ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇരുപതു വർഷങ്ങൾക്ക് മുൻപ് യുകെയിൽ നേഴ്സായി എത്തിയ മലയാളി ഷിലോ വര്‍ഗീസ് ഇന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വൈദികനായി മാറുന്നു. ബ്രിട്ടീഷ് അധികാര ശ്രേണിയില്‍ പോലും കൈകടത്താന്‍ പോലും അവകാശമുണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്. മുന്‍പ് മറ്റു ക്രിസ്ത്യന്‍ സഭകളില്‍ വൈദികര്‍ ആയിരുന്ന പല മലയാളികളും ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ചേർന്നിട്ടുണ്ടെകിലും ആദ്യമായാണ് ഒരു സാധാരണക്കാരന് വൈദിക പട്ടത്തിലേക്ക് എത്തുന്നത്. നിലവിൽ ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പുമാരായി ഡോ. ജോണ്‍ പെരുമ്പല്ലത്, വര്‍ഗീസ് മലയില്‍ ലൂക്കോസ് എന്നീ രണ്ടു മലയാളികൾ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇതിന് തുടർകഥയായി മറ്റൊരു മലയാളി കൂടി ആ സ്ഥാനത്ത് എത്തുന്നു എന്ന ആകാംഷ ഉയര്‍ത്തിയാണ് നാളെ ഡീക്കന്‍ ഷിലോ വര്‍ഗീസ് വൈദികനായി സ്ഥാനമേല്‍ക്കുന്നത്.
ഡോ. ജോണ്‍ പെരുമ്പളത് ചെംസ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂളില്‍ ബിഷപ്പായി എത്തിയപ്പോള്‍ ആദ്യ ബിഷപ്പായി നിയമനം ലഭിച്ച ലാഫ്ബറോയില്‍ തന്നെ സേവനം ചെയ്യുകയാണ് വര്‍ഗീസ് മലയില്‍ ലൂക്കോസ്. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെയുള്ള 106 ബിഷപ്പുമാരുടെ കൂട്ടത്തിലേക്ക് രണ്ടു മലയാളികളെ തിരഞ്ഞെടുത്തത് മലയാളി സമൂഹത്തെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. പൂര്‍ണ പദവികളോടെ ഒരു ദേവാലയത്തിന്റെ ചുമതല സ്ഥാനത്തേക്ക് മാത്രമല്ല വൈദികനായി ഷിലോ നിയമിക്കപ്പെടുന്നത്, അനേകം സ്കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഒക്കെയുള്ള സഭയിലേക്ക് അതിന്റെയെല്ലാം പങ്കാളിയായി സേവനം അനുഷ്ഠിക്കാനും ഷിലോക്ക് സാധിക്കും.
മലയാളി ക്രിസ്ത്യന്‍ വിശ്വാസികള്‍ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പള്ളികളില്‍ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു. പത്തനംതിട്ടയിലെ തടിയൂരിന് അടുത്ത വളക്കുഴി ഗ്രാമത്തില്‍ നിന്നാണ് ഷിലോ നേഴ്സിംഗ് ജോലിക്കായി യുകെയിൽ എത്തിയത്. ഷിലോയുടെ ഭാര്യ ബിന്‍സിയും മക്കളായ അന്‍ജെലും ജ്യുവലും യുകെയിൽ തന്നെയാണുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പലപ്പോഴും പല വെബ്സൈറ്റുകളുടെയും സബ്സ്ക്രിപ്ഷൻ എടുത്ത് കബളിപ്പിക്കപ്പെടുന്നവരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. സൈമൺ എന്ന ബ്രിട്ടീഷുകാരൻ ഒരു വർഷത്തേക്ക് ഡേറ്റിംഗ് വെബ്സൈറ്റ് സബ്സ്ക്രിപ്ഷനിലേക്ക് സൈൻ അപ്പ് ചെയ്തു. വൈകാതെ തന്നെ തൻറെ ജീവിത പങ്കാളിയെ അദ്ദേഹം കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ അദ്ദേഹം അറിയാതെ തന്നെ അദ്ദേഹത്തിന്റെ അംഗത്വം ഓരോ വർഷവും വെബ്സൈറ്റ് പുതുക്കി. നിലവിൽ 358 പൗണ്ട് അടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏജൻസി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ നിരവധി കേസുകളാണ് രാജ്യത്തെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സിറ്റിസൺസ് അഡ്വൈസ് ബ്യൂറോ (സി എ ബി) പുറത്തിറിക്കിയ കണക്കുകൾ പ്രകാരം ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾക്കായി ഒരു വർഷം കോടിക്കണക്കിന് പൗണ്ടാണ് ചിലവഴിക്കപ്പെടുന്നത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ എല്ലാം തന്നെ ഓട്ടോ-റിന്യൂവാണ് ഇതിന് കാരണമായി ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയത്. പലരും സബ്സ്ക്രിപ്ഷൻ ട്രാപ്പിന് ഇരയാകുന്നുണ്ട്. ഒരു സൗജന്യ ട്രയലിൽ സൈൻ അപ്പ് ചെയ്യുകയും തുടർന്ന് അത് റദ്ദാക്കാൻ മറക്കുകയും ചെയ്യുന്നത് തങ്ങൾ ഉപയോഗിക്കാത്ത സേവനങ്ങൾക്കുള്ള പേയ്മെന്റുകളിലേക്ക് നയിക്കും.
നിലവിൽ ബ്രിട്ടീഷ് സർക്കാർ വൻകിട ഓൺലൈൻ റീട്ടെയിലർമാർ ആളുകളെ സബ്സ്ക്രിപ്ഷനുകളിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ തകർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഉപഭോക്താക്കൾ സബ്സ്ക്രൈബ് ചെയ്യുന്നത് അറിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനികൾ ” അറിയിപ്പുകൾ” അയയ്ക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടനിലെ എപ്സ്മില്‍ താമസിക്കുന്ന കൃഷ്ണന് വത്സന്റെ മകന് വിജേഷിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയൊന്ന് വയസ്സ് മാത്രമുള്ള വിജേഷിൻെറ പെട്ടെന്നുള്ള വിയോഗത്തിൻെറ ഞെട്ടലിലാണ് എപ്സാമിലും ക്രോയ്ഡോണിലും മറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ രാത്രിയോടെ പിതാവ് കൃഷ്ണന് സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് തൻെറ മകന്റെ വിയോഗം പ്രിയപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.
വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നവരാണ് കൃഷ്ണനും കുടുംബവും . വെള്ളിയാഴ്ച പകൽ ഉറക്കത്തിലാണ് വിജേഷിനെ തേടി മരണമെത്തിയത്. വൈകുന്നേരം വീട്ടുകാര്‍ വന്നു മുറിയില്‍ വിളിക്കുമ്പോള്‍ വിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്സ് അടക്കമുള്ളവര്‍ എത്തി മരണം ഉറപ്പിച്ചു. വിവരമറിഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഇന്നലെ നിരവധി മലയാളികൾ വൈകുന്നേരത്തോടെ വീട്ടില്‍ എത്തിയിരുന്നു.
മൃതദേഹം ഇപ്പോള്‍ ഈസ്റ്റ് സാറെ ഹോസ്പിറ്റലിലാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം കണ്ടെത്താനാകൂ. അടുത്തിടെ ഒട്ടേറെ യുവാക്കളുടെ ആകസ്മിക മരണങ്ങള് യുകെയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
വിജേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് (ബിഎംഎ) അറിയിച്ചു. തുടർച്ചയായി അഞ്ച് ദിവസങ്ങളില്‍ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുക. ബ്രിട്ടണിൽ രോഗികളുടെ എണ്ണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ പണിമുടക്ക് ആരോഗ്യ രംഗത്ത് വലിയ ബുദ്ധിമുട്ടുകളാകും സൃഷ്ടിക്കുക. പലരുടെയും നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും വരെ മുടങ്ങിയേക്കും.
എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത് പതിവായിരിക്കുകയാണ്. മാര്‍ച്ചില്‍ മൂന്ന് ദിവസവും ഏപ്രിലില്‍ നാല് ദിവസവും ജൂണ്‍ ആദ്യം മൂന്ന് ദിവസവും പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് എന്‍എച്ച്എസിൽ ചികിത്സയ്ക്കായി എത്തിയ രോഗികൾ വലഞ്ഞിരുന്നു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ പശ്ചാത്തലത്തിൽ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സേവന – വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ക്ക് അധികൃതര്‍ ഇനിയും പരിഹാരം കാണാത്തതിനാലാണ് പണിമുടക്കെന്ന് ബിഎംഎ വ്യക്തമാക്കി.
2008 മുതല്‍ ശമ്പളത്തിൽ പണപ്പെരുപ്പം മൂലം 25 ശതമാനം ഇടിവ് സംഭവിച്ചതായി ബിഎംഎ ചൂണ്ടിക്കാട്ടി. ജോലിഭാരം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും ശമ്പളത്തിൽ മാറ്റം ഇല്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാർ ആരോപിച്ച്. തങ്ങള്‍ 35 ശതമാനം ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ വെറും അഞ്ച് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണ് ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്നും ബിഎംഎ പറയുന്നു.
അതേസമയം പണിമുടക്ക് പരിഹരിക്കാനായി സര്‍ക്കാര്‍ വിട്ട് വീഴ്ചകള്‍ നടത്തിയെന്നും ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വര്‍ധനവ് യുക്തിസഹമാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ വേതന ഇതര പ്രശ്നങ്ങളും മറ്റും സർക്കാരുമായി സമാധാനപരമായി ചര്‍ച്ച ചെയ്യാതെ മറ്റൊരു സമരത്തിനിറങ്ങുന്നത് വഴി ആയിരക്കണക്കിന് രോഗികളുടെ ജീവനുകള്‍ ആണ് ദുരിതത്തിലാകുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്‍എച്ച്എസിന്റെ ഏതാണ്ട് 45 ശതമാനത്തോളം ഡോക്ടർമാരും ജൂനിയര്‍ ഡോക്ടര്‍മാരാണെന്നിരിക്കേ ഇവരുടെ പണിമുടക്കുകൾ എന്‍എച്ച്എസ് സേവനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പൊതുമേഖല ജീവനക്കാർക്ക് 6% ശമ്പള വർദ്ധനവ് നൽകണമെന്ന് ശുപാർശ ചെയ്യുന്ന സ്വതന്ത്ര അവലോകന ബോഡികളുടെ തീരുമാനത്തെ അസാധുവാക്കാൻ സർക്കാരിന് കഴിയുമെന്ന പുതിയ റിപ്പോർട്ടുകൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ വാർത്തകൾ പുറത്തുവന്നതോടെ യൂണിയനുകൾ സർക്കാരിനെതിരെയും പ്രധാനമന്ത്രി റിഷി സുനകിനെതിരെയും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ശരിയായ രീതിയിൽ ലഭ്യമാക്കുവാൻ സാധിക്കാത്ത തൊഴിലാളികളെയാണ് ഗവൺമെന്റ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ആരോപിച്ചു.
പണപ്പെരുപ്പം വർദ്ധിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ, സമ്പദ് വ്യവസ്ഥയിലേക്ക് പണം നേരിട്ട് നൽകുന്നത് പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യത്തിലേയ്ക്കാകും നയിക്കുകയെന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. എന്നാൽ ശമ്പള സെറ്റിൽമെന്റുകൾ സംബന്ധിച്ച് അവലോകനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇതുവരെയും അന്തിമ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അധ്യാപകരുടെയും ജൂനിയർ ഡോക്ടർമാരുടെയും ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ അവലോകന ബോഡികളിൽ നിന്നും ഗവൺമെന്റിന് ലഭിച്ചതായും അത് അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധ്യാപകർക്കുള്ള ശുപാർശ മുൻ സെറ്റിൽമെന്റുകളേക്കാൾ കൂടുതലാണെന്നും ഇത് 6.5% വരെ നീളുമെന്നും സൂചനകളുണ്ട്.
പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യം നാം സൃഷ്ടിക്കുകയാണെങ്കിൽ അത് ഭാവിയിൽ നമ്മളെ കൂടുതൽ ദരിദ്രരാക്കുമെന്നും, അതോടൊപ്പം തന്നെ സാധനങ്ങളുടെ വിലയിലുള്ള കുതിച്ചുകയറ്റം തടഞ്ഞു നിർത്താനാവുകയില്ലെന്നും ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ സെക്രട്ടറി ഗിലിയൻ കീഗൻ അഭിപ്രായപ്പെട്ടു. എന്നാൽ പൊതുമേഖല വേതനത്തെക്കുറിച്ച് വളരെ വിശാലമായ രീതിയിലുള്ള തന്റെ അഭിപ്രായമാണ് വിദ്യാഭ്യാസ സെക്രട്ടറി രേഖപ്പെടുത്തിയതെന്നും, ശമ്പള അവലോകന പ്രക്രിയയുടെ അന്തിമഫലത്തെ സംബന്ധിച്ചല്ല അദ്ദേഹം സംസാരിച്ചതെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ വിശദീകരണം. ശമ്പള വർദ്ധനവിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രിമാർ വ്യക്തമായി പരിഗണിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഉടൻതന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു തീരുമാനം ഉണ്ടാകുമെന്നും മറ്റൊരു ഗവൺമെന്റ് സ്രോതസ്സ് വ്യക്തമാക്കി.
യുകെയിലെ പണപ്പെരുപ്പം പൊതുമേഖല ജീവനക്കാരല്ല ഉണ്ടാക്കുന്നതെന്നും, മറിച്ച് അവർ ജീവിത ചെലവുകളിലുള്ള വർദ്ധനവ് മൂലം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പോൾ നൊവാക് മാധ്യമങ്ങളോട് പറഞ്ഞു. അധ്വാനിക്കുന്ന ജനങ്ങളുടെ ശമ്പളം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ലെന്നും, അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം തന്നെ ജൂനിയർ ഡോക്ടർമാരുടെയും അധ്യാപകരുടെയും സമരം അടുത്ത മാസം ഉണ്ടാകുമെന്ന പ്രഖ്യാപനവും വന്നിട്ടുള്ളത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ ഭരണകൂടത്തിന് കീഴിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വലിയ ജനാധിപത്യ പിന്നോക്കാവസ്ഥയെ ഉദ്ധരിച്ച് ഒന്നിലധികം അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവരികയും അതോടൊപ്പം തന്നെ ഇന്ത്യയുടെ ജനാധിപത്യ റേറ്റിംഗ് പിന്നിലാക്കപ്പെടുകയും ചെയ്തതോടെ , ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന പദവി സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ രഹസ്യമായി പ്രവർത്തിക്കുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തങ്ങൾ കണ്ടെത്തിയ ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്. രാജ്യം അപകടകരമായ നിലയിൽ പിന്നോട്ടുള്ള പാതയിലാണെന്ന് സൂചിപ്പിക്കുന്ന നിരവധി ആഗോള റാങ്കിംഗുകൾ പരസ്യമായി സർക്കാർ നിരസിച്ചിട്ടും, ഇന്ത്യയുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കുവാൻ സർക്കാർ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ടെന്നാണ് മീറ്റിംഗുകളിൽ നിന്നുള്ള മിനിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കുന്ന ആഗോള ജനാധിപത്യ സൂചിക കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് നൽകുന്ന കുറഞ്ഞ റേറ്റിംഗിന്റെ കാരണം ചർച്ച ചെയ്യാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ 2021 മുതൽ കുറഞ്ഞത് നാല് മീറ്റിംഗുകളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയൻ പത്രം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് റാങ്കിങ്ങുകളും ഇന്ത്യയ്ക്ക് ആശങ്കയുളവാക്കുന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്. 2021-ൽ, യുഎസ് ആസ്ഥാനമായുള്ള നോൺ- പ്രോഫിറ്റ് സംഘടനയായ ഫ്രീഡം ഹൗസ് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ പൂർണ്ണമായും സ്വതന്ത്ര ജനാധിപത്യത്തിൽ നിന്ന് “ഭാഗികമായി സ്വതന്ത്ര ജനാധിപത്യത്തിലേക്ക്” തരംതാഴ്ത്തിയിരുന്നു. ഇതോടൊപ്പം തന്നെ സ്വീഡൻ ആസ്ഥാനമായുള്ള വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ഒരു ഇലക്ട്രൽ ഓട്ടോക്രസി അഥവാ ഇലക്ഷൻ നടക്കുന്ന സ്വേച്ഛാധിപത്യം രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ ഗവൺമെന്റ് പരസ്യമായി ഇത്തരം റാങ്കിങ്ങുകളെയും റിപ്പോർട്ടുകളെയും എല്ലാം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം റാങ്കിങ്ങുകൾ എല്ലാം തന്നെ കപടമാണെന്നും, ഇന്ത്യയെന്ന രാജ്യം ഇപ്പോൾ യാതൊരുവിധ അനുമതികൾക്കും മറ്റൊരു രാജ്യങ്ങളെയും ആശ്രയിക്കാത്തതിനുള്ള ബുദ്ധിമുട്ടാണ് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ പുറമേ കാണിക്കുന്ന പ്രതികരണമല്ല സർക്കാരിന്റെ ഉന്നതതല ചർച്ചകളിൽ നടക്കുന്നതെന്നാണ് ഗാർഡിയൻ പത്രം സൂചിപ്പിക്കുന്നത്. പുറത്തു വന്നിരിക്കുന്ന ജനാധിപത്യ സൂചികകൾക്ക് പ്രധാനമന്ത്രി കൂടുതൽ പ്രാധാന്യം നൽകുകയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ മെച്ചപ്പെട്ട റാങ്കിംഗ് ലഭിക്കണമെന്ന് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഗാർഡിയൻ പത്രത്തിന്റെ വെളിപ്പെടുത്തലുകളിൽ അടങ്ങിയിരിക്കുന്നു. ഇത്തരം റാങ്കിങ്ങുകൾ രാജ്യത്തിന്റെ നിക്ഷേപ സാധ്യതയെ കുറയ്ക്കുമെന്ന ആശങ്കയും ഉന്നത തലത്തിൽ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന നടപടി തുടങ്ങിയവയെല്ലാം തന്നെ രാജ്യത്തിന് തിരിച്ചടിയായി മാറി എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ രാജ്യത്തിന്റെ മുഖച്ഛായ സംരക്ഷിക്കുവാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ രഹസ്യനടപടികൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിർമിങ്ഹാം: സിറ്റി കനാലിൽ വീണ് ഒരാൾ മരിച്ചു. പോലീസെത്തി ഇയാളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ 21 ബുധനാഴ്ച പുലർച്ചെ 4.46 ന് സെല്ലി പാർക്കിലെ റാഡിൽബാർൺ റോഡിന് സമീപമുള്ള വോർസെസ്റ്റർ, ബർമിംഗ്ഹാം കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത് .
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തെ തുടർന്ന് തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ പാസ്സ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ആത്മഹത്യ ആണെന്നാണ് സുഹൃത്തുക്കൾ സംശയിക്കുന്നത്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആംബുലൻസ് പാരമെഡിക്ക് ഉൾപ്പടെയുള്ള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു.
‘സ്ഥലത്ത് എത്തിയപ്പോൾ പോലീസ് ഒരാളെ കനാലിൽ നിന്ന് പുറത്ത് എടുത്തിരുന്നു. തുടർന്ന് പാരാമെഡിക്ക് ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി. ലൈഫ് സപ്പോർട്ടിങ് സിസ്റ്റം ഉൾപ്പെടെ നൽകിയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല’- ആംബുലൻസ് പ്രതിനിധികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രതിവർഷം 300,000 പുതിയ വീടുകൾ എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് മലിനീകരണ നിയമങ്ങൾ വലിയ തടസ്സമാണെന്ന് മന്ത്രി. പുതിയ വീടുകളിൽ നിന്നും നിർമ്മാണ സ്ഥലങ്ങളിൽ നിന്നുമുള്ള മലിനജലം ജലത്തിന്റെ ഗുണനിലവാരത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുന്ന നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും പോലുള്ളവയുടെ അളവ് ഉയർത്തുന്നു എന്ന പഠനത്തെ തുടർന്നാണ് നടപടി. ഇംഗ്ലണ്ടിന്റെ 14% വരുന്ന പ്രദേശങ്ങളിൽ ഭവന വികസനം സ്തംഭിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അതേസമയം, ഹോം ബിൽഡേഴ്സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറയുന്നത് നിയമങ്ങൾ വലിയ കുരുക്ക് സൃഷ്ടിക്കുന്നു എന്നും, പ്രതിവർഷം എണ്ണത്തിൽ 41,000 വീടുകൾ വരെ കുറയുമെന്നുമാണ്.
സർക്കാർ പരിസ്ഥിതി ഏജൻസിയായ നാച്ചുറൽ ഇംഗ്ലണ്ടിന്റെ പ്രവർത്തന അനുമാനത്തിലും ഇത് പ്രശ്നമുണ്ടാക്കുന്നു, ഓരോ പുതിയ വീടും ശരാശരി 2.4 ആളുകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുമെന്നും ഭൂരിഭാഗം പുതിയ ഭവനങ്ങളും പ്രദേശത്തെ നിലവിലുള്ള ജനസംഖ്യയെ പരിപാലിക്കുമെന്നും വാദിക്കുന്നു.
ഇതിനർത്ഥം, ആവാസ വ്യവസ്ഥകൾക്കും അഴിമുഖങ്ങൾക്കും വന്യജീവികൾക്കും കേടുവരുത്തുന്ന പോഷകങ്ങളുടെ വർദ്ധനവ് സാമൂഹിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തും എന്നാണ്. ‘ഇതിനാൽ അധിക മലിനജലം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുക എന്നുള്ളതാണ് പ്രധാനം. അധിക മലിനീകരണം ഇല്ലാത്ത സാഹചര്യത്തെയാണ് വികസനം എന്ന് ‘- നാച്ചുറൽ ഇംഗ്ലണ്ട് പറയുന്നു. മലിനീകരണം കുറയ്ക്കണമെന്ന് ഇതിനോടകം 74 പ്ലാനിംഗ് അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പലിശ നിരക്ക് ക്രമാതീതമായി കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മോർട്ട്ഗേജ് ഉടമകൾ തിരിച്ചടയ്ക്കാത്ത ഉടമകളിൽ നിന്ന് വസ്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ആളുകൾക്ക് 12 മാസത്തെ ഇടവേള നൽകുവാനുള്ള പുതിയ ധാരണ പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാരും ചാൻസലർ ജെറമി ഹണ്ടും തമ്മിൽ ഉണ്ടായിരിക്കുകയാണ്. ബേസ് റേറ്റ് 5% ആയി നിലനിൽക്കെയാണ്, ചാൻസിലർ പ്രമുഖ ലൻഡർമാരായ ലോയിഡ്സ്, ബാർക്ലെയസ്, നാറ്റ്വെസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും തുടർന്ന് ഈ ധാരണയിലേക്ക് എത്തിയതുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുടങ്ങിയ പെയ്മെന്റിനു ശേഷമുള്ള 12 മാസങ്ങളാണ് മോർട്ട്ഗേജ് ഉടമകൾക്ക് ഗ്രേസ് പീരീഡ് ആയി നൽകുന്നത്. ഈ സമയത്ത് വീടുകൾ തിരിച്ചെടുക്കുന്നതിൽ നിന്നും ലെൻഡർമാരെ പിന്തിരിപ്പിക്കുന്നതാണ് പുതിയതായി ഉണ്ടായിരിക്കുന്ന ധാരണ. തിരിച്ചടവുകളുമായി ബുദ്ധിമുട്ടുന്നവർ തങ്ങളുടെ ബാങ്കുകളുമായോ ലെൻഡർമാരുമായോ സംസാരിച്ചു ആവശ്യമായ ഓപ്ഷനുകൾ ലഭ്യമാക്കണമെന്ന് ചാൻസിലർ ജെറമി ഹണ്ട് വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകൾ ഒന്നും തന്നെ ഉടമകളുടെ ക്രെഡിറ്റ് റേറ്റിങ്ങിൽ വ്യത്യാസം വരുത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
തിരിച്ചടവ് കാലാവധിയുടെ ദൈർഘ്യം മാറ്റുകയോ പലിശ മാത്രമുള്ള പ്ലാനുകളിലേയ്ക്ക് പോകുകയോ ചെയ്യുന്ന ആളുകൾക്ക് അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ തീരുമാനം മാറ്റാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതുതായി ഉണ്ടായിരിക്കുന്ന ധാരണ എല്ലാ ബാങ്കുകൾക്കും ഒരുപോലെ നിർബന്ധമാക്കണമെന്നും അല്ലെങ്കിൽ ഏകദേശം രണ്ട് മില്യനോളം ആളുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകാതെ പോകുമെന്നും ലേബർ പാർട്ടി അംഗങ്ങൾ വ്യക്തമാക്കി. കോവിഡ് കാലത്തും ഗവൺമെന്റ് ഇത്തരത്തിൽ ഗ്രേസ് പീരിയഡുകൾ മോർട്ട്ഗേജ് ഉടമകൾക്ക് ലഭ്യമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് തികച്ചും ആശ്വാസം നൽകുന്നതാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന പുതിയ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 20 വർഷമായി യുകെയിൽ ഡെപ്യൂട്ടി ചാർജ് നേഴ്സായിരുന്ന ഡീക്കൻ ഷിലോ വർഗീസ് കുന്നുംപുറത്ത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദികനായി അഭിഷിക്തനാകും. 2023 ജൂൺ 25 ഞായറാഴ്ച പീറ്റർബറോ കത്തീഡ്രലിൽ വെച്ചാണ് പൗരോഹിത്യ ചടങ്ങുകൾ നടക്കുന്നത്. പീറ്റർബറോ മേയർ ഉൾപ്പെടെ ഫാ.ഷിലോയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി നിരവധി സഭാ വിഭാഗങ്ങളും വിശ്വാസ സമൂഹവും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വാളക്കുഴിയിലെ ഒരു പരമ്പരാഗത നസ്രാണി കുടുംബത്തിൽ നിന്നുള്ളയാളാണ് ഫാ.ഷിലോ. വർഗീസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വർഗീസിന്റെയും മൂത്തമകനാണ് ഇദ്ദേഹം. ഭാര്യ ബിൻസി, എയ്ഞ്ചൽ, ജൂവൽ എന്നീ രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഫാ. ഷിലോയുടെ കുടുബം. ഷിലോയുടെ ഇളയ സഹോദരി ഷിബിയും കുടുംബവും ബോൺമൗത്തിൽ താമസിക്കുന്നുണ്ട്. ഓർഡിനൻസ് ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ പീറ്റർബറോയിൽ എത്തിയിട്ടുണ്ട്.
റായ്ച്ചൂരിലെ നവോദയ മെഡിക്കൽ കോളേജിൽ നിന്ന് നേഴ്സിംഗ് ബിരുദം നേടിയ ഷിലോ, ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിട്ടിക്കൽ കെയറിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡീക്കൻ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹം ഡർഹാം സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര ബിരുദവും കരസ്ഥമാക്കി.