ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.
ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും കൈകോർക്കുന്നു എന്ന വാർത്തകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷകളെയൊന്നും ‘ട്വൽത്ത്മാൻ’ അസ്ഥാനത്താക്കുന്നില്ല. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച്, പ്രേക്ഷകരുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ‘ട്വൽത്ത്മാൻ’. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. അവിചാരിതമായി അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനുമായി അവർ ഒന്നുരസ്സുന്നു. ആ രാത്രി തന്നെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ? കൊലപാതകമോ? ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിയ്ക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ,(പന്ത്രണ്ടാമൻ) ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെനടത്തിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ.
വ്യത്യസ്ത മാനറിസങ്ങളിലെത്തുന്ന മോഹൻലാലിന്റെ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പ്രധാനി. സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
നൂറുശതമാനം മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ‘ട്വൽത്ത്മാൻ’. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ട്വൽത്ത്മാനായി സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്. ആവർത്തിച്ചുകാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ ട്വൽത്ത്മാന് സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നുകൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ ‘ട്വൽത്ത്മാൻ’ അഭിനന്ദനം അർഹിക്കുന്നുണ്ട്.
ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ലൈംഗിക തൊഴിലാളികൾക്കും ആധാർ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോർമ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അന്തസ്സോടെ ജീവിക്കുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശമാണെന്ന് കോടതി വ്യക്തമാക്കി
ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റി തെളിയിക്കാൻ നിർബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരുന്നു.
തിരിച്ചറിയൽ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഉറപ്പാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാർ കാർഡിന് പുറമെ വോട്ടർ ഐ.ഡി കാർഡ് നൽകുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളിൽ പരിഹാരം തേടി സുപ്രീകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം പരിഗണിച്ച കോടതി കേസിൽ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വിതരണം ചെയ്യണം എന്ന് ഓഡർ നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ കോടതി പരാമർശം. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാൻസ്‌ജെൻഡർ, വനിതാ ലൈംഗിക തൊഴിലാളികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്.
ഉത്തരവിൻറെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങൾക്കും, ജില്ല തല ലീഗൽ സർവീസ് അതോററ്റിക്കും അയച്ചു. ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. . തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും സാബു പറഞ്ഞു.
അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ലോ ഫ്‌ലോര്‍ ബസ് ക്‌ളാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണ്. വിദ്യാഭ്യാസ,ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴിവളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഈ വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
ഡോക്ടർ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തിൽ ഒടുവിൽ നീതി. 19 വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈൻ നൽകാനുള്ള ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.
2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടർ ജി രമേശ് ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തുടർന്ന് സലൈൻ കുത്തിവച്ച കുട്ടിയുടെ വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.
19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
ഡോക്ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ‘സെന്റ്. ജോസഫ് പ്രൊപോസ്ഡ് മിഷന്‍’ എന്ന് നാമകരണം ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാള്‍ കൂടിനടന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവ. ഫാ. ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.പ്രോ പോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതമരുളി. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.
പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.
പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.
സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്തിഥികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് പറയുകയാണ് ഇപ്പോള്‍ നടി ഷീല. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു.
ഫ്‌ലവേഴ്‌സ് ടിവിയുടെ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.’സിനിമയില്‍ എത്തുന്നതിന് മുമ്പ് കണ്ടിട്ടുള്ളത് ഒരു സിനിമ മാത്രമാണ്. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു.
ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത കത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, ഷീല പറഞ്ഞു.
ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.
ചൊവ്വാഴ്ച വൻസാഡയിലെ മിന്ധാബാരി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഒടുങ്ങും മുൻപെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേൽ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്.
ലതീഷിന്റെ വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകനാണ് രാജു പട്ടേൽ. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
2009 മുതൽ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേർപെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തിൽ നിന്നും പിന്മാറിയത്. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.
തുടർന്നും വിടാതെ പകയോടെ പിന്തുടർന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയർ പാവയിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.
ജുഗൃതി ഇയാളുടെ സമ്മാനം നേരിട്ട് വാങ്ങിക്കില്ലെന്ന് ഉറപ്പായതിനാലാണ്
സഹോദരി സൽമയുടെ വിവാഹദിനത്തിൽ സമ്മാനമായി പാവ എത്തിച്ചത്. എന്നാൽ വിവാഹശേഷം ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന സൽമയുടെ ഭർത്താവ് ലതീഷും സഹോദര പുത്രനുമാണ് രാജു പട്ടേലിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ഉക്രെയ്‌നില്‍ റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ അനുഭവിക്കാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മാനസികമായോ ശാരീരികമായോ റഷ്യന്‍ സൈനികരുടെ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണ് ഉക്രെയ്‌നില്‍ ശേഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേരും.
റഷ്യന്‍ പിടിയില്‍ നിന്ന് തിരിച്ചെത്തുന്ന മനുഷ്യരുടെ കഥകളാണ് അവിശ്വസനീയം. ഉറ്റവരോടുള്ള എല്ലാ ക്രൂരതകളും മുന്നില്‍ കണ്ട് ശേഷിച്ച കാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉക്രെയ്‌നില്‍ ധാരാളമുണ്ട്. സ്വന്തം മരണം മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇത്തരമാളുകളില്‍ ഒരാളാണ് മൈക്കോള കുലിഷെന്‍കോ. റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചു മൂടിയിട്ടും തലനാരിഴയ്ക്ക് രക്ഷപെട്ട കിഴക്കന്‍ ഉക്രെയ്ന്‍ സ്വദേശിയായ യുവാവ്.
യുദ്ധം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോളാണ് മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരും റഷ്യന്‍ സൈനികരുടെ പിടിയിലാകുന്നത്. ഇവരുടെ വീടിന് സമീപത്തു വെച്ച് റഷ്യന്‍ സൈനിക സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ റഷ്യന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെ മൈക്കോളയും സഹോദരന്മാരും പിടിയിലായി.
ഇവരുടെ വീടിനുള്ളിലേക്ക് ഇരച്ചു കയറിയ സൈന്യം മൈക്കോളയെയും സഹോദരന്മാരെയും മുട്ട് കുത്തി നിര്‍ത്തിച്ച ശേഷം പരിശോധന തുടങ്ങി. ബോംബ് ആക്രമണവുമായി ബന്ധമുള്ള എന്തെങ്കിലും കണ്ടെത്താനാകുമോ എന്നവര്‍ വിശദമായി പരിശോധിച്ചു. മൈക്കോളയുടെ മുത്തച്ഛന്റെ സൈനിക മെഡലുകളും സഹോദരന്‍ യെവ്ഹാന്റെ മിലിട്ടറി ബാഗും കണ്ടെത്തിയതോടെ ഇവരെന്തോ മറച്ചു വയ്ക്കുന്നതായി സൈനികര്‍ക്ക് സംശയമുദിച്ചു. ഒടുവില്‍ മൈക്കോളയെയും രണ്ട് സഹോദരന്മാരെയും സംഘം ഒരു ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ദിവസം ചോദ്യം ചെയ്യല്‍. നാലാം ദിവസം വിട്ടയയ്ക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ലോഹദണ്ഡ് ഉപയോഗിച്ച് മര്‍ദിയ്ക്കുകയും തോക്കിന്റെ ബാരല്‍ വായില്‍ കുത്തിയിറക്കുകയും ചെയ്തു. ബോധം നഷ്ടമാകും വരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്ന് മൈക്കോള ഓര്‍ക്കുന്നു.
തുടര്‍ന്ന് മൂന്ന് സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. കണ്ണിലെ കെട്ട് അഴിയ്ക്കാതെ തന്നെ മുട്ടുകുത്തി നിര്‍ത്തിച്ചു. ശേഷം സൈന്യം കുഴി കുത്താന്‍ ആരംഭിച്ചു. മൂന്ന് പേരെയും വെടിവെച്ചു കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. ആദ്യം സഹോദരന്‍ ദിമിത്രോയെയാണ് വെടിവെച്ചത്. പിന്നാലെ യെവ്‌ഹെനും വീണു. മൈക്കോളയ്ക്ക് നേരെയെത്തിയ വെടിയുണ്ട കവിളിലൂടെ തുളച്ച് കയറി വലതു ചെവിയുടെ അരികിലൂടെ പുറത്തുപോയി. എന്നാല്‍ ജീവനുണ്ടെന്ന് കണ്ടാല്‍ ഇതിലും ക്രൂരമായിരിക്കും വിധി എന്ന് മനസ്സിലാക്കിയ മൈക്കോളോ മരിച്ചതായി നടിച്ചു.
മൂന്ന് പേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. കുഴിയ്ക്കുള്ളില്‍ എത്ര നേരം കിടന്നുവെന്ന് ഓര്‍മയില്ലെന്നാണ് മൈക്കോള പറയുന്നത്. എന്നിരുന്നാലും സഹോദരന്റെ മൃതദേഹത്തിന്റെ അടിയില്‍ നിന്ന് ഒരു വിധം മൈക്കോള പുറത്തെത്തി. ദിമിത്രോയുടെ മൃതദേഹം മുകളിലായി കിടന്നിരുന്നതിനാല്‍ ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൈകളും മുട്ടും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ ഒരു വശത്തേക്ക് നീക്കി മൈക്കോള പുറത്തെത്തി. കുഴിയില്‍ നിന്ന് കയറി ഒരു വിധത്തില്‍ സമീപത്തെ വീട്ടിലെത്തിയ മൈക്കോള ഒരു രാത്രി അവിടെക്കഴിഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീ തന്നെ നല്ലവണ്ണം പരിചരിച്ചുവെന്ന് മൈക്കോള പറയുന്നു. പിറ്റേ ദിവസം മൈക്കോള സഹോദരിയുടെ അരികിലെത്തിച്ചേര്‍ന്നു. ദിവസങ്ങളായി സഹോദരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍.
ഭാഗ്യം കൊണ്ട് മാത്രമാണ് താനിപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് മൈക്കോള ആവര്‍ത്തിക്കുന്നത്. തന്റെ കഥ ലോകമെങ്ങുമുള്ളവര്‍ കേള്‍ക്കണമെന്നാണ് മൈക്കോളയുടെ ആഗ്രഹം. ഇങ്ങനെയുമൊരു ലോകമുണ്ടെന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന അനേകമാളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും മൈക്കോള പറയുന്നു.
സിഎന്‍എന്‍ നടത്തിയ ഇന്റര്‍വ്യൂവിലൂടെയാണ് മൈക്കോളയുടെ കഥ പുറംലോകമറിയുന്നത്. ചെറിനിവില്‍ നിന്ന് ഏപ്രിലില്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമായിരുന്നു മൈക്കോളയുമായുള്ള ഇന്റര്‍വ്യൂ. സൈന്യം പിന്‍വാങ്ങിയതോടെ ദിമിത്രോയ്ക്കും യെവ്‌ഹെനും കുടുംബം യഥാവിധിയുള്ള സംസ്‌കാരം നടത്തി.