ങളായി താമസം. വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂൾ, കണിയാഞ്ചാല്‍ ഗവ. സ്കൂള്‍, വായാട്ടുപറമ്പ് സെന്റ് ജോസഫ് സ് സ്കൂൾ, പയ്യന്നൂർ കോളേജ്, കോഴിക്കോട് ഗവ. പോളിടെക് നിക്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാസർഗോഡ് ആലിയ ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിരുവനന്തപുരം കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) എന്ന ഗവണ്മെന്‍റ് കമ്പനിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമ്മറും, കമ്പ്യൂട്ടര്‍ ഡിവിഷന്റെ ചുമതലവഹിക്കുകയും ആയിരുന്നു. ശേഷം, തിരുവനന്തപുരത്ത് ഐ.വാ (IVA) സിസ്റ്റെംസ് എന്ന സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ പ്രൊജെക്റ്റ് മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും തുടര്‍ന്ന് യു.കെ.യിലേക്ക് കുടുംബ സമേതം താമസം മാറുകയുമായിരുന്നു. യു.കെ.യിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇമിസിൽ (EMIS) സോഫ്റ്റ് വെയര്‍ ഡിവിഷനിൽ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ മനോജ് കുമാര്‍ സിനിമാ തിരക്കഥാ രചനാ മേഖലയിലും രംഗത്തുണ്ട്.

മാത്യൂ ചെമ്പുകണ്ടത്തിൽ
ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ഭാരതക്രൈസ്തവ ചരിത്രത്തില്‍ പതിഞ്ഞിരിക്കുന്ന തോമാസ്ലീഹായുടെ കാലടികളെ മായ്ച്ചുകളയാനും അതിലൂടെ ക്രൈസ്തവസഭയുടെ ചരിത്രത്തെയും പൗരാണിക അസ്തിത്വത്തെയും നിഷേധിക്കാനും സംഘടിതമായി പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവസഭയുടെ ചരിത്രപരത കണ്ട് അപകര്‍ഷതാബോധം തോന്നുന്ന പലരും തോമാസാന്നിധ്യത്തെ നിഷേധിക്കാന്‍ ഇന്നും പലനിലയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍ ഭാരതത്തിലെ തോമാനസറാണികൾ പ്രസ്തുത നീക്കങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് തോമായുടെ ജ്വലിക്കുന്ന വിശ്വാസത്തേയും ഭാരതസുവിശേഷീകരണത്തിന് തുടക്കമിട്ട ശ്രേഷ്ഠ അപ്പൊസ്തൊലന്‍റെ ജീവിത സാക്ഷ്യത്തേയും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.
തോമാസ്ലീഹായുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രം കൈയൊപ്പുചാര്‍ത്തിയ തിരുശ്ശേഷിപ്പാണ് ഭാരതത്തില്‍ ഇന്ന് കാണപ്പെടുന്ന സെന്‍റ് തോമസ് ക്രൈസ്തവ സമൂഹം. ലോകത്തില്‍ ക്രിസ്തുശിഷ്യന്മാരുടെ പേരിലുള്ള ഒരേയൊരു ക്രൈസ്തവസമൂഹമാണ് ഭാരതത്തിലുള്ള തോമാക്രിസ്ത്യാനികള്‍. തങ്ങള്‍ തോമാസ്ളീഹായുടെ മക്കളാണെന്ന് പൗരാണികകാലം മുതലേ അഭിമാനത്തോടെ പ്രഘോഷിക്കുന്ന ഈ ക്രൈസ്തവ സമൂഹം തന്നെയാണ തോമാസ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവായും നിലകൊള്ളുന്നത്.
ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍നിന്നും ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി തോമസിനെയാണ് പരിശുദ്ധാത്മാവ് ഭാരതത്തിലേക്ക് നിയോഗിച്ചത്. ഇന്ത്യയില്‍ വെറും രണ്ട് പതിറ്റാണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശുശ്രൂഷാകാലമെങ്കിലും ഇതിനോടകം ഏഴോളം സഭാസമൂഹങ്ങളെ (ഏഴരപ്പള്ളികള്‍) വിവിധയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കുന്നു.
കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത കഥകളുമായി മതം സൃഷ്ടിക്കുന്നതിന് ഇറങ്ങിത്തിരിച്ച മതപ്രചാരകരായിരുന്നില്ല ക്രിസ്തുവിൻ്റെ അപ്പൊസ്തൊലന്മാര്‍. അവര്‍ “ക്രിസ്തുവിന്‍റെ മഹത്വം നേരിട്ടു കണ്ട സാക്ഷികളായിരുന്നു” (2 പത്രോസ് 1:16). സുവിശേഷത്തെ ജീവിച്ചുകാണിക്കുക എന്നതായിരുന്നു അപ്പോസ്തൊലന്മാരുടെ സുവിശേഷ പ്രവര്‍ത്തന രീതി. “ഞങ്ങളുടെ മാതൃകയനുസരിച്ച് ജീവിക്കുന്നവരെ കണ്ടുപഠിക്കുക” (ഫിലി 3:17) എന്നതായിരുന്നു അപ്പൊസ്തൊലിക കാലഘട്ടത്തിലെ ‘ബൈബിള്‍ ക്ലാസുകൾ’. ക്രിസ്തുവില്‍ ദര്‍ശിച്ച ജീവിത മാതൃകകളെ മുന്‍നിര്‍ത്തി വിശ്വാസജീവിത വഴിയില്‍ സഞ്ചരിക്കുവാന്‍ ജനങ്ങളെ ഒരുക്കുവാനായിട്ടാണ് അപ്പൊസ്തൊലന്മാര്‍ ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ചത്. “ദിനംതോറും നിന്‍റെ കുരിശെടുത്ത് എന്നേ പിന്‍ഗമിക്കുക” എന്ന ഈശോമശിഹായുടെ കല്‍പ്പനയെ പിന്‍പറ്റേണ്ടത് എപ്രകാരമാണെന്ന് അപ്പൊസ്തൊലന്മാര്‍ ജീവിച്ചു കാണിക്കുകയായിരുന്നു. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നേ അനുകരിക്കുവിന്‍” (1 കൊരി 11:1) എന്ന പ്രമാണം അപ്പൊസ്തൊലിക പാരമ്പര്യവിശ്വാസത്തിന്‍റെ ഭാഗമാണ്. ക്രിസ്തുവിലൂടെയുള്ള തന്‍റെ വിശ്വാസജീവിതയാത്ര എപ്രകാരമാണെന്ന് പൗലോസ് തന്‍റെ പിന്‍ഗാമിയായ തിമോത്തിയെ പഠിപ്പിച്ചിരുന്നു. ഈ യാത്ര എപ്രകാരമുള്ളതായിരിക്കുമെന്ന് കൊരിന്ത് സഭയെ പഠിപ്പിക്കാന്‍ തിമോത്തിയെ അയയ്ക്കുമെന്നും “ക്രിസ്തുവിലുള്ള എന്‍റെ യാത്ര” എപ്രകാരമായിരിക്കുമെന്ന് അവന്‍ നിങ്ങളെ പഠിപ്പിക്കുമെന്നും 1 കോറിന്തോസ് 4:17ല്‍ പൗലോസ് എഴുതി. തെസ്സലോനിക്യന്‍ സഭയ്ക്ക് എഴുതിയ ആദ്യ ലേഖനത്തില്‍ “നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനേയും അനുകരിക്കുന്നവരായി” (1 തെസ1:6) എന്നും പൗലോസ് ഓര്‍മ്മിക്കുന്നു.
എഴുതപ്പെട്ട സുവിശേഷഗ്രന്ഥങ്ങളോ പ്രാര്‍ത്ഥനാ പുസ്തകങ്ങളോ ഒന്നുമില്ലാതെ, ക്രിസ്തുവിനെ ജീവിച്ചു കാണിക്കുന്നതിനായിരുന്നു തോമാസ്ലീഹായും ഭാരതത്തില്‍ എത്തിച്ചേർന്നത്. ക്രിസ്തുവിന്‍റെ സ്ഥാനാപതിയായ തന്നില്‍ നിറഞ്ഞുനിന്ന ക്രിസ്ത്വാനുഭവവും ജീവിതസാക്ഷ്യവും മാത്രമായിരുന്നു അദ്ദേഹത്തിന് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. “ഞാന്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നതുപോലെ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍” എന്ന് പൗലോസ് എഴുതിയെങ്കില്‍, പൗലോസില്‍ നിറഞ്ഞുനിന്ന ഈ അപ്പൊസ്തൊലിക ബോധ്യത്തിന്‍റെ ഭാരതസാക്ഷ്യമായിരുന്നു തോമാസ്ലീഹായുടെ ജീവിതം. ദിവ്യരക്ഷകനോടൊത്തു ചെലവഴിച്ച മൂന്നരവര്‍ഷങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിനു നില്‍കിയ വിശ്വാസബോധ്യങ്ങളെ അടിസ്ഥാനമാക്കി തന്‍റെ ജീവിതംതന്നെയായിരുന്നു തോമാസ്ലീഹാ ഭാരതത്തിന് നല്‍കിയ സുവിശേഷം. തോമായുടെ ജീവിതത്തെയും വിശ്വാസത്തേയും പിന്‍പറ്റുന്നത് ക്രിസ്തുവിനെ പിന്‍പറ്റുന്നതിനു തുല്യമാണെന്ന ഉറച്ച ബോധ്യമാണ് തോമാസ്ലീഹായില്‍നിന്ന് ഭാരതക്രൈസ്തവര്‍ക്ക് ലഭിച്ച മഹത്തായ പൈതൃകം.
ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു വിശ്വസിച്ചതോടെ “സംശയിക്കുന്ന തോമാ” സംശയരഹിതനായ തോമായായി. “മാര്‍ വാലാഹ്” (എന്‍റെ കര്‍ത്താവ് എന്‍റെ ദൈവം) എന്ന് തോമായിൽ നിന്നും ഉയർന്ന പ്രതികരണം പുതിയനിയമത്തിലെ അതിമഹത്തായ വിശ്വാസ പ്രഖ്യാപനമായിരുന്നു. ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ ജീവിച്ചു എന്ന മര്‍മ്മപ്രധാനവും ദുര്‍ഗ്രാഹ്യവുമായ ക്രിസ്തുവിജ്ഞാനീയ നിഗൂതകളിലേക്കു കടന്നുചെല്ലാന്‍ സഭയ്ക്ക് വഴിതുറന്ന താക്കോലായിരുന്നു തോമാസ്ലീഹായുടെ “മാര്‍ വാലാഹ്” പ്രഖ്യാപനം. ഇതിലൂടെ, ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവത്വവും മനുഷ്യത്വവും എപ്രകാരം ആ വ്യക്തിത്വത്തിൽ ചേര്‍ന്നുനില്‍ക്കുന്നുവെന്നും പരസ്പരം കൂടിച്ചേരാതെ എപ്രകാരം വ്യതിരക്തമായി നിലകൊള്ളുന്നുവെന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സഭയ്ക്ക് സാധിച്ചു. വാസ്തവത്തില്‍ തോമായുടെ സംശയം സഭയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.
പൗരസ്ത്യസഭകളുടെ ദൈവശാസ്ത്രം തോമാകേന്ദ്രീകൃതമായി മാര്‍ വാലാഹ് വിശ്വാസപ്രഖ്യാപനത്തെയാണ് ചൂഴ്ന്നുനില്‍ക്കുന്നത്. ലോഗോസ് ആന്ത്രോപ്പോസ് ( Logos Anthropos or Word Human അന്ത്യോഖ്യന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും, ലോഗോസ് സാക്സ (Logs Sarx or Word Flesh അലക്സാണ്ട്രിയന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും വ്യത്യസ്ത നിലകളിൽ യേശുക്രിസ്തു എന്ന വ്യക്തിയെ തലനാരിഴകീറി പരിശോധിച്ചപ്പോഴുമെല്ലാം തോമാസ്ലീഹായുടെ ”മാര്‍ വാലാഹ്” പ്രഖ്യാപനത്തിൻ്റെ ആഴങ്ങളേയാണ് വാസ്തവമായി പണ്ഡിതലോകം പഠനവിധേയമാക്കിയത് എന്നു പറയാം.
പൗരസ്ത്യസുറിയാനി സഭയിലെ മഹാനായ ബാബായി രചിച്ച ഗീതങ്ങളിലൊന്നിൽ ഇപ്രകാരം കുറിച്ചു “കര്‍ത്താവേ നിന്‍റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും സംശയംകൂടാതെ ഞങ്ങള്‍ ആരാധിക്കുന്നു” (സാഗ്ദീനന്മാര്‍ ലാലാഹൂസാക്, വല്നാശൂസാക് ദ്ലാപൂലാഗാ) സീറോ മലബാര്‍ സഭയില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ആലപിക്കുന്ന ഈ ഗാനം തോമാസ്ലീഹായുടെ വിശ്വാസപ്രഖ്യാനപത്തിന്‍റെ ഏറ്റുപറച്ചിലുകൾ തന്നെയാണ്.
തോമാസ്ലീഹായുടെ ചരിത്രപരതയില്‍ സംശയിക്കുന്നവര്‍ മത്തായിയുടെ സുവിശേഷം 15:13 മനസ്സിലാക്കുന്നത് നല്ലതാണ്. “എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളെക്കെയും പിഴുതെറിയപ്പെടും” തോമാസ്ലീഹായില്‍ നിന്ന് വിശ്വാസദീപശിഖയേന്തി ഇന്ത്യയില്‍ തുടക്കംകുറിച്ച ‘തോമസ് മൂവ്മെന്‍റ്’ ഭാരതത്തിൽ വിവിധ കാലങ്ങളിൽ ഉദയം ചെയ്ത നിരവധി സാമ്രാജ്യങ്ങളെയും സാമ്രാട്ടുകളെയും യുദ്ധങ്ങളെയും വൈദേശികാധിപത്യങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയിരിക്കുന്നത്. സ്വര്‍ഗ്ഗീയ പിതാവ് നട്ട സഭാതരു ആര്‍ക്കും പിഴുതെറിയാന്‍ കഴിയാത്ത വിധം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള വംശവൃക്ഷമായി വളര്‍ന്നിരിക്കുന്നു. ബഹുശാഖിയായ ഈ സഭാതരു ഭാരതത്തിന്‍റെ പ്രകാശമാണ്. ജനതകളുടെ പ്രത്യാശയാണ്.
ബാംഗളൂര്‍ സെന്‍റ് തോമസ് ഫൊറോനാ ചര്‍ച്ച് ധര്‍മാരാം ഫൊറോനാ ചര്‍ച്ച് സുറിയാനി ഭാഷയിൽ ചിട്ടപ്പെടുത്തിയ ദുക്റാനാ ഗീതത്തിലെ പ്രാര്‍ത്ഥന ഏറ്റുചൊല്ലി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ:
“സുവിശേഷവിളക്ക് ഞങ്ങളുടെ ഇരുളടഞ്ഞ മിഴികളില്‍ കൊളുത്തി ഞങ്ങളെ ജീവിപ്പിച്ചവനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാസ്ലീഹായോടൊപ്പം നിന്നെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു. നിന്‍റെ വെളിപ്പാടിനെ അവനൊപ്പം സംശയമില്ലാതെ ഞങ്ങള്‍ പ്രഘോഷിക്കുന്നു, ഇടവിടാതെ ഞങ്ങള്‍ ഉരുവിടുന്നു;
മാര്‍ വാലാഹ് മാര്‍ വാലാഹ്”
മാത്യൂ ചെമ്പുകണ്ടത്തിൽ : ക്രൈസ്തവ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നു. യു കെയിലെ ലീഡ് സിൽ താമസം.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു.
ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.
ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.
തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.
തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.
പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.
പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.
അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.
പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.
യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.
പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.
മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്.
ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്.
ഉദയ്പൂരിലെ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കൊലപാതകം പാകിസ്ഥാനിലുള്ള ‘സൽമാൻ ഭായ്’ എന്ന വ്യക്തി ‘സൂക്ഷ്മമായി ആസൂത്രണം ചെയ്തതും’ ‘പ്രേരണ നൽകി’ ചെയ്യിച്ചതുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‘സമാധാനപരമായ പ്രതിഷേധം ഒരു ഫലവും നൽകില്ല’ ആയതിനാൽ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായി ‘ഗംഭീരമായ എന്തെങ്കിലും ചെയ്യണം’ എന്ന നിർദേശമാണ് പ്രതികൾക്ക് നൽകിയത് എന്നാണ്, മനസിലാക്കുന്നത്.
കേസിൽ പ്രതികളായ ഗൗസും മുഹമ്മദ് റിയാസ് അതരിയും കഴിഞ്ഞ മാസം അവസാനം പ്രവാചകനെതിരെ പരാമർശം നടത്തിയ നുപൂർ ശർമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായുള്ള ദഅവത്ത്-ഇ-ഇസ്‌ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ ഗൗസ് പാകിസ്ഥാനിലേക്ക് പോയിരുന്നു. 2015 ജനുവരിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഏതാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്നുവെന്നും ‘സൽമാൻ ഭായി’ ആയും പാകിസ്ഥാനിൽ അബു ഇബ്രാഹിം എന്നറിയുന്ന മറ്റൊരു വ്യക്തിയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും അവർ പറഞ്ഞു.
എൻഐഎയുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, “ജൂൺ 10നും 15നും ഇടയിലുള്ള തീയതികളിൽ” ഗൗസും അതാരിയും ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു. കനയ്യലാലിന്റെ ‘സുപ്രീം ടെയ്‌ലേഴ്‌സ്’ എന്ന കട സ്ഥിതി ചെയ്യുന്ന ധൻമാണ്ടി പ്രദേശത്തു നിന്നുള്ള ‘ബബ്ലാ ഭായ്’ എന്ന ഒരാൾ 10-11 പേരെ ലക്ഷ്യം വച്ചിരുന്നുവെന്നും അവരെ ആക്രമിക്കാൻ വിവിധ ഗ്രൂപ്പുകളെ നിയോഗിച്ചതായും അവർ ഏജൻസിയോട് പറഞ്ഞതായി അറിയുന്നു. “ബബ്ലാ ഭായിയുടെ പങ്കും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചുവരികയാണ്,” വൃത്തങ്ങൾ പറഞ്ഞു.
ആക്രമണത്തിന് മുമ്പുള്ള രണ്ട്-മൂന്ന് ആഴ്‌ചകളിൽ, ചില പ്രാദേശിക മുസ്ലിം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കുറച്ച് വ്യക്തികളുടെ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ചതായി ഗൗസിന്റെയും റിയാസിന്റെയും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കനയ്യലാലിന്റെ ഫോട്ടോയും വിശദാംശങ്ങളും ഈ ഗ്രൂപ്പുകളിലൊന്നിൽ ഷെയർ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
കനയ്യലാലിന്റെ കട ഗൗസിന്റെയും അതാരിയുടെയും ജോലി സ്ഥലത്തിന് അടുത്തായതിനാലാണ് അവർ അയാളെ ലക്ഷ്യംവച്ചത്, അവർക്ക് കുറച്ച് പ്രാദേശിക യുവാക്കളുടെയും സഹായം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ, വസീം, മൊഹ്‌സിൻ ഖാൻ എന്നി രണ്ട് പേർ ജൂൺ 28 ന് ആക്രമണം നടത്തുന്നതിന് മുമ്പ് തയ്യൽക്കടയുടെ അവിടെ പരിശോധന നടത്തിയിരുന്നു, ഇത് പ്രതികളുടെ വിശദമായ ആസൂത്രണത്തെ സൂചിപ്പിക്കുന്നതാണെന്ന് വൃത്തങ്ങൾ പറഞ്ഞു. മൊഹ്‌സിനും ആസിഫ് ഹുസൈൻ എന്ന മറ്റൊരാളും വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.
സംഭവദിവസം ഗൗസും അതാരിയും വെവ്വേറെ വാഹനങ്ങളിൽ കനയ്യലാലിന്റെ കട സ്ഥിതി ചെയ്യുന്ന മാൽദഹ മാർക്കറ്റിൽ വന്ന് മൊഹ്‌സിന്റെ കടയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്‌തതായി ബന്ധപ്പെട്ടവർ പറഞ്ഞു. അവർ മടങ്ങി എത്തിയില്ലെങ്കിൽ, അതിന്റെ അർത്ഥം “പണി കഴിഞ്ഞു” എന്നാണെന്നും തങ്ങളുടെ ഇരുചക്ര വാഹനം വീട്ടിലേക്ക് തിരികെ നൽകണമെന്നും പറഞ്ഞ് തന്റെ സ്‌കൂട്ടറിന്റെ താക്കോൽ സൂക്ഷിക്കാൻ ഗൗസ് മൊഹ്‌സിനോട് പറഞ്ഞതായാണ് വിവരം.
കൊലപാതകത്തിന് ശേഷം, ഗൗസും അതാരിയും ‘ഷൊഹൈബ് ഭായ്’ എന്നറിയപ്പെടുന്ന ഒരാളുടെ ഓഫീസിലേക്ക് പോയി, അവിടെ അവർ അതേ വസ്ത്രം ധരിച്ച് മറ്റൊരു വീഡിയോ റെക്കോർഡുചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കുന്ന ഈ വീഡിയോ, അതാരി അംഗമായ നിരവധി പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അപ്‌ലോഡ് ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു.
തുടർന്ന് ഗൗസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളും പിന്നീട് വസ്ത്രം മാറാൻ മറ്റൊരാളുടെ വർക്ക് ഷോപ്പിലേക്ക് പോയി. അവർ അവിടെ നിന്ന് അജ്മീർ ഷെരീഫിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് കാർ ലഭിക്കാതെ വന്നതിനാൽ ബൈക്കിൽ പോയി. എന്നാൽ, രാജ്‌സമന്ദ് ജില്ലയിലെ ഭീം എന്ന സ്ഥലത്ത് വച്ച് ഇവരെ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച 40 കാരനായ കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്, രാജസ്ഥാനിലുടനീളം ഒരു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സംസ്ഥാനത്തേക്ക് ഒരു എൻഐഎ ടീമിനെ അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
രണ്ട് പ്രധാന പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ, ഇതിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന മറ്റ് നാല് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്നാഴ്ച മുമ്പ്, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കനയ്യലാലിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യലാൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. എന്നാൽ, ഇരു സമുദായത്തിൽ നിന്നുമുള്ള 5-7 ഉയർന്ന വ്യക്തികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം അഭ്യർത്ഥന പിനാവലിച്ചതായി പൊലീസ് പറഞ്ഞു.
കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിവാദ്യമർപ്പിച്ചാണ് സുധാകരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.
സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.