ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.
പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഷിബു മാത്യൂ
സ്പിരിച്ച്വല്‍ ഡെസ്‌ക്.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കത്തീട്രല്‍ അസ്സി. വികാരി റവ. ഫാ. ഡാനി മൊളോപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. കോവിഡ് കാലത്തെ നിയ്മങ്ങള്‍ക്ക് ഇളവു വന്നതിന്
ശേഷമുള്ള ആദ്യത്തെ വലിയ തിരുക്കര്‍മ്മമാണ് ഇന്ന് നടന്നത്. അഞ്ഞൂറില്‍പ്പരം വിശ്വാസികളാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
ആരാധനാ വത്സരത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥനാദിനങ്ങളിലൊന്നായ ഓശാന ഞായര്‍ മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തെയും അനുസ്മരിക്കുന്നു. ഓശാന എന്ന വാക്ക് മിശിഹാ നല്‍കുന്ന രക്ഷയെ അര്‍ത്ഥമാക്കുന്നു. ഈ വാക്കിന് കുരുത്തോല എന്നും അര്‍ത്ഥമുണ്ട്. ഇന്നേ ദിവസം ആശീര്‍വദിച്ചു നല്‍കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും ഈ സത്യം പ്രഘോഷിക്കുന്നവരുമാണെന്ന് സൂചിപ്പിക്കുന്നു. കുരുത്തോല വിതരണത്തിന് ശേഷം ഓറശ്ലെം ലിറ്റര്‍ജിയില്‍ നിന്നും സ്വീകരിച്ച പ്രദക്ഷിണവും
വാതില്‍ മുട്ടി തുറക്കുന്ന ദേവാലയ പ്രവേശന കര്‍മ്മവും നടന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റ് പറയുവാനും ഈ ദിവസം തിരുസ്സഭാ മാതാവ് ആഹ്വാനം ചെയ്യുന്നു.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ഡാനി മൊളോപ്പറമ്പില്‍ ഓശാന ഞായര്‍ സന്ദേശം നല്‍കി. ദൈവീക മഹത്വം കാണാന്‍ സാധിച്ചത് കുഞ്ഞുങ്ങള്‍ക്കാണ്. നിഷ്‌ക്കളങ്കമായ ഹൃദയവും വിശ്വാസവുമാണ് അതിന് കാരണം. ഓരോ വ്യക്തിയും ഈശോയെ വഹിക്കുന്നവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ബീന DSFS ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷിയായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കാലങ്ങളായി നടന്നു വരുന്ന തമുക്ക് നേര്‍ച്ചവിതരണം നടന്നു. ഇടവക പ്രതിനിധികള്‍ ഒന്നായി ഉണ്ടാക്കിയ തമുക്ക് നേര്‍ച്ച ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി.
ഓശാന ഞായറാഘോഷത്തോടുകൂടി ലീഡ്‌സ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആത്മീയമായി ഒരുങ്ങാന്‍ എല്ലാ ഇടവകാംഗങ്ങളോടുമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അഭ്യര്‍ത്ഥിച്ചു.
വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഫാ. ഹാപ്പി ജേക്കബ്
പ്രതീക്ഷ അറ്റ ജനത പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം . വേദപുസ്തകത്തിൽ വലിയ പ്രവാചകൻമാർ നൂറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ചു. യശയ്യാ 62 : 11, സഖറിയ 9: 9 . സീയോൻ പുത്രിയേ ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക ; യെരുശലേം പുത്രിയേ ആർപ്പിടുക ! ഇതാ നിൻറെ അടുക്കൽ വരുന്നു ; അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.
ഇന്നത്തെ ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് വി. മത്തായി 21: 1 -11. താഴ്മയുടെ അടയാളമായ കഴുതയെ തിരഞ്ഞ് അതിന്റെ പുറത്ത് കയറി രാജകീയ യാത്ര നടത്തുമ്പോൾ എളിമയുടെ പ്രതീകമായി മാത്രമല്ല. കർത്താവിന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യചിന്തയ്ക്ക് അപ്പുറമാണ്. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തെ പിടിക്കുന്നവരെ ആയിരുന്നു. ധാരാളം പ്രത്യേകതകൾ ആ യാത്രയിൽ കാണാമായിരുന്നു.
ആ യാത്രയിൽ പങ്കുകാരായിരുന്നവർ ഒലിവിൻ ചില്ലകൾ കൈയിൽ ഏന്തിയിരുന്നു. വിജയത്തിൻറെ പ്രതീകമാണ് ഒലിവ് എങ്കിലും അതിനു അപ്പുറം വലിയ ഒരു അർത്ഥം നമുക്ക് നൽകിയിരുന്നു . മിശിഹാ അല്ലെങ്കിൽ അഭിഷിക്തൻ എന്ന നിലയിൽ അവനെ വെളിപ്പെടുത്തുന്നു. പഴയ നിയമ കാലത്ത് പ്രവാചകനായി പുരോഹിതനായി രാജാവായി അഭിഷേകം ചെയ്യുമ്പോൾ ഒലിവ് തൈലം ഉപയോഗിച്ചിരുന്നു. പിന്നീടുള്ള കാലത്ത് ഒലിവ് ഇല സമാധാനം ,സമ്പൽസമൃദ്ധി, ജയം എന്നിവയുടെ പ്രതീകമായിരുന്നു. അന്തിമവിജയം അത് മരണത്തിൻ മേലുള്ള വിജയം തന്നെ ആണെന്ന് ഈ പ്രവർത്തി സൂചിപ്പിച്ചു. ഹേ മരണമേ നിൻറെ ജയം എവിടെ ? ഹേ മരണമേ നിൻറെ വിള മുള്ള് എവിടെ ? 1 കോരി 15:55
അവൻ വിനീതനായ കഴുതയെ തിരഞ്ഞെടുത്തതിലും താൻ സമാധാന പ്രഭു എന്ന് പഠിപ്പിച്ചു. എളിമയും വിനയവും പ്രസംഗവിഷയം മാത്രമായ ഇന്ന് ജീവിതവും അങ്ങനെ ആവണം എന്ന് ക്രിസ്തു പഠിപ്പിച്ചു. അവർ ആർത്ത് വിളിച്ചു. ഹോശാന അതിൻറെ അർത്ഥം “കർത്താവേ ഇപ്പോൾ രക്ഷിക്കണമേ ” എന്നാണ്. കാത്തിരിപ്പിന്റെ വിരാമം, രോഗങ്ങളിൽ നിന്ന് മുക്തി , വിശപ്പിന് അപ്പം ,മരിച്ച ച്ച ലാസറിന് ജീവൻ. പിന്നെ വേറെ എന്ത് വേണം ജനത്തിന് തൃപ്തി വരാൻ . അവർ ആർത്ത് വിളിച്ച് അവനെ ആനയിച്ചു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഇവർ തന്നെ ആർത്ത് വിളിച്ചത് അവനെ ക്രൂശിക്ക എന്നാണ്. എന്തൊരു വിരോധാഭാസം ! നാമം ഇതുപോലെ അല്ലെ . നമ്മുടെ ഓരോ കാര്യങ്ങളും നടത്തി തരുവാൻ ദൈവം വേണം. അതിന് ശേഷം എന്താണ് . സത്യത്തിൽ ഈ ജനം ഒരു ഭൗതീക രാജാവിനെ അല്ലേ ആഗ്രഹിച്ചത്. ഈ പ്രശംസയുടെ നടുവിലും ആരവങ്ങൾക്കിടയിലും കർത്താവ് യെരുശലേമിനെ നോക്കി വിലപിച്ചു. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നെങ്കിലും കൊള്ളാമായിരുന്നു. പ്രവാചകന്മാർ പറഞ്ഞതും, യോഹന്നാൻ പറഞ്ഞതും, കർത്താവ് പ്രസംഗിച്ചതും ശ്ലീഹന്മാർ പഠിപ്പിച്ചതും ഇന്നും ആവശ്യമായിരിക്കുന്നു. മാനസാന്തരപ്പെടുക. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ഇനി എങ്കിലും നാം മനസ്സിലാക്കണ്ടേ . കല്ലോട് കല്ല് ശേഷിക്കാത്ത കാലം വരും എന്ന് യെറുശലേമിനെ നോക്കി പറഞ്ഞത് എന്ത് കൊണ്ടാണ് നാം മനസ്സിലാക്കാതെ പോകുന്നു.
ഈ യാത്ര ആരംഭിക്കുന്നത് ലാസറിനെ ഉയർപ്പിച്ച ബഥാന്യയിൽ നിന്നായിരുന്നു. അവസാനിച്ചത് തന്റെ കുരിശു മരണത്തിലും . ഞാൻ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു എന്ന് ലാസറിന്റെ ഭവനത്തിൽ വച്ച് പ്രതിവചിക്കുന്നു. മരണത്തെ പോലും അതിജീവിക്കുവാൻ തനിക്ക് കഴിയും എന്ന് പറഞ്ഞത് ഇവിടെ ഈ യാത്രയുടെ അന്ത്യത്തിൽ യാഥാർത്ഥ്യം ആകുന്നു. നശിച്ച് പോകുന്ന ലോകത്തിനു വേണ്ടി യത്നിക്കുന്ന നമുക്ക് ഈ ഓശാന പെരുന്നാൾ നിത്യതയുടെ അനുഭവമാക്കി മാറ്റാൻ കഴിയില്ലേ . നമ്മുടെ അധരങ്ങൾ പൂട്ടപ്പെടുമ്പോഴും ഈ കല്ലുകൾ പ്രകൃതിതന്നെ സ്തുതിക്കും എന്ന് കർത്താവ് അരുളുന്നു.
ഈ ദിവസത്തെ ചിന്തകൾ ഒരു ഓർമ്മ മാത്രമല്ല. കാത്തിരുന്ന രാജാവിനെ ആനയിക്കുവാൻ നാമും കടന്നുവരണം. ഹോശാന പാടി അവനെ ഹൃദയങ്ങളിലേയ്ക്ക് ആനയിക്കാം. രാജോചിതമായി തന്നെ അവനെ സ്വീകരിക്കാം. കാരണം അവൻ നമ്മുടെ രാജാവ് തന്നെ . അവനിൽ മാത്രമല്ലേ രക്ഷയുള്ളൂ. അവനിൽ ഭരിക്കപ്പെടുകയും വിധേയപ്പെട്ട പ്രജയും നാം ആയാലേ ജീവിതം അനുഗ്രഹിക്കപ്പെട്ടതാകൂ.
ഇത് യഹോവ ഉണ്ടാക്കിയ ദിവസം . ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ ഞങ്ങളെ രക്ഷിക്കണമേ . യഹോവേ ഞങ്ങൾക്ക് ശുഭത തരണമേ. സങ്കീ: 118 :24 -25 . ഏവർക്കും സമാധാനത്തിന്റെ പ്രത്യാശയുടെ ഓശാന പെരുന്നാൾ ആശംസകൾ .
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
സുജിത് തോമസ്
ചെറുപയർ തോരൻ
ചേരുവകൾ
• ചെറുപയർ – 1 കപ്പ്
• തേങ്ങ ചിരകിയത് – 3/4കപ്പ്
• ജീരകം – 1/4 ടീ സ്പൂൺ
• കുരുമുളക് – 6 എണ്ണം
• പച്ചമുളക് – 1
• വെളുത്തുള്ളി – 2 ചെറുത്
• കൊച്ചുള്ളി – 3
• ഉപ്പ് – ആവശ്യത്തിന്
• മഞ്ഞൾ പൊടി -1/2 ടീ സ്പൂൺ
താളിക്കാൻ
• കടുക് – 1/2 ടീസ്പൂൺ
• വറ്റൽ മുളക് – 2
• കൊച്ചുള്ളി – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
• കറിവേപ്പില
തയാറാക്കുന്ന വിധം
1.ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
2.തേങ്ങ ചിരകിയതു മുതൽ കൊച്ചുള്ളി വരെയുള്ള എല്ലാ ചേരുവകളും ചേർത്ത് ഒന്നു ചതച്ചെടുക്കുക.
3.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ചുവന്നമുളകും ചേർത്ത് പൊട്ടിയശേഷം, കറി വേപ്പിലയും,കൊച്ചുള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.
3.ശേഷം ചതച്ചുവച്ച കൂട്ട് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം, മഞ്ഞൾ പൊടി ചേർത്ത് മൂത്തതിന് ശേഷം ചെറുപയർ ചേർക്കുക.
4.ആവശ്യത്തിന് ഉപ്പ് ചേർക്കുക. എല്ലാം കൂടെ യോജിപ്പിച്ചതിനു ശേഷം വാങ്ങുക.
തേങ്ങാ ചമ്മന്തി
ചേരുവകൾ
തേങ്ങ – അര മുറി ചിരകിയത്
കുഞ്ഞുള്ളി -3 എണ്ണം
വെളുത്തുള്ളി -3 അല്ലി
വറ്റൽമുളക് -6 എണ്ണം (എരിവ് കൂടുതൽ വേണമെങ്കിൽ 8 എണ്ണം
വാളംപുളി – ചെറിയ ഒരു നെല്ലിക്ക വലിപ്പത്തിൽ
കറിവേപ്പില -2-3 ഇല
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -50 എം ൽ

പാചകം ചെയ്യുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വറ്റൽ മുളക് ചെറിയ തീയിൽ കരിയാതെ വറത്തെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്തു അതിലേയ്ക്ക് തേങ്ങാ ,കുഞ്ഞുള്ളി ,വെളുത്തുള്ളി വറത്തെടുത്ത മുളക് പുളി ഉപ്പ് മുളക് വറുത്ത വെളിച്ചെണ്ണ 3 -4 കറിവേപ്പില എന്നിവ ചേർത്ത് ഒരു 2 മിനിറ്റ് അരച്ചെടുക്കുക .മിക്സിയുടെ ജാർ തുറന്നു ഒരു സ്പൂൺ കൊണ്ട് സൈഡിൽ പറ്റിപിടിച്ചിരിക്കുന്നത് എല്ലാം നാടുവിലേയ്ക്ക് ആക്കി അൽപം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം .ഒരു സ്പൂൺ കൊണ്ട് പതുക്കെ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉരുട്ടി ചെറിയ ബോൾ പരുവത്തിൽ ആക്കിയെടുക്കുക നല്ല നാടൻ തേങ്ങാ ചമ്മന്തി റെഡി .

സുജിത് തോമസ്

വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ‘ ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്.
ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. ‘- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന് ശബ്‌ദം തിരിച്ചറിഞ്ഞ് നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.
കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ് മൊഴിയെടുത്തത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.
നടൻ ദിലീപിന്റേതെന്ന് സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ് 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ് ദിലീപ് സുഹൃത്തിനോടു പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണമാണ് ഇത്.
വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ, ഇത് ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന് മറ്റ് സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ഫോറൻസിക് ലാബിൽ നൽകിയിരിക്കുകയാണ്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
രാധാകൃഷ്ണൻ മാഞ്ഞൂർ
1981 ജൂൺ മാഞ്ഞൂർ വി .കെ .വി .എം .എൻ. എസ് .എസ് .ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷം ആരംഭം.
ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിൽ നിന്നും 8-ാം ക്ലാസിലേക്ക് പറിച്ചു നടപ്പെട്ടു .എൻ .എസ് .എസ് സ്കൂളിൽ എനിക്ക് പരിചയ മുഖങ്ങളൊന്നുമില്ലായിരുന്നു.
ബഞ്ചിൽ ആരോടും മിണ്ടാതിരുന്ന എനിക്ക് മുന്നിലേയ്ക്കൊരു ചുരുളൻ മുടിക്കാരൻ വന്നു പരിചയപ്പെട്ടു.
‘ എന്റെ പേര് കൃഷ്ണൻകുട്ടി ‘
ഔപചാരികതയുടെ മുഖാവരണങ്ങളില്ലാതെ ഒരു കുട്ടി സ്വയം പരിചയപ്പെടുത്തിയത് പുതിയൊരു അനുഭവമായി .
ഞാനും പേരു പറഞ്ഞു, ചിരിച്ചു.
പിറ്റേദിവസം ഉച്ചയ്ക്ക് മുൻപ് വന്ന സരസ്വതിയമ്മ ടീച്ചറാണ് ഒരു നിർദ്ദേശം വച്ചത് .
“ഇനി നമുക്കൊരു പാട്ടു കേൾക്കാം … കൃഷ്ണാ നീയൊരു പാട്ടുപാടിയ്ക്കേ …”
ടീച്ചർ പറഞ്ഞുതീർന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ പരിചയപ്പെട്ട ചങ്ങാതി ഒരു മടിയും കൂടാതെ എഴുന്നേറ്റു നിന്ന് ഒരു ചലച്ചിത്ര ഗാനം പാടുകയാണ് .

“ഹൃദയം ദേവാലയം … പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം”
ഗാനത്തിൻറെ ആരോഹണത്തിലും അവരോഹണത്തിലും ലയിച്ചു നിന്നു പാടിയ ആ സ്നേഹിതനാണ് പിന്നീട് പ്രശസ്ത ഗായകനും സിനിമാ സംഗീത സംവിധായകനുമായ കെ. ജി. കൃഷ്ണൻകുട്ടി . (കെ.ജി. കൃഷ്ണ)കിഴക്കേ തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ , ഗവൺമെൻറ് യുപിഎസ് ചവറ സൗത്ത് എന്നീ സ്കൂളുകളിൽ 27 വർഷം സംഗീത അദ്ധ്യാപകനായി ജോലിചെയ്തു. 2022 മാർച്ച് 31 -ന് ജോലിയിൽ നിന്നും വിരമിച്ചു.
സൗഹൃദങ്ങൾ നിലക്കണ്ണാടികളാണ്. നമ്മുടെ തന്നെ പ്രതിബിംബം സൃഷ്ടിക്കുന്ന നിലക്കണ്ണാടി .
പ്രതീകവത്ക്കരിയ്ക്കപ്പെട്ട ഈ സുഹൃത് ബന്ധത്തിന് സ്നേഹത്തിൻറെ ,അഭിരുചികളുടെ സമാനതകളുണ്ടായിരുന്നു.
കാലം തെറ്റിയെത്തുന്ന വേനൽ മഴ പോലെയാണ് കെ.ജി.കൃഷ്ണയുടെ വരവും പോക്കും.ഈ ഇൻറർവ്യൂ അങ്ങനെ അപ്രതീക്ഷിതമായി പിറന്നുവീണതാണ് … തികച്ചും യാദൃശ്ചികം … കരുനാഗപ്പള്ളിയിലെ റിട്ടയർമെൻറ് യോഗത്തിന്റെ തിരക്കിനിടയിൽ തന്റെ പ്രിയപ്പെട്ട കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾക്കു നടുവിൽ നിന്നാണ് കെ.ജി.കൃഷ്ണ വന്നത്.
ജീവിതമെന്ന ക്ഷണിക വൈകാരികതയ്ക്കപ്പുറം തൻറെ കർമ്മമണ്ഡലത്തെ കൃത്യമായി വിലയിരുത്തുകയായിരുന്നു ഇവിടെ … സാമ്പ്രദായിക സംഗീത പഠനരീതികൾ പിൻപറ്റി കുട്ടികളുടെ പ്രിയപ്പെട്ട സംഗീത ഗുരുനാഥനായത് അമ്മയോടുള്ള ആത്മബന്ധങ്ങൾ , ജീവിതത്തിലെ സങ്കട മഴകൾ, … എല്ലാം ഇവിടെ തുറന്നു പറയുന്നു…
ചോദ്യം :- ഇരുപത്തിയേഴു വർഷത്തെ അദ്ധ്യാപന ജീവിതത്തെ എങ്ങനെ കാണുന്നു?
ഉത്തരം :- 1995 ൽ സർവീസിൽ കയറി . ഞാൻ പഠിച്ചത് ശാസ്ത്രീയസംഗീതം അത് കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നത് മറ്റൊരു ജീവിത നിയോഗം … ഇതു ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്ത ജോലിയാണ് . ഒരു പൂന്തോട്ടത്തിലെ പല വർണ്ണങ്ങളിലുള്ള പൂക്കൾ എന്നു പറയുന്നതു പോലെയാണ് കുട്ടികൾ . അവർക്ക് പല അഭിരുചികളുണ്ടാവും. അവരോട് സ്നേഹത്തോടെ മാത്രം പെരുമാറുക . ചില കുട്ടികൾക്ക് സംഗീതത്തേക്കാൾ അവർക്ക് ശോഭിക്കാനാവുന്നത് മറ്റെന്തെങ്കിലും കളികളിലാവും. ഞാനവരെ അതിലേക്ക് വഴിതിരിച്ചു വിടും.
ചോദ്യം :- നിരവധി കാസറ്റുകൾക്ക് സംഗീതം പകരുകയും, ഗാനങ്ങൾ പാടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ ?
ഉത്തരം :- 1986 മുതൽ 90 വരെയുള്ള കാലഘട്ടം കാസെറ്റുകളുടേതായിരുന്നു . പിന്നീടത് സിഡി കാലഘട്ടത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.
നിരവധി കാസറ്റുകൾക്ക് ഈണം പകർന്നു, ഗാനങ്ങൾ പാടി . ജയപ്രകാശ് സാലിയുടെ ഗായത്രി കാസെറ്റ്സ് , ബിനോയിയുടെ പ്രതീക്ഷ കാസെറ്റ്സ് എന്നീ വമ്പൻ കമ്പനികൾക്കു വേണ്ടിയായിരുന്നു കൂടുതലും പ്രവർത്തിച്ചത്. അതൊരു തിരക്കുപിടിച്ച കാലമായിരുന്നു. ഭക്തിഗാനങ്ങൾ, മ്യൂസിക് ആൽബങ്ങൾ അങ്ങനെ നിരവധി പ്രോജക്റ്റുകൾ .
85 പരം കാസറ്റുകളിലായി തൊള്ളായിരത്തിനു മുകളിൽ ഗാനങ്ങൾക്ക് ഈണം പകരാനും കുറെ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. സംഗീതത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ സാധിച്ചുവല്ലോയെന്നത് സംതൃപ്തിയേകുന്നു … കോട്ടയം ജില്ലയിൽ മേമ്മുറി എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതമെന്ന മഹാസാഗരത്തിനു മുന്നിൽ അൽഭുതപ്പെട്ടു നിൽക്കുന്ന വെറുമൊരു കുട്ടിയാണു ഞാൻ …
ചോദ്യം :- ജാനകിയമ്മയെപ്പോലെയുള്ള ഇതിഹാസവുമൊത്തുള്ള ഓർമ്മകൾ ?
ഉത്തരം :- 2001 ൽ ‘ദക്ഷിണ ‘ യെന്ന കാസെറ്റിൽ ജാനകിയമ്മ പാടി .
ഞങ്ങൾ ജാനകിയമ്മയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ മദ്രാസിലെത്തി. ഞങ്ങൾ ചെല്ലുന്ന ദിവസം ജാനകിയമ്മയുടെ മകൻറെ കുട്ടിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ഗായിക പൂജാമുറിയിൽ പ്രാർത്ഥനയിലാണ് . കുറച്ചുകഴിഞ്ഞ് ഇറങ്ങിവന്നത് ഞങ്ങൾക്കുള്ള പായസവുമായാണ് . ലോകം മുഴുവൻ ആരാധിക്കുന്ന ആ മഹാഗായികയ്ക്കു മുന്നിൽ നിന്നപ്പോൾ അൽപ്പം അമ്പരപ്പുണ്ടായിരുന്നു.
പിറ്റേദിവസം 2 പാട്ടുകൾ അവർ പാടി . ഞങ്ങൾ കൊണ്ടുപോയ ഗാനം അവർ തെലുങ്കിലേക്ക് പകർത്തിയെഴുതി. പിന്നീടത് ശുദ്ധമലയാളത്തിൽ പാടുകയാണ് ചെയ്തത് . (അവരന്ന് എഴുതിയെടുത്ത മ്യൂസിക് നോട്ട് ഞാനിന്നും പൊന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു ഗാനം കേട്ടു പഠിക്കുമ്പോൾ അവർ കാണിക്കുന്ന ശ്രദ്ധയും, കരുതലും നാം കണ്ടു പഠിക്കണം. സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന ആ സമീപനം എന്നെ അമ്പരപ്പിച്ചു. പാടുമ്പോൾ ആ ചുണ്ടുകൾ മാത്രം ചലിക്കും. നമ്മുടെ ചില ഗായകർ ശരീരമിളക്കി തലയിട്ടളക്കി റിക്കോർഡിങ് റൂം പൊളിക്കുന്നതു പോലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ ചിരി വരാറുണ്ട്. ‘ ദക്ഷിണ ‘ യിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു . സുജാതയും, ഞാനും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.’ മരിയൻ ഡിജിറ്റ്സ് ‘ ഇത് റീപ്രൊഡക്ഷൻ ചെയ്തിറക്കിയിട്ടുണ്ട്.

ചോദ്യം :- ജാനകിയമ്മയോടുള്ള ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നോ?
ഉത്തരം :- ആ ആരാധനയ്ക്കു പുറകിൽ എൻറെ അമ്മയുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ അച്ഛൻ മരിച്ചു.അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങളുടെ മേമ്മുറിയിലെ വീടിൻറെ തിണ്ണയിലിരുന്ന് രാത്രിയിൽ അമ്മ പാടിയ ഹിറ്റ് ഗാനം ” പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുറുമാലു കെട്ടി ഞാൻ ” … അമ്മ ശരിക്കും ലയിച്ചു പാടും. ഞാനും , ചേട്ടനും ഇത് കേട്ടു കൊണ്ട് ഉറങ്ങിയ കാലമുണ്ട്. അമ്മയുടെ പാട്ടിലെ ആ രാജകുമാരിയെ അന്ന് മനസ്സിൽ കുടിയിരുത്തിയതാണ്.
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്നെ ക്ലാസിക് സംഗീതം പഠിപ്പിക്കുകയെന്നതായിരുന്നു. ആ സ്വപ്നത്തിന്റെ തുടർച്ചയിൽ ഞാനൊരു എളിയ ഗായകനായി, സംഗീത ഗുരുനാഥനായി, മ്യൂസിക് ഡയറക്ടറായി …
‘ ദക്ഷിണ ‘യ്ക്കു കരാർ ഒപ്പിട്ടപ്പോഴെ തീരുമാനമെടുത്തു രണ്ടു ഗാനമെങ്കിലും ഇതിഹാസ ഗായികയെ കൊണ്ട് പാടിപ്പിക്കണമെന്ന് … അതൊരു സ്വപ്ന പൂർത്തീകരണം കൂടിയായിരുന്നു. എൻറെ ജീവിതം മുഴുവൻ സംഗീതമായിരുന്നു … എന്നെ പുനർനിർമ്മിച്ചത് സംഗീതമാണ് …

ചോദ്യം :- വയലാർ ശരത്ചന്ദ്രവർമ്മയുമായുള്ള സൗഹൃദം ?
ഉത്തരം :- വയലാർ ശരത്ചന്ദ്രവർമ്മയുമൊത്ത് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. ബിനോയിയുടെ പ്രതീക്ഷ കാ സെറ്റ്സിനുവേണ്ടി ‘ മണ്ഡല പുണ്യം’ എന്ന വർക്ക്, അതിൽ കെ. ജി മാർക്കോസാണ് പാടിയിരിക്കുന്നത്. പിന്നീടത് വേണുഗോപാലും, എം.ജി. ശ്രീകുമാറുമൊക്കെ പാടി . ശരത്ചന്ദ്രവർമ്മ എനിക്കുവേണ്ടി മുപ്പതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ചോദ്യം :- ഏതൊക്കെ ഗായകരുമായി സഹകരിച്ചിട്ടുണ്ട് ?
ഉത്തരം :- കെ .എസ് ചിത്ര, സുജാത , വേണുഗോപാൽ, എം. ജി ശ്രീകുമാർ , കെസ്റ്റർ ,മധു ബാലകൃഷ്ണൻ , കെ. ജി മാർക്കോസ് , ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ , മനീഷ തമിഴിൽ നിന്ന് സ്വർണലത , ഉണ്ണികൃഷ്ണൻ , മനോ അങ്ങനെ നിരവധി പ്രശസ്തർക്കൊപ്പം വർക്കു ചെയ്യാൻ സാധിച്ചു.
ചോദ്യം :- പാട്ടുകൾ ഈണം പകർന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഏതാണ് ?
ഉത്തരം :- കെ .എസ് ചിത്രയും ഞാനും ചേർന്നു പാടിയ ഒരു ഡ്യൂയറ്റുണ്ട് – ” നിൻ നീല നയനങ്ങൾ പുൽകിയുറങ്ങുന്ന ” ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ് .
ചോദ്യം :- സംഗീത രംഗത്തേയ്ക്ക് വരുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ ?
ഉത്തരം :- സംഗീതം ശാസ്ത്രീയമായി പഠിക്കണം. കീർത്തനവും, വർണ്ണവുമൊക്കെ ആഴത്തിൽ പഠിച്ചേ പറ്റൂ . നമ്മുടെ ദാസേട്ടനൊക്കെ ശാസ്ത്രീയമായ് ഏതു രാഗത്തെയും തൊട്ടറിയുന്നതിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഏതു രാഗത്തിലും അതിൻറെ ഉൾക്കാമ്പു കണ്ടെത്താനുള്ള ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാവുന്നത്. ഏതെങ്കിലും ഒരു താളവാദ്യം അഭ്യസിക്കുന്നത് നല്ലതാണ് . സംഗീതം സംബന്ധിച്ചുള്ള ഏതുകാര്യവും ഉപാസനയോടെ ചെയ്യാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. നല്ല ഹൃദയത്തിൽ നിന്നേ നല്ല പാട്ടുകൾ ഉണ്ടാവൂ. ശുദ്ധ ഹൃദയത്തിൽനിന്ന് ആനന്ദത്തിന്റെ നീരുറവയുണ്ടാവും.

ചോദ്യം :- പുതിയ സംഗീത പ്രോജക്ടുകൾ ഏതൊക്കെയാണ്?
ഉത്തരം :- പ്രശസ്ത ഗാനരചയിതാവ് ശ്രീരാഗം ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ , മലയാളത്തിലെ പ്രശസ്തയായ ഒരു നടി നായികയാവുന്ന ‘മഴമരങ്ങൾ ‘ എന്ന സിനിമ ,രണ്ട് ഡോക്യുമെൻററി സിനിമകൾ ഇതൊക്കെയാണ് പുതിയ പ്രോജക്റ്റുകൾ .
ചോദ്യം :- നല്ല ഗാനങ്ങൾ പിറക്കുന്നില്ല എന്നൊരു പരാതി സിനിമാ ലോകത്തുണ്ട് . ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു?
ഉത്തരം :- നല്ല ഗാനങ്ങൾ എഴുതാൻ നല്ല കവികൾ ഇല്ലാതാവുന്നതാണ് പ്രശ്നം. നല്ല ഗാനത്തിലാണ് നല്ല ഈണത്തിന്റെ അസ്ഥി . ബാക്കി മജ്ജയും, മാംസവുമൊക്കെ മ്യൂസിക് ഡയറക്ടർ നിർമ്മിക്കുന്നതാണ് . ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളറിഞ്ഞ് ഗാനങ്ങളെഴുതാൻ കവി തയ്യാറാകുമ്പോൾ നല്ല സംഗീതം പിറക്കാൻ വഴിതെളിയും. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നഗാനം ശ്രദ്ധിച്ചുനോക്കൂ. നാടൻ പാട്ടിൻറെ വശ്യതയിൽ വളരെ ഫാസ്‌റ്റായിട്ട് പാടിയ ഗാനം . ആ ഗാനത്തിന്റെ രചനയിൽ ഒരു ശിൽപ്പഭദ്രതയുണ്ട്. അതാണ് ആ ഗാനത്തിൻറെ വിജയം.

ഭാര്യ :- ഗീത കൃഷ്ണ (കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയാക് തെറാപ്പി ഡിപ്പാർട്ട്മെൻറ് )
മകൾ :- ശ്രുതി കൃഷ്ണ ബി.എസ്.സി – നേഴ്സ് തിരുവനന്തപുരം
മകൻ :- സൂരജ് കൃഷ്ണ .എം.എസ്.സി ഫിസിക്സ് . ബാംഗ്ലൂർ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു.
സംഗീത് കൃഷ്ണ ണ – ബി കോം , ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
കെ.ജികൃഷ്ണയുടെ ഫോൺ നമ്പർ 9496944807/95268 247 46
ഉപരേഖ
ഒരു വർഷം മുമ്പ് ഒരു സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് കെ. ജി. കൃഷ്ണ എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വന്നു. ‘ മഴമരങ്ങൾ ‘ എന്ന എന്റെ കഥാ സിനിമയാക്കണം. ഇതായിരുന്നു ആവശ്യം .ഞാൻ സമ്മതിച്ചു. പക്ഷെ രണ്ടാമത്തെ ആവശ്യം എന്നെ ഞെട്ടിച്ചു.” രാധേ , ഇതിൻറെ തിരക്കഥ നീ എഴുതണം.”
ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് മുടങ്ങിപ്പോയതിന്റെ ജാള്യതയിൽ തിരക്കഥ എഴുതില്ലെന്ന് ഞാൻ ശഠിച്ചു.
” നമ്മൾ നമ്മുടെ ജീവിതത്തെ മാറ്റി തീർത്തില്ലെങ്കിൽ പിന്നെ ആരാണതു ചെയ്യുക. നീ എഴുതിയേ പറ്റൂ . ” കെ. ജി പറഞ്ഞ ആ വാക്കുകൾ എൻറെ മനസ്സു മാറ്റി. ഞാൻ തിരക്കഥയെഴുതി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെയും കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട . ചങ്ങാതിക്ക് ഹൃദയാഭിവാദ്യങ്ങൾ

മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്റ്റാർസ് ഓഫ് ’83 (1983 എസ് എസ് എൽ സി ബാച്ച് – ബി ഡിവിഷൻ) 10-4- 2022 പകൽ 11മണിക്ക് കെ.ജികൃഷ്ണയുടെ കപിയ്ക്കാട്ടെ വസതിയിലെത്തി ആദരിക്കുന്നു.. ഞങ്ങളുടെ ഈ വാട്സ്ആപ്പ്
ഗ്രൂപ്പിനെപ്പറ്റി വിശദമായ് അടുത്ത ലക്കത്തിൽ വായിക്കാം.
ഡോ. ഐഷ വി
അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. പാത്രങ്ങൾ എല്ലാം കഴുകി ഉണക്കി . അടുക്കളയിൽ ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തു വച്ചു. പലവ്യജ്ഞനങ്ങൾ ഉണക്കി വറുത്ത് ഉരലിൽ ഇടിച്ച് പൊടിച്ച് അരിപ്പയിൽ അരിച്ച് വീണ്ടും വലിയ തരികൾ പൊടിച്ചരിച്ച് വച്ചു. വീട്ടിലെ മുറികളിൽ ചിലന്തിവലയൊക്കെ അടിച്ച് തൂത്തുവാരി തുടച്ചു വൃത്തിയാക്കി. ഞങ്ങൾക്കെല്ലാം അത്താഴവും തന്നു. അപ്പോഴാണ് പിറ്റേന്ന് ദോശയ്ക്കുള്ള അരിയും ഉഴുന്നും ആട്ടിവയ് ക്കേണ്ട കാര്യം ഓർമ്മിച്ചത്. ഫ്രിഡ്ജ് ഇല്ലാതിരുന്നതിനാൽ ഒരുമിച്ച് ആട്ടി സൂക്ഷിക്കുന്ന പതിവില്ല. അന്ന് മിക്സിയും ഗ്രൈന്ററും സാർവത്രികമല്ലാത്തതിനാൽ അതും ഇല്ല. ഞങ്ങളുടെ അടുക്കളയുടെ പുറത്തേ വരാന്തയിൽ ലക്ഷ്മി അച്ഛാമ്മയുടെ ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. അമ്മ അരി ആട്ടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ അതുവരെ വീടിന്റെ തിണ്ണയിൽ മക്കളും ലക്ഷ്മി അച്ചാമ്മയുമൊത്ത് അത്താഴ ശേഷം സൊറ പറഞ്ഞിരുന്ന രോഹിണി അപ്പച്ചി പറഞ്ഞു: ” ഓമനയ്ക്ക് ഒരിക്കലും ജോലി തീരില്ല. തേക്കേപ്പുരയെടുത്ത് വടക്കേപ്പുരയിൽ വച്ച് , വടക്കേപ്പുരയെടുത്ത് തെക്കേ പുരയിൽ വച്ച് , വെളുപ്പിന് നാല് മണിക്ക് തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ട് മണിയായാലും തീരില്ല. ഞങ്ങൾ കിടക്കാൻ പോവുകയാണേ” . അത്രയും പറഞ്ഞ് രോഹിണി അപ്പച്ചിയും മറ്റുള്ളവരും കൂടി ഉറങ്ങാനായി അകത്തു കയറി .
അമ്മ വളരെ നന്നായി അധ്വാനിച്ചിരുന്നു. വീട്ടിനുള്ളിലേയും വീട്ടുപറമ്പിലെയും ഞങ്ങളുടെ മറ്റു പറമ്പുകളിലേയും കാര്യങ്ങൾ ചെയ്തിരുന്നതും ചെയ്യിച്ചിരുന്നതും അമ്മയായിരുന്നു. അതിനാൽ അമ്മയുടെ ജോലി ഒരിക്കലും തീർന്നിരുന്നില്ല. എന്നാൽ ഇതൊന്നും ആർക്കും കാണാനും വിലയിരുത്താനും വിലമതിക്കാനും മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഒരു യന്ത്രം പോലെ ഇരുട്ടി വെളുക്കെ പണി ചെയ്തിരുന്നതു കൊണ്ടാണ് ഞങ്ങൾ കുട്ടികൾക്ക് അധികം പണി ചെയ്യേണ്ടി വരാഞ്ഞത്. സ്കൂൾ പഠനകാലത്ത് ഞങ്ങളുടെയെല്ലാം വസ്ത്രം കഴുകിത്തരുന്നതും അമ്മയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ ചെയ്യാത്ത ധാരാളം പണികൾ അമ്മ ചെയ്തിരുന്നു. പഴം, പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുക എന്നത് അമ്മ അധികത്തിൽ ചെയ്യുന്ന ജോലിയായിരുന്നു. അതിനാൽ അപ്പുറത്തെ വീട്ടിലില്ലാത്ത ധാരാളം കാർഷികോത്പന്നങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.
പുറം പണി പകൽ ചെയ്യുമ്പോൾ അകം പണി അമ്മ രാത്രിയിലാക്കും. അങ്ങനെ എല്ലുമുറിയെ പണിയെടുത്തിട്ട് ” നീയെന്താണ് ഇത്ര നേരം ചെയ്തത് ?” എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അതിന് മറുപടി ഒന്നും പറയില്ല. അമ്മ മാത്രമല്ല. കേരളത്തിലെ വീട്ടമ്മമാരായ പല സ്ത്രീകളും നേരിട്ടിരുന്ന ചോദ്യമാണിത്. അവർ ചെയ്യുന്ന ജോലിക്ക് യാതൊരു കണക്കുമില്ല. അതൊന്നും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ജോലിയല്ല. ” നീയെന്താണ് ചെയ്തത് ? ” എന്ന ചോദ്യം അന്നത്തെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ അവരുടെ സന്തതി പരമ്പരകൾ ഇന്നത്തെ ആർഭാട ജീവിതം നയിക്കുമായിരുന്നില്ല. അവർ എല്ലാം സഹിച്ചും ക്ഷമിച്ചും അവരുടെ ഉത്തരവാദിത്വമായി കണക്കാക്കി എല്ലാം ചെയ്ത് പോന്നു. ഞാനും അമ്മയും കൂടി അരിയാട്ടി വച്ചു. ആട്ടുകല്ല് കഴുകി വൃത്തിയാക്കിയ ശേഷം ആകെ മുഷിഞ്ഞിരുന്നതിനാൽ കുളിക്കാനായി അമ്മ ഓല കൊണ്ട് നിർമ്മിച്ച മറപ്പുരയിലേയ്ക്ക് പോയി. അമ്മ കിണറ്റിൽ നിന്നും വെള്ളം കോരി കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ ഞാൻ സ്കൂളിൽ നിന്നും കിട്ടിയ ഒരു നോവൽ എടുത്തു കൊണ്ടുവന്ന് വരാന്തയിൽ ആട്ടുകല്ലിനരികിലായി ഒരു കുരണ്ടിയിൽ ഇരുന്നു. പുസ്തകത്തിന്റെ പുറംചട്ട പോയിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഇന്ദിര ടീച്ചർ സ്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് വിതരണം ചെയ്ത പുസ്തകമായിരുന്നു അത്. ആരൊക്കെയോ കൈകാര്യം ചെയ്ത് പുറം ചട്ട പോയതാകണം.
വീടിനകത്ത് അനുജനും അനുജത്തിയും ഉറക്കമായിരുന്നു. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. അമ്മ കുളിച്ച് വരുന്നതു വരെ അവിടിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ നോവലിന്റെ പേജുകൾ മറിച്ച് വായന തുടങ്ങി. രാത്രി ഒരു സത്രത്തിൽ രണ്ടു പേർ മുറിയെടുത്തു. അവിടെ മേശയ്ക്കരികിലായി കഴുത തലയുള്ള ഒരു മനുഷ്യനെ അവർ കാണുന്നു. അങ്ങനെ വായന നീണ്ടു. പിറ്റേന്ന് അതിരാവിലെ അവർ അവിടെ നിന്നും പോകാനൊരുങ്ങുമ്പോൾ വീണ്ടും കഴുത തലയുള്ള മനുഷ്യനെ അവർ കാണുന്നു. വായന ഇത്രയുമായപ്പോൾ ഞാൻ ചുറ്റും നോക്കി ഇരുട്ടാണെന്നും ഞാൻ വരാന്തയിൽ ഒറ്റയ്ക്കാണെന്നും അപ്പോഴാണ് എനിക്ക് ബോധ്യം വന്നത്. കഴുത തലയുള്ള മനുഷ്യന്റെ കാര്യമോർത്തപ്പോൾ എനിക്ക് ഭയമായി. ഞാനറുക്കെ നിലവിളിച്ചു. അമ്മ ഓടിവന്നു. ഞാൻ പുസ്തകം വായിച്ച് പേടിച്ചിട്ടാണ് നിലവിളിച്ചതെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി. ഇനി ഇത് വായിക്കേണ്ടെന്ന് പറഞ്ഞു. ഓണം കഴിഞ്ഞ് സ്കൂളിൽ പോയപ്പോൾ തിരികെ നൽകാനാണ് അമ്മ ആ പുസ്തകം തന്നത്. അങ്ങനെ ഞാനാ പുസ്തകം സ്കൂളിൽ തിരികെ ഏൽപ്പിച്ചു.
അമ്മ നല്ല ധൈര്യശാലിയാണ്. ഇരുട്ടിനെയൊന്നും അമ്മയ്ക്ക് ഭയമില്ല. ഇന്ന് കഴുത തലയുള്ള മനുഷ്യന്റെ കാര്യവും എന്റെ നിലവിളിയും ഓർക്കുമ്പോൾ ചിരി വരുന്നു. കേവലം ഒരു ഉപമ മാത്രമായിരുന്നു ആ “കഴുതത്തല” പ്രയോഗം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ഐ.പി.എല്ലിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ. മുൻപ് മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചിരുന്ന സമയത്താണ് സഹതാരത്തിൽനിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ സഹതാരം ഹോട്ടലിന്റെ 15-ാം നിലയിൽനിന്ന് തള്ളിയിടാൻ നോക്കിയെന്നാണ് വെളിപ്പെടുത്തൽ.
രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് ചഹൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംഭാഷണത്തിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആ കഥ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും ആരുമായും പങ്കുവച്ചിട്ടുമില്ല. 2013ലായിരുന്നു സംഭവം. അന്ന് മുംബൈ താരമായിരുന്നു ഞാൻ. ബംഗളൂരുവിൽ ഞങ്ങളുടെ ഒരു കളി കഴിഞ്ഞ ശേഷം എല്ലാവരും ഒത്തുകൂടിയതായിരുന്നു-ചഹൽ പറഞ്ഞു.
”കൂട്ടത്തിൽ അമിതമായി മദ്യപിച്ചിരുന്ന ഒരു താരവുമുണ്ടായിരുന്നു. പേര് ഞാൻ പറയില്ല. നന്നായി മദ്യപിച്ചിരുന്നു അയാൾ. കുറേനേരമായി എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ വിളിച്ച് പുറത്ത് ബാൽക്കണിയിലേക്ക് പിടിച്ചുകൊണ്ടുപോയി.”
ഞാൻ അയാളെ പിറകിൽനിന്ന് കഴുത്തിന് പിടിച്ചുനിൽക്കുകയായിരുന്നു. എന്റെ പിടിത്തമെങ്ങാനും നഷ്ടപ്പെട്ടിരുന്നെങ്കിൽ… 15-ാം നിലയിലായിരുന്നു അത്. പെട്ടെന്നു തന്നെ കൂടുതൽ പേർ അവിടെ വന്ന് ഇടപെട്ടു. ബോധം പോയ പോലെയായിരുന്നു ഞാൻ. ഉടൻ തന്നെ അവരെനിക്ക് വെള്ളം തന്നു-ചഹൽ വെളിപ്പെടുത്തി.
അന്നു മുതലാണ് എവിടെ പോകുമ്പോഴും നമ്മൾ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഞാൻ തിരിച്ചറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അനുഭവമാണിത്. ചെറിയൊരു അബദ്ധം സംഭവിച്ചിരുന്നെങ്കിൽ താൻ അടിയിൽ കിടക്കുന്നുണ്ടാകുമെന്നും ചഹൽ സൂചിപ്പിച്ചു.
2013ൽ ഒരു സീസൺ മാത്രമാണ് ചഹൽ മുംബൈയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. ഇതിനുശേഷം കഴിഞ്ഞ സീസൺ വരെ തുടർച്ചയായി എട്ടു വർഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ വിശ്വസ്ത സ്പിന്നറായിരുന്നു താരം. ആർ.സി.ബി കുപ്പായത്തിൽ 139 വിക്കറ്റുകളാണ് താരം വാരിക്കൂട്ടിയിട്ടുള്ളത്. ഇത്തവണ മെഗാലേലത്തിൽ സൂപ്പർ താരത്തെ രാജസ്ഥാൻ റോയൽസ് വിളിച്ചെടുക്കുകയായിരുന്നു.