ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കാണാതായ സ്ത്രീ മരിച്ച നിലയിൽ. 10 ദിവസം മുൻപ് കാണാതായ സ്ത്രീയെ ഷെഫീൽഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച സൗത്ത് യോർക്ക്ഷെയർ പോലീസ് എമിലി സാൻഡേഴ്സനെ(48) കൊലപ്പെടുത്തിയെന്ന കേസിൽ മാർക്ക് നിക്കോൾസിനെ(43) അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. റിമാൻഡ് ചെയ്ത നിക്കോൾസിനെ നാളെ കോടതിയിൽ ഹാജരാക്കും.
മെയ് 19 നാണ് എമിലി സാൻഡേഴ്നെ അവസാനമായി ജീവനോടെ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റാണ് അവർ മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ ഫോറൻസിക്കിൻെറ കണ്ടെത്തൽ. കുറ്റവാളികളെ സഹായിച്ചുവെന്ന് സംശയിക്കുന്ന 40 കാരിയായ സ്ത്രീയെയും പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എമിലിയുടെ കുടുംബത്തിന് പോലീസ് എല്ലാവിധ പിന്തുണയും ഇതിനോടകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിൽ എത്ര കുറ്റക്കാർ ഉണ്ടെങ്കിലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.
മെയ് 25 ന് കാണാതായ എമിലിയെ പിന്നീട് മൃതദേഹമായിട്ടാണ് കണ്ടെത്തിയത്. അവസാനമായി കണ്ടതിന് പത്ത് ദിവസത്തിന് ശേഷമാണ് ദാരുണമായ സംഭവം. എമിലി മരണപ്പെട്ട സ്ഥലത്ത് ഫോറെൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും, വിദഗ്ധമായ പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വേണ്ടി വന്നാൽ, കൂടുതൽ വിപുലമായ സംവിധാനങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ആൻഡ്രിയ ബോവൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗത്തെൻഡിലെ തിരക്കേറിയ അമ്യൂസ്മെൻറ് പാർക്കിൽ 11 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം . തിരക്കേറിയ കടൽതീരത്തു നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സൗത്തെൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ 57 വയസ്സുകാരനെ അറസ്റ്റു ചെയ്തു.
അറുപതിനോടടുത്ത് പ്രായമുള്ള നരച്ച മുടിയുള്ള പച്ച ടീഷർട്ടും സൺഗ്ലാസും ധരിച്ച ഒരു വെള്ളക്കാരൻ എന്നു മാത്രമേ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടുള്ളൂ. പ്രതി നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തിന് ദൃസാക്ഷികളായുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി അനസ് ഖാൻ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയിൽ ക്രിക്കറ്റർ എന്ന നിലയിൽ ഏറെ സുപരിചിതനായിരുന്നു അദ്ദേഹം . അനസ് കാൻസർ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല.
ലണ്ടനിലെ യൂസ്റ്റൺ പാലിയേറ്റീവ് കെയർ ഹോമിൽ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ ഗ്ലോബൽ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്. സംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .
യുകെ മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്നു അനസ്. രോഗശയ്യയിൽ ആയിരുന്നപ്പോഴും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനസ് ശ്രമിച്ചിരുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ അനസിന് ആശ്വാസ വാക്കുകളുമായി ധാരാളം പേർ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.
അനസ് ഖാൻ ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലോകത്തിൽ മലിനീകരണം ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി ഉണ്ടായിരുന്നിട്ടും നേപ്പാൾ യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും മലിനീകരണം നിലനിൽക്കുന്ന രാജ്യമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഔവർ വേൾഡ് ഇൻ ഡാറ്റാ പ്ലാറ്റ്ഫോം അനുസരിച്ച്, സൗത്ത് ഏഷ്യയിലെ ഭൂപ്രദേശത്ത് താമസിക്കുന്നവർക്ക് പൊതുവെ മലിനീകരണ നിരക്ക് കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ പരിധിയായ 5μg/m3 എന്നതിനേക്കാൾ ഏകദേശം 20 മടങ്ങ് കൂടുതലാണ് എന്നാണ് ഈ കണക്കിനെ വിദഗ്ധർ വിശേഷിപ്പിച്ചത്.
അതേസമയം,യുകെയിലെ ലെവലുകൾ 10.47μg/m3 ആയിരുന്നു. യുഎസ് ലോഗ് ചെയ്തത് 7.41μg/m3 ആണ്. അതിനർത്ഥം ഈ രാജ്യങ്ങൾ യഥാക്രമം 24മതും ഒൻപതാമതും പട്ടികയിൽ ഇടംപിടിച്ചു എന്നാണ്. ഈ കണക്കുകൾ ഹൃദ്രോഗം പോലുള്ള മാരകമായ രോഗവസ്ഥകളിലേയ്ക്ക് നയിക്കുന്നെന്ന് പഠനം പറയുന്നു. പൊടി, മണം, പുക എന്നിവയിൽ നിന്നൊക്കെയാണ് ഈ മലിനീകരണ തോത് ഉയർന്നിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് ഒരു പ്രധാന കാരണമാണ്. പ്രധാനമായും ഇത്, കാർ എഞ്ചിനുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തുവിടുന്നു.
മലിനീകരണം പലപ്പോഴും പ്രധാനമായും ശ്വാസകോശത്തെ സാരമായി ബാധിക്കാറുണ്ട്. അന്തരീക്ഷത്തിലെ പുക പടലങ്ങൾ, ശ്വാസകോശത്തിനുള്ളിൽ കടക്കുകയും ക്യാൻസർ പോലുള്ള മാരകമായ ആരോഗ്യ കാരണങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു. വാഹനം ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കണക്കുകൾക്കും അപ്പുറത്താണ്. വാഹനത്തെ ആശ്രയിക്കാതെ ആരും തന്നെ ജീവിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. വാഹനങ്ങൾ പുറം തള്ളുന്ന പുകയാണ് ഈ പട്ടികയിൽ പല രാജ്യങ്ങളെയും ഇടംപിടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നിങ്ങൾ യൂറോ മില്യൺ ടിക്കറ്റുകൾ എടുത്തിട്ടുണ്ടോ ? എങ്കിൽ ടിക്കറ്റ് പരിശോധിച്ചോളൂ. യുകെയിൽ വിറ്റ ടിക്കറ്റിന്റെ ഉടമയാണ് ആ മഹാഭാഗ്യവാൻ. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിനാണ് 111.7 മില്യൺ പൗണ്ട് നേടിയത്.
ടിക്കറ്റിന്റെ ഉടമ ആരാണെന്ന് വെളിവായിട്ടില്ല. യൂറോ മില്യൺ ജാക്ക്പോട്ടിൽ 100 മില്യണിൽ അധികം നേടുന്ന 18 -മത്തെ യുകെ കാരനായിരിക്കും ടിക്കറ്റിന്റെ ഉടമ. ലോട്ടറി എടുത്തവരോട് അവരുടെ ടിക്കറ്റുകൾ പരിശോധിക്കുവാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പേര് പരസ്യപ്പെടുത്തണോ വേണ്ടയോ എന്നുള്ളത് വിജയിയുടെ തീരുമാനപ്രകാരം ആയിരിക്കും. വിജയിച്ച ആൾ ഇംഗ്ലണ്ടിലെ കോടീശ്വരന്മാരുടെ മുൻപന്തിയിൽ എത്തും. സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് പ്രകാരം ഇംഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്ൻ (£ 51 മില്യൺ), ഹാരി പോട്ടർ നടൻ ഡാനിയൽ റാഡ്ക്ലിഫ് (£ 92 മില്യൺ), പോപ്പ് ഗായിക ദുവാ ലിപ (£ 75 മില്യൺ) എന്നിവരേക്കാൾ ലോട്ടറി ടിക്കറ്റിൻ്റെ ഉടമ സമ്പന്നനാകും
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 221 കടന്നു. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണിത് . 900 -ത്തിൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 900ലധികം പേർക്ക് പരിക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.
മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്- ചെന്നൈ കോറമണ്ഡല് എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില് ട്രെയിന് കോച്ചുകള് അടുത്ത് നിര്ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന് സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സിംഗ് ഏജന്റുമാർ പലപ്പോഴും യുകെയിലേക്ക് എത്തുന്ന അന്താരാഷ്ട്ര നേഴ്സുമാരിൽ നിന്ന് സത്യം മറച്ചുവയ്ക്കുന്നതായി ബ്രിട്ടീഷ് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻെറ (ബി ഐ എൻ എ) മേധാവി മറിമോട്ട്ടോ കൗരമസ്സി. അടുത്തിടെ യുകെയിലെത്തിയ നേഴ്സുമാർ വാടകയും ജീവിത ചിലവും മറ്റും അറിഞ്ഞപ്പോഴുള്ള പ്രതികരണവും അദ്ദേഹം പങ്കുവച്ചു. യുകെയിൽ ജോലിക്കായി എത്തുന്ന അന്താരാഷ്ട്ര നേഴ്സുമാർക്ക് എൻഎച്ച്എസ് ട്രസ്റ്റ് നാല് മുതൽ ആറ് ആഴ്ച വരെ താൽക്കാലിക താമസസൗകര്യം നൽകുന്നുണ്ട്. പക്ഷേ, ഈ കാലയളവിനുള്ളിൽ ഇവർ മറ്റൊരു ഭവനം കണ്ടെത്തണം. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന നേഴ്സുമാർ താമസ സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നത് കണക്കിലെടുത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മിക്കപ്പോഴും തങ്ങളുടെ രാജ്യത്തിനെക്കാൾ തികച്ചും വ്യത്യസ്തമായ യുകെയിലെ സംസ്കാരം തന്നെ പലർക്കും പൊരുത്തപ്പെടാൻ സമയമെടുക്കും. ഇതിന് ഒപ്പം താമസസൗകര്യം കണ്ടെത്തുക എന്നത് സമ്മർദ്ദം കൂട്ടുന്നു. മിക്ക നേഴ്സുമാർക്കും ലണ്ടനിലും ഇംഗ്ലണ്ടിലും ഒരു നല്ല വീടിൻെറ വാടകയെ കുറിച്ച് ഇവർക്ക് യാതൊരു ധാരണയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ നിലവിലുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ ശമ്പള നിരക്കിൽ അതിജീവിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ച് കൊണ്ട് ഈയടുത്ത മാസങ്ങളിൽ സമരത്തിലായിരുന്ന യൂണിയനുകളും നേഴ്സുമാരും ഉയർത്തിക്കാട്ടിയിരുന്നു.
ഈയിടെ ജോലിയിൽ പ്രവേശിച്ച ഇന്ത്യൻ നേഴ്സുമാർക്ക് തങ്ങളുടെ സാലറിയിൽ എന്ത് വാങ്ങാൻ സാധിക്കും എന്നതിനെ കുറിച്ച് പോലും ധാരണ ഉണ്ടായിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരവും അദ്ദേഹം പങ്കുവച്ചു. കുറഞ്ഞ ജീവിതച്ചെലവും കുറഞ്ഞ ശരാശരി വേതനവുമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്ന് വരുന്നവരോട് ജീവിത ചിലവുകളെ കുറിച്ച് ധാരണ നൽകാത്തത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :-സ്റ്റോക്ക്പോർട്ടിലെ ഒരു വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ചുറ്റുപാടുമുള്ള നിരവധി ഭവനങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സ്റ്റോക്ക്പോർട്ടിലെ മിഡിൽടൺ റോഡിലെ ഒരു വീട്ടിൽ നിന്നും 50 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) അറിയിച്ചു. അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ് തുടർന്നാണ് പരിശോധനയും അറസ്റ്റും ഉണ്ടായതെന്ന് പോലീസ് വക്താവ് പറഞ്ഞു.
ബോംബ് ഡിസ്പോസൽ ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകളിൽ പങ്കാളികളായി. ഒഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടൊപ്പം താമസിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താമസസൗകര്യമില്ലാത്തവരെ ലൈഫ് ലെഷർ ഹോൾഡ്സ്വർത്ത് വില്ലേജിലെ റിസപ്ഷനിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ ഉള്ള നിരവധി റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തു.
സ്ഫോടക വസ്തു ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇതൊരു മുൻകരുതലാണെന്നും പൊതുജനങ്ങൾക്ക് യാതൊരുവിധ തരത്തിലുള്ള ഭീഷണി ഇല്ലെന്നും സൂപ്രണ്ട് സീഷാൻ നസിം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ സ്ഥലത്തൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമുള്ള കർശന നിർദേശവും ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കോവിഡ് സമയത്ത് റദ്ദാക്കിയ വിമാനങ്ങൾ റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് എയർവേയ്സിന് യുഎസ് സർക്കാർ 1.1 മില്യൺ ഡോളർ പിഴ ചുമത്തി. രാജ്യത്തേക്കും പുറത്തേക്കും അടിയന്തിരമായി സർവീസ് നിർത്തിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സമയബന്ധിതമായി ടിക്കറ്റ് തുക റീഫണ്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് നടപടി. എയർലൈനിനെക്കുറിച്ച് 1,200 ലധികം പരാതികൾ ലഭിച്ചെന്നും, പല ഘട്ടങ്ങളിലും യാത്രികരായ ആളുകളെ വലയ്ക്കുന്ന നടപടി ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
ഭാരിച്ച തുകയാണ് പലപ്പോഴും വിമാന കമ്പനികൾ ഈടാക്കുന്നത്. അതിനിടയിലാണ് ഇത്തരത്തിലെ നടപടികൾ. ഈ കാലയളവിൽ നിരവധി മാസങ്ങളോളം ഉപഭോക്താക്കൾക്ക് കസ്റ്റമർ കെയർ അധികൃതരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ടിക്കറ്റ് റീഫണ്ടിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ മോശമായ സമീപനമാണ് ഇവരിൽ നിന്ന് ഉണ്ടാകുന്നത് എന്നും യാത്രികർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ മറ്റെല്ലാ ഇടങ്ങളിലും അവസരം ഉണ്ട്. എന്നാൽ ബ്രിട്ടീഷ് എയർവേസിൽ നിഷേധാത്മകമായ സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നതെന്നും ആളുകൾ കുറ്റപ്പെടുത്തി.
1200 ലധികം പരാതികൾ നിലവിൽ ഇതിന്മേൽ വന്നിട്ടുണ്ട്. എന്നാൽ യാതൊരു വിധ അനുകൂല സമീപനവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. യു എസ് ഗവണ്മെന്റ് പിഴ ചുമത്തിയത് വലിയൊരു കൂട്ടം യാത്രക്കാർക്ക് ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ റീഫണ്ട് നടക്കുമെന്നും, ടിക്കറ്റ് തുക നഷ്ടമാകില്ലെന്നും ഉള്ള പ്രതീക്ഷയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്തനാർബുദത്തിന് ശേഷമുള്ള തന്റെ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി ഈ വർഷം തന്നെ മൂന്ന് തവണ മാറ്റിവെക്കപ്പെട്ടുവെന്നും അതിനാൽ തന്നെ സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ട തോന്നലാണ് തനിക്കുള്ളതെന്നും അമ്പത്തിയേഴുകാരിയായ കാരെൻ റോജർസ് വെളിപ്പെടുത്തിയിരിക്കുകയാണ്. മോൺമൗത്ത്ഷെയറിലെ മഗോറിൽ നിന്നുള്ള റോജേഴ്സിന് സ്തനാർബുദം മൂലം ആറ് വർഷം മുമ്പ് മാസ്റ്റെക്ടമി അഥവാ സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അതിനു ശേഷം നടത്തുന്ന ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറിയാണ് ഇപ്പോൾ നിരവധി തവണയായി മാറ്റിവയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതു മൂലം താൻ ധരിക്കുന്ന വസ്ത്രം മുതൽ ആളുകളെ ആലിംഗനം ചെയ്യുന്ന രീതി വരെ ബാധിക്കപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. ചില ക്യാൻസർ സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുവാൻ കൂടുതൽ സമയമെടുക്കുന്നതായി വെൽഷ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർജറിയിലൂടെ തനിക്ക് ലഭ്യമാകുന്നത് ഒരിക്കലും സ്വാഭാവികമായ സ്തനങ്ങളാവില്ലെന്ന് തനിക്ക് തന്നെ ബോധ്യമുണ്ടെങ്കിലും, സാധാരണ സ്ഥിതിയിലും രൂപത്തിലും തന്നെ കാണാൻ ആഗ്രഹമുള്ളതിനാലാണ് ഈയൊരു സർജറിക്ക് വേണ്ടി താൻ ആഗ്രഹിക്കുന്നതെന്നും കാരെൻ വ്യക്തമാക്കി.
2023 ൽ മൂന്നുതവണ മാറ്റിവയ്ക്കപ്പെടുന്നതിന് മുൻപായി തന്നെ റോജേഴ്സിന്റെ ശസ്ത്രക്രിയ പലതവണ വൈകിയിരിക്കുകയാണ്. 2016 ഡിസംബറിൽ റോജേഴ്സിന്റെ ഇടത് സ്തനത്തിലെ മാസ്റ്റെക്ടമിക്ക് ശേഷം, റീ കൺസ്ട്രക്ഷൻ സർജറി ക്യാൻസർ ചികിത്സ അവസാനിക്കുന്നത് വരെ മാറ്റിവയ്ക്കപ്പെട്ടു. അതിനുശേഷം റോജേഴ്സിന്റെ വയറ്റിൽ ഉണ്ടായ ഒരു വളർച്ച നീക്കുന്നതിനായി സർജറി ആവശ്യമായി വരികയും അതിൽ നിന്ന് സുഖപ്പെട്ടു വന്നപ്പോൾ തന്നെ കോവിഡ് കാലം ആരംഭിക്കുകയും ചെയ്തു. ഡീപ് ഇൻഫീരിയർ എപ്പിഗാസ്ട്രിക് പെർഫൊറേറ്റർ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ വെൽഷ് ഹെൽത്ത് ബോർഡിൽ – സ്വാൻസീ ബേയിൽ മാത്രമാണ് നടത്തുന്നത്. പുതിയ സ്തനങ്ങൾ സൃഷ്ടിക്കാൻ വയറ്റിൽ നിന്ന് ചർമ്മം എടുത്താണ് ഈ ശസ്ത്രക്രിയ നടത്തപ്പെടുന്നത്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട ശസ്ത്രക്രിയകൾ കഴിഞ്ഞ വർഷമാണ് വീണ്ടും പുനരാരംഭിച്ചത്. എന്നാൽ നേഴ്സുമാരുടെ സമരം, റോജേഴ്സിന്റെ വെളുത്ത രക്താണുക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ, മറ്റൊരു രോഗിക്ക് ഉടനടി ആവശ്യമായി വന്നത് എന്നിവയെല്ലാം തന്നെ കൂടുതൽ കാത്തിരിപ്പിന് കാരണമായി.
ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തങ്ങൾ മനസ്സിലാക്കുന്നതായും പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വെൽഷ് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് രോഗികൾ പ്രതീക്ഷിക്കുന്നത്.