Latest News

അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.

നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.

മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഭാഗമാകുന്ന തിരക്കിലാണ് നടൻ വിജയ് സേതുപതി. സിനിമയിലേക്ക് എത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും ശ്രദ്ധേയനായതോടെ വിജയ് സേതുപതിയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. ഇപ്പോഴിതാ, കമൽ ഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്.

സിനിമയിൽ നടൻ ഫഹദ് ഫാസിൽ വില്ലനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുമ്പോൾ മറ്റൊരു പ്രധാന വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുന്നതെന്നാണ് സൂചന. രാഷ്ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കമൽ ഹാസൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമൽ ഹാസന്റെ 232 ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. വിക്രം എന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.

അതേസമയം, കമൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണ് ഇന്ത്യൻ 2. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ വിവേക് ​​ആദ്യമായി കമൽ ഹാസനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രത്തിൽ ഐശ്വര്യ രാജേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതും. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും. വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുന്ന ഒരു പൂച്ചയുടേതാണ് ഈ ദൃശ്യങ്ങള്‍. നാലുകാലില്‍ തന്നെ വന്നുവീഴുന്ന പൂച്ച സുരക്ഷിതനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തിലും അധികമാണ് വിഡിയോയുടെ കാഴ്ചക്കാര്‍. ചിക്കാഗോ ഫയര്‍ മീഡിയയും ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ‘സേഫ് ലാന്‍ഡിങ്’.

 

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ 500 പേരിൽ ചുരുക്കി നടത്തുമ്പോൾ ജനങ്ങളുടെ മനസാണ് യഥാർത്ഥ സത്യപ്രതിജ്ഞാ വേദിയെന്ന് പിണറായി വിജയൻ.

ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ.

തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേ‍ഡിയവുമെന്നും അദ്ദേഹം പറഞ്ഞു.

3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാ‍ർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ​ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോ​ഗസ്ഥർ ഇവരെല്ലാം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​.

എന്നാൽ, ഇത്​ ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്​തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്​സിൻ എടുത്തിരിക്കണം. പരിപാടികൾക്ക്​ 70 ശതമാനം ആളുകളെ ​പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന്​ പ്രവർത്തിക്കാം. എന്നാൽ, മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്​ചയില്ല. വിവാഹ പരിപാടികൾക്ക്​ 100 പേരെ വരെ പ​ങ്കെടുപ്പിക്കാം. എന്നാൽ, പ​ങ്കെടുക്കുന്നവരും ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരായിരിക്കണം. റസ്​റ്റാറൻറുകളുടെ ഒരു ടേബ്​ളിന്​ ചുറ്റും പത്ത്​ പേർക്ക്​ വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്​ളിൽ ആറ്​ പേർ അനുവദിനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി.

എന്നാൽ, വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. കമ്യൂണിറ്റി സ്​പോർട്​സ്​, സംഗീത മേള, അവാർഡ്​ ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക്​ അനുമതി നൽകി. കായിക പരിപാടികൾക്ക്​ ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത്​ 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക്​ പരമാവധി 1500 പേർക്കും ഔട്ട്​ഡോർ മത്സരങ്ങൾക്ക്​ 2500 പേർക്കുമാണ്​ അനുമതി. യു.എ.ഇയിൽ അഞ്ച്​ മാസത്തിനിടെ ഏറ്റവും കുറവ്​ കോവിഡ്​ ബാധിതർ റിപ്പോർട്ട്​ ചെയ്​ത പശ്​ചാത്തലത്തിലാണ്​ ഇളവുകൾ അനുവദിക്കുന്നത്​.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് തോൽവി നേരിട്ട ധർമജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി.

തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

‘അസുരൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജീനികാന്ത് ചിത്രം ‘കാല’, പുതുപേട്ടായി, വെന്നില കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, നീയ 2, ഐറാ എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നിതീഷ് വീര.

നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്.

വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥൻ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.

സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.

18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാപരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ഘടകകക്ഷികളെ പരിഗണിച്ചപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തില്‍ സിപിഎമ്മിനു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണു സിപിഎമ്മിനു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.ജയരാജ് ചീഫ് വിപ്പുമായേക്കും. എന്‍സിപിയില്‍നിന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടര വര്‍ഷം മന്ത്രിയാകുന്ന ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. ഇവര്‍ക്കു പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ബി.ഗണേശ് കുമാര്‍ എന്നിവര്‍ അടുത്ത രണ്ടര വര്‍ഷം മന്ത്രിയാകും. ജനതാദള്‍ എസിനു ലഭിച്ച മന്ത്രിസ്ഥാനം കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും തമ്മില്‍ രണ്ടര വര്‍ഷം എന്ന നിലയില്‍ വീതം വയ്ക്കാനാണു സാധ്യത.

2020 ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടി മിസ് മെക്സിക്കോ ആൻഡ്രിയ മെസ. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ചൂടിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച അഡ്‌ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി. അഡ്‌ലിൻ മിസ് ഡിവ യൂണിവേഴ്സ് 2020 ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ 73 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിൽ 26 കാരിയായ മെസയോട് നിങ്ങൾ രാജ്യത്തിന്റെ നേതാവായിരുന്നെങ്കിൽ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദിച്ചത്.

കോവിഡ് പോലുള്ള ഈ വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായൊരു മാർഗ്ഗമില്ലെന്ന് ഞാൻ വിശ്വസിക്കുന്നതായി മെസ പറഞ്ഞു. എന്നിരുന്നാലും, തുടക്കത്തിൽതന്നെ ലോക്ക്ഡൗൺ ഞാൻ ഏർപ്പെടുത്തുമായിരുന്നെന്ന് കരുതുന്നു, കാരണം ഞങ്ങൾക്ക് വളരെയധികം ജീവൻ നഷ്ടപ്പെട്ടു, അത് താങ്ങാൻ കഴിയില്ല. നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും മെസ പറഞ്ഞു.

സോഫ്റ്റ്‌വെയർ എൻജിനീയറാണ് മെസ. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുമാണ്. കൂടാതെ മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൻ എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

 

 

View this post on Instagram

 

A post shared by Miss Universe (@missuniverse)

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.

സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.

ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.

Copyright © . All rights reserved