literature

മെട്രിസ് ഫിലിപ്പ്

മേടം ഒന്നിന് ലോകമലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുവെന്നു കേൾക്കുമ്പോൾത്തന്നെ വിഷുക്കണി, അതിന്റെ ഒരുക്കം, കൈനീട്ടം, വിഷു സദ്യ അങ്ങനെയെല്ലാം മനസിലേക്കോടിയെത്തുന്നു. കൃഷ്ണഭഗവാനേയും കണിക്കൊന്നപ്പൂവും കണിവെള്ളരിക്കയും മറ്റു ഫലങ്ങളും തലേ ദിവസം തന്നെ ഒരുക്കി വെയ്ക്കുന്നു.

രാവിലെ ഭഗവാനെകണ്ടു തൊഴുത്, കാരണവൻമാരുടെ കൈയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങുന്നു, പിന്നെ സദ്യയുണ്ട്, വിഷു അടയും കഴിച്ച് ആടിപ്പാടി വിഷു ആഘോഷിക്കുന്നു.

വിഷുവിനു കണിവെള്ളരിക്ക പ്രധാനം തന്നെയെന്ന് ഏവർക്കും അറിയാം. മൂന്നു കുട്ടുകാർ കുംഭം-മീനം മാസത്തിൽ ചെയ്ത വെള്ളരിക്ക കൃഷിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഒരു ഗ്രാമത്തിൽ നടന്ന കഥ..!!

കഥ തുടങ്ങുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന എല്ലാ കർഷകർക്കും നന്മ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…

മുപ്പതു വർഷങ്ങൾക്കു മുൻപൊക്കെ ഉഴവൂരിൽ ഒരുപാടു വയലുകളും തോടുകളുമെല്ലാം ഉണ്ടായിരുന്നു. കരിമാക്കിതോട്, വലിയതോട്, പെരുന്താനം തോട്, കരുനെച്ചി തോട്, ടൗൺ തോട്, അങ്ങനെ നിരവധി തോടുകൾ.. മഴക്കാലമാകുമ്പോൾ ഇവയെല്ലാം കരകവിഞ്ഞൊഴുകും. ഒരുപാടു കർഷകരുള്ള നാടാണ് ഉഴവൂർ . ഉഴവുകളുടെ നാട് എന്നും പറയും.

നെല്ല്, പച്ചക്കറി കൃഷികൾ കൂടാതെ പശുവളർത്തൽ തുടങ്ങിയവയുമുണ്ട് ഈ ഗ്രാമത്തിൽ. വലിയ തോർത്തുമുണ്ടുടുത്തു തലയിൽ പാളതൊപ്പിയും വെച്ച് വയലിൽ കാളയെ പൂട്ടിയ വണ്ടി ഓടിക്കുന്ന ഒരുപാട് അപ്പാപ്പൻമാരെ ഓർമ്മ വരുന്നു. ഉഴവൂർ- പാലാ റോഡിൽ നെല്ല്, വൈക്കോൽക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകൾ എവിടെയും കാണാമായിരുന്നു.

ഇനി കഥയിലേക്കു വരാം. പെരുന്താനം പടിഞ്ഞാറുഭാഗം അതായതു കുറിച്ചിത്താനം അമ്പലത്തിന്റെ ഭാഗങ്ങൾ. അവിടെയെല്ലാം നിറയെ പാടശേഖരങ്ങൾ. കൊയ്ത്തു കഴിഞ്ഞാലുടൻ തന്നെ കൊണ്ട കൃഷി എന്ന പേരിൽ പയർ, പാവൽ, വെള്ളരി, കോവൽ എല്ലാം കൃഷി ചെയ്യും. ഈ പാടങ്ങളുടെ അരികിലൂടെ ഒരു തോട് പോകുന്നുണ്ട്. ആ തോട്ടിലെ വെള്ളം ചെല്ലുന്നത് പൂവത്തുങ്കലിൽ ഉള്ള വലിയ തോട്ടിലേക്കാണ്. പാടങ്ങളോടു ചേർന്ന് ഈ തോടുള്ളതിനാൽ വേനൽക്കാലത്തും എപ്പോഴും വെള്ളം ഉണ്ടാകും.

ഉഴവൂർ കോളേജിൽ പഠിക്കുവാൻ പെരുന്താനം പടിഞ്ഞാറു ഭാഗത്തുനിന്നും ഒരുപാടു കുട്ടികൾ വന്നിരുന്നു. കോളേജിലേക്കു നടന്നാണ് ഇവരൊക്കെ പോയിരുന്നത്. എന്റെ വീടിന്റെ മുൻപിലൂടെ. അങ്ങനെ കൂട്ടുകൂടിയ മൂന്നു കട്ട ഫ്രണ്ട്‌സ്, കുഞ്ഞനും, ജോബിയും പിന്നെ ഞാനും…!!

കോളേജ് പഠനം കഴിഞ്ഞെങ്കിലും അയൽവാസികളായ ഞങ്ങൾ കൂട്ടുകൂടി നടന്നു. പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നുവേണ്ട എല്ലാ പരിപാടികൾക്കും ഞങ്ങൾ മൂവരും ഒത്തുചേർന്നാണ് പോയിരുന്നത്.

അങ്ങനെ വർഷങ്ങൾ കടന്നുപോയി… ഞങ്ങൾക്കു കൃഷിയിൽ വളരെ താൽപ്പര്യമുണ്ടാകുന്നു. അങ്ങനെയൊരു ജനുവരി മാസത്തിൽ കൂട്ടുകൃഷി ചെയ്താലോയെന്നു തീരുമാനിക്കുന്നു. അതും വെള്ളരി കൃഷി ചെയ്താലോ എന്ന്…!

ജോബിയുടെ എളയമ്മയുടെസ്ഥലം മുൻപ് പറഞ്ഞ തോടിന്റെ സൈഡിലുള്ള വയലാണ്, പെരുന്താനം പടിഞ്ഞാറേഭാഗം… എന്റെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അന്നു കൃഷിയോഫീസിൽ നിന്നും സഹായങ്ങൾ കിട്ടുമായിരുന്നു. അവിടെ ഒരു അപേക്ഷയും കൊടുത്തു. രഘുച്ചേട്ടൻ നൽകിയ വിത്തുകൾ, ഉഴുതു മറിച്ച വയലിൽ മൂന്നുപേരും ചേർന്നു തടമെടുത്തു പാകി. തോട്ടിൽ വെള്ളമുള്ള സമയമായിരുന്നതുകൊണ്ട് രാവിലെയും വൈകിട്ടും ഓരോ തടത്തിലും വെള്ളം ഒഴിച്ചു.

തടത്തിൽ വെള്ളമൊഴിച്ചു മടുത്തിരിക്കുമ്പോൾ കൂട്ടത്തിൽ ഉള്ള ഒരു സഹോദരൻ കൊണ്ടുവരുന്ന പങ്ക് നീരയും ചെണ്ടൻകപ്പയും മുളകും വാഴയിലിൽ എടുത്തു വെച്ചു കഴിക്കും. അങ്ങനെയിരുന്നു തങ്ങളുടെ കൃഷിയിടത്തിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്‌തി…!!

വിത്തുപൊട്ടി പുതിയ നാമ്പുകൾ തലപൊക്കിത്തുടങ്ങിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം… ദിവസങ്ങൾ വേഗത്തിൽ കടന്നുപൊയ്ക്കൊണ്ടിരുന്നു. അതിനൊപ്പം വെള്ളരിത്തണ്ടുകൾ കണ്ടത്തിൽ പടർന്നു കൊണ്ടുമിരുന്നു. ഇടയ്ക്കു ചാണകവും ഇട്ടുകൊടുത്തു. പ്രാണി ശല്യത്തിന് മരുന്നു വാങ്ങി അടിച്ചു. അങ്ങനെ കൃഷിയുടെ ഓരോ അവസ്ഥകളും ഞങ്ങൾ ആസ്വദിച്ചു ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്നാണതു സംഭവിച്ചത്. തോട്ടിലെ വെള്ളം വറ്റിയിരിക്കുന്നു…!!

വെള്ളത്തിനു വേണ്ടി ഞങ്ങൾ അലഞ്ഞു. തോട്ടിൽ ഒരു കുഴികുത്തിയാൽ വെള്ളം ലഭിക്കുമെന്ന് തൊട്ടപ്പുറത്തു കൃഷി ചെയ്യുന്ന ചേട്ടൻ പറഞ്ഞു. മൂന്നുപേരും കൂടി വലിയ കുഴികുത്തി. ആദ്യ സമയങ്ങളിൽ വെള്ളം ലഭിച്ചു. എന്നാൽ കാലക്രമേണ ആ വെള്ളവും വറ്റിപ്പോയി. ഇനി എന്ത് ചെയ്യുമെന്നാലോചിച്ച് തലയിൽ കൈ വെച്ച് ആ തോട്ടുവക്കിൽ മൂന്നു പേരുമിരുന്നു. അപ്പോൾ ദൈവദൂതനെപ്പോലെ അടുത്തുള്ള ചേട്ടൻ പറഞ്ഞു, അവരുടെ കണ്ടത്തിൽ ഒരു കിണറുണ്ട്, അതിൽ നിന്നും വെള്ളം എടുത്തോളാൻ. വെള്ളത്തിനു വേണ്ടിയുള്ള വെള്ളരിയുടെ നിലവിളിക്കു മുൻപിൽ ദൂരം, ദൂരമല്ലതായി. അങ്ങനെ മൂന്നുപേർ ചേർന്ന് രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളവും ഒപ്പം വളവും നൽകി വന്നു.

വെള്ളരിവള്ളികൾ ആ കണ്ടത്തിൽ മുഴുവൻ പടർന്നു. വള്ളികളിൽ നിറയെ പൂവ് വിടർന്നു. മനസിൽ സന്തോഷത്തിന്റെ അലമാലകൾ നിറഞ്ഞു. ഇനിയാണ് കൂടുതൽ വെള്ളം വേണ്ട സമയവും. രണ്ടാഴ്ച്ചക്കുള്ളിൽ പൂവെല്ലാം വിടർന്നു, കായ്കൾ വന്നുകൊണ്ടേയിരുന്നു. ആരും കണ്ണു വയ്ക്കുന്ന രീതിയിലുള്ള വിളവ്… സന്തോഷത്തിന്റെ ദിവസങ്ങൾ. സ്വർണ്ണനിറമുള്ള കണിവെള്ളരികൾ കാണുവാൻ വയലിന്റെ അടുത്തുള്ളയാളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ മറ്റാരുമറിയാതെ അടുത്തുള്ള ഒരു വ്യക്തി ഈ വെള്ളരിയിൽ കണ്ണു വെച്ചിട്ടുണ്ടായിരുന്നു.

വിളവെടുപ്പിന്റെ സമയമായി. അപ്പോഴാണ് ഒരാഴ്‌ചത്തെ പഠനയാത്രയ്ക്കായി എനിക്കു ലക്ഷദ്വീപിലേക്കു പോകേണ്ടി വന്നത്. വെള്ളരിക്കകൾക്കു കാവൽ നിൽക്കണമെന്ന് എന്റെ പ്രിയ കൂട്ടുകാരോട് പ്രത്യേകം പറഞ്ഞിട്ടാണ്‌ പോയത്. എന്നാൽ മറ്റു ചില അസൗകര്യങ്ങൾ കാരണം രാത്രിയിൽ കാവൽ നിൽക്കാൻ ഇവർക്കു സാധിച്ചില്ല. ആ തക്കം നോക്കി, ആ വ്യക്തി, വിളഞ്ഞു നിന്ന വെള്ളരികൾ ചാക്കിലാക്കി പോയി… പിറ്റേദിവസം ഇവർ വന്നു നോക്കിയപ്പോൾ ഒട്ടേറെ വെള്ളരികൾ കാണുവാനില്ല. തലയിൽ കൈവെച്ച് അവർ വാവിട്ടു കരഞ്ഞു… എന്തു ഫലം!

എല്ലാം പോയി. ഇനിയുള്ളതു കൂടി കൊണ്ടുപോകേണ്ട എന്നു കരുതി എല്ലാം പറിച്ചെടുത്തു. ചാക്കുകളിലാക്കി ഉഴവൂരിലുള്ള പച്ചക്കറി കടകളിൽ കൊണ്ടുപോയി വില്ക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നത് മതി. കൂട്ടുകാർക്ക് ഇതെല്ലാം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആരോ പറഞ്ഞു, കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയാൽ വിൽക്കാമെന്ന്..!

അവസാനം ഈ വെള്ളരികളെല്ലാം നിസ്സാരവിലയ്ക്കു കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണവും വാങ്ങി ഉഴവൂർക്കു തിരിച്ചുപോന്നു. രണ്ടു മാസം വെള്ളം കോരിയതു മിച്ചം. എന്നാലും അവർക്കു വിഷമമില്ല. കൃഷിക്കു വേണ്ടി കടം വാങ്ങിയ പണം എല്ലാവർക്കും തിരികെകൊടുത്തു, ബാക്കിയുള്ള തുച്ഛമായ തുക അടിച്ചുപൊളിച്ചു സന്തോഷമാക്കി തീർത്തു.

എന്നാൽ അവർക്കു ഏറ്റവും സന്തോഷമായത്, തങ്ങളുടെ വിളവ് കട്ടെടുത്തു കള്ളും കുടിച്ചു , ‘മാനസ മൈനേ വരൂ…. ‘ എന്ന് ആടിപ്പാടി വരുന്നയാളെക്കണ്ടപ്പോഴാണ്… കളവു ചെയ്തയാളോടു വഴക്കുണ്ടാക്കിയിട്ട് എന്തു പ്രയോജനം…?

വർഷങ്ങളും വേനലും ഒരുപാടു കടന്നു പോയിട്ടും ഇവരിന്നും അടുത്ത കൂട്ടുകാരായിത്തന്നെ ജീവിക്കുന്നു. ഇനിയുമൊരു വെള്ളരികൃഷി സ്വപ്നം കണ്ടങ്ങനെ….

ഡോ. ഐഷ വി

” ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരുകടാക്ഷമാല കർ അർക്കരശ്മിയിൽ നീട്ടിയും ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
സാരമായ് സകലത്തിലും മതസംഗ്രഹഗ്രഹിയാത്തതായ്
കാരണമാന്തമായ് ജഗത്തിലുർന്നു നിന്നിടുമൊന്നിനെ
സൗരദാർക്കാനാദി കൊണ്ടും മൃഗം കണക്കനു മേയവർ ദൂരമാകിലു മന്ത ഹാർദ്ദ ഗുണസ്പദത്തെ നിനയ്ക്കുവാൻ
നിത്യ നായക നീതി ചക്ര മതിൽ തിരച്ചിലിനക്ഷമാം സത്യ മുൾക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യ ഭു വെടിയാതെയും മടിയാതെയും കര കോടിയിൽ പ്രത്യഹം പ്രഥയാർന്ന പാവന കർമ്മ ശക്തി കുളിയ്ക്കുക.
സാഹസങ്ങൾ തുടർന്നു ടൻ സുഖഭാണ്ഡമാശു കവർന്നു പോം ദേഹമാനസ ദോഷസന്തതി ദേവ ദേവ നശിയ്ക്കണേ.
സ്നേഹമാം കുളിർ പൂന്നിലാവു പരന്ന സർവ്വവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്വമുള്ളിൽ വിളങ്ങണേ
ധർമ്മമാം വഴി തന്നിൽ
വന്നണയുന്ന വൈരികളഞ്ച വേ
നിർമ്മല ദ്യുതിയാർന്ന നിശ്ചയ ഖഡ്ഗമേന്തി നടന്നുടൻ
കർമ്മ സീമ കടന്നുപോയ് കളിയാടുവാനരുളേണമേ ശർമ്മ വാരിധിയിൽ കൃപാകര ശാന്തിയാം മണി നൗകയിൽ”
ഒരു ദിവസം ശ്രീദേവി അപ്പച്ചിയുടെ മകൾ ബീന ചേച്ചി (വല്യേച്ചി)എന്നോട് പറഞ്ഞു. നാളെ വിളയിൽ വച്ച് ഒരു പരിപാടിയുണ്ട്. ആ ചടങ്ങിൽ ഈശ്വര പ്രാർത്ഥന ചൊല്ലുന്നത് നമ്മൾ രണ്ടുമാണ്. ഞാൻ സന്തോഷിച്ചു. ” അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” ചൊല്ലിയാൽ മതിയല്ലോ എന്ന് ചിന്തിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ കുട്ടികൾ കുളിച്ചൊരുങ്ങി ശ്രീദേവി അപ്പച്ചിയോടും അമ്മയോടുമൊപ്പം അച്ഛന്റെ അമ്മാവന്റെ വീടായ കാഞ്ഞിരത്തും വിളയിലേയ്ക്ക് പോയി. മുറ്റത്ത് വലിയ പന്തലിട്ടിരിയ്ക്കുന്നു. നിരത്തിയിട്ട കസേരകളിൽ ധാരാളം പേർ ഇരിക്കുന്നു. അമ്മയും ശ്രീദേവി അപ്പച്ചിയും പന്തലിൽ ഉപവിഷ്ടരായി. കുറച്ചു കഴിഞ്ഞ് പരിപാടി ആരംഭിച്ചപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കായ് ഞാനും വല്യേച്ചിയും വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. വല്യേച്ചിയും ഞാനും വേദിയുടെ ഒരറ്റത്ത് ചെന്ന് നിന്നു. വല്യേച്ചി കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാൻ എഴുതിയ “ചന്തമേറിയ പൂവിലും” എന്ന പ്രാർത്ഥനാ ഗീതം ഈണത്തിൽ ചൊല്ലാൻ തുടങ്ങി. അതിലെ ഒരു വരി പോലും എനിക്കറിയാത്തതിനാൽ ചുണ്ടനക്കി നിൽക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പ്രാർത്ഥന കഴിഞ്ഞു ഞങ്ങൾ വേദിയൊഴിഞ്ഞു. കുറച്ചുനേരം കൂടി ചടങ്ങുകൾ നീണ്ടു. പിന്നീടവർ ചായ കുടിക്കാനായി പിരിഞ്ഞു. ശാരദ വല്യമ്മച്ചിയും അമ്മയും ശ്രീദേവി അപ്പച്ചിയും മറ്റു ചില പുരുഷ ജനങ്ങളും കൂടി അവിടെ സന്നിഹിതരായവർക്കെല്ലാം ചായ, ഉപ്പുമാവ്, പഴം, വട എന്നിവ വിളമ്പി കൊടുത്തു. കാപ്പി കുടി കഴിഞ്ഞ് ആളുകൾ പന്തലിലേയ്ക്ക് കയറുന്നതിനിടയിൽ അമ്മ എന്റെയടുത്തു വന്നു പറഞ്ഞു: ഈശ്വരപ്രാർത്ഥന പഠിച്ചിട്ട് പോകണമായിരുന്നു. വെറുതേ പോയി ചുണ്ടനക്കിയത് ശരിയായില്ലയെന്ന്. രണ്ട് പേർ ചേർന്ന് ഈശ്വരപ്രാർത്ഥന ചൊല്ലുമ്പോൾ ഏതാണ് ചൊല്ലേണ്ടതെന്ന് ഒരു മുൻ ധാരണ വേണമെന്ന് ആറാം ക്ലാസ്സുകാരിയായ എനിയ്ക്കന്ന് മനസ്സിലായി. ഞാൻ അമ്മയോട് ഇതെന്ത് പരിപാടിയാണെന്ന് ചോദിച്ചു. ചിറക്കര ത്താഴം സർവ്വീസ് കോ ഓപറേറ്റീവ് ബാങ്കിന്റെ വാർഷിക പൊതുയോഗമാണെന്ന് അമ്മ പറഞ്ഞു തന്നു. വാർഷിക റിപ്പോർട്ട് അവതരിപ്പിക്കലും വാർഷിക കണക്കവതരിപ്പിക്കലും ഉച്ചവരെ നീണ്ടു. പിന്നെ ഉച്ച ഭക്ഷണം. ഉച്ചയ്ക്ക് ശേഷം അടുത്ത വർഷത്തേയ്ക്കുള്ള ബജറ്റവതരണം. അവസാനം ദേശീയ ഗാനം ഞാനും വല്യേച്ചിയും കൂടി ആലപിച്ചു.

ചിറക്കരത്താഴം സർവ്വീസ് സഹകരണ സംഘം പ്രദേശത്തെ ജനങ്ങളുടെ പക്കൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് കൂടാതെ കർഷകരുടെ തേങ്ങ സംഭരിക്കുക. അവർക്കാവശ്യമായ വളങ്ങളും കീടനാശിനികളും നൽകുക എന്ന വല്യ ദൗത്യങ്ങളും നിർവ്വഹിച്ചിരുന്നു. സംഘത്തിന് സ്വന്തം സ്ഥലവും കെട്ടിടവും മതിൽ കെട്ടും ആകുന്നത് വരെ അച്ഛന്റെ അമ്മാവന്റെ പറമ്പിലായിരുന്നു തേങ്ങ സൂക്ഷിച്ചിരുന്നത്. തെക്കേ പൊയ്കയിലെ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലായിരുന്നു തേങ്ങ അവിടെ എത്തിച്ചിരുന്നത്. ചിലപ്പോൾ അദ്ദേഹത്തിന്റെ മകൾ ഉഷയും അവിടെ വരാറുണ്ടായിരുന്നു. ഉഷ എന്റെ ക്ലാസ്സിലെ കുട്ടിയാണ് . ഞാനും ഉഷയും കൂടി കളിക്കുക പതിവായിരുന്നു. രാത്രി തേങ്ങയുടെ കാവൽക്കാരൻ “കരിമൻ” എന്ന നായയാണ്.

എല്ലാ നാളികേരവും എത്തിച്ചു കഴിഞ്ഞാൽ പിന്നെ തേങ്ങാ പൊതിക്കകാരുടെ ഊഴമാണ്. അവർ ഓരോ പാരയുമായി വന്ന് നിലത്ത് ആഞ്ഞ് കുത്തി ഉറപ്പിക്കും. പിന്നെ തൊണ്ടു പരന്ന വശം പാരയിലിടിച്ച് പൊതിക്കാൻ തുടങ്ങുന്നു. തൊണ്ട് പൊതിച്ച് ഒരു കൂന കൂട്ടും. ധാരാളം കാളവണ്ടികൾ എത്തി ഇവയെല്ലാം കയറ്റിക്കൊണ്ടുപോയി കയർ മേഖലയിൽ എത്തിക്കുന്നു. തേങ്ങ മാർക്കറ്റി ലേയ്ക്കും. മാറിമാറിവന്ന ഭരണ സമിതിയുടെ പിടിപ്പുകേടും തിരച്ചടവില്ലാത്ത വായ്പകളും സ്ഥാപനത്തിന് എന്നെന്നേക്കുമായി താഴിടാൻ ഇടയാക്കി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ജോലി കഴിഞ്ഞു വരുമ്പോൾ സെൽവരാജനേയും ജോസഫ് അച്ചായനേയും വഴിയിൽ വച്ചു കണ്ടു രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.

“എന്താ വിശേഷം?”ഞാൻ ചോദിച്ചു.

” താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?”അച്ചായൻ നല്ല ഫോമിലാണ്.

സെൽവരാജൻ പറഞ്ഞു,”അച്ചായൻ പറയുന്നത് കണക്കാക്കണ്ട. നാട്ടിൽ വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ആവേശമാണ്. പാവം അച്ചായൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. കന്നി വോട്ടാണ്.”

“അതെങ്ങനെ കന്നി വോട്ടാകും? ഇപ്പോൾ കന്നി മാസം അല്ലല്ലോ?”അച്ചായൻ തൻ്റെ ജനറൽ നോളഡ്‌ജ്‌ പുറത്തിറക്കി.

“അച്ചായാ ആദ്യത്തെ വോട്ടിന് കന്നി വോട്ട് എന്നാണ് പറയുന്നത്. വാ നമ്മുക്ക് വൈകുന്നേരത്തെ ട്രെയിന് പോകണം. വേഗം റെഡിയാകാൻ നോക്ക്. അധികം സമയമില്ല.”

അത് തെറ്റാണ്,മലയാളം ആദ്യത്തെ മാസം ചിങ്ങം ആണല്ലോ,കന്നി രണ്ടാമതല്ലേ ?”

ശരി, സമ്മതിദാനാവകാശവും പൗരത്വ ബോധവും ഒന്നും തിരിച്ചറിയാതെ മറുനാട്ടിൽ ജീവിക്കുന്ന നമ്മൾ വെറും കിണറ്റിലെ തവളകൾ പോലെയാണ്. നമ്മൾ ഉയർത്തെഴുന്നേൽക്കണം. “അച്ചായൻ എന്നോട് പറഞ്ഞു.

“അതെന്തുകളിയാ അച്ചായാ,തവളകൾ ഉയർത്തെഴുന്നേൽക്കുമോ?”സെൽവരാജൻ ചോദിച്ചു.

“ഈസ്റ്റർ കഴിഞ്ഞു, എന്നാലും നാട്ടിൽപോയി ഉയിർത്ത് എഴുന്നേറ്റു വാ.”

ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ അച്ചായൻ വീണ്ടും പറഞ്ഞു, “നമ്മൾ പണം ഉണ്ടാക്കാനുള്ള വഴികൾ ചിന്തിച്ച് സമയം കളഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു. അതാകുമ്പോൾ വിവരം വേണ്ടല്ലോ”.

“ശരിയാ, നമ്മൾക്ക് പറ്റിയ പണിയായിരുന്നു.”

കൊല്ലം രാധാകൃഷ്ണൻ നാട്ടിലേക്ക് നേരത്തെ തന്നെ പോയിക്കഴിഞ്ഞിരുന്നു, എവിടെയോ ഒരു കഥാപ്രസംഗത്തിന് ചാൻസ് കിട്ടിയിരുന്നു, ഇപ്പോൾ പോയാൽ രണ്ടും നടക്കും. ഹുസ്സയിൻ വീണ്ടും അവൻ്റെ മുതലാളിയുടെകൂടെ എവിടെയോ പോയിരിക്കുകയാണ്. ചിലപ്പോൾ മുതലാളിക്ക് പെണ്ണുകാണാൻ ആയിരിക്കും.

സമ്മതി ദാനവകാശം ഉപയോഗിക്കാത്ത പൗരത്വബോധം ഇല്ലാത്ത ഞാനും ജോർജുകുട്ടിയും ഒഴിച്ച് എല്ലാവരും വോട്ട്ചെയ്യാൻ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നും വന്ന ബേബി പോലും പോകുന്നു എന്നാണ് പറഞ്ഞത്.

വോട്ട് കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം കാലത്ത് തന്നെ അച്ചായനും സ്വെൽവരാജനും തിരിച്ചെത്തി. രണ്ടുപേർക്കും ഒരു ഉണർവ്വ് കാണുന്നില്ല. ചോദിച്ചിട്ട് ഉരുണ്ടുകളിക്കുന്നു. ഞങ്ങളെ കണ്ടപ്പോഴെല്ലാം രണ്ടുപേരും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. ജോർജ്‌കുട്ടി പറഞ്ഞു ,”ആശാന്മാർ എന്തോ അബദ്ധത്തിൽ ചെന്നുചാടിയതുപോലെ തോന്നുന്നുണ്ട്.”

“എങ്ങനെയുണ്ടായിരുന്നു അച്ചായൻ്റെ കന്നി വോട്ട്?”

അച്ചായൻ ദയനീയമായി ഞങ്ങളെ നോക്കി. സെൽവരാജാൻ പറഞ്ഞു, “ഒന്നും പറയണ്ട. അച്ചായൻ്റെ നാട്ടുകാർ വളരെ നല്ല മനുഷ്യരാണ്. അച്ചായൻ അങ്ങ് ബാംഗ്ലൂരിൽ നിന്നും കാശുമുടക്കി വോട്ടു ചെയ്യാൻ വരണമല്ലോ ബുദ്ധിമുട്ട് ആകുമല്ലോ എന്ന് അവർ വിചാരിച്ചു.”

“നല്ല നാട്ടുകാർ അവർ എന്ത് ചെയ്തു? സ്വീകരണവും അനുമോദനവും ഒക്കെ നടത്തി കാണും,”

“അതെല്ലാം നിസ്സാരം. അച്ചായന് ബുദ്ധിമുട്ടാകുമല്ലോ എന്ന് വിചാരിച്ച് ബൂത്തിൽ അവർ നേരത്തെ എത്തി അച്ചായൻ്റെ വോട്ടുകൂടി ചെയ്തു”.

അച്ചായൻ പരാതി പറയാൻ ചെന്നപ്പോൾ പറയുകയാണ് ” കള്ളവോട്ട് ചെയ്യാൻ വന്നതാണ്, പോലീസിൽ ഏൽപ്പിക്കണ്ടങ്കിൽ തിരിച്ചുപൊയ്‌ക്കോ എന്ന്.”

നാട്ടിൽ പോയവർ ഓരോരുത്തരായി തിരിച്ചു വന്നു തുടങ്ങി. ആർക്കും ഒരു മിണ്ടാട്ടവുമില്ല. തിരിച്ചുവന്ന എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന് ജോർജ്‌കുട്ടി എല്ലാവരെയും സമാധാനിപ്പിച്ചു. അസ്സോസിയേഷൻ്റെ ഓണം വരികയാണ്. എല്ലാവരെയും സോപ്പിട്ടില്ലെങ്കിൽ പിരിവ് മോശമായിപോകും.

കൊല്ലം രാധാകൃഷ്ണൻ മാത്രം വളരെ സന്തോഷത്തിലായിരുന്നു. നാട്ടിൽ പോയ രാധാകൃഷ്ണന് രണ്ടുമൂന്ന് പ്രോഗ്രാം കിട്ടി. വലിയ ജനക്കൂട്ടം ആയിരുന്നു എന്നൊക്കെ രാധാകൃഷ്ണൻ തട്ടിവിടുന്നുണ്ടായിരുന്നു.

“വേനൽക്കാലത്ത് മഞ്ഞും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമതി ഇണങ്ങുകയില്ല.”

ജോർജുകുട്ടി ബൈബിളിൽ നിന്നും പഠിച്ചുവച്ച ഒരു വാചകം പുറത്തെടുത്തു.

ഒന്നും മനസ്സിലാകാതെ രാധാകൃഷ്ണൻ എന്നെ നോക്കി.

ഞാൻ അത് കാണാത്ത ഭാവത്തിൽ നിന്നു.

രാധാകൃഷ്ണൻ പറഞ്ഞു,”ബുദ്ധിമാന്മാർ മണ്ടത്തരം കേൾക്കുമ്പോൾ ചിരിക്കാറില്ല. കൂടിയാൽ ഒന്ന് പുഞ്ചിരിക്കും.”

അതായിരിക്കും തൻ്റെ ഗേൾ ഫ്രണ്ട് തന്നെക്കാണുമ്പോൾ പുഞ്ചിരിക്കുന്നത്.”ജോർജ്‌കുട്ടി പറഞ്ഞു.

ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞുകൊണ്ട് ജോർജ് വർഗീസ് വരുന്നതുകണ്ട്‌ ജോർജ് കുട്ടി ചോദിച്ചു,”എന്താ വർഗീസേ വട്ട് ആയോ?”.

“ഒന്നും പറയണ്ട, നാട്ടിൽ വോട്ട് ചെയ്യാൻ പോയിരുന്നു. അവിടെ നിന്നും വാങ്ങിയ സോപ്പ് ഉപയോഗിച്ച് പുതിയ ഷർട്ട് ഒന്ന് കഴുകി. ഇപ്പോൾ എല്ലാം ചെറുതായിപ്പോയി. ഭയങ്കര മുറുക്കം”.

“മണ്ടൻ,അതിന് വേറെ പണിയുണ്ട്.”

“എന്താ?”

“ആ സോപ്പ് ഉപയോഗിച്ച് താൻ ഒന്ന് കുളിച്ചാൽ പോരെ?”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

1979 ഫെബ്രുവരി മുതൽ പത്രങ്ങളിലെ പ്രധാന വിഷയം സ്കൈലാബ് തിരിച്ച് ഭൂമിയിലേയ്ക്ക് വീഴുന്നതിനെ കുറിച്ചായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൗതുക പൂർവ്വം ആ വാർത്തകളിലൂടെ കടന്നുപോയി. കുട്ടികളുടെ ഇടയിലും അത് ചർച്ചാ വിഷയമായിരുന്നു. ക്ലാസിലെത്തിയ ചില അധ്യാപകരും സ്കൈ ലാബിനെ കുറിച്ച് സംസാരിച്ചിരുന്നു. യു എസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈലാബ് ബഹിരാകാശത്തേയ്ക്ക് പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളുള്ളതായിരുന്നു. എന്നാൽ തിരിച്ച് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി ഇറക്കാൻ പറ്റിയ സംവിധാനമൊന്നും അതിലില്ലായിരുന്നു.

അതു കാരണം പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയം സൃഷ്ടിക്കാൻ പത്രവാർത്തകൾക്ക് കഴിഞ്ഞു. അങ്ങനെ ടെറസ്സിൽ തുണി വിരിയ്ക്കാൻ കയറിയ ഒരു സ്ത്രീ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ സ്കൈ ലാബ് വീഴുന്നതായിരിയ്ക്കും എന്നൂഹിച്ച് ടെറസ്സിൽ നിന്നും എടുത്തു ചാടിയതു മൂലം അപകടം പറ്റിയത്രേ. അങ്ങനെ മൂന്നാല് മാസങ്ങൾ കടന്നുപോയി. 1979 ജൂലൈ 11ന് സ്കൈലാബ് ഓസ്‌ട്രേലിയയിൽ പതിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.

41 വർഷങ്ങൾക്കിപ്പുറം ബഹിരാകാശ യാത്രയിലും പരീക്ഷണങ്ങളിലും മനുഷ്യൻ വളരെയധികം പുരോഗമിച്ചു. അത്തരം പരീക്ഷണങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്നതാക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ‌,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.

ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”

” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.

ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”

എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.

സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.

ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.

ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.

രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട്‌ ചെയ്തു.

“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഐശ്വര്യ ലക്ഷ്മി. എസ്സ്

ഗാഗുൽത്താമലതന്നിൽ
കാൽവരിക്കുന്നിൽ
സ്വയം അർപ്പിച്ചോനേ
നിന്നുടെ കർമ്മത്തിൻ ദാനം ഇന്നീ ഞങ്ങൾതൻ
പുണ്യജന്മം

എൻ നെഞ്ചിലെ നോവുകൾ ഇതൊന്നായ് നിൻ കനിവിൽ ചേർന്നകന്നീടേണമേ ലോകനാഥാ…

ജീവിതമുൾക്കിരീടം ചൂടിയീ ലോകത്തിൻ കുരിശിലേറി ക്രൂശിക്കും ഞങ്ങളെ മുന്നോട്ടു നയിക്കേണമേ നാഥാ നീ…
മുപ്പതു വെള്ളിക്കാശിൻ
മുന്നിൽ മതിമറന്ന മനംപോലെയാവാതെ കാക്കേണമേ നീ ഞങ്ങളെ

ചെയ്തൊരു പാപത്തിൻ
വിധിയെല്ലാം അകലേണമേ ഈ കുരിശുമലകേറി ഞാനെത്തുമ്പോൾ
വിലാപത്തിൻ മാറ്റൊലിയായിരം നിൻ
കാതങ്ങളിലെത്തുമ്പോൾ
ചേർത്തിടേണമേ നാഥാ നീ ഞങ്ങളെ

പിളർന്ന നിൻ നെഞ്ചിലെ രക്തമെൻ നോവൊക്കെയും നീക്കീടേണമേ…
ആയിരമടി ഉയരെയാണെങ്കിലും നിൻ സാന്ത്വനസ്പർശമരികിലല്ലോ…

എൻ പാദങ്ങളിന്നു തേടുന്നു നിൻ പിൻവഴികൾക്കായ്
നിന്നോടുകൂടി ചേരുമാ നേരത്തിൻ മുന്നെയായിരം
നന്മകൾ ചെയ്തിടാൻ
താങ്ങാകേണമേ നാഥാ നീ…

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]

 

സുരേഷ് നാരായണൻ

ഞാൻ കൂടൊരുക്കുന്നു ;
നീയതിലേക്ക് മുട്ടകളിടുന്നു.

ഞാൻ വഴി വെട്ടുന്നു;
നീയതിനരികിൽ ചെടികൾ
വെച്ചു പിടിപ്പിക്കുന്നു.

ഞാൻ വിശക്കുന്നവരെയെല്ലാം
വിളിച്ചുകൊണ്ടുവരുന്നു;
പ്രണയം ജ്വലിപ്പിച്ചു നീയവർക്കു
ഭക്ഷണമുണ്ടാക്കുന്നു.

ഞാൻ വിശുദ്ധനാകാൻ മുട്ടുകുത്തുന്നു;
നീയെൻറെ മുറിവുടുപ്പുകൾ തുന്നിക്കെട്ടുന്നു.

ഞാൻ ഇടയനാകാൻ നിയോഗിക്കപ്പെടുന്നു;
എന്നെയവൻറെ പുല്ലാങ്കുഴലാക്കിയാലും എന്നു നീ പ്രാർത്ഥിക്കുന്നു.

ഡോ. ഐഷ വി

അന്ന് ചിറക്കര ത്താഴം ശിവ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഞങ്ങൾ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടി. വല്യമ്മച്ചിയ്ക്ക് അന്ന് നല്ല പണിയായിരുന്നു. ബന്ധുക്കളുടെ തിരക്ക് കൂടാതെ “നല്ലതങ്ക ബാലെ” എന്ന നൃത്തം അവതരിപ്പിക്കുന്നവർക്കുള്ള ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ഞങ്ങൾ ആദ്യ ട്രിപ്പ് പായസം കുടിച്ച് കഴിഞ്ഞപ്പോൾ ഘോഷയാത്രയുടെ ചെണ്ടമേളം കേട്ടു. ഞങ്ങൾ കിഴക്കുഭാഗത്തെ പടവുകളിറങ്ങി ഘോഷയാത്ര കാണാനെത്തി. ശ്രീദേവി അപ്പച്ചിയുടെ മക്കൾ താലപ്പൊലിയെടുക്കുന്നുണ്ടായിരുന്നു. രോഹിണി അപ്പച്ചിയുടെ മുതിർന്ന മക്കൾ കുട്ടികളെ സഹായിക്കാനായി അവർക്കൊപ്പം നിന്നു. ഗിരിജ ചേച്ചി ബേബിയുടെ കൈവശുള്ള താലത്തിലിരിയ്ക്കുന്ന ദീപത്തിന്റെ തിരി നീട്ടിയപ്പോഴായിരുന്നു ഞാനത് ശ്രദ്ധിച്ചത്. മരോട്ടിക്കായുടെ ഒരു പിളർപ്പിൽ എണ്ണയൊഴിച്ച് തിരിയിട്ടിരിക്കുകയായിരുന്നു. മരോട്ടിക്കായ ഞാൻ ആദ്യമായി കാണുകയായിരുന്നു. പടവിൽ അടുത്തു നിന്ന അമ്മയോട് ചോദിച്ചപ്പോഴാണ് അത് മരോട്ടിക്കായാണെന്നറിയുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളക്കാരും താലപ്പൊലിക്കാരും ഇടയ്ക്ക് കോലം കെട്ടി തുള്ളുന്നവരുമൊക്കെയടങ്ങിയ ഘോഷയാത്ര പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു കയറി. അധികം താമസിയാതെ ബാലെക്കാരുടെ വണ്ടിയെത്തി. “നല്ല തങ്ക ബാലെ” എന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. ബാലെക്കാരുടെ ഭക്ഷണം വിശ്രമം എന്നിവ അവിടെ നടന്നു. ആകപ്പാടെ നല്ല തിരക്ക് ഇതിനിടയിൽ അവരുടെ കൂട്ടത്തിലെ സുന്ദരിയായ ഒരു യുവതി അകത്തെ മുറിയിലേയ്ക്ക് കയറി. ഞാൻ അവരുടെ പിന്നാലെ കൂടി. അവർ പരിപാടിയ്ക്ക് ഒന്ന് തയ്യാറെടുക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി. കൈവിരലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ച് ബാലെയിലെ രംഗങ്ങൾ അവർ അവിടെയാടി നോക്കുകയായിരുന്നു. എന്റെ സാന്നിധ്യം പാടെ വിസ്മരിച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാനായിരുന്നു അവരുടെ ശ്രമം. അവരത് അമൂർത്തമാക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.

കുറേ നേരം കടന്നുപോയി. ഒരു മുതിർന്ന സ്ത്രീ വന്ന് യുവതിയെ വിളിച്ചപ്പോൾ അവർ അമ്പലത്തിലേയ്ക്ക് പോകാനൊരുങ്ങി. അവർ വണ്ടിയിൽ യാത്രയായിക്കഴിഞ്ഞപ്പോൾ വല്യചഛനും വല്യമ്മച്ചിയും രഘുമാമനും ഞങ്ങളും കൂടി വീടും പൂട്ടി അമ്പലത്തിലേയ്ക്ക് നടന്നു. വീട്ടുകാവലിന് “കരിമൻ” എന്ന നായ മാത്രം. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാനും കിടക്കാനും ആവശ്യമായത്രയും പായകൾ വല്യമ്മച്ചി കൈയ്യിൽ കരുതിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേയ്ക്കും ഘോഷയാത്ര കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിന്റെ പുറക് ഭാഗത്ത് ഒതുക്കി കെട്ടിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ തൊഴുതു വന്നപ്പോഴേയ്ക്കും ചെറിയ തോതിലുള്ള വെടിക്കെട്ട് തുടങ്ങിയിരുന്നു. ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാകാൻ കരിമരുന്നു പ്രയോഗം നല്ലതാണെന്ന കാര്യവും ചൈനാക്കാരാണ് കരിമരുന്ന് പ്രയോഗം കണ്ടുപിടിച്ചതെന്നു ഞാനോർത്തു.

വെളുപ്പാൻ കാലത്താണ് വലിയതോതിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഉത്സവത്തിലെ പ്രധാന പരിപാടി അവസാനിക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങുക. പ്രസംഗം, മിമിക്രി തുടങ്ങിയ കുറച്ച് പരിപാടികൾക്ക് ശേഷം ബാലെ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങാൻ തുടങ്ങി. വല്യമ്മച്ചി ഒരോരുത്തരെയായി പായിൽ കിടത്തി. മുതിർന്നവർ ഉറങ്ങാതിരുന്ന് ബാലെ കണ്ടു. ഞാനും ഇടയ്ക്കപ്പോഴോ ഉറങ്ങിപ്പോയി. പരിപാടി അവസാനിച്ച് വെടിക്കെട്ട് തുടങ്ങിയപ്പോൾ വല്യമ്മച്ചി എല്ലാവരെയും വിളിച്ചുണർത്തി. കുട്ടികൾ ഉറക്കച്ചടവിലായിരുന്നു. വല്യമ്മച്ചി പായെല്ലാം ചുരുട്ടിയെടുത്തു. ഞങ്ങളെയും നടത്തിച്ച് വീട്ടിലെത്തി. തലേ രാത്രിയിൽ അവനെ ഒറ്റയ്ക്കാക്കി പോയതിന്റെ പ്രതിഷേധം ഒന്നു മുരണ്ട് പ്രകടിപ്പിച്ച ശേഷമാണ് “കരിമൻ” ഞങ്ങളെ വാലാട്ടി സ്വീകരിച്ചത്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ പൂജയും മറ്റുമായി ഉച്ചകഴിഞ്ഞാൽ സമയം കളയും.

“ആകെ ഒരു രസവും തോന്നുന്നില്ല .നമ്മൾക്ക് ചീട്ടുകളിച്ചാലോ?”ജോർജ്‌കുട്ടി ചോദിച്ചു.

” നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?”
“ഒരു കാര്യം ചെയ്യാം അച്ചായൻെറ വീട്ടിൽ വരെ പോകാം.”
അച്ചായനും സെൽവരാജനും ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ഉസ്താദുമാരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടി
ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അയൽവക്കത്തുള്ള ചിക്ക ലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്. ഗൗഡ സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും. അയാൾ അതുകേട്ട് മാനം വരെ പൊങ്ങും.

സമയം ആറര കഴിഞ്ഞു, “ഏഴു മണിയാവുമ്പോൾ പവർകട്ട് ഇല്ലേ? അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ”. ഞാൻ ചോദിച്ചു.
” പതിവല്ലേ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ?”
” ഗൗഡരെ നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക് പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?”
” നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം”. എല്ലാവരും എന്നെ പിന്താങ്ങി.
“എന്താ ചെയ്യണ്ടത്?”ഗൗഡ.
പെട്ടെന്ന് ജോർജുകുട്ടി ഒരു ഐഡിയ കണ്ടുപിടിച്ചു “ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.”
ഗൗഡ വെറുതെ പൊട്ടനെ പോലെ ചിരിച്ചു.
ജോർജ്ജുകുട്ടി പറഞ്ഞു കൊടുത്തു,” നിങ്ങൾ കർണാടക ഗവർണറുടെ പി.എ. ആണ് എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ ഒരു പ്രോഗ്രാം ഉണ്ട്, രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കാൻ.”
ഗൗഡ ഒന്നും ആലോചിച്ചില്ല. ഉടനെ ഫോണെടുത്തു. ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു എന്നിട്ട് പറഞ്ഞു “,ഞാൻ ഗവർണറുടെ പി.എ.ആണ് നാഗരാജ്. ഇന്നിവിടെ ഗവർണറുടെ പ്രോഗ്രാം നടക്കുന്നുണ്ട് അതുകൊണ്ട് രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കാൻ പറയുക,അത്രമാത്രം.”
എഞ്ചിനീയർ പറഞ്ഞു, “അത് പറ്റില്ല ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ ഒരു മണിക്കൂർ പവർ കട്ട് .”
“അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല. ഇല്ലങ്കിൽ ഗുൽബർഗക്ക് പോകാൻ തയ്യാറായിക്കോ”.
കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ. ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.
ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു. 9.50 ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി,പേര് ബേബി.
അച്ചായൻ വെറുതെ പറഞ്ഞു,”ഈ ബേബിക്ക് ഒരു ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ. നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?”
“ഞാനെന്തു ചെയ്യാനാ?”.
“ഇവിടെ റെയ്‌സ് കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്ത് ഏതാനും വേക്കൻസികൾ ഒഴിവുണ്ട്. ശനിയും ഞായറും ടിക്കറ്റ് വിൽക്കുവാനും ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും 4 ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം. അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും. ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു.”അച്ചായൻ ഗൗഡരെ പൊക്കി.
“ഞാൻ എന്തു വേണം ?” ഗൗഡ.
“ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കൂ അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്.”
ഗൗഡ ടെലിഫോൺ എടുത്തു ,”ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ രാവിലെ 10:00 മണിക്ക് നിങ്ങളുടെ ഓഫീസിൽ വരും. അവന് ഒരു ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.”
” നിങ്ങളാരാണ്?”
” ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്,നാഗരാജ.”
അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം. ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്. അവർക്ക് ഒന്നും മനസ്സിലായില്ല.
ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.
ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,”നിങ്ങള് കേട്ടില്ലേ, അയാൾ പറഞ്ഞത്?ജോലി റെഡി. ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ..”
ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി, ഗൗഡ പറഞ്ഞു, ഏതായാലും പോകുന്നതല്ലേ, ഒരു ആറ് പാക്കറ്റ് ബിരിയാണികൂടി വാങ്ങിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ.”
ബേബി തപ്പിക്കളിക്കാൻ തുടങ്ങി. അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.
“കാശില്ലെങ്കിൽ ഞാൻ തരാം”, ഗൗഡ പോക്കറ്റിൽ കയ്യിട്ടു.
പക്ഷെ ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല. പോക്കറ്റിൻറെ ഭാഗത്ത് ഒരു തുള മാത്രം ഉണ്ട്.
ആരും അനങ്ങുന്നില്ല.
ഗൗഡ വിചാരിച്ചത് അയാൾ കാശുകൊടുക്കാം എന്നുപറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും എന്നാണ്.
അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,”ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക. “ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല, പവർ കട്ട് ആരംഭിച്ചിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കാരൂർ സോമൻ

എങ്ങും നിശ്ശബ്ദത. ഗാഢനിദ്രയിൽ നിന്ന് അനാഥാലയത്തിൽ കഴിയുന്ന പതിമൂന്ന് വയസ്സുകാരൻ ആനന്ദ് വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകന്മാർ ചിറകടിച്ചു പറന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. ചുറ്റിനും അനാഥകുട്ടികളുറങ്ങുന്നു. നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ്ഞ ഭീകര ദ്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.

അച്യുതൻ മൂന്ന് സെന്റ് പുറംപോക്ക് വസ്തുവിൽ ഒരു കുടിലുകെട്ടി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു. അത് മണ്ണിന്റെ അവകാശിയായി ഹൃദയാഭിലാഷം പൂർത്തീകരിച്ച നാളുകളായിരിന്നു. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരൻ അനിലിനെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട്ട് ആരംഭിച്ചു. അത് അധികാരികൾക്ക് കൈക്കൂലി കൊടുത്ത് പട്ടയം ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവയ്ക്കും നാട്ടിലെ കടുവയ്ക്കും ഈ കുടിൽ ഒരധികപ്പറ്റായി. ഇരകളെത്തേടി കാട്ടുനായ്ക്കളായ ഗുണ്ടകളെത്തി. അച്യുതൻ ഭയന്നില്ല. ഗുണ്ടകളെ നേരിട്ടത് മൂർച്ചയേറിയ വെട്ടുകത്തിയുമായിട്ടാണ്. ഗത്യന്തരമില്ലാതെ മുതലാളി നിയമനടപടികൾ തുടങ്ങി. അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരും കൂട്ടിനെത്തി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും ശരീരത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു ആത്മഹത്യക്ക് തയ്യാറായി നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ.

“ഞങ്ങളും ഈ മണ്ണിന്റെ അവകാശികൾ. പാർപ്പിടം മൗലിക അവകാശമാണ്. ആറടി മണ്ണ് ഞങ്ങൾക്കും വേണം”. ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.

പോലീസ് ശകാരം തുടർന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് കോടതി വിധി നടപ്പാക്കണം. നിങ്ങൾ പുറത്തിറങ്ങണം. ഇല്ലെങ്കിൽ വലിച്ചെറിയും” സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളി അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി.

ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണകൂടങ്ങളെ, സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ രാഷ്ട്രീയമില്ലാത്ത ബുദ്ധിജീവികൾ രൂക്ഷമായി കുറ്റപ്പെടുത്തി. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ഇതിനൊക്കെ ഉത്തരം പറയണം? അവർക്കതിരെയും വിമർശനങ്ങളുയർന്നു. നിയമം ലംഘിക്കുന്നവർക്ക് കൂട്ടുനിൽക്കരുത്.

ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജൻ അനിൽ ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. രക്ഷിതാക്കൾ തീയിലെരിയുന്നത് കണ്ടവൻ ബോധരഹിതനായി വീണു. മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകുന്നതുപോലെ ആനന്ദിന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. അവന്റെ മനസ്സ് മന്ത്രിച്ചു. “ഞങ്ങൾ ഈ ദുരന്തത്തിന്റ ബാക്കിപത്രമാണ്. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് ഞങ്ങളെ പിഴുതെറിഞ്ഞു. രക്ഷിതാക്കളെ അഗ്നിക്കിരയാക്കി “. അവന്റെ സിരകൾ ത്രസിച്ചു. നെടുവീർപ്പുകളുയർന്നു. ഈ അടിമത്വ വ്യവസ്ഥിതിക്കെതിരെ അവന്റെ ചൂണ്ടുവിരലുകളുയർന്നു. ഒരു പോരാളിയായി പോർവിളി നടത്താൻ, രക്ഷിതാക്കളുറങ്ങുന്ന മണ്ണിലെത്താൻ മനസ്സ് ശക്തിയാർജിച്ചുകൊണ്ടിരിന്നു.

RECENT POSTS
Copyright © . All rights reserved