പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശസ്ത്രകിയയ്ക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് എയ്മി പീറ്റേഴ്‌സിനെ കോമയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള കോമ.
മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ എയ്മിക്ക് സ്‌പെയിനിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് കൂട്ടിയിടില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട എയ്മിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
തലയ്ക്ക് പറ്റിയ സാരമായ മുറിവിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അടുത്ത രണ്ട് മൂന്ന് ദിവസം താരം കോമയില്‍ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാവും താരം എപ്പോള്‍ സുഖം പ്രാപിക്കുമെന്ന ഏകദേശ ധാരണ ലഭിക്കുക.
രാധാകൃഷ്ണൻ മാഞ്ഞൂർ
ഇസ്രയേലിനെ നയിക്കാനുള്ളവൻ പിറക്കുന്നത് അപ്പത്തിൻെറ ഭവനം എന്നർത്ഥമുള്ള ബേത്ലഹേമിൽ ആയിരിക്കുമെന്ന് മിക്കാ പ്രവാചകൻ പ്രവചിച്ചിരുന്നു. ദൈവത്തിൻെറ അനന്തസ്നേഹം കാലിത്തൊഴുത്തിൻെറ ജീർണതയിലേയ്ക്ക് പിറന്നു വീഴുകയായിരുന്നു.ഇല്ലായ്മകളിലേയ്ക്കുള്ള തിരുപ്പിറവി . പൂർണ്ണ ഗർഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് എത്രയോ സത്രങ്ങൾക്ക് മുന്നിൽ മുട്ടി. ആട്ടിപ്പായിക്കപ്പെട്ടവൻെറ ഹൃദയ വേദനയുമായി വഴിയരികിൽ ഒരു കാലിത്തൊഴുത്താണ് അഭയത്തിൻെറ കൈത്താങ്ങായി മാറുന്നത്. ഓരോ യാത്രയുടെ ഇടങ്ങളിലും നമുക്കായി ഒരു രക്ഷാ മുനമ്പ് കാത്തിരിക്കുന്നുവെന്ന് ജോസഫിൻറെ ആ രാത്രി നമ്മെ ഓർമിപ്പിക്കുന്നു.
ഭൂമിയിലെ അനാഥർക്കുള്ള നാഥൻറെ പിറവി പ്രതീക്ഷകളുടെ ആകാശം ആകുന്നു. നമ്മുടെ ഹൃദയ കോവിലുകൾ അപരൻെറ ആവശ്യങ്ങളിലേക്ക് തുറന്നിരിക്കുക. ….അവന് സമ്മാനിക്കാൻ സ്നേഹത്തിൻറെ പുൽക്കൂടുകൾ അല്ലാതെ മറ്റെന്താണ് ഉള്ളത്?
ഓർമകളുടെ മഞ്ഞുവീണ ആ പാതിരാകുർബാന കാലം ഓർത്തെടുക്കുകയാണ് എഴുത്തുകാരനും റിട്ടയർഡ് അധ്യാപകനുമായ ശ്രീ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിൽ . ഡിസംബർ മാസം ആരംഭിച്ചു കഴിഞ്ഞാൽ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പാണ്.
പൊൻകുന്നം പള്ളിയിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം സഞ്ചരിച്ച ആ കാലമൊക്കെ ഇന്നലെയെന്നപോലെ ഓർക്കുന്നു. കൃത്യമായി നോയമ്പ് എടുത്ത് പ്രാർത്ഥനകളിൽ പങ്കെടുത്തു കഴിയുമ്പോൾ എന്തെന്നില്ലാത്ത ഉണർവാണ് മനസ്സിന് .
ഡിസംബർ 1 മുതൽ ആകെ തിരക്കാണ്. ഈന്തൽ ഇലകൊണ്ട് പുൽക്കൂട് ഒരുക്കൽ, മുള കീറി നക്ഷത്രം ഉണ്ടാക്കൽ , കരോളിനുള്ള തയ്യാറെടുപ്പുകൾ അങ്ങനെയങ്ങനെ….. പ്രകൃതിപോലും മഞ്ഞുവീണ് നിശബ്ദമായി കിടക്കുന്നത് പോലെ തോന്നും. കൃത്യം 12 മണിക്ക് പള്ളിക്കുള്ളിൽ വെഞ്ചരിച്ച ഉണ്ണീശോയുമായി അച്ഛൻ പുറത്തേക്ക് വരും. പള്ളിക്ക് വെളിയിൽ ഒരുക്കിയ വലിയ പുൽക്കൂടിനുള്ളിൽ ഉണ്ണീശോയെ കൊണ്ടുവയ്ക്കും. അതിനുള്ളിൽ രാജാക്കന്മാരുടെയും, ആട്ടിടയന്മാരുടെയും നീണ്ട നിരകൾ ഉണ്ടാവും.
മെഴുകുതിരി വെളിച്ചത്തിൽ പുൽക്കൂടൊരു സ്വർഗ്ഗ സമാനമായ കാഴ്ചയായി മാറുകയാണ്. ക്രിസ്തുനാഥൻെറ ജനനം അറിയിച്ച് കതിനകൾ പൊട്ടിക്കുന്ന നേരത്ത് അപ്പവും ഇറച്ചിക്കറിയും വച്ചിരുന്ന ഉറിയും പൊട്ടിച്ച് താഴെവീണ “മഹാൻ “മാരുടെ രസകരമായ കഥകൾ ഏറെയുണ്ടായിരുന്നു.
ഇന്ന് വിപണിയിൽ റെഡിമെയ് ഡ് പുൽക്കൂടുകൾ ലഭ്യമാവുന്ന കാലമാണ്. ചൂരൽ കൊണ്ട് നിർമ്മിച്ചത്. മാഞ്ഞൂരിൽ എൻറെ കുട്ടിക്കാലത്ത് പ്രിയ ചങ്ങാതിയും ഇപ്പോൾ അധ്യാപകനുമായ റജി തോമസും, അനുജൻ റോയിയും , റോബിനും ഒക്കെ ചേർന്നൊരുക്കിയ പുൽക്കൂടുകൾ ഓർമ്മ വരുന്നു. കുന്നൂപ്പറമ്പിലെ പുൽക്കൂട് കാണാൻ പോകുന്നത് ഒരു പരിപാടി തന്നെയായിരുന്നു . അവരുടെ പപ്പാ ( തോമസ് ചേട്ടൻ) എറണാകുളത്തു നിന്ന് വാങ്ങി കൊണ്ടുവരുന്ന രാജാക്കൻമാരും, ആട്ടിടയന്മാരും ഒക്കെ ഉണ്ടാവും. ഈന്തലിൻറെ ഇല കൊണ്ടും മീശ പുല്ലു കൊണ്ടും ഒരുക്കുന്ന നാഥൻറെ കാലിത്തൊഴുത്ത്…… മിന്നിമിന്നിത്തെളിയുന്ന ചെറിയ ബൾബുകളൊക്കെ കൗതുകക്കാഴ്ചയായി ഇന്നുമുണ്ട് മനസ്സിൽ ……ഡിസംബറിലെ ആകാശവിളക്കുകൾ……
ഡിജിറ്റൽ യുഗത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ആഘോഷങ്ങളും, കൂട്ടായ്മകളും വഴിമാറി പോകുന്നു. നമ്മുടെ ഹൃദയങ്ങളും പ്രവർത്തികളും അസ്വസ്ഥമാവുന്നു. ലോകം കോവിഡിൻെറ കഷ്ടതകളിൽ നിന്നും മോചനം നേടിയിട്ടില്ല. ജീവിതത്തിൻെറ വേവലാതിപ്പുഴ നീന്താനുള്ള വ്യഗ്രതയിൽ നാം സ്വത്വബോധം മറന്ന ഒരു ജനതയാവുന്നു. ആഘോഷങ്ങൾ പഴയ നാട്ടിൽ തനിമകൾ പിന്തുടരട്ടെ…..അയൽക്കാരൻെറ സങ്കടങ്ങൾ പങ്കിടാനുള്ള മനസ്സ് ഉണ്ടാവട്ടെ…… അവൻറെ കാഴ്ചകൾ നമ്മുടേതു കൂടിയാണ് എന്ന് അറിയുക.
ഉപരേഖ
ക്രിസ്തുമസ്, ഓണം എന്നീ ആഘോഷങ്ങൾക്ക് തനത് രുചിശീലങ്ങളുണ്ടായിരുന്നു. ( അടുക്കളയിൽ രൂപപ്പെടുന്ന കറിക്കൂട്ടുകളുടെ മായാജാലം). നമ്മുടെ അമ്മച്ചിമാർ പിന്തുടർന്ന ചേരുവകളിൽ നിന്നും വഴിമാറിയാണ് ആഘോഷ അടുക്കളകൾ പ്രവർത്തിക്കുന്നത്. തനതു രുചി ബോധങ്ങളും , ജീവിതശൈലികളും വീണ്ടെടുക്കാൻ നാം യത്നിക്കണം . മനസിൻെറ പുൽക്കൂടുകൾ തുറന്നിടുക….. മാനവികതയുടെ ആകാശം കാണട്ടെ.
എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.
ഫാ. ഹാപ്പി ജേക്കബ്
ഏവർക്കും തിരുജനനത്തിന്റെ പുണ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കാത്തിരുന്ന ദിനം ആഗതമായി. ഈ ആഴ്ചകളിൽ നാം ചിന്തിച്ച വേദ ചിന്തകളുടെ അടിസ്ഥാനത്തിൽ ഏവരും ക്രിസ്തുയേശുവിൽ വളരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ചിന്ത മാത്രം ഏവരും ഉൾക്കൊള്ളുവാൻ ഞാൻ ആഗ്രഹിക്കുന്നു. പാതിരാ കുർബാന കഴിഞ്ഞ് ദേവാലയത്തിൽ നിന്നും ഇറങ്ങി വരുന്ന ഏവരും ക്രിസ്തുവിനെ കൂടെ കൂട്ടുവാൻ മറക്കല്ലേ. കാത്തിരുന്ന ദിനം , സന്തോഷം ,കൂട്ടായ്മ എല്ലാം ലഭ്യമാകുന്നത് ക്രിസ്തുവിനെ കൂടെ കൂട്ടുമ്പോഴാണ് . അതില്ലാതെ ഒരു അനുഭവം നമുക്ക് ഉണ്ടാകരുതേ. കാരണം മറ്റൊന്നുമല്ല. പല കുടുംബങ്ങളുടെയും ഒരുക്കം കാണുമ്പോൾ ഏതോ വലിയ ആഘോഷം എന്ന് തോന്നിപ്പോകുന്നു . വിശുദ്ധ കുർബാന കഴിയുവാൻ സമയം നോക്കിയിരിക്കുവാണ് മിക്കവരും.
ദൂതൻ അവരോട്; ഭയപ്പെടേണ്ട ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു . കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. വി. ലൂക്കോസ് 2:10-11.
എല്ലാ ഭയാശങ്കകളും നീങ്ങി സന്തോഷ അനുഭവത്തിലേക്ക് നമ്മെ എത്തിക്കുന്ന ദിവ്യമായ ത്യാഗം. നോമ്പ് നോറ്റ് ഈ ജനനം സ്വീകരിപ്പാൻ ഒരുക്കത്തോടെ ഇരിക്കുന്ന ഏവർക്കും സന്തോഷം ലഭിക്കുന്ന തിരുജനനം. ക്രിസ്തുവിന്റെ ജനനം ആണല്ലോ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. എന്നാൽ ഒന്നോർക്കുക. കേവലം ആഘോഷത്തിനു വേണ്ടി ഒരു ദിനം മാറ്റി വയ്ക്കാതെ ഈ ജനനത്തെ നമ്മുടെ ജീവിതവുമായി ചേർത്തുവയ്ക്കുക. അവൻ നമ്മിൽ ജനിക്കട്ടെ , നമ്മളിൽ വളരട്ടെ. എന്റെ ഇമ്മാനുവേൽ എന്നിൽ എന്ന് നമുക്ക് തീരുമാനിക്കാം .
മാലാഖമാരും ആട്ടിടയന്മാരും ജ്ഞാനികളും എല്ലാം ക്രിസ്തുവിനെ കാണുന്നത് നമുക്ക് പ്രചോദനങ്ങളാണ്. മാലാഖമാർ ദിവ്യ സന്ദേശവാഹകർ ആയതുപോലെ ഈ തിരുജനനത്തിൻെറ സന്തോഷം വഹിച്ച് അന്ധകാരത്തിലും മരണ നിഴലിലും ആയിരിക്കുന്ന അനേകർക്ക് എത്തിക്കുവാൻ നാം ഒരുങ്ങണം . കഷ്ടതയുടെയും, വേദനയുടെയും, രോഗത്തിൻെറയും നടുവിൽ കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായിട്ടാണ് തണുപ്പ് ഏറ്റ് കാത്തിരിക്കുന്ന ആട്ടിടയന്മാർ. ബൗദ്ധികമായ നേട്ടങ്ങളല്ല, സമർപ്പണമാണ് ഉന്നതിയുടെ ഭാവം എന്ന് വിശിഷ്ട സമ്മാനങ്ങൾ നൽകി ജ്ഞാനികൾ നമ്മെ പഠിപ്പിച്ചു. എന്നാൽ ആണ്ടോടാണ്ട് നാം ഈ ശുശ്രൂഷകളിൽ പങ്കുകാരായിട്ടും നമ്മിൽ ഒരു ചലനവും ഉണ്ടായിട്ടില്ല എങ്കിൽ നാം ഇനിയും ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ല എന്നർത്ഥം. രാജത്വവും ധനവും ദാനവും എല്ലാം ശിശുവിനെ വന്നുകണ്ട് സമർപ്പിച്ചപ്പോൾ അത് ധന്യതയുടെ അനുഭവം ആയി മാറിയ പോലെ നമുക്കും നമുക്കുള്ളതും തിരുമുമ്പാകെ സമർപ്പിച്ചുകൊണ്ട് ഈ ജനനത്തിരുനാളിനെ വരവേൽക്കാം.
ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രസംഗിക്കുന്നവരെ അല്ല പ്രാവർത്തികമാക്കുന്നവരെയാണ് ലോകം ഇന്ന് ആവശ്യപ്പെടുന്നത്. ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഈ സദ്വർത്തമാനം നമുക്ക് മറ്റുള്ളവരെയും അറിയിക്കാം. അനേകം ആത്മാക്കളെ നേടുന്നവരും അനേക ജീവിതങ്ങളെ സ്വാധീനിക്കുന്നവരും ആയി തീരാം നമുക്ക്. പ്രത്യേകിച്ചും കിടപ്പാടം നഷ്ടപ്പെട്ടും ഉപജീവനമാർഗങ്ങൾ ഇല്ലാതെയും, രോഗികളായും അനാഥരായും തീർന്നവർ ഈ മഹാവ്യാധി മൂലം നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവരുടെ മുൻപിൽ ആർഭാടവും അഹന്തയും ആയി ഈ പെരുന്നാളിൽ നാം ആയിത്തീരുന്നെങ്കിൽ ഈ ക്രിസ്തുമസും യാതൊരു മാറ്റവും നമുക്ക് തന്നില്ല എന്ന് മനസ്സിലാക്കാം .
ഈ സദ്വർത്തമാനം ദൂതരിൽ നിന്ന് ശ്രവിച്ച ആട്ടിടയർ ” നാം ബെത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം ചെന്ന് കാണണം എന്ന് പറഞ്ഞു” ആയതുപോലെ ആശംസകാർഡിലും , കരോളിലും ആരാധനയിലും നാം മനസ്സിലാക്കിയ ഉണ്ണിയേശുവിനെ ദർശിച്ച് സായൂജ്യം അടയാം. ആചരണങ്ങളേക്കാളും മഹത്തരമാകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം. പ്രതീകങ്ങളേക്കാൾ പ്രശംസനീയമാകട്ടെ നമ്മുടെ ജീവിതം.
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ;ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” . ഇത് തന്നെയാകട്ടെ നമ്മുടെ ക്രിസ്മസും .
ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ
ഫാ. ഹാപ്പി ജേക്കബ്ബ്
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.
Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.
1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.
ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.
300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.
“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻഎംസിജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.
മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.
മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.
പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.
ഫേസ്ബുക്ക് പോസ്റ്റ്:
ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .
രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..
യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.
കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.
ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.
yum yum @KFC_UKI pic.twitter.com/hnTm8urQ3x
— Takeaway Trauma (@takeawaytrauma) December 20, 2021
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.
അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു. ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.ക്രൈസ്തവ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകൾ ആചരിക്കുന്നത്.
കേരളത്തിലും വിവിധ ദേവാലയങ്ങളിൽ പാതിരാക്കുർബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി.കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.
എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി.
കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി.
ഷെറിൻ പി യോഹന്നാൻ
ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.

ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.

സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ് ഫൈറ്റ് തന്നെ ധാരാളം.
‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.
Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട് സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.
അടി.. ഇടി…. വെടി….. പൂരം