Latest News

ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങള്‍ കൊച്ചിയില്‍ പിടിയില്‍ . കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പ് സംഘത്തിന്റെ വലയില്‍ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. യുവാവിനെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികള്‍ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം.പ്രത്യേക ആപ്പ് വഴി സ്ത്രീശബ്ദം സൃഷ്ടിച്ച് , സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു.

46 ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. സ്ത്രീകളുടെ ശ്ബദം ലഭിക്കാന്‍ ഫോണില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു പ്രതികള്‍ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ആ അഡ്രസ്സില്‍ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മരട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ വഞ്ചനാ കേസുകളുണ്ട്.

ഇടുക്കി പുറ്റടിയില്‍ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികില്‍സയിലായിരുന്നു. 25-ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രന്‍ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഏപ്രില്‍ 25-ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രവീന്ദ്രന്റെ വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രന്‍ തീകൊളുത്തിയത്. അഗ്‌നിബാധയില്‍ വീട്ടില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രന്റേയും ഉഷയുടേയും ദേഹത്ത് പതിക്കുകയും ചെയ്തു.

അഗ്‌നിബാധയുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന രവീന്ദ്രന്റേയും ഉഷയുടേയും മൃതദേഹങ്ങള്‍ പുറത്തേക്ക് എടുത്തത്.

അപകടത്തിന് മുന്‍പ് രവീന്ദ്രന്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രന്‍ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും തീകത്തിക്കാന്‍ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.

കിച്ചാ സുദീപും അജയ് ദേവ്ഗണും ഉള്‍പ്പെട്ട ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടുന്നത് കൊണ്ട് വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയുണ്ടെന്നും അവര്‍ അരക്ഷിതാവസ്ഥയിലാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

കെജിഎഫ് ഹിന്ദി ഡബ്ബിങ് ആദ്യം ദിവസം 50 കോടിയാണ് നേടിയത്. ഇനി വരാനുള്ള ഹിന്ദി സിനിമകളുടെ ആദ്യദിന വരുമാനം എത്രയാണെന്ന് നമുക്ക് നോക്കി കാണാം.

അതേസമയം, ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു.

കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് മകളുടെ കാമുകന്‍. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ഇയാള്‍ കുടുംബാംഗങ്ങളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇരകളില്‍ ഒരാളായ സമാന്ത ഡ്രുമണ്ട്‌സിന്റെ കാമുകന്‍ 28-കാരന്‍ ജോഷ്വ ജെറോം ഡെറിവിയെര്‍ ജാക്വസിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്.

29-കാരി സമാന്ത, അമ്മ 45-കാരി ടാനിഷാ ഡ്രുമണ്ട്‌സ്, മുത്തശ്ശി 64-കാരി ഡോളെറ്റ് ഹില്‍, ഇവരുടെ പങ്കാളി 59-കാരന്‍ ഡെന്റണ്‍ ബുര്‍ക്കെ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ ഓഫീസര്‍മാര്‍ ജോഷ്വയെ ടേസര്‍ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ സമാന്തയുടെ കുടുംബത്തെ പരിചയപ്പെടുന്നതെന്ന് ഒരു സുഹൃത്ത്  വെളിപ്പെടുത്തി.

പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നാല് പേരെയും സൗത്ത് ലണ്ടന്‍, ബെര്‍മോണ്ട്‌സിയിലെ വിലാസത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ലൂഷാം ആശുപത്രിയില്‍ ചികിത്സയിലുള്ള ജോഷ്വയെ പോലീസ് ചോദ്യം ചെയ്യും. അയല്‍വാസികള്‍ വീട്ടില്‍ നിന്നും ഭയപ്പെടുത്തുന്ന തോതില്‍ ശബ്ദം കേട്ടിരുന്നു. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ മൃതദേഹങ്ങള്‍ നിലത്ത് കിടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ഇവര്‍ ടേസര്‍ ചെയ്ത് വീഴ്ത്തി. എല്ലാ രാത്രിയും വീട് പൂട്ടി താക്കോലുമായാണ് ഡോളെറ്റ് ഉറങ്ങാന്‍ പോകുന്നത്. ഇതാണ് പ്രതിയെ രക്ഷപ്പെടുന്നതില്‍ നിന്നും തടഞ്ഞത്.

യൂട്യൂബ് വെബ്‌സീരീസുകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശ്യാം മോഹന്റെ പാട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. രസകരമായ കുറിപ്പിലൂടെയാണ് ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന പാട്ട് പാടുന്ന ശ്യാമിന്റെ വീഡിയോ പങ്കുവെച്ചത്.

‘എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും! ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ. കുറച്ച് പാഠങ്ങൾ പഠിപ്പി….. ഛേ…. പഠിക്കാനാ’, വേണുഗോപാൽ കുറിച്ചു.

പാട്ട് പാടുന്നതിന്റെ വിഡിയോ ശ്യാം മോഹനും പങ്കുവച്ചിട്ടുണ്ട്. ‘പ്രദക്ഷിണം ലേശം കൂടിപ്പോയോ’ എന്നാണ് വിഡിയോയ്ക്കൊപ്പം നടൻ കുറിച്ചത്. തൂവാനത്തുമ്പികളിൽ വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ടാണിത്.

കുട്ടികളുടെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി. കുട്ടിയില്‍ അച്ഛനൊപ്പം തന്നെ അമ്മയ്ക്കും അവകാശമുണ്ടെങ്കിലും അമ്മയുടെ പേര് കുട്ടികളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ പാട്രിയാര്‍ക്കി അനുവദിക്കാറില്ല. ഇപ്പോഴിതാ എഴുതപ്പെടാത്ത ഈ നിയമത്തിന് വിലക്കിട്ടിരിക്കുകയാണ് ഇറ്റലി.

കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ക്കണമെന്നും അല്ലാത്തത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇറ്റലിയുടെ പരമോന്നത കോടതിയുടെ ഉത്തരവ്. മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കാര്യത്തില്‍ തുല്യ അവകാശവും ഉത്തരവാദിത്വവുമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരോ കുടുംബപ്പേരോ മാത്രം ചേര്‍ക്കുന്നത് വിവേചനപരവും കുട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കുന്നതുമായ കാര്യമാണെന്നും വ്യക്തമാക്കി.

പേരിനൊപ്പം രണ്ട് പേരുടെയും കുടുംബപ്പേര് ചേര്‍ക്കുകയോ രണ്ട് പേരും ചേര്‍ന്ന് ഒരു പേര് തിരഞ്ഞെടുക്കുകയോ ചെയ്യാം. ഇതുവരെ അമ്മയുടെ പേര് മാത്രമായി കുഞ്ഞിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഇറ്റലിയില്‍ നിയമപരമായി അനുവാദമുണ്ടായിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമം പ്രാബല്യത്തിലുണ്ട്.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച കുടുംബ മന്ത്രി എലീന ബൊനെറ്റി, ഈ നടപടിക്രമം സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും ഒരു കുഞ്ഞിനെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കൾക്ക് തുല്യ കടമയാണെന്നും അറിയിച്ചു.

പതിറ്റാണ്ടുകളായി മലയാളത്തില്‍ വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ അദ്ദേഹം തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച്‌ തുറന്നു പറയുകയാണ്.

ആദ്യ നാളുകള്‍ മുതല്‍ തൊട്ട് വിവാഹ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഭാര്യക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ ഒപ്പം അഭിനയിച്ചാല്‍, അവരൊക്കെ തന്‍റെ കാമുകിമാര്‍ ആകുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു.

ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ആ മകളിപ്പോള്‍ ഓസ്‌ട്രേലിയയില്‍ എഞ്ചീനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സ്തിരതമാസമാണ്. മകളുമായി ഒരു ബന്ധവുമില്ല. മകളെ കാണണമെന്ന് തോന്നിയ കാലമുണ്ടായിരുന്നു, ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ആ പേജ് വലിച്ചു കീറി കളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.

ഭാര്യയുമായി നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാന്‍ ഒരു സാധ്യതയുമില്ല. താന്‍ അവരെ വിവാഹം കഴിക്കുന്നതിന് മുന്പ് അവര്‍ക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ച്‌ പോയിരുന്നു. കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന സമയം മരിച്ചുപോയ ഭര്‍ത്താവിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോഴാണ് അവരെ പരിചയപ്പെടുന്നത്. അതൊരു വലിയ പിഴവായിരുന്നു. ക്യാന്‍സര്‍ വന്നപ്പോള്‍ പോലും അവര്‍ തന്നെ ഒന്ന് തിരിഞ്ഞുനോക്കിയിട്ടില്ല. തന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് തിരിച്ചരിയാന്‍ അതിലും വലിയ അനുഭവം വേണ്ട.

ഭാര്യയുടെ രണ്ടാം വിവാഹവും തന്‍റെ ആദ്യ വിവാഹമായിരുന്നു അത്. കീമോ എടുത്ത് കിടക്കുമ്പോഴാണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത്. പിന്നീട് തിരിച്ച്‌ വന്നപ്പോള്‍ വരേണ്ടെന്ന് പറഞ്ഞു. അതോടെ വരാതായി. പശ്ചാത്താപമില്ല. മകളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തതുകൊണ്ടാണ് അവളും തന്നില്‍ നിന്നും അകന്നതെന്നും അദ്ദേഹം പറയുന്നു.

2016ല്‍ ഈജിപ്തില്‍ 66 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതാണ് ദുരന്തത്തിലേക്ക് വഴി വെച്ചതെന്നാണ് ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വിമാനം ഭീകരാക്രമണത്തില്‍ തകര്‍ന്നതാണെന്ന ഈജിപ്തിന്റെ ആരോപണം തള്ളിക്കളയുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് കോക്പിറ്റില്‍ സിഗരറ്റ് കത്തിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി മാസ്‌കില്‍ നിന്ന് ചോര്‍ന്ന ഓക്‌സിജന്‍ തീ പടരാന്‍ കാരണമാവുകയായിരുന്നുവെന്ന് 134 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൈലറ്റുമാര്‍ പതിവായി കോക്പിറ്റില്‍ പുക വലിക്കുന്നുണ്ടെന്നും പുകവലി 2016 വരെ ഈജിപ്ത് നിരോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. നിലവില്‍ റിപ്പോര്‍ട്ട് പാരീസിലെ അപ്പീല്‍ കോടതിയിലേക്ക് അയച്ചിരിക്കുകയാണ്.

എംഎസ് 804 എന്ന വിമാനം പാരീസില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാ മധ്യേ ക്രിറ്റ് ദ്വീപിന് സമീപം കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 40 ഈജിപ്തുകാര്‍ ഉള്‍പ്പടെ എല്ലാവരും കൊല്ലപ്പെട്ടു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് സമുദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. 2003ല്‍ സര്‍വീസ് തുടങ്ങിയ വിമാനത്തിന് 3-040 വര്‍ഷത്തെ ഓപ്പറേഷണല്‍ ലൈഫ് ഉണ്ടായിരുന്നു.

ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു.

കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ രാത്രി 1.30നാണ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോൺ എത്തിയത്. വീടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച 50,000 രൂപ മോഷ്ടാവ് അപഹരിച്ചെന്നായിരുന്നു പരാതി. ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മേൽക്കൂരയിലെ ഒരു ഓടു മാത്രം പൊളിച്ച മോഷ്ടാവ് തോട്ടി ഉപയോഗിച്ചു മുറിയിൽ കസേരയിൽ വച്ചിരുന്ന ബാഗ് ഉയർത്തിയെടുത്ത് പണം അപഹരിച്ചെന്നായിരുന്നു മൊഴി.

പൊളിച്ച ഓടിന് നേരെ താഴെയുള്ള കസേരയിൽ തന്നെയായിരുന്നു പണം അടങ്ങിയ ബാഗെന്നതും ഒച്ച കേട്ട് ഉണർന്ന് കതക് തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടിപ്പോയെന്നുമുള്ള മൊഴിയിൽ പോലീസിനു വലിയ സംശയം തോന്നി. കൂടാതെ തോട്ടി ഉപയോഗിച്ച് ബാഗ് എടുക്കാൻ കഴിയുമോ എന്ന കാര്യത്തിവും സംശയമുണ്ടായി. ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മ ചെറിയ വരുമാനത്തിൽ നിന്നം മിച്ചം പിടിച്ച് സ്വരൂപിച്ച തുക നഷ്ടമായ സംഭവമായതിനാൽ പോലീസ് അന്വേഷണം തുടർന്നു.

അതിനിടെ സ്റ്റേഷനിലേക്കു വിളിപ്പിച്ച വീട്ടമ്മ പണം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ബോധരഹിതയാകുകയും ചെയ്തതോടെ പോലീസിനും നിരാശയായി. എന്നാൽ സംശയങ്ങൾ വർധിച്ചതോടെ ഭർത്താവിനെയും ഭാര്യയെയും മാറ്റിയിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്.

ഭർത്താവ് പണം ധൂർത്തടിക്കാതിരിക്കാൻ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ വീട്ടമ്മ തന്നെ പണം നിക്ഷേപിച്ചിരുന്നു. അധികം ഉണ്ടായിരുന്ന പണം വീട്ടിലുണ്ടായിരുന്ന ഒരു പുസ്തകത്തിലും സൂക്ഷിച്ചു.

തുടർന്ന് പണം എവിടെയെന്ന ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാണ് മോഷണ നാടകം കളിച്ചത്. മോഷണ നാടകം വലിയ ആശങ്കയ്ക്ക് തന്നെ കാരണമായെങ്കിലും വീട്ടമ്മയുടെ സദുദ്ദേശം കണക്കിലെടുത്ത് ഭർത്താവിനെ ഉപദേശിച്ച പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. കുന്നിക്കോട് എസ്എച്ച്ഒ പിഐ മുബാറക്കാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിലപാട് വിശദീകരിച്ച് നടി മല്ലിക സുകുമാരന്‍. സംഭവത്തിന്റെ പിന്നില്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതി ന്യായവ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇക്കാര്യങ്ങളാണ് അറിയേണ്ടതെന്നും മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ നമ്മള്‍ പുറത്തിറക്കിവിടുന്നത്. മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved