Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ അപ്പോയിന്റ്ന്മെന്റിനായി കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ ദുരിതം സ്ഥിരം വാർത്തയായി കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിലെ കാത്തിരിപ്പ് സമയം കൂട്ടുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. എൻഎച്ച്എസിൽ ദന്ത ഡോക്ടർമാരുടെ ക്ഷാമം മൂലം വളരെ ഗുരുതരമായ പ്രശ്നങ്ങൾ പല രോഗികളും അഭിമുഖീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.


വായിലെ അർബുദം നേരത്തെ കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യാത്തതിൽ പല രോഗികൾക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വരുന്നതായാണ് ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ കണ്ടെത്തൽ . ദന്ത ഡോക്ടർമാരുടെ അഭാവം മൂലം വായിലെ ക്യാൻസർ കണ്ടെത്തുന്നതിൽ വരുന്ന കാല താമസമാണ് ഒട്ടേറെ പേരുടെ ജീവന് തന്നെ ഹാനികരമായി തീരുന്നത്. ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 -ൽ വായിലെ അർബുദരോഗം മൂലം 3000 -ത്തിലധികം ആളുകളാണ് മരണമടഞ്ഞത്. ഒരു ദശാബ്ദം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണത്തിൽ 46% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.


അടിയന്തര ചികിത്സ വേണ്ടിവന്ന ഒരു രോഗി ദന്തഡോക്ടറുടെ അപ്പോയിന്റമെന്റിനായി ബുക്ക് ചെയ്തപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ 800 – മത് ആയാണ് അവസരം ലഭിച്ചത്. 50 പൗണ്ട് മുടക്കി ഇദ്ദേഹം ഒരു സ്വകാര്യ ദന്തഡോക്റെ സമീപിച്ചപ്പോൾ ക്യാൻസർ കണ്ടെത്തുകയായിരുന്നു . കൗണ്ടിൽ ഹാമിൽ നിന്നുള്ള ഈ രോഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പല രോഗികൾക്കും വായിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ കണ്ടെത്തുന്നത് അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നതിന് ശേഷമാണ്. വായിലെ ക്യാൻസറിന്റെ പ്രാരംഭഘട്ടം തിരിച്ചറിയുന്നതിന് വളരെ പ്രധാനമാണ് ദന്ത പരിശോധന . മതിയായ ഡോക്ടർമാരുടെ അഭാവം മൂലം ഇത് പലപ്പോഴും നടക്കുന്നില്ലെന്ന് ഓറൽ ഹെൽത്ത് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് നൈജൽ കാർട്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പാലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾ ഭരണ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചു വരികയാണ്. ഇസ്രയേൽ ഹമാസ് സംഘർഷം ആരംഭിച്ചപ്പോൾ മുതൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ഭരണനേതൃത്വത്തിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെതിരെ പ്രതിഷേധ റാലികളുടെ പരമ്പര തന്നെയാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുസരിച്ച് പാലസ്തീൻ അനുകൂല മാർച്ചുകൾ നിരോധിക്കാനാവില്ലെന്ന് മെറ്റ് പോലീസ് മേധാവി പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

വാരാന്ത്യത്തിൽ നടന്നു വരുന്ന പ്രതിഷേധ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയിരങ്ങൾ തടിച്ചു കൂടുന്ന ഇത്തരം പ്രതിഷേധ മാർച്ചുകൾ സമാധാനപരമായിരിക്കുമെന്ന് ആർക്ക് ഉറപ്പു പറയാൻ സാധിക്കുമെന്നാണ് ഈ വിഷയത്തോട് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. ഇത്തരം സന്ദർഭങ്ങളിലെ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് മെറ്റ് പോലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ 11-ാം തീയതി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാർച്ചിന്റെ സമയത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇസ്രയേലിനോട് വെടി നിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്നത് പാലസ്തീൻ അനുകൂല പ്രതിഷേധ റാലികൾകളിൽ മുഴങ്ങി കേൾക്കുന്ന സ്ഥിരം മുദ്രാവാക്യമാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇസ്രയേൽ വെടി നിർത്തണമെന്ന അഭിപ്രായമുള്ള എംപിമാർ ഉണ്ട് . ലേബർ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനോട് പ്രതിഷേധിച്ച് പലരും പാർട്ടിയിൽ നിന്ന് രാജി വച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വൈറസ് ഭീഷണി ഉയർത്തുന്നില്ല എന്ന് തെളിയിക്കുന്നതിനായി മഹാമാരിയുടെ തുടക്കത്തിൽ ടെലിവിഷനിലൂടെ തൽസമയം കൊറോണ വൈറസ് തന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കുവാൻ ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ മുൻസഹായി വെളിപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് എൻക്വയറി കമ്മീഷന് മുൻപിൽ നൽകിയ സാക്ഷി മൊഴിയിലാണ് ഇക്കാര്യം ബോറിസ് ജോൺസന്റെ മുൻസഹായി ആയിരുന്ന ലോർഡ് ലിസ്റ്റർ വെളിപ്പെടുത്തിയത്. 2019-2021 കാലയളവിൽ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായും, ലണ്ടൻ മേയറായി പ്രവർത്തിച്ചിരുന്ന സമയം മുതൽ ബോറിസ് ജോൺസന്റെ വിശ്വസ്തനുമായിരുന്നു ലോർഡ് ലിസ്റ്റർ. കോവിഡ് വൈറസ് പൊതുജനങ്ങൾക്ക് ഭീഷണി അല്ലെന്ന് തെളിയിക്കുന്നതിനായി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരോടും, ഉപദേശകരോടും ടെലിവിഷനിലൂടെ തൽസമയം തന്റെ ശരീരത്തിലേക്ക് വൈറസ് കുത്തി വയ്ക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടതായാണ് ലിസ്റ്റർ തന്റെ സാക്ഷി മൊഴിയിൽ വ്യക്തമാക്കിയത്. കോവിഡിന് ഒരു സാധാരണ രോഗമായി കാണാതിരുന്ന സമയത്ത്, ഒരു നിമിഷത്തെ ചിന്തയിൽ നടത്തിയ ഒരു ദൗർഭാഗ്യകരമായ അഭിപ്രായപ്രകടനമായാണ് ലിസ്റ്റർ ഈ തീരുമാനത്തെ വിശദീകരിച്ചത്.


അതോടൊപ്പം തന്നെ മറ്റൊരു ലോക്ക്ഡൗണിനേക്കാൾ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നതാണ് അഭികാമ്യമെന്ന പ്രസ്താവനയും ബോറിസ് ജോൺസൺ നടത്തിയതായി തന്റെ സാക്ഷി മൊഴിയിൽ ലിസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2020 ലാണ് ജോൺസൺ ഈ പ്രസ്താവന നടത്തിയതെങ്കിലും, ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021 ഏപ്രിലിലാണ്. എന്നാൽ ആ സമയത്ത് ഈ ആരോപണം തികച്ചും അസംബന്ധമാണെന്ന് വ്യക്തമാക്കി ബോറിസ് ജോൺസൻ തള്ളിക്കളഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും ഇതിനകം തന്നെ കനത്ത ആഘാതം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും ലിസ്റ്റർ പറഞ്ഞു. ജോൺസൻ ഇതു വരെ അന്വേഷണ കമ്മീഷന് മുൻപിൽ ഹാജരായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലീഡ്‌സിലെ ഹോർസ്ഫോർത്ത് സ്കൂളിന് സമീപം 15 വയസ്സുകാരനായ ആൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹോർസ്ഫോർത്തിലെ ടൗൺ സ്ട്രീറ്റിലാണ് സംഭവം. ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തി കുത്തേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും, ഇത്തരത്തിലുള്ള ഒരു ദാരുണമായ സംഭവം പ്രാദേശികമായി സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ ആഘാതവും വലിയ ഞെട്ടലും തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അതിനാൽ തന്നെ എത്രയും വേഗം അന്വേഷണം നടത്തുമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റെസി അറ്റ്കിൻസൺ അറിയിച്ചു.


ഹോഴ്‌സ്‌ഫോർത്തിലെ സംഭവം ഭയാനകവും വേദനിപ്പിക്കുന്നതുമാണെന്ന് ഹോർസ്ഫോർത്ത് എം പി സ്റ്റുവർട്ട് ആൻഡ്രൂ പറഞ്ഞു. ഹോർസ്ഫോർത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്നു മരണമടഞ്ഞ കുട്ടി. മലയാളികൾ തിങ്ങിപ്പറക്കുന്ന സ്ഥലമാണ് ലീഡ്സ്, വെസ്റ്റ് യോർക്ക്ഷെയർ എന്നീ സ്ഥലങ്ങൾ. അതിനാൽ തന്നെ പുറത്തു വന്നിരിക്കുന്ന വാർത്ത മലയാളികളെ ആകെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സംഭവം ഉണ്ടാക്കിയ മുറിവ് നികത്താൻ ആവാത്തതാണെന്നും, കുട്ടിയുടെ കുടുംബത്തോടുള്ള എല്ലാ പിന്തുണയും അറിയിക്കുന്നതായും ഹോർസ്ഫോർത്ത് സ്കൂൾ മേധാവി പോൾ ബെൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

20 വർഷത്തോളം യുകെയിൽ അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി തന്റെ സ്വന്തം നാട്ടിൽ ആരംഭിച്ച സംരംഭത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന്റെ പേരിൽ യുകെ മലയാളി ഷാജിമോൻ ജോർജ് നടത്തിയ സമരം കേരളത്തിൽ ചർച്ചയായി . കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടി നടക്കുമ്പോഴാണ് ഷാജിമോന്റെ സമരം അരങ്ങേറിയത് എന്നത് ഉദ്യോഗ ഭരണനേതൃത്വങ്ങൾക്ക് വൻ തിരിച്ചടിയായി. സ്ഥലം എംഎൽഎ ആയ മോൻസ് ജോസഫ് ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഷാജിമോൻ ജോർജ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മോൻസ് ജോസഫ് എംഎൽഎ ഇടപെട്ട് നടത്തിയ ചർച്ചകളിൽ കെട്ടിടത്തോട് ബന്ധപ്പെട്ട മൂന്ന് രേഖകൾ കൂടി നൽകിയാൽ കെട്ടിട നമ്പർ അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുകയായിരുന്നു. തീരുമാനത്തിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ വീണ്ടും ഇടപെടുമെന്ന് എംഎൽഎ പറഞ്ഞു . പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് നാടിനോടുള്ള സ്നേഹം കാരണം കേരളത്തിലെത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രത ഉണ്ടാവണമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജിമോൻ ജോർജിന്റെ സമരം വൻ നാടകീയ മുഹൂർത്തങ്ങൾക്കാണ് കാരണമായത്. മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന്റെ മുൻപിലെ സമരം പോലീസ് ഇടപെടലിനെ തുടർന്ന് റോഡിലേക്ക് മാറ്റുകയായിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാഴികയ്ക്ക് നാൽപതുവട്ടം കൊട്ടിഘോഷിക്കുന്ന കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് യുകെ മലയാളിയായ ഷാജിമോൻ ജോർജിന്റെ കാര്യത്തിലുണ്ടായത്. അന്യനാട്ടിൽ കഷ്ടപ്പെട്ട പണമാണ് ഓരോ പ്രവാസിയും കേരളത്തിലേക്ക് അയക്കുകയും ഇവിടെ നിക്ഷേപിക്കുകയും ചെയ്യുന്നത് എന്ന് പ്രശ്നത്തിൽ ഇടപെട്ട മോൻസ് ജോസഫ് എംഎൽഎ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള വിഷയത്തിൽ തൻറെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളം യുകെ അവാർഡ് നൈറ്റിന്റെ ലോഗോ പ്രകാശനം സെപ്റ്റംബർ 28-ാം തിയതി കോട്ടയത്ത് വച്ച് നടത്തിയത് മോൻസ് ജോസഫ് എംഎൽഎ ആയിരുന്നു. യുകെ മലയാളികളുടെ പ്രശ്നങ്ങൾ പൊതു സമക്ഷം കൊണ്ടുവരുവാൻ മലയാളം യുകെ ന്യൂസ് വഹിക്കുന്ന പങ്കിനെ കുറിച്ച് ലോഗോ പ്രകാശന വേളയിൽ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹാലിഫാക്‌സിന്റെ കണക്കനുസരിച്ച് ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തി ഭവനങ്ങളുടെ വില. ഒക്ടോബർ മാസത്തെ റിപ്പോർട്ടിൽ ആണ് ഇത് കണ്ടെത്തിയത്. എന്നാൽ അടുത്ത വർഷം വീടുകളുടെ വിലയിലെ മൂല്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം വീടുകളുടെ വില 1.1% വർദ്ധിച്ചതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്‌സ് പറയുന്നു. ഇത് ശരാശരി പ്രോപ്പർട്ടി മൂല്യം £281,974 ആയി ഉയർത്തി.

വിൽപ്പനയ്ക്കുള്ള വീടുകളുടെ അഭാവമാണ് വില ഉയരാൻ കാരണമെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. 2025 വരെ വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പലിശാ നിരക്കും ജീവിത ചിലവുമാണ് ഇതിൻെറ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹാലിഫാക്‌സിന്റെ കണക്കുകൾ പ്രകാരം ഒക്‌ടോബറിൽ വീടിന്റെ വില കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാൾ 3.2% കുറഞ്ഞു.

അടുത്തിടെ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ക്രമാനുഗതമായി വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവ് ഭവന ഉടമകളുടെ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി. നിലവിലെ പലിശാ നിരക്ക് 5.25% ആണ്. ഇത് അടുത്ത കാലത്തൊന്നും കുറയുന്നതായും തോന്നുന്നില്ല. ഇത് കണക്കിലെടുത്താണ് വീടുകളുടെ വില മൊത്തത്തിൽ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഹാലിഫാക്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കാൻ സർക്കാർ. പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിങ്ങിന്റെ ഭാഗമായാണ് ചാൾസ് രാജാവ് ഇത് പ്രഖ്യാപിച്ചത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാകാൻ നിർബന്ധിക്കുന്ന നടപടികളും തടവുകാർ വിവാഹം കഴിക്കുന്നത് തടയുന്നതിനുള്ള നിയമവും ഇതിൽ ഉൾപ്പെടും. ഇതാദ്യമായാണ് ചാൾസ് രാജാവെന്ന നിലയിൽ പ്രസംഗിക്കുന്നത്. കൺസർവേറ്റീവുകൾ ഒരു വർഷത്തിലേറെയായി അഭിപ്രായ വോട്ടെടുപ്പിൽ ലേബറിനേക്കാൾ പിന്നിലാണ്, പ്രസംഗത്തിൽ പ്രഖ്യാപിച്ച ബില്ലുകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നു.

 

കുറ്റകൃത്യ ബില്ലുകൾക്ക് പുറമേ നോർത്ത് സീയിലെ എണ്ണ, വാതക പദ്ധതികൾക്ക് വർഷം തോറും ലൈസൻസ് അനുവദിക്കുന്ന ബില്ലും സിഗരറ്റ് വാങ്ങാനുള്ള പ്രായം ഉയർത്തി ക്രമേണ പുകവലി നിരോധിക്കാനുള്ള പദ്ധതി ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കും. പ്രസംഗത്തിന് മുന്നോടിയായി, ഇംഗ്ലണ്ടിനും വെയിൽസിനുമായി മൂന്ന് ക്രൈം ബില്ലുകൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 67 ജീവപര്യന്തം തടവുകാരാണുള്ളത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാക്കാൻ ന്യായമായ ബലപ്രയോഗം നടത്താമെന്നും ബിൽ നിയമത്തിൽ വ്യക്തമാക്കുമെന്ന് സർക്കാർ പറയുന്നു. ഇത് വിസമ്മതിക്കുന്ന കുറ്റവാളികൾക്ക് രണ്ട് വർഷം അധിക തടവ് ലഭിക്കും. ശിക്ഷകൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മദ്യപിച്ച് അതീവ സുരക്ഷാ മേഖലയായ ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ ടൂറിസ്റ്റ് ജയിൽ മോചിതനായി. 25 കാരനായ മുസ്തഫ അവാദ് ആണ് സെപ്റ്റംബർ 16 -ന് പുലർച്ചെ രാജാവിൻറെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി അറസ്റ്റിലായത് .

പുലർച്ചെ ഒരാൾ മതിൽ കയറുന്നത് കണ്ടെന്ന റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊട്ടാരത്തിന് അടുത്തുള്ള മെസ്സ് ഏരിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാൾക്ക് 1000 പൗണ്ട് പിഴ ചുമത്തിയാണ് മോചിപ്പിക്കുന്നത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 485 പൗണ്ട് കോടതി ചിലവുകൾക്കും മറ്റുമായി നൽകണം. പക്വത ഇല്ലാത്തതും അശ്രദ്ധയും വിഡ്ഢിത്തവും നിറഞ്ഞ വ്യക്തി എന്നാണ് ഇയാളെ കുറിച്ച് കോടതി വിശേഷിപ്പിച്ചത്.

സെപ്റ്റംബർ മാസം 7-ാം തീയതിയാണ് 10 ദിവസത്തെ സന്ദർശനത്തിനായി അവാദ് യുകെയിൽ എത്തിയത്. അടുത്തദിവസം സ്പെയിനിലേയ്ക്ക് പോകാൻ ഇരിക്കെയാണ് കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയതിന് പോലീസ് പിടിയിലായത് . ഫോട്ടോ എടുക്കാനാണ് മതിൽ ചാടി കടന്നത് എന്നായിരുന്നു ഇയാളുടെ വിശദീകരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2019 സെപ്റ്റംബറിൽ ബ്ലെൻഹൈം പാലസിൽ നിന്ന് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു .ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊട്ടാരമാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസന്റ് ചർച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെൻഹൈം പാലസ്. ജെയിംസ് ഷീൻ (39) മൈക്കൽ ജോൺസ് (38 ) ഫ്രെഡ് ഡോ (33 ), ബോറ ഗുക്കുക്ക് (39) എന്നിവരാണ് 5 ദശലക്ഷം പൗണ്ടിന്റെ ടോയ്‌ലറ്റ് മോഷണത്തിന് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.

പ്രതികളെ നവംബർ 28 -ന് ഓക്സ്ഫോർഡ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇറ്റാലിയൻ കൺസെപ്ച്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റെ ആണ് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ്ണ ടോയ്‌ലറ്റിന്റെ ശില്പി. നേരത്തെ ന്യൂയോർക്കിലെ ഗഗ്ലെൻ ഹെം മ്യൂസിയത്തിലും സ്വർണ്ണ ടോയ്ലറ്റ് പ്രദർശിപ്പിച്ചിരുന്നു. മോഷണം പോയ ടോയ്‌ലറ്റ് വീണ്ടെടുത്തോ എന്ന് വ്യക്തമല്ല. മോഷണ വസ്തുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ്സിൽ അല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഒറ്റത്തവണ ബോണസിന് അർഹതയില്ലന്ന് നേരത്തെയെടുത്ത തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഇതോടെ എൻഎച്ച്എസ് ഇതര ഓർഗനൈസേഷനുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ഒറ്റത്തവണ ബോണസ് ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. എൻഎച്ച്എസിൽ അല്ലാതെ ആരോഗ്യം മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളികൾക്കും ഇതിൻറെ പ്രയോജനം ലഭിക്കും.

നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ സമരപരമ്പരകളെ തുടർന്ന് ശമ്പള വർദ്ധനവിന് ഒപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് നൽകാൻ സർക്കാർ തീരുമാനമായിരുന്നു. എന്നാൽ ഒറ്റത്തവണ പെയ്മെന്റിന് ആയിരക്കണക്കിന് എൻഎച്ച്എസ്സിന്റെ സ്‌ഥിരം ജീവനക്കാർ അല്ലാതെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് യോഗ്യതയില്ലന്ന നയമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. സർക്കാർ നയത്തിനെതിരെ ശക്തമായ നിയമനടപടികളുമായി തൊഴിൽ ദാദാക്കൾ മുന്നോട്ട് പോകാനുള്ള സാധ്യത മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജീവനക്കാരുടെ ഈ സമരതന്ത്രമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

എൻ എച്ച് എസ് ഇതര ഓർഗനൈസേഷനിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ബോണസ് നൽകാനുള്ള തീരുമാനം 20000 ത്തോളം ജീവനക്കാർക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ കമ്മ്യൂണിറ്റി നേഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉണ്ട് . ഈ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് തൊഴിൽ ദാതാക്കളെ സഹായിക്കുന്നതിനായി സർക്കാർ തീരുമാനിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved