Latest News

തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് രാജേഷ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജീവനക്കാരി കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സൂചനയുണ്ട്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ജോലിക്കിടെ അപകടം പറ്റിയെന്ന് കാണിക്കാന്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയേയും സുഹൃത്തുക്കളെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായിരുന്നു. എന്നാല്‍ യുവതിയുടെ ബാഗിലും നഴ്‌സറി ഓഫീസിലുമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണം തന്നെയാണോ കൊലപാതകത്തിനു പിന്നിലെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. ഈ അവസരം മുതലാക്കിയാണ് പട്ടാപ്പകല്‍ അരുംകൊല നടത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പ്രതി നഴ്‌സറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതും 20 മിനിറ്റിനു ശേഷം തിരികെ പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരു ഓട്ടോയിലും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യവും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതി സംസാരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ അറിയിച്ചിരുന്നു.

ഡൽഹി സ്വദേശി ജയവർധന ശർമ (41 ) സൗത്പ്റ്റാണ് അടുത്ത് ന്യൂ മിൽട്ടൺ എന്ന സ്ഥലത്ത് നിര്യാതനായി . കവൻട്രിയിൽ വീട് വാങ്ങി താമസം മാറാനിരിക്കെ വെറും ഒരു മാസം കൊണ്ട് രോഗലക്ഷണം പ്രകടമാവുകയും മരണം അദ്ദേഹത്തെ കവരുകയും ആയിരുന്നു . ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വരുമാനം മാത്രമായിരുന്നു ഭാര്യ ഷെല്ലിക്കും മൂന്നു വയസായ കുഞ്ഞിനും ആശ്രയം .

ഇപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അവർക്കു ന്യൂമിൽട്ടണിലെ ഏതാനും മലയാളി കുടുംബങ്ങളാണ് ആശ്രയം . ജോലിയോ വരുമാനമോ ഇല്ലാത്ത , പെർമനന്റ് റെസിഡൻസിയും ഇല്ലാത്ത ഷെല്ലിയെ സഹായിക്കാൻ യുകെയിലെ മലയാളി സമൂഹത്തിന്റെ കരുണ കൂടി ആവശ്യമായി വന്നിരിക്കുകയാണ് . നിലവിലെ ജോലി രാജി വയ്ക്കുകയും പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെയും വന്ന സാഹചര്യത്തിലാണ് ജയവർധനയുടെ മരണം എന്നതും വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് .

നമ്മോടൊപ്പം സന്തോഷത്തോടെ കഴിയേണ്ട ഒരു കുടുംബം പ്രതിസന്ധിയിൽ സഹായം തേടി തളർന്നു നിൽകുമ്പോൾ , നമ്മളാണ് അവരുടെ പ്രതീക്ഷ . സാധ്യമാകുമെങ്കിൽ ഒരു കൈ സഹായം നല്കണമെന്നഭ്യർത്ഥിക്കുന്നു. https://www.gofundme.com/f/shelly-to-support-her-son-and-husband-funeral

യുകെ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം യുകെ മലയാളികൾക്ക് അനുഗ്രഹമാകും. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. യുഎസ്എ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലൻഡ്, മെക്സിക്കോ, മാലിദ്വീപ്, മലേഷ്യ, അയർലൻഡ്, ഫിൻലൻഡ്, ഹോങ്ങ്കോങ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും

ഇൗ മാസം 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്.

യുഎഇ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് പോകുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് കരുതണം. സൗദി കൂടാതെ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്. പ്രവാസികൾ വാക്സീൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതിയാൽ മതി. എന്നാൽ എയർ സുവിധയിൽ ഇത്‌ അപ്‌ലോഡ് ചെയ്യണം.

നിലവിൽ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ അത്യാവശ്യങ്ങൾക്കായി നാട്ടിലേയ്ക്ക് തിരിക്കാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. ഇതോടെ ആ പ്രശ്നത്തിനു പരിഹാരമായി.

.

ജോലിക്ക് കയറി ആദ്യ ദിവസം തന്നെ പിരിച്ചുവിട്ടാലോ?! കഷ്ടമായിരിക്കും അല്ലേ. കഴിഞ്ഞ ദിവസം റഷ്യയിൽ സമാനമായ സംഭവം നടന്നു. ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടു. കാരണമെന്താണെന്നല്ലേ? ബോറടിച്ചപ്പോൾ ഏഴ് കോടി വില വരുന്ന പെയിന്‍റിംഗിൽ കണ്ണുകൾ വരച്ചുവത്രെ.

വിലയേറിയ പെയിന്‍റിംഗ് വികൃതമാക്കിയതിനാണ് ജീവനക്കാരനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ മധ്യ-റഷ്യയിലെ യെക്കാറ്റെറിൻബർഗ് നഗരത്തിലെ ബോറിസ് യെൽറ്റ്‌സിൻ പ്രസിഡൻഷ്യൽ സെന്ററിലാണ് സംഭവം. ‘ത്രീ ഫിഗേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി 7.51 കോടിക്ക് തുല്യമായ 74.9 ദശലക്ഷം റഷ്യൻ റൂബിളിന് ഇൻഷ്വർ ചെയ്തിട്ടുണ്ട്. റഷ്യൻ കലാകാരനായ കാസിമിർ മാലെവിച്ചിന്റെ ശിഷ്യ അന്ന ലെപോർസ്കയയാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. 1932-34 കാലഘട്ടത്തിലാണ് ഇത് വരക്കുന്നത്.

ബോൾ പെൻ ഉപയോഗിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍റെ ചിത്രംവര. മുഖം വരക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം വൈറ്റ്, വാർണിഷ് കൊണ്ട് മൂടാത്തതിനാൽ പെയിന്റ് പാളിയിലേക്ക് മഷി കടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ശക്തമായ സമ്മർദ്ദമില്ലാതെ പേന ഉപയോഗിച്ച് വരച്ചതിനാൽ ചിത്രത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല.

സെക്യൂരിറ്റി ജീവനക്കാരന്‍റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പ്രവൃത്തി വിവേകശൂന്യമാണെന്നും ഭരണകൂടം പറഞ്ഞു. കേടുപാടുകൾ കൂടാതെ പെയിന്‍റിംഗ് പൂർവസ്ഥിതിയിലാക്കാൻ രണ്ടര ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.

40,000 രൂപ പിഴയും ഒരു വർഷത്തെ തൊഴിൽ ശിക്ഷയും ഉൾപ്പെടെയുള്ള നശീകരണ കുറ്റമാണ് സെക്യൂരിറ്റി ജീവനക്കാരനെതിരെ അധികൃതർ ചുമത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഏതായാലും ഇതോടെ ജീവനക്കാരന്‍റെ ‘ബോറടി’ മാറിക്കാണുമെന്നാണ് എല്ലാവരുടേയും അഭിപ്രായം.

 

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.

സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.

മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.

വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലിവിങ് റൂമില്‍ കസേരയിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റില്‍ ഇവരുടെ തോട്ടത്തിലെ മരങ്ങള്‍ വീഴുമെന്ന ആശങ്കയെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മരിനെല്ല മരിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും 2019ന്റെ അവസാനത്തോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് അയല്‍വാസികള്‍ക്കൊന്നും യാതൊരു വിവരവുമില്ല.

രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ മരിനെല്ലയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കോവിഡ് ഇറ്റലിയില്‍ ബാധിച്ച് തുടങ്ങിയ സമയത്ത് ഇവര്‍ വീട് പൂട്ടി ഏതെങ്കിലും ബന്ധുക്കളുടെ അടുത്തേക്ക് പോയിരിക്കാമെന്നാണ് കരുതിയിരുന്നതെന്നുമാണ് സമീപവാസികള്‍ അറിയിച്ചിരിക്കുന്നത്.

മരിനല്ലയുടെ ബന്ധുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ലെങ്കില്‍ മരിനെല്ലയ്ക്ക് ബഹുമാനപൂര്‍വ്വം അന്ത്യയാത്ര നല്‍കാന്‍ സഹകരിക്കണമെന്ന് കോമോ മേയര്‍ മരിയോ ലാന്‍ഡ്രിസിന നഗരവാസികളോടഭ്യര്‍ഥിച്ചു.

ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ ഇന്ന് വിവാഹമേളം മുഴങ്ങേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് തേടിയെത്തിയത് വേണ്ടപ്പെട്ടവരുടെ അപകട വാർത്ത. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. തലേദിവസമായ ബുധനാഴ്ച വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ച് വാഹനങ്ങളിലായി ഹരിപ്പാട്ടെ വധൂഗൃഹത്തിലേക്ക് യാത്ര തിരിച്ചത്.

പിന്നീട് ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിലെ വീട്ടിലെത്തിയത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി.

അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും കുടുംബവും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു.

കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ നാടിന് ഇവരുടെ വേർപാട് തീരാവേദനയാകുകയാണ്.

അതേസമയം, അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതു കാരണമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു.

ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന് പോംവഴി തേടിയെത്തിയ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ മന്ത്രവാദി ആണിയടിച്ചു കയറ്റി. പാകിസ്താനിലെ പെഷാവറിലാണ് സംഭവം. യുവതിയുടെ നെറ്റിയില്‍ തുളഞ്ഞു കയറിയ രണ്ടിഞ്ച് നീളമുള്ള ആണി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടില്‍ വെച്ച് പൊടുന്നനെ യുവതി ബോധരഹിതയായതോടെയാണ് കുടുംബം ഇവരെ വടക്കുപടിഞ്ഞാറന്‍ പെഷാവറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നെറ്റി തുളഞ്ഞു കയറിയ ആണി പറിച്ചെടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതി വേദനയില്‍ പുളയുകയായിരുന്നുവെന്നും ഡോ.സുലൈമാന്‍ ഡോണ്‍ പത്രത്തിനോട് പറഞ്ഞു.

നിലവില്‍ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. നാലാമത്തേത് ആണ്‍കുട്ടിയല്ല എങ്കില്‍ ബന്ധം ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. അള്‍ട്രാസൗണ്ടില്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതോടെയാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള വഴി തേടി മന്ത്രവാദിയുടെ അടുത്തെത്തുന്നത്. ഇയാള്‍ പരിഹാരമെന്ന് വിശ്വസിപ്പിച്ച് ആണിയടിച്ച് കയറ്റുകയായിരുന്നു. തലയോട്ടിയുടെ കുറച്ച് ഉള്ളിലേക്ക് ആണി തുളഞ്ഞു കയറിയെങ്കിലും തലച്ചോറിന് പരിക്കില്ല.

സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനും യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും ക്യാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ ഭര്‍ത്താവിനെതിരെയും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടി‌നെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്.

ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

“ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.‌

മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. “എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാൽ, ഈ കേസിൽ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് ഞങ്ങൾ സംശയിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാൽ വീട്ടുകാർക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.- പൊലീസ് വ്യക്തമാക്കി.

പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടിൽ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാൾ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തിൽ നിന്ന് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളിൽ രണ്ട് പേർ ഉണർന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന അവരെയും മറ്റ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി. മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്‌.

വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്‌. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക്‌ തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ യോഗി വോട്ടര്‍മാരോടായി പറഞ്ഞു

നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.

RECENT POSTS
Copyright © . All rights reserved