ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സണ്ടർലാൻഡിൽ താമസിക്കുന്ന മോനിപ്പള്ളി നിവാസിയായ ജെയിംസ് ജോസഫ് നാട്ടിൽ വച്ച് നിര്യാതനായി . ജെയിംസ് ജോസഫ് ( 58 ) -ന്റെ മരണം മഞ്ഞപ്പിത്തം മൂലമാണെന്നാണ് അറിയാൻ സാധിച്ചത്, വെറും മൂന്നുമാസം മുമ്പാണ് ജെയിംസിന്റെ മകളുടെ വിവാഹം നാട്ടിൽ വച്ച് നടന്നത്. വിവാഹ ശേഷം ജെയിംസ് ഒഴികെയുള്ള കുടുംബാംഗങ്ങൾ യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് മരണം കടന്നുവന്നത്. യുകെയിലെത്തിയ കുടുംബാംഗങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചതായാണ് അറിയാൻ സാധിച്ചത്.
ജെയിംസ് ജോസഫിന്റെ സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജെയിംസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും . കാലാവസ്ഥയിൽ ഉള്ള മാറ്റം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ആഴ്‌ച ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു കൊടുങ്കാറ്റുകൾക്ക് കാരണമായതായി വിദഗ്ദ്ധർ പറഞ്ഞു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. ഇതിൽ ചില സ്ഥലങ്ങളിൽ വാണിംഗ് തിങ്കളാഴ്ച്ച വരെ നീട്ടിയേക്കാം. ശക്തമായ കാറ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ നൽകുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില 29C (84F) വരെ എത്തുമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഒരു മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് മൂലം വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് വെയിൽസ്, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് കൊടുങ്കാറ്റുണ്ടായിട്ടും ഉയർന്ന താപനില തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്‌തത്. ഉയർന്ന താപനിലയ്‌ക്കൊപ്പം കുടിവെള്ളത്തിന്റെ ആവശ്യവും കുത്തനെ ഉയരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ സ്കൂൾ അധ്യാപകർ വീണ്ടും പണിമുടക്കിലേയ്ക്ക് . ജൂലൈ 5, 17 എന്നീ തീയതികളിൽ മെച്ചപ്പെട്ട സേവന വർദ്ധനവിനായി സ്കൂൾ അധ്യാപകർ പണിമുടക്കുമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (എൻ ഇ യു) അറിയിച്ചു. സർക്കാരുമായി സമവായത്തിന് ശ്രമിക്കുമെന്നും അവസാന കൈയ്യായിട്ടേ സമരമുഖത്ത് ഇറങ്ങുകയുള്ളൂവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. സമരം നടക്കുന്ന രണ്ടുദിവസവും മിക്ക സ്കൂളുകളുടെയും പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാനാണ് സാധ്യത.
ഇനി നടക്കുന്ന ഏത് സമരപരിപാടികളും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ പറഞ്ഞു. അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള സമര പ്രഖ്യാപനം നിരാശപ്പെടുത്തുന്നതാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ എൻ ഇ യു കഴിഞ്ഞവർഷം ദേശീയതലത്തിൽ അഞ്ചും പ്രാദേശിക തലത്തിൽ മൂന്നും സമരങ്ങൾ കഴിഞ്ഞ അധ്യായന വർഷത്തിൽ നടത്തിയിരുന്നു.
പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട ശമ്പള വർദ്ധന ശമ്പളത്തിനായുള്ള അധ്യാപകരുടെ ആവശ്യത്തോടെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറിയായ ഡോ. മേരി ബൂസ്റ്റഡ് പറഞ്ഞു. 2022 -23 വർഷത്തിൽ സ്റ്റേറ്റ് സ്കൂളിലെ ടീച്ചേഴ്സിന് 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ 1000 പൗണ്ട് ഒറ്റത്തവണ പെയ്മെൻറ് ആയും അനുവദിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായ ഇതിലും മെച്ചപ്പെട്ട ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.
നിലവിൽ പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കൂടെ താമസിക്കുന്ന വർക്കല സ്വദേശിയായ 20 വയസ്സുകാരനായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് . പ്രതിയായ യുവാവും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആളാണ്.
ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോട്ടിംഗ് ഹാമിൽ താമസിക്കുന്ന അരവിന്ദിൻറെ ഇളയ സഹോദരൻ ശേഖറും പെക്കമിലെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കളി ഇഷ്ടപ്പെട്ടിരുന്ന അരവിന്ദ് യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഒട്ടേറെ ജീവിത സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അരവിന്ദിന്റെ ജീവൻ നിസ്സാര വാക്കു തർക്കങ്ങളെ തുടർന്ന് തകർന്നടിഞ്ഞതിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മോശം കാലാവസ്ഥ മൂലം അഞ്ച് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് ഗുരുതരമായ പരിക്കേറ്റു. വർഷങ്ങൾക്ക് ശേഷം ഏറ്റവും മോശമായ കാലാവസ്ഥയ്ക്കാണ് 30,000 അടി ഉയരത്തിൽ പറന്ന വിമാനം സാക്ഷ്യം വഹിച്ചത്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള BA12 വിമാനമാണ് ബംഗാൾ ഉൾക്കടലിൽ രൂക്ഷമായ സാഹചര്യത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലെ ജീവനക്കാർക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾക്ക് ഇടുപ്പിൽ പരുക്കേറ്റതിനെത്തുടർന്ന് എം ആർ ഐ ക്ക് വിധേയമാക്കി.
മോശം കാലാവസ്ഥ മൂലം വിമാനം വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സിംഗപ്പൂരിലേക്ക് മടങ്ങി. ബോയിംഗ് 777-300ER വിമാനം ആൻഡമാൻ കടലിന് മുകളിലൂടെ കടന്ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് മോശം കാലാവസ്ഥയിൽ പെട്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാലാവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് വിമാന കമ്പനി പറഞ്ഞു.
ആഘാതത്തിൽ വിമാനം പെട്ടെന്ന് അഞ്ചടിയോളം താഴ്ന്നു. പരിഭ്രാന്തരായ യാത്രക്കാരെ സഹായിക്കാനായി വന്ന ജീവനക്കാർക്കാണ് സാരമായ പരുക്കുകൾ ഏറ്റത്. അപകടത്തിൽ അഞ്ചു ജീവനക്കാർക്കും മൂന്ന് യാത്രക്കാർക്കും ഗുരുതരമായ പരുക്കേറ്റു. 1979 നും 2020 നും ഇടയിൽ എയർ ടർബുലൻസ് 55 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൗൺസ്ലോയിലെ ഒരു ഫ്ലാറ്റിൽ പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. മരിച്ച നാലു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുകാരെക്കുറിച്ച് ആശങ്ക അറിയിച്ചു കൊണ്ടുള്ള വിവരം പോലീസിന് ലഭിച്ചു. ഇതിന് പിന്നാലെ അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മനുഷ്യ മനഃസാക്ഷിയെ പിടിച്ച് കുലുക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് പോലീസ് സേന അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോഴെന്ന് സംഭവസ്ഥലത്ത് സംസാരിച്ച വെസ്റ്റ് ലണ്ടനിലെ പോലീസ് കമാൻഡർ ചീഫ് സൂപ്രണ്ടന്റ് സീൻ വിൽസൺ പറഞ്ഞു.
മരണകാരണം അറിയാനായി പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന തങ്ങളുടെ അയൽവാസികൾ ഇനിയില്ല എന്നത് ഇനിയും ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തുകയും ഞെട്ടിക്കുകയും ചെയ്ത സംഭവമാണ് ഒരു മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിനെ തന്നെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ ( 37 ) കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. അരവിന്ദിന്റെ ദാരുണാന്ത്യം കൂടെ താമസിക്കുന്ന സുഹൃത്തായ മലയാളി യുവാവിൻറെ കത്തിക്കിരയാക്കുകയായാണ് സംഭവിച്ചത്. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അരവിന്ദൻറെ സുഹൃത്തും ഒന്നിച്ച് താമസിച്ചിരുന്ന ആളുമായിരുന്നു.
കേരളത്തിൽനിന്ന് എം ബി എ ബിരുദം നേടിയതിന് ശേഷമാണ് അരവിന്ദ് ശശികുമാർ യുകെയിലെത്തിയത്. അവിവാഹിതനായ അദ്ദേഹം പത്ത് വർഷം മുമ്പാണ് യുകെയിലെത്തിയത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കം അതിരുവിട്ട് കൊലപാതകത്തിലേയ്ക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ . പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് ഇവരുടെ ഒപ്പം താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളി യുവാക്കളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്.
സംഭവങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കാൻ സാധിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. CAD 494 / 16 jun എന്നതാണ് കേസിന്റെ റഫറൻസ് നമ്പർ. മലയാളികൾ ഉൾപ്പെടുന്ന അടുത്തിടെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ യുകെയിലെ മലയാളി സമൂഹത്തെ കുറിച്ച് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രെക്‌സിറ്റിന് ശേഷം യുകെ പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ പൗരന്മാരായി സ്വയമേവ അവകാശങ്ങൾ നിലനിർത്താൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി വിധിച്ചു. യൂറോപ്യൻ യൂണിയൻ പൗരത്വം നഷ്ടപ്പെടുന്നതും അതിന്റെ ഫലമായി ആ പദവിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ നഷ്ടപ്പെടുന്നതും ബ്രെക്സിറ്റിന്റെ അനന്തരഫലമാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാൻ യുണൈറ്റഡ് കിംഗ്ഡം എടുത്ത ഏക പരമാധികാര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതെന്നും പിൻവലിക്കൽ കരാറോ കൗൺസിൽ തീരുമാനമോ ബാധിക്കുന്നില്ലെന്നും മുൻ ജനറൽ കോടതി വിധി ശരിവച്ചുകൊണ്ട് ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് പ്രസ്താവിച്ചു.
മൂന്നാം രാജ്യങ്ങളിൽ നിന്നോ മുൻ അംഗരാജ്യങ്ങളിൽ നിന്നോ ഉള്ള ആളുകൾക്ക് യൂറോപ്യൻ യൂണിയൻ പൗരത്വം ലഭിക്കണമെങ്കിൽ അംഗരാജ്യത്തിന്റെ പൗരനാകണം. യൂറോപ്യൻ യൂണിയനിൽ ഇപ്പോഴും താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ബ്രിട്ടീഷുകാരുടെ സ്ഥിതി ബ്രെക്സിറ്റിലെ സൂക്ഷ്മമായ പ്രശ്നങ്ങളിൽ ഒന്നാണ്. ബ്രെക്‌സിറ്റിന് മുമ്പ് യൂറോപ്യൻ യൂണിയനിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരന്മാരെ റസിഡൻസ് സ്‌കീമുകളിലെ ഗുരുതരമായ പ്രശ്‌നങ്ങൾ ബാധിക്കുമെന്ന് യുകെ നിയമനിർമാതാക്കൾ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ യൂണിയനിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷുകാർക്ക് ഉപദേശം നൽകാൻ ഒരു ഔദ്യോഗിക സംഘടനയും നിലവിലില്ല. യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള ഇയു – യുകെ കമ്മിറ്റിയുടെ ഏറ്റവും പുതിയ യോഗത്തിൽ, സ്ഥിര താമസത്തിനായി അപേക്ഷ നൽകാത്ത യുകെ പൗരന്മാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബ്രിട്ടീഷ് മന്ത്രിമാർ അവകാശപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃതമായ ആളുകളുടെ കുടിയേറ്റം തടയുവാൻ മുഴുവൻ സമയ സർവൈലൻസ് നടത്തുവാൻ യുകെ- ഫ്രാൻസ് സംയുക്ത തീരുമാനം ആയിരിക്കുകയാണ്. അതിർത്തി സംരക്ഷിക്കുന്നതിന് ബ്രിട്ടൻ തങ്ങളോട് നന്ദി പറയണമെന്ന് കഴിഞ്ഞദിവസം ഒരു ഫ്രഞ്ച് മന്ത്രി മാധ്യമങ്ങളോട് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും, അത് കണക്കിൽ എടുക്കാതെയാണ് ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനം ആയിരിക്കുന്നത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഈ ആഴ്ച രണ്ട് ദിവസം യുകെയിൽ ചെലവഴിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിരിക്കുന്നത്.
ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെയും ദുർബലരായ അഭയാർത്ഥികളുടെയും എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒരു നിരീക്ഷണ വിമാനം മുഴുവൻ സമയവും ഇതിനായി ഏർപ്പെടുത്താനാണ് നീക്കം. തങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി അതിർത്തി കാക്കുന്നു. അതിനാൽ തന്നെ പരാതികളേക്കാൾ നന്ദി ലഭിക്കാനാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്.
നിരീക്ഷണ വിമാനത്തിന് എല്ലാ കാലാവസ്ഥയിലും പറക്കാൻ കഴിയും. കനത്ത മേഘാവൃതമായ അവസ്ഥയിൽ ശരിയായി പ്രവർത്തിക്കാൻ സാധിക്കാത്ത ഡ്രോണുകളെക്കാൾ വളരെ മികച്ച പ്രകടനം ആയിരിക്കും ഈ വിമാനം നടത്തുക എന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ആർ എഫ് ഐയോട് വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിനും വ്യാഴാഴ്ച രാവിലെ നാഷണൽ ക്രൈം ഏജൻസിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വേണ്ടി കുടിയേറ്റ നയം ചർച്ച ചെയ്ത ആഭ്യന്തര മന്ത്രി, ലണ്ടനിലേയ്ക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയിൽ രണ്ട് ദിവസം രാജ്യം സന്ദർശിച്ചു. യു കെയും ഫ്രാൻസും ഏറ്റവും ഉറച്ച സുഹൃത്തുക്കളാണെന്നും, മന്ത്രി ഡാർമനിനെ യുകെയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും യോഗത്തിന് ശേഷം സംസാരിച്ച ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഈ വർഷം കൊണ്ട് തന്നെ ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം പൂർണ്ണമായും നിർത്തലാക്കുവാൻ സാധിക്കുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പെക്കാമിൽ മലയാളിയുടെ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പെക്കാമിലെ സതാംപ്ടൺ വേയിലുള്ള വീട്ടിൽ വെച്ച് ആരംഭിച്ച സാരമായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയായ യുവാവിൻെറ വിവരങ്ങൾ അടുത്ത ബന്ധുക്കളെ അറിയിക്കുന്നത് വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മലയാളികളായ രണ്ട് സാക്ഷികളെ പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയി. രണ്ട് പേരും മലയാളികൾ ആയതിനാൽ തിരക്കിയെത്തിയ സുഹൃത്തുക്കളോട് പോലീസ് സംസാരിക്കാൻ തയാറായിട്ടില്ല. വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും മലയാളികളാണെന്നാണ് സൂചന.
മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ദാരുണമായ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട്ടിൽ നിന്നും പ്രവാസികളായി എത്തിയ മലയാളികൾ എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.