literature

ശുഭ

വസന്തം തിരയുന്നു നമ്മെ വീണ്ടുമി
ഓണപ്പുലരിയിൽ പൂക്കളം തീർക്കുവാൻ.
കാലം ഉതിർക്കുന്ന മഹാവ്യാധിയിൽ
കൈവിട്ടു പോയോ ഓണപ്പുലരികൾ .
പലവർണ്ണ പൂക്കളും ഇലവട്ട സദ്യയും
കൈകൊട്ടിക്കളിയും ഇനി ഓർമ്മ മാത്രം.
പുത്തനുടുപ്പിൻ പകിട്ടു കാട്ടാൻ തമ്മിൽ
ഒത്തുകൂടാതെ കുട്ടികളും .
ഇനിയെത്ര കാലം മുഖം മൂടിയിട്ട്,
തമ്മിലറിയാതെ അകലങ്ങൾ താണ്ടണം.
ഇനിയെന്ന് നമ്മൾ ഒന്നായ് ചേർന്ന്
ഓണപ്പുലരിയെ വരവേൽക്കും.
തുമ്പയും തുളസിയും നുള്ളി പൂക്കളം-
തീർക്കുന്ന ബാല്യങ്ങൾ ഇനി ഓർമ്മ മാത്രമോ?
സമ്പൽ സമൃദ്ധമായിരുന്നൊരി –
നാടിൻ്റെ ചേതന എങ്ങോ മറഞ്ഞിരിക്കുന്നു .
വസന്തവും വർണ്ണവും ഇഴചേർന്നൊഴുകുന്നരോണം,
ഇനിയെന്ന് കേരള മണ്ണിൽ തിരികെയെത്തും?
കാത്തിരിക്കുന്നു ഞാനാ നന്മതൻ പുലരിയെ ,
കാത്തിരിക്കുന്നു ഞാനാ മാവേലിനാടിനെ .
വരുമെന്ന് കാതോരം ആരോ ചൊല്ലി.
വരവേൽപ്പിനായി ഒന്നായി കാത്തിരിക്കാം …
ഒരുമതൻ ഓണത്തിനായ് കാത്തിരിക്കാം …

ശുഭ

കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ.
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി

ഭർത്താവ് – അജേഷ്

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…

മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..

ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!

പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!

ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!

ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!

ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!

ധ്യാനത്തിന് അലമുറയിട്ട നാക്ക് ,

രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,

തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….

ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?

ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.

സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;

ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.

 

പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .

ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്

Email: [email protected]
Mobile: 07466520634

 

 

ബാബുരാജ് കളമ്പൂർ

നേരേ നടക്കാൻ
കഴിയാത്ത നേരുകൾ
പോരിൻ വടികുത്തി
നീങ്ങുന്ന കാലത്ത്
ആരു നീ ..യാരു നീ
യുൺമതൻ നേർവര
തേടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.!?

നാമെന്ന വാക്കു
മരിക്കുന്ന കാലത്ത് ..
ഞാനെന്ന ഭാവം
ഭരിക്കുന്ന ലോകത്ത്‌..
ആരു നീ..യാരുനീ
സ്നേഹക്കുളിർകാറ്റു
തേടി നടന്നു
തളർന്നവൻ ദു:ഖിതൻ.!?

താരാട്ടു പാട്ടിലും
തായ്മൊഴിത്തേനിലും
നെഞ്ചിലെപ്പൈങ്കിളി
ക്കൊഞ്ചലിന്നുള്ളിലും
കത്തിപ്പടരും
വിഷംചേർത്തു വില്ക്കുന്ന
ശപ്തകാലത്തിന്റെ
കൂരിരുൾപ്പാതയിൽ,
ആരു നീ..യാരു നീ..
നന്മതൻ നന്തുണി
മീട്ടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.?!

ഉന്മാദമാളിപ്പടർന്ന
നിൻ ചിന്തയിൽ..
മിന്നിത്തിളങ്ങുന്ന
നിന്റെ സ്വപ്നങ്ങളിൽ..
എന്നോ മറന്ന
പഴയ കാലത്തിന്റെ
പൊൻകതിർ കാൺകിലോ..
ഭ്രാന്തരീ ഞങ്ങളും.

 

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

ബിനോയ് എം. ജെ.

ഓണം ആനന്ദത്തിന്റെ ഉത്സവമാണ്. നമുക്ക് ജീവിതത്തിൽ ആനന്ദം തോന്നുന്നത് എപ്പോഴാണ്? എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുമ്പോൾ. അല്ലെങ്കിൽ ആശിച്ചത് സാധിച്ചു കിട്ടുമ്പോൾ. ആ ആനന്ദത്തിന് പിറകിൽ തീർച്ചയായും ഒരു കാരണം ഉണ്ടാകും. നമ്മുടെ സ്വാർത്ഥമോഹങ്ങൾ സഫലം ആകുമ്പോൾ ആനന്ദം തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ ഈ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? ആനന്ദത്തിനും നേട്ടങ്ങൾക്കും തമ്മിൽ പ്രകൃർത്യാ ബന്ധമൊന്നുമില്ല. ആ ബന്ധം നാം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ്. വാസ്തവത്തിൽ അത് ബന്ധമല്ല, ഒരു ബന്ധനം തന്നെയാണ്.

ആനന്ദിക്കുവാൻ ഉള്ള കഴിവ് മനുഷ്യനിൽ നൈസർഗികമാണ് .എന്നാൽ അവൻ അതിനെ ഉപയോഗിക്കുന്നുണ്ടോ? സൂര്യനുദിക്കുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും കർമ്മം ചെയ്യുമ്പോഴും നമുക്ക് ആനന്ദിക്കുവാൻ കഴിയും. പക്ഷിമൃഗാദികളെയും ജീവജാലങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. ദൗർഭാഗ്യകരമെന്ന് പറയട്ടെ നേട്ടങ്ങളുടെ പുറകെയുള്ള നമ്മുടെ ഓട്ടത്തിൽ നാം ആനന്ദിക്കുവാൻ മറന്നുപോകുന്നു! നേട്ടങ്ങൾ ഉണ്ടായാൽ നാം അൽപ സമയത്തേക്ക് ആനന്ദിക്കുന്നു. ആ ആനന്ദം പരിമിതമാണ്. വീണ്ടും നമ്മൾ അടുത്ത നേട്ടങ്ങൾക്ക് വേണ്ടി ഓടി തുടങ്ങുന്നു. ആനന്ദം നമുക്ക് കൈമോശം വന്നു പോകുന്നു.

ഓണം ഒരു ആനന്ദ ഉത്സവമാണ്. ഇവിടെ നമ്മൾ നേട്ടത്തിന്റെ കണക്കുകൾ നിരത്തുന്നില്ല .നേട്ടങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഓണത്തിന് നാം ആസ്വദിക്കുവാൻ ശ്രമിക്കുന്നു. നാം അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കേവലമായ ആനന്ദം. ഇതാണ് നാം ചെയ്യേണ്ടതും. ഓരോ ദിവസവും ഓണം പോലെ ആവട്ടെ .ദിവസവും സദ്യ വെക്കണം എന്നില്ല. അത് പണച്ചിലവുള്ള കാര്യമാണ് .എന്നാൽ നമുക്ക് വിനോദങ്ങളിൽ ഏർപ്പെടുവാനും ബന്ധുമിത്രാദികളെ സന്ദർശിക്കുവാനും വെറുതെ സന്തോഷിക്കുവാനും പണച്ചെലവ് ഒന്നുമില്ല. അപ്പോൾ നാം നേട്ടങ്ങളോ കാരണങ്ങളോ ഇല്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. നാം അനന്ദാനന്ദത്തിന്റെ പടിവാതിൽക്കൽ എത്തുന്നു.

ഈ ജീവിതത്തിൽ എല്ലാം ആനന്ദമയമല്ലേ? ആനന്ദം ഇല്ലാത്തതായി എന്തെങ്കിലുമുണ്ടോ ?എന്നാൽ സ്വാർത്ഥതയുടെ മൂടുപടം അണിയുമ്പോൾ, നേട്ടങ്ങൾക്ക് ഒന്നാംസ്ഥാനം കൊടുക്കുമ്പോൾ നാമാ ആനന്ദത്തെ അകറ്റി നിർത്തുന്നു. പരിമിതമായ ആനന്ദത്തിന്റെ ഉടമകൾ ആകുന്നു .ആനന്ദവും നേട്ടങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തെ വിച്ഛേദിക്കുക. അനന്ദാനന്ദത്തിലേക്കുള്ള കവാടം സദാ തുറന്നിടുക. നേട്ടങ്ങൾ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ ആനന്ദിക്കുക !ആ ആനന്ദം തടസ്സങ്ങളില്ലാതെ ഒഴുകട്ടെ. അപ്പോൾ ഏറ്റവും വലിയ നേട്ടങ്ങൾക്കു പോലും സമ്മാനിക്കുവാൻ കഴിയാത്ത വിധത്തിലുള്ള അത്യധികമായ ആനന്ദം നിങ്ങളിൽ നിറഞ്ഞു തുളുമ്പും. നിങ്ങൾ പുതിയ ഒരു വ്യക്തിത്വമായി മാറും .അല്ല , നിങ്ങളുടെ വ്യക്തി ബോധം തന്നെ മാറും. നിങ്ങളിലെ ഈശ്വരൻ പ്രകാശിക്കും!

ഓണം കാരണമില്ലാതെ സന്തോഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതൊരു വലിയ കാര്യമാണ് .ഓരോ ദിവസവും ഓണം പോലെ ആവട്ടെ. മഹാബലിയെ പ്രതി ദേവന്മാർ അസൂയപൂണ്ടതുപോലെ നിങ്ങളെക്കുറിച്ചും ദേവാദി സത്വങ്ങൾ അസൂയപ്പെടും. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കുവിൻ! എല്ലാവിധ വിജയങ്ങളും നേരുന്നു ..ഓണാശംസകൾ..

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ജോൺ കുറിഞ്ഞിരപ്പള്ളി

“മാന്യ പ്രേക്ഷകർക്ക് നമസ്കാരം.
പൂക്കളവും ഓണക്കോടിയും പുലികളിയും ആട്ടവും പാട്ടുമായി പത്തുദിവസത്തോളം വരുന്ന ഓണാഘോഷം പ്രതീക്ഷയുടെയും സമത്വത്തിൻ്റെയും ഐക്യത്തിൻ്റെയും വർണ ചിത്രങ്ങൾ മലയാളി മനസ്സുകളിൽ വരച്ചു ചേർത്തിരിക്കുന്നു. നാനാത്വത്തിലെ ഏകത്വം ശരിക്കും അന്വർത്ഥമാക്കുന്നു ഓണാഘോഷങ്ങൾ.
അതുകൊണ്ടു തന്നെ ഓണവും ഓണാഘോഷങ്ങളും എന്നും നില നിൽക്കണം. 1961 ലാണ് കേരള ഗവൺമെന്റ് ഓണം ദേശീയോത്സവമെന്ന നിലയിൽ കൊണ്ടാടാൻ തീരുമാനിച്ചത്.കേരള ജനത അത് ഹൃദയത്തിൽ ഏറ്റെടുത്തു, ഓണാഘോഷങ്ങൾ ജനകീയമായി. എങ്ങനെയാണ് ഈ കൊറോണകാലത്ത് നമ്മളുടെ ആളുകൾ ഓണം ആഘോഷിക്കുന്നത് എന്ന് നമുക്ക് കാണാം.എ എക്സ് ടീവിയിൽ നിന്നും ക്യാമറാമെൻ മാത്തുകുട്ടിയോടൊപ്പം അരവിന്ദൻ.”
“ചേച്ചി,ഞാൻ എ എക്സ് ടീവിയിൽ നിന്നാണ്. ഈ വർഷത്തെ നിങ്ങളുടെ ഓണാഘോഷം ഏതു തരത്തിലാണ് എന്നറിയാൻ ഞങ്ങളുടെ പ്രേഷകർക്ക് ആഗ്രഹമുണ്ട്. കൊറോണ കാലമല്ലേ?എന്താ ചേച്ചിയുടെ പേര്?”
“അന്നമ്മ”.
“അന്നമ്മ ചേച്ചി എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത് എന്ന് ഞങ്ങളുടെ പ്രേക്ഷകരോട് പറയാമോ?”

“ഓ,അതിനെന്താ?കൊറോണ കാരണം അരിയും പച്ചക്കറികളും വാങ്ങാൻ പണമില്ലാത്തതുകൊണ്ട് കിറ്റ് ഓണം മതിയെന്ന് എൻ്റെ കെട്ടിയവൻ പറയുന്നു. എന്നാൽ എൻ്റെ അഭിപ്രയം ഇനി മുതൽ ഓണഘോഷം വേണ്ട എന്നാണ് ” .
“ങേ. ഓണം വേണ്ട?” “അതെ..ഓണം ഞങ്ങൾ സത്യവിശ്വാസികൾക്ക് ചേർന്നതല്ല. ഓണം ആഘോഷിക്കുന്നത് വിഗ്രഹ ആരാധനയാണ്. മറ്റു ദൈവങ്ങളെ വണങ്ങുകയോ ആരാധിക്കുകയോ എന്തിന് കൈ കൂപ്പുകയോ ചെയ്താൽ ആത്മാവ് നശിച്ചുപോകും,.ഞങ്ങൾ നരകത്തിൽ പോകും. എനിക്ക് ഈ പ്രായത്തിൽ നരകത്തിൽപോകാൻ വയ്യ. ഞാൻ പാറേപ്പള്ളിയിൽ ധ്യാനത്തിനു പോകുവാ.”
“അപ്പോൾ ഓണം വേണ്ട എന്നാണ് ചേച്ചിയുടെ അഭിപ്രായം?”
“അതെ.”
“അന്നമ്മ ചേച്ചി പറയുന്നത് ,അവർ ഇനി ഓണം ആഘോഷിക്കുന്നില്ല, എന്നാണ്. അതിന് അവർ പറയുന്ന കാരണം ഓണം ആഘോഷിക്കുന്നത് പാപം ആണ്, അവർ നരകത്തിൽ പോകേണ്ടിവരും എന്നാണ്..”
“ചേട്ടാ ഒന്ന് നിൽക്കൂ, ഞാൻ എ എക്സ് ചാനലിൽനിന്നാണ് . നിങ്ങളുടെയെല്ലാം ഓണാഘോഷങ്ങൾ എങ്ങനെയുണ്ട് എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപര്യമുണ്ട്. എന്താ ചേട്ടന്റെ പേര്?”
“അലി. എന്താ വേണ്ടത് ? ചോദിച്ചോളൂ.”
“ഓണം നമ്മളുടെ ദേശീയ ആഘോഷമാണല്ലോ. മിസ്റ്റർ അലിയും കുടുംബവും എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“ഓണം അങ്ങനെ ദേശീയ ഉത്സവമാണ് എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? ഉത്സവം എന്ന് പറയുന്നതു തന്നെ നമ്മൾക്ക് ഹറാം ആണ്.”
“ഉത്സവം എന്നുള്ളതിന് പിന്നെ എന്തുപറയണം?”
“പെരുന്നാൾ. മഹാബലിന്നുപറയുന്നത് തട്ടിപ്പാണ്. ഈ പറയുന്നതുപോലെ ഒരാളെ മണ്ണിൽ ചവിട്ടിതാഴ്ത്താൻ കഴിയുവോ? അല്ലെങ്കിലും ഓൻ അതിന് നിന്നുകൊടുത്തിട്ടല്ലേ? പച്ചകറികൂട്ടി ഉണ് കഴിക്കുന്നതിന് ഓണം എന്നുപറയുന്നു. അതിലും എത്ര നല്ലതാ കാള ബിരിയാണി കഴിക്കുന്നത്?”
“അപ്പോൾ അലി ഓണം ആഘോഷിക്കുന്നില്ല.?”
“ഇല്ല”
“ശരി”.
“ചേട്ടാ ഒന്ന് നിൽക്കൂ. ഞാൻ എഎക്സ് ചാനലിൽ നിന്നാണ്..കൊറോണ കാലത്ത് നമ്മുടെ ആളുകൾ എങ്ങനെ ഓണം ആഘോഷിക്കുന്നു എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ട്. എങ്ങനെയുണ്ട് ചേട്ടൻ്റെ ഓണം ആഘോഷങ്ങൾ എന്നറിയാനാണ്.എന്താ ചേട്ടൻ്റെ പേര്?”
“രാമകൃഷ്ണൻ”:
“രാമകൃഷ്ണൻചേട്ടനും കുടുംബവും എങ്ങനെയാണു ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“നമ്മള് ആരെങ്കിലും കിറ്റ് തരുമോ എന്ന് കാത്തിരിക്കുവാ. ഈ വർഷം കിറ്റ് ഓണം ആകട്ടെ. അല്ലാതെ ഒരു മാർഗ്ഗവും കാണുന്നില്ല. നിങ്ങളുടെ ചാനലിൽ രണ്ടുമൂന്നുപേർ സംസാരിക്കുന്നത് കണ്ടു. ഓണത്തെ മാനിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്കോ റോമിലേക്കോ പോകണം. ഇത് ഞങ്ങളുടെ രാജ്യമാണ്.ഇവിടെ ജീവിക്കുന്നവർ ഞങ്ങൾ പറയുന്നതുപോലെ ജീവിക്കണം.അല്ലാത്തവർക്ക് ഈ രാജ്യത്ത് സ്ഥാനം ഇല്ല.”
” നമ്മളുടെ സമൂഹത്തിൻ്റെ ഒരു നേർക്കാഴ്ച്ച സഹജീവികളോടുള്ള സഹാനുഭൂതി എല്ലാം വ്യക്തമാകുന്നതാണ് ഈ ലൈവ് പ്രോഗ്രാം. മനുഷ്യരെല്ലാം ഒന്നുപോലെ. അതെ ഒന്നുപോലെ വർഗീയത വിളമ്പുന്നു. എഎക്സ് ചാനലിൽ നിന്ന് ക്യാമറാമെൻ മാത്തുക്കുട്ടിയോടൊപ്പം അരവിന്ദൻ. നന്ദി നമസ്കാരം.”

 

രേഷ്മ ജേക്കബ്

അധികം പഴക്കം ഇല്ലാത്ത ഇരുനില വീടിന്റെ നീണ്ട ഇടനാഴിയിലൂടെ വേഗത്തിൽ നടന്നു വരുന്ന ആഢ്യത്വം തുളുമ്പുന്ന സ്ത്രീ, പറമ്പ് വൃത്തിയാക്കാൻ നിന്ന കുമാരനും വേണുവിനും നിർദ്ദേശങ്ങൾ നൽകി കൊണ്ട് അടുക്കളയിലേക്ക് നടന്നു. പ്രായം അധികമില്ലാത്തതു കൊണ്ടും ആഹാരക്രമത്തിലെ നിഷ് കർഷ കൊണ്ടും അലച്ചിലുകൾ താരതമ്യേന കുറവായതിനാലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. പറഞ്ഞേൽപ്പിച്ച ജോലികൾ പ്രഭ ചെയ്തു തീർത്തോ എന്ന് അറിയുകയാണ് ഉദ്ദേശ്യം.

അടുക്കളയിൽ മൂടിവെച്ചിരിക്കുന്ന ഓരോ പാത്രങ്ങളും അവർ തുറന്നു നോക്കി. തേങ്ങ ചിരകിയത് മേശപ്പുറത്ത് ഇരിപ്പുണ്ട്. ചേന, മുരിങ്ങക്കോൽ, കാരറ്റ് തുടങ്ങിയവ പാത്രത്തിൽ മുറിച്ച് വെച്ചിട്ടുണ്ട്. അരി അടുപ്പത്ത് കിടന്നു വേവുന്നു. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് നടന്നാൽ പ്രഭ തുണി അലക്കി വിരിച്ചിടുന്നത് കാണാം. വളരെ വെപ്രാളപ്പെട്ട് പ്രഭ ജോലി ചെയ്തു കൊണ്ടിരുന്നു.

“പ്രഭേ…” എന്ന നീട്ടിയുള്ള വിളി കേട്ടതും പ്രഭയുടെ കൈയിൽ നിന്നും തുണി വഴുതി മണ്ണിലേക്ക് വീണു. “പ്രഭേ, തുണി വിരിച്ച് കഴിഞ്ഞില്ലേ നീയേ? വേഗം അത് തീർത്തിട്ട് വന്ന് അടപ്രഥമൻ ഉണ്ടാക്കാൻ പാല് പിഴിഞ്ഞ് വെക്ക്. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ കഴുകി അടുപ്പത്ത് വേവാൻ വെക്ക്. തേങ്ങ ചിരകി വെച്ചേക്കുന്നത് കല്ലിൽ വെച്ച് ചതച്ച് എടുക്ക് . പച്ചക്കറി വേവുമ്പോൾ അതും ചേർത്ത് എണ്ണ ഒഴിച്ച് വാങ്ങി വെച്ചേക്ക്. ഞാൻ ഒന്ന് നടു നിവർത്തട്ട്. വല്ലാത്ത ക്ഷീണം”. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവർ തിരിച്ചു നടന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനെ അവർ അത്ര കണ്ട് അനുകൂലിച്ചിരുന്നില്ല. ദിവസവും എന്തെങ്കിലും മധുരപലഹാരങ്ങൾ വേണം എന്ന നിർബന്ധം വെച്ച് പുലർത്തിയിരുന്നു.

പ്രഭ നിലത്ത് വീണ തുണി വെള്ളത്തിൽ മുക്കി വിരിച്ചിട്ടിട്ട് അടുക്കളയിൽ എത്തി വേഗം തന്നെ ജോലികളിലേക്ക് കടന്നു. കോളിങ് ബെല്ല് മുഴങ്ങുന്നതിന്റെയും അതിനു ശേഷം മുൻവാതിൽ തുറക്കപ്പെടുന്നതിന്റെയുമായ ശബ്ദങ്ങൾ പ്രഭ അടുക്കളയിൽ നിന്ന് തന്നെ കേട്ടിരുന്നു. വടക്കേത്തലക്കലിലെ ശാന്തയെ ഉമ്മറത്ത് ആനയിച്ച് ഇരുത്തുന്നതിനു മുൻപ് തന്നെ തേക്കേത്തൊടിയിലെ രമയുടെ മകളുടെ വിവാഹ തലേന്നുള്ള ഒളിച്ചോട്ടത്തെ പറ്റിയുള്ള ചർച്ച ആരംഭിച്ചു. ചുറ്റുവട്ടങ്ങളിലുള്ള ജനന-മരണങ്ങളുടെ നിരക്ക് നിജപ്പെടുത്തിയ ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ കണക്കെടുപ്പിലേക്കും ഗൈനക്കോളജിസ്റ്റുമാരുടെ പേരുവിവരങ്ങൾ പകർന്നു നൽകുന്നതിലേക്കും കടന്നു.

വിഷയങ്ങളുടെ ഒഴുക്ക് തടസ്സങ്ങൾ ഇല്ലാതെ ഒഴുകുന്ന അരുവി പോലെ ആയാസരഹിതമായിരുന്നു. രണ്ടു പേരുടെയും ചർച്ചകൾക്ക് വിഷയമാകാനുള്ള ഭാഗ്യം സ്വന്തകുടുംബക്കാർക്കും സിദ്ധിച്ചു. അത് പ്രഭയുടെ കർണ്ണപുടങ്ങളിൽ പതിക്കുകയും ചെയ്തു. സംസാരിക്കുന്ന ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിൽ നിന്നും വിഷയത്തിന്റെ സ്വഭാവം ഗ്രഹിക്കാമായിരുന്നു. ” മരുമോൾ വണ്ണം വെച്ചത് കണ്ടില്ലായിരുന്നോ നീ? ശ്രദ്ധിക്കണ്ടേ. വണ്ണം കൂടിയാൽ കുട്ടികൾ ഉണ്ടാവില്ലാത്രെ! കായ്ക്കാത്ത മരം വെട്ടുന്നതാണ് പതിവ്. അല്ലാ, എന്തിയെ നിന്റെ മരുമോൾ?” രമയുടെ ചോദ്യശരങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമൊടുവിൽ ഒരു ദീർഘനിശ്വാസത്തിനു ശേഷം അവർ അടുക്കളപ്പുറത്തേക്കു നീട്ടി വിളിച്ചു, “പ്രഭേ!”

രേഷ്മ ജേക്കബ്

എം ജി സർവ്വകലാശാലയിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹ്രസ്വ കാലത്തെ അദ്ധ്യാപനവൃത്തിയ്ക്ക് ശേഷം ഇപ്പോൾ കേരള സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിനി.

ശിവജ കെ.നായർ

സമൃദ്ധിയുടെ പര്യായമാണ് നമ്മൾ മലയാളികൾക്ക് ഓണം. സ്കൂൾ കാലത്ത് ഒരോണത്തിനാണ്
എനിയ്ക്കും അനുജത്തിയ്ക്കും അച്ഛൻ വെള്ളി കൊണ്ടുള്ള ഒരു മാങ്ങാക്കൊലുസ് തീർപ്പിച്ചു തന്നത്. നാട്ടിൻപുറത്തെ സ്വർണ്ണപ്പണിക്കാരൻ തന്റെ സ്വന്തം പണിശാലയിൽ പണിതു തന്ന ആ കൊലുസ്സ് കൈയിൽ കിട്ടാൻ കാത്തിരുന്ന കാലത്ത് അത് കാലിലിട്ടു നടക്കുന്നതിന്റെ ഒരു പാട് റിഹേഴ്സലുകൾ മനസ്സിൽ നടന്നിരുന്നു. കാത്തിരുന്നു കിട്ടുന്ന സന്തോഷങ്ങളൊക്കെ ഇന്ന് കഥ മാത്രമായിരിയ്ക്കുന്നു. ചെന്ന് കണ്ട് ഇഷ്ടമുള്ളത് കൈക്കലാക്കുന്ന കാലവും കടന്ന് വേണ്ടതൊക്കെ ഒരു ക്ലിക്കിൽ വീട്ടിലെത്തിച്ചേരുന്ന കാലത്തെത്തി നിൽക്കുമ്പോഴും ആഘോഷങ്ങൾ മാറിയിട്ടില്ല. ആഘോഷിക്കുന്നവന്റെ ചുറ്റുപാടുകളാണ് മാറിയത്.

ഓണം എന്നാൽ മേളമായിരുന്നു. ഹൃദയങ്ങളുടെ മേളനമായിരുന്നു. പിന്നീടെപ്പോഴോ അത് മേളയായി മാറി. അണിഞ്ഞൊരുങ്ങലിന്റെ ,ആഹരിയ്ക്കലിന്റെ – ഒക്കെ മേളകൾ . ആചാരങ്ങളെ , ആഘോഷങ്ങളെ
ഒക്കെ ഒരു വാണിജ്യ സംസ്കാരം വിലയ്ക്കെടുത്തു. കിഴിവുകളും വാഗ്ദാനങ്ങളും മലയാളികളുടെ ദൗർബല്യങ്ങളായതോടെ ഓണവും മേളയായി. എന്നിരുന്നാലും മലയാളിയുടെ സ്വത്വബോധത്തോട് മറ്റെന്തിനെക്കാളും ഇഴയടുപ്പമാണ് ഓണത്തിനുള്ളത്. നേട്ടങ്ങളെ , നഷ്ടങ്ങളെ, ബന്ധുസമാഗമങ്ങളെ
എന്നു വേണ്ട എല്ലാറ്റിനെയും നമ്മൾ ഉത്രാടത്തിന്, തിരുവോണത്തിന് , അവിട്ടത്തിന് എന്നടയാളപ്പെടുത്തി. ” അതിന് നീ കുറെ ഓണം കൂടി ഉണ്ണണം ”
” നിന്നെക്കാൾ കുറെ ഓണം ഞാൻ കൂടുതലുണ്ടതാ ” എന്നൊക്കെ സ്വയം ഊറ്റം കൊണ്ടു .
” അച്ഛനിങ്ങു വരട്ടെ, ഇന്നു നിനക്കോണമാ ” എന്നു പറഞ്ഞ്
കുട്ടികളെ വിരട്ടി .
കുഗ്രാമങ്ങളെ ” ഓണം കേറാ മൂല ” എന്ന് വിശേഷിപ്പിച്ചു. ഇതിനിടയിലെപ്പൊഴൊക്കെയോ
ഓണമെന്ന സങ്കല്പത്തെ ,
അതിനു പിന്നിലുള്ള ഐതിഹ്യത്തെ ഒക്കെ
അവനവന്റെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു പരിഹസിച്ചു ചിരിച്ചു.

ആധികൾ, വ്യാധികൾ ഒന്നുമില്ലാത്ത കാലത്തെപ്പറ്റി നാം പാടി നടന്നപ്പോൾ ഒരിത്തിരിക്കുഞ്ഞൻ വന്ന് ആഘോഷങ്ങൾക്കും നമുക്കുമിടയിൽ വ്യാധി കൊണ്ടൊരു വരയിട്ടുകളഞ്ഞു. കൊറോണക്കാലത്തെ ഒരോണക്കാലം നാം പിന്നിട്ടു.
ആഘോഷങ്ങൾ മനസ്സിലും ആവാമെന്ന് നമ്മെപ്പഠിപ്പിച്ച കാലം.
ഇല്ലായ്മക്കാരന്റെ ഓണത്തെ ഇല്ലോളമെങ്കിലും തിരിച്ചറിഞ്ഞ കാലം..

കാലചക്രം കറങ്ങിക്കറങ്ങി ഒരു വേള പഴയ കാലത്തിലെത്തി നിൽക്കുന്ന പോലെ. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന് നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞിരുന്നു.
രാവിലെ കുളിപ്പിച്ച് നെറ്റിയിൽ മഞ്ഞൾ കൊണ്ട് ഗോപിക്കുറി ചാർത്തിച്ച് ഇഞ്ചിയില ,പയറില , ഉപ്പുമാങ്ങ, മഞ്ഞൾ, അരി വറുത്തത് , ശർക്കര ഇവയെല്ലാം ചേർത്ത് പശുക്കൾക്ക് , അരിമാവിൽ കൈപ്പത്തി മുക്കി നിരകളിൽ പതിപ്പിച്ച് ഗൗളികൾക്ക് , സന്ധ്യയായാൽ മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഉരുള ഉരുട്ടി നാക്കിലയിൽ വച്ച് ദീപം കൊളുത്തി, അതു കൂടാതെ ഒരു പന്തം കൊളുത്തി എച്ചിൽക്കുഴിയിലും വച്ച്
ഉറുമ്പുകൾക്ക് , എല്ലാം ഓണമൂട്ടിയിരുന്നു എന്റെ മുത്തശ്ശിമാർ .

കാലദേശഭേദങ്ങളനുസരിച്ച് ഇവയ്ക്കു മാറ്റമുണ്ടാവാം. എന്നാലും ഇക്കുറി നമുക്ക് ഇതൊക്കെ ഒന്ന് ആവർത്തിച്ചു കൂടേ ? പക്ഷിമൃഗാദികൾക്ക് മനുഷ്യരെ ഭയമാണ്. അതിനാൽ അവർ അകലം പാലിച്ചു കൊള്ളും. നാം വ്യാകുലപ്പെടേണ്ടതില്ല.

നമുക്കു ലഭിച്ച ഓണക്കാല സമൃദ്ധികളെ ആർക്കും കവർന്നു തീർക്കാനാവില്ല. കടലെടുപ്പുകളെ , കാറ്റെതിർപ്പുകളെ , പ്രളയഭയത്തെ, ഒക്കെ അതിജീവിച്ച നമ്മൾ നഷ്ടമായതിന്റെ പതിന്മടങ്ങ്‌ ശോഭയുള്ള
ആഘോഷനാളുകളിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യും അതുവരെ മനസ്സുകൊണ്ടടുക്കാം മനസ്സു കൊണ്ടാഘോഷിയ്ക്കാം. കൊറോണ വന്നതിൽ പിന്നെ രണ്ടാമത്തെ ഓണം എന്ന് നമ്മൾ വ്യാധിയോടു പോലും ഓണത്തെ ചേർത്തു വയ്ക്കും. കൊറോണ പോയതിൽ പിന്നെ ആദ്യത്തെ ഓണം – അതും വരാതിരിക്കില്ല. ഓർക്കണം എന്നതിന്റെ തുടക്കവും ഒടുക്കവും ചേർന്നതാണ് ഓണം. ഓർത്തിരിയ്ക്കാനും
കാത്തിരിയ്ക്കാനും ഒരോണമുണ്ടല്ലോ നമുക്ക് . ലോകമെമ്പാടുമുള്ള മലയാളം യു.കെ.യുടെ വായനക്കാർക്ക്
മനസ്സിൽ തൊട്ടു നേരുന്നു ഓണാശംസകൾ !

ശിവജ കെ.നായർ.

ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

[email protected]

മേലേകളത്തിൽ കൃഷ്ണദാസ്

അത്തം കറുത്തൊരു കുറത്തിയെപ്പോലെ മുറ്റത്ത് വന്നു പെയ്തു
മുഷിഞ്ഞ ചേലകൾ കുടിച്ചൊരുപ്പുനീരൊക്കയും അലക്കി വെളുപ്പിച്ചു
കലങ്ങിയൊഴുകിയെൻ പൂക്കളം മുറ്റം നിറയെ
കുറത്തിനെഞ്ചം പൊട്ടും പോൽ പെരുമ്പറയിടി വെട്ടി
വാഴക്കയ്യുകൾ വെള്ളം നീട്ടിതുപ്പി തൊടിയിൽ കുറത്തിതൻ താമ്പൂലച്ചാർ പോലെ
ചിരിച്ച ജമന്തിയും മന്ദാരവും കല്യാണപ്പെണ്ണിനെ പോൽ കൈകോർത്ത് കരഞ്ഞ് പിരിഞ്ഞു
കാക്ക കാത്തിരുന്ന
കാച്ചിയ പപ്പടച്ചൂര് കാറ്റിലുലഞ്ഞു
പൂച്ചയിലയിട്ടു കൈനക്കി രുചിയോർത്തു
ഇറയത്തു വന്നാർത്തു കോഴികൾ
നനഞ്ഞങ്കവാലാൽ ആലിംഗനബദ്ധരായ്
അത്തം കറുത്തോണ്ടോണം വെളുക്കൂന്ന് മണ്ണാത്തിക്കിളി നീട്ടിക്കുഴുകി
എന്റെയോണങ്ങൾ വെളുത്തിടാൻ പെയ്യുന്നു കുറത്തികൾ കറുകറെ
കണ്ണീർ ചാലിച്ച്

മേലേകളത്തിൽ കൃഷ്ണദാസ്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്ക് പോത്തനൂർ സ്വദേശി. കേരള ജയിൽ വകുപ്പിൽ ജോലി ചെയ്തു വരുന്നു. പ്രദേശികമായിട്ടുള്ള കലാ സാംസ്കാരിക നാടക പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നവ മാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു. ഹാർട്ട് ഫുൾനെസ്സ് യോഗ മെഡിറ്റേഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. മലയാള ഭാഷയുടെ ആചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡിപ്പാർട്ട്മെന്റ് നടത്തിയ സെമിനാറിൽ പ്രബന്ധ മൽസര വിഭാഗത്തിൽ വിജയിയായിട്ടുണ്ട്
Mob 9400683458

പൂജ കൃഷ്ണ 

ഇസബെല്ല എന്നാണിവളുടെ പേര്. ആ ചെടിയുടെ അല്ല. അതിനു താങ്ങാവുന്ന, കൂട്ടാവുന്ന ആ സെറാമിക് പോട്ട്. ഇതവളുടെ കഥയാണ്!

എനിക്കീ അടുത്ത കാലത്താണ് ചെടികളോടും, പോട്ടുകളോടും കമ്പം കയറിയത്. നമ്മൾ ഒന്നെത്താൻ വൈകിയാൽ നമ്മളെ കാത്തിരുന്നു വാടുന്ന ഒരു ചെടിയെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിനേകുന്ന ഒരു അർത്ഥമുണ്ട്! ബിനുമോനാണ് ഈ കമ്പത്തിനും എന്റെ കൂട്ടു കക്ഷി.

ഒരു ഓൺലൈൻ സൈറ്റിൽ നിന്ന് ബഡ്ജറ്റിൽ ഒതുങ്ങാഞ്ഞിട്ടും ഇവളെ വാങ്ങിയത്, ആ പേര് കൊണ്ടും, ക്ലാസിക് ലുക്കുകൊണ്ടുമാണ്. പലവട്ടം ഇതേ സെല്ലറിന്റെ സെറാമിക് പോട്ടുകൾ വാങ്ങിയിട്ടുണ്ട്. അവയൊക്കെ ഒരു പോറൽ പോലും പറ്റാതെ ഭംഗിയായി എത്തിച്ചേർന്നിട്ടുമുണ്ട്. ആ ധൈര്യത്തിൽ തന്നെയാണിവളെയും കാത്തിരുന്നത്. എന്നാൽ പാക്കറ്റു കയ്യിൽ കിട്ടിയപ്പോൾ അകത്തൊരു കിലുക്കം! ഉള്ളൊന്നു കാളി. തുറന്നപ്പോൾ സംഭവം സത്യമാണ്, പൊട്ടി അടർന്നു വീണിട്ടുണ്ട്, ഉള്ളിൽ മൂന്നു കഷണങ്ങൾ.

റിട്ടേൺ പോളിസിയുണ്ട്, ഇവളെ മടക്കാം. പൊട്ടി അടരാത്ത ഒരുവൾ വരുമെങ്കിലും, എന്തിനെന്നറിയാതെ ഒരു വേദന! ചുമ്മാ കാത്തിരുന്നത്രയും ദിവസം ഇസബെല്ലാ… ഇസബെല്ലാ പാടി ഇഷ്ടം കൊഴുപ്പിക്കേണ്ടിയിരുന്നില്ല! അവളുടെ പൊട്ടി അടർന്ന കഷണങ്ങൾ ഉള്ളിൽ കൊണ്ടുരയുന്ന പോലെ! അല്ലേലും ചില നേരത്തു ഞാൻ ഓവർ ഡ്രാമയാണ്.

വൈകിട്ട് കോളേജ് വിട്ടു വന്ന ബിനുമോൻ എന്നെ കണ്ടതേ തിരക്കി, ‘പൊട്ടിയാണോ വന്നത്’? അല്ലെങ്കിലും എന്റെ മുഖം വായിക്കാൻ ബിനുമോനെ കഴിഞ്ഞിട്ടേ ഉള്ളു. എന്തുണ്ടെങ്കിലും സ്പോട്ടിൽ പിടിക്കും! അതെനിക്കുയർത്തുന്ന വെല്ലുവിളി ചില്ലറയല്ല! ചായകുടി കഴിഞ്ഞതേ ബിനുമോൻ പറഞ്ഞു ‘ഇങ്ങു കൊണ്ടുവന്നെ നോക്കട്ടെ’. പായ്ക്കറ്റോടെ എടുത്തുകൊണ്ടു ചെന്ന ഇവളെ കണ്ടിട്ട് എന്നോട് ചോദിച്ചു ‘അപ്പോൾ എന്താ പ്ലാൻ’? ഞാൻ പറഞ്ഞു ‘റിട്ടേൺ തന്നെ! അല്ലാതെന്താ ഇപ്പോൾ ഇതിൽ ഇത്ര പ്ലാനിടാൻ ഉള്ളത്’!

അടുത്തതായി ബിനുമോൻ ചോദിച്ച ചോദ്യങ്ങളിലും, ന്യായങ്ങളിലുമാണ് ഞാൻ കുഴങ്ങി പോയത്. ഇത് റിട്ടേൺ ചെയ്‌താൽ മറ്റൊന്ന് വരുമായിരിക്കാം, അതും വരുന്നത് പൊട്ടിത്തന്നെ ആണെങ്കിലോ? അതല്ല അതിനു ശേഷം നമ്മുടെ കയ്യിൽ നിന്നാണതു വീണു പൊട്ടുന്നതെങ്കിലോ? അവർ കഴിവതും ഭംഗിയായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് ഇതയച്ചത്, അവരെ തെറ്റ് പറയാൻ ആവില്ല. വഴിയിൽ കൈകാര്യം ചെയ്ത ആരുടെയോ തെറ്റ്. നമ്മൾ തിരിച്ചയച്ചാൽ, വഴിയിൽ ഇതിലും പൊട്ടി തകർന്നു ഒരിക്കലും കൂട്ടി ചേർക്കാൻ ആവാത്തവണ്ണമായിരിക്കും ഇത് അവർക്ക് തിരിച്ചെത്തുക. ആർക്കുമാർക്കും ഉപയോഗമില്ലാത്ത കുറെ കഷണങ്ങളായി ഇതെവിടെങ്കിലുമൊരു കുപ്പയിൽ അവശേഷിക്കും. അത് വേണോ? നമുക്കൊന്നൊട്ടിക്കാൻ ശ്രമിച്ചു നോക്കാം, നടന്നില്ലേൽ ബാക്കി അപ്പോൾ നോക്കാം!

ഞാനും അവളെ ഒന്ന് കൂടി നോക്കി. ശരിയാണ്, എന്തിനാണവളെ കുപ്പത്തൊട്ടിയിൽ തള്ളുന്നത്. അതിനാണോ അവർ അവളെ ഇത്ര ശ്രദ്ധ പൂർവം പൊതിഞ്ഞു അയച്ചത്. ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നത്. അവളുടെ വില അറിയാത്താരോ അവളെ എടുത്തെറിഞ്ഞതല്ലേ. നമ്മുടേതാണ് പൊട്ടുന്നതെങ്കിൽ ഒട്ടിക്കാൻ ശ്രമിക്കില്ലേ? മുറിവൊട്ടുമെങ്കിൽ, അതിനു നമ്മൾക്കാവുമെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കുക തന്നെ!

അടുക്കള റെന്നൊവേറ്റു ചെയ്തപ്പോൾ പണിക്കാർ ബാക്കിവെച്ച് പോയ പശയാൽ ബിനുമോൻ സസൂഷ്മം അടർന്ന കഷ്ണങ്ങൾ ഓരോന്നായി ചേർത്തുവെച്ച് അവളെ പൂർവ സ്ഥിതിയിലാക്കി. കുറച്ചു നാൾ അങ്ങനെ തന്നെ സേഫ് ആയി വെച്ചു, ഒട്ടും ഇളകാതെ, ആരും തട്ടാതെ. പതുക്കെ, പൊട്ടിയ കഥ അവൾ പോലും മറന്ന പോലെ! പിന്നെ ആദ്യം കുറച്ചു വെള്ളം പതുക്കെ, പതുക്കെ പേടിച്ചു നിറച്ചു നോക്കി. ഇല്ല അവൾ ഒട്ടും ചോരുന്നില്ല! അപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല! നഷ്ടപെടും എന്ന് ഭയപ്പെട്ട പ്രിയപ്പെട്ട ഒരുവൾ തിരിച്ചു വന്ന പോലെ!

പിന്നെ ഒരു നാൾ അവളിൽ മണ്ണും, ചാണകപ്പൊടിയും, വളവും ചേർത്ത്, ഒരു ചെടി നട്ടു. ആ ചെടി അവളിൽ തളിർത്തു. പൊട്ടിത്തകർന്നു എന്ന് കരുതിയവൾ, ഇന്നാ ചെടിക്കു വീടാണ്. ഒന്നെത്തി നോക്കിയാൽ ഇപ്പോഴും കാണാം ആ ഒട്ടിച്ചേരലുകൾ, അതിളകാത്ത വണ്ണം വേണമവളെ കൈകാര്യം ചെയ്യാൻ! എന്നാൽ ഓരോ നോക്കിലും അവൾ എന്നിൽ നിറയ്ക്കുന്നത് ആ മുറിവിന്റെ നോവല്ല, മറിച്ചു കരുതലിന്റെ കരുത്താണ്! ആർക്കാണ് അവളെക്കണ്ടാൽ ഇപ്പോൾ പാടാൻ തോന്നാത്തത് ഇസബെല്ലാ… ഇസബെല്ലാ!

പൂജ കൃഷ്ണ 

ഐടി പ്രൊഫഷണൽ. പഠനം മാക്ഫാസ്റ്റിൽ പൂർത്തിയാക്കി. താമസം പാലാ, രാമപുരം.
Contact: [email protected]

റോസ്മി ചാക്കോ

പുതിയ മനുഷ്യർ നല്ലവരാണ്
അവർ
കുന്നുകളുടെയും
മലകളുടെയും മുകളിൽ
കാടുപിടിച്ചു കിടക്കുന്ന
മുടിയെല്ലാം
വെട്ടി വൃത്തിയാക്കിയിട്ടുണ്ട്
അനാവശ്യമായി ഒഴുകുന്ന
പുഴകളെയെല്ലാം വറ്റിച്ച്
ശാന്തസുന്ദരമായ
മൈതാനങ്ങളാക്കിയിട്ടുണ്ട്
ചേറും ചെളിയുമായികിടക്കുന്ന
നെൽപാടങ്ങളെയെല്ലാം നികത്തി
അതിസുന്ദരമായ ബംഗ്ലാവുകളും
പണിതുയർത്തിയിട്ടുണ്ട്
നമ്മുടെ നല്ലതിനുവേണ്ടി
ഈ നാശം പിടിച്ച ഭൂമിയെയും
വെടിയുണ്ടകളാക്കി
മടിയിലെടുത്തുവയ്ക്കാനാണ്
പുതിയ തീരുമാനം

റോസ്മി ചാക്കോ

2018 ൽ കോഴിക്കോട് വെച്ചു നടന്ന വിദ്യാരംഗം സംസ്ഥാനതല കവിതാക്യാമ്പിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനി

RECENT POSTS
Copyright © . All rights reserved