Main News

പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തില്‍ കാര്‍ഡിഫ് മലയാളി സജി കുര്യന്‍. ലോട്ടോ നറുക്കെടുപ്പില്‍ പതിനായിരക്കണക്കിന് പൗണ്ടിന്റെ ഭാഗ്യമാണ് അയര്‍ക്കുന്നം മറ്റക്കര സ്വദേശി സജി കുര്യനെ (വടക്കേടത്ത്) തേടിയെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാര്‍ഡിഫിലെ ബാരിയിലാണ് സജി താമസിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന സജിയെ തേടി ഇത്തരമൊരു ഭാഗ്യമെത്തിയത് ഇതാദ്യമാണ്. ഓരോ തണ ലോട്ടറിയെടുക്കുമ്പോഴും തന്നെ ഭാഗ്യദേവത കടാക്ഷിക്കും എന്ന സജിയുടെ വിശ്വാസം ഒടുവില്‍ സത്യമായി. യൂറോമില്യണ്‍ ലോട്ടറിയും ലോട്ടോയും സജി സ്ഥിരമായി എടുക്കാറുണ്ടായിരുന്നു.
ശനിയാഴ്ച നറുക്കെടുത്ത ലോട്ടോ ലോട്ടറിയുടെ നമ്പരുകള്‍ മാച്ച് ചെയ്തതോടെ ടിക്കറ്റ് എടുത്ത കടയില്‍ പോയി വിവരം പറഞ്ഞു. ഇത്രയും വലിയ തുക തങ്ങള്‍ക്ക് നല്‍കാനാവില്ലെന്നും അടുത്തുള്ള പോസ്‌റ്റോഫിസിലോ ബാങ്കിലോ ടിക്കറ്റ് സബ്മിറ്റ് ചെയ്യാന്‍ അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുകയും അടുത്ത ദിവസം തുക അക്കൗണ്ടില്‍ വരികയും ചെയ്തു.

എന്നെങ്കിലും തനിക്ക് വലിയൊരു ലോട്ടറി ഭാഗ്യമുണ്ടാകുമെന്ന പ്രതീക്ഷ പൂവണിഞ്ഞതായി സജി പറഞ്ഞു. മെയില്‍ നേഴ്‌സായ സജി വര്‍ഷങ്ങളായി ലാന്‍ഡോ ഹോസ്പിറ്റലില്‍ ജോലി ചെയ്തുവരികയാണ്. ഇവിടെ തന്നെ സ്റ്റാഫ് നഴ്‌സാണ് ഭാര്യ സോയാമോള്‍. ഷാന്‍, ആന്‍ എന്ന രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

കാര്‍ഡിഫുകാര്‍ക്കെല്ലാം പ്രിയങ്കരനാണ് സജി. സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ ഇദ്ദേഹം നിറസാന്നിദ്ധ്യമാണ്. ലോട്ടറി തുക കൊണ്ട് കോട്ടയത്ത് ആധുനികസജ്ജീകരണങ്ങളോടെ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യുകെയില്‍ തന്നെ ഇനിയും തുടരുമെന്നും കേരളത്തിലേക്ക് ഉടന്‍ തിരിച്ചുപോക്കില്ലെന്നുമാണ് സജി കുര്യന്‍ പറഞ്ഞത്. ഇത്തവണ ഭാഗ്യം തേടിയെത്തിയതോടെ ലോട്ടറി എടുക്കല്‍ നിര്‍ത്താന്‍ സജിയ്ക്ക് ഉദ്ദേശമില്ല. ഇനിയും വന്‍തുക ലോട്ടറിയടിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്ന വിഷയത്തില്‍ വിപ്ലവകരമായ ചില തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനൊരുങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അച്ചടക്കത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ക്ലാസുകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കാമറൂണ്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെ കാര്യങ്ങളില്‍പ്പോലും തലയിടുന്ന മുത്തശ്ശിയായി ഭരണകൂടം മാറുന്നുവെന്ന വിമര്‍ശനമുയരാനിടയുള്ള നീക്കത്തില്‍ കാമറൂണ്‍ തന്റേതായ ന്യായീകരണങ്ങളും നിരത്തുന്നുണ്ട്. കുട്ടികളുടെ അടുത്ത് എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണമെന്നാണ് കാമറൂണ്‍ പറയുന്നത്.
പേരന്റിംഗ് ക്ലാസുകള്‍ സംബന്ധിച്ച് കാമറൂണ്‍ കുടുംബങ്ങളേക്കുറിച്ചുള്ള പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. എല്ലാ രക്ഷിതാക്കള്‍ക്കും സഹായം ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെക്കുറച്ച് സര്‍ക്കാര്‍ പദ്ധതികളേ ഉള്ളുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുമ്പ് നടപ്പിലാക്കുകയും പരാജയമാകുകയും ചെയ്ത പേരന്റിംഗ് പദ്ധതി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണെന്നും വിമര്‍ശനമുണ്ട്.

2011ല്‍ നടപ്പാക്കിയ പദ്ധതിയില്‍ വെറും 2956 രക്ഷിതാക്കളെ മാത്രമേ ആകര്‍ഷിക്കാനായുള്ളൂ. അഞ്ച് മില്യന്‍ പൗണ്ട് ചെലവാക്കി തുടങ്ങിയ പദ്ധതിയില്‍ 20,000 പേരെയാണ് ലക്ഷ്യമിട്ടത്. ഒടുവില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 1088 പൗണ്ട് വീതം ചെലവായതായാണ് കണക്ക്. പങ്കെടുത്തവരില്‍ 9 ശതമാനം മാത്രമായിരുന്നു പുരുഷന്‍മാര്‍. എങ്കിലും പങ്കെടുത്തവരില്‍ നടത്തിയ ഒരു പഠനത്തില്‍ അവരെല്ലാവരും സംതൃപ്തരാണെന്ന് തെളിഞ്ഞിരുന്നു.

ദമാസ്‌ക്‌സ്: ദമാസ്‌കസിനു സമീപം മഡയ പട്ടണത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ട ജനങ്ങളെ ആക്ഷേപിച്ച് ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവര്‍. 40,000ത്തോളം ആളുകളാണ് മഡയയില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതിനാല്‍ പച്ചിലകള്‍ വേവിച്ച് കഴിക്കുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെരുവു നായ്ക്കളേയും വളര്‍ത്തു പൂച്ചകളേയും വരെ ഭക്ഷണമാക്കിയതിനു ശേഷമാണ് ജീവന്‍ നിലനിര്‍ത്താന്‍ ഇവര്‍ പച്ചിലകള്‍ ഭക്ഷിക്കാന്‍ തുടങ്ങിയത്. നിരവധി പേര്‍ ഈ പ്രദേശത്ത് പട്ടിണി മൂലം മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ പലായനം ചെയ്യാതിരിക്കാന്‍ പട്ടണാതിര്‍ത്തികളില്‍ സൈന്യം മൈനുകള്‍ പാകിയിരിക്കുകയാണ്.
ദുരിതത്തില്‍ കഴിയുന്ന ഇവരെ സഹായിക്കുന്നതിനു പകരം പരിഹസിക്കാനാണ് അസദിനെ അനുകൂലിക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. മഡയയെ ബന്ധിച്ചതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടു. പട്ടിണിയില്‍ മുങ്ങിയ ഒരു ജനതയെ ആക്ഷേപിക്കാവുന്നതില്‍ ഏറ്റവും ഹീനമെന്നു പറയാവുന്ന വിധത്തിലുള്ള പ്രചാരണമാണ് ഈ ഹാഷ്ടാഗില്‍ നടക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്യുന്നത്. ജനങ്ങള്‍ പട്ടിണി മൂലം മരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അന്താരാഷ്ട്രതലത്തിലുണ്ടായ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് വിഷയത്തിലിടപെടാന്‍ അസദ് ഭരണകൂടം തീരുമാനിച്ചു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഈ പ്രദേശത്തുള്ള 23 പേര്‍ക്ക് പട്ടണി മൂലം ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. കഴിഞ്ഞ ആറു മാസമായി ഇവിടുത്തെ ജനങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ലെബനീസ് അതിര്‍ത്തിയിലുള്ള മുന്‍ വിനോദസഞ്ചാര കേന്ദ്രം സിറിയന്‍ സൈന്യത്തിന്റേയും ലെബനനിലെ ഹെസ്‌ബൊള്ളയുടേയും തടങ്കലിലാണ്. പുറത്തു നിന്ന് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇവര്‍ തടഞ്ഞിരുന്നു.

ന്യൂഡല്‍ഹി: 2012 ജനുവരിയില്‍ കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമറി ലക്ഷ്യം വെച്ചായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. 2012 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്തയാണ് യുപിഎ സര്‍ക്കാരിലെ വാര്‍ത്താ വിനിമയ സഹമന്ത്രിയായിരുന്ന മനീഷ് തിവാരി സ്ഥിരീകരിച്ചത്. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങിനെതിരായ ഹര്‍ജി പരിഗണിക്കവെ ഡല്‍ഹി ലക്ഷ്യമിട്ട് സൈനിക വ്യൂഹം സഞ്ചരിച്ചുവെന്നായിരുന്നു വാര്‍ത്ത. കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ വി.കെ. സിങിനെ രക്ഷിക്കാന്‍ സൈനിക അട്ടിമറി ലക്ഷ്യമിട്ടായിരുന്നു സൈനിക യൂണിറ്റുകള്‍ നീങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
ആ സമയത്ത് താന്‍ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. തനിക്കറിയാവുന്ന വിവരങ്ങളനുസരിച്ച്, ദൗര്‍ഭാഗ്യകരമാണെങ്കിലും ആ വാര്‍ത്ത സത്യമാണ്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് തിവാരി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹിസാര്‍, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക യൂണിറ്റുകള്‍ ജനുവരി 16 രാത്രി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത. പ്രായവിവാദത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അന്നത്തെ കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി.കെ. സിങ് ഏറ്റുമുട്ടല്‍ നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭവം. എന്നാല്‍ ആ സമയത്ത് വി.കെ. സിങ് ഇത് നിഷേധിച്ചിരുന്നു.

ഹിസാറിലെ മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രിയില്‍ നിന്നും പ്രധാന സൈനിക യൂണിറ്റ് ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വലിയ ഘടകം അതേസമയം തന്നെ വിമാനമാര്‍ഗവും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയായിരുന്നു സൈനിക നീക്കം. തുടര്‍ന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മയോട് മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യിലേക്ക് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു.

ജനുവരി 16ന് രാത്രി 11 മണിക്ക് ഓഫീസിലെത്തിയ അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ചൗധരിയോട് എന്താണ് നടക്കുന്നതെന്ന വിശദീകരണം തേടിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ലഫ്. ജനറല്‍ എ.കെ .ചൗധരി ഇത് സ്ഥിരീകരിക്കുകയും അര്‍ദ്ധരാത്രിയിലെ നീക്കങ്ങള്‍ ശരിവെക്കുകയും ചെയ്തിരുന്നു. മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴിവെക്കുമെന്നാണ് സൂചന.

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിലുള്ള ദുരൂഹതകള്‍ക്ക് വിരാമമിട്ട് ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. 1945ല്‍ തായ്‌റവാനിലുണ്ടായ ഒരു വിമാനാപകടത്തിലാണ് ബോസ് മരിച്ചതെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. www.bosefiles.info എന്ന ഈ വെബ്‌സൈറ്റ് വിമാനാപകടത്തിന് സാക്ഷികളായവരെ ഉദ്ധരിച്ചാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സാക്ഷികളേക്കൂടാതെ വിമാനാപകടത്തേക്കുറിച്ചുള്ള രണ്ട് ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സൈറ്റ് തെളിവായി നല്‍കുന്നു. 1945 ഓഗസ്റ്റ് 18ന് വിയറ്റ്‌നാമിലെ ടുറാനില്‍നിന്ന് പറന്നുയര്‍ന്ന ജാപ്പനീസ് വ്യമസേനയുടെ ബോംബര്‍ വിമാനമാണ് തകര്‍ന്നു വീണത്. ഇതില്‍ നേതാജിയുള്‍പ്പെടെ പതിമൂന്നോളം യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളും നേതാജിയുടെ സഹായിയുമായരുന്ന കേണല്‍ ഹബീബ് ഉര്‍ റഹ്മാന്‍ പറയുന്നത്, പറന്നുയര്‍ന്ന് അല്‍പ സമയത്തിനു ശേഷം വലിയൊരു സ്‌ഫോടനമുണ്ടായി എന്നാണ്. റണ്‍വേക്ക് നൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ വിമാനത്തിന്റെ മുന്‍ഭാഗത്തിന് തീപിടിച്ചിരുന്നുവെന്നും തകര്‍ന്നു വീഴുകയായിരുന്നുവെന്നുമാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് എന്‍ജിനീയറായിരുന്നു യാമാമോട്ടോ എന്ന ക്യാപ്റ്റന്‍ നകാമുറ വെളിപ്പെടുത്തുന്നത്.

അപകടത്തിനു പിന്നാലെ നേതാജിയെ അവസാനമായി കണ്ടതിനേക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ലെഫ്റ്റനന്റ് കേണല്‍ ഷിറോ നോനോഗാക്കി വിവരിക്കുന്നു. വിമാനത്തിന്റെ തകര്‍ന്ന ഇടതു ചിറകിന്റെ ഇടത്തേയറ്റത്ത് നതാജി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കോട്ടിന് തീ പിടിച്ചിരുന്നു. അദ്ദേഹത്തിന്റ വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ സഹായികള്‍ ശ്രമിക്കുന്നുണ്ടായിരുന്ന. പെട്രോള്‍ ടാങ്കിന് അടുത്തായാണ് നേതാജി ഇരുന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരീരമാകെ പെട്രോള്‍ പടരുകയും പെട്ടെന്നുതന്നെ തീപിടിക്കുകയുമായിരുന്നെന്നും നോനോഗാക്കി വിവരിക്കുന്നു.

വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. അപകടം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. എങ്കിലും വിമാനാപകടം നടന്നതായും നേതാജിക്ക് ഗുരുതരമായി പൊള്ളലേറ്റതായും എല്ലാവരും സമ്മതിക്കുന്നുണ്ട്.

റഹ്മാനോട് നേതാജി പറഞ്ഞ അവസാനത്തെ വാക്കുകളും വെബ്‌സൈറ്റ് കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ ജനങ്ങളോട് പറയണം ഞാന്‍ എന്റെ അവസാനം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി എന്ന്. അവര്‍ തങ്ങളുടെ സമരം തുടരണമെന്നും ആവശ്യപ്പെടണം. ഇന്ത്യയെ എക്കാലത്തേക്കും ബന്ധനത്തിലിടാന്‍ ആര്‍ക്കും കഴിയില്ല. ഉടന്‍ തന്നെ രാജ്യം സ്വാതന്ത്യം നേടും എന്നത് തീര്‍ച്ചയാണെന്നം കേണല്‍ റഹ്മാനോട് നേതാജി പറഞ്ഞു.

ആലുവ: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തിച്ചു. ആന്ധ്രയിലെ ശ്രീ സിറ്റിയിലുള്ള അല്‍സ്‌റ്റോമിന്റെ നിര്‍മാണശാലയില്‍ നിന്ന് രമ്ടു ദിവസം മുമ്പ് കേരളത്തിലെത്തിയ കോച്ചുകള്‍ ഇന്ന് രാവിലെയാണ് ആലുവ, മുട്ടത്തുള്ള യാര്‍ഡില്‍ എത്തിച്ചത്. മോട്രോ അധികൃതരും തൊഴിലാളികളും നിരവധി ജനങ്ങളും കോച്ചുകള്‍ യാര്‍ഡിലെത്തുന്നത് കാണാന്‍ എത്തിയിരുന്നു. ട്രെയിലറുകളില്‍ നിന്ന് ഇന്നുതന്നെ കോച്ചുകള്‍ ഇറക്കും. വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതും യാര്‍ഡിലാണ് നടക്കുന്നത്.
ജനുവരി 23നാണ് മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. യാര്‍ഡില്‍ തന്നെ തയ്യാറാക്കിയ 1.25 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം. അതിനു ശേഷം ഫെബ്രുവരിയില്‍ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാക്കുകളിലുള്ള ട്രയല്‍ നടക്കും. ആലുവ മുതല്‍ കളമശേരി വരെയാണ് ഈ ട്രയല്‍ റണ്‍ നടക്കുക. ആകാശപാതയുമായി യാര്‍ഡിനെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി പരിശോധന നടത്തും. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മെട്രോ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുകയുള്ളൂ.

2016 ജൂണില്‍ മെട്രോ സര്‍വീസിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഈ വര്‍ഷം അവസാനമേ അത് സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍. ആലുവ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതാണ് കാരണം. പാളം സ്ഥാപിക്കുന്നതും സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് സൂചന.

തിരുവനന്തപുരം: ആന്‍സിയുടേയും വിനോദിന്‍റെയും കല്യാണം കഴിഞ്ഞ് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവരുടെ ജീവിതത്തിലേക്ക് വിധി വില്ലനായി എത്തിയത് ബസ്സപകടത്തിന്റെ രൂപത്തില്‍. ഏതാനും ദിവസം മുമ്പ്‌ ആര്‍പ്പുവിളികളോടെ വരവേല്‍ക്കപ്പെട്ട വിനോദും ആന്‍സിയും അന്നണിഞ്ഞ വിവാഹവസ്‌ത്രങ്ങളില്‍ ഒരിക്കല്‍ക്കൂടി ആ പടി കടന്നെത്തി, ചേതനയറ്റ്‌…
കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം. എല്ലാവര്‍ക്കും വേളാങ്കണ്ണിയില്‍ നിന്നു മെഴുകുതിരിയുമായി വരാമെന്നു പറഞ്ഞാണ്‌ കൈകോര്‍ത്തുപിടിച്ച്‌ ബുധനാഴ്‌ച യാത്രതിരിച്ചത്‌. തിരിച്ചെത്തിയതാകട്ടെ, കണ്ണീരായി ഉരുകിയൊഴുകുന്ന മെഴുകുതിരികളുടെ നടുവിലേക്ക്‌.

തിരുെനല്‍വേലി ബസപകടത്തില്‍ മരിച്ച വിനോദ്‌-ആന്‍സി ദമ്പതികളുടെ മൃതദേഹം ഇന്നലെ വൈകുന്നേരം ആന്‍സിയുടെ വീട്ടിലേക്ക്‌ എത്തിച്ചപ്പോള്‍ നാടാകെ അവിടെയുണ്ടായിരുന്നു. ഏറെ വൈകാതെ ഇരുവരുടെയും സംസ്‌കാരം നടത്തി. വിനോദിന്റെ ശരീരം രണ്ടായി മുറിഞ്ഞുപോയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞാലുടന്‍ വേളാങ്കണ്ണിയിലേക്കു പോകാമെന്ന നേര്‍ച്ചയുണ്ടായിരുന്നു. മടക്കയാത്രയില്‍ വിധി തീരുമാനിച്ചുവച്ചിരുന്നത്‌ മറ്റൊന്നായി. മിന്നുകെട്ട്‌ നടന്ന കൊച്ചുതോപ്പ്‌ ഫാത്തിമമാതാ പള്ളിയിലായിരുന്നു സംസ്‌കാരവും. ഇരുവരേയും ഒരേ കുഴിയിലാണ്‌ അടക്കിയത്‌. വിവാഹ ശുശ്രൂഷ ആശിര്‍വദിച്ച ഫാ. ജോയി സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം തന്നെയാണ്‌ സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്‌.

09-1452314777-kochuthoppefathimamathachurch

വീട്ടുമുറ്റത്ത്‌ ഒരുക്കിയ വിവാഹപ്പന്തല്‍ ഇന്നലെ രാവിലെയാണ്‌ അഴിച്ചുനീക്കിയത്‌. വീട്ടുപരിസരത്തു തന്നെയുണ്ടായിരുന്ന സാധനസാമഗ്രികള്‍ കൊണ്ട്‌ വീണ്ടും ഒരിക്കല്‍ക്കൂടി പന്തലുയര്‍ത്തി. അവിടേക്കായിരുന്നു മടങ്ങിവരവ്‌. വിവാഹത്തിന്റെ സന്തോഷത്തില്‍ കളിചിരികള്‍ മുഴങ്ങിയ വീട്‌ ഇന്നലെ വിലാപങ്ങളില്‍ മുങ്ങി. ഇന്നലെ രാവിലെ എട്ടോടെയാണ്‌ അപകടവിവരം നാട്ടിലറിഞ്ഞത്‌. വിനോദും ആന്‍സിയും മരിച്ച വിവരം അറിഞ്ഞില്ലെങ്കിലും ഇവരെപ്പറ്റി വിവരം ലഭിക്കാതിരുന്നത്‌ ആശങ്ക പടര്‍ത്തിയിരുന്നു. മുന്‍ കൗണ്‍സിലര്‍ ടോണി ഒളിവര്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകറിനെയും സംഭവസ്‌ഥലത്തെത്തിയ എ.ഡി.എം. വിനോദിനെയും ബന്ധപ്പെട്ടപ്പോള്‍ തിരിച്ചറിയാത്ത മൃദേഹങ്ങളെക്കുറിച്ച്‌ അറിയിച്ചു. അതോടെ ബന്ധുക്കള്‍ തിരുനെല്‍വേലിയിലേക്ക്‌ തിരിച്ചു.

തിരിച്ചറിയാന്‍ പറ്റാത്തവിധം ഇവരുടെ മൃതദേഹങ്ങള്‍ വികൃതമായിരുന്നു. അന്‍സിയുടെ വിവാഹമോതിരം കണ്ട് സഹോദരനാണ് അന്‍സിയെ ആദ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ പിന്നെയും വൈകി. വിനോദിന്റെ കൈയ്യിലെ മോതിരത്തില്‍ ഉണ്ടായിരുന്ന ആന്‍സിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.അതുവരെ പ്രാര്‍ഥനകളിലായിരുന്ന വീട്ടില്‍ അതോടെ അലമുറ ഉയര്‍ന്നു.

വലിയതോപ്പ്‌ ലീലാ കോട്ടേജില്‍ ലോറന്‍സ്‌-ലീല ദമ്പതികളുടെ മകനാണ്‌ വിനോദ്‌. കൊച്ചുതോപ്പ്‌ ആന്‍സി ഭവനില്‍ ജോയി-മേരി ദമ്പതികളുടെ മകളാണ്‌ ആന്‍സി. വിനോദ്‌ വിദേശത്തു നിന്ന്‌ വിവാഹത്തിനായി നാട്ടിലെത്തിയിട്ട്‌ ദിവസങ്ങളേ ആയിട്ടുള്ളൂ. അനന്തപുരി ആശുപത്രിയില്‍ നഴ്‌സായ ആന്‍സിയുമൊത്ത്‌ ഉടന്‍ വിദേശത്തേക്കു മടങ്ങാനായിരുന്നു തീരുമാനം. സ്വീറ്റി, വിനീത്‌ എന്നിവരാണ്‌ വിനോദിന്റെ സഹോദരങ്ങള്‍. ആശ, അരുണ്‍ എന്നിവര്‍ ആന്‍സിയുടെ സഹോദരങ്ങളും.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വളര്‍ത്തുനായയെ മോഷ്ടിക്കാന്‍ ആയുധങ്ങളുമായി എത്തിയയാള്‍ അറസ്റ്റിലായി. ഒരു പിക് അപ് വാനില്‍ ആയുധങ്ങളുമായാണ് ഇയാള്‍ എത്തിയതെന്ന് അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സ്‌കോട്ട് ഡി. സ്‌റ്റോകെര്‍ട്ട് എന്ന ഡിക്കിന്‍സണ്‍ സ്വദേശിയായ 49കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഉദ്യോഗസ്ഥരോട് പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. താന്‍ യേശുക്രിസ്തുവാണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. പിന്നീട് താന്‍ ജോണ്‍ എഫ്. കെന്നഡിയുടെയും മര്‍ലിന്‍ മണ്‍റോയുടെയും മകനാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ പോകുകയാണെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഒബാമയുടെ പ്രിയ വളര്‍ത്തുനായ്ക്കളായ ബോ യെയോ സണ്ണിയെയോ തട്ടിക്കൊണ്ടുപോകാനാണ് ഇവിടെ എത്തിയതെന്നും അയാല്‍ വെളിപ്പെടുത്തി. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. സ്റ്റോക്കെര്‍ട്ട് തന്റെ പിക് അപ് വാനില്‍ നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് വാഷിംഗ്ടണിലേക്കും വരികയായിരുന്നു. ഹാംപ്ടണില്‍ അയാള്‍ താമസിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

സ്റ്റോക്കേര്‍ട്ട് എത്തിയ ട്രക്കിന്റെ പിന്‍സീറ്റിനടിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി. തോക്കുകള്‍ കൈവശം വയ്ക്കാനുളള ലൈസന്‍സ് ഇയാള്‍ക്ക് ഇല്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. 350 റൗണ്ട് വെടിവയ്ക്കാനാവശ്യമായ തിരകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പൊലീസ് മേല്‍നോട്ടത്തില്‍ ഇയാളെ വിട്ടയക്കാമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളിത്തോക്കുകള്‍ പോലും വിലക്കിയിരിക്കുകയാണ്. വാഷിംഗ്ടണില്‍ പ്രവേശിക്കുന്നതിനും ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയിലിലേക്ക് പോകാന്‍ ഒരുങ്ങിക്കൊളളാന്‍ ബിജെപി. ഡല്‍ഹി ക്രിക്കറ്റ് ബോഡിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കേജരിവാള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണിത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേജരിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പരിഹാസം.കേജരിവാളിന്റെ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ബിജെപി ആരോപിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ബോധമില്ലാത്ത പ്രവൃത്തികളാണ് കേജരിവാള്‍ ചെയ്യുന്നത്. സ്വന്തം പരാജയം മറച്ച് വയ്ക്കാനായി മുഖ്യമന്ത്രി തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി പറഞ്ഞു. കേജരിവാളും കൂട്ടാളികളും ജയിലില്‍ പോകാന്‍ തയാറായിക്കൊളളൂവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞത്.

കോടതിയില്‍ കാണാമെന്നാണ് ഇതിനോട് കേജരിവാള്‍ പ്രതികരിച്ചത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കേജരിവാളും അപകീര്‍ത്തിക്കേസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരുന്ന് പതിമൂന്ന് വര്‍ഷം അഴിമതി നടത്തിയെന്നാണ് ജെയ്റ്റ്‌ലിക്കെതിരെ കേജരിവാള്‍ ആരോപിക്കുന്നത്.

ഇസ്ലമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം. അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യവിമാനം മോചിപ്പിക്കുന്നതിന് ഇന്ത്യ വിട്ടയച്ച മൗലാന മസൂദ് അസ്ഹറിന്റെ നേതൃതത്വത്തിലുള്ള തീവ്രവാദിസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. ആക്രമണത്തിനേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില്‍ അതിന്റെ ഉത്തരവാദിത്തവും അസ്ഹര്‍ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ, പ്രതിരോധ ഏജന്‍സികളെയാണ് ജയ്‌ഷെ മുഹമ്മദ് പരിഹസിക്കുന്നത്.
ഇന്ത്യയുടെ സൈനിക നടപടി ഇത്രദിവസം നീണ്ടുപോയത് തങ്ങളുടെ ദൗത്യത്തിന്റെ വിജയമാണെന്ന് ജെയ്‌ഷെ മുഹമ്മദ് വീഡിയോയില്‍ അവകാശപ്പെടുന്നു. ആദ്യം അവര്‍ പറഞ്ഞു ആറു ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന്, പിന്നീട് അത് അഞ്ചായി അവസാനം നാലും. എന്നിട്ട് ഭീരുക്കളെപ്പോലെ കരയുകയും ചെയ്യുന്ന വലിയ രാജ്യം വിരലുകളുയര്‍ത്തി കുറ്റം ആരോപിക്കുകയും ചെയ്യുകയാണെന്നാണ് പതിമൂന്ന് മിനിറ്റുളള വീഡിയോയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിഹാസം. www.alqalamionline.com എന്ന സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അതേസമയം ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്താന്‍ സ്വീകരിക്കരുതെന്നും, ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും സന്ദേശത്തില്‍ ജയ്‌ഷെ മുഹമ്മദ് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന്‍ കുമാറുള്‍പ്പെടെയുള്ള സൈനികരെയും വീഡിയോ സന്ദേശത്തില്‍ തീവ്രവാദ സംഘടന പരിഹസിക്കുന്നുണ്ട്.

Copyright © . All rights reserved