ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അഴിമതികൾക്കെതിരെയുള്ള ദേശീയ നടപടിയുടെ ഭാഗമായി സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ കോൾഡ് കോളുകളും യുകെ നിരോധിക്കും. വ്യാജ ഇൻഷുറൻസ് ഉൽപ്പന്നങ്ങളോ ക്രിപ്‌റ്റോകറൻസി സ്കീമുകളോ വിൽക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ആണ് പുതിയ നിയമം നിലവിൽ വരുന്നത്. ഏതെങ്കിലും ഉൽപ്പന്നം വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോളുകൾ നിരോധനത്തിന്റെ പരിധിയിൽ വരും. ഇതിനായി 500 ജീവനക്കാർ അടങ്ങുന്ന പുതിയ ഫ്രോഡ് സ്ക്വാഡും രൂപീകരിക്കും. എന്നാൽ സർക്കാരിൻെറ ഈ പുതിയ തീരുമാനം “വളരെ വൈകി”പ്പോയെന്ന് ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും കുറ്റപ്പെടുത്തി.
നിലവിൽ യുകെയിലെ ഫ്രോഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയർന്നുവരുകയാണ്. കണക്കുകൾ പ്രകാരം ഇത്തരം ചതി കുഴിയിൽ എല്ലാ ദിവസവും 15 പേരിൽ ഒരാൾ ഇരയാകുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത്, 41 ദശലക്ഷം ആളുകൾക്കാണ് സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും ലഭിച്ചതെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. പുതിയ നിയമത്തിൻെറ പരിധിയിൽ എല്ലാ തരത്തിലുള്ള കോൾഡ് കോളുകളും വരുമെന്ന് സർക്കാർ അധികൃതർ അറിയിച്ചു.
പുതിയ നിയമം നടപ്പിലാക്കുമ്പോൾ ക്രിപ്‌റ്റോകറൻസി സ്കീമുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന കോൾ ലഭിക്കുന്ന ഒരാൾക്ക് അതൊരു തട്ടിപ്പാണെന്ന് അറിയാനാവും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരം കൊണ്ട് തകർക്കുന്ന തട്ടിപ്പുകാർക്കെതിരെ ഉള്ള നീക്കമാണ് പുതിയ നിയമമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്സിലെ ജീവനക്കാർക്ക് 5 ശതമാനം ശമ്പള വർദ്ധന നടപ്പിലാക്കാനുള്ള ശമ്പള കരാറിന് അന്തിമാനുമതിയായി. ആരോഗ്യ മേഖലയിലെ വിവിധ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളിൽ മൂന്നെണ്ണം ഒഴിച്ച് എല്ലാവരും പിന്തുണച്ചതിനെ തുടർന്നാണ് ശമ്പള വർദ്ധനവ് നടപ്പിലായത് . എന്നാൽ യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനുകളിലൊന്നായ ആർസിഎന്നും യുണൈറ്റും ഉൾപ്പെടെയുള്ള 3 യൂണിയനുകൾ ഈ ശമ്പള കരാറിനെ അനുകൂലിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതുക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 5 ശതമാനം ശമ്പള വർദ്ധനവിന് പുറമെ ഒറ്റത്തവണ പെയ്മെൻറ് ആയി കുറഞ്ഞത് 1655 പൗണ്ടും ലഭിക്കും. നേഴ്സുമാർ , ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ് ലഭിക്കുക. ഡോക്ടർമാരും ദന്തഡോക്ടർമാരും ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിലാണ് ശമ്പള കരാറിൽ ഒപ്പിട്ടത്. ശമ്പള കരാർ നിലവിൽ വന്നതിനെ തുടർന്ന് സമരങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് മന്ത്രിമാർ പറഞ്ഞു.
ഒറ്റത്തവണ പെയ്മെന്റും ശമ്പള വർദ്ധനവും ജൂൺമാസം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിലാണ് സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിച്ചേർന്നത്. തുടർന്ന് വിവിധ യൂണിയനുകൾ പ്രസ്തുത കരാറിനെ തങ്ങളുടെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി അംഗീകാരം നേടിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആർസിഎൻ ഉൾപ്പെടെയുള്ള 3 യൂണിയനുകളിലെ ഭൂരിപക്ഷം അംഗങ്ങളും കരാറിനെ നിരസിച്ച് വോട്ട് ചെയ്യുകയാണ് ചെയ്തത്. എന്നിരുന്നാലും ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ സർക്കാരിന് കരാർ നടപ്പിലാക്കാൻ സാധിച്ചത്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് കരാർ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ശമ്പള കരാർ നിരസിച്ച റോയൽ കോളേജ് ഓഫ് നേഴ്സിംഗ് സമരം തുടരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ലണ്ടൻ: മാഞ്ചസ്റ്റർ എയർ പോർട്ടിൽ നിന്ന് അനധികൃത പാർക്കിംഗ് നടത്തിയ ഡ്രൈവറെ പോലീസ് പിടികൂടി. പാർക്കിംഗ് ഫീ ഒഴിവാക്കാനുള്ള ശ്രമത്തിനിടയിലാണ്
നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. മെയ് 2 ചൊവ്വാഴ്ച കാറിന്റെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. അതേസമയം, പിഴ ഒഴിവാക്കാൻ ലഭ്യമായ നിയുക്ത പാർക്കിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എയർപോർട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ടെന്നും അവ കൃത്യമായി പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ചെലവ് ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കയറ്റാനും ഇറക്കാനും സമീപത്തുള്ള എം 56 ന്റെ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നതിനാൽ മുൻപും നിരവധി ഡ്രൈവർമാരെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം മാത്രം മൂന്നിലധികം ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. നിലവിൽ എയർപോർട്ടിലേക്ക് ഓട്ടം വരുന്ന ഡ്രൈവർമാർ നിശ്ചിത സ്ഥലത്ത് തന്നെ കാർ പാർക്ക് ചെയ്യാൻ ശ്രദ്ധിചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി .
എല്ലാ യാത്രക്കാർക്കും ജെറ്റ് പാർക്ക്സ് 1-ൽ സ്ഥിതി ചെയ്യുന്ന സൗജന്യ ഡ്രോപ്പ് ഓഫ് ഏരിയ ഉപയോഗിക്കാനാകും.
അല്ലെങ്കിൽ, ആളുകൾക്ക് ടെർമിനലുകൾക്കും ട്രെയിൻ സ്‌റ്റേഷനും പുറത്ത് നേരിട്ട് ഇറക്കിവിടുന്നതിന് അഞ്ച് മിനിറ്റിന് £5 അല്ലെങ്കിൽ പത്ത് മിനിറ്റിന് £6 എന്ന നിരക്കിൽ പണം കൊടുത്ത് ഉപയോഗിക്കാം. പിക്ക് അപ്പ് ചെയ്യുന്നതിനായി , ഓരോ ടെർമിനലുകളിലും കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഡ്രൈവർമാർക്ക് പിക്ക് അപ്പ് സോണിൽ പാർക്ക് ചെയ്യാം. പാർക്കിംഗ് ഫീ ഒഴിവാക്കാനായി മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ അനധികൃത പാർക്കിംഗ് സ്‌ഥലങ്ങൾ ഉപയോഗിക്കാറുണ്ട് . പലർക്കും ഇത് മൂലം പലപ്പോഴും ഭീമമായ തുക പിഴ കിട്ടാറുമുണ്ട് . അതിനാൽ തന്നെ നിയമം അനുസരിച്ച് പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യുകെയിലെ ഹെൽത്ത് കെയർ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ദൗത്യവുമായി ഒരു ഉന്നതതല നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രതിനിധി സംഘം കേരളത്തിലെത്തി. എൻഎച്ച്എസിന്റെ ഹെൽത്ത് കെയർ മേഖലയിൽ ഉണ്ടായിട്ടുള്ള ഒഴിവുകൾ നികത്തുന്നതിനായി കേരള സർക്കാരും എൻഎച്ച്എസും തമ്മിലുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖലകളിലെ വൈദഗ്ധ്യം നേരിട്ട് കണ്ടറിയാനാണ് സംഘം എത്തിയിരിക്കുന്നത്.
മെയ് 4, 5, 6 തീയതികളിൽ എറണാകുളത്ത് നടക്കുന്ന നോർക്ക യുകെ കരിയർ ഫെയറിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായാണ് ഉന്നതതല പ്രതിനിധി സംഘത്തിന്റെ വരവ്. ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്‌മെന്റിലെ ഇന്റർനാഷണൽ വർക്ക്‌ഫോഴ്‌സ് മേധാവി ഡേവ് ഹോവാർത്ത് ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡിലെ ക്ലിനിക്കൽ ആൻഡ് പ്രൊഫഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിഗൽ വെൽസ് എന്നിവരാണ് വിദഗ്‌ധ സംഘത്തെ നയിക്കുന്നത്.
കേരളത്തിലെ മെഡിക്കൽ, നേഴ്‌സിംഗ് മേഖലകളെക്കുറിച്ചും സംസ്ഥാനത്തെ മാനസികാരോഗ്യ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാനാണ് സംഘം കേരളത്തിലെത്തുന്നത്. ആരോഗ്യ, തൊഴിൽ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. നോർക്കയുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്ന സംഘം മൂന്ന് ദിവസം കേരളത്തിൽ ഉണ്ടാകും. ആരോഗ്യ സംരക്ഷണ മേഖലയിലേയ്ക്കുള്ള വിദേശ റിക്രൂട്ട്‌മെന്റിന്റെ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് മീറ്റിങ്ങുകൾ നടത്തും. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതിനിധി സംഘം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മദ്യപിച്ച് വാഹനം ഓടിച്ചതിന് ‘ബോറിസ് ജോൺസനെ ‘ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയിലാണ്. നെതർലാൻഡിലെ വടക്കൻ നഗരമായ ഗ്രോസിംഗനിലെ എമ്മ പാലത്തിന് സമീപം ഒരു കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നുള്ള പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറിനെ കസ്റ്റഡിയിൽ എടുത്തത്.
അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിച്ച് പാലത്തിൽ നിന്ന ഡ്രൈവർ മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. 35 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് കാർ പരിശോധിച്ചപ്പോഴാണ് ബോറിസ് ജോൺസന്റെ പേരിലുള്ള വ്യാജ ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തിയത്. ഗ്രോനിംഗന്റെ പടിഞ്ഞാറ് സുയ്‌ഹോർൺ എന്ന ചെറുപട്ടണമാണ് യുവാവിന്റെ സ്വദേശം . വ്യാജ ഡ്രൈവിംഗ് ലൈസൻസ് എവിടെയാണ് നിർമ്മിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.
എന്നാൽ ഉക്രൈൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ടൂറിസ്റ്റ് ഷോപ്പുകളിൽ വ്യാജ ലൈസൻസുകൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുമെന്ന് നെതർലാൻഡിലെ പത്രപ്രവർത്തകനും മുൻ റഷ്യ കറസ്പോണ്ടന്റുമായ കിസിയ ഹെക്സ്റ്റർ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസിൽ ഫോട്ടോയും ജനന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ യഥാർത്ഥ വിവരങ്ങളാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിസ്റ്റോളിൽ താമസിച്ചിരുന്ന മലയാളി യുവതി അഞ്ജു മരണമടഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സീനിയര്‍ കെയററായി ജോലി ചെയ്തു വരുന്നതിനിടെയാണ് രോഗം തിരിച്ചറിഞ്ഞത്. അഞ്ജു യുകെയിൽ എത്തിയിട്ട് ആറു മാസം മാത്രം ആയിരിക്കെയാണ് മരണം സംഭവിച്ചത്. അഞ്ജുവിന് പിന്നാലെ മൂന്നു മാസം മുമ്പ് ഭര്‍ത്താവും യുകെയിലേക്ക് എത്തിയിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
യുകെ മലയാളികൾക്കിടയിൽ ക്യാൻസർ ബാധിച്ച് തുടർച്ചയായി ഒട്ടേറെ മരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ പതിനേഴാം തീയതി വെയ്ക്ക് ഫീൽഡിൽ മരണമടഞ്ഞ മഞ്ജുഷ് മാണി കാൻസർ ബാധിച്ചാണ് മരിച്ചത്. ഇന്നലെ ഈസ്റ്റ്ഹാമിൽ തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് മരിച്ചത് ക്യാൻസർ മൂലമാണ്.
അഞ്ജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ വെയ്ക് ഫീൽഡിൽ ഏപ്രിൽ 17-ാം തീയതി മരണമടഞ്ഞ മഞ്ജുഷ് മാണിക്ക് താൻ പിറന്ന വീണ പിറവത്തിന്റെ മണ്ണിൽ അന്ത്യവിശ്രമം. പ്രകൃതി പോലും വിറങ്ങലിച്ചു നിന്ന വികാരനിർഭരമായ അന്തരീക്ഷത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ പുഞ്ചിരി തൂകുന്ന ഓർമ്മകൾ ബാക്കിയാക്കി മഞ്ജുഷ് യാത്രയായി . ഇന്നലെ 12 മണിയോടെയാണ് പിറവത്തുള്ള മഞ്ജുഷിന്റെ വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. ദീർഘകാലം കെഎസ്ആർടിസിയിൽ സുത്യർഹ സേവനം അനുഷ്ഠിച്ച തങ്ങളുടെ പ്രിയപ്പെട്ട മാണിച്ചേട്ടൻെറ പുത്രനോടുള്ള വാത്സല്യത്തിനുമപ്പുറം മഞ്ജുഷിന് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ കൊണ്ട് നല്ലൊരു സൗഹൃദ വലയം ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ ഇടമുറിയാതെ മഞ്ജുഷിന്റെ വീട്ടിലേയ്ക്ക് ജനങ്ങൾ എത്തിച്ചേർന്നുകൊണ്ടേയിരുന്നു. പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹത്തിനരികിൽ കണ്ണിമ പൂട്ടാതെ തൻറെ പ്രിയതമനെ മിഴി നട്ടിരിക്കുന്ന ബിന്ദുവിന്റെയും അച്ഛനെ പിരിയുന്ന മക്കളായ ആൻമേരിയയുടെയും അന്നയുടെയും വേദന ഏതൊരാളിന്റെയും കരളലിയിക്കുന്നതായിരുന്നു. നന്നേ ചെറുപ്രായത്തിലെ തങ്ങളുടെ മനസ്സിന് തീരാ വേദനയായി വിട പറഞ്ഞ തങ്ങളുടെ പ്രിയ മകൻെറ നിശ്ചലമായ ശരീരത്തിന് മുന്നിൽ പിതാവ് മാണിയും മാതാവ് മേരിയും നിറകണ്ണുകളോടെ ഉണ്ടായിരുന്നു. മഞ്ജുഷിന്റെ അമേരിക്കയിൽ ജോലിചെയ്യുന്ന ഏക സഹോദരി മജി ബാബുവും പ്രിയ സഹോദരനെ യാത്ര അയക്കാനായി എത്തിച്ചേർന്നിരുന്നു.
മഞ്ജുഷ് ഇടവകാംഗമായിരുന്ന ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വെൽഫ്രഡ് ഇടവകയുടെ വികാരിയും മിഷൻ ഡയറക്ടറുമായിരുന്ന, നിലവിൽ ഊന്നുകൽ സെൻറ് ജോർജ് ചർച്ചിന്റെ വികാരിയുമായ ഫാ. ജോസഫ് പൊന്നത്താണ് അനുസ്മരണ പ്രസംഗം നടത്തിയത്. യുകെയിൽ തന്റെ ശുശ്രൂഷാ കാലഘട്ടത്തിലുടനീളം മഞ്ജുഷുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തിൻറെയും വിശ്വാസത്തിലും ദൈവപരിപാലനയിലും മഞ്ജുഷ് തന്റെ ഭാര്യയെയും മക്കളെയും ചേർത്തുനിർത്തി ഒരു ഉത്തമ കുടുംബജീവിതം നയിച്ചതിന്റെയും നേർ സാക്ഷ്യമായിരുന്നു അച്ഛൻറെ പ്രസംഗം. ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യൻ കണിയാംപറമ്പിലിൻെറ നേതൃത്വത്തിൽ 4 മണിയോടെയാണ് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചത്. ഫാ. ജോസഫ് പൊന്നത്തും, ഫാ. സിജോ കൊച്ചുമണ്ണിലും നിരവധി സിസ്റ്റേഴ്സും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.
5 മണിയോടെയാണ് പിറവം ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശവസംസ്കാര ശുശ്രൂഷയിലെ അവസാന നിമിഷങ്ങൾ അത്യധികം ദുഃഖകരമായിരുന്നു . വീട്ടിൽ നിന്ന് മൃതദേഹം പള്ളിയിലേക്ക് എടുത്ത നിമിഷത്തിൽ മയങ്ങി വീണ ബിന്ദുവിന്റെ പള്ളിയിൽ വെച്ചുള്ള പൊട്ടിക്കരച്ചിൽ ഏതൊരാളുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു . വിധിയുടെ വിളയാട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞ മഞ്ജുഷിനെകുറിച്ച് ബിന്ദുവിന്റെ വിലാപം എല്ലാവർക്കും തീരാ വേദനയായി. തന്റെ പ്രിയതമന്റെ ശവമഞ്ചൽ നോക്കി ഞാൻ പൊന്നുപോലെ നോക്കുകയില്ലായിരുന്നോ … എൻറെ അടുത്ത് ഒരാളായി നിന്നാൽ മതിയായിരുന്നല്ലോ എന്ന ബിന്ദുവിന്റെ പൊട്ടിക്കരച്ചിൽ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ മനസ്സിൽ ഏറെ നാൾ ഒരു വിങ്ങലായി നിലനിൽക്കും.
മഞ്ജുഷിന്റെ ലീഡ്സിലെ പൊതുദർശനം മുതൽ മൃത സംസ്കാരത്തിന്റെ എല്ലാ വിവരങ്ങളും മലയാളം യുകെ ന്യൂസ് യഥാസമയം വായനക്കാരിലേയ്ക്ക് എത്തിച്ചിരുന്നു. മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായിരുന്നു മഞ്ജുഷ് .
മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി റ്റിജി തോമസ് മലയാളം യുകെ ന്യൂസിനെ പ്രതിനിധീകരിച്ച് മഞ്ജുഷിന്റെ വീട്ടിലും പള്ളിയിലും എത്തി ആദരാഞ്ജലികൾ അർപ്പിച്ചു . വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി ബിബിൻ രവീന്ദ്രനും രേഷ്മാ ബിബിനും പിറവത്തെ മഞ്ജുഷിന്റെ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു .കോട്ടയം പാർലമെൻറ് മണ്ഡലം എംപി ശ്രീ. തോമസ് ചാഴിക്കാടൻ , സ്ഥലം എംഎൽഎ ശ്രീ. അനൂപ് ജേക്കബ് എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങിൻെറ അവസാനഘട്ട തയാറെടുപ്പിന് ഒരുങ്ങി ബ്രിട്ടൺ. മെയ് 6-നാണ് ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങുകൾ നടക്കുക. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. ഒരുക്കത്തിൻെറ അവസാനഘട്ടമായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയ ആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി.
ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. ഇതിനായി 700 വർഷം പഴക്കം ഉള്ള സിംഹാസനത്തിന്റെ നവീകരണം ബക്കിങ്ഹാം കൊട്ടാരത്തിൽ പുരോഗമിക്കുകയാണ്. സ്ഥാനാരോഹണ സമയത്ത് സിംഹാസനത്തിൽ സ്ഥാപിക്കുന്ന ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്നറിയപ്പെടുന്ന 125 കിലോഗ്രാം ഭാരമുള്ള കല്ല് സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ നിന്നുള്ളതാണ്.
പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.
കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. ചരിത്രത്തിൽ ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിത ബിഷപ്പ് റൈറ്റ് റവ. ഗുലി ഫ്രാൻസിസ് ദെഹ്കാനി സഹകാര്‍മ്മികയാകും. ഇതുവരെ കിരീടധാരണ ചടങ്ങുകളില്‍ 2000 അതിഥികള്‍ക്ക് ബക്കിങ്ഹാം കൊട്ടാരം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റഗ്ബി കളിക്കാരനായ യുവാവ് കുത്തേറ്റു മരിച്ചു. കോൺവാൾ നൈറ്റ് ക്ലബ്ബിന്റെ പുറത്ത് വെച്ചാണ് സംഭവം. മൈക്കൽ അലൻ (36) ആണ് ദാരുണമായ കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജീവന് ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച രണ്ട് പേർ ആശുപത്രിയിൽ വിശ്രമിക്കുകയാണ്. ബാക്കി ഉള്ളവർ വീടുകളിലേക്ക് മടങ്ങി. സംഭവത്തിൽ ബോഡ്മിൻ സ്വദേശിയായ 24കാരനെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു. കൊലപാതകം, കൊലപാതകശ്രമം, മനഃപൂർവം ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമം എന്നിങ്ങനെ നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
മൈക്ക് എന്നറിയപ്പെടുന്ന മൈക്കൽ എല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അപ്രതീക്ഷിത വേർപാടിൽ ആയിരിക്കുന്ന കുടുംബങ്ങളെ പോലീസ് അനുശോചനം അറിയിച്ചു. പ്രതികൾ എത്രപേർ ആണെങ്കിലും ഉടൻ തന്നെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പോലീസുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: https://mipp.police.uk/operation/50DC23S08-PO1
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈസ്റ്റ്ഹാം: ലണ്ടൻ ഈസ്റ്റ്‌ഹാമിൽ താമസിക്കുന്ന തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് (49) നിര്യാതയായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗംമൂലം ഏറെ നാളുകളായി പോരാടിയ ഷെർലിനെ അപ്രതീക്ഷിതമായിട്ടാണ് മരണം കവർന്നത്. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലിരിക്കെയാണ് ദാരുണമായ സംഭവം. എന്നാൽ ഇതിനിടയിൽ രോഗം വീണ്ടും വർദ്ധിക്കുകയും, തുടർന്ന് വയ്യാതെ ആകുകയും ആയിരുന്നു.
തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. മൂന്ന് മക്കൾ ഉണ്ട്. ഇവർ മൂന്നും നാട്ടിലാണ് താമസിക്കുന്നത്. ഇവർ മൂവരും എത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
ഷെർലിൻ ജെറാൾഡിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.