literature

സിബിൻ തോമസ്

ഇരുട്ടിന്റെ ഭ്രാന്തമായ കൈകൾ ഉദയസൂര്യന്റെ പൂമുഖത്തുനിന്നും വേർപെട്ടിരിക്കുന്നു നേത്രങ്ങളുടെ ദൃഷ്ടിയിൽപ്പെടാത്തയത്ര ഭംഗി ആ പ്രഭാതത്തിനുണ്ടായിരുന്നു. വിജനമായ വഴിയോരവും മഞ്ഞുവീണ ചെറുചെടികളും അന്നത്തെ പ്രഭാതത്തിന് ഉണർവു തന്നതായി അയാൾക്ക് തോന്നി. എന്നാൽ ആ തോന്നലുകൾക്ക് മഴത്തുള്ളിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ചുവടുകൾ മെല്ലെ നീക്കി അയാൾ തിരക്കേറിയ ഭാഗത്തേക്ക് നടന്നു നീങ്ങി. കാലിന്റെ അവശത അയാളെ പിന്നിലേക്ക് വലിച്ചിഴക്കുന്നുണ്ടെങ്കിലും അതുവകവെക്കാതെ ആ മനുഷ്യൻ ചുവടുകൾ ബലമായി ഉറപ്പിച്ചു നടന്നു നീങ്ങി. എന്തോ അയാളുടെ മനസ്സിനെ ആകർഷിച്ചതായി തോന്നുന്നു, അതല്ലങ്കിൽ എന്തിനയാൾ ഇത്ര കഷ്ടപ്പെട്ട് നടന്നു നീങ്ങുന്നു.
എത്രയും വേഗമെത്തണമെന്ന ലക്ഷ്യമായിരിക്കാം അയാളുടെയുള്ളിൽ എന്നു തോന്നുന്നു. സൂര്യകിരണത്തിന്റെ താപം മെല്ലെ കൂടി വരുന്നു, ചെടികളിലെ ചെറുതുള്ളികൾ മെല്ലെ വഴുതി വീഴുന്നു.

ദൂരെ നിന്ന് ഒരു വലിയ നിര ദൃശ്യമാകുന്നു അവിടേക്കാണെന്ന് തോന്നുന്നു അയാളുടെ പോക്ക്. അവശതയാർന്ന കാലുകൾക്ക് ഊർജ്ജമുണ്ടാകുന്നു. വേഗത കൂടുന്നതായി പ്രതിഫലിക്കുന്നു. നീണ്ട നേരത്തെ ചലനത്തിന് വിരാമമിട്ടുകൊണ്ട് അയാൾ ഒരു നീണ്ട നിരയിലേക്ക് കയറി നിന്നു. നല്ല ശബ്ദ കോലാഹലം നിറഞ്ഞ അന്തരീക്ഷം. ആരൊക്കെയോ എന്തോ വിളിച്ചു പറയുന്നതായി കാണാമെങ്കിലും എന്താണെന്നു വ്യക്തമാകുന്നില്ല. അയാളുടെ കാലുകൾ മെല്ലെ മുമ്പോട്ടു ചലിക്കുന്നതായി കാണാം, എന്നാൽ ചെറു ഉറുമ്പുകളുടെ വേഗത മാത്രം. എന്തിനാണയാൾ ഇവിടെ നിൽകുന്നത്? എന്നിങ്ങനെയുള്ള കുറേ ചോദ്യങ്ങൾ എന്റെ മനസ്സിലുടലെടുത്തു.
ഇതെന്താണെന്നു എങ്ങനെയറിയും? ആരോടാ ഒന്നു ചോദിക്കുക? ആരും ആരേയും ശ്രദ്ധിക്കുന്നില്ല എല്ലാവരും ആ നീണ്ട നിരയിലേക്കു കയറുവാനുള്ള തിരക്കിലാണ്. ഞാൻ പതിയെ ആയാളുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ എന്നെ നോക്കുന്നുണ്ട്, എന്താണെന്നു മാത്രം വ്യക്തമാകുന്നില്ല. എന്റെ തൊട്ടു പിന്നിൽ തിരക്കേറിവരുന്ന തിരിഞ്ഞു നോക്കുമ്പോളെല്ലാം ഒന്നിനു പുറകേ ഒന്നായെത്തുന്ന ചെറു ഉറുമ്പിൻ കൂട്ടത്തെ ഓർമ്മ വരുന്നു.
സൂര്യരശ്മിയുടെ താപം കൂടാൻ തുടങ്ങിയിരിക്കുന്നു, ജലാംശം എന്റെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. എത്രയും വേഗം ഈ ആൾക്കൂട്ടമെന്തിനാണെന്നു അറിയണം, അതുമാത്രമായി എന്റെ ചിന്ത.

നീലക്കുപ്പായമണിഞ്ഞ കുറേ ചെറുപ്പക്കാരെ എന്റെ നേത്രങ്ങൾക്കു കാണാൻ സാധിക്കുന്നു. അവരെന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നതായി കാണാം. എന്നാലും ആ നിരയിൽ നിന്നുമാറാൻ അയാൾ തയാറാകുന്നതേയില്ല.

പരിചിത മുഖമെന്നു തോന്നിക്കുന്ന ഒരു നീലക്കുപ്പായം എന്റെ മുൻപിലേക്കു നടന്നു വരുന്നു, എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ എന്റെ നേരെ ഒരു വെള്ള കടലാസു നീട്ടി, അതിലെന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ ഞാൻ ആ കടലാസു വാങ്ങിച്ചു. അക്കമിട്ടു രേഖപ്പെടുത്തിയ കുറേ ചോദ്യങ്ങൾ അതിനു തൊട്ടുതാഴെയായി ഉത്തരത്തിനുള്ള ഒരു ചെറിയ സ്ഥലവും വ്യക്തമാക്കുന്നു. ഒറ്റ നോട്ടത്തിലെന്തിനോ വേണ്ടിയുള്ള അപേക്ഷയാണെന്നു മനസ്സിലായി. ഞാൻ ആ കടലാസ് വായിക്കുവാൻ തുടങ്ങി.
അപേക്ഷകന്റെ പേര് :
വിലാസം :
അംഗങ്ങൾ :
നാശനഷ്ടങ്ങൾ :

ഏറ്റവുമൊടുവിലായി മരിച്ചവരുടെ എണ്ണവും ആവശ്യപ്പെട്ടിരിക്കുന്നു. ഇത് ഞാനുമായി ബന്ധപ്പെട്ടതല്ല എന്ന് എനിക്കു തോന്നി, മെല്ലെ കടലാസു മടക്കി ഞാൻ എന്റെ പോക്കറ്റിലേക്കു വെച്ചു.

തിരക്കേറി വരുന്ന ആ നിരയിൽ നിന്നു കണ്ണെടുത്തുകൊണ്ട് ഞാൻ ഒന്നുകൂടെ അയാളെ നോക്കി. വിറങ്ങലിച്ച കൈകൾ കൊണ്ടെഴുതിയതിനാലായിരിക്കാം അക്ഷരങ്ങൾക്കു ഒടിവു സംഭവിച്ചിരിക്കുന്നു.

പതിയെ കണ്ണെടുത്തുകൊണ്ട് ഞാൻ ആ നിരയിൽ നിന്നു പിന്മാറി. ദൂരെ എന്നെയും കാത്ത് ഒരു വാഹനം കിടപ്പുണ്ട് അതിലെന്റെ കുടുംബവും, ശബ്‍ദാന്തരീക്ഷത്തിൽ നിന്നും എത്രയും വേഗം മടങ്ങുകയെന്ന ലക്ഷ്യമായിരുന്നു എനിക്ക്.

വാഹനത്തിന്റെ അടുത്തെത്തിയ ഞാൻ ഒന്നു തിരിഞ്ഞു നോക്കി ആ വൃദ്ധനെന്റെ കാഴ്ച്ചയ്ക്കുമപ്പുറമായി കഴിഞ്ഞിരുന്നു. പതിവു യാത്രകൾക്കു വിരാമമിട്ടുകൊണ്ട് ഞാൻ എന്റെ തിരക്കേറിയ ജീവിതത്തിലേക്കു മടങ്ങുകയാണ്. ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ഇങ്ങനെയുള്ള യാത്രകൾ എനിക്കു പതിവാണ്.

ഇരുളും വെളിച്ചവും വാരിപ്പുണർന്നുകൊണ്ട് ദിവസങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പൊയ്ക്കൊണ്ടേയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകളുടെ സമ്മർദ്ദം ആവർത്തിക്കുമോ എന്ന ശങ്കയിലായിരുന്നു ഞാൻ. ഓഫീസിന്റെ പടവുകൾ കയറുന്തോറും ആശങ്ക വർദ്ധിച്ചുകൊണ്ടേയിരുന്നു. മേലുദ്യോഗസ്ഥന്റെ മുറിയിലേക്കു ചെല്ലണമെന്ന നിർദ്ദേശം നേരത്തെ ലഭിച്ചിരുന്നു. അനുവാദത്തോടെ ഞാൻ ആ വാതിൽ തുറന്നുകൊണ്ടകത്തുകയറി. നിർദ്ദേശങ്ങളുടെ ഒരു കൂമ്പാരം എന്നെത്തേടിയിരുപ്പുണ്ടായിരുന്നു. ഇന്നും നേരത്തേയിറങ്ങാൻ കഴിയില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. എന്റെ ഉത്തരവാദിത്വങ്ങളെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി, മേശയുടെ മുകളിലായി കുറേയധികം ഫയലുകളും കടലാസുകളും, അവയെന്നെ മാടി വിളിക്കുന്നു.
മനസ്സില്ലാ മനസ്സോടെ ആദ്യ കെട്ടഴിച്ചു, ഇതിൽ നിറയെ കടലാസുകളാണല്ലോ, പെട്ടന്നാണ് എന്റെ ഓർമ്മകളിലേക്കതോടിയെത്തിയത്. ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഒരു തിരശ്ശീലയിലെന്നപോലെ ആ വൃദ്ധന്റെ മുഖം എന്നിൽ മിന്നിമറഞ്ഞു.
ഒടിവു സംഭവിച്ച ആ അക്ഷരങ്ങൾക്കുവേണ്ടി എന്റെ കണ്ണുകൾ തേടി, കെട്ടുകൾ മാറിക്കൊണ്ടേയിരിന്നു. എന്നാൽ ഞാൻ തേടിയതു മാത്രമെനിക്കു കാണാൻ സാധിച്ചില്ല. അവസാന കെട്ടഴിക്കുമ്പോഴും ഒടിവു നിറഞ്ഞ അക്ഷരങ്ങൾ കാണണേ എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്.
ആദ്യമായാണ് ഇത്ര ആവേശത്തോടെ ജോലിസംബന്ധമായ ഒരു കാര്യം ഞാൻ തിരയുന്നത്. ഒടുവിൽ ഞാനതു കണ്ടെത്തി. അയാളെപ്പോലെ തന്നെ ആ അക്ഷരങ്ങൾക്കു മങ്ങൽ സംഭവിച്ചിരിക്കുന്നു. എന്റെ ഒപ്പിനായി കാത്തുകിടന്ന കെട്ടുകളിൽ നിന്നും എന്തിനാണു ഞാൻ ഇതു മാത്രം തിരഞ്ഞെടുത്തത്? മനസ്സിൽ ഞാൻ അയാളുടെ പേര് വായിച്ചു, ഒരു പഴഞ്ചൻ നാമദേയമായിരുന്നു അത്.

സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ഞാൻ ചെയ്‍തു തീർത്തിട്ടുണ്ട്, അപ്പോഴെല്ലാം പ്രശസ്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആദ്യമായാണു ഇങ്ങനെയൊരു അനുഭവം. എന്റെ ഒപ്പിനായി കാത്തുകിടക്കുന്ന ആ കടലാസുകളിലേക്ക് ഞാൻ എന്റെ മുദ്ര പതിപ്പിച്ചു. പിന്നീടോരോ ഒപ്പുകൾക്കും മുദ്രകൾക്കും ഞാൻ പോലുമറിയാതെ ആവേശം കൂടി വരുകയായിരുന്നു. ഇന്നെനിക്കു ക്ഷീണമേ തോന്നിയില്ല. ഇതുപോലുള്ള കടലാസ്സുകൾ ഇനിയും എന്നേത്തേടിയെത്തിയേക്കാം അന്നും ഞാൻ ഈ ആവേശം കാണിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ എന്റെ ആവേശത്തിനു മറ്റൊരാളുടെ ആശ്വാസത്തിനു കാരണമായാലോ?
ആരാണയാൾ? ഒരു പക്ഷേ ഇതൊരോർമ്മപ്പെടുത്തലായി കണക്കാക്കാം………


സിബിൻ തോമസ്

മാക്ഫാസ്റ്റ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി
അച്ഛൻ… തോമസ് പി. റ്റി
അമ്മ.. ഗ്രേസി . സി
അനുജത്തി… സിജി തോമസ്
മാവേലിക്കര ചെട്ടികുളങ്ങരയാണ് സ്വദേശം.

 

 

 

ചിത്രീകരണം : ജിഷ എം വർഗീസ്

ഡോ. ഐഷ വി

റേഷൻ കടയിലെ ക്യൂവിൽ അമ്മയെ കണ്ട് സ്കൂൾ വിട്ടു വന്ന ഞാൻ അങ്ങോട്ട് കയറി. റേഷൻ കട നടത്തുന്നയാൾ ഏറ്റവും അടിയിലിരിക്കുന്ന കാർഡ് ആദ്യമെടുത്ത് ക്യൂവിൽ ആദ്യം നിൽക്കുന്നയാൾക്ക് റേഷൻ കൊടുക്കുന്നു. ഏറ്റവും അവസാനം വന്നയാൾ ഏറ്റവും മുകളിലിരിക്കുന്ന കാർഡിന്റെ മുകളിൽ അയാളുടെ കാർഡ് വയ്ക്കുന്നു. ഇതൊരു തലതിരിഞ്ഞ ഏർപ്പാടാണല്ലോ എന്ന് എനിയ്ക്ക് തോന്നി. ഞാൻ അമ്മയോട് ഇതേ പറ്റി ചോദിച്ചു . അമ്മ പറഞ്ഞു : ഇതാണ് ശരിയായ രീതി. ആദ്യം വന്നയാളെയല്ലേ ആദ്യം വിടേണ്ടത് ? എന്റെ ശ്രദ്ധ വീണ്ടും റേഷൻ കാർഡിലേയ്ക്ക്. പിന്നീട് കംപ്യൂട്ടർ സയൻസ് ക്ലാസ്സിൽ പഠിച്ച സ്റ്റാക്ക് , ക്യൂ , LIFO, FIFO എന്നിവയെ കുറിച്ചുള്ള എന്റെ ബാലപാഠം അവിടെ ആരംഭിച്ചു. എപ്പോഴോ എന്റെ ശ്രദ്ധ റേഷൻ കടക്കാരനിൽ നിന്നും നിന്നും റോഡിലേയ്ക്ക് നീണ്ടു. പെട്ടെന്നാണ് വളവു തിരിഞ്ഞു വരുന്ന സരോജിനി ടീച്ചറെ കണ്ടത്. മൂന്നാ ക്ലാസ്സിലെ എന്റെ ക്ലാസ്റ്റ് ടീച്ചറായിരുന്നു സരോജിനി ടീച്ചർ. ഞാനൊന്നു പരുങ്ങി. വേഗo തന്നെ ഞാൻ അമ്മയുടെ മറവിലേയ്ക്ക് മാറി. ടീച്ചർ അന്നു രാവിലെ എനിയ്ക്കു തന്ന ശിക്ഷയെ പറ്റി അമ്മയോട് പറയുമോ എന്നതായിരുന്നു എന്റെ ഭയം. ശിക്ഷ എന്താണെന്നല്ലേ ? രാവിലെ ടീച്ചർക്ക് കുറച്ചു സമയം ക്ലാസ്സിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അന്ന് ക്ലാസ്സിൽ ടീച്ചറില്ലാത്തപ്പോൾ മോണിട്ടറെ പേരെഴുതി വയ്ക്കാനൊന്നും ഏൽപ്പിച്ചില്ല. പതിവിനു വിരുദ്ധമായി ഒരു ശിക്ഷ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ശിക്ഷ ഇങ്ങനെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന ആൺകുട്ടിയെ പെൺകുട്ടികളുടെ ഇടയിലും പെൺകുട്ടിയെ ആൺകുട്ടികളുടെ ഇടയിലും ഇരുത്തുമെന്ന്. അന്ന് ആൺ കുട്ടികളും പെൺ കുട്ടികളും വെവ്വേറെ നിരകളിലായിരുന്നു ഇരിപ്പ്.

ടീച്ചർ പോയി കഴിഞ്ഞ് എല്ലാവരും നിശ്ബ്ദരായിരിക്കുകയായിരുന്നു. ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. തികഞ്ഞ അച്ചടക്കത്തോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേയ്ക്ക് ക്ലാസ്സിലെ വത്സല വന്നു. “വസ്ത്രം” എന്ന വാക്കെഴുതിയത് ശരിയാണോ എന്ന് ചോദിക്കാനാണ് വന്നത്. വത്സല എഴുതിയിരുന്നത് തെറ്റായതിനാൽ ഞാൻ തിരുത്തി കൊടുത്തു. പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വത്സല പെട്ടെന്നുതന്നെ സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥയായി. ഞാൻ കുറ്റവാളിയും . എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ശിക്ഷ എനിയ്ക്കുമാത്രമായി. ആൺകുട്ടികളുടെ നിരയിലെ അവസാന ബഞ്ചിന് തൊട്ടു മുന്നിലെ ബഞ്ചിൽ അങ്ങേയറ്റത്തായി എന്നെ ഇരുത്തി. ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ ഹമീദാണ് എന്റെ തൊട്ടുപിന്നിൽ. ഹമീദിന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടറാണെന്ന് കമലാക്ഷി പറഞ്ഞറിയാം. എന്റെ ഇടതു വശം ഭിത്തിയും വലതു വശത്ത് മധുവും. എനിയ്ക്ക് ശിക്ഷ കിട്ടിയതിൽ ക്ലാസ്സിലെ ഒട്ടുമിക്ക ആൺ കുട്ടികൾക്കും ആഹ്ലാദമായി. അതവർ പ്രകടിപ്പിക്കുകയും ചെയ്തു. എനിയ്ക്ക് വളരെ വിഷമമായിരുന്നു. രണ്ടാഴ്ചത്തേയ്ക്കായിരുന്നു ശിക്ഷ. കൂടാതെ ആൺകുട്ടികളുടെ വക ഉപദ്രവവും. ബഞ്ചിലിരിക്കുന്ന ഏല്ലാ ആൺകുട്ടികളും കൂടി നീങ്ങി എന്നെ ഞെരുക്കി ഭിത്തിയോട് ചേർക്കുക. നുള്ളുക തോണ്ടുക ഇതൊക്കെയായിരുന്നു അവരുടെ വിനോദങ്ങൾ. ഹമീദ് മാത്രം ഉപദ്രവിച്ചില്ല. പിന്നിലിരുന്ന മറ്റ് കുട്ടികളെല്ലാം ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്തു. മുന്നിലിരുന്നവരുടെ വല്യ ശല്യം ഉണ്ടായില്ല. ക്ലാസ്സിൽ മറ്റു ടീച്ചർമാർ വരുമ്പോൾ ഈ കുട്ടി മാത്രം എന്തേ ആൺകുട്ടികളുടെ ഇടയിൽ എന്നു ചോദിയ്ക്കും. അപ്പോൾ കുട്ടികൾ എല്ലാം കൂടി ശിക്ഷയെപ്പറ്റി പറയും. ഞാൻ ഈ ലോകത്തിലെ ഏറ്റവും വല്യ അപരാധം ചെയ്ത മട്ടായിരുന്നു അവർക്ക് . റേഷൻ കടയിൽ നിന്ന എന്റെ പരുങ്ങലിൽ നിന്നു തന്നെ ശിക്ഷാ വിവരം ഞാൻ വീട്ടിൽ പറയാൻ പോകുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എങ്കിലും എനിയ്ക്ക് വളരെ മനോവിഷമത്തിനിടയാക്കിയ സംഭവമായിരുന്നു അത്. വീട്ടിൽ ചെന്നു പറഞ്ഞാൽ വീട്ടിൽ നിന്നു കൂടി ശിക്ഷ കിട്ടുമോ എന്നായിരുന്നു ഭയം.

അങ്ങനെ രണ്ടാഴ്ച കടന്നുപോയി. എന്റെ ശിക്ഷാ കാലാവധി അവസാനിയ്ക്കുന്ന ദിവസം വന്നു. ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു അന്ന് എന്റെ ശിക്ഷ അവസാനിയ്ക്കുമല്ലോയെന്ന് . പക്ഷേ സരോജിനിടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ മധു ഉറക്കെ വിളിച്ചു പറഞ്ഞു: ടീച്ചറേ ഇത് നോക്ക്, ഐഷ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നത് കണ്ടോ ? “___ തൂറി___ നക്കി”. ടീച്ചർ വന്ന് ഭിത്തി പരിശോധിച്ചു. സംഗതി ശരിയാണ്. വീണ്ടും എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ഞാൻ തന്നെയാണ് അത് എഴുതിയതെന്ന് ടീച്ചർ വിശ്വസിച്ചു. എന്നെ തിരിച്ച് പെൺകുട്ടികളുടെ ഇടയിലാക്കുന്നത് തടയാൻ വിരുതന്മാർ ആരോ ചെയ്തതായിരുന്നു അത്. എനിയ്ക്ക് ശിക്ഷ രണ്ടാഴ്ച കൂടി നീട്ടിക്കിട്ടി. ഈ ശിക്ഷയിലൂടെ ഞാൻ മുമ്പത്തേതിനേക്കാൾ പത്തിരട്ടി മനക്കരുത്തുള്ളവളായി മാറുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചെങ്കിലും ഇന്നും ഞാൻ വളരെയധികം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് സരോജിനി ടീച്ചറിനെയാണ്. കാസർഗോഡ് നിന്നും പോന്ന ശേഷം ടീച്ചറെ കണ്ടിട്ടേയില്ല. മൂന്നാം ക്ലാസ്സിലെ ഓരോ ദിനവും അവിസ്മരണീയമാക്കിയത് ഈ ക്ലാസ്സ് ടീച്ചറാണ്. ടീച്ചറുടെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ഞങ്ങൾക്ക് ക്ലാസ്സെടുക്കാനില്ലാത്ത അധ്യാപകരെ കൊണ്ടുവന്ന് പാഠ്യഭാഗമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഞങ്ങളോട് സംവദിക്കാൻ ടീച്ചർ അവസരമൊരുക്കിയിരുന്നു. അങ്ങനെയുള്ള ക്ഷണിതാക്കളിൽ പ്രമുഖ തിരുവനന്തപുരത്തു നിന്നും ആ സ്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്ന ഹിന്ദി ടീച്ചറായിരുന്നു. ടീച്ചറുടെ അവതരണ രീതി സവിശേഷം തന്നെ. മറ്റ് അധ്യാപകർക്ക് ഹിന്ദി ടീച്ചറിനോട് വല്യ ബഹുമാനമായിരുന്നെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ മൂല്യ ബോധമുണ്ടാക്കാനുള്ള കഥകളും തിരുവനന്തപുരത്തെ റേഡിയോ നിലയം പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ കുറിച്ചും ടീച്ചർ സംസാരിച്ചിട്ടുണ്ട്. കമലാക്ഷിയുടെ ചേച്ചി ഈ ടീച്ചറുടെ വീട്ടിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്.

സരോജിനി ടീച്ചർക്കും ജയശ്രീയ്ക്കുമായി എന്നും ഉച്ചഭക്ഷണം എത്തിച്ചിരുന്നത് ഒരു പയ്യനായിരുന്നു. കഴുത്തൊന്ന് വെട്ടിപ്പിടിച്ച മട്ടിലായിരുന്നു ആ പയ്യന്റെ നടപ്പ്. ഒരു ദിവസം കമലാക്ഷി വന്നു പറഞ്ഞ വാർത്ത ടീച്ചറുടെ മൂത്ത മകൾക്ക് രണ്ടാമത്തെ കുട്ടി പിറന്നു എന്നതായിരുന്നു. ഒരു ദിവസം ആശുപത്രിയിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കാണാൻ ജയശ്രീയും ടീച്ചറും കൂടി ഉച്ചഭക്ഷണ സമയത്ത് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. തിരിച്ചു വന്ന വഴി ഒരു ചെരുപ്പുകടയിൽ കയറി ജയശ്രീയ്ക്ക് ഒരു ചെരുപ്പു വാങ്ങിച്ചു. മോൾക്ക് ഒരു ചെരുപ്പു വാങ്ങട്ടേയെന്ന് ടീച്ചർ എന്നോട് ചോദിച്ചു. ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയശ്രീയുടെ അച്ഛൻ മരിച്ചത്. അവധി കഴിഞ്ഞു വന്ന ടീച്ചറുടെ സീമന്തരേഖയിൽ സിന്ദൂരമില്ലായിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ സ്ഥാനത്ത് കറുത്ത പൊട്ട്. ഇതിലേയ്ക്ക് എന്റെ ശ്രദ്ധ നയിച്ചതും അതിന്റെ അർത്ഥമെന്തെന്ന് എന്നെ ബോധ്യപ്പെടുത്തിയതും കമലാക്ഷിയായിരുന്നു. ഒരിക്കൽ നാണയങ്ങളെ കുറിച്ച് പഠിപ്പിച്ച ക്ലാസ്സിൽ ടീച്ചറുടെ പഴ്സിൽ നിന്നും ഏതാനും നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് നോട്ട് ബുക്കിൽ വരയ്ക്കാനായി തന്നു. ഓരോരുത്തരായി വരച്ച് കൈമാറിക്കൊണ്ടിരുന്നു. ഒരു 25 പൈസ നാണയവും 50 പൈസ നാണയവും ഒഴികെ ബാക്കിയെല്ലാം ടീച്ചറുടെ കൈയ്യിൽ തിരികെ കിട്ടി. ടീച്ചർ ക്ലാസ്സിൽ വച്ച് ചോദിച്ചെങ്കിലും ആരും ഏറ്റില്ല. പിറ്റേന്ന് ആ നാണയങ്ങൾ തിരികെ കിട്ടിയെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. അതെടുത്ത കുട്ടിയുടെ അച്ഛനായിരുന്നു അത് ടീച്ചറെ തിരികെ ഏൽപ്പിച്ചത്. കുട്ടിയുടെ പേര് ടീച്ചർ ക്ലാസ്സിൽ പറഞ്ഞിരുന്നില്ല. കമലാക്ഷിയാണ് ആ കുട്ടിയുടെ പേര് എനിയ്ക്ക് പറഞ്ഞു തന്നത്.

ഞാനത് മറ്റാരോടും പറഞ്ഞില്ല. ഒരിക്കൽ ക്ലാസ്സിലെ ഷീലയുടെ സ്വർണ്ണ മാല നഷ്ടപ്പെട്ടു. അത് ഒരാൺകുട്ടിയ്ക്ക് കിട്ടി. ആ കുട്ടി അത് ടീച്ചറിനെ ഏൽപ്പിച്ചു. പിറ്റേന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ആ കുട്ടിയെ അനുമോദിച്ച് സംസാരിച്ചു. അന്ന് ഷീലയുടെ അച്ഛൻ കൊണ്ടുവന്ന് കൊടുത്ത പാരിതോഷികം ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് കൈമാറി. ഇതേ പറ്റി അന്നത്തെ ക്ലാസ്സിൽ സരോജിനി ടീച്ചർ സംസാരിച്ചു. ടീച്ചർ ഞങ്ങളെയെല്ലാം മക്കളെപ്പോലെയായിരുന്നു കണ്ടിരുന്നത്. ജയശ്രീയും ഞങ്ങളും തമ്മിൽ വ്യത്യാസമൊന്നും ടീച്ചർക്കില്ലായിരുന്നു. വർഷം 45 കഴിഞ്ഞു. ടീച്ചർ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. നല്ല ഗുരുക്കന്മാരുടെ ഗണത്തിൽ ആ ടീച്ചർ എന്നുo എന്റെ മനസ്സിൽ ജീവിയ്ക്കും.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

ഒരു എഴുത്തുകാരനെ ആഴത്തിൽ സ്വാധിനിക്കുന്ന ഒന്നാണ് ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതി. നമ്മുടെ പൂർവ്വപിതാക്കന്മാരടക്കം പലവിധ ചൂഷണങ്ങൾക്ക് അടിമപെടുക മാത്രമല്ല നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങൾ അന്നും ഇന്നും നടക്കുന്നു. കഴിഞ്ഞ പ്രളയകാലം നാടകകൃത്ത്തിനെ സ്വാധിനിച്ചതുകൊണ്ടാകണം സങ്കീർണ്ണമായ ഒരു വിഷയം വസ്തുനിഷ്ഠമായ വിധത്തിൽ നാടകരൂപത്തിലാക്കിയത്. ഒരു സംഭവത്തെ നാടകിയമാക്കുന്നത് അതിനുള്ളിലെ സംഘർഷങ്ങളും സംഘട്ടനങ്ങളുമാണ്. നല്ല നാടകങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാക്കും അത് വെറും വാക്കുകളല്ല അതിലുപരി ജീവന്റെ തുടിപ്പുകളാണ്.

മനുഷ്യന്റെ സ്വഭാവം കുറച്ചൊക്കെ സഹജീവികൾക്കറിയാം എന്നാൽ പ്രകൃതിയുടെ സ്വഭാവം ആർക്കുമറിയില്ല. കാണാത്ത ഈശ്വരനെ നമുക്ക് കാണിച്ചുതരുന്നവർക്കുപോലും പ്രകൃതിയെപ്പറ്റി അന്തിമമായ ഒരു വ്യാഖ്യാനവും നല്കാൻ സാധിക്കുന്നില്ല. കാരണം കാലം അല്ലെങ്കിൽ പ്രകൃതി എപ്പോഴാണ് ഒരു നിമിഷ൦ അല്ലെങ്കിൽ ദിവസങ്ങൾ മനുഷ്യനെ പിടിച്ചുകെട്ടി വിചാരണ ചെയ്യുന്നതെന്ന് ആർക്കുമറിയില്ല. കൊറോണ കോവിഡ് മാരക രോഗം അതിനൊരുദാഹരണമാണ്. ഉത്തമങ്ങളായ സാഹിത്യസൃഷ്ഠികളൂം ഇതുപോലോയാണ് രൂപമെടുക്കുന്നത്. എപ്പോഴാണ് സമൂഹത്തിൽ ആഞ്ഞടിക്കുന്നതെന്ന് ആർക്കുമറിയില്ല. ഒരു സാഹിത്യകാരന്റെ ജീവിതാനുഭവങ്ങളാണ് പലപ്പോഴും കഥാപാത്രങ്ങളായി കടന്നുവരുന്നത്. മനുഷ്യ ജീവിതത്തിന്റ മൂല്യങ്ങൾ എപ്പോഴും നല്ല കൃതികളിൽ കാണും അത് അർത്ഥവത്തായി കാണുമ്പോഴാണ് അതിലെ സൗന്ദര്യം നമ്മൾ തിരിച്ചറിയുന്നത്. അവിടെ പ്രണയം, സ്‌നേഹം മാത്രമല്ല വെറുപ്പും പ്രകടമാണ്.

സാഹിത്യ ചരിത്രത്തിൽ മതത്തോടുള്ള ടോൾസ്റ്റോയിയുടെ വെറുപ്പ്, കാർഷിക രംഗത്ത് തകഴിയുടെ “രണ്ടിടങ്ങഴി”, ചെറുകാടിന്റ “ഭൂപ്രഭൂ”, തോപ്പിൽ ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” ഇതെല്ലം ജന്മിത്വത്തിനെതിരെയുള്ള കൃതികളായിരിന്നു. ഈ രംഗത്ത് ഇടശ്ശേരി, ആശാൻ, ഉള്ളൂർ, തിരുനല്ലൂർ കരുണാകരൻ, വയലാർ, പൊൻകുന്നം വർക്കി,വൈലോപ്പള്ളി, കെ.ദാമോദരൻ, കേസരി ബാലകൃഷ്ണപിള്ള, എം.പി.പോൾ, കാക്കനാടൻ ഇങ്ങനെ ധാരാളം എഴുത്തുകാർ സമൂഹത്തിലെ ജീര്ണതകൾക്കതിരെയാണ് എഴുതിയത് അല്ലാതെ ഒരു ഒരു മത-രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയല്ല. യാഥാർഥ്യം തിരിച്ചറിയുന്ന സാഹിത്യകാരൻ, കവി തൻെറ ഭാവനപ്രപഞ്ചത്തിലേക്ക് കടക്കുമ്പോൾ ജീവിത മൂല്യങ്ങൾ തിരിച്ചറിയുന്നു. ശൂന്യതക്ക് രൂപവും ജീവനും നൽകുന്നു. അത് വെറുപ്പിന്റ രൂപത്തിൽ പുറത്തുവരുന്നു. “കാലപ്രളയം” ആ യാഥാർഥ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

റേഡിയോ നാടകത്തിലൂടെ നാടക സാഹിത്യ രംഗത്ത് വന്ന കാരൂർ സോമന്റെ പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച ഡോ.ജോർജ് ഓണക്കൂർ അവതരികയെഴുതിയ “കാലപ്രളയം” നാടകം വായിച്ചപ്പോൾ ഒര്മയിലെത്തിയത് തോപ്പിൽ ഭാസി അവതാരിക എഴുതിയ കാരൂർ സോമന്റെ ഗൾഫിൽ നിന്നുള്ള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ആണ്. അതിൽ പ്രേത്യകം ശ്രദ്ധിച്ചത് ഒരു സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന ചുഷണത്തിനതിരെയുള്ള എതിർപ്പെങ്കിൽ കാലപ്രളയത്തിൽ കണ്ടത് മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. പ്രളയം തങ്ങളുണ്ടാക്കിയ സർവ്വ സമ്പാദ്യങ്ങളും ഒഴുക്കിക്കൊണ്ടുപോകുന്ന കാഴ്ച്ച. ഈശ്വരൻ സൃഷ്ടിച്ച മണ്ണിൽ മനുഷ്യൻ സ്ഥാപിച്ച അതിരുകൾ മാഞ്ഞുപോകുകയും സ്‌നേഹത്തോടെ ജീവിച്ച ആത്മ സുകൃത്തുക്കൾ മണ്ണിനും പെണ്ണിനും ജാതിക്കും മതത്തിനും വേണ്ടി കലഹിച്ചപ്പോൾ സ്‌നേഹം, സൗഹാർദം വെറും അലംങ്കരങ്ങളായി മാറുന്നു. വെട്ടിപിടിച്ചതും പൊരുതി നേടിയതുമൊക്കെ വെറുതെയെന്ന് തീരുമാനിക്കുന്നിടത്താണ് കാലത്തിന്റ കണക്ക് പുസ്തകം പ്രളയമായി പഠിപ്പിക്കാനെത്തുന്നത്.

നാടകത്തിലെ പ്രമുഖ കഥാപാത്രങ്ങളായ ചാണ്ടിമാപ്പിള, കേശവൻ നായരുടെ മൂന്ന് തലമുറകളാണ് നാടകത്തിൽ കഥാപാത്രങ്ങളാകുന്നത്. പ്രളയകാലം വിശപ്പടക്കാനായി ക്യുവിൽ നിന്നതും സ്കൂൾ വരാന്തയിൽ അന്തിയുറങ്ങിയതും ഒരേ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം മനുഷ്യ മനസ്സിനെ നോമ്പെറപ്പെടുത്തുന്ന കാഴ്ചകളാണ്.

അവസാന രംഗത്തെ കാഴ്ച്ച. കേശവൻ നായരും ചാണ്ടി മാപ്പിളയും കെട്ടിപ്പുണരുന്നു. എന്നിട്ടവർ പറയുന്നു.

“മനുഷ്യൻ പരസ്പരം സ്‌നേഹിക്കുന്നിടത്തു് ഭൂമി തളിർക്കും. പ്രകൃതി ചിരിക്കും…ജാതിയും മതവും വർണ്ണവും മറന്ന് മനുഷ്യൻ ഒന്നാകും” (അവരുടെ സ്‌നേഹപ്രകടനങ്ങൾ കണ്ട് കിളികൾ ചിലച്ചു. നെൽപ്പാടങ്ങൾ കാറ്റിലാടി. പ്രതീക്ഷയുടെ ഉണർത്തുപാട്ടിലേക്ക് എല്ലാവരും നിരന്നു….ഒരു നവകേരള സൃഷ്ട്രിയുടെ പ്രവർത്തികൾ ദൃശ്യമാകുമ്പോൾ കർട്ടൻ വീഴുന്നു).

നാടകത്തിൽ വൈകാരികത നിറഞ്ഞ ധാരാളം സന്ദർഭങ്ങൾ, ശക്തമായ കഥാപാത്രങ്ങൾ, മനോഹരമായ നാടക ശൈലി, അവതരണ ഭംഗിയെല്ലാം ചരിത്ര സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. മനുഷ്യ ജീവിതത്തെ അപകടത്തിലാക്കുന്ന ജാതി ചിന്തകൾ, അത്യാർത്തി പ്രളയം കടപുഴക്കിയെറിയുക മാത്രമല്ല ആ സംഭവബഹുലമായ വിഷയത്തെ നാടകരൂപത്തിലാക്കി അവതരിപ്പിക്കുന്ന സർഗ്ഗകൗശല്യം അസാധാരണമാണ്. നാടക ശാഖക്ക് “കാലപ്രളയം” ഒരു പുതിയമുഖമാണ് നൽകിയിരിക്കുന്നത്.

ചുനക്കര ജനാർദ്ധനൻ നായർ

ഡോ. ഐഷ വി

എഴുത്തിന്റെ വഴികൾ പലർക്കും വിഭിന്നങ്ങളായിരിക്കും. ഒരിക്കൽ ജ്ഞാനപീഠ ജേതാവായ ശ്രീ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കഥാതന്തു ഇരുപത് വർഷം മനസ്സിൽ ഇട്ടു നടന്നിട്ടാണ് ചില നോവലുകൾ എഴുതിയതെന്ന്. മനസ്സിൽ ധാരാളം കഥകളുണ്ടെങ്കിലും ഒന്നും ഒരിക്കലും എഴുതാത്തവരുണ്ടാകും. ചിലപ്പോൾ മറ്റു ചിലർ എഴുതുന്നത് കാണുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ എഴുതുന്നവരുണ്ടാകും. ചിലർക്ക് എഴുതാനുള്ള നല്ല ഭാഷ വശമില്ലാത്തതായിരിക്കും പ്രശ്നം. ചിലർക്ക് പലവിധ തിരക്കുകളായിരിക്കും പ്രശ്നം. മറ്റ് ചിലർക്ക് ഏകാന്തതയില്ലാത്തതായിരിക്കും പ്രശ്നം. വേറെ ചിലർക്ക് മറ്റുള്ളവരുടെ പ്രോത്സാഹനമില്ലാത്തതായിരിക്കും പ്രശ്നം. ചിലർ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കും. ചിലർ സ്വയം പ്രചോദനം ഉള്ളവരായിരിക്കും. അവർ അനസ്യൂതം എഴുതും. ആടുജീവിതം എഴുതിയ ശ്രീ ബന്യാമിൻ കുറിച്ചിട്ടുള്ളത് ഒരു വർഷം നൂറ്റി അറുപത്തഞ്ചോളം പുസ്തകങ്ങൾ ഒഴിവുവേളകളിൽ വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹമറിയാതെ അദ്ദേഹം എഴുതുന്ന കത്തുകൾ ഒക്കെ സാഹിത്യമായി മാറി . ഇക്കാര്യം സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത്. വായനയുടെ ആഴവും പരപ്പും ചിലരെ ഉത്കൃഷ്ടരായ എഴുത്തുകാരാക്കി മാറ്റും. നല്ല അധ്യാപകരും സുഹൃദ് സദസുകളും നല്ല പുസ്തകങ്ങളും ചിലരെ സ്വാധീനിക്കും. ഒരാദ്യചോദനകിട്ടി കഴിഞ്ഞാൽ കണ്ണി മുറിയാതെ എഴുതുന്നവരാവുo ചിലർ.

കുട്ടിക്കാലത്തേ എനിയ്ക്ക് നല്ല വായനാ ശീലം ഉണ്ടായിരുന്നെന്ന് ഓർമ്മച്ചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ രചന നടന്നത്. അതൊരു നാടകമായിരുന്നു. ” അരണ മാണിക്യം” എന്നാണ് ഞാൻ ആ നാടകത്തിന് പേരിട്ടത്. ചിറക്കര ത്താഴത്തെ ഞങ്ങളുടെ വീടും എന്റെ അച്ഛന്റെ കുഞ്ഞമ്മയുടെ വീടും ഒരേ മുറ്റത്തായിരുന്നു. ഒരു മൂന്നു മീറ്റർ അകലം പോലും ഇല്ല എന്ന് പറയാം. ആ വീട്ടിൽ ശ്രീദേവി അപ്പച്ചിയ്ക്ക് അഞ്ച് പെൺമക്കളും രോഹിണി അപ്പച്ചിയ്ക്ക് ഏഴ് പെൺ മക്കളും ഒരാണും പിന്നെ ഞാനും അനുജത്തിയും അനുജനും. ഞങ്ങൾ കളിക്കാനിറങ്ങിയാൽ രണ്ട് വീട്ടിലും കൂടി മുറ്റം നിറയാനുള്ള കുട്ടികളാവും. മിക്കവാറും എല്ലാ ദിവസവും കൂട്ടം ചേർന്ന് കളിക്കുകയും ചെയ്യും. ഒരു ദിവസം ആ വീട്ടിലെ അരകല്ല് അടച്ചു വച്ചിരിന്ന പാള മാറ്റി നോക്കിയപ്പോൾ സൈക്കിളിന്റെ ബാൾ ബെയറിംഗിന്റെ വലുപ്പത്തിലുള്ള ഒരു ഗോളം കിട്ടി. അത് അരണ മാണിക്യമാണെന്ന് അവരിലൊരാൾ പറഞ്ഞു. അതേ പറ്റി അന്നു നടന്ന സംഭാഷണങ്ങളും അരണ മാണിക്യത്തെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങളുമായിരുന്നു നാടത്തിലെ പ്രതി പാദ്യവിഷയം.

പുറമേ നിന്നാരും എഴുതാൻ പ്രചോദിപ്പിക്കാതെ എന്റെ ഉള്ളിൽ നിന്നും ഉറവ പൊട്ടിയതായിരുന്നു ആ നാടകം. അതിനാൽ എനിക്ക് എഴുതാതെ നിവൃത്തിയില്ലായിരുന്നു. നോട്ട്ബുക്കിലെ ചില താളുകൾ കീറി ഞാൻ എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത ആഹ്ലാദം. അത് പങ്കു വയ്ക്കാനായി ഞാൻ നേരേ അടുക്കളയിലെത്തി. അമ്മ ജോലിത്തിരക്കിലായിരുന്നു. ഞാൻ അമ്മയെ ആ നാടകം വായിച്ചു കേൾപ്പിച്ചു. അപ്പുറത്തെ വീട്ടുകാർ ഉൾപ്പെടുന്നതാണ് പ്രതിപാദ്യം എന്നു മനസ്സിലാക്കിയ അമ്മ ഇത് മറ്റുള്ളവർ കണ്ടാൽ വല്യ പ്രശ്നവും വഴക്കുമൊക്കെയാകും എന്ന് പറഞ്ഞു കൊണ്ട് എഴുതിയ താളുകൾ എന്റെ പക്കൽ നിന്നും വാങ്ങി കീറിക്കളഞ്ഞു. അങ്ങനെ ആദ്യ തവണ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞു. ആദ്യ തവണ എന്നു പറയാൻ കാരണം പിന്നെയും പല തവണ പല കാരണങ്ങളാൽ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞിട്ടുളളതുകൊണ്ടാണ്.

രണ്ടാമത് എഴുതിയത് ഒരു കഥയാണ്. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിലേയ്ക്ക് ചിറക്കര ഗവ. യുപിഎസിൽ നിന്നും ട്രാൻസ്ഫർ വാങ്ങിച്ചെത്തിയത് എഴാം സ്റ്റാൻന്റേഡിലേയ്ക്കാണ്. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ ഏറ്റവും മികച്ചത് ഭൂതക്കുളം ഗവ. ഹൈസ്കൂളാണെന്നായിരുന്നു ശ്രീദേവി അപ്പച്ചിയുടെ അഭിപ്രായം. അപ്പുറത്തെ വീട്ടിലെ മുതിർന്ന കുട്ടികളെയെല്ലാം അതത് ഘട്ടങ്ങളിൽ ഹൈ സ്കൂൾ വിദ്യാഭാസത്തിനായി ഭൂതക്കുളത്തേയ്ക്ക് മാറ്റിയിരുന്നു.

ഞാൻ സ്കൂൾ മാറി എത്തിയപ്പോൾ എനിക്കത്ര പരിചിതമല്ലാത്ത അന്തരീക്ഷം. കാസർഗോഡു നിന്നും ചിറക്കര സ്കൂളിലെത്തിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ എന്നെ സ്വീകരിച്ച പോലെയായിരുന്നില്ല ഭൂതക്കുളം സ്കൂളിലെ കുട്ടികൾ എന്നെ സ്വീകരിച്ചത്. ചില കുട്ടികൾ എന്നോട് ” വരത്തൻ” മനോഭാവം കാണിച്ചിരുന്നു. എനിയ്ക്ക് വിഷമം തോന്നിയെങ്കിലും ഞാൻ ആരോടും പരാതി പറഞ്ഞില്ല. ഒരു ചെടി പിഴുതുനട്ടാൽ വേരോടുന്നതു വരെ ഒരു വാട്ടം കാണും. വേരോടി കഴിഞ്ഞാൽ എല്ലാം ശരിയാകും. ഞാൻ സമാധാനിച്ചു. കൂനിൻമേൽ കുരു എന്ന പോലെയാണ് അത് സംഭവിച്ചത്. ഒരു ദിവസം റോസാ ചെടികൾക്കിടയിൽ കയറിയപ്പോൾ എന്റെ പുത്തൻ ഷർട്ടിന്റെ പോക്കറ്റ് കമ്പ് കൊണ്ട് കീറി. അമ്മ അത് ഭംഗിയായി തയ്ച്ചു തന്നു. ഒരു വർഷം ആകെ രണ്ട് ജോഡി വസ്ത്രങ്ങളാണ് എനിക്ക് അച്ഛൻ വാങ്ങിത്തന്നത്. ആ പോക്കറ്റ് കീറിത്തയ്ച്ച വസ്ത്രവുമായി ഞാൻ സ്കൂളിൽ പോയി . ഞാനതിട്ട് ചെല്ലുന്ന ദിവസമെല്ലാം ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ” പിച്ചക്കാരി” എന്ന് വിളിച്ച് കളിയാക്കിയത് എന്നെ വിഷമിപ്പിച്ചു. അച്ഛനും അമ്മയും ചിറക്കര ത്താഴത്തെ വീടും പറമ്പും വാങ്ങാനെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് പരാതി പറയുകയോ പുതു വസ്ത്രം വാങ്ങിത്തരാൻ ആവശ്യപ്പെടുകയോ ചെയ്തില്ല.

ഏഴാം ക്ലാസ്സിൽ കൈക്കുളങ്ങര വിശ്വനാഥൻ സാറായിരുന്നു ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. അദ്ദേഹം കവിയും സാഹിത്യകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ് എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഓണപരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ മറ്റെല്ലാ വിഷയത്തിനും അത്ര വല്യ മാർക്കൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് എനിയ്ക്ക് അമ്പതിൽ നാൽപ്പത്തി ഏഴ് മാർക്കു ലഭിച്ചു. മറ്റ് കുട്ടികൾക്കെല്ലാം ആ വിഷയത്തിന് 25 ൽ താഴെയായിരുന്നു ലഭിച്ചത്. കൈകുളങ്ങര വിശ്വനാഥൻ സർ എന്നെ പുകഴ്ത്തി സംസാരിച്ചതോടെ കുട്ടികൾക്ക് എന്നോടുള്ള മനോഭാവത്തിന് അല്പം അയവു വന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂളിൽ ” സൃഷ്ടി” എന്നൊരു കൈയ്യെഴുത്തു മാസികയിലേയ്ക്ക് കൃതികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് വായിച്ചത്. ഞാനതത്ര കാര്യമാക്കിയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് വല്യേച്ചി (ശ്രീദേവി അപ്പച്ചിയുടെ മകൾ 10-ാം ക്ലാസ് വിദ്യാർത്ഥിനി ബീന ചേച്ചി) എന്തോ കുത്തി കുറിക്കുന്നു. ഞാൻ കാര്യം തിരക്കി. ബീന ചേച്ചി പറഞ്ഞു സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ കൊടുക്കാൻ ഒരു നോവൽ എഴുതുകയാണെന്ന്. ഞാൻ അടുത്തു ചെന്ന് നോക്കി. നോവലിന്റെ പേര് ” ബോധിവൃക്ഷo” . വല്യേച്ചി ഒരു ചിത്രവും വരച്ചിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ പ്രണയ സങ്കല്പങ്ങളും ജോലി കിട്ടി കുടുംബം നന്നാക്കുന്നതും ഒക്കെയായിരുന്നു പ്രതിപാദ്യ വിഷയം. ഇതു കണ്ടപ്പോൾ ഞാനും ചിന്തിച്ചു. എന്തുകൊണ്ട് എനിയ്ക്കും എഴുതികൂടാ ? ഞാൻ വീടിനകത്തു കയറി. അന്നും പിറ്റേന്നുമൊന്നും കളിക്കാൻ പുറത്തിറങ്ങിയില്ല. “സ്നേഹം “എന്ന പേരിൽ ഒരു മിനി കഥയെഴുതി. അത് വൃത്തിയായി പകർത്തിയെഴുതി. അമ്മയെ കാണിച്ചില്ല. ആരോടും പറഞ്ഞില്ല. പിന്നെ സ്കൂളിൽ പോയപ്പോൾ കൈ കുളങ്ങര വിശ്വനാഥൻ സാറിനെ അതേ ൽപ്പിച്ചു. സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ എന്റെയും വല്യേച്ചിയുടേയും കൃതികൾ പ്രസിദ്ധീകരിച്ചു വന്നു. മാസിക ഒറ്റ പ്രതി മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടി എഴുത്തുകാർക്ക് ഓരോരുത്തർക്കും ഓരോ ദിവസം അത് വീട്ടിലേയ്ക്ക് തന്നയച്ചു. വല്യേച്ചിയ്ക്കായിരുന്നു മാസിക വീട്ടിലേയ്ക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചത്. അപ്പോഴാണ് അമ്മ വിവരം അറിഞ്ഞത്. എന്റെ ഊഴം അച്ഛൻ വീട്ടിൽ വന്ന ദിവസമായതിനാൽ അച്ഛനും എന്റെ കഥ വായിക്കാൻ അവസരം ലഭിച്ചു.

ഒരു ദിവസം ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയ സമയത്ത് കൈ കുളങ്ങര സർ ക്ലാസ്സിലേയ്ക്ക് വന്നു. കൂടെ കുറേ അധ്യാപകരും ഉണ്ട്. എന്നെ പരിചയപ്പെടുത്താനാണ് സാറ് അവരെയെല്ലാം വിളിച്ചു കൊണ്ടുവന്നത്. അക്കൂട്ടത്തിൽ ചിറക്കര സ്കൂളിൽ നിന്നും ട്രാൻസ്ഫറായി വന്ന സുകുമാരൻ സാറും ഉണ്ടായിരുന്നു. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ പറഞ്ഞു: ഈ കുട്ടിയെ എനിയ്ക്കറിയാം. ചിറക്കര സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാർ എന്നെ കാണാൻ വന്നത് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാൻ ഇന്നും കരുതുന്നു. അതുവരെ എനിയ്ക്ക് അച്ഛന്റെ മകളെന്നോ , ചിരവാത്തോട്ടത്ത് കേശവൻ വൈദ്യരുടെ പേരക്കുട്ടിയെന്നോ സുകുമാരൻ വൈദ്യരുടെ അനന്തിരവൾ എന്നൊക്കെയായിരുന്നു പേര്. അന്നുമുതൽ സ്വന്തമായി ഒരസ്തിത്വം ഉള്ളതു പോലെ എനിക്ക് തോന്നി. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ
അക്കാലത്ത് ” കല്ലുവാതുക്കൽ സുകുമാർ” എന്ന പേരിൽ വാരാന്ത്യ പതിപ്പുകളിൽ കഥകൾ എഴുതിയിരുന്നു. ഞാനതെല്ലാം വായിക്കുമായിരുന്നു.

ആദ്യ കഥയ്ക്ക് വല്യേച്ചി എഴുതുന്നത് കണ്ടത് മാത്രമല്ല പ്രചോദനം. അതുവരെ വായിച്ച ബാലരമയും പൂമ്പാറ്റയുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. എന്റെ പിച്ചക്കാരി വസ്ത്രത്തിന് ആ വർഷം തന്നെ പരിഹാരമായി. ആ വർഷം ക്രിസ്തുമസിന് സിങ്കപ്പൂരിൽ നിന്നും നാട്ടിലെത്തിയ ആരുടേയോ കൈവശം ഞങ്ങളുടെ സ്വർണ്ണലത കുഞ്ഞമ്മ കുറച്ച് തുണിത്തരങ്ങൾ ഞങ്ങൾക്കായി കൊടുത്തയച്ചിരുന്നു. അതിൽ നിന്നും ഒരു പച്ച പാവടയും റോസ് ഉടുപ്പും അമ്മ എനിക്ക് തയ്ച്ചു തന്നു.

ആദ്യ കഥയുടെ വിജയ ലഹരിയിൽ ഞാൻ ഒരു കഥകൂടി ഉടൻ തന്നെ എഴുതി. അതിൽ രണ്ടു വരികൾ മലയാളം പാഠപുസ്തകത്തിലെ പഠിപ്പിക്കാത്ത പാഠഭാഗത്തു നിന്നും കടമെടുത്തതായിരുന്നു. ഞാൻ അച്ഛനെ ആ കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് “ഗഹ്വരം” എന്ന വാക്ക് വന്നു. അച്ഛൻ അതിന്റെ അർത്ഥം ചോദിച്ചു. എനിക്കറിയില്ലായിരുന്നു. പാഠപുസ്തകത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു: ഒരിക്കലും അങ്ങനെ എഴുതരുത്. അത് പകർപ്പവകാശ ലംഘനമാണ് എന്ന്. Copy right, plagiarism എന്നിവയെ കുറിച്ചൊക്കെ ആദ്യപാഠം അന്നു ലഭിച്ചു. ഒരേഴാം ക്ലാസ്സുകാരിയുടെ പദസമ്പത്ത് തുലോം തുച്ഛമായിരുന്നതു കൊണ്ട് തത്ക്കാലം എഴുതേണ്ടെന്ന് അന്ന് ഞാൻ തീരുമാനിച്ചു. പിന്നെ മൂന്നു വർഷം ഒന്നും എഴുതിയില്ല.

ഞങ്ങൾ ചിറക്കര ത്താഴത്ത് എത്തിയതു മുതൽ അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളും മത്സരിച്ച് അക്ഷരശ്ലോകം ചൊല്ലുക പതിവായിരുന്നു. ഞങ്ങൾ കതിയാമ്മ ചേച്ചി (ഖദീജാ ഉമ്മ ലോപിച്ചത്) എന്ന് വിളിയ്ക്കുന്ന ഷൈലജ ചേച്ചിയാണ് അക്ഷര ശ്ലോക മത്സരങ്ങൾക്ക് തുടക്കം ഇടുക. അതിങ്ങനെയാണ്:
” അക്ഷര ശ്ലോകം ചൊല്ലാൻ ഇച്ഛയുള്ള കുട്ടികൾ
ലക്ഷക്കണക്കിന് വന്നാലും
തോറ്റു പോട്ടെ സരസ്വതി”
അപ്പോൾ എതിരാളി മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം ” ല” യിൽ തുടങ്ങും :

“ലന്തക്കുരു കൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി
ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു
കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി”.
ഇതങ്ങനെ നീണ്ടു നീണ്ടു പോകും.

മത്സരത്തിൽ തോൽക്കാതിരിക്കാനായി ധാരാളം ശ്ലോകങ്ങൾ പഠിച്ചു വയ്ക്കുക എന്റെ പതിവായിരുന്നു. അധി ഖരാക്ഷരങ്ങളിൽ ആരംഭിക്കുന്ന ശ്ലോകങ്ങൾ കണ്ടു കിട്ടാൻ പ്രയാസമായിരുന്നു. പക്ഷേ അതിലാരംഭിക്കുന്ന അഷ്ടകങ്ങൾ ലഭിക്കാൻ പ്രയാസമില്ലായിരുന്നു. അങ്ങനെ ഞാൻ കുറേ അഷ്ടകങ്ങൾ പഠിച്ചു വച്ചു.

എട്ടാം ക്ലാസ്സു കഴിഞ്ഞു നിന്ന വേനലവധിക്കാലത്ത് കല്ലടയിലെ അച്ഛന്റെ മൂത്ത ജ്യേഷ്ഠൻ നീലാംബരൻ വല്യച്ഛന്റെ മകൾ തങ്കച്ചി ചേച്ചി (ഷീല) വീട്ടിൽ വന്ന് തിരികെ പോയപ്പോൾ എന്നേ കൂടി കല്ലടയ്ക്ക് കൊണ്ടുപോയി. തങ്കച്ചി ചേച്ചിയുടെ അമ്മ സരള വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലാനും കഥകൾ പറയാനും മിടുമിടുക്കിയായിരുന്നു. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും മൂക്കു കുത്തി വിപ്ലവം നടത്തിയയാളുമായ ശ്രീ ആറാട്ടുപുഴ വേലായുധന്റെ മകൻ ആന സ്ഥാനത്ത് കുഞ്ഞു പണിക്കരുടെ (കവി) മകളായിരുന്നു ആ വല്യമ്മച്ചി. വല്യമ്മച്ചിയുടെ അമ്മയും കവിയിത്രിയായിരുന്നു. ശ്രീ നാരായണ ഗുരു ഗുരുകുല വിദ്യാഭ്യാസം നേടിയ വാരണപ്പള്ളി ഗുരുകുലത്തിലെ കുടുംബാംഗമായിരുന്നു വല്യമ്മച്ചിയുടെ അമ്മ.

വല്യമ്മച്ചിയുടെ അച്ഛനമ്മമാരെ കുറിച്ച് വല്യമ്മച്ചി പറഞ്ഞതിങ്ങനെ: അവരുടെ വീട്ടിൽ അക്ഷര ശ്ലോകം ചൊല്ലുക എന്നത് സ്ഥിര വിനോദമായിരുന്നു. അങ്ങനെ ഒരു ദിവസം വല്യമ്മച്ചിയുടെ അച്ഛൻ വല്യമ്മച്ചിയുടെ അമ്മയുടെ തന്തയ്ക്ക് വിളിച്ചു കൊണ്ട് ഒരു ശ്ലോകം ചൊല്ലിയത്രേ . നിമിഷ കവയിത്രി യായിരുന്ന അമ്മ അമാന്തിച്ചില്ല. ” തന്തയ്ക്ക് പറഞ്ഞവന്റെ ചന്തിയ്ക്കൊരുന്തും കൊടുത്ത്….” എന്നൊരു ശ്ലോകം ഉണ്ടാക്കി ചൊല്ലി അവിടെ കൂടിയവരെ രസിപ്പിച്ചത്രേ. ആ വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലുമ്പോൾ അഷ്ടകങ്ങൾ ചൊല്ലാൻ പാടില്ലെന്ന് നിബന്ധന വച്ചു.

ഇന്ന് അക്ഷരശ്ലോകം അന്താക്ഷരിയ്ക്ക് വഴി മാറി. ഇതിലൊക്കെ താത്പര്യമുള്ള കുട്ടികളുടേയും എണ്ണം കുറഞ്ഞു.

ഞാൻ പ്രീഡിഗ്രിക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വനിതാ കോളേജിലാണ് പഠിച്ചത്. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിയ്ക്കുന്ന സമയം ഒരു കവിയരങ്ങ് ദിവസം ഞാനത് കാണാനിരുന്നു. അപ്പോൾ വേദിയിൽ രണ്ടാം വർഷ പ്രീഡിഗ്രിയിലെ അനില എ എന്ന വിദ്യാർത്ഥിനി ഇരിക്കുന്നു. എന്റെ ഗ്രാമം എന്ന കവിതയാണ് ആ കുട്ടി ചൊല്ലിയത്. അന്നു ഞാൻ തീരുമാനിച്ചു അടുത്ത കവിയരങ്ങ് ദിവസം വേദിയിൽ ഞാനും ഉണ്ടാകണമെന്ന് . അങ്ങനെ ഞാൻ വിചാരിച്ച കാര്യം നടപ്പാക്കി. അടുത്ത വേദിയിൽ ” നരനിൽ നിന്നും വാനരൻ” എന്ന കവിത ഞാൻ ചൊല്ലി. പിന്നീട് ” ചിന്തകൾക്ക് വിരാമമില്ലാതെന്തു ചെയ്ക ഞാനെടോ” എന്ന കവിത. അത് കഴിഞ്ഞ് ഡിഗ്രി അവസാന വർഷം വരെയും മിക്കാവാറും എല്ലാ കവിയരങ്ങിലും ഞാൻ പങ്കെടുത്തു. ഡിഗ്രി രണ്ടാo വർഷം പഠിയ്ക്കുന്ന സമയം കവിയും സാഹിത്യകാരനുമൊക്കെയായ പ്രൊഫ കുമ്മിൾ സുകുമാരൻ സർ ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്നു. ഒരിക്കൽ നിത്യ ചൈതന്യ യതി കോളേജിൽ വന്നപ്പോൾ അദ്ദേഹത്തിനേയും കാണാനിടയായി.

കോളേജിൽ നടന്ന കവിയരങ്ങുകളിൽ ശ്രീ ഒ എൻ വി കുറുപ്പ് , ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീ കുരിപ്പുഴ ശ്രീകുമാർ പിന്നെ ധാരാളം യുവകവികളും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നടത്തിയ യുവ സാഹിത്യ ക്യാമ്പിലേയ്ക്ക് എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അച്ഛൻ അന്ന് മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു. അമ്മ പറഞ്ഞു: വല്യമാമൻ അനുവദിക്കുകയാണെങ്കിൽ പോകാൻ . അങ്ങനെ ഞാനും കൂട്ടുകാരി കനകലതയും കൂടി വല്യമാമനെ കാണാൻ ഊന്നിൻ മൂട്ടിലേയ്ക്ക് പോയി. അല്പം മാത്രം സംസാരിക്കുന്ന വല്യമാമൻ പറഞ്ഞു. അത് യൂണിയൻ നടത്തുന്ന പരിപാടിയല്ലേ? അതത്ര ഗൗരവമായി എടുക്കണ്ട. അതുകൊണ്ട് അതിൽ പങ്കെടുത്തില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയത്ത് അച്ഛന്റെ മറ്റൊരു ജ്യേഷ്ഠൻ ഗംഗാധരൻ വല്യച്ചൻ വീട്ടിൽ വന്നു. വല്യച്ചൻ സിങ്കപ്പൂരായിരുന്ന സമയത്ത് ധാരളം കത്തുകൾ കവിതാ രൂപേണ വല്യച്ഛന്റെ വീട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ഞാൻ എന്റെ കവിതകൾ വല്യച്ചനെ കാണിച്ചു. വല്യച്ഛൻ അത് വായിച്ചിട്ട് അതിൽ വൃത്തവും താളവുമൊന്നുമില്ല. ഇതൊന്നും കവിതയല്ല എന്ന് പറഞ്ഞു കൊണ്ട് വല്യച്ഛൻ എഴുതിയ ചില കവിതകൾ ചൊല്ലി കേൾപ്പിച്ചു. അന്ന് ഞാൻ കവിതയെഴുത്ത് നിർത്തി.
പിന്നെ ചില ടെക്നിക്കൽ ലേഖനങ്ങൾ എഴുതിയതല്ലാതെ 30 വർഷത്തോളം സാഹിത്യ സൃഷ്ടിയൊന്നും നടത്തിയില്ല. മനസ്സിൽ ധാരാളം കഥകളുണ്ടായിരുന്നു. ഒന്നും വെളിച്ചം കണ്ടില്ല. അങ്ങനെയിരിക്കെ പ്രമുഖ മുതിർന്ന കവി ശ്രീ ആറ്റിങ്ങൽ ദിവാകരനെ പരിചയപ്പെടാൻ ഇടയായി. സംഭാഷണ മദ്ധ്യേ ഞാനിപ്പോൾ എഴുതാറില്ലെന്നും എന്നാൽ മനസ്സിൽ ധാരാളം കഥകളുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിനൊരു പരിഹാരം പറഞ്ഞത് ആശയങ്ങൾ ഒരു ചെറു തലക്കെട്ട് പോലെ ഡയറിയിൽ കുറിച്ചു വയ്ക്കുക. പിന്നീട് സമയുള്ളപ്പോൾ അതൊന്ന് വികസിപ്പിച്ച് എഴുതിയാൽ മതിയെന്നാണ്. ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങി.

പിന്നീട് കഴിഞ്ഞ സെപ്റ്റംബറിൽ എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി അഖിൽ മുരളിയുടെ കവിതാ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിയപ്പോൾ അവിടെ വച്ച് മാക്ഫാസ്റ്റ് തിരുവല്ല കോളേജിലെ അധ്യാപകൻ റ്റിജി തോമസ് സർ എന്നോട് പറഞ്ഞു: ടീച്ചർക്ക് എന്തെങ്കിലും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അത് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കാമെന്ന് . ഞാൻ ശരിയെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. അങ്ങനെ 2020 ജനുവരിയിൽ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ ഒന്നും എഴുതി കൊടുത്തില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ അന്നു രാത്രിയോ പിറ്റേന്നോ എഴുതി കൊടുക്കാമെന്നേറ്റു. അങ്ങനെയാണ് ഓർമ്മ ചെപ്പിന്റെ ആദ്യ അധ്യായം എഴുതുന്നത്. അങ്ങനെ വീണ്ടും എന്നെ എഴുത്തിന്റെ വഴിയിലെത്തിക്കാൻ നിമിത്തമായ മലയാളം യുകെയ്ക്കും റ്റിജി തോമസ് സാറിനും നന്ദി. ഒപ്പം അഖിൽ മുരളിയ്ക്കും. അഖിൽ മുരളി ഒരു ചലഞ്ചായി ഏറ്റെടുത്ത് ഒരു ദിവസം ഒരു കവിത വീതം എഴുതിയയാളാണ്.

നമ്മളെപ്പോഴും സ്വയം പ്രചോദനമുള്ളവരായിത്തീരാൻ ശ്രമിക്കുക. നമ്മളിൽ ഭൂരിഭാഗവും നമ്മിലുറങ്ങിക്കിടക്കുന്ന കഴിവിന്റെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നുണ്ടാവില്ല. നമുക്ക് കിട്ടിയ ഈ ജന്മത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക. എല്ലാവർക്കും നന്മ വരട്ടെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

അനുജ. കെ

എനിക്ക് രണ്ടു ചിറകുകൾ മുളച്ചിരിക്കുന്നു. വെളുത്ത തൂവലുകൾ കൊണ്ടുള്ള ചിറക്. ഞാൻ പതിയെ പറക്കാൻ തുടങ്ങി. നേരം പുലർന്നു വരുന്നതേ ഉള്ളൂ. ഇഞ്ചിപ്പുല്ലുകൾ വളർന്നു നിൽക്കുന്ന പാതയോരങ്ങൾ വിമാനത്തിലിരുന്നു കാണുന്നത് പോലെ എനിക്ക് തോന്നി. കോഴിവാലുപോലെ നീണ്ടുനിൽക്കുന്ന പുല്ലുകളിൽ പുലരിയുടെ ജലകണങ്ങൾ അതാ….. പാതയോരത്തു എന്നെ നോക്കി ഒരാൾ നിൽക്കുന്നു. എന്നെ പോലെ വെള്ള ചിറകുകൾ ഉണ്ട്. വെളുത്ത താടിയും മുടിയും. മുണ്ടും ബനിയനും ആണ്‌ വേഷം. അച്ഛനാണ്. ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായില്ലല്ലോ….. ഞാൻ പതിയെ വിമാനത്തെ അച്ഛന്റെ അടുത്തേക്ക് ലാൻഡ് ചെയ്യിപ്പിച്ചു.

“അച്ഛനെന്താ ഇവിടെ “.

“ഞാൻ നിന്നെ കാത്തുനിൽക്കുകയായിരുന്നു. നീ തനിയെ എവിടെ പോയി ”

“അച്ഛാ ഞാൻ ഒരു പ്രശ്നം പരിഹരിക്കാൻ പോയി ”

“എന്നിട്ടെന്തായി ”

“അത് സംസാരിച്ചു ശെരിയാക്കിയിട്ടുണ്ട്. ഒരു കുടുംബപ്രശ്നം ആയിരുന്നു ”

എന്റെ പറക്കലിന് വേഗത കൂടി. അച്ഛനും ഒപ്പമുണ്ട്. മത്സരിച്ചു പറക്കുന്നത് പോലെ. ഇഞ്ചിപുൽമേടുകളും കാടുകളും ഒക്കെ കടന്നു പൊയ്‌ക്കേണ്ടേ ഇരിക്കുന്നു. അച്ഛൻ നാട്ടിലെയും വീട്ടിലെയും ഒക്കെ വിശേഷങ്ങൾ ചോദിക്കുന്നു. ഏറെ നാളുകൾക്കു ശേഷം കാണുകയല്ലേ. വിശേഷങ്ങൾ എല്ലാം പറഞ്ഞുംകൊണ്ട് അച്ഛനോടൊപ്പമുള്ള യാത്ര എനിക്ക് പുത്തരിയല്ല. എന്നെ എന്റെ വീട്ടിൽ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ പഴയ പട്ടാളകഥകൾ വീണ്ടും വീണ്ടും പറഞ്ഞ് ആവേശം കൊള്ളുന്ന ഒരു ധീരനായ പട്ടാളക്കാരന്റെ കൂടെയാണല്ലോ യാത്ര ചെയ്യുന്നത് എന്നോർത്തു ഞാനും അഭിമാനിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട് ബസിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഇഞ്ചിപുൽമേടുകൾക്ക് പകരം തേയിലത്തോട്ടങ്ങൾ. മഞ്ഞിൽ പൊതിഞ്ഞ തേയില തോട്ടങ്ങൾ എന്നും എന്റെ കണ്ണുകൾക്ക് ഹരമായിരുന്നു

സിനിമയിൽ കാണുന്നത് പോലെ തേയിലചെടികൾക്കിടയിലൂടെ കൈകൾ വിടർത്തി ഓടാനുള്ള കൊതി ഇതുവരെ തീർന്നിട്ടില്ല. വേഗത്തിൽ ഓടുന്ന ഫാസ്റ്റ്പാസ്സഞ്ചറിന്റെ സൈഡ് സീറ്റിൽ മഞ്ഞിന്റെ കുളിർമയിൽ മുങ്ങിയുള്ള യാത്ര. കൂട്ടിനു അച്ഛനും ഉണ്ട്.  ഞങ്ങൾ ഇഞ്ചിപ്പുൽകാടുകൾ കടന്ന് അടുത്ത മലയോരം പറ്റിയാണ് ഇപ്പോൾ പറക്കുന്നത്. താഴെ അഗാധ ഗർത്തങ്ങൾ. ചിറകൊടിഞ്ഞാൽ പൊടിപോലും കിട്ടുകയില്ല . എനിക്ക് പേടിയാകാൻ തുടങ്ങി. അച്ഛന് ഒരു കൂസലുമില്ല. പറക്കൽ ആസ്വദിച്ചുകൊണ്ട് തെരുതെരെ വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അതിനിടയിൽ “എന്റെ കൂടെ പോരുന്നോ” എന്നൊരു ചോദ്യം. പെട്ടന്ന് എന്റെ ഉള്ളൊന്നു കിടുങ്ങി. എന്തുത്തരം പറയും.

“ഇല്ലച്ഛാ…. എനിക്കെത്രയും പെട്ടന്ന് വീട്ടിൽ എത്തണം. മോളവിടെ കാത്തിരിക്കുന്നു “.

എന്റെ വിമാനം അതിവേഗത്തിൽ താഴേക്ക് കുതിച്ചു.

വീട്ടുമുറ്റത്തുകളിച്ചുകൊണ്ടിരുന്ന മകളുടെ അടുത്തേക്ക്. പെട്ടന്ന് ഒരു മണിയടി ശബ്ദം. വെളുപ്പിന് അഞ്ചര ആയിരിന്നു. യാത്രയുടെ ക്ഷീണം തട്ടിയ മനസ്സുമായി നേരെ അടുക്കളയിലേക്ക്. പിന്നെയെപ്പൊഴോ ആ യാത്രയെ കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഏറെ നാളുകൾക്കു ശേഷം അച്ഛനെ കാണാൻ കഴിഞ്ഞല്ലോ. അതെന്റെ അവസാന കാഴ്ച്ചയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. എന്റെ കൂടെ വരുന്നോ? എന്ന ചോദ്യത്തിന് “ഇല്ല ” എന്ന മറുപടി അച്ഛനെ വിഷമിപ്പിച്ചോ?  അതോ മോളെ വിട്ടുവരുവാൻ എനിക്കാവില്ല എന്ന് പറഞ്ഞത് സമ്മതിച്ചതാണോ….. രണ്ടാമത്തേത് ആകാനാണ് സാധ്യത. അത്രക്കിഷ്ടമായിരുന്നു അച്ഛനവളെ. ഏറ്റവും ഇഷ്ടമുള്ളവരെ കൂട്ടിക്കൊണ്ടുപോകുവാൻ ആയുസ്സറ്റവർ ശ്രെമിക്കും എന്നാരോ എന്നോട് പറഞ്ഞിട്ടുണ്ട്. അത് സത്യമായിരിക്കുമോ…. അപ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകുവാനാണോ അച്ഛൻ വന്നത്. വരാനിഷ്ടമില്ലന്നറിഞ്ഞപ്പോൾ പിന്നീട് ഒരിക്കലും മുഖം തരാതെ എവിടെ പോയി… എനിക്ക് കാണാൻ കൊതിയാവുന്നു അച്ഛാ……

 

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

 

 

ചിത്രീകരണം : അനുജ . കെ

 

ഗംഗ. പി

ഒരിടത്ത് ഒരിടത്ത് ഒരു രാജാവു൦ രാജ്ഞിയുമുണ്ടായിരുന്നു . അവരുടെ സ്നേഹ൦ പവിത്രമായിരുന്നു. രാജാവിൻെറ പേര് ദശകൻ എന്നായിരുന്നു . അദ്ദേഹത്തിന് തൻെറ പത്നിയായ ദശരഥി ജീവൻെറ ഒരു ഭാഗമാണ് . അവരുടെ സ്നേഹ൦ കണ്ട് ജനങ്ങൾ പോലും അസൂയപ്പെടാൻ തുടങ്ങി .കാരണ൦ ആ നാട്ടിൽ ഇത്രമാത൦ സ്നേഹിക്കുന്ന പതിയു൦ പത്നിയു൦ ഇല്ലായിരുന്നു .
ദശകൻെറ വിനോദമായിരുന്നു നായാട്ട് .അദ്ദേഹ൦ കാട്ടിൽ പോകുമ്പോൾ പത്നിയേയു൦ കൂട്ടും . അങ്ങനെയിരിക്കെ രാജാവും പത്നിയും കാട്ടിൽ നായാട്ടിനായി പുറപ്പെട്ടു .അവർ അവിടെ ഉല്ലസിച്ച് നടക്കവേ ഒരു രാക്ഷസൻ ദശരഥിയെ പിടികൂടി.രാജാവ് ആകെ പരിഭ്രാന്തനായി. അദ്ദേഹത്തോടൊപ്പം സൈന്യവും ഇല്ല ആയുധവും ഇല്ല

അദ്ദേഹ൦ രാക്ഷസനോട് അപേക്ഷിച്ചു കൊണ്ടു പറഞ്ഞു ” ഞാൻ എന്തുവേണെമെങ്കിലു൦ തരാ൦ ദയവുചെയ്ത് എൻെറ പത്നിയെ വെറുതെ വിടൂ “. എന്നാൽ രാക്ഷസൻ ഒരു അട്ടഹാസത്തോടെ പറഞ്ഞു “നീ എനിക്ക് എന്തു തരു൦. ഒന്നുകിൽ എനിക്ക് നിൻെറ രാജൃവു൦ പിന്നെ ….. ദശകൻ ചോദിച്ചു “പിന്നെ എന്താണ് ? പറയൂ ഞാൻ നൽകാ൦ അത് എന്ത് തന്നെ ആയാലു൦ . രാക്ഷസൻ തുടർന്നു പറഞ്ഞു “പിന്നേ നിൻെറ ജീവനു൦ നൽകണ൦ .ദശകൻ സമ്മതിച്ചു.
ദശരഥി പറഞ്ഞു “അങ്ങ് ജീവൻ നൽകരുത് എന്നെ മറേന്നക്കൂ . അങ്ങയുടെ ജീവൻ നഷ്ടപ്പെട്ടാൽ ഒരിക്കലു൦ തിരിച്ച് കിട്ടില്ല . പക്ഷെ ഞാൻ നഷ്ടപ്പെട്ടാൽ വേറോരു പത്നിയെ ലഭിക്കുന്നതാണ് .
എന്നാൽ ദശകൻ തൻെറ ജീവൻ നൽകാൻ തയ്യാറായി .രാക്ഷസൻ വാൾ ഉയർത്തി തലവെട്ടാനായി . ആ സമയ൦ ദശരഥി കണ്ണുകൾ പൊത്തി നിന്നു. അദ്ഭുതെമന്ന് പറയട്ടെ രാക്ഷസെൻറ സ്ഥാനത്ത് സാക്ഷാൽ ദേവി നിൽക്കുന്നു.

അവർ ദേവിയെ തൊഴുതു ദേവി അവരോടായി പറഞ്ഞു “നിങ്ങളുടെ സ്നേഹ൦ പരിശുദ്ധമാണ് . തൻെറ ഭാര്യയെക്കാൾ വലുതല്ല മറ്റൊന്നു൦ ദശകൻ തെളിയിച്ചു. ദേവി അനുഗ്രഹ൦ നൽകി അപ്രത്യക്ഷമായി . എന്തൊക്കെ പ്രശ്ന൦ വന്നാലു൦ ഭാര്യയു൦ ഭർത്താവു൦ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശം അവർ നൽകി.

 

ഗംഗ. പ്ലസ് 1 വിദ്യാർത്ഥിനി. പാരിപ്പള്ളി സ്വദേശി.

 

 

 

 

 

കാരൂർ സോമൻ

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുണൻ കാഴ്ച്ചയിൽ അത്ര സുന്ദരനല്ല. എന്നാൽ കൊത്തിവെച്ച പ്രതിമകൾപോലെ അതി മനോഹരങ്ങളാണ് അയാളുടെ ശില്പങ്ങൾ. ഭക്തിരസം തുളുമ്പി നിൽക്കുന്ന മരത്തിൽ തീർക്കുന്ന ശില്പങ്ങൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുവരെ ആൾക്കാർ വരാറുണ്ട്. ചെറുപ്രായത്തിൽ തന്നെ പല ചെറിയ ബഹുമതികളും കരുണിനെത്തേടിയെത്തി. അതെല്ലാം സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് തിരസ്കരിച്ചു. കോളേജിലെ സുന്ദരിപ്പട്ടം നേടിയ കരോളിൻ അതെല്ലാം വിസ്മയത്തോടെയാണ് കണ്ടത്.

വർക്കിക്ക് പത്തോളം ബംഗാളി തടിപ്പണിക്കാരുണ്ടായിന്നു. അവർ കൊറോണയെ ഭയന്ന് നാട്ടിലേക്ക് പോയി. താമരകുളത്തുകാരനായ വർക്കിയുടെ പിതാവ് കൊച്ചുകുഞ്ഞു മാപ്പിള കോന്നിയിൽ നിന്ന് പ്ലാവിൻ തൈ കൊണ്ടുവന്നതുകൊണ്ടാണ് കോന്നി പ്ലാവ് എന്ന് പേരുണ്ടായത്. നീണ്ട വർഷങ്ങൾ തണൽ മാത്രമല്ല ആ മരം തന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ധാരാളം ചക്കകളും തന്നു. മരപ്പണിക്കർ കോന്നി പ്ലാവിന്റ് കമ്പുകൾ വെട്ടിമാറ്റുന്നു. കഴിഞ്ഞ ഏതാനം വർഷങ്ങളായി കോന്നിപ്ലാവിന് മനുഷ്യരോട് എന്തോ വെറുപ്പ് തോന്നി. മുന്തിരിക്കുലപോലെ ചക്കകളുണ്ടായിരുന്ന പ്ലാവിൽ നിന്ന് ഒന്നുപോലും ലഭിക്കാതെ കൊഴിഞ്ഞുപോകുക പതിവാണ്. കാർഷിക ഭവനിലെ ശാസ്ത്രജ്‌ഞനെ വിളിച്ചു കാണിച്ചു. ലഭിച്ച മറുപടി “പ്ലാവിന് കുഴപ്പമില്ല. കുഴപ്പക്കാർ ഈ റോഡാണ്” വർക്കി ഇമവെട്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു.

വീടിന് മുന്നിലെ റോഡിലൂടെ കേരളത്തിന്റ പല ദിക്കുകളിലേക്കും നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓടുന്നത്. റോഡരികിൽ നിന്ന പ്ലാവിലേക്ക് കാർബൺ ഡയോക്സൈയിഡ് കുറച്ചൊന്നുമല്ല കയറുന്നത്. രാത്രിയിലെ മഞ്ഞുതുള്ളികളേറ്റ് രാവിലെ മരച്ചാർത്തുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കറുത്ത നിറമുള്ള കാർബൺ ഡയോക്സൈയിഡ് കണ്ടപ്പോൾ കാര്യം വ്യക്തമായി. റോഡരികിലെ വീടിനുള്ളിലും ഈ കാർബൺ അതിക്രമിച്ചു കടക്കുന്നു. ശബ്‌ദമലിനീകരണവുമുണ്ട്. നല്ല ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി നിൽക്കുന്ന കോന്നിപ്ലാവിനെ കൊറോണ ശവപ്പെട്ടികളാക്കാൻ വർക്കി തീരുമാനിച്ചു. മനുഷ്യന് മനുഷ്യവകാശങ്ങൾ ഉള്ളതുപോലെ മരങ്ങൾക്കുണ്ടെന്നും അത് ലംഘിച്ചാൽ കൊറോണ ദൈവം ശവപ്പെട്ടി തീർക്കുമെന്ന് ശിഷ്യൻ കരുൺ പറഞ്ഞത് ഓർമ്മയിലെത്തി. പൊടിപടലങ്ങൾ പാറി പറപ്പിച്ചുകൊണ്ട് പോയ റോഡ് ഇപ്പോൾ നിർജ്ജീവമാണ്. ഇടയ്ക്ക് പോലീസ്, ആംബുലൻസ് പോകുന്നത് കാണാം. വിറങ്ങലിച്ചു കിടക്കുന്ന റോഡും വീടിനുള്ളിൽ വിറച്ചിരിക്കുന്ന മനുഷ്യനെയും വർക്കി ഒരു നിമിഷം ഓർത്തു നിന്നു.

മധുര പതിനേഴിൻെറ സാരള്യത്തോടെ കരോളിൻ കരുണിന്‌ ആവിപറക്കുന്ന ചായയുമായിട്ടെത്തി. മന്ദഹാസപ്രഭയോടെ ചായ കൈമാറി. അപ്പന്റെ ചായ അവിടെ അടച്ചുവെച്ചു. അവൾ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് ചോദിച്ചു.
“കരുൺ ഇതുവരെ ശകുന്തളയുടെ ആ ശില്പം തീർത്തില്ലല്ലോ” അവൻ കുറ്റബോധത്തോടെ പറഞ്ഞു.
“എന്റെ ശകുന്തളേ നീ വിഷമിക്കാതെ. ഈ ദുഷ്യന്തൻ ഇവിടെ ഇരിപ്പില്ലേ? നിന്റെ അപ്പൻ ശവപ്പെട്ടി തീർക്കാൻ പിടിച്ചിരുത്തിയാൽ ഞാൻ എന്ത് ചെയ്യും. കൊറോണ ദൈവം കാശുണ്ടാക്കാൻ നല്ല അവസരമല്ലേ കൊടുത്തത്”.
ചെറുപ്പം മുതൽ നിർമ്മല സ്‌നേഹത്തിൽ ജീവിക്കുന്ന കരുണും കരോളിനും അയൽക്കാരാണ്. രണ്ട് മതവിശ്വാസികളെങ്കിലും അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന സ്‌നേഹം നിറമോ മതമോ അല്ല. രണ്ടുപേരുടേയും ഉള്ളിലൊരു ഭയമുണ്ട്. ഈ മതങ്ങൾ തങ്ങളുടെ പ്രണയം വ്യഥാവിലാക്കുമോ? കരുൺ അവളുടെ അരുണിമയാർന്ന കണ്ണുകളിലേക്ക് നോക്കി. ഒരു ജാള്യഭാവമുണ്ട്. പറയണോ അതോ വേണ്ടയോ? മനസ്സങ്ങനെയാണ് സ്വാർത്ഥാന്ധകാരത്തിൽ നിന്ദ്യമായി, വികലമായി പലതും തുന്നിയെടുക്കും. തുന്നുന്ന മുട്ടുസൂചി കുത്തുമ്പോൾ തെറ്റ് ബോധ്യപ്പെടും. മനസ്സിൽ തികട്ടി വന്നതല്ലേ ചോദിക്കാം.
“കരോൾ ഈ കൊറോണ വന്നത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു” ഒരു പ്രതിഭാശാലിയിൽ നിന്ന് കേൾക്കേണ്ട വാക്കുകളല്ലിത്. അവൾ വിസ്മയത്തോട് നോക്കി.
“നീ നോക്കി പേടിപ്പിക്കേണ്ട. ഞാൻ പറഞ്ഞത് അസംബന്ധമെന്ന് നിനക്ക് തോന്നും. ഈ മതാചാരങ്ങളുടെ പിറകിൽ എത്ര നാൾ കണ്ണടച്ചു നിൽക്കും? വിവാഹംവരെ തീറെഴുതികൊടുത്തിരിക്കുന്നവർ. ഈ കൊറോണ ദൈവമാണ് ഭക്തിയിൽ മുഴുകിയവരുടെ ദേവാലയങ്ങൾ അടപ്പിച്ചത്. ഇനിയും അത് തുറക്കുമോ. കോറോണയെക്കാൾ എനിക്ക് ഭയം അതാണ്” കാരുണിന്റ കടുത്ത വാക്കുകൾ കേട്ടിട്ട് പറഞ്ഞു.
“ദേവാലയങ്ങൾ തുറക്കട്ടെ. അത് നല്ലതല്ലേ?
“ഇത്രയും നാൾ തുറന്നവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം അടപ്പിച്ചത്. നമ്മുടെ വിവാഹം നടത്തുന്നതുവരെ അടഞ്ഞു കിടക്കണമെന്നാണ് കൊറോണ ദൈവത്തോട് എന്റെ പ്രാർത്ഥന. തുറന്നാൽ രണ്ട് മതവർഗ്ഗിയ പാർട്ടികൾ നാട്ടിൽ തമ്മിൽ തല്ലും. മുൻപും നടന്നിട്ടുണ്ട്. ഈ മനുഷ്യർ അടിമകൾ മാത്രമല്ല ഭീരുക്കളുമാണ്. എല്ലാം വേദവാക്യങ്ങളായി കാണുന്നവർ. അവരുടെ ബലഹീനത എങ്ങോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.? കാരുണിനെ ഒന്ന് പ്രശംസിക്കണമെന്ന് തോന്നി. പരമ്പരയായി കൈമാറി വന്ന വിശ്വാസാചാരങ്ങൾ മണ്ണിലെ ദൈവങ്ങൾ മാറ്റില്ല.
“നീ പറഞ്ഞത് ശരിയാണ്. ഈ മതമതിലുകൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്താൽ മതി”
“മതസ്ഥാപനത്തിൽ പോയി അടിമയെപ്പോലെ നിൽക്കേണ്ട എന്ന് നീ സമ്മതിച്ചു. വീടിനുള്ളിൽ രണ്ടു വീട്ടുകാർ വ്യക്തമായ വ്യവസ്‌ഥകൾ വെച്ച് നടത്തിയാൽ എന്താണ് കുഴപ്പം? കുട്ടികളെ താലോലിച്ചു് മധുരപലഹാരം കൊടുക്കുന്നപോലെ മതങ്ങൾ നമ്മുക്ക് മധുരമെന്ന ആത്മാവിനെ ദാനമായി തരുന്നു. കൊറോണ ദൈവം പറയുന്നു. മതത്തിന്റ പേരിൽ ഇനിയും ആരും തമ്മിൽ തല്ലേണ്ട. ഈ തമ്മിൽ തല്ലുന്ന ആരാധനാലയങ്ങളും വേണ്ട. മാത്രവുമല്ല ഈ വിവാഹ ധൂർത്തും അവസാനിക്കും. ആ പണം വിശന്ന് പൊരിയുന്ന മനുഷ്യന് ഭക്ഷണത്തിനായി കൊടുത്തുകൂടെ? കാരുണിന്റ വാക്കുകൾ അവൾ തള്ളിക്കളഞ്ഞില്ല. വിശക്കുന്നവന്റെ മനസ്സ് വിശപ്പറിയാത്തവൻ അറിയുന്നില്ല. ആശാനും ശിഷ്യനും ഒരുപോലെ ചിന്തിക്കുന്നതായി തോന്നി. അതാണല്ലോ ഞയർ ദിവസം തന്നെ അപ്പൻ മരം വെട്ടാൻ തീരുമാനിച്ചത്.
അവൾ അക്ഷമയോടെ ചോദിച്ചു. ” ഈ കൊറോണ മനുഷ്യരെ കൊന്നൊടുക്കുന്നത് നീ കാണുന്നില്ലേ?
“മോളെ മനുഷ്യന്റെ രുചിക്കുന്ന സദ്യയെക്കാൾ കാലത്തിന് സദ്യ ഒരുക്കുന്നവനാണ് ഈശ്വരൻ. നിന്റെ കണ്ണിലെ കണ്ണടയൂരി ഈ ലോകത്തെ ഒന്നു നോക്കു. മനുഷ്യരിലെ സ്വാർത്ഥയാണ് ഈ നാശത്തിന് കാരണം. വിവേകമുണ്ടായിട്ടും സാമ്പത്തിനായി വിഡ്ഢിവേഷം കെട്ടുന്നവർ. ഈ പ്രകൃതിയോട് ഒരല്പം ദയ കാണിച്ചൂടെ? ഇല്ലെങ്കിൽ അത് വസൂരി, പ്ളേഗ്, പ്രളയം, ഭൂകമ്പം, വെള്ളപൊക്കം, നിപ്പ, കൊറോണ അങ്ങനെ പല രൂപത്തിൽ ഈശ്വരൻ മനുഷ്യന് നൽകുന്ന സദ്യകളാണ്”. അവൾ ചിന്തയിലാണ്ടു നിന്നു. സത്യത്തിൽ ഇത് ദൈവകോപം തന്നെയാണോ? അതോ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയോ?
സ്‌നേഹപാരമ്യത്തോടെ അവൾ നോക്കി. ഒരു ചുംബനത്തിനായി മനസ്സുരുകിയ എത്രയോ നിമിഷങ്ങൾ. പല അവസരങ്ങൾ ലഭിച്ചിട്ടും തന്റെ ശരീരത്തു് ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. ബിരുധാനാന്തര ബിരുദദാരിയായ കരുൺ പണത്തേക്കാൾ കലയെ സ്‌നേഹിക്കുന്നു.
“കരോൾ നമ്മുടെ സഹജീവികളുടെ മരണത്തിൽ ഞാനും സന്തുഷ്ടനല്ല. ഇവിടെ പ്രപഞ്ച നാഥാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മൾ ചെയ്യുന്ന തിന്മയുടെ ഫലം ആരാണനുഭവിക്കുക?
പെട്ടെന്നായിരുന്നു വർക്കിയുടെ വിളി കാതിൽ പതിഞ്ഞത്. പെട്ടെന്നെഴുന്നേറ്റ് ചായ കപ്പ് കരോളിനെ ഏൽപ്പിച്ചു.
“കരുൺ ഇത് മൊത്തം കുടിച്ചിട്ട് പോ.എന്തൊരു വെപ്രാളം.ഇത്ര ഗുരുഭക്തി വേണ്ട ട്ടോ”
“ഈ ഗുരുഭക്തി നിന്നെ സ്വന്തമാക്കാനാണ് മോളെ” അവൻ പോകുന്നതും നോക്കി പുഞ്ചരി തൂകി നിന്ന നിമിഷങ്ങളിൽ അകത്തുനിന്നുള്ള അമ്മയുടെ വിളിയും കാതിൽ തുളച്ചുകയറി.

ആശാന്റെ അടുക്കലെത്തിയ കരുൺ മുറിഞ്ഞു വീണ മരചുവട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തേക്ക് പൊടിഞ്ഞു വരുന്ന ഓരോ തുള്ളി വെള്ളവും മരത്തിന്റ കണ്ണീരാണ്. ഈ കണ്ണീരിന്റെ എത്രയോ മടങ്ങാണ് മരപെട്ടിയിൽ കിടക്കുന്ന മനുഷ്യനുവേണ്ടി ഹ്ര്യദയം നുറുങ്ങിയൊഴുക്കുന്നത്. നിന്നെ ഞാൻ എന്റെ പെട്ടിയിൽ കിടത്തുമെന്ന് കൊറോണ ദൈവത്തെപോലെ മരത്തിനും പ്രതികാരമുണ്ടോ? അടുത്ത മരത്തിൽ ചേക്കേറിയ പക്ഷികൾ കോന്നിപ്ലാവിനെ വിഷാദത്തോടെ നോക്കിയിരുന്നു.

ഡോ. ഐഷ വി

കാസർഗോഡ് ടൗൺ യുപിഎസിന് വളരെ അടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം. അവിടത്തെ നവമി ആഘോഷം നടക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് വളരെ സന്തോഷമാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള പൂജ കഴിയുമ്പോൾ ശർക്കര അവൽ ചിരകിയ തേങ്ങ ഏലയ്ക്ക ഉണക്കമുന്തിരി എന്നിവ ധാരാളം ചേർത്ത അവൽ സുഭിക്ഷമായി മറ്റുള്ളവർക്കൊപ്പം സ്കൂൾ കുട്ടികൾക്കും ലഭിക്കും. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പീരീഡ് തീരാറായപ്പോൾ കുട്ടികൾ ടീച്ചറോട് അമ്പലത്തിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. അങ്ങനെ അല്‌പം നേരത്തേ ക്ലാസ്സ് നിർത്തിയ ടീച്ചർ ആരൊക്കെ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാനായി പോകുന്നെന്ന് ചോദിച്ചു. കമലാക്ഷിയും മറ്റ് ഭൂരിപക്ഷം കുട്ടികളും കൈ പൊക്കി. ടീച്ചർ ചോദിച്ചു: ഐഷ പോകുന്നില്ലേ? ഐഷയ്ക്കും വേണമെങ്കിൽ പോകാം . ടീച്ചർ പറഞ്ഞു. ഉടനെ കമലാക്ഷി പറഞ്ഞു: ആ കുട്ടി ഹിന്ദുവാണ് ടീച്ചർ , ആ കുട്ടിയുടെ അച്ഛൻ ഹിന്ദുവാണ്. ഞാൻ അതിശയിച്ചു പോയി. ഹിന്ദുവെന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ആരും തന്നെ ജാതി മതം എന്നിവയെ പറ്റിയൊന്നും സംസാരിച്ചിരുന്നില്ല. പിന്നെ കമലാക്ഷിയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം ? ഞാൻ കമലാക്ഷിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ കമലാക്ഷി പറഞ്ഞതിങ്ങനെ: ഐഷയുടെ അച്ഛന്റെ പേര് ഹിന്ദു പേരാണ്. പിന്നെ ഞങ്ങൾ ഹിന്ദു തീയ്യയാണ്. ഹിന്ദുവിന് പിന്നെയും ഉപവിഭാഗങ്ങളുണ്ടോ എന്ന് ഞാൻ സംശയിച്ചു. പേരിനും ആളുകൾക്കും ജാതിയും മതവുമൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അധികം താമസിയാതെ മറ്റ് ചില കുട്ടികളും എന്റെ ചുറ്റും കൂടി ഹിന്ദുവായിട്ടും എന്തിനാണ് ഇസ്ലാമതത്തിലെ
പേരിട്ടത് എന്നവർക്കറിയണം. ഞാനാകെ വിഷമിച്ചു പോയി. പിന്നെ ഞങ്ങളെല്ലാപേരും കൂടി മല്ലികാർജ്ജുന ക്ഷേത്രത്തിൽപ്പോയി വരിയായി നിന്ന് വാഴയിലയിൽ ലഭിച്ച പ്രസാദം കഴിച്ചു. സന്തോഷത്തോടെ തിരികെ ക്ലാസ്സിലേയ്ക്ക് പോയി. പ്രസാദത്തിലെ മധുരം നുണഞ്ഞെങ്കിലും മതവും പേരും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.

അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോട് നമ്മൾ ഹിന്ദുവാണോ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു ഹിന്ദുവാണെന്ന് . എന്റെ അടുത്ത ചോദ്യം കമലാക്ഷി തീയ്യയാണെന്ന് പറഞ്ഞു. നമ്മളെന്താണ്? അമ്മ അതിനു തന്ന മറുപടി ഇങ്ങനെയായിരുന്നു. ഇനിയാരെങ്കിലും ജാതിയോ മതമോ ഒക്കെ ചോദിച്ചാൽ മനുഷ്യനാണ് എന്ന് മറുപടി കൊടുത്താൻ മതി. അടുത്ത ചോദ്യം ഐഷ എന്ന് പേരിട്ട തെന്തിന് ? അച്ഛനാണ് ആ പേരിട്ടത് എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ അച്ഛൻ വരാനായി കാത്തിരുന്നു. എന്റെ പേരിനോട് ജീവിതത്തിൽ ആദ്യമായി എനിയ്ക്കൊരനിഷ്ടം തോന്നി.

അച്ഛൻ വന്നപ്പോൾ ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു. എന്റെ പേര് മാറ്റണം. കൂട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടു. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു : ജാതിയും മതവുമൊന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത്. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല ചിന്തയും കൊണ്ട് നല്ല മനുഷ്യനായിത്തീരണം. എല്ലാ മനുഷ്യരേയും സ്നേഹിക്കാനും സമഭാവനയോടെ കാണാനും ശീലിക്കണം. ഐഷ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഐഷ ഒരു നല്ല പേരാണ് . മുഹമ്മദ് നബിയുടെ ഭാര്യമാരായിരുന്നു ഐഷയും ഖദീജയും . അതിൽ ഐഷ നല്ലൊരു പോരാളിയും കാര്യങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കുന്നതിൽ പ്രഗത്ഭയും ആയിരുന്നു. നമ്മുടെ രാജ്യം വൈവിധ്യമാർന്ന ജാതി മതസ്ഥർ ചേർന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇങ്ങനെയൊരു പേരിട്ടതാണ്. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി കേശവനും മറ്റ് പ്രഗത്ഭരും മക്കൾക്ക് ഇങ്ങനെ പേരിട്ടിട്ടുണ്ട്. നമ്മുടെ പേരിനെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടണം. അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞപ്പോൾ കുറച്ച് സമാധാനവും സന്തോഷവും തോന്നിയെങ്കിലും വർഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ പേരിനോടുള്ള അനിഷ്ടം മാറിക്കിട്ടിയത്. ഇപ്പോൾ ഈ പേരാണ് ഞാൻ ഏറ്റവും കൂടതൽ ഇഷ്ടപ്പെടുന്ന പേര്. ചെല്ലുന്നിടത്തെല്ലാം ആളുകൾ പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ചിലർ എന്തെങ്കിലും കഥകൾ സങ്കല്പിച്ചുണ്ടാക്കും. എവിടെ പോയാലും മനുഷ്യരെ സമഭാവനയോടെ കാണാനും ഒരോ വ്യക്തികളെയും മാനിക്കാനും ഈ സംഭവത്തോടെ ഞാൻ പഠിച്ചു. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോഴും ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമായില്ല. തുല്യാവസരങ്ങൾ എല്ലാപേർക്കും നൽകി.
മതം മനുഷ്യർ നന്നായി ജീവിക്കാനായി ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകരും സ്വരൂപിച്ച അഭിപ്രായങ്ങളാണ്. പല മതത്തിലും പല അഭിപ്രായങ്ങൾ വരാം. മനുഷ്യർ നന്നാവുക എന്നതാണ് പ്രധാനം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യർ ഉണ്ടാകുന്നത്. അതാണ് അച്ഛൻ പകർന്നു നൽകിയ പാഠം.

   

   ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

പൂജ കൃഷ്ണ

എല്ലാവരും വായിച്ചു വിജയിച്ച പുസ്തങ്ങളെ കുറിച്ച് എഴുതി കാണാറുണ്ട്, സന്തോഷം!!!

എങ്കിൽ ഒരു വെറൈറ്റി പിടിക്കാം എന്ന് കരുതി. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് എഴുതാം. ആ ഇനവും പരിഗണിക്കുമല്ലോ അല്ലെ?

ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് വായന തലയ്ക്കു പിടിച്ചത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നുമൊക്കെ പെട്ടെന്ന് ഒരു പ്രൊമോഷൻ ഞാൻ എനിക്ക് തന്നെ നൽകിയ സമയം. സംശയിക്കേണ്ട, കളിക്കുടുക്ക അന്ന് പ്രചാരത്തിൽ ഇല്ല.

തിരുവല്ല മുസിപ്പൽ ലൈബ്രറിയിൽ ഒരു അംഗത്വം നേടുകയായിരുന്നു ആദ്യ ഉദ്യമം. പുസ്തകങ്ങളെ കുറിച്ച് എന്നെ പോലെ തന്നെ വല്യ പിടിപാടൊന്നും ഇല്ലാത്ത ലൈബ്രേറിയൻ ചേട്ടനും കൂടി ആയപ്പോൾ, സംഭവം കൊഴുത്തു.

കണ്ണാടി കൂട്ടിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ എന്നെ ഒന്ന് പേടിപ്പിച്ചു. പുസ്തങ്ങകളുടെ മുഷിവും, ആദ്യ പേജിൽ ഒട്ടിക്കുന്ന പിങ്ക് നിറത്തിലുള്ള ചാർട്ടിലെ എന്ററികളുടെ എണ്ണവും നോക്കി, പുസ്തകത്തിന്റെ ഗുണ നിലവാരം അളക്കുന്ന നിലയിലേക്ക് പെട്ടന്ന് എനിക്ക് തരം താഴാൻ സാധിച്ചത് തുണയായി. നിലവാര തകർച്ച എനിക്ക് പുത്തരി ആയിരുന്നില്ല!!!

ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട ഒരു അവസ്ഥ, വായനയുടെ പൂരം കൊടികയറി. ചിലവ ഒക്കെ കയിച്ചെങ്കിലും, ഏറെയും മധുരതരമായിരുന്നു. എന്നാൽ ഇതിലൊക്കെ മധുരം, വായനക്കാരെ ബുദ്ധിജീവികളായി കരുതിയ, സ്വതവേ പൊങ്ങിയായ എനിക്ക്, അപ്പോഴും ബാല പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ നിന്ന് കരകയറാത്ത സമപ്രായ ക്കാരുടെ ഇടയിൽ, ഞാൻ തന്നെ ഉണ്ടാക്കി എടുത്ത ഒരു ബുദ്ധിജീവി ഇമേജ് ആരുന്നു. വെറുതെ അവരുടെ ഇടയിൽ ഇരിക്കുമ്പോൾ, മാക്സിം ഗോർക്കിയുടെ അമ്മയെ കുറിച്ച് പറഞ്ഞു, നെടുവീർപ്പിട്ടു, സെല്ഫ് പ്രൊമോഷൻ ഞാൻ കൊഴുപ്പിച്ചു!!!

അങ്ങനെ എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചവും ആയി, ഒരു ദിവസം മുസിപ്പൽ ലൈബ്രറിയുടെ പടികൾ കേറി ഞാൻ ചെന്നത്, തലകുത്തി വീഴാൻ ആണെന്ന് ഒട്ടും കരുതിയില്ല. ചെന്ന ഉടനെ പതിവ് പോലെ ഞാൻ പുസ്തകങ്ങളെ അളക്കാൻ തുടങ്ങി. അധികനേരം നീണ്ടില്ല, തേടിയ പോലെ ഒന്ന് കയ്യിൽ കിടച്ചു. ടൈറ്റിൽ ആണ് അസാധ്യം ‘ആദിത്യനും രാധയും മറ്റു ചിലരും’. രാജുവിന്റെയും രാധയുടേം ഒരു ചെറിയ ലാഞ്ചന!!! എഴുത്തുകാരന്റെ പേരും കൊള്ളാം എം മുകുന്ദൻ. ഇന്നത്തെ വേട്ട മൃഗം ഇത് തന്നെ.

വീട്ടിൽ ചെന്ന്, ബാലരമ തുറക്കുന്ന ലാഘവത്തിൽ ഞാൻ പുസ്തകം തുറന്നു വായന ആരംഭിച്ചു. ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിര പുറത്തു കേറിയ അവസ്ഥ. കുതിരയുടെ മേൽ ഒരു നിയന്ത്രണവും കിട്ടുന്നില്ല, അത് എവിടേക്കൊക്കെയോ എന്നേം കൊണ്ട് പായുന്നു. ഓരോ വാചകങ്ങളിലും, മുകുന്ദൻ എന്നെ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും, പൊങ്ങച്ചം തലയ്ക്കു പിടിച്ച എന്നിലെ വായനക്കാരി അതിന്മേൽ പിടിച്ചു തൂങ്ങി കിടന്നു. അക്ഷരാർഥത്തിൽ തോറ്റു പോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് മനസ്സിലായി, എന്നിലെ വായനക്കാരി ഇനിയും ഏറെ വളരാനുണ്ടെന്ന നഗ്ന സത്യവും!!!

പുസ്തകത്തിന്റെ പേരും, എഴുത്തു കാരന്റെ പേരും, എന്റെ ചോർന്നു പോയ അഹങ്കാരവും അല്ലാതെ ആ പുസ്തകത്തിനെ കുറിച്ചുള്ള ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. പലരുടെയും വായനാനുഭവങ്ങൾ കേട്ടപ്പോൾ ആ പുസ്തകം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് തോന്നി. ഒരു കൗമാരക്കാരിയിൽ നിന്ന് ഒരു കൗമാരക്കാരന്റെ അമ്മയിലേക്കുള്ള പ്രയാണം, ബൗദ്ധിക തലത്തിലും ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിലയിരുത്തലും ആക്കാം.

ജീവിതത്തിലെ മറ്റു തിരക്കുകൾ വായന ശീലത്തെ തള്ളി മാറ്റിയിട്ടു ഏറെ നാളായി. പാചക കുറുപ്പുകളിലേക്കും, ടെക്നിക്കൽ ഫോറുമുകളിലേക്കും മാത്രമായി വായന ഒതുങ്ങി. ഏക ആശ്വാസം ഫേസ്ബുക്കിലെ നിലവാരം പുലർത്തുന്ന ഗ്രൂപ്പുകളും, ചില എഴുത്തുകാരും ആണ്. എങ്കിലും സംഭവം സ്‌ക്രീനിൽ തന്നെ!!!

അപ്പോൾ ഒന്നുടെ വായിച്ചു നോക്കാം അല്ലെ? എങ്ങാനും ബിരിയാണി കിട്ടിയാലോ?

വാൽകഷ്ണം: മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ മഹത്തരമായ ഒരു കൃതിയെയോ ഒരു തരത്തിലും അധിക്ഷേപിക്കാൻ ഉള്ള ശ്രമം അല്ല ഇത്, മറിച്ചു എന്റെ ബൗദ്ധിക നിലവാരത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രം.

 

പൂജാ കൃഷ്ണ : സ്വതവേ ഒരു എഴുത്തുകാരി ഒന്നും അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എഴുതിയെന്നു മാത്രം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസം. ഒരു വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, അതിനു ശേഷം ഇന്ന് വരെ ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ആണ് തൊഴിൽ. തൊഴിലിടം എന്റെ വീട് തന്നെ. സ്വന്തന്ത്ര കരാർ അടിസ്ഥാനത്തിൽ www.upwork.com പോർട്ടൽ മുഖേന ജോലി ചെയ്യുന്നു. സ്വദേശം തിരുവല്ലയാണ്, ഇപ്പോൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം പാലായിൽ താമസം.ഭർത്താവു ബിനുമോൻ പണിക്കർ ചൂണ്ടച്ചേരി സെയിന്റ് ജോസഫ്സ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനാണ്.

 

 

 

എം . ഡൊമനിക്

ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തുള്ള ഔൾസ്ബറിലെ നേരിയ തണുപ്പുള്ള രാത്രി.
ക്ലോക്കിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ഒൻപത് മിനിറ്റ്. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ കോട്ടേജുകളില്‍ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങി.
അവസാനത്തെ രാത്രി മൂങ്ങയും വില്ലോമരപ്പൊത്തിൽ ചേക്കേറിക്കഴിഞ്ഞു.
എങ്ങും കുറ്റാ കുറ്റിരുട്ട് !

കിഴക്കേ ചക്രവാളത്തിൽ മിന്നിയ കൊള്ളിയാനിൽ ഔൾസ്ബറിയുടെ മരതക ഭംഗി വെട്ടി തിളങ്ങിയപ്പോൾ ക്ഷിപ്ര വേഗത്തിൽ കൂരിരുട്ട് ആ കൊള്ളിയാനേ വിഴുങ്ങികളഞ്ഞു.

എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത. ഇരുപത്തി മൂന്നാമത്തെ കോട്ടേജില്‍, തലവരെ പുതച്ചു മൂടി കിടന്ന അയർക്കുന്നംകാരൻ അനിലിനോട്‌ പിണങ്ങിയ ഉറക്കദേവത അങ്ങ് സോമേർസെറ്റ്നും അപ്പുറം മടിച്ചു നിൽക്കുകയാണ്.

പെട്ടെന്ന് എവിടെ നിന്നോ ഒരു അപശബ്ദം. ശബ്ദം കേട്ട ദിക്കറിയാതെ, ബെഡ്ഡില്‍നിന്നും പേടിച്ചോടിയ അനിൽ ചെന്ന് പെട്ടത് അടുക്കളയിൽ.
അറിയാതെ അലുമിനിയം കലത്തിൽ കുടുങ്ങിയ തന്റെ കാല് വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് അയാൾ അയ്യോ എന്ന് വിളിച്ചു പോയി.

കറി പത്രത്തിൽ മിച്ചമുള്ള ചിക്കൻ കറിയിൽ തലയിട്ട് കൊണ്ടുനിന്ന ഒരു കറുത്ത മരപ്പട്ടി പേടിച്ച് വിറയ്ക്കുന്ന അനിലിനെ കണ്ട് ജനലിൽ കൂടി അതിവേഗം പുറത്തേക്കു ചാടി.

അകലെ കാട്ടിലെ കള്ളിപ്പാലയിൽ പുലർച്ചെയുടെ നാലാം യാമത്തിൽ ഔൾസ്ബറി വഴി നടത്തുന്ന രാത്രി സഞ്ചാരത്തിന് ഒരുങ്ങുന്ന അതി സുന്ദരിയായ വടയക്ഷി, വെണ്മേഘം തോൽക്കും തൂവെള്ള ഫ്രോക്കും ഉടുത്ത് മെയ്യാഭരണങ്ങൾ അണിയുന്ന തിരക്കിൽ ആയിരുന്നു. അപ്പോൾ ഗ്ലോസ്ടറിൽ നിന്നും ഉത്ഭവിച്ച ഒരു ശീത കാറ്റ് മെല്ലെ തെക്കോട്ടു വീശുന്നുണ്ടായിരുന്നു.

ഓ !ഈ നശിച്ച രാത്രി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ !അനിലിന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ഇരുട്ടിൽ പേടിച്ച അയാൾ തന്റെ ബങ്ക് ബെഡിൽ തലവരെ മൂടി പുതച്ചു പുലരിയാകാൻ കൊതിച്ചു വിറകൊണ്ടു കിടന്നു.
പുതപ്പിനുള്ളിൽ നിന്നും ഉയർന്ന സ്വന്തം ചങ്കിടിപ്പുകൾ പോലും അയാളെ പേടിപ്പെടുത്തി.
ഈ വിജനമായ കാട്ടിലെ റിസോർട്ടിൽ വീക്കെൻഡ് ചിലവഴിക്കാൻ തോന്നിച്ച നിമിഷത്തെ അയാൾ പഴിച്ചു. പുറത്ത് കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു.
അത്‌ ബാത്റൂമിലെ വെന്റിലേറ്ററിന്റെ ഡോറിൽ ഊഞ്ഞാൽ ആടി.

അയർക്കുന്നംകാരൻ അനിൽ വർഗീസും കുറവിലങ്ങാടുകാരൻ ബിനു ജോർജ് ഉം ഇംഗ്ലണ്ടിൽ വച്ച് സുഹൃത്തുക്കൾ ആയവർ ആണ് .അവർ ഇവിടെ കോട്ടജ് നമ്പർ 23 ൽ ഫാം ഹോളിഡേ ആഘോഷിക്കാൻ വന്നിരിക്കുകയാണ്.

ആ കോട്ടജിന്റെ ചുവരുകൾ മന്ത്രിക്കുന്ന ഭീതിപ്പെടുത്തുന്ന കദന കാവ്യം അവരുടെ കർണ്ണ പുടങ്ങൾക്ക് പ്രാപ്യം ആയിരുന്നെകിൽ.!
……..—————————————————————————————————–

പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണത് . ലൂസിയും ഫ്രഡിയും സമപ്രായക്കാർ. ചെറുപ്പം മുതൽ അറിയുന്ന ബാല്യകാല സഖികൾ.
ഒരുമിച്ചു കളിച്ചു വളർന്ന അവർ അറിവായപ്പോൾ ഒന്നിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു. അവരുടെ സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ പരിശുദ്ധിയും മാരിവില്ലിന്റെ ശോഭയും ഉണ്ടായിരുന്നു.

വിൻചെസ്റ്ററിലെ സെന്റ്. മാർട്ടിൻസ് ഗ്രാമർ സ്കൂളിൽ പഠിച്ചിരുന്ന അവർക്ക് ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു.
എ ലവൽ റിസൾട്ട്‌ വന്നതിനോടൊപ്പം തന്നെ
ഫ്രഡിക്ക്‌ സൗത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിനും ലൂസിയ്ക്ക് ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിനും അഡ്മിഷൻ ഓഫറുകൾ വന്നു.
രണ്ടുമാസങ്ങൾക്ക് ശേഷം അവർ ജീവിതത്തിൽ ആദ്യമായി രണ്ട് വഴിക്ക് പിരിയാൻ പോവുകയാണ്.

ലോക്കൽ പബ്ബിൽ ഇരുന്ന് ബിയർ നുണയുമ്പോൾ ലൂസി അവളുടെ വേർപാടിന്റെ വിഷമം അവനോടു പറഞ്ഞു.
ഫ്രഡി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
“മണ്ടി പെണ്ണേ !നമ്മൾ ദൂരോട്ട് ഒന്നും അല്ലല്ലോ പോകുന്നത്. എന്നും വാട്സ്ആപ്പിൽ നമുക്ക് കാണാമല്ലോ.
മൂന്നു വർഷം വേഗം പോകും. അതുകഴിഞ്ഞാൽ നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോകുവല്ലേ, Cheer up my girl”

അവന്റെ ഹൃദയത്തിൽ നിന്നും പകർന്ന ഉറപ്പിന്മേൽ അവളുടെ പരിവേദനങ്ങൾ അലിഞ്ഞു ഇല്ലാതായി.
വസന്ത കാലങ്ങളിൽ അവർ തങ്ങളുടെ സൈക്കിളുകളിൽ വിൻചെസ്റ്ററിന്റെ കൊച്ചു കുന്നുകളിലും താഴ്വാരങ്ങളിലും ഉല്ലാസ പറവകളെപ്പോലെ കറങ്ങി നടന്നു.

വീക്ക്‌ എന്റുകളിൽ അവർ ബോൺമിത്തിലെ വിശാലമായ തരി മണൽ ബീച്ചിൽ സൂര്യ സ്നാനം നടത്തി. ഇടവേളകളിൽ ഇംഗ്ലീഷ് ചാനലിലെ നീല കടല്‍ബീച്ചില്‍ ഊളിയിട്ട് ഉല്ലസിക്കുകയും ചെയ്തു.
കടൽ കരയിൽ, അസ്തമയ സൂര്യാംശു ലൂസിയുടെ സ്വർണ്ണ തല മുടിയിൽ പറ്റി പിടിച്ചിരിക്കുന്ന ചെറുമണൽ തരികളെ വജ്രങ്ങൾ ആക്കുകയും അവളുടെ കവിളുകളെ കൂടുതൽ അരുണാഭമാക്കുകയും ചെയ്തു.

ഫ്രഡിയും ഒത്തുള്ള ഉല്ലാസ ദിനങ്ങൾക്ക് താത്ക്കാലികം ആയി പോലും ഒരു വിരാമം ഉണ്ടാകുന്നത് ഓർക്കുമ്പോൾ ലൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

ഒരു ദിവസം അവളുടെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൾ ഫ്രഡിയെ വിളിച്ചു.
ഹായ് ഫ്രഡി, യൂ ഓൾ റൈറ്റ് ഡാർലിംഗ്. വൈകുന്നേരം കാണുമ്പോൾ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
ഇത് കേട്ടപ്പോൾ ഫ്രഡി പറഞ്ഞു നീ പറയു എന്താ കാര്യം.
അവന് അത്‌ അപ്പോൾ അറിഞ്ഞേ തീരു.
അവളെങ്കിൽ അവന്റെ ഉദ്വേഗം കൂട്ടാനായി അത്‌ വൈകുന്നേരം കാണുമ്പോഴെ പറയൂ എന്ന് പറഞ്ഞ് അവന്റെ മനസിനെ ഊഹങ്ങളുടെ കൂടെ അലയാൻ വിട്ടു .

ഫ്രഡിക്ക് ഇവൾ എന്ത് കാര്യം ആണ് തന്നോട് പറയാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇവൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ? അതോ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഏയ്, അത്‌ എന്തൊരു വേണ്ടാത്ത ചിന്തയാണ്,
അവന്റെ മനസ്സു പോലും അവനെ കുറ്റപ്പെടുത്തി.
എന്നാലും വൈകുന്നേരം ലോക്കൽ പബ്ബിൽ കാണുന്നത് വരെ അവന് മനഃസമാധാനം ഉണ്ടായില്ല.

ഫ്രഡി അന്ന് വൈകുന്നേരം പബ്ബിൽ അൽപ്പം നേരത്തെ എത്തി.
ലൂസി വരുന്നതിനു മുൻപേ തന്നെ അവൻ ഒരു പയന്റ് ബിയറും അവൾക്ക് ഒരു ഗ്ലാസ്‌ റെഡ് വൈനും ഓർഡർ ചെയ്തു.
ഒരു ഒഴിഞ്ഞ ടേബിളിൽ അവൻ ഡ്രിങ്ക്സ് റെഡി ആക്കി വച്ചു.
ഓഗസ്റ്റ് മാസത്തിലെ ആ സന്ധ്യ തെളിഞ്ഞ ആകാശത്താൽ പ്രസന്നമായിരുന്നു. കതിരവന്റെ ചെങ്കതിരുകൾക്ക് ചൂടും കരുത്തും ഉണ്ടായിരിന്നു.
അത് രാത്രി വളരെ വൈകിയും പ്രകാശിക്കത്തക്ക പോലെ ആദിത്യൻ ആവശ്യത്തിനു വെളിച്ചം കരുതിയിരുന്നു.

ആ സന്ധ്യാ വെളിച്ചത്തിലൂടെ ലൂസി, ഫ്രഡി യുടെ അടുത്തേയ്ക്ക് കയറി വന്നു. മെറൂൺ കളർ ഉള്ള മിനി സ്കേർട്ടും ക്രീം കളർ ഉള്ള ടോപ് ഉം ആണ് അവൾ അണിഞ്ഞിരുന്നത്. തന്റെ നീണ്ട സ്വർണ്ണ മുടിയെ ഒരു ചുവന്ന ഹെഡ് ബാൻഡ് കൊണ്ട് അവൾ ഒതുക്കി വച്ചിരുന്നു.
അവൾ ഫ്രഡിയെ ആലിംഗനം ചെയ്ത് കസേരയിൽ അവന് അഭിമുഖം ആയി ഇരുന്നു.
അവർ ഇരുവരും ചിയേഴ്സ് പറഞ്ഞ് ഡ്രിങ്ക്സ് ഒരിറക്ക് കുടിച്ചു.
ഫ്രഡി അവളോട് ചോദിച്ചു “ലൂസി, നീ എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? വേഗം പറയൂ ”
അവന്റെ വെപ്രാളം കണ്ട് അവൾക്ക് ചിരി വന്നു.
അവൾ പറഞ്ഞു എനിക്ക് ഒരു ഐഡിയ തോന്നി. . നമ്മൾ അടുത്ത മാസം അവസാനം യൂണിവേഴ്സിറ്റിയിലേക്ക് പോവുകയല്ലേ. അതിനു മുൻപ് നമുക്ക് ഒരു ഫാം ഹോളിഡേയ്ക്ക് പോയാലോ?

ഫാം ഹോളിഡേയോ?

അതെ. ദൂരെ ഒന്നും വേണ്ട. വലിയ ചിലവില്ലാതെ രണ്ട് ദിവസം നമ്മൾ ഒരുമിച്ച്.
ഇവിടെ അടുത്ത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്.
ഔൾസ്ബറിയിൽ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ.
കേട്ടപ്പോൾ നല്ല കാര്യം എന്ന് ഫ്രഡിക്കും തോന്നി. ഇതായിരുന്നോ ഇത്ര വലിയ സസ്പെൻസ്. നീ എന്നെ വെറുതെ ടെൻഷൻ ആക്കി കളഞ്ഞല്ലോ, അവൻ പറഞ്ഞു.
അവർ അവിടെ ഇരുന്നു തന്നെ ഓൺലൈൻ വഴി ഔൾബറിയിലെ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ ഒരു കോട്ടേജ് അടുത്ത വെള്ളി, ശനി ദിവസത്തേയ്ക്ക് രണ്ട് രാത്രികൾ ബുക്ക്‌ ചെയ്തു.

കാത്തിരുന്ന വെള്ളിയാഴ്ചയായി. അന്ന് ഉച്ച കഴിഞ്ഞു. അവർ രണ്ടുപേരും അത്യാവശ്യം രണ്ടുദിവസത്തേയ്ക്ക് വേണ്ട സാധനങ്ങൾ ബാഗിൽ പായ്ക്കു ചെയ്തെടുത്തു. ഫ്രഡി അവന്റെ വോക്‌സവാഗൺ പോളോയിൽ അവളുടെ വീട്ടിൽ ചെന്ന് അവളെയും കൂട്ടി മർസെൽ ലിഷർ സെന്ററിലേക്ക് യാത്രയായി.
അവന്റെ കാറിൽ വലിയ സന്തോഷത്തിൽ ചിരിച്ചും വാർത്തമാനങ്ങൾ പറഞ്ഞും ഡ്രൈവ് ചെയ്ത് ഇരുവരും ചെറുവഴികൾ കടന്ന് ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൻറെ മെയിൻ ഗേറ്റിൽ എത്തി.
ശരിയായ എൻട്രൻസ് അതു തന്നെ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നീങ്ങി.

ചൂറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ കോട്ടേജിൽ, ഓഫീസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
അവർ അതിന്റെ അടുത്ത് കാർ നിർത്തി.
ഓഫീസിൽ ചെന്ന് അവരുടെ ബുക്കിങ് ഓർഡർ കാണിച്ചു.
അറ്റൻഡർ അവരെ കോട്ടജ് നമ്പർ 23 നുള്ള കീ കൊടുത്തിട്ട് വരാന്തയിൽ വന്ന് കുറച്ച് അകലെ ഉള്ള കോട്ടേജ് ചൂണ്ടി കാണിച്ചു കൊടുത്തു.
ഫ്രഡിയും ലൂസിയും വണ്ടി പാർക്ക്‌ ചെയ്തിട്ട് അവരുടെ സാധനങ്ങളും എടുത്ത് തങ്ങളുടെ 23 ആം നമ്പർ കോട്ടേജിനെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു.
ടാർ ഇടാത്ത വഴിയുടെ രണ്ട് വശങ്ങളിലും ആയി പല വലിപ്പത്തിലുള്ള ബങ്ക് ഹൗസുകളും കോട്ടേജുകളും. അപ്പുറത്ത് മാറി കുട്ടികൾക്കുള്ള ചെറിയ ഊഞ്ഞാലുകൾ സ്ലൈഡ്കൾ, സീ സോ മുതലായവ.
ഒരു ഭാഗത്ത്‌ റെസ്റ്ററന്റ്.അതിന്‍റെ വരാന്തയില്‍ വെൻഡിങ് മെഷീനുകൾ. വഴിയുടെ സൈഡുകളിൽ ഫ്ലവർ ബെഡുകളിൽ പലതരം പൂക്കൾ.
അവയിൽ തേൻ പരതുന്ന പറവകളും തേനീച്ചകളും.
ചൂടുപാടിൽ എല്ലാം വന്മരങ്ങളും കുറ്റിക്കാടും. മരങ്ങളിൽ ഉല്ലസിക്കുന്ന കുരുവികൾ. ചെറു ചെടികളിൽ പറന്നു നടക്കുന്ന റോബിൻ, ഗോൾഡ് ഫിഞ്ച്. ഉയരത്തിൽ മരക്കൊമ്പിൽ ഇരുന്നു കുറുകുന്ന വുഡ് പിജിയൻ.
അവർ എല്ലാവരും പുതിയതായി വന്ന ഫ്രഡിക്കും ലൂസിയ്ക്കും സ്വാഗതം ഓതി.
അവർ കോട്ടേജ് തുറന്ന് അവരുടെ സാധങ്ങൾ എടുത്ത് വച്ചു. ഒരു ഡബിൾ ബർഡ്‌റൂം ബാത്ത് അറ്റാച്ഡ്. ചെറിയ കിച്ചൺ കം സിറ്റിംഗ് ഏരിയ.
അവർക്ക് ഇഷ്ട്ടപ്പെട്ടു.

അവർ വെൻഡിങ് മെഷീനിൽ നിന്ന് ഓരോ കോക് എടുത്തു കുടിച്ചു കൊണ്ടു പരിസരം എല്ലാം ഒന്ന് കാണാൻ പോയി.
വന്മരങൾ കാവൽ നിൽക്കുന്ന കുറ്റി കാടുകളിൽ കൂടി തെളിഞ്ഞ ഒറ്റയടി പാതകൾ കാണുന്നുണ്ട്.
അവർ അതിലെ കുറെ മുന്നോട്ട് നടന്നപ്പോൾ നല്ല തെളിനീർ ഒഴുകുന്ന ഒരു കുഞ്ഞരുവി കണ്ടു. അതിനടുത്തു നിന്ന് അവർ പല സെൽഫികൾ എടുത്തു. അവൾ അതൊക്കെ റീ ചെക്ക്‌ ചെയ്തു തൃപ്തി വരുത്തി.

അവർ വീണ്ടും ഇടവഴിയെ കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ക്യാമ്പ് ഫയർ ചെയ്യുന്ന ഒരു പിറ്റ് കണ്ടു. അതിനോട് അടുത്ത് ഫയർ വുഡിന്റെ ശേഖരവും ഉണ്ടായിരുന്നു.

“ഫ്രഡി, നമുക്ക് രാത്രി ഇവിടെ ഒരു ക്യാമ്പ്ഫയർ സെറ്റ് ചെയ്ത് ഡാൻസ് ചെയ്യണം.”
അവൾ പറഞ്ഞു. അവൻ അതിന് സമ്മതം മൂളി.
അവിടെ നിന്ന് മുൻപോട്ട് നോക്കുമ്പോൾ വലിയ പച്ചപ്പുൽ മൈതാനവും അതിൽ മേഞ്ഞു മെയ്യുരുമ്മി നടക്കുന്ന കാട്ടു താറാവുകളെയും കണ്ടു. ചെറുതും വലുതുമായ ഓരോ കൂട്ടങ്ങൾ.
അതിനും അപ്പുറം അതാ ഒരു നീല ജലാശയം. അതിന്റെ ഇറമ്പിൽ നിന്നും വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ഞാങ്ങണകൾ.

“അതുകണ്ടോ ആ തടാകം, നമുക്ക് അവിടേക്ക് പോകാം ഫ്രഡി? ”
അവന്റെ കൈപിടിച്ചു അവൾ കെഞ്ചി.

അവർ പുൽപരപ്പിൽ കൂടി നടന്ന് തടാകകരയിലേയ്ക്ക്‌ പോയി. അവരെ കണ്ട കാട്ടു താറാവുകൾ കൂട്ടത്തോടെ ജലാശയത്തിലേക്ക് പൊങ്ങി പറന്നു .
അതിനിടയിൽ ആവോളം സെൽഫികൾ എടുത്ത് ഫ്രഡിയും ലൂസിയും ആ പ്രകൃതി ഭംഗിയുടെ ഭാഗമായി.

നീല ജലം ശാന്തമായ് ശയിക്കുന്ന ആ തടാകത്തിൽ ചില കളിവള്ളങ്ങളും കെട്ടി ഇട്ടിരുന്നു. തടാകത്തിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ബോട്ട് ജെട്ടിയും വളരെ മനോഹരം ആയിരിക്കുന്നു.

ജെട്ടിയിൽ കയറി നിന്ന് ആ മിഥുനങ്ങൾ ചുറ്റും കണ്ണോടിച്ചു. അസ്തമയ സൂര്യന്റെ അരുണാഭമായ മുഖം അകലെ മരങ്ങളുടെ ഇലച്ചാർത്തുകൾക്ക് ഇടയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.

തടാകത്തിൽ അവിടവിടെ നീന്തി നടന്ന് ഇര തേടുന്ന ഹംസങ്ങളും കൊക്ക് ഉരുമി തുഴയുന്ന താറാവുകളും. ചുറ്റും എമ്പാടും മരങ്ങളും അവയിൽ പറന്നു നടന്ന് കലപില കൂട്ടുന്ന പക്ഷികളും താഴെ സമൃദ്ധമായ പുൽമേടും.

“എത്ര സുന്ദരമാണീ സന്ധ്യ ഫ്രഡി. നമുക്ക് ഈ ജെട്ടിയുടെ അറ്റത്തു നിന്ന് എല്ലാ ആംഗിളിലും സെൽഫികൾ എടുക്കാം”
ലൂസി അവനോട് പറഞ്ഞു.
അവനും അതിനോട് യോജിച്ചു.

അവർ ബോട്ട് ജെട്ടിയുടെ അങ്ങേ തലക്കൽ നിന്ന് പല പോസുകളിൽ സെൽഫികൾ എടുക്കുകയും എടുത്ത ഫോട്ടോകളുടെ ഭംഗി നോക്കി ആസ്വദിക്കുകയും ചെയ്തു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു അഭിശബ്ത നിമിഷത്തിൽ അപ്രതീക്ഷിതമായി ലൂസിയുടെ കാൽ വഴുതി, അവൾ വെള്ളത്തിലേക്കു മറിഞ്ഞു വീണു.
അവിചാരിതമായി വെള്ളത്തിലേക്ക് മറിഞ്ഞുതാണുപോയ അവൾ സമനില വീണ്ടെടുക്കുമ്പോഴേയ്ക്കും കലങ്ങിയ വെള്ളത്തിന്റെ ആഴത്തിലെ ചെളിയിൽ പൂണ്ട് കാലുകൾ തറഞ്ഞു പോയിരുന്നു . അവൾ ശ്വാസത്തിനായി പിടഞ്ഞു.

മൊബൈൽ ഫോണിൽ ഫോട്ടോ നോക്കി ആസ്വദിച്ചു കൊണ്ടിരുന്ന ഫ്രഡി എന്തോ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു മിനിറ്റ് വൈകി. തിരിഞ്ഞു നോക്കുമ്പോൾ ലൂസിയെ കാണുന്നില്ല.
കലങ്ങി തുടങ്ങിയ വെള്ളത്തിൽ തുരു തുരാ കുമിളകൾ പൊങ്ങുന്ന ഭാഗത്തേയ്ക്ക് അവൻ എടുത്ത് ചാടി.
കലങ്ങിയ വെള്ളത്തിന്റെ ആഴങ്ങളിൽ അവൻ ലൂസിയെ തപ്പി. കലക്കലും ചെളിയും അവന്റെ ദൃഷ്ടികളെ മറച്ചു.
അവൻ വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്ത് വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു.
ഈ സമയം കൊണ്ട് ചളിയിൽ കാൽ തറഞ്ഞു പോയ ലൂസിയുടെ പ്രാണൻ രണ്ട് കുമിളകൾ ആയി ജലോപരിതലത്തിൽ വന്നു പൊലിഞ്ഞ് അനന്തതയില്‍ വലയം പ്രാപിച്ചു. അത്‌ ഹതഭാഗ്യവാന്‍ ആയ അവൻ അറിഞ്ഞില്ല.

ആഴങ്ങളിൽ വീണ്ടും കുറെ തപ്പിയതിനു ശേഷം ലൂസിയുടെ മുടി അവന്റെ കയ്യിൽ തടഞ്ഞു. അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി വേഗം കരക്ക് എത്തിച്ചു. പരിഭ്രമത്താൽ അവന്റെ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു.

വലിയ വായിൽ ഉള്ള അവന്റെ നിലവിളി കേട്ട് കോട്ടേജുകളിൽ നിന്നും ആളുകൾ ഓടി കൂടി. അവരിൽ ഒരാൾ ഡോക്ടർ ആയിരുന്നു. അയാൾ ലൂസിയ്ക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ മറ്റൊരാൾ ആംബുലൻസ് വിളിച്ചു വരുത്തി.
എന്നാൽ അവളുടെ ആത്മാവ് എപ്പഴേ അനന്തതയിലേക്ക് പറന്നു പോയിരുന്നു.
ആർക്കും അവളെ രക്ഷിക്കാൻ ആയില്ല.

സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്ന ഫ്രഡി വളരെ കാലം ചിത്തഭ്രമം പിടിപെട്ട്
വിൻചെസ്റ്ററിന്റെ തെരുവുകളിൽ അലഞ്ഞു നടന്നു. വർഷങ്ങൾ പോകവേ പിന്നെ അവനെ അവിടെ എങ്ങും കണ്ടില്ല.

അവനോടു ക്രൂരത കാട്ടിയ വിധിയും കാലവും ഇതു പോലെ

എത്ര പേരെ നിർദ്ദയം തകർത്തിരിക്കുന്നു?
ജീവിതം പാതി വഴിയിൽ പൊലിഞ്ഞ ലൂസി ഒരു യക്ഷിയായി മാറി.അവൾ ഇപ്പോഴും ഫ്രഡിയെ തിരയുകയാണ്.
ദുർമരണം സംഭവിച്ച അവൾ കാലങ്ങൾ ആയി വെള്ളിയാഴ്ചകളുടെ അന്ത്യയാമങ്ങളിൽ ലിറ്റിൽ ബ്രുക് ലിഷർ പാർക്കിന്റെ ഓരോ മൂലയിലും ഒഴുകി നടക്കും. അപ്പോൾ അവിടെ സാധാരണം അല്ലാത്ത ഒരു കാറ്റ് രൂപപ്പെടും.
രാത്രിയിൽ ക്യാമ്പ് ഫയർ നടത്തുമ്പോൾ തീ പാറുന്ന കണ്ണുകൾ ഉള്ള ഒരു യക്ഷിയെ നീല തടാകത്തിന്റെ
മീതെയും പൈൻ മരങ്ങളുടെ മുകളിലും
ബോട്ട് ജെട്ടിയിലും കോട്ടജ് 23 ലും കണ്ടിട്ടുള്ളവർ ഉണ്ടത്രേ.
ഇക്കാലം അത്രയും ആരെയും അവൾ ഉപദ്രവിച്ചതായി മാത്രം കേട്ടിട്ടില്ല. എന്നിരിക്കലും ഈ കഥ അവിടെ പുതിയതായി താസിക്കാൻ വരുന്നവർക്ക് അറിയില്ല.

….. ഈ ദുരന്ത കഥകൾ ഒന്നും അറിയില്ലെങ്കിലും അടുക്കളയിൽ വച്ച് മരപ്പട്ടി പേടിപ്പിച്ച പാവം അനിലിന് പിന്നെ ഉറക്കം വന്നേയില്ല..അടുത്ത ബെഡിൽ കിടക്കുന്ന കുറവിലങ്ങാടുകാരൻ ബിനുവിനും മനസ്സിൽ അകാരണമായ ഭീതി. അദൃശ്യമായ എന്തോ ഒന്ന് ഭയപ്പെടുത്തുന്നതുപോലെ ഒരു തോന്നൽ …നേരത്തെ കേട്ട അസുഖകരമായ ആ ശബ്ദം എന്തായിരിക്കും ? അവർ നിശബ്ദം ചിന്തിച്ചുകൊണ്ട് കിടന്നു. ….

അകലെ എങ്ങോ കുറുക്കന്മാര്‍ ഭീകരമായി ഓലി ഇടുന്നത് കേട്ടു. തീരെ അരോചകം ആയിരുന്നു ആ ശബ്ദം. അപ്പോൾ ജനൽ ചില്ലിൽ കൂടി ഒരു ശക്തമായ വെട്ടം തെളിഞ്ഞു വന്നത് അവർ ഇരുവരും കണ്ടു.
ആ വെട്ടത്തിന്റെ അങ്ങേ തലക്കൽ നിന്ന് മരങ്ങൾക്ക് മുകളിൽ കൂടി തൂവെള്ള ഫ്രോക്ക് ഇട്ട സ്ത്രീ രൂപം ആകാശത്തിലൂടെ കൊട്ടേജിലേയ്ക്ക് മെല്ലെ ഇറങ്ങി വന്നു. ആ ഭീകര രൂപം കോട്ടേജിന്റെ ഇടനാഴിയിലൂടെ പതിയെ എന്തോ തിരഞ്ഞുനടന്നു ….,

ആ ശപിക്കപ്പെട്ട നിമിഷങ്ങൾ യുഗങ്ങളു പോലെ തോന്നിച്ചു . പിന്നെ അത് ബെഡ് റൂമും കടന്ന് പ്രധാന വാതിലിലൂടെ പുറത്തുപോയി. ആപോക്കില്‍ മുറിയിലെ ജനാല വിരികള്‍ കാറ്റില്‍ എന്നപോലെ പറന്നുനിന്നു. .അവളുടെ കണ്ണുകള്‍ അഗ്നിമയവും വദനം ചുവന്നതും ആയിരുന്നു. തേജോമയ അതിന്റെ ദുംഷ്ട്രങ്ങള്‍ വജ്രം പോലെ വെട്ടി വിളങ്ങി. ഒറ്റ നോട്ടത്തിൽ എത്ര ധൈര്യവാനും വിറച്ചു പോകുന്ന ഭീഭത്സ രൂപം.

പേടിച്ചുവിറച്ചു മയങ്ങിപ്പോയ അനിലും ബിനുവും ബോധം വന്നപ്പോൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടിരുന്നു നേരം വെളുപ്പിച്ചു. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാനായില്ല . പ്രാണ ഭീതിയിൽ അവരുടെ കണ്ണുകൾ വീങ്ങിയും ചുണ്ടുകൾ വിറകൊണ്ടുമിരുന്നു.

നേരം വെളുത്തപ്പോൾ തന്നെ അവർ ജീവനും കൊണ്ട് സ്ഥലം വിട്ടു. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ ഭീഭത്സമായ രാത്രിയെക്കുറിച്ചു ഓർക്കുമ്പോൾ പോലും ഇന്നും അവരുടെ സിരകളിലെ രക്തം, ഭയം കൊണ്ട് ഉറഞ്ഞുപോകും .

  എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ്

RECENT POSTS
Copyright © . All rights reserved