ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപ്പെരുപ്പം കൈപ്പിടിയിലൊതുങ്ങിയാൽ നികുതിയിളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ക്യാബിനറ്റ് മന്ത്രി റോബർട്ട് ജെന്റിക്ക് ആണ് നികുതിയുടെ കാര്യത്തിൽ സർക്കാരിൻറെ നയതീരുമാനം മാധ്യമങ്ങളോട് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പുകളിൽ കടുത്ത തോൽവി ഏറ്റുവാങ്ങിയ സർക്കാരിൻറെ മുഖം തിരിച്ചു പിടിക്കാനുള്ള നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.
വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയുകയാണെങ്കിലാണ് നികുതിയിളവ് പരിഗണിക്കുക എന്നാണ് സർക്കാരിൻറെ നയം . നേരത്തെ പണപെരുപ്പ് നിരക്ക് കുറയുന്നതിനുള്ള നയപരമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ടോറി എം.പിമാർക്കിടയിൽ തന്നെ കടുത്ത അമർഷം പുകയുന്നുണ്ട്. ജനപിന്തുണ വർദ്ധിക്കുന്നതിന് നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന് പല എംപിമാരും പരസ്യമായ ആവശ്യം ഉന്നയിച്ചിരുന്നു.
ലഭ്യമായ കണക്കുകൾ പ്രകാരം യുകെയിലെ നികുതി നിരക്കുകൾ ഏറ്റവും ഉയർന്ന തലത്തിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നികുതി ഉടനെയൊന്നും കുറയാൻ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധരായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ സ്റ്റഡീസ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള മൂന്നുമാസത്തെ കാലയളവിൽ പണപ്പെരുപ്പം 10.7% ആയിരുന്നു. നിലവിലെ പണപ്പെരുപ്പം 6.7 % ആണ് . ഇത് 5.3% ആയി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ കണ്ടമ്പററി ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബോബി ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിൽ ഒരു നേഴ്സും മുന്നേറാത്ത പാതകളിലൂടെ വഴിതെളിച്ചാണ് ബോബി ജോസഫ് ഈ ബഹുമതി നേടിയെടുത്തത്.
ബാംഗ്ലൂരിലെ നേഴ്സിംഗ് പഠനത്തിന് ശേഷം അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ച ബോബി 2010 -ലാണ് യുകെയിലെത്തിയത്. 2014 – ൽ വിവാഹിതനായ ബോബിയും ഭാര്യ ലിഡിയയും ആതുര സേവന രംഗത്ത് ജോലി ചെയ്തു വരികയാണ്. എന്നാൽ ഉള്ളിലെ കലയുടെ ഉൾവിളിയിൽ 2016 -ൽ ബോബി ഫൈൻ ആർട്സിൽ നാഷണൽ ക്വാളിഫിക്കേഷൻ എടുത്തു . അത് ഒരു തുടക്കം മാത്രമായിരുന്നു. 2017 – 19 കാലഘട്ടത്തിൽ ഫൈൻ ആർട്സിൽ തന്നെ ഹയർ നാഷണൽ ക്വാളിഫിക്കേഷൻ കരസ്ഥമാക്കി. ബോബിയുടെ പഠനയാത്രകൾ ഇവിടെ അവസാനിച്ചില്ല . 2019 – 23 കാലഘട്ടത്തിൽ ഫൈൻ ആർട്ട്സിൽ ബി എ എടുത്ത ബോബിയുടെ ഒട്ടേറെ സൃഷ്ടികൾ ആസ്വാദക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയവയാണ്. നിലവിൽ എം എ .ഫൈൻ ആർട്ട്സ് പഠിക്കുന്ന ബോബി ഇപ്പോൾ ആർട്ട്സ് ആൻഡ് ഫിലോസഫിയിൽ ഗ്ലാസ്‌ഗോ സർവകലാശാലയുടെ കീഴിലുള്ള ഗ്ലാസ്‌ഗോ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നതിനുള്ള ഗവേഷണത്തിന്റെ പടിവാതിലിലാണ്. പഠനകാലത്ത് ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളുമാണ് ബോബിയെ തേടിയെത്തിയത് . കലാകേരളം ഗ്ലാസ്‌കോയുടെ ബെസ്റ്റ് ലോഗോയ്ക്കുള്ള അവാർഡ് ലഭിച്ചത് ബോബി ഉൾപ്പെട്ട ടീമിനായിരുന്നു.
സമാനതകളില്ലാത്തത് എന്നാണ് മലയാളം യുകെ അവാർഡ് കമ്മിറ്റി ബോബി ജോസഫിന്റെ സൃഷ്ടികളെയും നേട്ടങ്ങളെയും വിശേഷിപ്പിച്ചത്. കട്ടപ്പനയിലെ ഇരട്ടയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാരംഭിച്ച ബോബിയുടെ യാത്ര തുടരുകയാണ്. ഒപ്പം എല്ലാത്തിനും തുണയായി ഭാര്യ ലിഡിയയും മക്കളായ പ്രൈമറി 1 പഠിക്കുന്ന എലീസയും മൂന്നു വയസ്സുകാരനായ ഈതനും ഒപ്പമുണ്ട്.
മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടൈപ്പ് 1 പ്രമേഹത്തിന് പുതിയ ചികിത്സാ രീതികൾ കണ്ടെത്തി ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മേധാവികൾ. നിലവിലുള്ള ചികിത്സാ രീതികളെ അപേക്ഷിച്ച് പുതിയ കണ്ടെത്തൽ വളരെ മുൻപന്തിയിൽ ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ, മിക്ക ടൈപ്പ് 1 പ്രമേഹ രോഗികളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇൻസുലിൻ മരുന്നുകളോ ദിവസേനയുള്ള ഒന്നിലധികം കുത്തിവയ്പ്പുകളോ വഴിയാണ്. എന്നാൽ ഹൈബ്രിഡ് ക്ലോസ്ഡ്-ലൂപ്പ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന പുതിയ ഗാഡ്‌ജെറ്റ്, സാധാരണ കുത്തിവയ്പുകളിൽ നിന്ന് രോഗികൾക്ക് മോചനം നൽകുന്നു.
പുതിയ കണ്ടെത്തൽ രക്തത്തിലെ ഇടയ്ക്കിടയ്ക്കുള്ള ഗ്ലുക്കോസിൻെറ തോത് നോക്കുന്നതിൻെറ ആവശ്യകത ഇല്ലാതാക്കുന്നു. ഉറക്ക രീതികൾ, വ്യായാമം, അസുഖം, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ച് ഇവ ഓരോ രോഗികളിലും വ്യത്യസ്‌തപ്പെടാം. പുതിയ ഗാഡ്‌ജെറ്റ് രക്തത്തിലെ പഞ്ചസാരയെ തുടർച്ചയായി നിരീക്ഷിക്കുകയും ഒരു രോഗിക്ക് എത്ര ഡോസ് ഇൻസുലിൻ ആവശ്യമാണെന്ന് പ്രവചിക്കുകയും ചെയ്യുന്നു. സിസ്റ്റം ഒരു രോഗിയുടെ ഫോണിലെ ഒരു ആപ്പിലേക്ക് ലിങ്ക് ചെയ്യുകയും ഒരു വ്യക്തിയുടെ ശരീരത്തിന് കാലക്രമേണ എന്താണ് വേണ്ടതെന്ന് മനസിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൻെറ സ്‌ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു.
ജീവനു ഭീഷണിയാകുന്ന ഹൈപ്പോഗ്ലൈസെമിക് ആക്രമണങ്ങളുടെ അപകടസാധ്യത പുതിയ കണ്ടെത്തൽ കുറയ്ക്കും. പുതിയ ഗാഡ്‌ജെറ്റ് വളരെ പെട്ടെന്ന് തന്നെ ഈ രോഗാവസ്ഥയിലുള്ള 36,000 കുട്ടികൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്നതിലൂടെ – വൃക്കരോഗം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഈ അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ജീവിതകാലം മുഴുവൻ ഒഴിവാക്കാനാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ ശക്തമായി പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. തുടർച്ചയായ രണ്ടാം വാരാന്ത്യത്തിലും ലണ്ടനിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ജനങ്ങൾ. കഴിഞ്ഞ ദിവസം ഡൗണിംഗ് സ്ട്രീറ്റിന് സമീപം നടന്ന മാർച്ചിൽ ഏകദേശം 100,000 പേർ വരെ പങ്കെടുത്തതായി മെറ്റ് പോലീസ് പറയുന്നു. ബർമിംഗ്ഹാം, ബെൽഫാസ്റ്റ്, കാർഡിഫ്, സാൽഫോർഡ് എന്നിവിടങ്ങളിലും പാലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള ചെറിയ പ്രകടനങ്ങൾ നടന്നു.
ഇസ്രായേലിൽ 1,400 പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഗാസയിൽ സഹായം ലഭിക്കുന്നത്. ഇസ്രായേൽ ബോംബാക്രമണത്തിൽ ഇതുവരെ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി പാലസ്തീൻ അധികൃതർ പറഞ്ഞു. പാലസ്തീനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലണ്ടനിൽ നടന്ന പരിപാടിയിൽ 1000-ത്തിലധികം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി മെറ്റ് പോലീസ് അറിയിച്ചു.
ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പൊതു ക്രമസമാധാനം തകർക്കുക, എമർജൻസി സർവീസ് പ്രവർത്തകനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 10 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സേന അറിയിച്ചു. കാർഡിഫിൽ, പാലസ്തീൻ പതാകകളും പിന്തുണാ പ്ലക്കാർഡുകളുമായി ആയിരത്തോളം പ്രതിഷേധക്കാർ വെൽഷ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഗാസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഗാസയ്ക്ക് സഹായം നൽകാനും ബ്രിട്ടീഷ്, വെൽഷ് സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രകടനം
ന്യൂസ് ഡെസ്ക് മലയാളം യുകെ
റൺവേയിൽ നിന്ന് വിമാനം തെന്നി മാറിയതിനെ തുടർന്ന് ലീഡ്‌സ് ബ്രാഡ്‌ഫോർഡ് വിമാനത്താവളം അടച്ചു . ബാബെറ്റ് കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അപകടത്തിന് കാരണമായത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ വന്ന ഹോളിഡേ ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന ഉടനെ തന്നെ അഗ്നി ശമന സേനാഗങ്ങൾ സംഭവസ്ഥലത്തെത്തി എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കി വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കി. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളം അടച്ചു . സംഭവങ്ങളെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട് അധികൃതർ യാത്രക്കാരോട് ക്ഷമാപണം നടത്തി.
തീപിടുത്തം ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി എന്നും വെസ്റ്റ് യോർക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു . ഇന്ന് തന്നെ എയർപോർട്ട് തുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നിരുന്നാലും വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് തങ്ങളുടെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് എന്താണെന്ന് ഉറപ്പ് വരുത്തണമെന്നും അവരവരുടെ എയർലൈനും ആയി ബന്ധപ്പെടണമെന്നും യാത്രക്കാർക്ക് നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ബാബറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. സ്കോട്ട് ലൻഡിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ വെള്ളപ്പൊക്കം ഇതിനകം ബാധിച്ച അംഗസ്, അബർഡീൻഷെയർ ഭാഗങ്ങളിൽ ശനിയാഴ്ച 70-100 മില്ലിമീറ്റർ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഹൈലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, സ്കോട്ട്‌ലൻഡിന്റെ മധ്യ ഭാഗങ്ങൾ, ഇംഗ്ലണ്ടിന്റെ നോർത്ത്, ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്‌ഷെയറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് അലേർട്ട് നിലനിൽക്കുന്നു.
സ്കോട്ട് ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ മഴയ്ക്കും കാറ്റിനുമുള്ള യെല്ലോ അലേർട്ട് ഉണ്ട്. അതേസമയം, വെള്ളിയാഴ്ച ഷ്രോപ്‌ഷെയറിലെ ക്ലിയോബറി മോർട്ടിമർ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. ഒട്ടേറെ പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിൽ, റോഡുകളും പാലങ്ങളും തകർന്നു. ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലുമായി വെള്ളിയാഴ്ച രാത്രി 13,000 വീടുകളിൽ വൈദ്യുതിമുടങ്ങി.
റെഡ് അലർട്ട് ഏരിയയിൽ യാത്ര ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് വെള്ളിയാഴ്ച ലീഡ്‌സ് ബ്രാഡ്‌ഫോർഡ് വിമാനത്താവളം അടച്ചു. ഇന്ന് രാവിലെ വിമാനത്താവളം തുറക്കുമെന്നാണ് വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശിശുക്കൾക്കും കൊച്ചു കുട്ടികൾക്കും അവരുടെ ഭാവി ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുതലും പിന്തുണയും ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഗർഭാദാരണം മുതൽ 5 വയസ്സു വരെയുള്ള കാലയളവിൽ നടത്തുന്ന ഇടപെടൽ പിന്നീട് പ്രശ്നങ്ങൾ വഷളാകുന്നത് തടയാൻ സഹായിക്കും. റോയൽ കോളേജ് ഓഫ് സൈക്കാട്രിയുടെ പഠന റിപ്പോർട്ടിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യം പരസ്പരപൂരകങ്ങളാണ്. കുട്ടികളെ പരിചരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഫണ്ടിംഗ് പ്രോഗ്രാമുകൾക്കും എൻഎച്ച്എസ്സിന്റെ സമാന സേവനങ്ങൾക്കും കൂടുതൽ നിക്ഷേപം നടത്തണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉണ്ട് .
എൻഎച്ച്എസിന്റെ കണക്കുകൾ പ്രകാരം രണ്ട് മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഏകദേശം 5% പേർ ഉത്കണ്ഠ , പെരുമാറ്റ വൈകല്യം എഡി എച്ച് ഡി ഉൾപ്പെടെയുള്ള ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരാണ്.
റിപ്പോർട്ട് പ്രകാരം മാനസികാരോഗ്യം രൂപപ്പെടുന്നതിൽ ഏറ്റവും പ്രധാനം 14 വയസ്സ് വരെയുള്ള സമയമാണ്. ഗർഭധാരണം മുതൽ 5 വയസ്സ് വരെയുള്ള കാലയളവ് വരെ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് റോയൽ കോളേജ് ഓഫ് സൈക്കാട്രിയിലെ ഡോ. ട്രൂഡി സെനെവിരത്‌നെ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള 5 വയസ്സിന് താഴെയുള്ള കുട്ടികളെ എങ്ങനെ കണ്ടെത്താമെന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാണിച്ചു. യൂണിസെഫ് യുകെ, റോയൽ കോളേജ് ഓഫ് പീഡിയാട്രിക് ആൻഡ് ഹെൽത്ത് എന്നീ ഓർഗനൈസേഷനുകളുടെ സംയുക്ത സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ :- ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ, പിടികൂടി ഗാസയിൽ ബന്ദികളാക്കിയ ചിക്കാഗോയിൽ നിന്നുള്ള അമ്മയെയും മകളെയും ഖത്തർ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം മോചിപ്പിക്കുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടു. നതാലി റാനൻ (17), അമ്മ ജൂഡിത്ത് (59) എന്നിവരെ റാഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് മാറ്റിയതായും, അവിടെ ഇസ്രായേൽ സുരക്ഷാ സേന അവരെ കണ്ടുമുട്ടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . ഇസ്രയേലി പൗരത്വമുള്ള ഇരുവരും, ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് 2 കിലോമീറ്ററിൽ താഴെയുള്ള നഹാൽ ഓസ് കിബ്ബ്‌സ് എന്ന സ്ഥലത്ത് ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കുവാൻ എത്തിയതായിരുന്നു. ആ സമയത്താണ് ഹമാസ് തീവ്രവാദികൾ അതിർത്തിവേലി കടന്നെത്തി 1,400 പേരെ കൊന്നൊടുക്കുകയും 200-ലധികം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. വെള്ളിയാഴ്ച വൈകി മകളുമായി ടെലിഫോണിൽ സംസാരിച്ചതായി നതാലിയുടെ പിതാവ്, മകൾ സുഖമായിരിക്കുന്നതായും അതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളോടുള്ള പ്രതികരണമായാണ് ബന്ധികളെ വിട്ടയച്ചതെന്നും, അതോടൊപ്പം തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും അവകാശവാദങ്ങൾ തെറ്റാണെന്ന് അമേരിക്കൻ ജനതയ്ക്കും ലോകത്തിനും മുമ്പിൽ തെളിയിക്കാൻ വേണ്ടിയാണെന്നും ഹമാസ് വക്താവ് അബു ഉബൈദ പറഞ്ഞു.
വിട്ടയക്കപ്പെട്ട അമ്മയും മകളും ഉടൻ തന്നെ തങ്ങളുടെ കുടുംബത്തോടൊപ്പം തിരിച്ചെത്തുമെന്നതിൽ താൻ സന്തോഷവാനാണെന്നും, കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾ തുടരുമെന്നും ഒരു പ്രസ്താവനയിൽ ജോ ബൈഡൻ പറഞ്ഞു. വിട്ടയക്കപ്പെട്ട അമ്മയ്ക്കും മകൾക്കും ഇതുവരെയും പരുക്കുകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധി ലഘൂകരിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ആത്യന്തിക ലക്ഷ്യത്തോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഉള്ള ചർച്ചകൾ ഇസ്രായേലുമായും ഹമാസുമായും തുടരുമെന്ന് ഖത്തർ പറഞ്ഞു.മോചനത്തിന് സഹായിച്ച ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള റിലീസിന് സൗകര്യമൊരുക്കാനും ആഹ്വാനം ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പണിമുടക്ക് മൂലം യുകെയിൽ സ്കൂളുകളിലും കോളേജുകളിലും ഒട്ടേറെ ക്ലാസുകളാണ് കഴിഞ്ഞ അധ്യയന വർഷം നഷ്ടമായത്. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് അധ്യാപകർ ഉൾപ്പെടെ വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ പണിമുടക്കിയത്.
ജീവനക്കാർ പണിമുടക്കിയത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിലയിരുത്തൽ വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ സമരങ്ങൾ അധ്യാപകർ നടത്തുന്ന സാഹചര്യത്തിൽ നിശ്ചിത ശതമാനം ജീവനക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകണമെന്ന പുതിയ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വന്നിരിക്കുകയാണ്. എന്നാൽ ഈ തീരുമാനം തികച്ചും ജനാധിപത്യവിരുദ്ധമാണെന്നാണ് യൂണിയനുകൾ വിശേഷിപ്പിച്ചത്. ഇടഞ്ഞുനിൽക്കുന്ന യൂണിയനുകളുമായി ഈ വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ചർച്ചകൾ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഭാവിയിൽ എന്ത് പണിമുടക്ക് നടന്നാലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കാതിരിക്കുക എന്നതാണ് ഗവൺമെൻറ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടർ അറിയിച്ചു. എന്നാൽ ഈ നീക്കത്തെ യൂണിയൻ ശക്തമായി എതിർക്കുമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജനറൽ സെക്രട്ടറി ഡാനിയൽ കെബെഡെ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലെ പ്രസവ യൂണിറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും അപകടകരമാംവിധം നിലവാരമില്ലാത്ത പരിചരണമാണ് നൽകുന്നതെന്നും, ഇത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നതായും എൻ എച്ച് എസ് വാച്ച്ഡോഗായ കെയർ ക്വാളിറ്റി കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 65% പ്രസവ സേവനങ്ങളും അപര്യാപ്തമായത് അല്ലെങ്കിൽ മെച്ചപ്പെടൽ ആവശ്യമായത് എന്ന രീതിയിലാണ് കെയർ ക്വാളിറ്റി കമ്മീഷൻ ഈ വർഷം റേറ്റിങ് നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 54 ശതമാനം സേവനങ്ങൾക്ക് ആയിരുന്നെങ്കിൽ ഈ വർഷം അത് അധികമായി വർദ്ധിച്ചിട്ടുണ്ട്.
ഗുരുതരമായ ജീവനക്കാരുടെ കുറവും, ആന്തരിക പിരിമുറുക്കങ്ങളും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സേവനങ്ങളിൽ ഉള്ളതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനർത്ഥം നിരവധി അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്ത്രീകൾക്ക് പലപ്പോഴും പരിചരണം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായും, സ്റ്റാഫുകളുമായി പലപ്പോഴും അവർക്ക് ആവശ്യമായ ആശയവിനിമയം നടത്തുവാൻ സാധിക്കാത്ത സാഹചര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണെന്ന് എൻ എച്ച് എസ് പേഷ്യന്റ് ചാമ്പ്യൻ ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് അൻസാരി പറഞ്ഞു.
ആംബുലൻസ് സർവീസുകൾ നൽകുന്ന സേവനങ്ങളും മോശമായി വരികയാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ശീതകാലത്തിനു ശേഷം 999 ആംബുലൻസുകളുടെ പ്രതികരണ സമയം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥകളോട് പ്രതികരിക്കാൻ നിരവധി ആംബുലൻസുകൾക്ക് ഏഴ് മിനിറ്റിലധികം സമയമെടുക്കുന്നതായും, ഹൃദയാഘാതം, സ്ട്രോക്ക്, സെപ്സിസ് കേസുകൾ എന്നിവയ്ക്ക് 18 മിനിറ്റിലധികം സമയമെടുക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രോഗികൾക്ക് ആവശ്യമായതും അർഹിക്കുന്നതുമായ പരിചരണത്തിന്റെ ഗുണനിലവാരം എൻ എച്ച് എസിന്റെയും സാമൂഹിക പരിചരണത്തിന്റെയും പല ഭാഗങ്ങളിലും നിറവേറ്റപ്പെടുന്നില്ല എന്ന സങ്കടകരമായ യാഥാർത്ഥ്യം ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക്ടാങ്കിലെ പോളിസി ഡയറക്ടർ സാലി വാറൻ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അവലോകനങ്ങളും നടപടികളും എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.