പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധത്തിന് ആക്കം കൂട്ടി ഇന്നുമുതല്‍ പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരം. നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്യ തങ്കമണി എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ഇരിക്കുന്നത്. പ്രസ്താവന നടത്തിയ മന്ത്രി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയണമെന്ന ഉറച്ച നിലപാടിലാണ് പെമ്പിളൈ ഒരുമൈ.
ഇത്രയും ഹീനമായ പ്രസ്താവന നടത്തിയ മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. രണ്ടുതവണ മണി ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മന്ത്രി മാപ്പുപറയണമെന്ന് തന്നെയാണ് പ്രതിഷേധക്കാരുടെ നിലപാട്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടിയ തുടങ്ങിയ രാഷ്ട്രീയ സംഘടനകളും സമരപന്തലില്‍ എത്തിയിരുന്നു.
സമരം കൊണ്ട് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അതിനാല്‍ സംഘടനയ്ക്ക് വേണ്ടി നേതൃനിരയിലുളളവര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂവെന്നും ഗോമതി സമരത്തെക്കുറിച്ച് വ്യക്തമാക്കി. അതേ സമയം മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിലടക്കം വിവാദങ്ങളില്‍ അകപ്പെട്ട സിപിഐഎം നേതൃത്വം ഇന്നുവൈകിട്ട് മൂന്നാറില്‍ വിശദീകരണ യോഗം നടത്തുന്നുണ്ട്.
ലണ്ടന്‍: വായു മലിനീകരണത്തിന്റെ ഫലമായി കൂട്ടമരണങ്ങള്‍ ഇല്ലാത്തിടത്തോളം ഇക്കാര്യത്തില്‍ അടിയന്തര സാഹചര്യം ഇല്ലെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ലീഡ്‌സം എത്തിയത്. അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കാതെ നടപടികള്‍ വൈകിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഡീസല്‍ വാഹനങ്ങളില്‍ നിന്നാണ് ഈ വിഷവാതകം അന്തരീക്ഷത്തില്‍ എത്തുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ രഹസ്യമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. തന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതായി സെക്രട്ടറി അവകാശപ്പെടുന്നതിനെയും ലേബര്‍ വിമര്‍ശിക്കുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ എടുത്തു കളയാവുന്നതാണ്. എന്നാല്‍ പ്രത്യേക അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ എടുക്കാറുള്ളതെന്ന് ലീഡ്‌സം വ്യക്തമാക്കി.
ഭക്ഷ്യവിഷബാധ പോലെയുള്ളവ സംഭവിക്കുമ്പോളും മറ്റുമാണ് അടിയന്തര നടപടികള്‍ എടുക്കേണ്ടതായി വരുന്നത്. എന്നാല്‍ വായു മലിനീകരണം അത്തരത്തില്‍ വ്യത്യസ്തമായ ഒന്നല്ലെന്നാണ് ലീഡസം പറയുന്നത്. വര്‍ഷത്തില്‍ 40,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്ന വായു മലിനീകരണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നമല്ലെന്നാണോ എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്. എന്നാല്‍ അടിയന്തരം എന്ന വാക്ക് ലീഡ്‌സം ഉപയോഗിച്ചില്ല.
ലണ്ടന്‍: സ്‌കൂള്‍ അവധി ദിനങ്ങള്‍ യുകെയില്‍ 30 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി വെളിപ്പെടുത്തല്‍. എംപിമാരുടെയും ലോര്‍ഡ്‌സ് അംഗങ്ങളുടെയും സര്‍വകക്ഷി സമിതിയാണ് ഈ അവലോകനം നടത്തിയത്. സ്‌കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന 10 ലക്ഷത്തോളം കുട്ടികളും ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന 20 ലക്ഷത്തോളം കുട്ടികളുമാണ് സമ്മര്‍ അവധി ദിനങ്ങളില്‍ പട്ടിണിയുടെ നിഴലിലാകുന്നത്. സ്‌കൂളുകളില്ലാത്ത സമയത്ത് പട്ടിണിയാകുന്നതിനു പുറമേ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യങ്ങളും ഇവര്‍ക്ക് നഷ്ടമാകുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.
സ്‌കൂള്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കാത്ത അവധിക്കാലത്ത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ചാരിറ്റികളും ലോക്കല്‍ ചര്‍ച്ചുകളുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇതിനായി ഷുഗര്‍ ടാക്‌സില്‍ നിന്ന് ലഭിക്കുന്ന 41.5മില്യന്‍ പൗണ്ട് ഉപയോഗിക്കാന്‍ തയ്യാറാകണമെന്നുമാണ് സമിതി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. അവധി ദിനങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികളില്‍ പോഷകക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കാണാറുണ്ടെന്നും സമിതി വിലയിരുത്തി. ഇത് കുട്ടികളുടെ ബുദ്ധിശക്തിയെയും പഠനനിലവാരത്തെയും വരെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അവധി ദിനങ്ങള്‍ക്കു ശേഷം ഈ വിധത്തില്‍ ഒട്ടേറെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നു എന്നത് വാസ്തവമാണെന്നും ഇംഗ്ലണ്ടിനു പുറമേ, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേ്ണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും സമിതി വ്യക്തമാക്കുന്നു. ക്രിസ്പുകളും ബിസ്‌കറ്റുകളും മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി പോലുള്ള ശാരീരികാസ്വസ്ഥതകളുണ്ടാകുന്നുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ശാീരീരികക്ഷമതയില്ലാത്തതിനാല്‍ ഇവര്‍ പുറത്തേക്ക് പോകുന്നതായും സമിതി നിരീക്ഷിക്കുന്നു.
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടിയേറ്റക്കാരുടെ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നയം യുകെയുടെ ലോകോത്തര സര്‍വകലാശാലകളെ നാശത്തിലേക്ക് നയിക്കുമെന്ന് വാദം. കുടിയേറ്റനയത്തില്‍ മാറ്റം വേണമെന്ന് വാദിക്കുന്ന എംപിമാരാണ് ഈ വാദം ഉന്നയിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭാഗമായി പരിഗണിക്കമെന്നും മൊത്തം കുടിയേറ്റക്കാരുടെ പരിധി നിര്‍ണ്ണയിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അതില്‍ ഉിള്‍പ്പെടുത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. വിവിധ പാര്‍ട്ടികളുടെ എംപിമാരുള്‍പ്പെടുന്ന എഡ്യുക്കേഷന്‍ സെലക്റ്റ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിരുദ്ധാഭിപ്രായം പറയുന്ന ടോറി എംപിമാരെ സമാധാനിപ്പിക്കാന്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. അല്ലെങ്കില്‍ ബില്‍ പാസാക്കാനുള്ള നീക്കം ലോര്‍ഡ്‌സ് തടയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ 1,00,000 ആയി പരിതമിതപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിദേശ വിദ്യാര്‍ത്ഥികളെ താല്‍ക്കാലിക കുടിയേറ്റക്കാരായി പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടിരുന്നു. കോമണ്‍സില്‍ ടോറി ചില ടോറി അംഗങ്ങളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുജനങ്ങളും പാര്‍ലമെന്റും സര്‍ക്കാരിന്റെ ചില ഘടകങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യണമെന്ന് ബോറിസ് ജോണ്‍സണ്‍, ലിയാം ഫോക്‌സ് തുടങ്ങിയ ബ്രെക്‌സിറ്റ് അനുകൂല മന്ത്രിമാര്‍ ശക്തമായി വാദിക്കുകയാണ്.
ലെസ്റ്ററിലെ ക്നാനായക്കാര്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ദിനമായിരുന്നു ശനിയാഴ്ച കടന്ന് പോയത്. ലെസ്റ്റര്‍ ക്നാനായ യൂണിറ്റ് രൂപീകൃതമായതിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേദിയില്‍ തന്നെ മിഡ് ലാന്‍ഡ്സിലെ ക്നാനായ മക്കളെ ഒന്നടങ്കം ഒരു കുടക്കീഴില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മിഡ് ലാന്‍ഡ്സ് റീജിയന്‍ രൂപീകരിച്ചതിന്‍റെ പ്രവര്‍ത്തനോദ്ഘാടാനവും നടത്തിയതിന്റെ ആവേശത്തിലാണ് ലെസ്റ്റര്‍ ക്നാനായ യൂണിറ്റിലെ അംഗങ്ങള്‍.
യുകെകെസിഎയുടെ നെടുംതൂണുകളായ നിരവധി പ്രമുഖ യൂണിറ്റുകളാണ് മിഡ് ലാന്‍ഡ്‌സില്‍ ഉള്ളത്. ഇവിടങ്ങളില്‍ നിന്നെല്ലാമുള്ള നിരവധി ആളുകള്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തിയിരുന്നു. ലെസ്റ്റര്‍ ക്നാനായ യൂണിറ്റ് പ്രസിഡണ്ടും മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സിബു ജോസ്, സെക്രട്ടറി വിജി ജോസഫ്, വൈസ് പ്രസിഡണ്ട് അജിമോള്‍ സജി, ട്രഷറര്‍ ഷിബു തോമസ്, ജോയിന്‍റ് സെക്രട്ടറി സുനില്‍ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതി വിപുലമായ ഒരുക്കങ്ങള്‍ ആയിരുന്നു നടത്തിയിരുന്നത്.

ശനിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റവ. ഫാ. ജസ്റ്റിന്‍ കാരക്കാടിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയോടെ ആയിരുന്നു പത്താം വാര്‍ഷികത്തിന്റെ തുടക്കം. കുര്‍ബാനയ്ക്ക് ശേഷം മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി. പൊതുസമ്മേളനത്തില്‍ യുകെകെസിഎയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
പൊതുസമ്മേളനത്തിന് ശേഷം അതിമനോഹരങ്ങളായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനം ലെസ്റ്റര്‍ കെസിവൈഎല്‍ ടീം അവതരിപ്പിച്ച ഫാഷന്‍ ഷോ ആയിരുന്നു. നിരവധി കുട്ടികള്‍ പങ്കെടുത്ത നൃത്തങ്ങളും മുതിര്‍ന്നവര്‍ അവതരിപ്പിച്ച നാടകവും ഒക്കെ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. ലെസ്റ്റര്‍ ക്നാനായ യൂണിറ്റിനു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു അവിസ്മരണീയ ദിനം സമ്മാനിച്ചായിരുന്നു പ്രോഗ്രാമുകള്‍ സമാപിച്ചത്.



വിസ ചട്ടങ്ങള്‍ ലംഘിച്ചതിന് ഒന്‍പത് സ്ത്രീകളടക്കം 38 ഇന്ത്യക്കാരെ ബ്രിട്ടന്‍ ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ രണ്ടു വസ്ത്രനിര്‍മ്മാണശാലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
പിടിയിലായവരില്‍ 31 പേരും വിസാ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരുന്നവരാണ്. ഏഴുപേര്‍ അനധികൃതമായി രാജ്യത്തു കുടിയേറിയവരും. ഇതില്‍ 19 പേരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി ഇരുപത് പേരോടും കൃത്യമായ ഇടവേളകളില്‍ കേസ് നടക്കുന്ന ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. യുകെയിലെ എംകെ ക്ലോത്തിങ് ലിമിറ്റഡ്, ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡ് എന്നീ വസ്ത്ര നിര്‍മ്മാണശാലകളിലാണ് കഴിഞ്ഞയാഴ്ച പരിശോധന നടന്നത്.
![]()
നിയമവിരുദ്ധമായി ഇവരെ ജോലിക്കെടുത്ത കമ്പനികള്‍ക്കെതിരെയും ഇമിഗ്രേഷന്‍ വിഭാഗം കേസെടുത്തിട്ടുണ്ട്. രണ്ട് കമ്പനികള്‍ക്കും വന്‍ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നാണ് സുചന.

സംഭവത്തില്‍ കമ്പനി അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. നിയമവിരുദ്ധരായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ നടപടികള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന് മന്ത്രി എംഎം മണി. തന്നെ നിരന്തരം ഉപദ്രവിക്കുകയാണ് മാധ്യമങ്ങള്‍. എന്നാല്‍ എത്ര നാറ്റിച്ചാലും അതിന് മുകളില്‍ തന്നെയാകും താന്‍ നില്‍ക്കുകയെന്നും മണി പറഞ്ഞു. ഇന്നലെ പൊമ്പിളൈ ഒരുമക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് എംഎം മണി പ്രതികരിച്ചത്.
താന്‍ ഒരു സ്ഥലത്ത് പൊമ്പിളൈ ഒരുമൈ എന്ന വാക്ക് പറഞ്ഞുപോകുക മാത്രമാണ് ചെയ്തത്. സ്ത്രീകളെപറ്റി മോശമായി ഒന്നും പറഞ്ഞിട്ടുമില്ല. അതിനാല്‍ തന്നെ അവരോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ആവശ്യപ്പെടില്ല. അവരെ സമരത്തിനിരുത്തിയവര്‍ തന്നെ അത് അവസാനിപ്പിക്കട്ടെയെന്നും മണി പറഞ്ഞു.
സിപിഐയുടെ പ്രസ്ഥാവനകളോട് പ്രതികരിക്കാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. അത് പറയാത്തത് മുന്നണി മര്യാദ മാനിച്ചിട്ടാണ്. തനിക്ക് പറയാനുള്ളത് മുന്നണി യോഗത്തില്‍ പറയുമെന്നും പാര്‍ട്ടി തന്നോട് നിലവിലെ പ്രശ്‌നത്തില്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മണി വ്യക്തമാക്കി.
ലണ്ടന്‍: ഇംഗ്ലണ്ടിലെ പകുതിയോളം ആംഗ്ലിക്കന്‍ കത്തീഡ്രലുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ഇവ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുകയാണെന്ന് അന്വേഷണത്തിനായി നിയോഗിച്ച സമിതി അറിയിച്ചു. കാന്റര്‍ബറി, യോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സ് ആണ് അന്വേഷണം നടത്തിയത്. ഇംഗ്ലണ്ടിലെ 42 ആംഗ്ലിക്കന്‍ കത്തീഡ്രലുകളിലാണ് പരിശോധന നടത്തിയത്. അടുത്ത മാസം ആദ്യം നടക്കുന്ന യോഗത്തില്‍ ഇവയുടെ വിശകലനം നടക്കും. പ്രവര്‍ത്തനെച്ചെലവ്, രാജ്യത്തെ പുരാതന കെട്ടിടങ്ങളായ ഇവയുടെ പരിചരണച്ചെലവ് എന്നിവ ഭീമമാണെന്ന് കത്തീഡ്രല്‍ ഡീനുകള്‍ വിലയിരുത്തുന്നു.
ഈയാഴ്ച ഇവര്‍ ലണ്ടനില്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്തരം ഒരു പ്രതിസന്ധിയെ നേരിടേണ്ടി വന്നിട്ടില്ലെന്ന് മുന്‍ കത്തീഡ്രല്‍ ഡീന്‍ ആയ ന്യൂമാന്‍ പറഞ്ഞു. പകുതിയോളം കത്തീഡജ്രലുകളും സാമ്പത്തികപ്രതിസന്ധിയെ നേരിടുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഇവയില്‍ വലിയ ഭൂരിപക്ഷവും. പ്രത്യക്ഷത്തില്‍ ഇതില്‍ നിന്ന് രക്ഷ നേടാന്‍ മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
11 മില്യന്‍ സന്ദര്‍ശകര്‍ പ്രതിവര്‍ഷം കത്തീഡ്രലുകൡ എത്താറുണ്ട്. അതേസമയം കത്തീഡ്രലുകളുടെ പ്രവര്‍ത്തനത്തിനും പരിചരണത്തിനുമായി ഭീമന്‍ തുകയാണ് ചെലവാകുന്നത്. പരിചരണം അടിയന്തരമായി ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഭരണകൂടത്തിന്റെ ഇടപെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്..
ലണ്ടന്‍: ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഒരു രോഗിക്ക് ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ലഭിച്ചത് മൂന്നര വര്‍ഷത്തിനു ശേഷം. വെയില്‍സിലാണ് സംഭവം. കടുത്ത മാനസിക രോഗത്തിനും പഠന വൈകല്യത്തിനും ശാരീരിക വിഷമതകള്‍ക്കും ചികിത്സ തേടിയെത്തിയ ഈ രോഗി ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ യോഗ്യത നേടിയെന്ന് ആശുപത്രി വിലയിരുത്തിയത് 1338 ദിവസങ്ങള്‍ക്കു ശേഷമാണ്. വെല്‍ഷ് ഹെല്‍ത്ത് സെക്രട്ടറി വോഗന്‍ ഗെഥിംഗ് കണ്‍സര്‍വേറ്റീവ് അസംബ്ലി അംഗം ഡാരന്‍മില്ലര്‍ എഴുതിയ കത്തിലാണ് ഈ വിവരമുള്ളത്. ചികിത്സ നീളുന്നതു മൂലം രോഗികള്‍ ഏറെക്കാലം ആശുപത്രികളില്‍ കഴിയുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് അനുബന്ധമായാണ് ഈ വിവരങ്ങള്‍ കൈമാറിയത്.
വെയില്‍സിലെ ഏഴ് ഹെല്‍ത്ത് ബോര്‍ഡുകളിലും ചികിത്സ നീളുന്ന രോഗികളേക്കുറിച്ചുള്ള വിവരങ്ങള്‍ കത്തിലുണ്ട്. 2017 ജനുവരി വരെയുള്ള വിവരങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഹൈവല്‍ഡാ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡിലെ രോഗിയാണ് മൂന്നര വര്‍ഷത്തോളെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഒന്നര വര്‍ഷത്തിലേറെ ആശുപത്രിയില്‍ കഴിയേണ്ടതായി വന്ന മറ്റ് രണ്ടു രോഗികളുടെ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ചികിത്സ വൈകുന്നത് വലിയ വീഴ്ചയാണെന്ന് മില്ലര്‍ പറഞ്ഞു. വെല്‍ഷ് എന്‍എച്ച്എസും മറ്റ് ആശുപത്രികളുമായുള്ള ഏകോപനത്തിന്റെ കുറവാണ് ഇത് വ്യക്തമാക്കുന്നതെന്നും മില്ലര്‍ വ്യക്തമാക്കുന്നു..
ദീര്‍ഘകാല പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മില്ലര്‍ ഉയര്‍ത്തുന്നുണ്ട്. അബര്‍ട്ടോ മോര്‍ഗാംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ്, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് എന്നിവിടങ്ങളിലാണ് മറ്റു രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്.
ഫാ.ബിജു കുന്നയ്ക്കാട്ട്
ലോക ജനതയുടെ സ്വൈര്യജീവിതത്തിന്റെ ചങ്കില്‍ തീകോരിയിട്ടേക്കാവുന്ന ഒരു യുദ്ധകാഹളത്തെക്കുറിച്ചുള്ള ഒരു ഭീതിയിലാണെല്ലാവരും ഇപ്പോള്‍. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി, തുറന്ന ഒരു യുദ്ധത്തിലേയ്ക്കും ചിലപ്പോള്‍ ലോകം മുഴുവന്‍ ഭയപ്പെടുന്ന മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്കും നീളാവുന്ന ദുരന്തത്തിന് മുന്നോടിയായുള്ള പോര്‍വിളികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയും ഏഴാം സ്ഥാനത്തുള്ള ഉത്തരകൊറിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളെങ്കിലും ഈ മഹാദുരന്തത്തിന്റെ പ്രത്യക്ഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഇതിനെ ചുരുക്കാന്‍ സാധിക്കാത്തതിനു കാരണം ഈ രണ്ടു രാജ്യങ്ങളും ആണവായുധപ്രയോഗത്തിലൂടെ ലോകശാക്തീകരണത്തിന് ശേഷിയുള്ളവരാണ് എന്നതുകൊണ്ടുകൂടിയാണ്. ഹിരോഷിമ-നാഗസാക്കിയുടെ ഉണങ്ങാത്ത മുറിവുകള്‍ ഈ പുതിയ യുദ്ധകാഹളത്തിന് ഭീകരതയുടെ പുതിയ മുഖം സമ്മാനിക്കുന്നു! ”വിനാശത്തിന്റെ അശുഭലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളട്ടെ”. (മത്തായി 13:14) തിരുചന പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായോ?
1500 കളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞന്‍ നോസ്ട്രഡാമസ് നടത്തിയ ചില പ്രവചനങ്ങളെ ചുറ്റിപ്പറ്റി കൂടിയാണ് മൂന്നാംലോക മഹായുദ്ധം ആസന്നമായിരിക്കുന്നു എന്ന വാദം കൊഴുക്കുന്നത്. 2017-18 വര്‍ഷങ്ങളില്‍ രണ്ടു വന്‍ ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷങ്ങള്‍ നീളുന്ന യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹം ഇതിനുമുമ്പ് നടത്തിയ പല പ്രവചനങ്ങളും സത്യമായിത്തീര്‍ന്നതിനാല്‍ ഈ പ്രവചനത്തെക്കുറിച്ചും ലോകം ഭീതിയോ ചിന്തിക്കുന്നു.
യുദ്ധങ്ങള്‍ ഏതുതന്നെയായാലും ലോകത്തിനു സമ്മാനിച്ചിട്ടുള്ളത് വേദനകളും മുറിവുകളും നഷ്ടങ്ങളും തന്നെയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരം പിടിച്ചടക്കുന്നതിനുമായിട്ടാണ് യുദ്ധങ്ങളെല്ലാം അരങ്ങേറിയിട്ടുള്ളത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതുവഴിയോ യുദ്ധാനന്തര ഫലങ്ങള്‍ ലോകവ്യാപകമായി അനുഭവിക്കേണ്ടി വരുന്നതുവഴിയോ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ മാത്രമായി തുടങ്ങുന്നുന്നവ ലോകമഹായുദ്ധങ്ങളായി പരിണമിക്കുന്നു. പ്രധാനമായും നേട്ടങ്ങളെക്കാള്‍ കൂടുതലായി വലിയ നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് ഇതുവരെയുണ്ടായ രണ്ടു ലോകമഹായുദ്ധങ്ങളും (1914 – 18, 1939-45) നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത്.
എണ്ണമറ്റ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് യുദ്ധം സമ്മാനിക്കുന്ന പ്രധാന നഷ്ടം. തകര്‍ന്നുപോകുന്ന ബാക്കിയെന്തും കെട്ടിപ്പെടുക്കാമെന്നിരിക്കെ മരിച്ചുവീഴുന്ന ജീവനുകളെ എങ്ങനെ പുനരുദ്ധരിക്കാനാവും? പട്ടാളക്കാര്‍, യുദ്ധഭൂമിയില്‍ മറ്റു സഹായങ്ങളെത്തിക്കുന്നവര്‍, ആക്രമിക്കപ്പെടുന്ന നഗരങ്ങളില്‍ മരിച്ചുവീഴുന്നവര്‍, അണുബോംബിന്റെ ദീര്‍ഘകാല ദുരന്തങ്ങളനുഭവിക്കുന്നവര്‍ … നഷ്ടപ്പെടുന്ന ഈ ജീവിതങ്ങളെ, അവരുടെ സ്വപ്‌നങ്ങളെ, ഭാവിയെ തിരികെ കൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് രക്തച്ചൊരിച്ചിലിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുംമുമ്പ് നല്ലതുപോലെ ഓര്‍ക്കണം!
മനുഷ്യജീവനുകള്‍ക്കു പുറമേ നിയന്ത്രണമില്ലാത്ത സാമ്പത്തിക നഷ്ടം മറ്റൊരു വലിയ വേദനയാകും. തകര്‍ന്നുപോയവ പുനരുദ്ധരിക്കാന്‍ യുദ്ധാന്തരം പല രാജ്യങ്ങള്‍ക്കും ഉടനെ കഴിയില്ല. കൊടിയ ദാരിദ്ര്യത്തിന്റെ വരുംനാളുകള്‍ ജനങ്ങള്‍ക്കു വന്നു ചേരും. ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വരുമ്പോള്‍ രാജ്യത്തിനകത്തുതന്നെ ആക്രമണങ്ങളും കലാപങ്ങളും ഉടലെടുക്കും. ആണവായുധ പ്രയോഗങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും, ഭൂമി കൃഷിയോഗ്യമല്ലാതാവും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളുടെ കണക്ക് തുടര്‍ക്കഥയാവും.
യുദ്ധത്തിന്റെ വരവോടുകൂടി അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന – സ്‌നേഹബന്ധങ്ങള്‍ കുറയുകയും നയതന്ത്ര വിദേശകാര്യ ഇടപെടലുകള്‍ കാര്യങ്ങള്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യും. രാജ്യങ്ങളുടെ നിശ്ചിത അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കും കടലുകളും വന്‍കരകളും കടന്നും ബന്ധങ്ങള്‍ സ്ഥാപിച്ച് ‘ലോകം ഒന്നായിക്കൊണ്ടിരിക്കുന്ന’ ഈ ആധുനിക ലോകത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഒട്ടും ചേരാത്തതു തന്നെയാണ് പരസ്പര വിദ്വേഷത്തിന്റെ ഈ യുദ്ധവെറി. അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും സൗഹൃദങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കുള്ള വലിയ ഇരുട്ടടി കൂടിയാണ് ഈ യുദ്ധകാഹളം.
താന്‍ സൃഷ്ടിച്ച ലോകത്തില്‍ സമാധാനവും ദൈവം ആഗ്രഹിക്കുമ്പോള്‍, അതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും തിന്മ വളരാനും ആഗ്രഹിക്കുന്ന പിശാചിന്റെ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം യുദ്ധങ്ങളുടെ അധമ ചിന്തകളെ അടിച്ചമര്‍ത്തേണ്ടതുണ്ട്. സമരം ചെയ്യേണ്ടതും യുദ്ധം നടത്തേണ്ടതും ഒരേ ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ തമ്മിലല്ല, മനുഷ്യരോടല്ല, മറിച്ച് മനുഷ്യന്റെ മനസില്‍ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന തിന്മയോടാണ് പിശാചിനോടാണ്. അതിനെയാണ് ചെറുത്തു തോല്‍പിക്കേണ്ടത്. ”സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നാം യുദ്ധത്തിന് ചെയ്യുന്നത് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ്” (എഫേസോസ് 6:12).
രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ യുദ്ധത്തിനു തീരുമാനമെടുക്കുമ്പോള്‍ മാത്രമല്ല, എല്ലാ മനുഷ്യരുടെ ഹൃദയത്തിലും തിന്മ ചെയ്യാനുള്ള പ്രേരണ ഈ പൈശാചിക ശക്തി നല്‍കിക്കൊണ്ടിരിക്കും. 20,000 രൂപയ്ക്ക് സ്വന്തം അമ്മയെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തപ്പോഴും ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനായ വിദ്യാര്‍ത്ഥിയോടൊപ്പം പോയ ഭാര്യയും സ്വന്തം അമ്മയെ പീഡിപ്പിച്ച മകനും ആത്മീയതയുടെ മറവില്‍ മതചിഹ്നങ്ങള്‍ നാട്ടി പൊതുമുതല്‍ കയ്യേറുന്നവരുടെയുമെല്ലാം മനസിലും ഈ തിന്മ വിവിധ രൂപങ്ങളില്‍ ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിനെ മനസിലാക്കി ചെറുത്തു തോല്‍പിക്കാത്തവര്‍ അതിന്റെ നീരാളിപ്പിടുത്തത്തിലേയ്ക്ക് വീണുപോകുന്നു.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഏറെ മുമ്പോട്ടുപോയിട്ടും ആധുനിക വാര്‍ത്താവിനിമയ ഉപാധികളിലൂടെ എല്ലാ കാര്യങ്ങളും എപ്പോഴും അറിഞ്ഞുകൊണ്ടിരുന്നിട്ടും, ആളുകളുടെ മനസുകള്‍ തമ്മില്‍ വളരെയേറെ അകന്നുപോയി എന്നതാണ് ഇക്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുണ്ണി മാഷ് പാടിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. ”ലോകമെന്തായിരിക്കുന്നു, കമ്പികൊണ്ടും കമ്പിയില്ലാ കമ്പികൊണ്ടും, കരളുകൊണ്ടല്ല”.
മനസ്സ് അകലുകയും തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്തവ തങ്ങളെ, എല്ലാവരെയുംകാള്‍ വലിയവരാക്കും എന്ന ചിന്തയും അയല്‍ക്കാരനെ ദ്വേഷിക്കാനും അവനോടു പടവെട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നു. സ്വയം മറന്ന്, ദൈവത്തെ മറന്ന് അഹങ്കരിച്ച ജനത്തിന് കിട്ടയ സ്വയം സൃഷ്ടിച്ചെടുത്ത നാശമായിരുന്നുവെന്ന് വി. ബൈബിളില്‍ വിവരിക്കുന്ന ബാബേല്‍ ഗോപുരത്തിന്റെ കഥ (ഉല്‍പ്പത്തി 11) ഓര്‍മ്മപ്പെടുത്തുന്നു.
ഓശാന ദിവസം കഴുതപ്പുറത്തുകയറി സമാധാന രാജാവായി ജറുസലേം പട്ടണത്തിലേയ്ക്കു പ്രവേശിച്ച യേശുനാഥനോട് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത് യുദ്ധമൊഴിവായി സമാധാനം പപുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയാണ്. നോസ്ട്രഡാമസ് നടത്തിയ യുദ്ധപ്രവചനത്തെ. നടക്കാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്‍ പ്രവചനമെന്നു വാഴ്ത്താതെ, യുദ്ധം സമ്മാനിക്കുന്ന നികത്താനാവാത്ത മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്ന മുന്നറിയിപ്പായിക്കണ്ട് യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമാണ് നടക്കേണ്ടത്. ഇനിയൊരു അണുവികിരണത്തിന്റെ ദുരന്തഫലങ്ങളും യുദ്ധത്തിന്റെ കൊടും യാതനകളും നമ്മുടെ ഭൂമിയിലുണ്ടാകാതിരിക്കട്ടെ. Sun Tzuവിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”The Supreme art of war is to subdue the enemy without fighting”
സീറോ മലബാര്‍ വി. കുര്‍ബാന ക്രമത്തിന്റെ പ്രസക്തമായ ഒരു പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു. ”സ്വര്‍ഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്റെ ശാന്തിയും സമാധാനവും പുലര്‍ത്തേണമേ. യുദ്ധങ്ങള്‍ ഒഴിവാക്കണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്‍ക്കുന്ന ജനതകളെ ചിതറിക്കേണമേ”
നന്മനിറഞ്ഞ ഒരാഴ്ചയുടെ ആശംസയോടെ, സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.