Latest News

വീടിന് തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

ലൈഫ് പദ്ധതിയില്‍ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുന്‍പാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാല്‍ വീടിന് തീപിടിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയില്‍ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. തുടര്‍ന്ന് പോലിസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു.

ഇവര്‍ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂര്‍ണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ പി.രേഷ്മ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.

പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.

22ന് വൈകിട്ട് നാലരയോടെ മാഹി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോൾ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോൺ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. രാവിലെ 9 മുതൽ രാത്രി 10.30വരെ സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ലെന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്കൂൾ അധികൃതരുമായോ ബന്ധപ്പെടാൻ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നൽകാതെ പകൽ മുഴുവൻ തടഞ്ഞുവച്ച് അർധരാത്രിയോടെയാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്.

വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.

സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീൽ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ജനൽചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണർ മലിനമാക്കുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയിൽ പറയുന്നു. എം.വി.ജയരാജൻ, കാരായി രാജൻ, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകൾ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളിൽ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്.

മകൾക്ക് പഠനാവശ്യത്തിന് ഈ ഫോൺ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോൺ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവർക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയിൽ ആവശ്യപ്പെടുന്നു. അങ്ങയുടെ അയൽവാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കട്ടിലിൽ നിന്നും താഴെ വീണ ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സുഹൃത്തും നടനുമായ ജോളി ജോസഫ്. ‘ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ദേഹഭാരമുള്ള ജോൺ പോളിനെ ഉയർത്താൻ സുഹൃത്തുക്കൾക്ക് സാധിക്കാത്തതിനാൽ ആംബുലൻസുകാരെ വിളിച്ചപ്പോൾ ‘ഇങ്ങിനെയുള്ള ജോലികൾ ചെയ്യില്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ മാത്രമേ അവർ വരികയുള്ളൂ’ എന്നായിരുന്നു മറുപടി. എട്ട് മണിയോടെ കട്ടിലിൽനിന്ന് വീണ അദ്ദേഹത്തെ ഒടുവിൽ, പൊലീസിന്റെയും മറ്റും സഹായത്തോടെ കട്ടിലിലേക്ക് കിടത്തുമ്പോൾ സമയം വെളുപ്പിന് രണ്ട് മണി കഴിഞ്ഞിരുന്നു. ഇത്രയും നേരം ഈ അവസ്ഥയിൽ തറയിലെ തണുപ്പിൽ കിടന്നത് അദ്ദേഹത്തിൽ വലിയ ആഘാതമുണ്ടാക്കിയതായും ജോളി ചൂണ്ടിക്കാട്ടുന്നു.

കുറിപ്പ് വായിക്കാം:

എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !
കഴിഞ്ഞ ജനുവരി 21 ന് പ്രശസ്ത സംവിധായകൻ വൈശാഖിന്റെ ‘ മോൺസ്റ്റർ ‘ എന്ന സിനിമയിൽ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു … ഒരുപാട് ആളുകൾ ഉള്ള ഒരു രാത്രി മാർക്കറ്റ് ആയിരുന്നു മട്ടാഞ്ചേരിയിൽ സെറ്റിട്ടത് .. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോൺ സാറ് വളരെ പ്രയാസത്തോടെ പരവേശത്തോടെ ഏകദേശം എട്ട് മണിയോടെ ഫോണിൽ വിളിച്ചു ” അത്യാവശ്യമായി വീട്ടിലേക്ക് വരണം , കട്ടിലിൽ നിന്നും ഞാൻ താഴെ വീണു , എനിക്ക് ഒറ്റയ്ക്ക് എണീക്കാൻ പറ്റില്ല … ആരെയെങ്കിലും കൂടെ വിളിച്ചോളൂ … ” എന്റെ സങ്കടങ്ങൾ കേൾക്കുന്ന ഗുരുസ്ഥാനീയനായ ജോൺ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മനസ്സിലായി.

ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറിഞ്ഞു ഞാൻ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു … ! ജയരാജ് സാറിന്റെ പടത്തിലെ ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാൻ പുറത്തെത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി …ഉടനെ അവൻ കുടുംബവുമായി ജോൺ സാറിന്റെ വീട്ടിലേക്ക് കുതിച്ചു …. ഞാൻ ഫോണിൽ ജോൺ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു … വെറും ഇരുപതു മിനിറ്റുകൊണ്ട് അവർ സാറിന്റെ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ നിന്നും വീണ് തണുത്ത നിലത്തുകിടക്കുന്ന സാറിനെ ഉയർത്താനുള്ള വഴികൾ നോക്കി ….പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയർത്താൻ അവർക്ക് സാധിച്ചില്ല …! ഉടനെ അവർ ഒട്ടനവധി ആംബുലൻസുകാരെ വിളിച്ചു , പക്ഷെ അവർ ഇങ്ങിനെയുള്ള ജോലികൾ ചെയ്യില്ലത്രേ , ആശുപത്രിയിൽ കൊണ്ടുപോകാൻ മാത്രമേ അവർ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത്. ഒരല്പം ഭയന്നിരുന്ന സാറിന്റെ അരികിൽ ബെഡ് ഷീറ്റുകളും തലയിണകളുമായി കൈലാഷ് കൂട്ടിനിരുന്നപ്പോൾ , അവന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള എല്ലാ ഫയർ ഫോഴ്‌സുകാരെയും വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരുന്നു …. അവരുടെ മറുപടി ” ഇത്തരം ആവശ്യങ്ങൾക്ക് ആംബുലൻസുകാരെ വിളിക്കൂ, ഞങ്ങൾ അപകടം ഉണ്ടായാൽ മാത്രമേ വരികയുള്ളൂ ” എന്നായിരുന്നു …!

പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടപ്പോൾ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസർമാർ വീട്ടിലെത്തി …പക്ഷെ നാല് പേര് ചേർന്നാലും ഒരു സ്‌ട്രെച്ചർ ഇല്ലാതെ സാറിനെ ഉയർത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാൽ പോലീസ് ഓഫീസർമാരും ആംബുലൻസുകാരെയും ഫയർ ഫോഴ്‌സിനെയും വിളിച്ചു …പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല , എല്ലാവരും നിരാശരായി , സമയം പോയിക്കൊണ്ടിരുന്നു … അതിനിടയിൽ അവിടെ വന്ന പോലീസുകാർ മടങ്ങിപ്പോയി …! തണുത്ത നിലത്ത് കിടന്ന സാറിന്റെ ദേഹം മരവിക്കാൻ തുടങ്ങി , കയ്യിൽ കിട്ടിയ തുണികളും ഷീറ്റുകളുമായി കൈലാഷ് സാറിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു . ദിവ്യ വീണ്ടും ആംബുലൻസുകാരെയും ഫയർഫോഴ്‌സുകാരെയും കെഞ്ചി വിളിച്ചുകൊണ്ടിരുന്നു , ആരും വന്നില്ല എന്നതാണ് സത്യം . അതിനിടയിൽ കൈലാഷിന്റെ വിളിയിൽ നടൻ ദിനേശ് പ്രഭാകർ പാഞ്ഞെത്തി . കൂറേ കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്റ്റേഷനിലെ നല്ലവരായ ആ ഓഫീസർമാർ എറണാകുളം മെഡിക്കൽ സെന്ററിലെ ഒരു ആംബുലൻസുമായി വന്നു … പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേക്ക് കിടത്തുമ്പോൾ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.

അന്നത്തെ ആഘാതം സാറിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്നങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ മൂന്നു ആശുപത്രികൾ സാമ്പത്തീക ബുദ്ധിമുട്ടുകൾ.. ആദരണീയനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അത്യാവശ്യം സഹായങ്ങൾ ലഭിച്ചെങ്കിലും എല്ലാം വിഫലം, അദ്ദേഹം വിട്ടുപിരിഞ്ഞുപോയീ …!

‘ നമുക്ക് എന്തെങ്കിലും ചെയ്യണം ‘ ജോൺ സാറ് എന്നോട് അവസാനമായി പറഞ്ഞതാണ് …അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു …എനിക്കും നിങ്ങൾക്കും വയസാകും , നമ്മൾ ഒറ്റക്കാകും എന്ന് തീർച്ച . ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേൾക്കുക , സഹായിക്കുക .. നമുക്കെല്ലാവർക്കും ചിന്തിക്കണം പ്രവർത്തിക്കണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നാമധേയത്തിൽ , അധികാരികൾ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കൈസഹായ പദ്ധതി ഉടനെ ആവിഷ്കരിക്കണം ….!

എന്റെ അനുഭവങ്ങളും കഥകളും സങ്കടങ്ങളും കേൾക്കാൻ, എന്നെ ശാസിക്കാൻ ഒരുപാട് യാത്രകൾക്ക് കൂടെയുണ്ടായിരുന്ന സാറ് ഇനി ഉണ്ടാവില്ലെന്നത് എന്നെ കരയിപ്പിക്കുന്നു. അന്തരിക്കുമ്പോൾ അനുശോചനം അറിയിക്കാൻ ആയിരങ്ങളേറെ, ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്‌ … ! എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല , നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്.. !

കമിതാക്കൾ തീപൊള്ളലേറ്റ്​ മരിച്ചത് യുവാവിന്റെ ജന്മദിനത്തിൽ. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്‍റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്‍റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്‍റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ്​ സംഭവം. പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.

മുറിക്കകത്തുനിന്ന്​ തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്‍റെ മാതാവ്​ രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട്​ നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ്​​ തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.

സുബ്രഹ്മണ്യന്‍റെ വീടിന്​ 200 മീറ്റർ അകലെയാണ്​ ധന്യയുടെ വീട്​. ട്യൂഷന് പോകുന്നെന്ന്​ പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന്​ ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്‍റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.

ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്‍റെ വീടിന്​ സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ്​ ഇരുവരും പ്രണയത്തിലായത്​. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട്​ ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ്​ അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ്​ സുബ്രഹ്മണ്യന്‍റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.

നിലമ്പൂരിലെ മേപ്പാടി പരപ്പന്‍ പാറ കോളനിയില്‍ ആദിവാസി യുവാവിനും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. പരപ്പന്‍ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിന്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

തേന്‍ ശേഖരിക്കാനായി വനത്തില്‍ പോയ ആദിവാസി സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ മരത്തിന് മുകളില്‍ കയറിയ രാജന്‍ താഴേക്ക് തെന്നി വീണു. ഇത് കണ്ട് ഓടി വരുന്നതിനിടെയില്‍ ബന്ധുവായ സ്ത്രീയുടെ കയ്യില്‍ നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞ് നിലത്തു വീഴുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ചു തന്നെ രാജനും കുഞ്ഞും മരിച്ചു.

നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സും വനം വകുപ്പും ചേര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്.

സമ്മര്‍ ഇന്‍ ബേത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ (89) അന്തരിച്ചു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ്. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവായ ശങ്കരനാരായണൻ 6 സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. 2007-ൽ അരുണാചൽ പ്രദേശിലാണ് ആദ്യമായി ഗവർണറാവുന്നത്. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ (അധിക ചുമതല), മഹാരാഷ്ട്ര എന്നിവിഷങ്ങളിലും ഗവർണറായി സേവനമനുഷ്ടിച്ചു.

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ പാറക്കണ്ടി നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതല്ല വീട് വാകയ്ക്ക് നല്‍കിയതെന്ന് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ രേഷ്മ പ്രശാന്തി. വീട് വാടകയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള അപവാദ പ്രചരണത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് രേഷ്മ.

പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റ് മനുഷ്യാവകാശലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അപവാദം പ്രചരിപ്പിക്കുന്നു. നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഡോ. ഐഷ വി

സാധാരണ ട്യൂട്ടോറിയൽ/ പാരലൽ കോളേജുകൾക്ക് ഗ്രീക്ക്/ റോമൻ ദേവതമാരുടെ പേരായിരുന്നു ഇട്ടിരുന്നത്. മിനർവാ , അഥീന എന്നിങ്ങനെ. പിന്നെ ചില ചിന്തകരുടേയും പേരിടാറുണ്ട്. ഉദാ: അരിസ്ടോ. ഇതിൽ നിന്നും വ്യത്യസ്ഥമായൊരു പേരായിരുന്നു ഗോപാലകൃഷ്ണപിള്ള സർ ഒരു ട്യൂഷൺ സെന്റർ ഊന്നിൻ മൂട്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ഇട്ടത്. പേര് ” ലതിക” : തന്റെ സീമന്തപുത്രിയുടെ പേരാണ് അദ്ദേഹം സ്ഥാപനത്തിനിട്ടത്. അതിന്റെ ഒരു ബ്രാഞ്ച് പൂതക്കുളത്തും തുടങ്ങി. ലതിക , കലിത , തിലകൻ , തകിലൻ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ . ട്യൂഷൻ സെന്റർ അദ്ദേഹം നന്നായി നടത്തിക്കൊണ്ടു പോന്നു. ലതിക കൂടാതെ പെറ്റ്( പൂതക്കളം എഡ്യൂക്കേഷണൽ ട്രസ്റ്റ്,) , ലേണേഴ്സ് എന്നീ ട്യൂട്ടോറിയൽ കോളേജുകൾ കൂടി പൂതക്കുളത്ത് ഉണ്ടായിരുന്നു. ലതികയുടെ പൂതക്കുളം ബ്രാഞ്ചിലായിരുന്നു ഞാൻ 9 , 10 ക്ലാസ്സുകളിൽ ട്യൂഷന് പോയിരുന്നത്. ശ്രീദേവി അപ്പച്ചിയുടെ മൂത്ത മകൾ ബീന ചേച്ചി ലേണേഴ്സിലാണ് ട്യൂഷന് പോയിരുന്നത്. ഞങ്ങളുടെ സ്കൂളിലെ ശ്രീനിവാസൻ സാറിന്റെ ജ്യേഷ്ഠൻ വാസു സാറിന്റേതായിരുന്നു ലേണേഴ്സ്. ബീന ചേച്ചി പഠിച്ച് കഴിഞ്ഞ് അധികം താമസിയാതെ ലേണേഴ്സ് നിർത്തി. പിന്നെ , പെറ്റ് മാത്രമായി ലതികയുടെ എതിരാളി.

ഇരുകൂട്ടർക്കും അവരവരുടെ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടണം . ഫസ്റ്റ് . എണ്ണം കൂടണം ഇത്തരത്തിലുള്ള മാത്സര്യബുദ്ധി കാരണം രണ്ടിടത്തും നന്നായി പഠിപ്പിച്ചിരുന്നു. ചില തല്ലിപ്പൊളി പിള്ളേർ പൂതക്കുളം ഗവ. ഹൈസ്കൂളിൽ നിരന്തരം സമരമുണ്ടാക്കിയിരുന്നു. അങ്ങനെ ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ സമരക്കാർ എത്തിയാലുടൻ പെറ്റിലെ കുട്ടികൾ വേഗം സ്കൂളിൽ നിന്നിറങ്ങും. നേരെ പെറ്റിലേയ്ക്ക് . അവിടെ ക്ലാസ്സുകൾ തകൃതിയായി നടക്കും. ഇങ്ങനെ കുറേ ദിവസം ആവർത്തിച്ചപ്പോൾ സ്കൂൾ അധികൃതർ പിറ്റിഎ യോഗം ചേർന്നു. അടുത്ത അധ്യയന ദിവസം ധാരാളം രക്ഷിതാക്കൾ ചെത്തിമിനുക്കിയ മരച്ചീനികമ്പുമായി(കപ്പ കമ്പ്) സ്കൂളിന് പുറത്ത് നിലയുറപ്പിച്ചു. സമരക്കാരെ അധികമൊന്നും തല്ലിയോടിക്കേണ്ടി വന്നില്ല. അവർ സമരം നിർത്തി, സുല്ലിട്ടു.

ധാരാളം നല്ല അധ്യാപകർ ഉണ്ടായിരുന്നെങ്കിലും സ്കൂളിലെ പ്രധാന പ്രശ്നം ഗ്രാമപ്രദേശമായതിനാൽ ദൂരെ നിന്നും വരുന്ന അധ്യാപകർ വേഗം സ്ഥലം മാറ്റം വാങ്ങി പോവുക എന്നതായിരുന്നു. അപ്പോൾ 8 , 9 സ്റ്റാൻഡേർഡിൽ പല വിഷയങ്ങൾക്കും അധ്യാപകർ കാണില്ല. 10-ാം ക്ലാസ്സിൽ ആവശ്യത്തിന് അധ്യാപകരെ ഇടാൻ എച്ച് എം പ്രത്യേകം ശ്രദ്ധിക്കും. കതിരിൽ വളം വയ്ക്കുന്നതു പോലൊരു പരിപാടി. സ്വാഭാവികമായും ട്യൂട്ടോറിയൽ കോളേജുകൾക്ക് പ്രാധാന്യം കൈവന്നു. കൂട്ടികൾ ട്യൂഷന് പോയി പഠിച്ചു തുടങ്ങി.

ഞാന് എട്ടാം ക്ലാസ്റ്റ് കഴിയുന്നതുവരെ ട്യൂഷന് പോയിരുന്നില്ല. ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും നേരത്തേ തന്നെ ലതികയിൽ ട്യൂഷന് പോയിരുന്നു. ഞാൻ ലതികയിൽ ചെന്നപ്പോൾ ഉദയകുമാർ സാറായിരുന്നു അവിടത്തെ പ്രിൻസിപ്പാൾ . ചിരിച്ചു കൊണ്ട് കാർക്കശ്യ ബുദ്ധിയോടെ കുട്ടികളെ നിലയ്ക്ക് നിർത്തിയിരുന്നു അദ്ദേഹം. പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. ലതികയ്ക്ക് പെറ്റിനേക്കാൾ പ്രായം കൂടുതലാണ്. പഠിച്ച് കഴിഞ്ഞ് ജോലി കിട്ടുന്നതിന് മുമ്പുള്ള ഇടവേള ട്യൂഷനെടുക്കാനായി ഉപയോഗപ്പെടുത്തിയിരുന്നവരാണ് ഇരു ട്യൂഷൻ സെന്ററിലേയും ഭൂരിഭാഗം അധ്യാപകരും. പെറ്റിൽ പ്രസാദ് സാറിനായിരുന്നു നേതൃത്വം.

ഉദയകുമാർ സർ ലതിക ആ കാലഘട്ടത്തിൽ നന്നായി ഭരിച്ചു. കാലം 1982. ലതിക അപ്പോഴേയ്ക്കും നീണ്ട 20 വർഷങ്ങൾ താണ്ടിയിരുന്നു.. ലതികയ്ക്ക് 20 വയസ്സ് പൂർത്തിയായതിനാൽ വിംശതി ആഘോഷിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ ആഘോഷം. ഊന്നിൻ മൂട്ടിലും ഭൂതക്കുളത്തുമായി നടന്ന കലാ കായിക, ബൗദ്ധിക മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ക്വിസ്സ് ലെമൺ ആന്റ് സ്പൂൺ, കാന്റിൽ റേസ് എന്നീ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു. വിംശതിയുടെ അർത്ഥം 20 എന്നാണെന്ന് മലയാളം പഠിപ്പിച്ച ശാസ്ത്രി സാർ പറഞ്ഞു തന്നു. ഉദയകുമാർ സാറിനും ലതിക ട്യൂട്ടോറിയലിനും ഒരേ പ്രായമാണെന്ന് സാറ് തങ്ങളുടെ ക്ലാസ്സിൽ വന്നപ്പോൾ പറഞ്ഞു തന്നു. സാറ് ഞങ്ങൾക്ക് കെമിസ്ട്രിയായിരുന്നു പഠിപ്പിച്ചു തന്നത്. എല്ലാ കുട്ടികളേയും കെമിസ്ട്രി അരച്ചു കലക്കി കുടിപ്പിച്ചിട്ടേ സാറ് അടങ്ങുമായിരുന്നുള്ളൂ.

ആ വർഷം ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകൾ മീന ചേച്ചിയ്ക്ക് എസ്എസ്എൽസി യ്ക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസുകാരുടെ ഫോട്ടോ വച്ച നോട്ടീസ് വിതരണത്തിനായി ഉച്ചഭാഷിണിയുമായി അധ്യാപകർ വന്ന കാർ അത്തവണ ഞങ്ങളുടെ വീട്ടു പഠിക്കൽ വരെ എത്തി. അധ്യാപകർ വീട്ടിൽ കയറി മീന ചേച്ചിയെ അഭിനന്ദിച്ചിട്ടാണ് തിരികെ പോയത്.

ലതിക വളർന്നു. 60 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലതികയുടെ ഓല ഷെഡ് മാറി ബഹുനില കെട്ടിടമായി. സ്ഥാപകൻ ഗോപാലകൃഷ്ണപിള്ള സാർ ഓർമ്മയായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലി എൻ്റെ എഴുത്തു വഴികളിൽ ഒരു മാർഗ്ഗദീപമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി വേർപാടിന്റെ നൊമ്പരം സമ്മാനിച്ച് അദ്ദേഹം കടന്നു പോവുമ്പോൾ അറുപത്തിയെട്ടു വയസ്സായിരുന്നു. ബാലസാഹിത്യം, ചെറുകഥകൾ, നാട്ടുചരിത്രം, നർമ്മ സാഹിത്യം, എന്നീ വിവിധ മേഖലകളിലായി ഏകദേശം പതിനേഴ് പുസ്തകങ്ങൾ മലയാളത്തിനു സമ്മാനിച്ചു.

വർഷങ്ങൾക്കു മുൻപ് പൊൻകുന്നത്ത് നിന്ന് ‘മനോരാജ്ഞി ‘ എന്നൊരു മാസിക പുറത്തിറക്കി കൊണ്ടാണ് പത്ര പ്രവർത്തന രംഗത്തേക്കു കടന്നുവരുന്നത്. വെറും രണ്ടു ലക്കങ്ങൾ കൊണ്ട് മാസിക നിലച്ചു. പിന്നീട് ഏറെക്കാലം എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ദീപിക ,കലാകൗമുദി, മനോരമ, ട്രയൽ മാസിക, കഥ മാസികയടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായി. പിന്നീട് രണ്ടായിരത്തിയൊന്നിൽ മലയോരം മാസികയും, നവീക ബുക്സും , അക്ഷര കാഴ്ചയെന്ന ലിറ്റററി മാസികയുമൊക്കെ ആരംഭിക്കുന്നത്. പിന്നിട്ട എഴുത്തു വഴികളെല്ലാം വിജയമായിരുന്നെങ്കിലും തന്റെ കൃതികൾ കാലത്തെ അതിജീവിക്കുമെന്ന് പുല്ലു വേലിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.

പല കൃതികളുടെയും നിരവധി എഡിഷനുകൾ ഇറങ്ങിയിട്ടും കൃത്യമായി റോയൽറ്റി തരാതെ വഞ്ചിച്ച പല പ്രസാധക മുതലാളിമാരോടും അദ്ദേഹം ക്ഷമിച്ചു. അവരൊക്കെ ഏതെങ്കിലും കാലത്ത് റോയൽറ്റി തുക തരുമെന്ന് വെറുതെ പ്രതീക്ഷിച്ചു. എഴുത്തിൻറെ കൂട്ടുകൃഷി സമ്പ്രദായങ്ങൾ, കുതികാൽ വെട്ടലുകൾ … ഇതൊന്നും ജോസ് പുല്ലുവേലിയ്ക്കറിയില്ലായിരുന്നു. ഭാഷയും , സംസ്കാരവുമാണ് ആ എഴുത്തിന്റെ ജീവധാതു . മൂല്യങ്ങൾക്കു നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ ഒരു സമൂഹത്തെ അദ്ദേഹം തൻറെ ചെറു കഥകളിലൂടെ ആവിഷ്കരിച്ചു. കാലത്തോടുള്ള പരിഹാസവും അമർഷവും പല കഥകളിലും നമുക്ക് കാണാനാവും. ‘ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ) ‘ ഏർപ്പെടുത്തിയ സാഹിത്യ ദീപം അവാർഡ് നേടിയ ‘നാട്ടുപച്ച ‘എന്ന കൃതി മാത്രം മതി പുല്ലു വേലിയെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ . അറുപതുകളിലെയും എഴുപതുകളിലെയും നേർചിത്രം ഈ കൃതിയിലുണ്ട്. മനുഷ്യർ , അവൻറെ തൊഴിലിടങ്ങൾ, വേഷം, ഭാഷ, മതം, ജാതി വിനിമയങ്ങൾ … അങ്ങനെ പൂർവ്വ കാലങ്ങളെ അതിൻറെ നന്മയെ, സമൃദ്ധിയെ ആഘോഷിക്കുന്ന ഒരു വ്യത്യസ്ത രചന. ഒരു നാടും , ഒരു കാലഘട്ടവും, അവിടെ അധിവസിക്കുന്ന മനുഷ്യരുമൊക്കെ ചേർന്ന് നാട്ടു സംസ്കൃതിയുടെ സിംഫണിയൊരുക്കുന്നു. ‘ നാട്ടുപച്ച ‘ യുടെ പഴയ പേര് ‘ ഗ്രാമ സ്മൃതികൾ ‘ എന്നായിരുന്നു . ഒരു വർഷം മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ പ്രചാരമുള്ള ‘ മലയാളം പത്രം ‘ (ന്യൂയോർക്ക് ) ഈ കൃതി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഈ ‘ടാബ്ലോയിഡ് ‘ പത്രത്തിൻറെ എഡിറ്റോറിയൽ ഓഫീസ് കോട്ടയത്തായിരുന്നു. ഈ പത്രത്തിൻറെ എഡിറ്റർ ശ്രീ. കെ. സി. ജയനാണ് ‘ഗ്രാമ സ്മൃതി ‘കളുടെ തുടക്കത്തിന് കാരണമായത്, പിന്നെ മറ്റൊരാൾ മലയാളത്തിൻറെ പ്രിയ കവിയത്രി റോസ് മേരിയും, പുല്ലുവേലിയുടെ ‘ മലയോരം ‘ മാസികയിൽ പഴയ നാട്ടു ചരിത്രത്തിൻറെ ഇന്നലെകളിലൂടെയുള്ള യാത്ര വായിച്ച റോസ് മേരി അമേരിക്കൻ പത്രത്തിന് ഈ ഫീച്ചർ അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ആദ്യഭാഗം ഫീച്ചർ കിട്ടിയപ്പോൾ തന്നെ കെ. സി. ജയൻ വലിയ പ്രോത്സാഹനം നൽകി.

ഒരുവർഷം മുഴുവൻ ആ പംക്തി തുടർന്നു. പ്രശസ്ത ചിത്രകാരൻ സുരേഷ് കുമാർ ആ ഫീച്ചറിന് മനോഹരമായ ചിത്രങ്ങൾ വരച്ചു. നൂറാം ലക്കം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഒരു ദിവസം ജോസ് പുല്ലുവേലി എന്നോട് ഒരാവശ്യം ഉന്നയിച്ചു. ” താങ്കൾ ഈ ഫീച്ചറിന് ഒരു റിവ്യൂ എഴുതണം.”

എഴുതാൻ രണ്ടാഴ്ച സമയം തന്നു .

‘ ഇന്നലകളിൽ നിന്ന് ഇന്നിലേക്കുള്ള ദൂരം’ എന്ന ടൈറ്റിലിൽ ഞാനൊരു റിവ്യൂ എഴുതി. ടാബ്ലോയ്ഡ് പത്രത്തിൽ വന്ന ആ റിവ്യൂ വായിച്ച് നിരവധി ഇമെയിൽ സന്ദേശങ്ങൾ എനിക്കു ലഭിച്ചു. അപ്പോഴാണ് പുല്ലുവേലിയെന്ന സാഹിത്യകാരന്റെ മൂല്യം എനിക്കു മനസ്സിലായത് . അത്രയേറെ വായനക്കാർക്ക് പ്രിയപ്പെട്ട പംക്തിയായിരുന്നു ‘ ഗ്രാമ സ്മൃതികൾ ‘ .

അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടി താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി ജോസ് പുല്ലുവേലിക്കൊരു മെയിൽ അയച്ചു. അതിലെ സാരം ഇങ്ങനെയായിരുന്നു. ‘ ഗ്രാമ സ്മൃതി ‘കളിലെ പഴയ ഉറിയെപ്പറ്റിയുള്ള (ഓല മെടഞ്ഞുണ്ടാക്കിയത് ) ഭാഗം വായിച്ച് അവധിക്കാലത്ത് പത്തനംതിട്ടയിലെ ഒരു നാട്ടു ചന്ത മുഴുവൻ ഓല ഉറിക്കായ് തേടി നടന്നതും ഇപ്പോൾ പ്ലാസ്റ്റിക് ഉറിയുടെ കാലമാണെന്ന് ഒരു വ്യാപാരി പറഞ്ഞതൊക്കെ ആ മാന്യ വനിത എഴുതിയിരുന്നു. ( പിന്നീട് ‘ ഗ്രാമ സ്മൃതികൾ ‘ ‘നാട്ടുപച്ച ‘ എന്നപേരിൽ കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കി.)

സ്വന്തം പുസ്തകങ്ങൾ വായിച്ചിട്ട് ആര് അഭിപ്രായം പറഞ്ഞാലും ‘സന്തോഷം ‘ എന്ന ഒറ്റവാക്കായിരുന്നു മറുപടി. അമിതമായ ആഹ്‌ളാദം ഒന്നിലും പ്രകടിപ്പിച്ചില്ല . പുസ്തക ചർച്ചകളും സ്വയം മേനി നടിക്കുന്ന ഗിരി പ്രഭാഷണങ്ങളും സ്വയം സംഘടിപ്പിച്ച് അഴകിയരാവണൻമാരായി മുന്നേറുന്ന എഴുത്തു സിംഹങ്ങൾക്കിടയിൽ ജോസ് പുല്ലുവേലി ഉണ്ടായിരുന്നില്ല. വലിയ പ്രസംഗങ്ങളെയും വാഗ്ദ്ധാരണികളെയും വല്ലാതെ ഭയന്നു. കവി പി. മധു മാഷ് നേതൃത്വം നൽകുന്ന പൊൻകുന്നം ജനകീയ വായനശാലയുടെ പല സാഹിത്യ വേദികളിലും കാര്യമായ് പ്രസംഗിക്കാൻ പറ്റിയിട്ടില്ലെന്ന് പുല്ലുവേലി പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ കാര്യത്തിൽ ഞാനുമൊരു പരാജയമാണെന്നു പറഞ്ഞ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. (എന്തുകൊണ്ടാണെന്നറിയില്ല , മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ പറയാനുള്ള പലകാര്യങ്ങളും എന്നിൽ നിന്നും പടിയിറങ്ങി പോവുന്നു !)

കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ സുഹൃദ് ബന്ധങ്ങൾ ജോസ് പുല്ലുവേലിയ്ക്കു ചുറ്റും പടർന്നു പന്തലിച്ചു.

പ്രശസ്ത സാംസ്കാരിക പ്രവർത്തകനും , പ്രഭാഷകനുമായ ശ്രീ . കനുൽ തുമരംപാറ, അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. ” ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന ആൾ എന്നതു മാത്രമല്ല പുല്ലുവേലി മാഷിനെ വ്യത്യസ്തനാക്കിയത്. നിശബ്ദതയുടെയും മൗനത്തിന്റെയും വാത്മീകത്തിനുള്ളിൽ ഒളിച്ചു നിൽക്കുമ്പോഴും അടങ്ങാത്ത അക്ഷര – എഴുത്തു പ്രേമം പലപ്പോഴും പുറന്തോട് പൊളിച്ച് പുറത്തെത്തുന്നത് ഈ കൂട്ടായ്മകൾക്കുള്ളിലായിരുന്നു. സംസാരത്തേക്കാൾ കൂടുതലും കേൾവിക്കാരനായിരുന്നു. എഴുതി കൂട്ടിയതിന്റെ ഒപ്പം വളരാതെ പോയ ഒരു പാവം മനുഷ്യൻ . സംവാദത്തിന്റെയും സംവേദനത്തിന്റെയും സൗന്ദര്യാത്മകമായ ഭിന്ന ഭാവങ്ങൾ എന്നും മാഷിന് ഉണ്ടായിരുന്നു. സംസാരത്തിൽ പിശുക്കനായിരുന്നെങ്കിലും സമുദ്രത്തെക്കാൾ ആഴമേറിയ ചില നിശബ്ദതകളും , വാചാലമായ ചില മൗനങ്ങളും അളന്നു കുറിച്ച ചില വാക്കുകൾ കൊണ്ടും ഞങ്ങളുടെ കൂട്ടായ്മകളെ സക്രിയമാക്കിയിരുന്നു. ”

ഭാര്യ :-മറിയമ്മ എരുമേലി വെട്ടുകല്ലാംകുഴി കുടുംബാംഗം.

മക്കൾ :- ലിസ ജോസ് (മെഡിസിറ്റി പാലാ), എബിൻ ജോസ്

മരുമകൻ :- തോമസുകുട്ടി ( മൂങ്ങാമാക്കൽ, അരുവിക്കുഴി )

ഉപരേഖ :-

ഓർമ്മകൾ അപ്രത്യക്ഷമായ ഉറവച്ചാലുകളാണ് …. നാളെ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാവുന്നത്… തീവ്രവും , തീഷ്ണവുമായ ആ ഓർമ്മകൾക്കു മുന്നിൽ എൻറെ കണ്ണീർ പ്രണാമം…

‘വഴിയറിയാതൊഴുകുന്ന പുഴ ‘ എന്ന പുസ്തകത്തിൻറെ കൈയ്യെഴുത്തു പ്രതി അച്ചടിക്കു നൽകാനിരിക്കുമ്പോഴാണ് മരണം പുല്ലുവേലി മാഷിനെ കവരുന്നത്. ആ പുസ്തകം പൊൻകുന്നം ജനകീയ വായനശാല മെയ് ആദ്യ വാരത്തിൽ പ്രസിദ്ധപ്പെടുത്തുകയാണ്.

RECENT POSTS
Copyright © . All rights reserved