literature

ശബ്ന രവി

മരുഭൂവായി മാറിയ മനസ്സിലിന്നൊരു
പുതുമഴ പെയ്യുന്ന സുഖമറിയുന്നു
ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ
ആരോ തഴുകുന്ന സുഖമറിയുന്നു.

സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ
ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു
അകലെയൊരിടയന്റെ മധുരമാം കുഴൽവിളി
കാറ്റലയായ് പുണരുന്ന സുഖമറിയുന്നു.

എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ
വീണ്ടും തളിർക്കുന്ന സുഖമറിയുന്നു
വറ്റിവരണ്ട മോഹമാം നദിയിൽ
തെളിനീർ കിനിയുന്ന സുഖമറിയുന്നു.

ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ
മിഴികളെ പുൽകുന്ന സുഖമറിയുന്നു
പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ-
ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]

അഖിൽ പുതുശ്ശേരി

ക്ഷണിച്ചിടാതെത്തുന്നു
നീയോണമേ
ഇന്നെൻ തൊടിയിലെ
തുമ്പമേൽ
പുതുമലർ സ്വപ്നമായ്
വിരിഞ്ഞുലയുവാൻ

ചേലെഴും വെയ് ലൊളി
മൂടിയെന്നങ്കണം
പാറിക്കളിക്കുന്നു
മഞ്ഞച്ചിറകുമായ്
വന്നൊരാ തുമ്പികൾ

ഞങ്ങൾ മറന്നുപോയ്‌
പാടുവാൻ
ചേലെഴുമന്നത്തെ ഓണപ്പാട്ടുകൾ
മറന്നുപോയ് പിന്നെയും
ആടുവാൻ
തുമ്പി തുള്ളിടാൻ.
മറന്നുപോയ്
പൂവിറുത്തൊരുക്കുമീ
പുതുനിലാകളങ്ങളൊരുക്കുവാൻ

പുതുമഴ തോർന്നൊരാ
പുഴയുടെ മാറിലായ്
ആരവമൂറും കരുത്തും
വഞ്ചിപ്പാട്ടും
നിറഞ്ഞൊരാ തോണിയിൽ
മത്സരിച്ചീടുന്നതോ
മറന്നുപോയ്‌ ഓണമേ.

തെറ്റിടുന്നോ കാലമേ
നിന്നുടെ ശീലങ്ങൾ
വെമ്പലോടെത്തുന്നു
പോകുന്നു
പിന്നെയുമെത്തുന്നു പോകുന്നു
ആരുമറിയാതെ
എന്നുമെന്നും
യാന്ത്രികമായ് നീ ഓണമേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

ഡോ. ജോസഫ് സ്‌കറിയ

സാമൂഹികസമ്പർക്കങ്ങളുടെ കാലമാണ് മലയാളിക്ക്‌ ഓണക്കാലം. ലോകത്തിൻറെ ഏതു ഭാഗത്തായിരുന്നാലും ഒന്നിച്ചുകൂടാനുള്ള ആവേശമാണ് അപ്പോഴൊക്കെ ഓരോ സാധാരണമലയാളിയെയും നയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ അനുഭവപരമാക്കുന്നതാണ് ഒത്തുചേരൽ. അത്തപ്പൂക്കളം കാഴ്ചയെയും ഓണസദ്യ രുചിബോധത്തെയും ഓണപ്പാട്ട് കേൾവിയെയും അനുഭവപരമാക്കുന്നു. ഏതു ദുരിതകാലത്തെയും അതിജീവിക്കാൻ നമ്മുടെ കയ്യിലുള്ള സാംസ്കാരിക ആയുധമാണ് ഇത്. ഓർമ്മവെച്ച നാൾ മുതൽ നാമോരോരുത്തരും പങ്കുചേർന്ന ഓണക്കളങ്ങൾ നാൾക്കുനാൾ വർണ്ണശബളിതമായി. ഒഴിവാക്കാനാവാത്ത ആഘോഷവും ആചാരവും വിശ്വാസവും ഒക്കെയായി അതു വളർന്നു. മലയാളി ജീവിതം ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ഓണം വരും; മാവേലിയും വാമനനും വരും; ഓണപൂക്കളവും ഓണ സദ്യയും കളികളും വരും ; ഓർമ്മയിൽ അത്ര തീവ്രമാണ് നമ്മുടെ ഓണം. ഒരർത്ഥത്തിൽ ഓർമയാണ് ഓണം.

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഓർമയാണ്. ഭാവന കലർന്ന ഓർമ്മ. ആ ഓണപ്പാട്ടിന്റെ ഓരം ചേർന്നുണ്ട് നല്ല കാലത്തിൻറെ അഭാവ രാശികൾ. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിൽ അമർന്നു സമ്പർക്കം തീർത്തും ഇല്ലാതായെങ്കിലും അവിടങ്ങളിലെല്ലാം ഭൗതികവിലക്കുകളെ മറികടന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വികാസത്തിന്റെ സർവ്വ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോൾ.

കേരളീയ ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ ഏതു ഭാഗത്തും ഓണ ഗ്രാമങ്ങൾ നിർമ്മിച്ച് കേരളത്തെ വിസ്തൃതി പെടുത്തുകയായിരുന്നു മലയാളികൾ. കുടിയേറ്റം, പ്രവാസജീവിതം എന്നിവയിലൂടെ കേരളം ഓണത്തെ ലോകത്തിനു തിരികെ നൽകി. ‘അസീറിയയിൽനിന്ന് കേരളം സ്വീകരിച്ച സാംസ്കാരിക ആഘോഷമാണ് ഓണം’ എൻ വി കൃഷ്ണവാരിയർ പറഞ്ഞിട്ടുണ്ടല്ലോ. കേരളം എന്ന ദേശ സംസ്കാരം ആകെ ത്തന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുവംകൊണ്ടതാണ്. ലോകത്തെ ചലനാത്മകമാക്കുന്നത് ഇത്തരം ചില കൊടുക്കൽവാങ്ങലുകൾ അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? സാമൂഹിക സമ്പർക്കം തീർത്തും ഇല്ലാതാകുന്നു എന്ന് പറയുമ്പോഴും നാം മാനസികമായി, ഭാവനാപരമായി സമ്പർക്കത്തിലാണ്. ഓൺലൈൻ പരിപാടികൾ, ഓൺലൈൻ ഓണക്കളികൾ എന്നിവയൊക്കെ പലതും അനുഭവിക്കുന്നുണ്ട്. നൂറു വർഷം മുമ്പുള്ള ഓണക്കാലത്ത് പാട്ടകുട്ടിയാൻ മുതൽ പുലയൻവരെ അനുഭവിച്ച സങ്കടങ്ങളെ ചരിത്രം തോണ്ടിയെറിഞ്ഞു. ജന്മിക്ക് ഓണം നൽകുന്ന സന്തോഷങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഒരു കാലത്താണ് നാം ഇപ്പോൾ. പരാധീനതകൾ അടക്കിപ്പിടിച്ച് ഓണ ദിനത്തെ മറികടക്കുന്ന സാമാന്യ മലയാളിയുടെ ഓണമാണിത്.

ഡോ. ജോസഫ് സ്‌കറിയ

1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

ഡോ. ഐഷ വി

ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.

പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.

പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഒ.സി. രാജു

ഓണം അതിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മയായ് പെയ്തിറങ്ങുന്നത് കുട്ടിക്കാലത്തുതന്നെയാണ്. മാനം നിറഞ്ഞുവരുന്ന മഴക്കാറും മഴക്കാറു കൊണ്ടുവരുന്ന പേമാരിയും പേമാരി കൊണ്ടുപോകുന്ന, ജീവിതങ്ങൾക്കുമൊടുവിൽ മാനം പിന്നെയും തെളിയും പൂക്കൾ വിടരും സ്വർണ്ണ തിളക്കമുള്ള പകലുകളിൽ പരൽമീൻപോലെ തുമ്പികൾ തിമിർക്കും. സ്വപ്നങ്ങൾ തളിർക്കും. മണിമലയിലെ എന്റെ ഗ്രാമത്തിലേയ്ക്ക് ഓണം ഇങ്ങനെയൊക്കെയാണ് കടന്നുവന്നിരുന്നത്.

പേമാരി കവർന്നെടുക്കുന്നുവെന്നു പറഞ്ഞല്ലോ, മിക്കവാറും പ്രായമായവരും കിടപ്പിലായ രോഗികളുമൊക്കെയാണ് ആ പെരുമഴക്കാലത്തിന്റെ ഇരയായി മാറുന്നത്. നാട്ടിലെ മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക മാസത്തിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ തണുപ്പും അതിജീവിക്കുക എന്നത് ആരോഗ്യം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ മരണവും നാടിനേൽപ്പിക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമായതുകൊണ്ടുതന്നെ ദുരിതവും പട്ടിണിയും നഷ്ടങ്ങളും മാത്രം പങ്കുവയ്ക്കപ്പെടുന്ന കർക്കിടക ദിനങ്ങളെക്കൂടി ഓർത്തെടുക്കാതെ ഓണത്തെക്കുറിച്ച് പറയുന്നതെങ്ങനെ?

ചില പകലുകൾ ഉണരുന്നത് മൂടിക്കെട്ടിയ മഴക്കാറിനൊപ്പം കറുത്ത കാലൻകുട ചൂടി വാതിലിൽ മുട്ടി വിളിക്കുന്ന മരണവാർത്തയോടും കൂടിയാണ്. കുട മടക്കി മരണസന്ദേശവാഹകൻ പറയും നമ്മുടെ ഒറ്റപ്ലാക്കലെ തോമാച്ചൻ പോയി… അല്ലെങ്കിൽ, വരമ്പത്തെ കുഞ്ഞേട്ടൻ പോയി കേട്ടോ… തുടർന്ന് പരേതനെക്കുറിച്ച്, ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കേൾക്കാനിടയില്ലാത്ത, വാക്കുകൾകൊണ്ട് ആദരിക്കുകയുമായി. “മരിച്ചുപോയതുകൊണ്ടു പറയുകയാണെന്ന് കരുതരുത്, ഇതുപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടിട്ടില്ല.” എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിട്ട് ഒടുവിൽ അതെല്ലാം തിരിച്ചെടുത്തുകൊണ്ട് ഒരു ലോകതത്വം പോലെ ഇങ്ങനെ ഉപസംഹരിക്കും “അല്ലേലും മരിച്ചത് നന്നായി, കെടന്ന് നരകിക്കാതെ പോയല്ലോ.” ഇതിനിടയിൽ കിട്ടുന്ന കട്ടൻകാപ്പി ഒറ്റവലിക്ക് കുടിക്കുകയും “സംസാരിച്ചുനിൽക്കാൻ നേരമില്ല, കൊറേ സ്ഥലത്തുകൂടി മരണം പറയാനുണ്ട്” എന്ന് ധൃതി കൂട്ടി തിരിച്ചൊരുകാര്യവും ചോദിക്കുവാനോ പറയുവാനോ അവസരം തരാതെ പോവുകയും ചെയ്യും!

ആശങ്കകളുടെയും ആകുലതകളുടെയും മഴദിനങ്ങൾക്ക് ശേഷം ചിങ്ങം ഉണരുമ്പോൾ ആദ്യം നോക്കുന്നത് പറമ്പിൽ നിൽക്കുന്ന ഏത്തവാഴക്കുലകൾ പാകമായോ എന്നാണ്. കാരണം വാഴവിത്ത് നടുമ്പോഴേ മനസ്സിൽ ചില കണക്കുകൂട്ടൽ ഉണ്ടായിരിക്കും. ഈ വാഴക്കുലയിലെ കായ ഓണത്തിന്… ഗുരുതരമായ കീടബാധകളോ പ്രകൃതി ദുരന്തങ്ങളാ ഉണ്ടാകാത്ത പക്ഷം കണക്കുകൂട്ടൽ തെറ്റാറില്ല. ഓണനാളുകളിൽ തന്നെ വിളഞ്ഞ് പാകമാകുന്ന നേന്ത്രക്കുല ഉപ്പേരിയും മറ്റുമായി മാറുന്നു. ഒരു പക്ഷേ, ഏറെക്കുറെ കൃത്യമാകാറുള്ള ആ നിഗമനത്തിന്റെ പിൻബലത്തിലാവും വഴി പിഴച്ചുപോകുന്ന സന്താനങ്ങളെ ഓർത്ത് “വാഴ നടുകയായിരുന്നു ഭേദമെന്ന്” ചിലർ പിറുപിറുത്തിരുന്നത്.

വര : ഒ.സി. രാജു

ഓണത്തിനുള്ള വിഭവങ്ങൾ മിക്കവാറും സ്വന്തം പുരയിടത്തിൽ നിന്നു തന്നെയാവും കണ്ടെത്തുക. വിഭവങ്ങൾ എന്നു പറയുമ്പോൾ ഇന്നത്തേതുപോലെ ഒരു പാട് ഇനങ്ങളാന്നും ഉണ്ടാവില്ല, എന്നും വിളമ്പുന്നതിലധികമായി ഒരു പരിപ്പുകറിയോ പപ്പടമോ പായസമോ കാണും. അതിനുള്ള ചേരുവകകൾ അടുത്തുള്ള കടയിൽ നിന്നോ ചന്തയിൽ നിന്നോ നേരത്തെതന്നെ വാങ്ങി വച്ചിരിക്കും.

തിരുവോണത്തിന് ഇലയിടുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാവണമെന്ന അലിഖിത നിയമം ആരും തെറ്റിക്കാറില്ല. പേരിന് ഒരുരുള അകത്താക്കി പിന്നെ പുറത്തേയ്ക്ക് ഇറങ്ങുകയായി, സമപ്രായക്കാരുടെയെല്ലാം വീടുകളിൽ ഓണസദ്യയ്ക്ക് ക്ഷണമുണ്ട്. അതിൽ പങ്കുചേർന്നില്ലെങ്കിൽ വീണ്ടുമൊരോണത്തിന് കടം വീട്ടുന്നതുവരെ ചങ്ങാതി മുഖം വീർപ്പിച്ചു നടക്കും. ഇല്ലായ്മകൾക്കിടയിലെ ഓണമാണെങ്കിലും കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവ സമൃദ്ധമായിരുന്നു ആ ഓണക്കാലങ്ങൾ. ഓരോ വീടിനും ഓരോ സ്വാദായിരുന്നു, മക്കളുടെ കൂട്ടുകാർക്കും ഒരില മാറ്റിവച്ചിരുന്ന കാലം. ഓണം എന്ന സങ്കല്പം വിഭാവനം ചെയ്തിരുന്ന യഥാർത്ഥ മാവേലിക്കാലവും അതുതന്നെയായിരിക്കണം. എത്ര ഉദാത്തമായിരുന്നു ആ കാലമെന്ന് ഇന്ന് ഒരു നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ പറ്റുകയില്ല.

ഓണമുണ്ട് കഴിഞ്ഞാൽ മുറ്റത്തെ മാവിലെ ഊഞ്ഞാലിലേയ്ക്ക്. ആയത്തിലാടി കുതിച്ചുയർന്ന് ഏറ്റവും ഉയരമുള്ള ശിഖരത്തിലെ തളിരില കടിച്ചെടുത്ത് ഒരു ജേതാവിനെപ്പോലെ ആ മരത്തെയും കീഴടക്കി പിന്നെ അടുത്ത വീട്ടിലെ ഓണക്കളത്തിലേക്ക്, ആ യാത്ര അന്തിചോപ്പു പടരുന്നതുവരെ നീളും. അതിനിടയ്ക്ക് സ്തീകളുടെ മാത്രം ചില കളികൾ, കലാപരിപാടികൾ, പലതരം കാഴ്ചകൾ ഒക്കയുണ്ടാവും.

ആ പഴയ കാലത്തെ വീണ്ടും ഓർക്കുമ്പോൾ, ഇന്ന് ആലോചിക്കുവാൻ പോലും പറ്റാത്തകാര്യം അയൽപക്കത്തുനിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കുന്ന കാര്യമാണ്, ആധുനിക മലയാളിക്ക് അയൽവാസി എന്നാൽ മറ്റേതോ രാജ്യത്ത് വസിക്കുന്ന ഒരപരിചിതൻ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവൻ ഓണമുണ്ടാലും ഉണ്ടില്ലെങ്കിലും അത് അപരനെ ബാധിക്കുന്നില്ല. അവനവന്റെ മതിൽകെട്ടിനുള്ളിൽ ഓരോരുത്തരും അവരവരുടേതായ ഓണം നിർമ്മിക്കുന്നു, ഒരുതരം അസംബ്ലിംഗ് എന്ന് പറയുന്നതാവും കൂടുതൽ ശരി.

തമിഴകത്തുനിന്നും വരുന്ന പൂക്കൾ തീവില കൊടുത്ത് വാങ്ങി പൂക്കളമിടുന്നു, ആന്ധ്രയിൽനിന്നും വരുന്ന അരികൊണ്ടു ഓണസദ്യ ഒരുക്കുന്നു. ചിലരാകട്ടെ സദ്യതന്നെ ഓൺലൈനിൽ വരുത്തുന്നു. ആഘോഷങ്ങളും സ്വകാര്യനിമിഷങ്ങളുമടക്കം എല്ലാം ലൈക്കും ഷെയറുമായി മാറ്റപ്പെടുന്ന കാലത്ത് അവനവന്റെ ആത്മസംതൃപ്തിപോലും മലയാളിയുടെ അജണ്ടയിൽ ഇല്ല എന്ന് കാണാവുന്നതാണ്. എല്ലാം അപരന്റെ മുൻപിൽ തുറന്നുവച്ച് മേനിനടിക്കുന്നതിൽ മാത്രമാണ് ഇന്ന് അവൻ ആനന്ദം കാണുന്നത്.

ഇപ്പറഞ്ഞതിൽനിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെങ്കിൽ, കേരളം വിടുക, രാജ്യത്തിനും പുറത്ത് മലയാളി ചേക്കേറിയിട്ടുള്ള തുരുത്തുകളിൽ എത്തുക, അവിടെ മറ്റൊരു നാടിന്റെ ചര്യകൾക്കകത്തു നിൽക്കുമ്പോഴും സ്വന്തം നാടിന്റെ നിറവും മണവും തനിമയും കൈമോശംവരാത്ത മനസ്സോടെ ആഘോഷങ്ങളെ എതിരേൽക്കാൻ വെമ്പുന്ന ലോക മലയാളിയെ കാണാം, ഓണവും അവിടെത്തന്നെ തിരയുക.

ഒ.സി. രാജു

കോട്ടയം ജില്ലയിലെ മണിമല സ്വദേശി, ഇപ്പോൾ കോട്ടയത്തു സ്‌ഥിര താമസം. കാർട്ടൂണിസ്റ്റും കോളമിസ്റ്റും തിരക്കഥാകൃത്തുമാണ്. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തും വരയുമായി സജീവം. ഇപ്പോൾ ഡിജിറ്റൽ പ്രസിദ്ധീകരണമായ മലയാളം മെയിലിന്റെ എഡിറ്റർ. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
PH: +91 9946715941
Mail: [email protected]

 

ശ്രീനാഥ് സദാനന്ദൻ

“എന്നിട്ട്.. ? “ … ഹരി ഒട്ടും താല്പര്യം കാട്ടാതെ ചോദിച്ചു.

“ എന്നിട്ടെന്താ മുരളി സാർ രണ്ടുപേരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..” നയന ആവേശം ഒട്ടും ചോരാതെ പറഞ്ഞു തീർത്തു..

“ ശരിയാ പുള്ളി ആളൊരു ഹീറോ തന്നെയാണ് പക്ഷേ…” ഹരി എന്തോ പറയാൻ ബാക്കി വെച്ചു .

നയനയുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു ..“ എന്താ ഒരു പക്ഷേ..?

“ അല്ല ഒന്നുമില്ല മനുഷ്യരല്ലേ… ഒന്നും പറയാൻ പറ്റില്ല…” അവൻ ഒഴിഞ്ഞു മാറി.

“ അതെന്താ ഒരു അർത്ഥം വെച്ച് പറയുന്നപോലെ..” അവൾ വിടാൻ ഭാവമില്ലായിരുന്നു..

“ ഒന്നുമില്ലെടീ… നീ ഇപ്പോൾ ഫസ്റ്റ് ഇയർ അല്ലേ… ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമല്ലേ കഴിഞ്ഞുള്ളൂ… ഓൺലൈൻ ക്ലാസ് എത്ര സെമസ്റ്റർ കഴിഞ്ഞു…? “ ഹരി വിഷയം മാറ്റിക്കഴിഞ്ഞു ..

“ ഫസ്റ്റ് സെം മുഴുവൻ കഴിഞ്ഞു എന്ന് ടീച്ചേഴ്സ് പറയുന്നു… പക്ഷേ ഒരു പിടിയും കിട്ടുന്നില്ല.. പ്രത്യേകിച്ച് ഇംഗ്ലീഷ് ഒക്കെ ഒരു തീയും പുകയും മാത്രമേയുള്ളൂ.. എല്ലാം ഒന്നുകൂടി പറഞ്ഞു തരണം എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്… പക്ഷെ മുരളി സാറിന്റെ പോർഷൻ ഒക്കെ, പുള്ളി വെറുതെ ഒന്ന് പറഞ്ഞാൽ മതി, എല്ലാം ഒക്കെയാണ്… “

ഹരിയുടെ മുഖം വിളറി . വീണ്ടും അവൾ മുരളി സാറിലേക്ക് എത്തുന്നത് കണ്ട് അവൻ മറ്റൊരു വിഷയത്തിലേക്ക് കടന്നു …“ നിനക്കറിയാമോ… പണ്ട് എക്സാമിന് തലേദിവസം ഒരു പെൺകൊച്ച് പഠിക്കാൻ ആയിട്ട് കോളേജിൽ വന്നിട്ട് ടീച്ചേഴ്സിനെ കണ്ടു, അവള് ചിക്കൻപോക്സ് ആയിട്ട് അവധിയായിരുന്നു.. എല്ലാം മാറിയപ്പോഴേക്കും പരീക്ഷ വന്നു തലയിൽ കയറി… അന്ന് കോളേജിൽ വന്നതിനുശേഷം പിന്നെ അവളെ ആരും കണ്ടിട്ടില്ല.. അവൾക്കൊരു ലൈൻ ഉണ്ടായിരുന്നു… എല്ലാ കേസും അവന്റെ തലയിൽ ആയി… നമ്മുടെ കോളേജിന്റെ ചരിത്രത്തിൽ ആകെയുള്ള ഒരു ബാഡ് മാർക്കാണ് ആ കേസ്. പക്ഷേ പലർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്… അന്നവൾ അവസാനമായി കണ്ടത് മുരളി സാറിനെ ആയിരുന്നു.. “

“ എന്താ ഹരി ഈ പറയുന്നത്..? “ നയനയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

സത്യമെന്തായാലും ആ ദിവസത്തെ കളങ്കം എല്ലാവരും മുരളി സാറിന് ചാർത്തിക്കൊടുത്തതാണ് . ഒന്നുകൂടി ആവർത്തിച്ചത് കൊണ്ട് തെറ്റില്ലെന്ന് അവൻ കരുതി … ” അല്ല നയന … മുരളി സാർ എന്തെങ്കിലും ചെയ്തെന്നല്ല… അതിന് ഒരു തെളിവുമില്ല… പക്ഷേ അറിഞ്ഞത് പറയണമല്ലോ .. ഒന്നാമത് നമ്മൾ ഒരേ നാട്ടുകാരാണ്, നിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണമെന്ന് മാർട്ടിൻ അങ്കിൾ ഇന്നലെയും പറഞ്ഞിരുന്നു.. ഒരു സീനിയറിന്റെ അധികാരത്തിൽ നിന്നെ ശ്രദ്ധിക്കുന്നത് ഒക്കെ ബോർ ഏർപ്പാടാണ്, പെൺപിള്ളേർ അവരുടെ കാര്യം സ്വയം നോക്കണം എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്… പക്ഷേ നീ പല കാര്യത്തിലും ഇത്തിരി പിറകോട്ടാ… ഇപ്പോൾ തന്നെ വാട് സാപ്പിൽ സ്റ്റാറ്റസ് ഇടാൻ പോലും നീ ഇന്നലെ അല്ലേ പഠിച്ചത്. .”?

അവൻ മെല്ലെ ഒരു സംരക്ഷകനാകാൻ ശ്രമിച്ചു ..

അവൾ ധർമസങ്കടത്തിലായ്… “ ഞാനെന്തു വേണം ഹരി? “

താൻ പറഞ്ഞത് എല്ലാം അവൾ വിശ്വസിച്ചെന്ന് ഹരിക്ക് മനസ്സിലായി . അവൻ തുടർന്നു… ” നീ അല്പംകൂടി അപ്ഡേറ്റഡ് ആവണം, ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുത്, ഈ എന്നെപ്പോലും.. നീ ഒരു പെൺകുട്ടി ആയത് കൊണ്ട് പറയുന്നതല്ല… ആണുങ്ങളുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്, അപ്ഡേറ്റ് ആയില്ലെങ്കിൽ നമ്മൾ വേസ്റ്റ് ആയിപ്പോകും , ഉദാഹരണത്തിന് ഇപ്പൊ നമ്മുടെ മുരളി സാർ രാത്രി 12 മണിക്ക് ഏത് അവസ്ഥയിലാണ് എന്ന് നിനക്ക് പറയാൻ പറ്റുമോ? “

“ ഇല്ല”

“ ഇല്ല അല്ലേ ?… എന്തിന് മുരളി സാറിന്റെ കാര്യം പോട്ടെ… എന്റെ കാര്യം പറയാൻ പറ്റുമോ…പോട്ടെ, നിന്റെ ക്‌ളാസ്സിലെ ആ പോലീസുകാരന്റെ മകനില്ലേ.. എന്താ അവന്റെ പേര്… ” അവളുടെ ശ്രദ്ധ അളക്കാനെന്നവിധം അവൻ ചോദിച്ചു ..

“വിനീത് ആണോ ?”

അവളുടെ പൂർണ്ണ ശ്രദ്ധയും ഹരിയിൽ തന്നെ ആയിരുന്നു …അത് മനസ്സിലാക്കി ഹരി തുടർന്നു …

“അതേ , വിനീത് എന്താവും ചെയ്യുന്നത്.. അവൻ ആ സമയത്ത് ഏത് അവസ്ഥയിൽ ആയിരിക്കും എന്ന് പറയാൻ പറ്റുമോ? ഇല്ലല്ലോ? അതാ പറഞ്ഞത്, പിന്നെ അങ്ങേരു നിനക്ക് മെസ്സേജ് ഒക്കെ അയക്കുമോ? ‘’

“ അയയ്ക്കും… ക്ലാസ്സ് ലീഡറായിട്ട് എന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്, നേരത്തെ തന്നെ ഓൺലൈൻ ക്ലാസ്സ് എടുക്കുന്നതിന് എല്ലാവരുടെയും സൗകര്യം എപ്പോഴാണ് എന്നൊക്കെ അറിയാൻ സാർ എന്നെ ആണ് വിളിച്ചിരുന്നത്… അയ്യോ, ഇപ്പോ സാറിന്റെ റൂമിലേക്ക് ഒന്നു ചെല്ലണമെന്ന് മെസ്സേജ് അയച്ചിട്ടുണ്ട്. ഏതോ സെമിനാറിന്റെ കാര്യം പറയാനാണ്..”

അവളുടെ മറുപടി ഹരിയെ അസ്വസ്ഥനാക്കി ..തന്റെ കരുതൽ എത്രത്തോളമുണ്ടെന്നു നയനയെ ബോധ്യപ്പെടുത്താൻ അവൻ അല്പം ദേഷ്യത്തോടെ പറഞ്ഞു….

“ ഇപ്പോ ഈ നാലുമണിക്ക് അല്ലേ,,, ഇതുവരെ സമയം കിട്ടിയില്ലായിരിക്കും ! സാറിന്റെ റൂം എവിടെയാ ഇരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ നിനക്ക്.? ഉച്ചകഴിഞ്ഞ് അതിലെ പോയാൽ നല്ല ചാത്തൻ റമ്മിന്റെ മണം അടിക്കും. ഈ സമയത്ത് അതുവഴി തനിച്ചു പോകുന്നതിനെക്കുറിച്ച് ഒന്നൂടെ ആലോചിക്കണം എന്നേ ഞാൻ പറയൂ..”

“’ ഹരിയേട്ടാ അത്..?

അവൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു …ആ സമയത്ത് ഹരിയിൽ നിന്നും ഹരിയേട്ടനിലേക്കുള്ള മാറ്റം ആസ്വദിക്കുകയായിരുന്നു അവൻ..

അവൾ അടുത്ത നിമിഷം ഫോൺ എടുത്തു ഡയൽ ചെയ്തു

“ നീ ആരെയാ വിളിക്കുന്നത്..? “

ഹരിക്ക് മറുപടി നൽകും മുൻപ് ഇന്ദു ഫോൺ എടുത്തു .

“ ഹലോ ഇന്ദു , മുരളി സാറിന്റെ റൂമിലേക്ക് പോകാൻ എന്റെ കൂടെ നീ ഒന്ന് വരണം, ഇല്ല ഒന്നുമില്ലെടി, ഒരു സെമിനാറിന്റെ കാര്യം പറഞ്ഞിരുന്നു. അല്ല നീ കൂടെ വാടി… ശരി ശരി…” അവൾ ശ്രമപ്പെട്ട് ഇന്ദുവിനെ സമ്മതിപ്പിച്ചു ..

നയനയെ ആശ്വസിപ്പിക്കാനായി ഹരി വീണ്ടും പറഞ്ഞു തുടങ്ങി…“ ഞാൻ പറഞ്ഞത് കേട്ട് നീ ഒന്നും ചെയ്യണ്ട, ഇന്നത്തെ ലോകം അതാണ്… ശാശ്വതമായിട്ട് ഇവിടെ ഒരു കാര്യം മാത്രമേ നടക്കുന്നുള്ളൂ…അത്‌… “ അവൻ പാതിയിൽ നിർത്തി ..

“ എന്താ അത്? “ നയനയുടെ കണ്ണുകളിൽ കൗതുകം .

“ അത്… ഇനി രണ്ടു വർഷം കൂടി ഉണ്ടല്ലോ, നീ തനിയെ മനസ്സിലാക്കിക്കൊള്ളും..” അവൻ പറഞ്ഞു നിർത്തി .

അവരുടെ അടുത്തേക്ക് ഇന്ദു തിടുക്കപ്പെട്ട് ഓടിവന്നു . അവൾ നയനയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു …“ എടി നയനാ … വേഗം വാടി.. ഒന്നാമത് സമയമില്ല അതിനിടയ്ക്ക് അവളുടെ ഒരു മുരളി സാർ.. ഹരിയേട്ടാ പോട്ടെ..”

“ ശരി ഹരിയട്ടാ നാളെ കാണാം…” നയനയും ഹരിയോട് യാത്ര പറഞ്ഞു..

“ ശരി ഇന്ദു,, ok നയനാ നാളെ കാണാം….

അവരെ പറഞ്ഞയച്ച ശേഷം ഫോൺ എടുത്തു ഡയൽ ചെയ്തു…. “ഹലോ…”

“ ഹലോ”….മുരളി സാർ ഫോൺ എടുത്തു .

“ ഹലോ മുരളി സാറേ ഞാൻ തേർഡ് ഇയറിലെ ഹരിയാണ്…”

“ ആ, ഹരി പറ…”

ഹരി വാക്കുകളിൽ ഗൗരവം നിറച്ചു പറഞ്ഞു തുടങ്ങി …“ സാറേ ഫസ്റ്റ് ഇയറിലെ നയന നമ്മുടെ ഒരു അയൽക്കാരി ആണ്, ഒരു പ്രത്യേക ശ്രദ്ധ വേണം കേട്ടോ സാറേ, ഇപ്പോ തന്നെ അവളെ എന്തോ ഒരു പ്രശ്നം അലട്ടുന്നുണ്ട്…”

“ ആണോ… പനം പാലത്തു നിന്ന് വരുന്ന ആ കുട്ടി അല്ലേ.. നന്നായിട്ട് പഠിക്കുന്ന കൊച്ചാണല്ലോ അത്, എന്താ കാര്യം എന്ന് നീ ചോദിച്ചില്ലേ? “

…ഒരു അധ്യാപകന്റെ കരുതലോടെ മുരളി സാർ ചോദിച്ചു .

“ ഇല്ല സാറേ അവൾ പറയില്ല, അതൊരു പ്രത്യേക ക്യാരക്ടർ ആണ്, സാർ വൈകിട്ട് ഒന്ന് ചോദിച്ചാൽ മതി, ഞാൻ പറഞ്ഞതാണെന്ന് അറിയേണ്ട, ഇനി അത് മതി.. സാറിനോട് മാത്രമാണ് അവൾക്കൊരു റെസ്പെക്ടും ഇഷ്ടവും ഒക്കെ ഉള്ളത്, അവളുടെ പപ്പാ മാർട്ടിൻ അങ്കിൾ എന്നെയാണ് അവളെ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത്… ഇവളുടെ ഈ സ്വഭാവം കാരണം എനിക്ക് നേരിട്ട് ഇടപെടാനും പറ്റില്ല, സാറ് വൈകിട്ട് അവൾക്ക് ഒരു മെസ്സേജ് ചെയ്യ്, എന്തോ പ്രേമത്തിന്റെ കേസ് കെട്ടോ മറ്റോ ആണെന്ന് തോന്നുന്നു…. വീട്ടിൽ എങ്ങാനും അറിഞ്ഞാൽ, എന്റെ തല കൂടി പോകും. സാർ നൈസായിട്ട് ഒന്ന് കൈകാര്യം ചെയ്യ്… “

ഹരി മുരളി സാറിന്റെയും വിശ്വാസം നേടിയെടുത്തു …

“ ശരി ഹരി ഞാൻ ചോദിക്കാം…” മുരളി സാർ ഉറപ്പ് നൽകി .

“ ഓക്കേ സർ, പിന്നെ ഞാൻ പറഞ്ഞിട്ടാണ് സാർ ഇതൊക്കെ അറിഞ്ഞതെന്ന് അവൾ അറിയരുതേ… “ ഹരി പഴുത് അടയ്ക്കാൻ മറന്നില്ല ..

“ ഇല്ല ഹരി… പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി.? “ . മുരളി സാർ മറ്റൊരു വിഷയത്തിലേക്ക് കടന്നു .

“ പ്രിന്ററിന്റെ കാര്യമല്ലേ സാറേ, നാളത്തന്നെ റെഡിയാക്കാം, ഒരു 10% ഡിസ്കൗണ്ട് കൂടി ഞാൻ സെറ്റ് ആക്കാം സാർ… “. ഹരി ഉറപ്പു പറഞ്ഞു.

മുരളി സാറിന്റെ റൂമിന് പുറത്ത് നയനയും ഇന്ദുവും … പുറത്ത് കാൽപെരുമാറ്റം കേട്ട് മുരളി സാർ ആ സംസാരം മതിയാക്കി …

“ ശരി വെക്കട്ടെ ഹരി.. ഇവിടെ വിസിറ്റർ ഉണ്ട്..”

“ ശരി സാർ..ബൈ … പിന്നെ വിളിക്കാം .. ” ഹരി ഫോൺ കട്ട് ചെയ്തു .. അവന്റെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു . പരിവർത്തകന്റെ സംതൃപ്തി നിറഞ്ഞ ചിരി .

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

ശ്രീലത മധു പയ്യന്നൂർ

കോലായിലെ മുഷിഞ്ഞ കസേരയിൽ മുഖം കുനിച്ചിരിപ്പാണ് അച്ഛൻ. തീരാറായ അരി സാമാനങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നാളത്തെ വേവോർക്കയാണ് അമ്മ. വരുമാനമൊന്നും ഇല്ലാതെ രോഗഭീതിയുടെ തടങ്കൽ ജീവിതത്തിൽ നിസ്സഹായതയുടെ വേവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. പരസ്പരം ചിരിക്കാൻ കഴിയാത്ത കാലത്തിൻ്റെ വേദന നിറഞ്ഞ മുഖത്തെ മാസ്ക്ക് കൊണ്ട് മറയ്ക്കാൻ കഴിയുന്നുണ്ട് നാലാള് കൂടുന്നിടങ്ങളിൽ . കദനങ്ങളിലും പ്രതീക്ഷയുടെ കാത്തിരിപ്പുകളിലും ആശ്വാസം നിറയ്ക്കുവാൻ ഓണമൊരുങ്ങുന്നുണ്ട്, ദു:ഖത്തിലാഴ്ന്ന മനസ്സുകളിൽ ഓണ പൂക്കൾ പോലെ മോഹങ്ങൾ നിറങ്ങളണിഞ്ഞ് പൂവിടുക ഉത്സവം പടികേറുമ്പോഴാണ്. ഓൺലൈൻ ക്ലാസ്സിൻ്റെ ജീവനില്ലാത്ത ബഹളത്തിൽ നിന്നും ഓടിയൊളിക്കാൻ തോന്നുന്നുണ്ട് അമ്മുവിന്. പുത്തനുടുപ്പും പൂക്കളും സദ്യയും ആഘോഷങ്ങളും കാണാമറയത്തെവിടെയോ ആണ്. മറ്റെല്ലാം ഒഴിവാക്കാം പൂക്കളത്തെ എങ്ങനെ ഓണത്തിൻ്റെ സന്തോഷത്തിൽ നിന്നും പുറത്തു നിർത്തുമെന്ന് അമ്മുവിന് ചിന്തിക്കാനേ കഴിഞ്ഞില്ല.

‘ അനന്തുവിനോടും അച്ചുവിനോടുമൊപ്പം പൂക്കൾക്കായി അലഞ്ഞതും അച്ഛനോടൊപ്പം അങ്ങാടിയിൽ നിന്നും പൂക്കൾ വാങ്ങിയതും അമ്മു ഓർത്തു. കുട്ടികൾ പുറത്തൊന്നുമിറങ്ങരുതെന്നാണ് എല്ലാവരും പറയുന്നത്. എങ്കിൽ ഓണ പൂ തേടി നടക്കുന്നതെങ്ങനെ? അമ്മുവിനെ കേട്ടുകൊണ്ടൊരു മുക്കുറ്റി പൂവ് മുറ്റത്തൊരു കോണിൽ കാതു കൂർപ്പിക്കുന്നുണ്ടായിരുന്നു. പൂക്കളങ്ങളിൽ നിന്നും കാലം അറിയാതെ അറിയാതെ തഴഞ്ഞുനിർത്തിയവൾ. അമ്മു മുക്കുറ്റിയോട് കണ്ണു നനച്ച് പറഞ്ഞു ഞങ്ങളുടെ സന്തോഷങ്ങളിൽ നിന്നും പൂക്കളമൊരുക്കുന്നതിൽ നിന്നും ഞങ്ങളിന്നൊഴിവായി. മുക്കുറ്റി പൂവ് ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങളുടെയൊക്കെ ആഘോഷങ്ങളിൽ നിന്നും ഞങ്ങളെന്നേ ഒഴിവാക്കപ്പെട്ടവരാണ്. അമ്മുവിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് മുക്കുറ്റി പൂവിതളിൽ പതിച്ചു. കണ്ണീരിൻ്റെ നനവാർന്ന ഒരോണം മുറ്റത്ത് നിന്ന് പുഞ്ചിരിച്ചു.

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

 

സ്നേഹപ്രകാശ്. വി. പി.

“സുൽത്താൻ ഫോർട്ട്‌ …”

ഓട്ടോ ഡ്രൈവർ വണ്ടി ഒതുക്കി നിർത്തിക്കൊണ്ട് പറഞ്ഞു. രാമനാഥൻ തന്റെ തോൾ സഞ്ചിയുമായി പതുക്കെ ഇറങ്ങി ഓട്ടോക്കാരന് കൂലി കൊടുത്ത്‌, പേഴ്സ് ജീൻസിന്റെ പോക്കറ്റിലേക്ക് തന്നെയിട്ട് ജുബ്ബയുടെ കൈകൾ അല്പം തെറുത്ത് വെച്ച് ചുറ്റും നോക്കി. കോട്ടയുടെ ഭീമാകാരമായ ഇരുമ്പ് ഗേറ്റ് ഒരു വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരു വശങ്ങളിലുമായി ഓരോ പീരങ്കികൾ. വർഷങ്ങളായി ആ ഗേറ്റ് തുറന്നിട്ട് എന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം. ഭൂമിയിലേക്ക് ഉറഞ്ഞു പോയതുപോലെ. ഗേറ്റിനു മുൻപിൽ നിന്ന് സെൽഫി എടുക്കുന്ന ചില ന്യൂജെൻ കുട്ടികൾ.

“അരേ.. സാബ്.. പ്രവേശൻ കവാട് ഇദർ ഹേ …. ”

അടുത്തുതന്നെയുള്ള മരം കൊണ്ടുള്ള മറ്റൊരു, ചെറിയ ഗേറ്റിനു മുൻപിൽ നിൽക്കുന്ന കാവൽക്കാരനാണ്.

ഗേറ്റ് കടന്ന് കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചപ്പോൾ സൂര്യൻ തലക്കുമുകളിലായിരുന്നെങ്കിലും നല്ല തണുപ്പ്‌ അനുഭവപ്പെട്ടു. ചുറ്റും തണൽ വൃക്ഷങ്ങളും, വെട്ടിയൊരുക്കിയ ചെടികളും പുൽത്തകിടികളും. സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. പത്തോ പന്ത്രണ്ടോ പേർ മാത്രം. ഇടയ്ക്കിടെ ഓഫീസിൽ നിന്നും കുറച്ചു ദിവസങ്ങൾ അവധിയിൽ പ്രവേശിച്ച് ഇതുപോലെയുള്ള യാത്രകൾ പതിവാണ് രാമനാഥന്. തിരിച്ചെത്തുമ്പോഴേക്കും ചില കഥകളുടെ വിത്തുകൾ മുളച്ചു പൊന്തിയിരിക്കും. ഈ തവണ ഒരു നോവലാണ് മനസ്സിലുള്ളത്. ഒരു രാജാവിന്റെ പ്രണയം. അങ്ങനെ അന്വേഷിച്ചാണ് ഇവിടെ സുൽത്താന്റെ കോട്ടയിലേക്ക് തിരിച്ചത്.

സുൽത്താൻ അലി അൻവറിന്റെതായിരുന്നു ഈ കൊട്ടാരം. ക്രൂരനും,തികഞ്ഞ മതഭ്രാന്തനുമായിരുന്ന സുൽത്താൻ അലി അക്ബറിന്റെ,ഏക പുത്രൻ. തികച്ചും സൗമ്യൻ. പഠിച്ചതെല്ലാം വിദേശത്തായിരുന്നു. എഴുത്തും, വായനയും, സംഗീതവും എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ. പിതാവിന്റെ സ്വഭാവത്തിനു തികച്ചും വിരുദ്ധമായ സ്വഭാവമുള്ളവൻ. പഠിപ്പു കഴിഞ്ഞ് വരുമ്പോഴേക്കും പിതാവ് മരണപ്പെട്ടിരുന്നു. പിന്നെ ഭരണം അലി അൻവറിന്റേതായിരുന്നു. വളരെ വലിയ മാറ്റങ്ങളായിരുന്നു പിന്നെ കണ്ടത്. കൊട്ടാരത്തിൽ കലാകാരന്മാരും, സാഹിത്യകാരൻമാരുമായിരുന്നു പിന്നീടെപ്പോഴും. ഇതിനിടയിലാണ് സുൽത്താൻ കൊട്ടാരത്തിലെ നർത്തകിയായിരുന്ന വൈശാലിയിൽ അനുരക്തനാവുന്നതും പിന്നീട് ആ പ്രണയം നഷ്ടപ്പെടുന്നതും, കാലം കഴിയവേ സ്വയം ഒരു മിത്ത് ആയി മാറുന്നതും.

കൊട്ടാരത്തിന്റെ വിശാലമായ ഹാളിലെ ചുമരുകൾ നിറയെ സുൽത്താന്റെയും, പിതാമഹാന്മാരുടെയും, അവരുടെ ബീവിമാരുടെയും എണ്ണഛായചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഏറ്റവും ഒടുവിലായി അവസാനത്തെ കണ്ണിയായ സുൽത്താൻ അലി അൻവറിന്റെ ചിരിക്കുന്ന ചിത്രം. എല്ലാവരെപ്പറ്റിയുമുള്ള ലഘുവിവരണങ്ങൾ ഇംഗ്ലീഷിലും, അറബിയിലും ചിത്രങ്ങൾക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഹാളിൽ നിന്നും വിശാലമായ മുറികളിലേക്ക് കടന്നാൽ കാണുന്നത് സേന നായകന്മാരുടെയും, ഓരോ കാലഘട്ടങ്ങളിലും നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുടെയും ചിത്രങ്ങളും, പ്രശസ്തരായ കലാകാരൻമാർ ഒരുക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളും. ഓരോ മുറികളിലും പ്രത്യേകം, പ്രത്യേകമായി ഒരുക്കിയ രാജാക്കന്മാരുടെ കട്ടിലുകൾ, മറ്റു ഫർണിച്ചറുകൾ, വാളുകൾ, അംഗവസ്ത്രങ്ങൾ, ഹുക്കകൾ, മദ്യ ചഷകങ്ങൾ, രാജ്ഞിമാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ. മറ്റൊരു മുറി നിറയെ സംഗീതോപകരണങ്ങൾ.

കൊട്ടാരത്തിന്റെ മദ്ധ്യത്തിലായി സമന്വയ എന്ന പേരിൽ ഒരേപോലെയുള്ള രണ്ടു ഹാളുകൾ. രണ്ടു ഹാളുകളിലും പിരിയൻ ഗോവണികൾ കയറിയാൽ എത്തുന്നത് മുകളിലെ ഒരു വലിയ ഹാളിൽ. എന്നാൽ മലേഷ്യയിലെ പ്രസിദ്ധമായ ട്വിൻ ടവർ പോലെയല്ല എന്നുമാത്രം. ഇത് രണ്ട് മത വിശ്വാസങ്ങളുടെ സമന്വയം കൂടിയായിരുന്നു. മുകളിലെ നിലയിലെ ഹാളിൽ നിന്നുനോക്കിയാൽ താഴെയുള്ള രണ്ടു ഹാളുകളിൽ നടക്കുന്നതും വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിലായിരുന്നു ആ കെട്ടിടം നിർമിച്ചിരുന്നത്. താഴെ ഒരുഹാളിൽ ഹിന്ദു ധർമ്മമായിരുന്നു പഠിപ്പിച്ചിരുന്നത്. രാവിലെ മുതൽ പ്രഗത്ഭരായ സംസ്കൃത പണ്ഡിതന്മാർ, വേദങ്ങളും, ഇതിഹാസങ്ങളുമെല്ലാം പഠിപ്പിക്കുമ്പോൾ, അടുത്ത ഹാളിൽ മുസ്ലിം മത പണ്ഡിതന്മാർ ഖുർആൻ ആയിരുന്നു പഠിപ്പിച്ചിരുന്നത്. രണ്ടിന്റെയും അന്തസ്സത്ത ഒന്നുതന്നെയാണെന്ന് പറയുന്നതായിരുന്നു മുകളിലെ ഹാൾ. മുകളിലെ ചില്ലു ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കിയാൽ അല്പം അകലെയായി ഒരു മുസ്ലിം പള്ളി. ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന മിനാരങ്ങൾ. അവിടെ നിന്നും അഞ്ചു നേരവും ബാങ്കുവിളികൾ ഉയർന്നിരുന്നു. കുറച്ചുകൂടി അകലെയായി ഒരു ആൽമരവും,അടുത്തു തന്നെ ഒരു ക്ഷേത്രവും, കല്ലുകെട്ടിയ ക്ഷേത്രക്കുളവും.

സമന്വയയിൽ നിന്നും പുറത്തേക്കിറങ്ങിയാൽ, സംഗീതോപകരണങ്ങളുടെ മാതൃകയിൽ നിർമിച്ച വാതിലുകളും, ജാലകങ്ങളുമുള്ള വൈശാലി എന്ന കെട്ടിടത്തിലാണ് എത്തിച്ചേരുക. ഉള്ളിലേക്ക് പ്രവേശിച്ചാൽ ചുമരുകളിൽ മുഴുവൻ സുൽത്താന്റെ കാമുകിയായിരുന്ന വൈശാലി ദേവിയുടെ ചിത്രങ്ങൾ മാത്രം. ഒരുകാലത്ത് എല്ലാ രാത്രികളിലും പ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറിയിരുന്ന സ്ഥലം. ഹാൾ നിറയെ ഇരിപ്പിടങ്ങൾ. ഇടയിൽ ഒരു തൂണു പോലുമില്ലാതെ അതിമനോഹരമായ ശില്പചാതുരി. വിശാലമായ സ്റ്റേജിൽ രാജാവിന് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നു. ഏഴു തിരിയിട്ട ഒരു നിലവിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കും. സ്റ്റേജിലെ വൈശാലിദേവിയുടെ ചിത്രത്തിനടുത്ത് ഒരു പീഠത്തിൽ വെച്ച തളികയിൽ ഒരു ജോഡി ചിലങ്കകൾ. ആ കെട്ടിടത്തിലേക്ക് കയറിയതുമുതൽ രാമനാഥന് ഒരു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു. എന്നാൽ രാജാവായിട്ടുപോലും എന്തേ പ്രണയം സാക്ഷാത്ക്കരിക്കാൻ പറ്റാതെ പോയത് എന്ന ചിന്തയോടെ വൈശാലിയുടെ ചിത്രവും നോക്കി നിൽക്കുമ്പോഴാണ് പ്രായമായ ഒരാൾ അയാളുടെ അടുത്തേക്ക് വന്നത്. നീണ്ടു വളർന്നു കിടക്കുന്ന മുടിയും താടിയുമായി. സംശയം അയാളുമായി പങ്കുവെച്ചപ്പോൾ അയാൾ തന്റെ ദീപ്തമായ കണ്ണുകളോടെ രാമനാഥനെ നോക്കി. പിന്നെ പറഞ്ഞു.

“ഞാൻ ദേവനാരായണൻ… വരൂ .. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം… അതൊരു വലിയ കഥയാണ്….”

അവർ പുറത്തേക്കിറങ്ങി. നടന്നു നടന്ന് ആൽമരത്തിന്റെ ചുവട്ടിലെത്തി. ആലിന്റെ തറയിൽ ഇരുന്നപ്പോൾ രാമനാഥൻ തന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന വീഞ്ഞിന്റെ കുപ്പിയെടുത്തു. എന്നിട്ട് പറഞ്ഞു.

“വിരോധമില്ലെങ്കിൽ അല്പം ആവാം…”

അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ശീലമില്ല… ഇനി പുതിയ ശീലങ്ങൾ തുടങ്ങാനും താല്പര്യമില്ല.. നിങ്ങൾ കഴിച്ചോളൂ….”

രാമനാഥൻ കുപ്പിയിൽ നിന്നും രണ്ടു കവിൾ വീഞ്ഞു കഴിച്ചതിനു ശേഷം സുൽത്താന്റെ കഥ കേൾക്കാൻ തയ്യാറായി.

അയാൾ പറഞ്ഞു തുടങ്ങി. സുൽത്താൻ അലി അൻവറിന്റെ പിതാവ്, അലി അക്ബർ ഒരു ദുഷ്ടനായിരുന്നു. തന്റെ ദുർഭരണം തുടർന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം. പിന്നെയാണ് സുൽത്താൻ അൻവർ തന്റെ വിദ്യാഭ്യാസം കഴിഞ്ഞ് ഭരണം ഏറ്റെടുക്കുന്നത്. തികഞ്ഞ സാത്വികനായിരുന്നു അൻവർ. എല്ലാ മത നേതാക്കന്മാരും കൊട്ടാരത്തിൽ എത്തുമായിരുന്നു. ഹിന്ദു സന്യാസിമാരും, സൂഫികളും എല്ലാം. പിന്നെ എല്ലാ കലാകാരന്മാരും.

“വൈശാലിയെപ്പറ്റി പറയൂ…”

രാമനാഥന്റെ ആകാംക്ഷ പുറത്തു വന്നു.

“അതിലേക്കാണ് വരുന്നത്…”

അയാൾ തുടർന്നു.

വൈശാലി ഈ ഗ്രാമത്തിലെ വളരെ പാവപെട്ട ഒരാളുടെ മകളായിരുന്നു. സുന്ദരിയും ഏറ്റവും നല്ല നർത്തകിയും, കൊട്ടാരത്തിലെ നൃത്താധ്യാപികയും. അങ്ങനെയിരിക്കെയാണ് സുൽത്താൻ അവളിൽ അനുരക്തനായത്. വൈശാലിക്ക്, സുൽത്തനെ ഏറെ ഇഷ്ടമായിരുന്നെങ്കിലും, പലതവണ വിലക്കി നോക്കി. എന്നാൽ താൻ ഒരു സൂഫിയാണെന്നും സ്നേഹമാണ് തന്റെ മതമെന്നും സുൽത്താൻ ആവർത്തിച്ചു. ഒടുവിൽ ഒരു നാൾ വൈശാലിയുടെ അച്ഛനെ കാണാൻ സുൽത്താൻ അവളുടെ വീട്ടിലേക്ക് ചെന്നു. മത നേതാക്കന്മാരുടെ എതിർപ്പുണ്ടായിരുന്നതിനാൽ അച്ഛനും ഈ കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചില്ല. എന്നാൽ സുൽത്താൻ, ഒരു ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ പോവുന്നു എന്നറിഞ്ഞതോടെ ഇരു മതവിഭാഗങ്ങളും തമ്മിൽ ലഹള തുടങ്ങി. ഇരു ഭാഗത്തും ആളപായമുണ്ടായി. വൈശാലിയെ അടുത്ത ഗ്രാമത്തിലെ ധനികനായ ഒരു കച്ചവടക്കാരന് വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചു. താൻ കാരണം നിരപരാധികൾ മരിച്ചു വീഴുന്നത് കണ്ടപ്പോൾ സുൽത്താന് ഒടുവിൽ തന്റെ തീരുമാനം മാറ്റേണ്ടി വന്നു.

അവസാനമായി യാത്ര പറയാൻ വേണ്ടി വൈശാലി, സുൽത്താന്റെ അടുത്തു വന്നപ്പോൾ പറഞ്ഞു.

“ഞാൻ പോവുന്നു… ഏതൊരു പെണ്ണും ഇങ്ങനെയൊക്കെത്തന്നെ… മുറിവേറ്റ ഹൃദയവുമായി മറ്റൊരു ജീവിതത്തിലേക്ക്… തരാനായി എന്റെ കൈയിൽ സമ്മാനങ്ങൾ ഒന്നുമില്ല… ഈ ശരീരമല്ലാതെ … എടുത്തോളൂ…”

അവളുടെ കണ്ണുകൾ പുഴകളായി.

“ഇന്നു വരെ നിന്റെ ശരീരത്തിൽ ഞാൻ സ്പർശിച്ചിട്ടില്ല … ഏറെ സ്നേഹിച്ചിരുന്നെങ്കിലും… നിന്നെ കളങ്കപ്പെടുത്താൻ എനിക്കാവില്ല… ഒരു സമ്മാനമെന്ന നിലയിൽ നിന്റെ കാലിലെ ചിലങ്കകൾ എനിക്ക് തന്നേക്കുക… അത്രമാത്രം …നിനക്കായി പുതിയ ചിലങ്കകൾ ഞാൻ വരുത്തുന്നുണ്ട് …”

അവൾ ചിലങ്കകൾ ഊരി ഒരു താലത്തിൽ വെച്ച് സുൽത്തന്റെ കാൽക്കീഴിൽ വെച്ചതിനുശേഷം പറഞ്ഞു.

“ഇനി എനിക്ക് പുതിയ ചിലങ്കകൾ വേണ്ട…ഞാൻ നൃത്തം അവസാനിപ്പിച്ചിരിക്കുന്നു…നൃത്തം ചെയ്യാത്ത കാലുകൾക്ക് ചിലങ്കകൾ ആവശ്യമില്ലല്ലോ …. ”

വൈശാലിയുടെ വിവാഹം കഴിഞ്ഞെങ്കിലും, ഭർതൃവീട്ടിൽ കലഹങ്ങളും, കുത്തുവാക്കുകളുമായി അവളുടെ ജീവിതം നരകമായിത്തീർന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവുന്നതിനുമുന്പേ അവൾ ഈ ലോകം വിട്ടുപോയി. തികഞ്ഞ കുറ്റബോധത്താൽ അവളുടെ അച്ഛൻ അന്നുതന്നെ ഗ്രാമം വിട്ടു.

സുൽത്താൻ പിന്നീട് വിവാഹം കഴിച്ചതേയില്ല. ഈ ഗ്രാമത്തിന്റെ പേര് വൈശാലിപുരം എന്നാക്കി മാറ്റി. എന്നും നൃത്തവും, സംഗീതവും, സാഹിത്യവുമെല്ലാമായി കഴിഞ്ഞു. പിന്നെയാണ് സമന്വയ എന്ന ആ ഹാൾ പണിതത്. അവിടെ പണ്ഡിതന്മാർ വന്ന് മതങ്ങളെപ്പറ്റി പഠിപ്പിച്ചു. ഇപ്പോൾ ഈ നാട്ടിൽ മതങ്ങളില്ല. മനുഷ്യർ മാത്രമേയുള്ളു. എല്ലാ മതങ്ങളിലെയും നന്മകൾ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യർ.

ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും, ഖുറാനിലെ ആയത്തുകളും കേട്ട് രാമനാഥൻ ഞെട്ടിയുണർന്നു. അയാൾക്ക് അടുത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല. കഥ പറഞ്ഞു കൊണ്ടിരുന്ന ദേവനാരായണനേയും. അയാൾ തന്റെ പോക്കറ്റ് തപ്പി നോക്കി. പേഴ്സും, മൊബൈലും എന്തിനധികം സഞ്ചിയിൽ ഉണ്ടായിരുന്ന കുപ്പിയിലെ പാതിയായ വീഞ്ഞു പോലും സുരക്ഷിതമായിരിക്കുന്നു. സമയം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ആലിലകളുടെ മർമരം മാത്രം. പെട്ടെന്ന് തന്നെ എഴുന്നേറ്റ് പുറത്തേക്കുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ, ഗേറ്റ് അടയ്ക്കാൻ തയ്യാറായി നിൽക്കുന്ന കാവൽക്കരൻ ചോദിച്ചു.

“സാബ് ക്യാ ഹുവാ ആപ്കോ …”

“ദേവ നാരായണനെ കണ്ടോ….”

രാമനാഥൻ ഉദ്വേഗത്തോടെ ചോദിച്ചു.

കാവൽക്കരൻ പൊട്ടിച്ചിരിച്ചു.

“അരേ സാബ്…. ആപ്‌ തോ പാഗൽ ഹോ ഗയാ…. ദേവ്നാരായൺ വൈശാലി ദേവി കി പിതാജി ഹേ…”

രാമനാഥൻ പിന്നെ ഒന്നും പറഞ്ഞില്ല. ആലിലകൾ അപ്പോഴും ഗീതയിൽ നിന്നും ഖുറാനിൽ നിന്നുമുള്ള വരികൾ ഉരുവിടുന്നുണ്ടായിരുന്നു.

 

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.

 

രാജു കാഞ്ഞിരങ്ങാട്

എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ചെമ്പകപ്പൂവില്ല, ചെങ്കതിർക്കുലയില്ല
ഊയലാടാൻ മരച്ചില്ലയില്ല
എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

ആരാമമില്ല, ആലോലം കിളിയില്ല
ആരോമലേ നിന്നെ വരവേൽക്കുവാനായി –
ആരാരുമേ കാത്തുനിൽപ്പതില്ല
അല്ലലാൽ നൊന്തു കേണീടുമീ നാട്ടിൽ
എന്തിനാ, യെന്തിനായ് ഓണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

തുമ്പയും, തുള്ളാട്ടം തുള്ളണ തുമ്പിയും
പൂക്കളിറുക്കുവാൻ ബാലകരും
ഭാവന സുന്ദരമാക്കും മനസ്സില്ല
നേരിമില്ലാർക്കുമിന്നൊന്നിനോടും
എന്തിനാ ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു

സുന്ദരമായൊരു നല്ലനാളെ
സൃഷ്ടിയോർമ്മിപ്പിക്കാൻ നീയണയേ
ചിന്തയില്ലാത്തൊരു മാനവൻ്റെ
ചിന്തയിൽപാറും കറൻസിമാത്രം
എങ്കിലുമോണമേ വന്നുവല്ലോ
നീ,യൊരുവട്ടംകൂടി യോർമിപ്പിക്കുവാൻ

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഹരിഗോവിന്ദ് താമരശ്ശേരി

കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നാഗരികതയുമെല്ലാം നമുക്ക് പുതിയൊരു പരിവേഷം നല്‍കിയെങ്കിലും എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുര സങ്കല്‍പ്പമാണ് മലയാളിക്ക് ഓണം. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തുമ്പയും, കണ്ണാന്തളിയും, നെല്ലിയും, മുക്കൂറ്റിയും, തുളസിയും, കരവീരകവും, ചിലന്നിയും, കോളാമ്പിയും, കൃഷ്ണക്രാന്തിയും, കൃഷ്ണകിരീടവും, അരളിയുമെല്ലാം പ്രകൃതിയുടെ ഓര്‍മ്മകളായി നമ്മിലേക്ക് കുടിയേറുന്നത് ഒരു പക്ഷെ നമ്മുടെ പൂര്‍വികര്‍ നമുക്ക് വിശുദ്ധി കൈവിടാത്ത നല്‍കിയ ഐതിഹ്യങ്ങളുടെ ഗുണഫലങ്ങളാകാം. ഇത്തരം ഐതിഹ്യങ്ങളുടെ സത്ത ചരിത്രവസ്തുതകളെ മാനിച്ചുകൊണ്ടുതന്നെ പുതു തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.

ഓണം മലയാളികളുടേത് മാത്രമാണെന്ന വാദം ചരിത്രപരമായി ശരിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിശ്രുതങ്ങളായ ഒട്ടനവധി പുരാവൃത്തങ്ങളും നിരീക്ഷണങ്ങളൂം പ്രചാരത്തിലുണ്ട്. വേദങ്ങളിലെവിടെയും മഹാബലിയെ കുറിച്ചോ വാമനനെ കുറിച്ചോ പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും മഹാഭാരതം മുതലിങ്ങോട്ട് രാമായണത്തിലും, ഭാഗവതത്തിലും മഹാബലിവാമന കഥ പരാമര്ശിക്കപ്പെടുന്നുണ്ട്. മഹാബലി ആരെന്നുള്ളതിന് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പലതുണ്ട്. ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലിയെന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തൃക്കാക്കര വാണിരുന്ന മഹാബലിപെരുമാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ ബി സി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ വര്‍ത്തിച്ചിരുന്ന അസീറിയയിലാണ് മഹാബലിയുടെയും ഓണത്തിന്റെയും തുടക്കമെന്ന് എന്‍ വി കൃഷ്ണ വാര്യരെപ്പോലുള്ള ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനവെ പട്ടണത്തില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ നിന്ന് അസീറിയ ഭരിച്ചിരുന്ന രാജവംശ പരമ്പരയിലെ ഒരു രാജാവായിരുന്നിരിക്കാം മഹാബലി എന്ന് കണക്കാക്കപ്പെടുന്നു. ‘അസൂര്‍ ബാനിപ്പാല്‍’ എന്ന് അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തിയാണ് പിന്നീട് മഹാബലിയായി അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയപ്പെടുന്ന ശോണിതപുരം ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയാണ്. ഈ ശോണിതപുരവും അസ്സീറിയയുടെ തലസ്ഥാനമായ നിനേവയും ഒന്നുതന്നെയാണെന്നും ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും എന്‍ വി സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ സിറിയയുടെയും, ഈജിപ്റ്റിന്റെയുമെല്ലാം മാതൃദേശമായിരുന്ന അസീറിയയില്‍നിന്ന് ഏതോ ചരിത്രാതീത കാലത്തു ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറിയ ജനവര്ഗങ്ങളില്‍ മലയാളികളടങ്ങുന്ന സമൂഹം മാത്രം ആ ചക്രവര്‍ത്തിയുടെയും, ഓണമായി പിന്നീട് പരിണമിച്ച ആഘോഷത്തിന്റെയും ചരിത്രത്തെ ഐതിഹ്യമാക്കി കൂടെ കൊണ്ടുനടന്നതാകാം എന്ന് കരുതിപ്പോരുന്നു.

സംഘകാല കൃതികളായ മധുരൈകാഞ്ചിയിലും, തിരുപല്ലാണ്ട് ഗാനത്തിലുമെല്ലാം ദ്രാവിഡത്തനിമ പുലര്‍ത്തുന്ന ആഘോഷമായി ഓണം പ്രതിപാദിക്കപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മാമാങ്കത്തിന്റെ തീരുമാനമനുസരിച് ബുദ്ധമത പ്രചരണം തടയുവാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുവാനും ഒരു ദേശീയോത്സവമായി വിളംബരം ചെയ്ത് ഓണം വിപുലമായി ആഘോഷിക്കുവാന്‍ ആരംഭിച്ചതായി മഹാകവി ഉള്ളൂര്‍ ഓണത്തെ മാമാങ്കവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിവസം പുതുവര്ഷപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങിയെന്നും മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. തിരുവോണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നു. ഓണത്തിനു പരശുരാമാനുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന വേറൊരു ഐതിഹ്യവും നിലവിലുണ്ട്.
ഇത്തരത്തില്‍ ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രമതപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും, പൊതുവെ ചരിത്രത്തെയും സ്മാരകങ്ങളെയും തനിമവിടാതെ നിലനിര്‍ത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കുണ്ടോ എന്നത് തര്‍ക്കവിധേയമാണെങ്കിലും, മറ്റനേകം സംസ്‌കാരങ്ങള്‍ കൈയൊഴിഞ്ഞ ഓണം പോലൊരു ഉത്സവം ഇന്നും ചരിത്ര വസ്തുതകള്‍ മാറ്റിനിര്‍ത്തി ഒരു ഐതിഹ്യമായി നിലനിര്‍ത്തുവാന്‍ മലയാളിക്ക് സാധിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഏതിലും മതരാഷ്ട്രീയ ചിന്തകള്‍ തിരുകുന്ന ഇക്കാലത്തും ഓണം പോലൊരു മിത്ത് വൈവിധ്യമേറിയ ആഘോഷങ്ങള്‍ കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുന്നു. കേരളത്തില്‍ എങ്ങും പ്രചുരപ്രചാരം സിദ്ധിച്ച തുമ്പിതുള്ളല്‍, തൃക്കാക്കര അത്തപൂവട, ആറന്മുള ഉത്രട്ടാതി വള്ളംകളി, തൃപ്പൂണിത്തുറ അത്തച്ചമയം, വടക്കേ മലബാറിലെ ഓണത്താര്, ഓണപ്പൊട്ടന്‍, അമ്പലപ്പുഴ വേലകളി, വള്ളുവനാട്ടിലെ ഓണവില്ല്, കുന്നംകുളത്തെ ഓണത്തല്ല്, തൃശൂരിലെ പുലിക്കളി, എന്നിങ്ങനെ ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശ വ്യത്യാസമില്ലാതെ മലയാളികളെ ആഘോഷങ്ങള്‍ കൊണ്ട് ഒരുമിപ്പിക്കുന്നതില്‍ ഓണം വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും അവിടെ ഓണമുണ്ട്. പ്രവാസിയായ മലയാളിയെയും മാവേലി സങ്കല്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം ഒരുപക്ഷെ സ്വന്തം നാട്ടില്‍ ജീവിച്ചു മതിവരാതെ നാടുകടക്കേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കണം.
ഉത്തരാധുനികതയുടെ ജീവിതപ്പാച്ചിലില്‍ ഉത്രാടപ്പാച്ചിലിനും, തിരുവോണത്തിനും, ആചാരങ്ങളുടെ തനിമയ്ക്കുമെല്ലാം മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ഓണമെന്ന സങ്കല്പം സദ്യയിലേക്കും, തിരുവാതിര കളിയിലേക്കും ചുരുങ്ങുമ്പോഴും, ആഘോഷങ്ങള്‍ ലഹരിയില്‍ ഒതുങ്ങുമ്പോഴും, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനകീയനായി ജീവിച്ച ജനാധിപത്യ വാദിയായ ഒരു മാവേലിയെ മനസ്സിലെവിടെയോ സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നത് വര്‍ത്തമാനകാലത്തും പ്രവാസി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറവും പ്രതീക്ഷയും പകരുന്നുണ്ട്. പ്രവാസിയില്‍ പ്രവൃത്തിക്കുന്ന ആ നിഷ്‌കളങ്കമായ മാവേലി മനസ്സു തന്നെയാകാം ഓണം മലയാളക്കരയെക്കാള്‍ മനോഹരമായി ഞങ്ങളാണ് ആഘോഷിക്കുന്നതെന്ന അതിവാദം ഓരോ പ്രവാസിയെക്കൊണ്ടും അഭിമാനപൂര്‍വ്വം പറയിപ്പിക്കുന്നതും!

ഏതെങ്കിലും ഒരു മതത്തിന്റെയോ, ദേശത്തിന്റെയോ, ഭാഷയുടെയോ, മാത്രമായി നിലനില്‍ക്കാന്‍ കഴിയാതെ എല്ലാവര്‍ക്കും പങ്കുചേരുവാന്‍ ഇടമുള്ള പ്രകൃതിയുടേതായ ഉത്സവമായി ഏകദേശം രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നമ്മോടൊപ്പം നിലല്‍ക്കുകയാണ് ഓണം എന്ന സങ്കല്പം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കുവാന്‍ പാടില്ലാത്തതായ ഒരു സ്വപ്നമായി ഓണം ഒട്ടനവധി പുരുഷായുസ്സിനുമപ്പുറം നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ തന്നെ പ്രകൃതിയോടും പൂക്കളോടുമെല്ലാം പുലര്‍ത്തിവന്ന ആദിമമായ സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു ചെറിയ ചെപ്പിനകത്താക്കി പുതു തലമുറയ്ക്ക് കൈമാറുവാന്‍ ഓണം എന്ന ഐതിഹ്യത്തെ മലയാളിക്ക് കൂടെ കൊണ്ടുനടന്നെ മതിയാകൂ.

‘നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയോരോണപ്പൊന്‍ കിരണങ്ങള്‍’ –

‘ഓണപാട്ടുകാര്‍’ (വൈലോപ്പിള്ളി)

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

 


ഹരിഗോവിന്ദ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ബക്കിങ്ഹാംഷെയറില്‍ എയ്ല്‍സ്ബറിയില്‍ താമസം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ബിസിനസ്സ് ഇന്റലിജിന്‍സ് മാനേജരായി ജോലി ചെയ്യുന്നു. UK correspondent ആയി ടീവീ ചാനലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമ, കവിത, സാഹിത്യം എന്നിവ ഇഷ്ട മേഖലകളാണ്.

 

Copyright © . All rights reserved