ഷിബു മാത്യൂ.
ഒരു സ്കോട്ടീഷ് ഉത്സവത്തിന് ഗ്ലാസ്ഗോയൊരുങ്ങി… “മലയാളം യുകെ അവാർഡ് നൈറ്റ്”. ഇനി ഇരുപത് ദിവസങ്ങൾ മാത്രം… അർഹിക്കുന്നവർക്ക് മലയാളം യുകെ ന്യൂസിൻ്റെ അംഗീകാരം… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു.
ഒക്ടോബർ 28ന് സ്കോട്ടീഷ് മലയാളികളുണരുന്നത് ചിലങ്കകളുടെ മണി നാദം കേട്ടാകും…
യൂറോപ്പ് കണ്ടതിൽ വെച്ചേറ്റവും പ്രഗത്ഭരായ പത്ത് നർത്തകിമാർ ചിലങ്കയണിയും… സംഗീത മഴ പൊഴിക്കാൻ യുകെയിൽ നിന്നും പതിനഞ്ചോളം ഗായകരെത്തും… കോമൺവെൽത്ത് ഗെയിംസിൽ നൃത്തച്ചുവടുകൾ വെച്ച മലയാളികളുടെ ബോളിവുഡ് ഡാൻസ്… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു… കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം… ലൈവ് ടെലികാസ്റ്റിംഗ്… പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇതെല്ലാം ഒക്ടോബർ 28ന് ഗ്ലാസ്ഗോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.
സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
ഒക്ടോബർ 28 ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗ്ലാസ്ഗോക്കടുത്തുള്ള ബെൽഷിൽലെ ബെൽഷിൽ അക്കാഡമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. നാലു മണിയോടെ മത്സരങ്ങൾ അവസാനിക്കും. അഞ്ച് മണിക്ക് മലയാളം യുകെ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 9 മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും.
സ്കോട്ലാൻ്റിൽ നടക്കുന്ന കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും ഗ്ലാസ്ഗോയിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് ചുവടെ ചേർക്കുന്നു.
Bellshill Academy
321 Main Street
Bellshill – Glasgow
Scotland.
Contact details
Jimmy Joseph – 07400661166
Shibu Mathew – 07411443880
Email – [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
പാലസ്തീൻ തീവ്രവാദികളുടെ ശനിയാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ബ്രിട്ടീഷ് പൗരനെ ഇസ്രായേലിൽ കാണാതായി. ആക്രമണത്തിന് പിന്നാലെ ജെയ്ക് മാർലോയെ കാണാതായതായി യുകെയിലെ ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. കാണാതായ ലണ്ടൻ സ്വദേശിയായ ജെയ്ക് മാർലോ ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. 26കാരനായ ജയ്കിനെ അക്രമികൾ ബന്ധിച്ചിരിക്കുകയാണോ എന്ന സംശയവും എംബസി മുന്നോട്ട് വച്ചിട്ടുണ്ട്.
ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് മുന്നിൽകണ്ടുള്ള പ്രചാരണത്തിന് ലേബർ പാർട്ടി തുടക്കമിട്ടു. അധികാരത്തിൽ വരുകയാണെങ്കിൽ എൻഎച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റ് വെട്ടി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. ഇതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിന്മെന്റുകൾക്ക് ധനസഹായം നൽകാനും ലേബർ പാർട്ടി പദ്ധതി തയ്യാറാക്കുന്നുണ്ട്.
ലിവർപൂളിൽ നടക്കുന്ന പാർട്ടി കോൺഫറൻസിന്റെ തലേന്ന് മാധ്യമപ്രവർത്തകരെ അഭാമുഖീകരിക്കുമ്പോഴാണ് പ്രതിപക്ഷ പാർട്ടി നേതാവായ അദ്ദേഹം തന്റെ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്ന പ്രധാന നയങ്ങളെ കുറിച്ച് പറഞ്ഞത് . ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുന്നതും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്നണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. എൻഎച്ച്എസിലേയ്ക്ക് കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും പാർട്ടി മുഖ്യ പരിഗണനയായി കണക്കാക്കുന്നുണ്ട്.
നൈപുണ്യ പരിശീലനം കൂടുതൽ ത്വരിതഗതിയിലാക്കാനുള്ള നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ആവശ്യത്തിന് പരിശീലനം ലഭിച്ച തൊഴിലാളികളെ കണ്ടെത്താൻ പറ്റുന്നില്ലെന്ന കമ്പനികളുടെ ദീർഘകാല ആവശ്യത്തിന് ഇതിലൂടെ പരിഹാരം കണ്ടെത്താനാവുമെന്നാണ് പാർട്ടി കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി സ്കിൽസ് ഇംഗ്ലണ്ട് എന്ന വിദഗ്ധസമിതി രൂപീകരിക്കും . ട്രേഡ് യൂണിയനുകൾ , കമ്പനികൾ, ട്രേഡ് അസോസിയേഷനുകൾ , കൗൺസിലുകൾ , വിദ്യാഭ്യാസ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി ആയിരിക്കും സ്കിൽസ് ഇംഗ്ലണ്ടിൽ ഉണ്ടായിരിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
21 കാരനായ ലെവി ലോറൻസിന് സ്വാൻസീ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി കോഴ്‌സിന്റെ രണ്ടാം വർഷം ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചത്തേയ്ക്ക് ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളിൽ സാധാരണയായി കാണുന്ന ഫ്രഷേഴ്‌സ് ഫ്ലൂ ആയിരിക്കും എന്ന് കരുതി ഇതിനെ തള്ളിക്കളയുകയാണ് ചെയ്‌തത്. ദിവസങ്ങൾ കഴിയുന്തോറും സ്ഥിതി വഷളാകുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ സുഹൃത്തുക്കൾ ലെവിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ലെവിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ചികിത്സയ്ക്കായി പത്ത് ദിവസത്തോളം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ് പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ ഈ ഇരുപത്തി ഒന്നുകാരന് സാധിച്ചത്. കുട്ടിക്കാലത്ത് റുട്ടീൻ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പേരുത്തണമെന്ന് ലെവി ലോറൻസ് പറയുന്നു.
കുറച്ച് ദിവസങ്ങളായി പനി ഉണ്ടായിരുന്നെങ്കിലും താൻ അതിനെ വലിയ ഗൗരവത്തോടെ കണ്ടില്ല. എന്നാൽ ഒരുദിവസം തൻെറ സ്ഥിതി തീരെ മോശമായി. സംസാരിക്കാനോ ചുറ്റുമുള്ള കാര്യങ്ങൾ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥയിലാണ് തൻെറ സഹപാഠി ലെവിയെ ആശുപത്രിയിൽ കൊണ്ടുവന്നത് . റുട്ടീൻ വാക്‌സിനേഷനുകൾ സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യം വിളിച്ചോതുന്നതാണ് ലെവിയുടെ അനുഭവം എന്ന് പബ്ലിക് ഹെൽത്ത് വെയിൽസ് (PHW) പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ലണ്ടനിലുടനീളം പോലീസ് പട്രോളിംഗ് ശക്തമാക്കി. ആക്രമണത്തെ അനുകൂലിച്ച് ആഘോഷങ്ങളുമായി ജനങ്ങൾ ഇറങ്ങിയതിന് പിന്നാലെയാണ് ഇതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ആർക്കെങ്കിലും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ പോലീസുമായി ബന്ധപ്പെടണമെന്ന് സേന അറിയിച്ചു.
നിലവിലുള്ള സംഘർഷം വരും ദിവസങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇത് മുന്നിൽ കണ്ട് ലണ്ടനിലെ ജനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കാതെ പ്രതിഷേധം എങ്ങനെ കൊണ്ടുപോകാം എന്ന ആലോചനയിലാണ് പോലീസ് ഇപ്പോൾ. ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിയുടെ ആവശ്യപ്രകാരമാണ് പുതിയ നീക്കം.
കൗണ്ട്ഡൗൺ അവതാരക റേച്ചൽ റിലേ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് റോബർട്ട് ജെൻറിയുടെ നീക്കം. വെസ്റ്റ് ലണ്ടനിൽ കാറുകളിൽ പലസ്തീൻ പതാകകൾ വച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു റിലേയുടെ പോസ്റ്റിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ ആളുകൾ പലസ്തീൻ പതാകകൾ വീശുന്നതും കാറിന്റെ ഹോൺ മുഴക്കുന്നതും കൈകൊട്ടുന്നതും കാണിക്കുന്ന ഒരു വീഡിയോയും റേച്ചൽ റിലേ പോസ്റ്റ് ചെയ്തു. ആളുകൾ ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ലണ്ടനിൽ ജനങ്ങൾ അതിൻെറ പേരിൽ ആഘോഷിക്കുന്നത് തീർത്തും ഭയാനകമാണെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്താംപ്ടണിൽ താമസിക്കുന്ന അനിൽ ചെറിയാൻ (36) നിര്യാതനായി. യുകെ മലയാളികൾക്കിടയിൽ ഗായകൻ എന്ന നിലയിൽ അനിൽ എന്നും സുപരിചിതനായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അനിൽ ലോകത്തോട് വിട പറഞ്ഞത്. തന്റെ സിംഫണി ഓർക്കസ്ട്രയിലൂടെയാണ് അനിൽ മലയാളികൾക്ക് ഏറെ സുപരിചിതനായത്. കഴിഞ്ഞ ദിവസങ്ങളിലും പരിപാടികളുമായി സജീവമായിരുന്ന അനിലിന്റെ പെട്ടെന്നുള്ള വിയോഗത്തിൻെറ ഞെട്ടലിൽ ആണ് യുകെ മലയാളികൾ.
ഭാര്യ ജോമി അനിൽ. മക്കൾ ഹെവൻ, ഹെയസിൽ.
അനിൽ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നീതിന്യായ വ്യവസ്ഥയിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നും അതിനാൽ ജോലി ഉപേക്ഷിച്ചു രാജ്യം വിടുകയാണെന്ന് സർക്കാരിന്റെ റേപ്പ് അഡ്വൈസർ. ബലാത്സംഗ പ്രോസിക്യൂഷനുകളുടെ ഔദ്യോഗിക അവലോകനത്തിന്റെ വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും എന്നാൽ കൂടുതൽ മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും എമിലി പറഞ്ഞു. രണ്ട് വർഷമായി, നിയമ മന്ത്രാലയത്തിന്റെ ബലാത്സംഗ അവലോകനത്തിന്റെ സ്വതന്ത്ര ഉപദേഷ്ടാവാണ് എമിലി. എമിലിയുടെ ജോലിയെയും സംഭാവനയെയും സർക്കാർ പ്രശംസിച്ചു.
2019 മാർച്ചിൽ ആരംഭിച്ച റേപ്പ് റിവ്യൂവിന്റെ ഉദ്ദേശ്യം ഇരകളുടെ അനുഭവങ്ങൾ അറിയുക എന്നതായിരുന്നു. അവരുടെ റിപ്പോർട്ടുകൾ മുതൽ പോലീസിന് കോടതിയിലെ ഫലങ്ങൾ വരെ. വിചാരണയ്ക്ക് പോകുന്ന കേസുകളുടെ എണ്ണം 2016 ലെ നിലവാരത്തിലേക്ക് തിരികെ എത്തിക്കുമെന്നും പ്രക്രിയയിൽ നിന്ന് പിന്മാറുന്ന ഇരകളുടെ എണ്ണം കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്തു. 2015 മെയ് മാസത്തിൽ ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ എമിലിയെ നഗ്നയായി ചിത്രീകരിച്ചു. ക്രിസ്റ്റഫർ കില്ലിക്കിനെ ബലാത്സംഗം ആരോപിച്ച് ആദ്യം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് ഒഴിവാക്കുകയായിരുന്നു. പിന്നീട് അഞ്ചു വർഷത്തിന് ശേഷം അദ്ദേഹം കുറ്റം സമ്മതിച്ചു.
താൻ ഇപ്പോഴുള്ളത് വേട്ടയാടപ്പെടാനുള്ള സാഹചര്യത്തിലാണെന്ന് എമിലി പറഞ്ഞു. ചാനൽ 4 ന്യൂസിന് നൽകിയ അഭിമുഖത്തിൽ, തന്റെ റോളിൽ തുടരുന്നതിൽ ഒരു ലക്ഷ്യവുമില്ലെന്ന് അവർ പറഞ്ഞു. അവലോകനത്തിൽ കൈവരിച്ച പുരോഗതി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അവർ ബിബിസിയോട് പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെത്തുടർന്ന് 2021-ലാണ് എമിലിയെ സർക്കാരിന്റെ റേപ്പ് റിവ്യൂവിന്റെ സ്വതന്ത്ര ഉപദേശകയാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള ഫണ്ടുകൾ അനുവദിച്ചതിൽ വൻ വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പ് ഫണ്ടിംഗ് പ്ലാനുകൾ തെറ്റായി ആണ് കണക്കാക്കിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളുകൾ അടുത്ത അധ്യയന വർഷത്തേക്കുള്ള ബഡ്ജറ്റുകൾ വീണ്ടും തയ്യാറാക്കേണ്ടതായി വരും.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും സംഭവിച്ച പിഴവ് കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ ബഡ്ജറ്റ് തയ്യാറാക്കുന്ന അധ്യാപകരെ കടുത്ത നിരാശയിലാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ആസൂത്രണ പിഴവെന്ന് അധ്യാപക സംഘടനയുടെ നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും വകുപ്പ് മാപ്പ് പറയുകയും ചെയ്തു.
ഫണ്ട് അനുവദിച്ചതിലെ ആസൂത്രണ പിഴവിനെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. മൊത്തത്തിലുള്ള സ്കൂൾ ബഡ്ജറ്റിലെ വർദ്ധനവ് നേരിടുന്നതിന് ഗവൺമെൻറ് 370 മില്യൺ പൗണ്ട് കൂടി കണ്ടെത്തേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ . വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് ഏകദേശ ധാരണ സ്കൂളുകൾക്ക് മുൻകൂട്ടി തയ്യാറാക്കാനാവും. വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചതിൽ തെറ്റ് കയറിക്കൂടുന്നതിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒട്ടേറെ മലയാളികളാണ് ആരോഗ്യ മേഖലയിൽ ജോലി ലഭിച്ച് യുകെയിലെത്തിയിരിക്കുന്നത് . യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് . പുതിയതായി വീടുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. യുകെയിൽ വീടുകളുടെ വിലയിടുവ് അടുത്ത വർഷവും തുടരും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെന്ററും ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പിൻറെ ഭാഗവുമായ ഹാലി ഫാക്സ് ആണ് യുകെയിലെ വീടുകളുടെ വിലയിടിവ് തുടരുമെന്ന വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ മാസത്തിൽ പ്രോപ്പർട്ടി വില കഴിഞ്ഞവർഷം ഇതേസമയത്തെ അപേക്ഷിച്ച് 4.7 ശതമാനം കുറവായിരുന്നു. ഉയർന്ന പലിശയും മോർഗേജ് നിരക്കും പ്രോപ്പർട്ടി മാർക്കറ്റിനെ ബാധിക്കുന്നതായാണ് ഹാലി ഫാക്സ് അഭിപ്രായപ്പെടുന്നത്. പലിശ നിരക്ക് ഇനിയും ഉയരുകയാണെങ്കിൽ വീടുകളുടെ വിലയിലെ ഇടിവ് ഇനിയും തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ മാസത്തെ വിലയിടുവ് തുടർച്ചയായ 6 മാസമുള്ള വിലയിടുവാണ്. നിലവിൽ യുകെയിലെ ഒരു വീടിൻറെ ശരാശരി വില 2,78601 പൗണ്ട് ആണ് . 2020 മാർച്ചിൽ മഹാമാരിയുടെ സമയത്ത് വില ഉയരാൻ തുടങ്ങിയ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 39,400 പൗണ്ട് കൂടുതലാണ്.
പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്. രണ്ടോ അതിലധികമോ മാസത്തെ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുകയും ചെയ്യും. വീടുകളുടെ വില കുത്തനെ താഴ്ന്നത് പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപിച്ചവർക്കും തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള പദ്ധതിയുമായി വിൻഡ്സർ കാസ്റ്റിലിൽ ഒരു ക്രോസ് ബോയുമായി എത്തിയ ഇരുപത്തൊന്നുകാരനായ ജസ്വന്ത് സിംഗ് ചെയിലിന് രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഒൻപത് വർഷം ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. 2021 ഡിസംബറിലെ ക്രിസ്തുമസ് ദിനത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് ഗേൾ ഫ്രണ്ടായ സാറയുടെ പ്രേരണയും , അതോടൊപ്പം തന്നെ സ്റ്റാർ വാർ സിനിമകളുടെ കഥകളും മറ്റുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. മാനസികമായി അസ്വാസ്ഥ്യം അനുഭവിക്കുന്ന പ്രതിയെ നിലവിൽ മാനസിക ആരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ ചികിത്സകൾക്ക് ശേഷം പിന്നീട് കസ്റ്റഡിയിൽ ഏൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സതാംപ്ടണിനടുത്തുള്ള നോർത്ത് ബാഡ്‌സ്‌ലിയിൽ നിന്നുള്ള ജസ്വന്ത് സിംഗ് 1981 – ന് ശേഷം രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ ആകുന്ന ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിന് മുൻപ് തന്നെ മറ്റുള്ളവരെ കൊല്ലുന്ന തരത്തിലുള്ള ചിന്തകൾ ഇയാൾക്ക് ഉണ്ടായിരുന്നുവെന്ന് കേസിൽ ശിക്ഷ വിധിച്ച ജസ്റ്റിസ് ഹില്യാർഡ് ഒരു തൽസമയ ടിവി സംപ്രേഷണത്തിനിടെ പറഞ്ഞു. ഇയാളുടെ ഉദ്ദേശം രാജ്ഞിയെ പരിഭ്രാന്തയാക്കുകയായിരുന്നില്ല, മറിച്ച് കൊല്ലുകയായിരുന്നുവെന്നും ജഡ്ജി കണ്ടെത്തി.
മുൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ഇയാൾ, നൈലോൺ കയർ ഗോവണി ഉപയോഗിച്ച് കൊട്ടാരത്തിന്റെ ചുറ്റളവ് അളന്നതായും, പിന്നീട് രണ്ടുമണിക്കൂറോളം ഇയാൾ അവിടെ ഉണ്ടായിരുന്നതായുമാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനുശേഷമാണ് പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. കാസ്റ്റിലിന്റെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് സ്നാപ്പ് ചാറ്റിൽ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ, 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സൈന്യം വെടിയുതിർത്തപ്പോൾ, മരിച്ചവരോടുള്ള പ്രതികാരമാണ് തന്റെ പ്രവർത്തനങ്ങൾ എന്ന് ചെയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സിഖ് പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള ചെയിൽ, തങ്ങളുടെ വംശത്തിന്റെ പേരിൽ അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടിയാണ് തന്റെ പ്രവർത്തനങ്ങളെന്നും ആ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യദ്രോഹ കുറ്റ പ്രകാരമാണ് ഇപ്പോൾ ചെയിലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.