Latest News

കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) വര്‍ക്കിങ്‌ പ്രസിഡന്റായി ഇനി താനില്ലെന്ന്‌ ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ്‌ നേതൃത്വത്തെ അറിയിച്ചു. ഒപ്പം പാര്‍ട്ടിയിലെ അസംതൃപ്‌തര്‍ ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബിനെ രംഗത്തിറക്കി ബദല്‍ സംഘടനയ്‌ക്കു നീക്കം തുടങ്ങി. ഇതിനിടെ, എറണാകുളം ജില്ലയില്‍നിന്നടക്കം പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തില്‍.

മറ്റു പല പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിഷ്‌പ്രഭരായപ്പോഴും അനൂപ്‌ ജേക്കബിന്‌ വിജയിച്ചുവരാനായത്‌ യു.ഡി.എഫില്‍ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. അതിനിടയിലാണ്‌ പാര്‍ട്ടിക്കുള്ളില്‍നിന്നു പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയത്‌. എറണാകുളം ജില്ലയിലെ ചില പ്രശ്‌നങ്ങളാണ്‌ ആദ്യം തലപൊക്കിയത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്‌ഥാനത്ത്‌ തുടരാനാകില്ലെന്ന്‌ അറിയിച്ചാണ്‌ ഡെയ്‌സി ജേക്കബ്‌ ആദ്യം മാറിനിന്നത്‌. ഈ കാരണം പറഞ്ഞു കുറേക്കാലമായി പാര്‍ട്ടിപരിപാടികളിലും പങ്കെടുത്തില്ല.

ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തില്‍നിന്നുള്‍പ്പെടെ വിട്ടുനിന്നിട്ടും വര്‍ക്കിങ്‌ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. പിറവം നിയോജകമണ്ഡലത്തിലെ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍പഴ്‌സണ്‍ അയിഷാ മാധവന്‍, എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ.ജി. പുരുഷോത്തമന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസ്‌. മനോജ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്‌. ടി.എം. ജേക്കബ്‌ ഫോറം എന്ന പേരില്‍ സംഘടന രൂപീകരിച്ചു സമാന്തരപ്രവര്‍ത്തനവും തുടങ്ങി. ജേക്കബിന്റെ മകള്‍ അമ്പിളിയെ ഒപ്പം നിര്‍ത്തി ശക്‌തമായി മുന്നോട്ടുപോകാനാണ്‌ ഇവരുടെ നീക്കം.

അതിനിടെ, വി.എസ്‌. മനോജ്‌കുമാറിന്റെ നേതൃത്വത്തില്‍ ജോസ്‌ കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസി(എം)ലേക്ക്‌ പോകാനുള്ള നീക്കവും നടത്തുന്നുണ്ട്‌. യു.ഡി.എഫിന്റെ പിന്തുണ പൂര്‍ണമായും അനൂപ്‌ ജേക്കബിനാണ്‌. മുന്നണിയുടെ എം.എല്‍.എ എന്ന നിലയില്‍ യു.ഡി.എഫ്‌ അദ്ദേഹത്തിന്‌ മുന്തിയ പരിഗണന നല്‍കുമെന്ന്‌ മുന്നണി വൃത്തങ്ങളും വ്യക്‌തമാക്കി.

ഇതിനിടയില്‍ യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌ ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ജോണി മലയത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ചു. ഭാരവാഹികളായ അനീഷ്‌ എം ജി, കമല്‍രാജ്‌ .എന്‍, അനൂപ്‌ മുളയറ, വിപിന്‍ദാസ്‌, അതുല്‍ മോഹന്‍, രാജേഷ്‌ മലയിന്‍കീഴ്‌, സുഭാഷ്‌ തുടങ്ങി 20 നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളാണ്‌ യൂത്ത്‌ ഫ്രണ്ടില്‍ നിന്നും കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്‌) പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചത്‌.

കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാത്തി ഇന്നു മുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വശര ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്‍ദങ്ങള്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കര്‍ണാടക തീരത്ത് തിങ്കളാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 5o കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കേരള-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്‍റർപോൾ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്‍റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആന്‍റണി രാജുവിനെ പ്രതിയാക്കിയുള്ള ആദ്യം കേരള പൊലീസ് അട്ടിമറിച്ചിരുന്നു. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസിന് ജീവൻ വെക്കാൻ കാരണം ഇന്‍റർപോൾ റിപ്പോർട്ടാണ്.

ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ്തോടെയാണ് ഹൈക്കോടതി ആൻഡ്രൂ വിനെ വെറുതെവിട്ടത്. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് പറഞ്ഞു.

മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 1996 ജനുവരിയിലായിരുന്നു ഇത്. പക്ഷെ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്.

ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നൽകി. ഇന്‍റർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.

രാജ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം നടക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപതി മുര്‍മുവിലൂടെ വിജയം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

രാവിലെ 10 മുതല്‍ 5 വരെയാണ് തിരഞ്ഞെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 നാണ് വോട്ടെണ്ണല്‍. പത്ത് മണിക്ക് പാര്‍ലമെന്റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക.

ഇതിനോടകം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ആം ആദ്മി പാര്‍ട്ടിയും സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.

പാലുല്‍പ്പന്നങ്ങള്‍, അരി, ഗോതമ്പ് എന്നിങ്ങനെ പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഭക്ഷ്യഉത്പന്നങ്ങള്‍ക്ക് വില കൂടി. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ന്മുതല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം ചില്ലറയായി തൂക്കി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നികുതി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കു മാത്രമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

നികുതി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ബ്രാന്‍ഡഡ് അല്ലാത്ത വസ്തുക്കള്‍ക്കും നികുതി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാക്കറ്റിലുള്ള തൈരിനും കട്ടി മോരിനും, പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി, 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് 5% നികുതി, ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി, എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങള്‍ക്കിടെ കുഞ്ഞിലക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്.

കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്ന്
രഞ്ജിത്ത് പറഞ്ഞു. ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത് വിമര്‍ശിച്ചു. കുഞ്ഞിലയുടേത് ‘വികൃതി’യെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരിഹസിച്ചു.

കുഞ്ഞിലയുടെ സിനിമ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തില്‍ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്.

അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചിരുന്നു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.

കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറയുന്നു.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ ലോഞ്ചിങ് വേദിയിലായിരുന്നു ഷൈനിന്റെ പ്രതികരണം. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതിന് കാരണം ഭീഷ്മപർവം, കുറുപ്പ് ഒക്കെ കുറെ ആളുകൾ കാണുകയും അതൊക്കെ ഒരുപാട് പേർക്ക് ഇഷ്ടപെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ അഹങ്കാരമാണ്.’- ഷൈൻ വ്യക്തമാക്കി

ചെയ്യുന്ന വർക്ക് ആളുകൾ അംഗീകരിക്കുമ്പോൾ കിട്ടുന്ന എനർജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈൻ പറഞ്ഞു. എനർജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനർജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകൾ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈൻ പറയുന്നു.

പുറത്തിറങ്ങിയ തല്ലുമാലയുടെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററിൽ എത്തുക. ടൊവിനോയാണ് ചിത്രത്തിലെ നായകൻ. ഷൈനും ലുക്മാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ജേക്കബ് പ്ലാക്കൻ

ഊ ..ഊ… ചുണ്ടുരുട്ടി ….ഊക്കോടെ …
ഊതി തെളിക്കുന്നു കനൽപ്പൊരികൾ …!
ഉമിതീയിലുരുകിതെളിയുന്നു പൊന്ന് …!
ഊതിക്കാച്ചുന്നു പൊന്നാശാരി യാ മിന്ന് …!

മെല്ലെ മെല്ലെ … ശുദ്ധ ഹൃദയനാം മിടയൻ
ഇല്ലി തണ്ടിലൂതിയൂതി ഗാനാമൃതം പൊഴിക്കെ …!
ഹൃദയ വീണയിൽ മയങ്ങും രഹസ്യ രാഗമാലിക ….
മൃദുവിരലാൽ തൊട്ടുണർത്തുന്നു രസവതിയാളും .!

കാറ്റൂതും സ്വര ഘനരാഗങ്ങളാൽ
പേരാലിനിലകൾ യാദ്യതാളാനുഭൂതിയിലാടവേ …
കുയിൽപ്പാട്ടിലൊരു ചെമ്പകപൂമണംപോൽ
പുലർകാല രശ്മികളോഴുകിപരക്കുമ്പോൾ …!
അസഹ്യമാം തണുപ്പിനുടപ്പെറിഞ്ഞു സഹ്യാദ്രി
ധൂസരകിരണങ്ങളേറ്റുണരവെ …!
ഊതി യൂതി തെളിച്ചൊരു ചെങ്കനലായി
ഊര്‍ധ്വ സ്ഥായിലെത്തുന്നു സൂര്യബിംബവും …!

വാക്കുകൾ കണ്ഠങ്ങളിലുടഞ്ഞവർ വകതേടി
വയലുകൾ തോറും കാവതികാക്കളായിപാറവെ ..!
വെയിൽ വേകുമാ ചേറ്റുമാറിലും മവർ
ഞാറ്റുപാട്ടിനിരടികളിൽ …തീ …മറക്കുന്നു …
ഞാറുപാകുന്നു …! നിര്‍വൃതിനുകരുന്നു …!

വെണ്ണിലാവിൻ മനസ്സുള്ളവരവർതൻ
വിയർപ്പു മണികളാലുട്ടുന്നു നമ്മളെയും …!
ഉള്ളിലവർകിളിർത്തുന്നു ഒലിവിലതളിരുകൾ ..!
ഉലകിഴിയുന്നു പൂക്കതിരിൻ സ്നേഹ പരിമളം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

മാത്യൂ ചെമ്പുകണ്ടത്തിൽ

കുറ്റമില്ലാത്ത രക്തത്തെ ഒറ്റിക്കൊടുക്കാൻ യൂദാസിൻ്റെ മുന്നിൽ 30 വെള്ളിക്കാശ് കിലുക്കിക്കാണിച്ചവരുടെ പിൻഗാമികൾ സഭാസമൂഹത്തെ വിഡ്ഡികളാക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ PRO ഫാ മാത്യൂ കിലുക്കൻ പുറത്തിറക്കിയ പത്രക്കുറിപ്പ്.

ഭൂമിയിടപാട് വിഷയത്തിൽ സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിന് ക്ളീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിരൂപതയുടെ നേതൃത്വം ഒത്തുകൂടി സത്യവാങ്മൂലത്തെ ഔദ്യോഗികമായി അപലപിച്ചപ്പോൾ, ചില വ്യക്തികളെ മുന്നിൽ നിർത്തി ഇപ്രകാരം ഒരു കേസ് നടത്തിയതിനു പിന്നിൽ തങ്ങൾ ആയിരുന്നു എന്ന് അതിരൂപതാ നേതൃത്വം സമ്മതിക്കുകയായിരുന്നു.

സത്യവാങ്മൂലത്തെ ഔദ്യോഗികമായി അപലപിക്കുന്ന അതിരൂപതാ നേതൃത്യത്തിന് ഉത്തരം പറയാൻ ബാധ്യതയുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ചില വ്യക്തികളെ മുന്നിൽ നിർത്തി സീറോ മലബാർ സഭയുടെ തകർച്ചയ്ക്ക് വേണ്ടി ഇവിടെ കളിച്ച നാറിയ കളികളെല്ലാം എറണാകുളം അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക തീരുമാനമായിരുന്നോ ? കോടതി വ്യവഹാരങ്ങൾക്കും കേസു നടത്തിപ്പിനും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് നിങ്ങൾ തന്നെ ആയിരുന്നോ ? ചോദ്യങ്ങൾ ഇനിയുമുണ്ട്.

”സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ പേരിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ ആറ് കോടി രൂപയോളം അതിരൂപതയ്ക്ക് പിഴ ചുമത്തി” എന്ന് അതിരൂപത ഔദ്യോഗികമായി പ്രസ്താവിക്കുന്നു. ഇതിൽ എത്ര രൂപയാണ് കാപ്പിറ്റൽ ഗെയിൻ ടാക്സ് അടച്ചത് ? എത്ര രൂപയാണ് പിഴ ചുമത്തിയത് ? രാജ്യത്തെ capital gain tax നിയമപരമായി 30%വരെ നൽകേണ്ടതുണ്ട് എന്നു പറയുമ്പോൾ നിങ്ങൾ നൽകിയ 6 കോടി രൂപയും പിഴ മാത്രമായിരുന്നോ ? അങ്ങനെയെങ്കിൽ ടാക്സ് ഇനത്തിൽ യാതൊന്നും നൽകിയില്ലേ ? ടാക്സ് നൽകാതെ പിഴ മാത്രമേ നൽകിയുള്ളൂ എങ്കിൽ ടാക്സ് ഇളവു ലഭിക്കാൻ എന്തായിരുന്നു കാരണം ?

ഭൂമി വിവാദം ഉണ്ടായ ഉടനേ ഫൈനാൻസ് മാനേജർ ആയിരുന്ന ഫാ. ജോഷി പുതുവയെ മാറ്റി മറ്റൊരു വൈദികന് അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങമുടെ ചുമതല നൽകിയില്ലേ ? ഭൂമി വിൽപ്നയിലൂടെ അക്കൗണ്ടിലേക്കു വന്ന പണത്തെ സംബന്ധിച്ച വസ്തുതകൾ ആ ഉദ്യോഗസ്ഥൻ മറച്ചു വച്ചതുകൊണ്ടല്ലേ “പിഴ” നൽകേണ്ടി വന്നത് ? അങ്ങനെ നൽകേണ്ടി വന്ന ആറു കോടി രൂപയ്ക്ക് എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തിനു മാത്രമല്ലേ ഉത്തരവാദിത്വമുള്ളത് ?

കർദ്ദിനാളിനെ ആക്ഷേപിക്കാൻ കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിക്കുന്നവർ ഇത്ര വലിയ തുക മാസങ്ങൾക്കു മുമ്പ് പിഴ നൽകിയിട്ടും ഇപ്പോൾ മാത്രമാണ് ഔദ്യോഗികമായി അക്കാര്യം പുറത്തറിയിക്കുന്നത്; ഇത് നിങ്ങളുടെ പ്രകൃതം അറിയുന്നവർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. ഇക്കാര്യം ഇതുവരെ എന്തുകൊണ്ടായിരുന്നു നിങ്ങൾ മൂടിവച്ചത് ?

അതിരൂപതയുടെ പിഴത്തുകയേ സംബന്ധിച്ച വിശദീകരണത്തിൽ വിശ്വാസികൾക്ക് ഇങ്ങനെ നിരവധി സംശയങ്ങളുമുണ്ട്. അതിനാൽ ഇൻകം ടാക്സുകാർ കണ്ടുപിടിച്ച ക്രമക്കേടുകളെ സംബന്ധിച്ച അവർ അതിരൂപതയുമായി നടത്തിയ കത്തിടപാടുകളും അതിനു മറുപടിയായി നിങ്ങൾ നൽകിയ വിശദീകരണങ്ങളും പരസ്യപ്പെടുത്താൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ധൈര്യമുണ്ടോ ? “പിഴ” ഒടുക്കുവാൻ ടാക്സ് ഡിപ്പാർട്ട്മെൻ്റ് നിർദേശിക്കുന്ന ഓർഡറുകളും കത്തിടപാടുകളും പരിഭാഷയില്ലാതെതന്നെ പ്രസിദ്ധീകരിക്കുവാൻ നിങ്ങൾ തയ്യാറാകണം. തുക യഥാർത്ഥത്തിൽ “പിഴ” ആണോ, അതോ “ടാക്സ്” ആണോ എന്ന് വിശ്വാസികൾക്ക് നേരിട്ട് മനസിലാകുമല്ലോ. KPMG റിപ്പോർട്ട് മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചവർക്ക് തൻ്റേടമുണ്ടോ ടാക്സ് ഡിപ്പാർട്ട്മെൻ്റും അതിരൂപതയും നടത്തിയ കത്തിടപാടുകൾ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കാൻ ?

കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് തങ്ങൾ കെട്ടിപ്പൊക്കിയ നുണയുടെ കൊത്തളങ്ങൾ സത്യത്തിന്റെ മുന്നിൽ തകർന്നു വീഴുന്നതിലുള്ള വിമത വിഭാഗത്തിൻ്റെ മോങ്ങലുകൾ മാത്രമാണ് അതിരൂപതയുടെ PRO ഒപ്പുവച്ച് ഇറക്കിയിരിക്കുന്ന പത്രക്കുറിപ്പ് എന്ന് ആർക്കും ബോധ്യമാകും. പീലാത്തോസിനു മുന്നിൽ നിൽക്കുന്നവൻ കുറ്റക്കാരനാണെന്ന് വിധിക്കുവാൻതക്ക തെളിവുകൾ ഒന്നും ഇല്ലെന്നു ബോധ്യമായപ്പോൾ പുരോഹിതവർഗ്ഗത്തിൻ്റെ അടുത്ത തന്ത്രമായിരുന്ന ജനങ്ങളെ ഇളക്കിവിട്ട് “അവനെ ക്രൂശിക്കുക” എന്ന് വിളിച്ചു പറയിപ്പിക്കുക എന്നത്. നിരപരാധിയെ വെറുതെവിട്ടാൽ “നീ സീസറിന്റെ സ്നേഹിതനല്ല” എന്ന് ആക്രോശിച്ചവരുടെ അധ:പതിച്ച നീതിബോധത്തിൻ്റെ തനിപ്പകർപ്പായിട്ടാണ് സർക്കാർ സത്യവാങ്മൂലത്തെ അപലപിച്ച് അതിരൂപത ഇറക്കിയ പത്രകുറിപ്പിനെയും കാണുന്നത്.

വിമത സംഘത്തിൻ്റെയും PROയുടെയും കിളികളെല്ലാം പറന്നു പോയി എന്നതിൻ്റെ തെളിവായി പത്രക്കുറിപ്പിലെ ഒരു പ്രസ്താവന നോക്കുക: “അതിരൂപതയുടെ ഭരണപരമായ കാര്യങ്ങൾ നൈയാമികമായി നടത്തപ്പെടുന്നത് ആലോചനാ സമിതി, വൈദിക സമിതി, അജപാലന സമിതി എന്നീ കാനോനിക സമിതികളിലൂടെ” ആണെന്നും “ഈ കാനോനിക സമിതികൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് കാനോനിക സമിതികൾ ശരിവച്ചു” 😂😆🙃 ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ നിങ്ങളുടെ മനോനിലയ്ക്ക് കാര്യമായ തകരാറുകൾ സംഭവിച്ചു കാണുമല്ലോ കിലുക്കൻ അച്ചാ ? സുബോധമുള്ളവർ ആരുമില്ലേ ഈ സംഘത്തിൽ ?

കാനോനിക സമിതികൾ ഒരുമിച്ചു ചേർന്നു തീരുമാനിച്ചു നടപ്പാക്കിയെന്ന് പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നറിയാൻ ആ സമിതികളുടെ തീരുമാനങ്ങൾ വിശ്വാസികളുടെ മുന്നിൽ അവതരിപ്പിച്ചാൽ മാത്രം മതിയാകുമല്ലോ? പിന്നെ എന്തിനാണ് അന്വേഷണ കമ്മീഷനുകൾ തെറ്റുകൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നത്. കമ്മീഷൻ റിപ്പോർട്ടുകളാണോ കാനോനിക സമിതികളുടെ തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനുട്സ്കളാണോ സത്യം അറിയാൻ നല്ലതു? ഈ രണ്ട് കാര്യങ്ങളും പരിശോധിച്ചതിന് ശേഷമല്ലേ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കർദ്ദിനാൾ യാതൊരു കുറ്റവും ഭൂമി ഇടപാടിൽ ചെയ്തിട്ടില്ല എന്ന് കേരളാ പോലീസ് രണ്ട് വർഷങ്ങൾ മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയത് ? പരാതിക്കാരനായ വ്യക്തി എന്തുകൊണ്ടാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതിനെതിരെ protest ഫയൽ ചെയ്യാതിരുന്നത്? “ഈ നീതിമാനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല എന്ന്” പീലത്തോസ് പറഞ്ഞതിന് സമാനമല്ലേ സംസ്ഥാന പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്? കിലുക്കന്മാർ ഇതിനെല്ലാം മറുപടി പറയാൻ ബാധ്യസ്ഥനാണ്.

സംശയങ്ങളുടെ പുകമറകൾ തീർത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ചു കാനോനിക സമിതികളുടെ മിനുട്സ് പുറത്തു വിടാനും അതോടൊപ്പം ഇൻകം ടാക്സുകാർ കണ്ടുപിടിച്ച ക്രമക്കേടുകളെ സംബന്ധിച്ച കത്തിടപാടുകളും അവരുടെ “പിഴ” ഒടുക്കുവാൻ നിർദേശിക്കുന്ന ഓർഡറുകളും പരിഭാഷ ഇല്ലാതെതന്നെ പ്രസിദ്ധീകരിക്കുവാനും അതിരൂപതയുടെ ഭരണം നിയന്ത്രിക്കുന്നവർ തയ്യാറാവുക. ഇല്ലാത്ത പൂച്ചയെ ഇരുട്ടത്തു തപ്പുന്നവർ മാത്രമേ കോമാളികളാവുകയുള്ളൂ എന്നത് മറക്കേണ്ട.

ബേസിൽ ജോസഫ്

കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മിൽക്ക് സർബത്തുമൊക്കെയായി കോഴിക്കോടൻ രുചി സാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാർക്കു പ്രിയപ്പെട്ടത് കുലുക്കി സർബത്ത് ആണെങ്കിൽ കോഴിക്കോട്ടുകാർക്ക് അവൽ മിൽക്കിനോടാണ് താത്‌പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാൻ ആർക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവൽമിൽക്ക് കാണിക്കുന്നത്. വിശപ്പും ദാഹവും ഒരുമിച്ചു ശമിപ്പിക്കും. പണ്ട് ജയൻ പുറത്തു ചാക്കുകെട്ടും തലയിൽ ചുവന്ന കെട്ടുമായി നടന്ന അങ്ങാടി സിനിമ ഇറങ്ങിയ കാലത്തുതന്നെ അവൽമിൽക്ക് കോഴിക്കോട്ടുകാരുടെ സൂപ്പർസ്റ്റാറായിരുന്നു. അതായത് പുണ്യപുരാതന കാലം തൊട്ടേ കോഴിക്കോട്ടെ വല്യങ്ങാടിയും മിട്ടായിത്തെരുവിലും പുതിയ സ്റ്റാൻഡിലും കല്ലായിലുമൊക്കെ എല്ലാ കടകളിലും സുലഭമായിരുന്നു കക്ഷി. എന്റെ മംഗലാപുരം -മണിപ്പാൽ പഠന -ജോലി കാലഘട്ടത്തിൽ കോഴിക്കോട് വഴിയുള്ള യാത്രകളിൽ പലപ്പോഴും അവൽ മിൽക്കിന്റെ രുചി അറിഞ്ഞിട്ടുണ്ട് .

ഒരു നീളൻ ഗ്ലാസിൽ അവിൽമിൽക്ക് തയാറാക്കി ഗ്ലാസിന്റെ അങ്ങേയറ്റം വരെ തൊടാൻനീളമുള്ള സ്പൂണുമിട്ട് മുന്നിലേക്കു നീട്ടിയാലുണ്ടല്ലോ, എന്റെ സാറേ…പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല…..

ചേരുവകൾ

അവൽ – 50 ഗ്രാം
നെയ്യ് – 2 ടി സ്പൂൺ
ആൽമണ്ട്സ് – 5 എണ്ണം
കശുവണ്ടി – 5 എണ്ണം
ബനാന – 1 എണ്ണം
കണ്ടെൻസ്ഡ്‌ മിൽക്ക് – 1 ടേബിൾ സ്പൂൂൻ
മിൽക്ക് – 100 ml (തിളപ്പിച്ച്‌ ,തണുപ്പിച്ചത്‌ )
ഷുഗർ – 1 ടീസ്പൂൺ
റോസ് സിറപ്പ് – 1/ 2 ടീസ്പൂൺ
വാനില ഐസ് ക്രീം – 1 സ്കുപ്
ഏലക്കാപ്പൊടി- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടാക്കി ആൽമണ്ട്സ്,കശുവണ്ടി (ചെറുതായി പൊടിച്ചിട്ട് ) എന്നിവ വറത്ത് എടുത്ത് മാറ്റി വയ്ക്കുക ,അതെ പാനിൽ അവൽ ഇട്ട് നല്ല ക്രിസ്പി ആവുന്നതു വരെ ഫ്രൈ ചെയ്യുക .ഒരു ചെറിയ മിക്സിങ്ങ് ബൌളിൽ ബനാന മാഷ് ചെയ്ത് അതിലേയ്ക്ക് കണ്ടെൻസ്ഡ്‌ മിൽക്ക് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്‌ വയ്ക്കുക .തയാറാക്കി വച്ചിരിക്കുന്ന പാലിലേയ്ക് ഷുഗർ ,റോസ് സിറപ്പ് ,ഒരു നുള്ള് ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു വിസ്ക് കൊണ്ട് നന്നായി മിക്സ്‌ ചെയ്യുക .ഇനി ഒരു നല്ല നീളമുള്ള ഗ്ലാസ്‌ എടുത്ത് അതിലേയ്ക്ക് ആദ്യം ബനാന മാഷ് ചെയ്തു വച്ചത് ഒഴിക്കുക .വറത്തുവച്ച ആൽമണ്ട്സ്,കശുവണ്ടി എന്നിവയിൽ നിന്നും പകുതി എടുത്തു ഇതിന് മുകളിൽ നിരത്തുക . അതിന് മുകളിൽ അവൽ കൂടി ചേർക്കുക .അവൽ മൂടി വരുന്നത്‌ വരെ പാൽ ഒഴിക്കുക .വാനില ഐസ് ക്രീം കൊണ്ട് ടോപ്‌ ചെയ്ത് ബാക്കി വച്ചിരിക്കുന്ന ആൽമണ്ട്സ്,കശുവണ്ടി കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക. നീളമുള്ള സ്പൂണെടുത്ത് നന്നായി ഇളക്കിചേർത്താൽ നല്ല കിടിലൻ അവൽമിൽക്ക് റെഡി… ഒറ്റവലിക്ക് അകത്താക്കാം എന്നു കരുതരുത്. പതുക്കെ സ്പൂൺ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കണം.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

RECENT POSTS
Copyright © . All rights reserved