Main News

ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച സൗദി രാജകുടുംബത്തിന്റെ അവകാശവാദം തള്ളി തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയ്യിബ് എര്‍ദോഗന്‍. ഖഷോഗിയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് എര്‍ദോഗന്‍ ചൂണ്ടിക്കാണിച്ചു. ഇതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഖഷോഗി വധം സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി നടന്നതെന്നായിരുന്നു സൗദി ഭരണകൂടം വാദിച്ചത്. എന്നാല്‍ സൗദി ഭരണാധികാരിയുടെ നേരിട്ടുള്ള അറിവോടെയാണ് കൊലപാതകം നടന്നതെന്ന് നേരത്തെ തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അങ്കാറയില്‍ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സൗദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എര്‍ദോഗാന്‍ രംഗത്ത് വന്നത്. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്ക് കൃത്യമായ പങ്കുണ്ടെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകം ദിവസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്തതാണ്. കൊലപാതകം നടന്നുവെന്ന കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണം. ആരൊക്കെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. താഴെ മുതല്‍ മുകളില്‍ വരെയുള്ളവര്‍ ആരെന്ന് വ്യക്തമാക്കാന്‍ സൗദി തയ്യാറാകണം. ഇത് എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണെന്നും കൊലപാതകം നടന്ന അതേദിവസം എന്തിനാണ് ഈ പതിനഞ്ചുപേര്‍ ഇസ്താംബുളിലെത്തിയത്. ആരു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടപ്പിലാക്കിയതെന്നും എര്‍ദോഗാന്‍ ചോദിച്ചു.

ഖഷോഗിയുടെ നീക്കങ്ങള്‍ കൊലപാതക സംഘത്തിന് അറിയാമായുന്നു. വെള്ളിയാഴ്ച്ച കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ചൊവ്വാഴ്ച്ച തിരികെ വരാന്‍ പറഞ്ഞയച്ചു. അന്നത്തേക്ക് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തുവെന്ന് എര്‍ദോഗാന്‍ ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു കമ്മീഷന്‍ ആവശ്യമാണെന്നും ഇതിന് സല്‍മാന്‍ രാജാവിന്റെ പൂര്‍ണ പിന്തുണ വേണമെന്നും എര്‍ദോഗാന്‍ പറഞ്ഞു. നേരത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗിയുടെ വധത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എര്‍ദോഗാന്‍ കിരീടവകാശിയുടെ പേര് പരാമര്‍ശിച്ചില്ല. ഖഷോഗിയുടെ വധത്തിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരോപണം നിഷേധിച്ച് സൗദി രംഗത്ത് വന്നിരുന്നു. ഖഷോഗിയുടെ മകനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിളിച്ചു വരുത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സൗദി കിരീടവകാശിയുടെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായിരുന്നു ഖഷോഗി.

വിന്ററില്‍ പകല്‍ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായി സമയത്തില്‍ മാറ്റം വരുത്തുന്ന രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ അനാവശ്യമായി കൈകടത്തുന്നുവെന്ന് ലോര്‍ഡ്‌സ് കമ്മിറ്റി. ഡേ ലൈറ്റ് സേവിംഗ് രീതി അവസാനിപ്പിക്കാന്‍ ബ്രസല്‍സ് പുതിയ നിയമ നിര്‍ണാണത്തിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള എല്ലാ രാജ്യങ്ങളും അനുസരിക്കേണ്ടി വരും. ഇതിനായി നടത്തിയ പഠനത്തില്‍ പങ്കെടുത്തവര്‍ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചുവെന്നാണ് അവകാശവാദം. വിന്റര്‍ ടൈമിലാണോ സമ്മര്‍ ടൈമിലാണോ നില്‍ക്കേണ്ടതെന്ന കാര്യം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വിടും.

യുകെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുന്ന അടുത്ത മാര്‍ച്ച് വരെ എന്തായാലും ഈ നിയമം നടപ്പാകില്ല. എന്നാല്‍ ബ്രെക്‌സിറ്റ് ഡീല്‍ അനുസരിച്ചുള്ള പരിവര്‍ത്തന കാലയളവില്‍ ഈ നിയമം യുകെയും അനുസരിക്കേണ്ടി വരുമെന്നാണ് ലോര്‍ഡ്‌സിന്റെ വിലയിരുത്തല്‍. രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും മറ്റു വിധത്തിലുള്ള പ്രത്യേകതകളും പരിഗണിച്ച് അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരം ഇല്ലാതാക്കിയത് ന്യായീകരിക്കാന്‍ ബ്രസല്‍സിന് സാധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ യൂണിയന്‍ പരാജയപ്പെട്ടെന്നും ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ ഇന്റേണല്‍ മാര്‍ക്കറ്റ് സബ് കമ്മിറ്റി വിലയിരുത്തി.

യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നു ടൈം സോണുകളിലായാണ് നിലകൊള്ളുന്നത്. രാജ്യങ്ങള്‍ക്കിടയിലെ ഇടപാടുകളും ആശയവിനിമയവും സുഗമമാക്കുന്നതിനായാണ് എല്ലാ രാജ്യങ്ങളും വിന്ററില്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് സമയം മാറുന്നത്. യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം ഒക്ടോബറിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ക്ലോക്കുകള്‍ പിന്നിലേക്കാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്യും. ഈ രീതിക്കാണ് യൂറോപ്യന്‍ യൂണിയന്‍ അന്ത്യം കുറിക്കുന്നത്.

ലണ്ടനിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി ഊബര്‍. ‘ക്ലീന്‍ എയര്‍ ഫീ’ എന്ന പേരില്‍ മൈലിന് 15 പെന്‍സ് വീതമാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന തുക ഡ്രൈവര്‍മാര്‍ക്ക് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ നല്‍കുമെന്നാണ് യൂബര്‍ നല്‍കുന്ന വിശദീകരണം. വരുന്ന കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 മില്യന്‍ പൗണ്ട് ഇതിലൂടെ സമാഹരിക്കാനാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ശരാശരി 40 മണിക്കൂറെങ്കിലും ആപ്പ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് മലിനീകരണ മുക്തമായ കാര്‍ വാങ്ങാന്‍ വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 3000 പൗണ്ടും മൂന്നു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4500 പൗണ്ടും നല്‍കാനാണ് തീരുമാനം. ശരാശരി ട്രിപ്പിന് 45 പെന്‍സ് എങ്കിലും ക്ലീന്‍ എയര്‍ ഫീയായി ലഭിക്കുമെന്നാണ് യൂബര്‍ കണക്കാക്കുന്നത്.

2021നുള്ളില്‍ ലണ്ടനില്‍ കബറിനു കീഴില്‍ സര്‍വീസ് നടത്തുന്ന 20,000 കാറുകള്‍ ഇല്ക്രിക് ആക്കി മാറ്റണമെന്നാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2025ഓടെ ഇത് ഇരട്ടിയാക്കാനാണ് നീക്കം. ബ്രിട്ടീഷ് തലസ്ഥാനത്ത് ഇപ്പോള്‍ 45000 ഊബര്‍ ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. എന്നാല്‍ അധിക ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും മറ്റുള്ളവരുടെ ചെലവില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും പല ഉപയോക്താക്കളും കുറ്റപ്പെടുത്തുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി യൂബര്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി പറഞ്ഞു.

ലണ്ടന്‍ നഗരം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നായ മലിനീകരണം നിയന്ത്രിക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് കമ്പനി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിക്ഷേപിക്കുന്ന 200 മില്യന്‍ പൗണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. 2025ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം യൂബറിന്റെ ഈ നീക്കം ഡ്രൈവര്‍മാര്‍ക്ക് ഉപകാരമാകാന്‍ സാധ്യതയില്ലെന്നാണ് ലൈസന്‍സ്ഡ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്റ്റീവ് മക്‌നാര പ്രതികരിച്ചത്. യൂബര്‍ ഡ്രൈവര്‍മാര്‍ മിനിമം ശമ്പളം പോലുമില്ലാതെ ഏറെ നേരം ജോലി ചെയ്യുകയാണ്. കമ്പനിയുടെ ഈ ശ്രമം മേയറുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാനുള്ള പിആര്‍ ജോലി മാത്രമാണ്. ഇല്ക്ട്രിക് ആണെങ്കിലും അല്ലെങ്കിലും ലണ്ടന്‍ നഗരത്തില്‍ 40,000 കാറുകള്‍ ഉണ്ടാക്കുന്നത് വന്‍ ഗതാഗതക്കുരുക്കാണെന്നും അദ്ദേഹം പറഞ്ഞു.

2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെയും യുകെയിലെയും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും എംപിമാര്‍ക്ക് ലഭിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.

സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇതോടെ അണുബാധകള്‍ക്ക് ചികിത്സ തന്നെ ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം യുകെയില്‍ വര്‍ഷം 5000 പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്പില്‍ ആകമാനം 25,000 പേരാണ് ഇതുമൂലം മരിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ സൂപ്പര്‍ബഗ്ഗുകള്‍ മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം പത്ത് മില്യണ്‍ ആകുമെന്നാണ് കരുതുന്നത്.

രോഗാണുകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതിരോധമാര്‍ജ്ജിക്കുന്നത് തടയാന്‍ ഗവണ്‍മെന്റ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. മുന്‍ഗണന നല്‍കുന്ന നയങ്ങളില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഇത് കൊണ്ടുവരണമെന്ന് സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രശനം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരാജയമായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് പറഞ്ഞു.

ക്ലാസുകള്‍ക്ക് ഇടയിലുള്ള ഇടവേളകളില്‍ പോലും കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ച് സ്‌കൂള്‍. ബര്‍മിംഗ്ഹാമിലെ അകോക്ക്‌സ് ഗ്രീനിലുള്ള നയന്‍സ്‌റ്റൈല്‍സ് സെക്കന്‍ഡറി സ്‌കൂളാണ് സൈലന്റ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ 5 മുതല്‍ ഇത് നിലവില്‍ വരുമെന്ന് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ അറിയിപ്പ് നല്‍കി. ഇടവേളകളില്‍ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ 20 മിനിറ്റ് തടഞ്ഞുവെക്കുമെന്നാണ് അറിയിപ്പ്. കുട്ടികള്‍ ശാന്തരായും പഠനത്തിന് തയ്യാറായും സ്‌കൂളില്‍ എത്തുകയാണ് ഉദ്ദേശ്യമെന്ന് സ്‌കൂളിന്റെ മേധാവികളായ അലക്‌സ് ഹ്യൂഗ്‌സ്, ആന്‍ഡ്രിയ സ്റ്റീഫന്‍സ് എന്നിവര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

അസംബ്ലിയിലേക്കും തിരിച്ചും പോകുമ്പോളും ക്ലാസുകള്‍ക്ക് ശേഷവും ലഞ്ചിനും ബ്രേക്കുകള്‍ക്കും കമ്യൂണല്‍ ഏരിയകളില്‍ പോകുമ്പോളും കുട്ടികള്‍ കര്‍ശനമായും നിശബ്ദത പാലിക്കണമെന്നാണ് കത്ത് പറയുന്നത്. സ്‌കൂള്‍ സമയത്തിനു ശേഷം പുറത്തിറങ്ങുന്നതും നിശബ്ദത പാലിച്ചായിരിക്കണം. ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ പാലിക്കുന്ന ഈ ശീലം പഠന സമയത്തു തന്നെ കുട്ടികള്‍ ശീലിക്കുന്നതിനായാണ് നവംബര്‍ 5 മുതല്‍ ഇത് നടപ്പാക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ലഞ്ച്, ബ്രേക്ക് സമയങ്ങളില്‍ സോഷ്യലൈസ് ചെയ്യാമെന്ന ഇളവും ഇവര്‍ നല്‍കുന്നുണ്ട്.

കുട്ടികളെ മിണ്ടാതാക്കുന്ന നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും സ്‌കൂളിനെതിരെ രോഷം ഉയരുകയാണ്. ഒരിക്കലും നടക്കാത്ത നിയമമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ചില കുട്ടികള്‍ നിര്‍ത്താതെ സംസാരിക്കുമെന്നതിനാല്‍ എല്ലാവരെയും ശിക്ഷിക്കുകയാണ് സ്‌കൂള്‍ ചെയ്യുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. യുണിസെഫ് അനുശാസിക്കുന്ന കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനാണ് ഇതെന്നും ചിലര്‍ വ്യക്തമാക്കുന്നു.

ടേക്ക്എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം 15കാരി മരിച്ച സംഭവത്തില്‍ ബംഗ്ലാദേശ് വംശജനായ ടേക്ക്എവേ ഉടമ വിചാരണ നേരിടുന്നു. നട്ട് അലര്‍ജിയുണ്ടായിരുന്ന മെഗാന്‍ ലീ എന്ന 15കാരിയാണ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ സീഖ് കബാബ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണത്. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. 2017 ന്യൂഇയര്‍ ദിവസമായിരുന്നു സംഭവം. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുട്ടിയുടെ മസ്തിഷ്‌കത്തിന് സാരമായ തകരാര്‍ നേരിട്ടിരുന്നു. ടേക്ക് എവേ ഉടമയായ ഹാരൂണ്‍ റഷീദ് എന്നയാള്‍ക്കെതിരെ നരഹത്യാക്കുറ്റത്തിനാണ് കേസെടുത്തത്. ഭക്ഷണത്തില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. ടേക്ക്എവേയുടെ അടുക്കള വൃത്തിഹീനമായിരുന്നുവെന്നും ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചേരുവകളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.

ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉദ്യോഗസ്ഥരും എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസര്‍മാരും പരിശോധിച്ചതിനു ശേഷം റോയല്‍ സ്‌പൈസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ടേക്ക്എവേ അടച്ചുപൂട്ടി. കുട്ടിയുടെ ദാരുണ മരണം തന്റെ ജീവിതാന്ത്യം വരെ പിന്തുടരുമെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഹാരൂണ്‍ റഷീദ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് ഉത്തരവാദി താനാണെന്ന് പ്രോസിക്യൂഷന്‍ ആരോപണം റഷീദ് നിഷേധിച്ചു. അതേസമയം മെഗാന്‍ നല്‍കിയ ഓര്‍ഡറില്‍ നട്ട്‌സ്, പ്രോണ്‍സ് എന്ന് എഴുതിയിരുന്നത് കണ്ടതായും ഇയാള്‍ കോടതിയില്‍ സ്ഥിരീകരിച്ചു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഇവ ഉള്ളതായി തനിക്ക് തോന്നിയിരുന്നില്ല. അലര്‍ജിയുണ്ടെന്ന് പറയുന്നവര്‍ക്ക് ഇവയടങ്ങിയ ഭക്ഷണം നല്‍കാറില്ലെന്നും റഷീദ് വ്യക്തമാക്കി.

2009ലാണ് റഷീദ് റോയല്‍ സ്‌പൈസ് ആരംഭിച്ചത്. പിന്നീട് 2015ല്‍ മുഹമ്മദ് അല്‍ കുദ്ദൂസ് എന്നയാള്‍ക്ക് ഇത് വിറ്റു. തുടര്‍ന്നും ടേക്ക് എവേയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സ്ഥാപനത്തിന്റെ മാനേജരാണ് താനെന്ന് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഒരു ഡെലിവറി ഡ്രൈവര്‍ മാത്രമാണെന്നാണ് കോടതിയില്‍ റഷീദ് അവകാശപ്പെട്ടത്.

അവയവങ്ങൾ നീക്കം ചെയ്ത നിലയിൽ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മ‍ൃതദേഹം കണ്ടെത്തി.അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.

സംഭവത്തിൽ സംശയം പ്രകടിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ പോസ്റ്റമോർട്ടത്തിന് ഉത്തരവിടുകയായിരുന്നു. ബ്രിട്ടനിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ഹൃദയവും മറ്റു ചില അവയവങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഈജിപ്തിൽ വച്ച് അവയവം മോഷണം പോയതായി ബ്രിട്ടൻ ആരോപിച്ചു.

ഇത് നിഷേധിച്ച് ഈജിപ്ത് അധികാരികൾ രംഗത്തെത്തി. ഈജിപ്തിൽ വച്ച് മോഷണം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അധികൃതർ വ്യക്തമാക്കി. അതേസമയം മരണ കാരണം കണ്ടെത്തുന്നതിനായി ഈജിപ്തിൽ വച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഡേവിഡിന്റെ ഹൃദയം, കരൾ, വൃക്ക, മറ്റ് ആന്തരീകാവയവങ്ങൾ എന്നിവ നീക്കം ചെയ്തതായി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവയവങ്ങൾ തിരിച്ച് ശരീരത്തിലേക്ക് വയ്ക്കാതിരുന്നത് എന്നതിന്റെ വിശദീകരണം നല്‍കാന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഹൃദയാഘാതം മൂലമാണ് ഡേവിഡ് മരണമടഞ്ഞതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ “തന്റെ പിതാവിന്റെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ച് ആരേയും ശിക്ഷിക്കരുതെന്ന്” ഡേവിഡിന്റെ മകൾ അനീത ഗുഡാൽ പറഞ്ഞിരുന്നെന്നും സർവീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹുർഘഡ റിസോർട്ടുകളിൽ മുമ്പും നടന്നിട്ടുണ്ട്. ഓഗസ്റ്റ് 21 ന് റിസോട്ടിൽ വച്ച് ദുരൂഹസാഹചര്യത്തിൽ ബ്രിട്ടീഷ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് റേഡിയോതെറാപ്പി ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളായ ആയിരക്കണക്കിന് പുരുഷന്‍മാര്‍ക്ക് ആയുസ് നീട്ടി നല്‍കാന്‍ ഈ ചികിത്സ സഹായിക്കുമെന്ന് പുതിയ പരീക്ഷണത്തില്‍ വ്യക്തമായി. ഹോര്‍മോണ്‍ തെറാപ്പിക്കൊപ്പം റേഡിയോതെറാപ്പി കൂടി നല്‍കുന്നത് ഫലപ്രദമാണെന്ന് ലണ്ടനില്‍ നടത്തിയ ട്രയലില്‍ തെളിഞ്ഞെന്ന് ദി ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലിംഫ് നോഡുകളിലേക്കും അസ്ഥികളിലേക്കും വ്യാപിച്ചു കഴിഞ്ഞാല്‍ പ്രധാന ട്യൂമറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചികിത്സ ഫലപ്രദമാകില്ലെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ പുതിയ ചികിത്സാരീതിക്ക് വിധേയരായ രോഗികള്‍ മൂന്നു വര്‍ഷത്തിനു ശേഷവും ജീവിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഹോര്‍മോണ്‍ തെറാപ്പി മാത്രം നല്‍കിയ 70 ശതമാനം പേര്‍ മൂന്നു വര്‍ഷം മാത്രമേ പരമാവധി ജീവിച്ചിരുന്നുള്ളു. പഠനത്തിന് വിധേയരായവരില്‍ ഹോര്‍മോണ്‍ തെറാപ്പിയും റേഡിയോതെറാപ്പിയും ഒരേ സമയം സ്വീകരിച്ചവരില്‍ 80 ശതമാനവും മൂന്നു വര്‍ഷത്തിനു മേല്‍ ജിവിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും റോയല്‍ മാഴ്‌സ്‌ഡെന്‍ ഹോസ്പിറ്റലിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 2000 പേരിലായിരുന്നു ചികിത്സാ പരീക്ഷണം നടത്തിയത്. ഇത് വിജയമായതോടെ ഇംഗ്ലണ്ടില്‍ മാത്രം 3000 രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.

യുകെയിലെ പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 47,000 പേരില്‍ ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവരില്‍ 11,500 പേര്‍ ഇതു മൂലം മരണത്തിന് കീഴടങ്ങുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആഗോള തലത്തില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാവുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റോയല്‍ മാഴ്‌സ്‌ഡെനിലെ ഡോ.ക്രിസ് പാര്‍ക്കര്‍ പറഞ്ഞു.

കുട്ടികളുടെ നീന്തല്‍ പഠനം വ്യാപകമാക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി ലോക്കല്‍ പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി പ്രൈവറ്റ് സ്‌കൂളുകളിലെ സ്വിമ്മിംഗ് പൂളുകള്‍ തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കി. കുട്ടികളിലെ അമിതവണ്ണം വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഓരോ വര്‍ഷവും പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്ന 22,000 കുട്ടികള്‍ അമിത വണ്ണക്കാരാണെന്നാണ് കണക്ക്. നാഷണല്‍ കരിക്കുലം നീന്തല്‍ പഠനം നിര്‍ബന്ധിതമാക്കിയിട്ടുണ്ടെങ്കിലും പ്രൈമറി സ്‌കൂള്‍ വിടുന്ന കുട്ടികളില്‍ പകുതിയോളം പേര്‍ക്കും 25 മീറ്റര്‍ നീന്താനുള്ള ശേഷിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. സമീപത്തുള്ള പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി തങ്ങളുടെ സ്‌പോര്‍ട്‌സ് ഫെസിലിറ്റികള്‍ തുറന്നു കൊടുക്കണമെന്ന് ഇതനുസരിച്ച് സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്റ്റേറ്റ് പ്രൈമറികളില്‍ പകുതിയോളവും സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ പോലെയുള്ളവ നടത്തുന്നില്ലെന്ന് ഈ വര്‍ഷം ആദ്യം പുറത്തു വന്ന ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. ആരോഗ്യകരമായ മത്സരം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ മുന്‍കയ്യെടുക്കണമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

72 ശതമാനം പ്രൈമറി സ്‌കൂളുകളും നീന്തല്‍ പഠിപ്പിക്കുന്നതിനായി പൊതു സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്‌കൂകളുകള്‍ സ്വന്തം പൂളുകളോ മറ്റു സ്‌കൂളുകളുടെ പൂളുകളോ ആണ് ഉപയോഗിച്ചു വരുന്നത്. ഇപ്പോള്‍ത്തന്നെ പകുതിയിലേറെ പ്രൈവറ്റ് സ്‌കൂളുകള്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യം ലോക്കല്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നല്‍കുന്നുണ്ട്. ചില സ്‌കൂളുകള്‍ കോച്ചുകളെ പോലും നല്‍കുന്നുണ്ടെന്നാണ് വിവരം.

ഭീകരവിരുദ്ധ സേനകള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാന്‍ ഹോം ഓഫീസ് പദ്ധതി. ഹൈ-ടെക് ന്യൂക്ലിയര്‍, റേഡിയോളജിക്കല്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 10 മൊബൈല്‍ ഗാമ, ന്യൂട്രോണ്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് സേനകള്‍ക്ക് നല്‍കുക. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. റേഡിയോ ആക്ടീവ് വസ്തുക്കള്‍ കടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

എന്നാല്‍ രാജ്യത്തിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ ആരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2012 സമ്മര്‍ ഒളിമ്പിക്‌സില്‍ ഇത്തരം ഉപകരണങ്ങള്‍ ലണ്ടനില്‍ ഉപയോഗിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ അനധികൃതമായി റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നത്. ഇവ വളരെ വേഗത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാകും. മുന്‍ കെജിബി ഏജന്റായിരുന്ന അലക്‌സാന്‍ഡര്‍ ലിത്വിനെന്‍കോയെ 2006ല്‍ പൊളോണിയം 210 ഉപയോഗിച്ച് റഷ്യന്‍ ഏജന്റുമാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ റേഡിയോ ആക്ടീവ് വിഷം കടത്തിയത് എങ്ങനെയെന്നത് അജ്ഞാതമാണ്.

ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ 2016ലെ സ്റ്റാറ്റിസ്റ്റിസ് അനുസരിച്ച് 189 സംഭവങ്ങളില്‍ റേഡിയോആക്ടീവ് വസ്തുക്കള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 147 സംഭവങ്ങള്‍ മാത്രമാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആണവ വികിരണം ഏറ്റിട്ടുള്ള ചില ലോഹഭാഗങ്ങളാണ് പിടിക്കപ്പെട്ടവയില്‍ ചിലത്. ഇവ അനധികൃതമായി കടത്തിക്കൊണ്ടു വന്നവയാണ്.

RECENT POSTS
Copyright © . All rights reserved