Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷുകാർ വേനൽക്കാലം ആഘോഷിക്കുവാൻ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രസിദ്ധമായ ദ്വീപുകളിൽ ഒന്നായ ഗ്രീസിലെ റോഡ്സ് ദ്വീപിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ കാട്ടുതീ പടർന്നത് ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ദ്വീപിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് എങ്കിലും അടച്ചിടുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടർന്ന് അവധിക്കാല ആഘോഷങ്ങൾക്കായി ദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് ടൂറിസ്റ്റുകളെ വിലക്കിയിരിക്കുകയാണ് ഈസി ജെറ്റ് അധികൃതർ. നിലവിൽ അവിടെ അകപ്പെട്ടു പോയിരിക്കുന്ന ടൂറിസ്റ്റുകളിൽ പലരും ഹോട്ടലുകളിൽ നിന്ന് പാലായനം ചെയ്തു, സ്കൂളുകളിലും വിമാനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും മറ്റുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്.

ദ്വീപിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും, ഇപ്പോഴും 5000 ത്തോളം ബ്രിട്ടീഷുകാർ അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചില റിസോർട്ടുകൾക്ക് കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് മൂലം ഈ വേനൽക്കാലത്ത് അവയൊന്നും തന്നെ വീണ്ടും തുറക്കുവാനുള്ള സാധ്യതയില്ല. ടൂർ ഓപ്പറേറ്റർമാരുമായി ബന്ധപ്പെടാനുള്ള നിർദ്ദേശമാണ് ജനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോഴും ദ്വീപിലേക്ക് പോകരുതെന്ന നിർദ്ദേശം വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഈസി ജെറ്റും, ടൂറിസ്റ്റിക് യൂണിയൻ ഇന്റർനാഷണൽ തങ്ങളുടെ ഹോളിഡേ പാക്കേജുകൾ കുറച്ചു ദിവസത്തേയ്ക്ക് റദ്ദാക്കിയിട്ടുണ്ട്. ദ്വീപിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളിൽ പലരും തങ്ങളുടെ പോലും സാധനങ്ങൾ ഉപേക്ഷിച്ച് പാലായനം ചെയ്യുവാനായി നിർബന്ധിരായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഗ്രീസിനെ സഹായിക്കുവാനായി യൂറോപ്യൻ യൂണിയനിൽ നിന്നും അഗ്നിശമനസേന അധികമായി എത്തിയിട്ടുണ്ട്. ദ്വീപിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ കാട്ടുതീ പടർന്നു പിടിച്ചതെന്നിരുന്നാലും ടൂറിസ്റ്റുകൾ പരമാവധി യാത്രകൾ ഒഴിവാക്കുകയാണ് ഉത്തമം എന്ന നിർദ്ദേശമാണ് പൊതുവെ പുറത്തുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെ കെയർ മേഖലയിൽ തൊഴിൽ ചൂഷണം ഏറുന്നതായി റിപ്പോർട്ട്‌. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, വ്യക്തിപരമോ സാമ്പത്തികമോ ആയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള 109 പേർ ഉണ്ടായിരുന്നതായി പറയുന്നു. അൺസീൻ എന്ന ചാരിറ്റി നടത്തുന്ന സർക്കാർ അംഗീകൃത ആന്റി-സ്ലേവറി ഹെൽപ്പ് ലൈനിൽ നിന്നാണ് ഈ കണക്കുകൾ. കെയർ മേഖലയിൽ മൂന്നൂറിൽ അധികം കേസുകളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ കെയർ ഹോമുകൾ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിൽ വിദേശ തൊഴിലാളികൾക്ക് സർക്കാർ 102,000 വിദഗ്ധ തൊഴിലാളി, ആരോഗ്യ, പരിചരണ വിസകൾ അനുവദിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 171% വർദ്ധനവാണ്. ഒരു ദിവസം 20 മണിക്കൂർ വരെയും പലപ്പോഴും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യേണ്ടി വരുന്നതായി ചൂഷണത്തിന് ഇരയായവർ പറയുന്നു. മണിക്കൂറിന് £2 ൽ താഴെയാണ് വേതനം. കെയർ വർക്കർമാർക്ക് ഏറ്റവും കുറഞ്ഞ വേതനമായ £10.90 (ലണ്ടനിൽ £11.95) നൽകണമെന്ന നിയമം ഉള്ളപ്പോഴാണ് ഇത്. പരാതിപ്പെട്ടാൽ ജോലി നിർത്തി വിസ റദ്ദാക്കുമെന്ന ഭീഷണി ഉയരും.

ബ്രെക്‌സിറ്റിനു ശേഷം വിദേശത്തുള്ള സോഷ്യൽ കെയർ ജീവനക്കാർക്ക് ജോലി ചെയ്യാനും ആയിരക്കണക്കിന് ജോലി ഒഴിവുകൾ നികത്താനും യു കെ ഗവൺമെന്റ് സൗകര്യമൊരുക്കിയതിനാലാണ് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കെയർ മേഖലയിൽ തൊഴിൽ ചൂഷണം വർദ്ധിച്ചതെന്ന് അൺസീൻ പറയുന്നു. മേഖല വലുതാകുമ്പോൾ ചൂഷണത്തിനുള്ള സാധ്യതയും ഏറുന്നു. കഴിഞ്ഞ വർഷം, ഇംഗ്ലണ്ട്, വെയിൽസ് പോലീസ് ഏകദേശം 10,000 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അതൊന്നും ഫലം കണ്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബിബിസി അവതാരകനും ലോകപ്രശസ്ത മാധ്യമപ്രവർത്തകനുമായ ജോർജ് അലഗായ (67) അന്തരിച്ചു. ഒൻപത് വർഷമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ബിബിസിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചവരിൽ ഒരാളാണ് അലഗായ. നിർഭയമായി റിപ്പോർട്ടുചെയ്യുകയും വാർത്തകൾ കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ധീരനായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ജോർജ്ജ് എന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബ്രിട്ടീഷ് ടിവി വാർത്തകളിൽ നിറഞ്ഞുനിന്ന അലഗായ കഴിഞ്ഞ 20 വർഷമായി ബിബിസി ന്യൂസ് അറ്റ് സിക്സ് അവതാരകൻ ആയിരുന്നു. അതിനുമുമ്പ്, റുവാണ്ട മുതൽ ഇറാഖ് വരെയുള്ള രാജ്യങ്ങളിൽ വിദേശകാര്യ ലേഖകൻ ആയിരുന്നു അദ്ദേഹം. 2014-ൽ വൻകുടലിൽ സ്റ്റേജ് ഫോർ ക്യാൻസർ ആണെന്ന് കണ്ടെത്തി. അത് ശ്വാസകോശത്തിലേയ്ക്കും കരളിലേയ്ക്കും നാഡീവ്യൂഹത്തിലേയ്ക്കും വ്യാപിച്ചതായി 2022 ഒക്ടോബറിൽ ഒരു പോഡ്കാസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

അലഗായ എന്ന പോരാളി

ഒരു മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, ജീവിതാവസ്ഥകളോട് പടവെട്ടി മുന്നേറിയ വ്യക്തി കൂടിയായിരുന്നു ജോർജ് അലഗായ. “എനിക്ക് ഇതു മറികടക്കാൻ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് ഇപ്പോഴും ക്യാൻസർ രോഗമുണ്ട്. ഇത് വളരെ സാവധാനത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്.” ഒക്ടോബറിൽ പുറത്തുവന്ന പോഡ്കാസ്റ്റിൽ അലഗായ പറയുന്നതാണിത്. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും മാത്രമാണുള്ളതെന്നാണ് ജോർജിൻ്റെ വാക്കുകൾ. അവസാനം ക്യാൻസർ തന്നെ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നുണ്ട്.

തനിക്ക് ക്യാൻസർ വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ ക്യാൻസർ ബാധിച്ച വർഷങ്ങൾ ഒരു നഷ്ടമായി തോന്നുന്നില്ലെന്നും ജോർജ് അലഗായ പറയുന്നുണ്ട്. അത് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ എന്താണ് പ്രധാനപ്പെട്ടതെന്ന് രോഗം എന്നെ പഠിപ്പിച്ചു. ജീവിതം ഇപ്പോൾ അവസാനിച്ചാൽ അതൊരു പരാജയമായി തോണില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ശ്രീലങ്കയിൽ ജനിച്ച് ഘാനയിലും യുകെയിലുമായി പഠിച്ച ജോ‍ര്‍ജ് 1989ലാണ് ബിബിസിയുടെ ഭാഗമാകുന്നത്. റുവാണ്ടയിലെ വംശഹത്യയുടെ റിപ്പോ‍ര്‍ട്ടിങ്, ഡെസ്മണ്ട് ടുട്ടു, നെൽസൺ മണ്ടേല തുടങ്ങിയവരുമായ അഭിമുഖങ്ങൾ എന്നിങ്ങനെ ആഫ്രിക്കയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ശേഷമാണ് ബിബിസി അവതാരകനായുള്ള ജോ‍ര്‍ജിൻ്റെ കടന്നുവരവ്. 1990-കളുടെ തുടക്കത്തിൽ സോമാലിയയിലെ പട്ടിണിയെയും യുദ്ധത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് അവാർഡ് നേടി. വടക്കൻ ഇറാഖിലെ കുർദുകൾക്കെതിരായ സദ്ദാം ഹുസൈന്റെ വംശഹത്യ പ്രചാരണം റിപ്പോർട്ട് ചെയ്തതിന് 1994-ൽ ബാഫ്തയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബുറുണ്ടിയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് 1994-ൽ ആംനസ്റ്റി ഇന്റർനാഷണലിന്റെ ആ വർഷത്തെ ജേണലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ അവയവകച്ചവടം, അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം, എത്യോപ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ റിപ്പോർട്ടുകളാണ്.

ജീവിതത്തിൽ നൽകാനുള്ള സന്ദേശമെന്താണ് എന്ന ചോദ്യത്തിനും ജോ‍ര്‍ജ് അലഗായയ്ക്ക് ഉത്തരമുണ്ടായിരുന്നു. “ഈ ചോദ്യം നമ്മൾ ചോദിച്ചു കൊണ്ടേയിരിക്കണം എന്നാണ് എനിക്കു തോന്നുന്നത് – നമുക്ക് എന്താണ് ഒരുമിച്ചു നിന്നുകൊണ്ട് ചെയ്യാൻ സാധിക്കുക? ഞാൻ ഒരുപാടു കാലം ആഫ്രിക്കയിൽ ചെലവഴിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ അവ‍ര്‍ ഒരു വാക്ക് ഉപയോഗിക്കാറുണ്ട് – ഉബുണ്ടു. ഞാൻ മനുഷ്യനാകണമെങ്കിൽ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം തിരിച്ചറിയാൻ കഴിയണം എന്നാണ് അതിൻ്റെ അ‍ര്‍ഥം.” മനുഷ്യത്വമുള്ള മാധ്യമപ്രവർത്തകന് വിട.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ട്രക്ക് ഉപയോഗിച്ച് മൊബൈൽ സ്പീഡ് ക്യാമറ ബോധപൂർവ്വം തടഞ്ഞ ഡ്രൈവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ജൂലൈ 14ന് ബ്രാഡ്‌ഫോർഡിലെ തോൺടൺ ഏരിയയിൽ വാഹനം പാർക്ക് ചെയ്ത 67 കാരൻ പോലീസ് എൻഫോഴ്‌സ്‌മെന്റ് ജോലികൾ നടത്തുന്നതിനിടെ ക്യാമറ ഓപ്പറേറ്ററെ തടസ്സപ്പെടുത്താൻ ട്രക്കിന്റെ ബെഡ് ഉയർത്തി വെച്ചതായി യോർക്ക്ഷയർ ഫോഴ്‌സ് പറഞ്ഞു. പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസറെ മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

മൊബൈൽ സ്പീഡ് എൻഫോഴ്‌സ്‌മെന്റിൻെറ 20 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകി. അമിതവേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതുപോലെ പോലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നത് തെറ്റാണെന്നും വെസ്റ്റ് യോർക്ക്ഷെയർ പോലീസിലെ കാഷ്വാലിറ്റി പ്രിവൻഷൻ യൂണിറ്റ് മേധാവി പോൾ ജെഫ്രി പറഞ്ഞു.

പോലീസ് റീഫോം ആക്ടിന് കീഴിലുള്ള സെക്ഷൻ 59 നോട്ടീസ് ഇയാൾക്ക് നൽകി. അതായത് ഈ തെറ്റ് ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ :- ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയ്ക്കു നേരെയുള്ള റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായുള്ള ഔദ്യോഗിക വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കത്തീഡ്രൽ പള്ളിക്കും ആക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തങ്ങൾ ആക്രമിച്ച ഒഡെസയുടെ പ്രദേശങ്ങൾ തങ്ങൾക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഇടങ്ങളാണെന്ന് റഷ്യ പ്രതികരിച്ചു. ഈ ആക്രമണത്തിന് തങ്ങൾ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നൽകിയിരിക്കുന്നത്.

ഉക്രൈനിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതികൾ മുടങ്ങാതിരിക്കാനായി തുർക്കിയും യു എന്നും മധ്യസ്ഥം വഹിച്ച റഷ്യയും ഉക്രൈനും തമ്മിൽ ഉണ്ടായിരുന്ന ബ്ലാക്ക് സീ ഗ്രേയിൻ ഇനിഷ്യേറ്റീവ് എന്ന ഉടമ്പടിയിൽ നിന്നും റഷ്യ പിന്മാറുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഒഡെസ നഗരത്തിന്മേൽ നിരന്തരമായ ആക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌ഫോടനത്തെ തുടർന്ന് നാല് കുട്ടികളടക്കം 14 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു. ആക്രമണത്തിൽ നഗരത്തിലെ ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ഓർത്തഡോക്സ് സഭയെ വ്യവസ്ഥാപിതമായി ദ്രോഹിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് റഷ്യ കത്തീഡ്രൽ നശിപ്പിച്ചതെന്ന് കൈവ് വൃത്തങ്ങൾ ആരോപിച്ചു. ഒരിക്കലും മറക്കാനാവാത്തതും പൊറുക്കപ്പെടാനാവാത്തതുമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു അപ്‌ഡേറ്റിൽ, റഷ്യ ഒഡെസ മേഖലയെ അഞ്ച് വ്യത്യസ്ത തരം മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഉക്രെയ്‌നിന്റെ തെക്കൻ കമാൻഡ് പറഞ്ഞു. ഈയാഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഒഡെസ നഗരത്തിൽ സൂക്ഷിച്ചിരുന്ന ധാരാളം ധാന്യശേഖരങ്ങൾ റഷ്യ നശിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒഡെസയിലെ ഏറ്റവും പുതിയ ആക്രമണത്തിന് ശേഷം ഉക്രെയ്നിന്റെ പ്രസിഡൻഷ്യൽ ഓഫീസ് മേധാവി ആൻഡ്രി യെർമാക് കൂടുതൽ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും മറ്റു രാജ്യങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്ത് ബ്ലാക്ക്പൂളിലെ മലയാളി നേഴ്സ് എറണാട്ടുകളത്തിൽ മെറീന ലൂക്കോസ് വിട വാങ്ങി. 46 വയസ്സ് മാത്രം പ്രായമുള്ള മെറീനയുടെ സ്വദേശം ചേർത്തല കണ്ണക്കരയാണ്. യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്താണ് ആകസ്മികമായ വേർപാട്.

കഠിനമായ പല്ലുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തുടരെ തുടരെ സ്ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഇന്നലെ ജൂലൈ 23-ാം തീയതി വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മറീനയ്ക്ക് ഉള്ളത്. ലിവർപൂളിലെ സെന്റ് പയസ് X ക്നാനായ കാത്തലിക് മിഷൻ അംഗമായ മറീന കേരളത്തിൽ കണ്ണക്കരപ്പള്ളി ഇടവകാംഗമായിരുന്നു.

പൊതുദർശനത്തെ കുറിച്ചും സംസ്കാര ചടങ്ങുകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മെറീന ലൂക്കോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യകരമായ ഒരു ജീവിതശൈലി പിൻ തുടരുന്നതിന് ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. ആവശ്യമായ വിറ്റാമിനുകൾ , ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ പഴങ്ങൾ ഹൃദയാരോഗ്യത്തിനും മറ്റ് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനും സഹായകരമാണ് . എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടിക ഔവർ വേൾഡ് ഇൻ ഡേറ്റാ പുറത്തുവിട്ടപ്പോൾ ആ പട്ടികയിൽ യുകെയും യുഎസും ഇല്ല . കരീബിയൻ ദീപായ ഡൊമിനിക്കയിൽ ഉള്ളവരാണ് ലോകത്ത് ഏറ്റവും കൂടുതൽ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് .ഡൊമിനിക്കയിലെ ജനങ്ങൾ ഒരു വർഷം 387.18 കിലോഗ്രാം പഴങ്ങളാണ് തങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത്. ഇത്രയും പഴങ്ങൾ ഒരാൾ കഴിക്കണമെങ്കിൽ ഏകദേശം 1500 ആപ്പിളുകളോ അതുമല്ലെങ്കിൽ 2500 വാഴപ്പഴങ്ങളോ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കേണ്ടതായി വരും.

എന്നാൽ 2020 -ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനങ്ങൾ 86.4 കിലോഗ്രാം പഴങ്ങൾ മാത്രമേ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്നുള്ളൂ . നിലവിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ യുകെ 65-ാം സ്ഥാനത്താണ് ഒരു ശരാശരി അമേരിക്കക്കാരൻ പ്രതി വർഷം 93.8 കിലോഗ്രാം പഴങ്ങൾ കഴിക്കുന്നുണ്ട്. പട്ടികയിൽ യുഎസ് 51-ാം സ്ഥാനത്താണ് . 195 രാജ്യങ്ങളുടെ പട്ടികയാണ് ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രവർത്തിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ്.

പട്ടിക അനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ ശരാശരി 62.7 3 കിലോഗ്രാം പഴങ്ങൾ മാത്രമേ ഒരു വർഷം കഴിക്കുന്നുള്ളൂ. പട്ടികയിൽ 113-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. പട്ടിക പ്രകാരം ഗ്രീസ് (142 കിലോഗ്രാം), പോർച്ചുഗൽ (130.5 കിലോഗ്രാം), ഇറ്റലി (129.9 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നത് .  ആഗോളതലത്തിൽ ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ ഉള്ളത് സാംബിയ (4.6 കിലോഗ്രാം), ചാഡ് (7.1 കിലോഗ്രാം), ടോഗോ (7.4 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് .

യുകെയിലെ ശരാശരി ഒരു വ്യക്തി പ്രതിവർഷം 20.3 കിലോഗ്രാം ഓറഞ്ചും 17.1 കിലോഗ്രാം ആപ്പിളും 13.8 കിലോ ഏത്തപ്പഴവും കഴിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് .

ലോകത്തിലെ ഏറ്റവും കൂടുതൽ പഴം കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക

ഡൊമിനിക്ക 387.18 കിലോ
ഡൊമിനിക്കൻ റിപ്പബ്ലിക് 353.04 കി
ഗയാന 294.05 കി
പാപുവ ന്യൂ ഗിനിയ 214.97 കിലോ
സാവോ ടോമും പ്രിൻസിപ്പും 200.98 കി
ഉഗാണ്ട 200.89 കിലോ
അൽബേനിയ 190.80 കി.ഗ്രാം
ഘാന 179.59 കിലോ
മലാവി 174.02 കിലോ
സമോവ 157.71 കിലോ

ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക

ഗാംബിയ 4.61 കിലോ
സാംബിയ 7.01 കിലോ
ചാഡ് 7.05 കിലോ
ടോഗോ 7.35 കിലോ
എത്യോപ്യ 12.21 കിലോ
മൗറിറ്റാനിയ 12.37 കിലോ
മംഗോളിയ 13.10 കിലോ
കംബോഡിയ 13.76 കിലോ
ഈസ്റ്റ് തിമോർ 13.82 കി
ലെസോത്തോ 14.81 കിലോ

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ നടത്തിപ്പുകാർ ലൈസൻസ് ലംഘിച്ചതായി ആരോപണം. ഖനിക്ക് അനുവദനീയമായ സ്ഥലത്തിന് പുറത്ത് ഖനനം നടത്തുന്നതായി ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിന് പിന്നാലെയാണിത്. മെർതിർ ടിഡ്ഫിലിൻെറ എഫ്ഫോസ്-വൈ-ഫ്രാൻ ഖനി യുകെയുടെ കൽക്കരിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ പ്ലാനിംഗ് പെർമിഷൻ കാലാവധി തീരുന്നതിനാൽ ഖനി അടയ്ക്കേണ്ടതായിരുന്നു. കാലാവധിക്ക് ശേഷം 200,000 ടണ്ണിലധികം കൽക്കരി ഖനിയിൽ വേർതിരിച്ചെടുത്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഖനനം നിർത്താൻ ഉടമയ്ക്ക് ലോക്കൽ അതോറിറ്റി എൻഫോഴ്‌സ്‌മെന്റ് ഉത്തരവ് നൽകിയിരുന്നു. ഇതിൻ പ്രകാരം ജൂലൈ അവസാനത്തോടെ ഉത്പാദനം അവസാനിപ്പിക്കണം. എന്നാൽ ഈ തീരുമാനത്തിനെതിരെ കമ്പനി അപ്പീൽ നൽകി.യുകെയിൽ ലൈസൻസ് നൽകുന്ന കൽക്കരി അതോറിറ്റി ഇപ്പോൾ കമ്പനിക്ക് അന്തിമ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ലൈസൻസ് ഏരിയയ്ക്ക് പുറത്തുള്ള കൽക്കരി ഖനനം ഉടനടി നിർത്തുകയും ഇത് നടന്നതായി അധികാരിയെ അറിയിക്കുകയും വേണമെന്ന് കത്തിൽ പറയുന്നു.

സ്റ്റീൽ വ്യവസായത്തിന് ഖനിയിൽ നിന്നുള്ള കൽക്കരി ആവശ്യമാണെന്ന് വാദിച്ച് 2024 വരെ ലൈസൻസ് നീട്ടാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള വെൽഷ് ഗവൺമെന്റ് നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്ലാനിംഗ് ഉദ്യോഗസ്ഥർ ഏപ്രിലിൽ അപേക്ഷ നിരസിച്ചു. അതിനാൽ 16 വർഷത്തെ ഉത്ഖനനത്തിന് ശേഷം എഫ്ഫോസ്-വൈ-ഫ്രാൻ ഖനിയിലെ ഉൽപ്പാദനം അവസാനിക്കും. 2005-ൽ അനുമതി ലഭിച്ച ഖനി ഏകദേശം 11 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്‌തിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴിപ്പിച്ചു. രാജ്യത്തെ അഗ്നിശമന സേന ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ തീപിടുത്തമാണിത്. തീപിടിത്തത്തിന് പിന്നാലെ 3500-ലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. ആർക്കും പരുക്കുകൾ ഇല്ലെന്ന് ഗ്രീസിലെ സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം അറിയിച്ചു. റോഡ്‌സിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ദ്വീപിലെ ടൂറിസ്റ്റ് താമസ സൗകര്യത്തിന്റെ 10% കാട്ടുതീയിൽ അകപ്പെട്ടിട്ടുണ്ട്.

അഞ്ച് ഹെലികോപ്റ്ററുകളും 173 അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കിയോതാരി പ്രദേശത്തെ മൂന്ന് ഹോട്ടലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട് ചെയ്തു. ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ പ്രദേശങ്ങളെയും കാട്ടുതീ ബാധിച്ചു. സഹോദരിക്കും മകൾക്കുമൊപ്പം താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് കടുത്ത ചൂടിൽ നൂറുകണക്കിന് ആളുകളുമായി കടൽത്തീരത്ത് കുടുങ്ങിയെന്നും ഒരു ബ്രിട്ടീഷ് വനിത പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ഗ്രീസ് കടുത്ത ചൂടിനെയാണ് അഭിമുഖീകരിക്കുന്നത്. താപനില 45C (113F) വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 50 വർഷത്തിനിടെ ഗ്രീസിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും ചൂടേറിയ ജൂലൈ വാരാന്ത്യമായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഉയർന്ന താപ നിലയ്ക്ക് പിന്നാലെ രാജ്യത്തൊട്ടാകെ നിരവധി കാട്ടുതീകൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ചൂട് വർദ്ധിക്കുന്നതിനാൽ പുതിയ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലേഷ്യ :- പ്രമുഖ പോപ്പ് റോക്ക് ബാൻഡായ 1975 ന് മലേഷ്യൻ സർക്കാർ രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ വെള്ളിയാഴ്ച നടന്ന ഒരു ഷോയ്ക്കിടെ, മലേഷ്യയിൽ നിലനിൽക്കുന്ന എൽ ജി ബി റ്റി ക്യു + വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ബാൻഡിന്റെ മുന്നണി താരം മാറ്റി ഹെയ്‌ലി സഹതാരമായ റോസ് മക്ഡോണാൾഡുമായി ചുംബനത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ബാൻഡിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മലേഷ്യയിൽ നടക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗുഡ് വൈബ്സ് ഫെസ്റ്റിവൽ ഈ വിവാദങ്ങളെ തുടർന്ന് നിർത്തിവച്ചു. സ്റ്റേജിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മാറ്റി ഹെയ്‌ലി മലേഷ്യൻ സർക്കാരിന്റെ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റി ക്കെതിരെയുള്ള നിയമങ്ങളെയും നിലപാടുകളെയും വിമർശിക്കുകയും, അതോടൊപ്പം തന്നെ മലേഷ്യയിൽ ഷോ നടത്തുവാൻ തീരുമാനിച്ച ബാൻഡിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബാങ്കിനെ സർക്കാർ രാജ്യത്ത് നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

മലേഷ്യയിൽ സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധവും 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഇത്തരം നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് മാറ്റി ഹെയ്‌ലി തന്റെ സഹ പുരുഷതാരത്തെ സ്റ്റേജിൽ വച്ച് ചുംബിച്ചത്. ബാൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റം തികച്ചും അനാദരവ് നിറഞ്ഞതാണെന്ന് മലേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫഡ്‌സിൽ കുറ്റപ്പെടുത്തി. ഇതിനുമുൻപും ഇത്തരത്തിൽ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന നിലപാടുകൾ മാറ്റി ഹെയ്‌ലി കൈകൊണ്ടിരുന്നു.

RECENT POSTS
Copyright © . All rights reserved