Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവർത്തി ദിനങ്ങൾ ആക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും, കോവിഡ് കാലം ഈ ചർച്ചകൾ വേഗത്തിലാക്കി. ഇതോടെയാണ് ആഴ്ചയിൽ നാല് ദിവസങ്ങൾ മാത്രം പ്രവർത്തിദിനങ്ങൾ ആക്കി മാറ്റാനുള്ള തീരുമാനം പരീക്ഷണാർഥത്തിൽ ആറുമാസത്തേക്ക് നടപ്പിലാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുപ്പതോളം കമ്പനികളാണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഈ തീരുമാനം നടപ്പിലാക്കുന്നത്. അഞ്ചു ദിവസം പ്രവർത്തി ദിനങ്ങൾ ഉള്ളപ്പോൾ ലഭിക്കുന്ന അതേ ശമ്പളം തന്നെ ഇപ്പോഴും ലഭിക്കും. 80 ശതമാനം സമയത്തിൽ ജീവനക്കാർക്ക് തങ്ങളുടെ 100 ശതമാനം പ്രവർത്തിക്കുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ ആണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഇത് നടപ്പിലാക്കുന്നത്. ഫോർ ഡേ വീക്ക്‌ ക്യാമ്പയിൻ,തിങ്ക് ടാങ്ക് ഓട്ടോണമി എന്നിവയോടൊപ്പം ബോസ്റ്റൺ കോളേജ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

യു എസ്, അയർലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളും പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ കമ്പനികളും ഇപ്പോൾ ജീവനക്കാരുടെ കാര്യക്ഷമതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ഫോർ ഡേ വീക്ക്‌ ഗ്ലോബൽ പൈലറ്റ് പ്രോഗ്രാം മാനേജർ ജോ ഒകോണർ വ്യക്തമാക്കി. നിരവധിപേർ ഈ പരീക്ഷണത്തോട് ഇപ്പോൾ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ എത്രനേരം ജോലി ചെയ്യുന്നതിനെക്കാൾ ഉപരിയായി, എത്രത്തോളം കാര്യക്ഷമമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതിയിലൂടെ നിരീക്ഷിക്കാൻ സാധിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ 5G തരംഗങ്ങൾ വിമാനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ. 5G സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ ഉടലെടുക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് അവർ വ്യക്തമാക്കിയതിനു പിന്നാലെ യുഎസിലേക്ക് പോകുന്ന ബ്രിട്ടീഷുകാരോട് ബുക്കിംഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പുതിയ 5G സേവനങ്ങൾ എയർലൈനുകളെ അപടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാർ അറിയിച്ചു.

സി ബാൻഡിലെ 5G നെറ്റ് വർക്ക് പ്രവർത്തനം വിമാനങ്ങളിലെ റഡാർ ആൾട്ടി മീറ്ററിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. ആൾട്ടി മീറ്റർ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ വിമാനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. എന്നാൽ ബ്രിട്ടനിലും യൂറോപ്പിലും ഇതൊരു പ്രശ്‌നമായി കാണുന്നില്ല. യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ഓഫ്‌കോം, ഇയു ഏവിയേഷൻ സേഫ്റ്റി അതോറിറ്റി എന്നിവയെല്ലാം 5G ഒരു പ്രശ്‌നമാണെന്നതിന് തെളിവുകളില്ലെന്ന് പറയുന്നു.

യുകെയിലെ വ്യോമാതിർത്തിയിൽ 5G തരംഗങ്ങൾ വിമാന സംവിധാനങ്ങളെ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യുകെയിൽ 5G വിന്യസിക്കുന്നതിലൂടെ വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓഫ്‌കോമും പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) യുടെ വക്താവ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ 5G വിന്യസിക്കുമ്പോൾ നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യുഎസ് എയർലൈൻ മേധാവിമാർ. ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുൾപ്പെടെയുള്ള യുകെ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കോവിഡ് കേസുകൾ കുറയുന്നതിനാൽ പ്ലാൻ ബി നടപടികളെടുത്തു കളഞ്ഞേക്കാം എന്ന് സൂചന. അണുബാധ നിരക്കുകളിൽ പ്രതിവാരം 41% കുറവുണ്ടായത് ഒമിക്രോൺ തരംഗം അവസാനിപ്പിക്കുന്നതിൻെറ സൂചനയാണെന്ന് ഒരു പ്രമുഖ ഗവൺമെന്റ് ഉപദേഷ്ടാവ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും ഈ വർഷാവസാനത്തോടെ ബ്രിട്ടന് വൈറസുമായി ഒരു ഫ്ലൂ-ടൈപ്പ് ബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പ്രൊഫസർ മൈക്ക് ടിൽഡ്‌സ്‌ലി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച 142,224ഉം ജനുവരി 4 ന് 218,724 ഉം കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ഇന്നലെ യുകെയിൽ ഉടനീളം റിപ്പോർട്ട് ചെയ്ത് കേസുകളുടെ എണ്ണം 84,429 ആണ്. രാജ്യത്തുടനീളമുള്ള കേസുകളുടെ എണ്ണം കുറയുന്നതായും പ്രൊഫസർ ടിൽഡ്‌സ്‌ലി പറഞ്ഞു.

കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരാഴ്ചയിൽ കൂടുതൽ ഉള്ള ഡേറ്റ ആവശ്യമാണെന്നും കോവിഡിൻെറ തരംഗം വൈകാതെ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ടെസ്റ്റിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഒമിക്രോൺ തരംഗത്തിൻെറ പകർച്ചാ നിരക്ക് കുറയാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.ചൂടുള്ള കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങുമ്പോൾ കോവിഡിൻെറ വ്യാപന തോതിൽ കുറവുണ്ടാകും. കോവിഡിനൊപ്പം എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നതിനെപ്പറ്റിയുള്ള ചർച്ചകളും നടന്നുവരികയാണ്. വൈറസിൻെറ പുതിയ വകഭേദങ്ങൾ ലക്ഷണങ്ങൾ പൊതുവെ കുറവുള്ളതും കൂടുതൽ പകരാൻ സാധ്യതയുള്ളതും ആണെന്ന് ഗവൺമെന്റിൻെറ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പായ എസ്പിഐ-എമ്മിലെ അംഗമായ വാർവിക്ക് അക്കാദമിക് സർവകലാശാല പറഞ്ഞു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ശനിയാഴ്ച 11,604 പേരാണ് കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,862 പേർ മാത്രമായിരുന്നു കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾക്ക് ദുഃഖം സമ്മാനിച്ച് രണ്ടു മലയാളികൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ അതിദാരുണമായ അപകടത്തിലാണ് മലയാളികൾ കൊല്ലപ്പെട്ടത്. കാറും ലോറിയും തമ്മിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരണമടഞ്ഞത്.

 

ബിൻസ് രാജനും ഭാര്യ അനഘയും ഇവരുടെ കുട്ടിയും, സുഹൃത്ത് നിർമ്മൽ രമേഷ് ഭാര്യ അർച്ചനയും ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബിൻസ് രാജൻ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജനും ഭാര്യ അനഘയും തങ്ങളുടെ ഒരു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് കുടുംബസമേതം യുകെയിൽ എത്തിയത്.

ഈ അപകടത്തിന്റെ കാരണങ്ങൾ പോലീസ് അന്വേഷിക്കുന്നു. അപകടം ആർക്കും എവിടെ വച്ചും നടക്കാം എന്നിരുന്നാലും നമ്മുടെ അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും വരുന്നത് ഒഴിവാക്കാൻ സാധിക്കണം. എങ്കിലും സമീപകാലത്തെ മലയാളികൾ ഉൾപ്പെട്ട അപകടങ്ങൾ നോക്കുകയാണെങ്കിൽ  എല്ലാ അപകടങ്ങളും നടന്നിരിക്കുന്നത് പുതുതായി യുകെയിൽ  എത്തിയിട്ടുള്ളവരാണ്. ദയവായി നാട്ടിലെ ഡ്രൈവിംഗ് വച്ച് യുകെയിൽ ഡ്രൈവ് ചെയ്യാതിരിക്കുക. കൃത്യമായ പരിശീലനം, നാവിഗേഷൻ സിസ്റ്റത്തെ കൂടുതലായി ആശ്രയിക്കാതെ, റോഡ് സുരക്ഷാ ബോർഡുകൾ വായിച്ചു ഡ്രൈവ് ചെയ്യാനുള്ള പരിശീലനം നേടുക. കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുക. തണുപ്പ് കാലഘട്ടത്തിൽ വേണ്ട മുൻകരുതൽ എടുക്കുക. മോട്ടോർ വേ നിയമങ്ങൾ ഓരോ വർഷവും മാറുന്നു. ഇന്ത്യയിലെ ലൈസെൻസ് ഉപയോഗിച്ച് ഒരു വർഷം ഇവിടെ ഡ്രൈവ് ചെയ്യാം.

ഇപ്പോൾ യുകെയിലേക്ക് ഒരുപാട് പേർ വിദ്യാർത്ഥിയായും നഴ്സുമാരായും എത്തുന്നു. ഇത് വായിക്കുന്ന മാതാപിതാക്കൾ പഠിക്കാൻ യുകെയിലേക്ക് വരുന്ന മക്കളോട് പറയാൻ മടിക്കരുത്. ഡ്രൈവിംഗ് സ്കൂളിൽ പോയി, അല്ലെങ്കിൽ യുകെയിൽ ഡ്രൈവിംഗ് ലൈസെൻസ് ലഭിച്ച് മൂന്ന് വർഷമെങ്കിലും പരിചയമുള്ളവരോട് ഡ്രൈവിംഗ് ഉപദേശങ്ങൾ നേടുകയും ഓടിച്ചു പ്രാക്റ്റീസും ചെയ്‌തശേഷം തനിയെ ഡ്രൈവിംഗ് ചെയ്യാൻ ശ്രമിക്കുക.

ബിൻസ് രാജൻെറയും അർച്ചന നിർമ്മലിൻെറയും നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യയുമായുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുകയാണ്. സാമ്പത്തികമായും സാംസ്കാരികമായും ഇന്ത്യയുമായുള്ള ബന്ധം നിലനിർത്തുന്നതിലൂടെ അനേകം നേട്ടങ്ങളാണ് യുകെയെ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് വ്യവസായ സംരംഭങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌രംഗവും ഉണരും. ആധുനിക സാങ്കേതിക വിദ്യ, സാമ്പത്തിക സേവനങ്ങള്‍, വാഹനം തുടങ്ങിയ മേഖലകളൊക്കെ ഈ കരാറില്‍ ഉള്‍പ്പെടും. കാറുകളുടെയും പാർട്‌സുകളുടെയും നിർമ്മാതാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന കരാറിലൂടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഷ്രോപ്‌ഷെയർ, സ്റ്റാഫോർഡ്‌ഷെയർ എന്നീ മേഖലകൾ നേട്ടമുണ്ടാകുമെന്ന് ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ റനിൽ ജയവർധന പറഞ്ഞു. ഏകദേശം 300 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹിയിൽ നടക്കുന്ന പതിനഞ്ചാമത് യു കെ- ഇന്ത്യ ജോയിന്റ് എക്കണോമിക് ആന്‍ഡ് ട്രേഡ് കമ്മിറ്റിയുടെ മീറ്റിംഗില്‍ ഇന്ത്യന്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ്, ആന്നീ-മേരീ ട്രെവെല്യാന്‍ കൂടിക്കാഴ്ച്ച നടത്തുകയാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ഈ ദശകത്തിൽ യുകെ – ഇന്ത്യ വ്യാപരം ഇരട്ടിയാകുമെന്നും ട്രെവെല്യാന്‍ പറഞ്ഞു. കരാർ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ സൃഷ്ടിക്കുമെന്നും 2035 ഓടെ യുകെയുടെ മൊത്ത വ്യാപാരം പ്രതിവർഷം 28 ബില്യൺ പൗണ്ട് വരെ വർദ്ധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

വെസ്റ്റ് മിഡ്‌ലാൻഡ്‌സിന് ഈ കരാറിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ജയവർധന പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപത്തിന്റെ ഫലമായി വെസ്റ്റ് മിഡ്‌ലാൻഡിൽ ഇതിനകം തന്നെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യൻ നിക്ഷേപം കാരണം 2019 ൽ ഈ മേഖലയിൽ 30,000 പേർക്ക് ജോലി ലഭിച്ചു. ഇറക്കുമതിതീരുവ നീക്കം ചെയ്യുന്നതിലൂടെ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി 6.8 ബില്യണ്‍ പൗണ്ടോളം വർദ്ധിക്കും. ഇത് യുകെയിലുടനീളം പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സ്‌കോച്ച് വിസ്‌കിക്കും ബ്രിട്ടീഷ് നിര്‍മ്മിത കാറുകള്‍ക്കും ഇന്ത്യയിൽ വില കുത്തനെ താഴും. നിലവില്‍ ഇവയ്ക്ക് യഥാക്രമം 150 ഉം 125 ഉം ശതമാനമാണ് ഇറക്കുമതി തീരുവ. ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ഈ വ്യാപാര കരാർ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- റഷ്യയും ഉക്രെയ് നും തമ്മിലുള്ള പ്രതിസന്ധി പുരോഗമിക്കുന്നതിനിടെ, ഉക്രെയ് നിന് ആവശ്യമായ ആയുധങ്ങൾ നൽകി സഹായിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബ്രിട്ടൻ. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. റഷ്യ ഒരുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചതിനെത്തുടർന്നാണ് ഉക്രെയ് നിന് സഹായം നൽകുവാൻ യുകെ മുന്നോട്ടുവന്നിരിക്കുന്നത്. ചെറിയ സംഘം ബ്രിട്ടീഷ് സൈനികരെയും ഉക്രെയ് നിലേയ് ക്ക് അയക്കുമെന്ന് അഭ്യന്തര സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി. എന്നാൽ ഉക്രെയ് നിലേക്ക് അതിക്രമിച്ചു കയറുവാൻ തങ്ങൾ ശ്രമിക്കുന്നില്ല എന്നാണ് റഷ്യ നൽകിയ പ്രതികരണം. മറ്റ് രാജ്യങ്ങൾ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. 2015 മുതൽ തന്നെ ബ്രിട്ടീഷ് ഗ്രൂപ്പുകൾ ഉക്രെയ്ൻ സൈനികർക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നുണ്ട്. തിങ്കളാഴ്ച തന്നെ ആദ്യഘട്ട ആയുധങ്ങൾ ഉക്രെയ് നിന് കൈ മാറിയതായാണ് റിപ്പോർട്ട്.


തങ്ങളുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുവാൻ ഉക്രെയ് നിന് അവകാശം ഉണ്ടെന്നും, അതിനാവശ്യമായ എല്ലാ സഹായവും ബ്രിട്ടൻ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. റഷ്യ അതിക്രമിച്ചു കയറിയാൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമെന്നും, അത് തടയുന്നതിനാവശ്യമായ സഹായങ്ങളാണ് ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാറ്റോ രാജ്യങ്ങളാണ് ഉക്രെയ് നിന് ആയുധങ്ങൾ നൽകി സഹായിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാനാണ് യുഎസ് പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. 2014 മുതൽ തന്നെ റഷ്യയും ഉക്രെയ് നും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്രിട്ടന്റെ ഇപ്പോഴുള്ള ഇടപെടൽ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുമോ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഐസലേഷൻ നിയമങ്ങൾ ജീവനക്കാരുടെ കുറവിനെയും സമ്പദ്‌വ്യവസ്ഥയെയും അവശ്യ സേവനങ്ങളെയും ബാധിക്കുന്നതിനാൽ കൊറോണാ വൈറസ് ഐസലേഷൻ നിയമങ്ങളിൽ ഒടുവിൽ മാറ്റം വരുത്തി ബോറിസ് ജോൺസൺ ഗവൺമെന്റ്. ഇന്ന് പുലർച്ചെ മുതൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് തങ്ങളുടെ ക്വാറന്റൈൻ ദിനങ്ങൾ അഞ്ചു ദിവസത്തിനു ശേഷം അവസാനിപ്പിക്കാം. ഈ മാസം അവസാനം നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താമെന്ന അഭിപ്രായം നേരത്തെ ഒരു ക്യാബിനറ്റ് മന്ത്രി പങ്കു വച്ചിരുന്നു. തന്റെ രാജിക്കായി വ്യാപകമായ ആഹ്വാനങ്ങളുണ്ടാക്കിയ ലോക്ക്ഡൗൺ അഴിമതികളുടെ ഒരു പരമ്പരയ്ക്ക് ശേഷം ബോറിസ് ജോൺസൺ ജനപ്രീതി വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു മാർഗമാണിതെന്ന അഭിപ്രായവും മുന്നോട്ടു വരുന്നുണ്ട്. പുതിയ നിയമപ്രകാരം അഞ്ച് അല്ലെങ്കിൽ ആറാം ദിവസം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ആളുകൾക്ക് തങ്ങളുടെ ക്വാറന്റൈൻ അവസാനിപ്പിക്കാം.

പൊതു സേവനങ്ങളിൽ ഉള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും സമ്പദ്‌വ്യവസ്ഥയെ തിരികെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും ഏഴു ദിവസം എന്ന ഐസലേഷൻ കാലയളവിൽ മാറ്റം വരുത്തുവാൻ മന്ത്രിമാർ കനത്ത സമ്മർദ്ദമാണ് നേരിട്ടിരിക്കുന്നത്. ഗവേഷണം അനുസരിച്ച് ആറാം ദിവസം 20 ശതമാനം മുതൽ 30 ശതമാനം വരെയുള്ള ആളുകളും രോഗബാധിതരാണ് എന്നാൽ ആറാം ദിവസം ഐസൊലേഷൻ ഉപേക്ഷിച്ചാലും ഇവർ സ്വയം ഒറ്റപ്പെടലിൽ നിന്ന് മാറിയാലും ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യത 7% ആയി കുറയും. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും കുറഞ്ഞ സ്വയം ഒറ്റപ്പെടൽ കാലയളവ് അഞ്ചുദിവസമായി കുറച്ചിരിക്കുന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിൻഡ്‌സർ കാസിലിന് സമീപം 18 കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് അടിയന്തര അപ്പീൽ ആരംഭിച്ചു. കാണാതായ മാർണി ക്ലേട്ടനെ രാജ്ഞിയുടെ വസതിയിൽ നിന്ന് അര മൈലിൽ താഴെയുള്ള വിൻഡ്‌സറിലെ അതിക് നിശാക്ലബ്ബിൽ പുലർച്ചെ രണ്ടുമണിക്കാണ് അവസാനമായി കണ്ടത്. മാർണി വീട്ടിൽ തിരികെ എത്താതിനെ തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. മാർണിയെ കാണാതാവുന്നതിന് മണിക്കൂറുകൾക്കു മുമ്പ് എടുത്ത ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. മാർണിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്ന് തേംസ് വാലി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ അപ്പീൽ മാർണി നേരിട്ട് കാണുകയാണെങ്കിൽ താൻ സുരക്ഷിതയാണെന്നും താൻ എവിടെയാണെന്ന് ബന്ധുക്കളെയോ കുടുംബത്തെയോ അഥവാ പോലീസിനെയോ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ഗ്രോനെൻ പറഞ്ഞു. മാർണിക്ക് വെളുത്ത മെലിഞ്ഞ ശരീരവും തവിട്ടുനിറമുള്ള മുടിയും ആണുള്ളത്. 5 അടി 2 ഇഞ്ചിനും 5 അടി 4 ഇഞ്ചിനും ഇടയിൽ ഉയരമുണ്ട്. മാർണിയെ കണ്ടെത്തുന്നവർ 43220021633 എന്ന റഫറൻസ് നമ്പറിലേക്കോ അല്ലെങ്കിൽ 101 എന്ന നമ്പറിൽ പോലീസിനെയോ വിളിക്കേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു എസിൽ ടെക്സസിലെ ജൂത പള്ളിയിൽ പ്രാർത്ഥനയ് ക്കെത്തിയ നാലുപേരെ ബന്ദികളാക്കിയ സംഭവത്തിൽ പ്രതി ബ്രിട്ടീഷ് പൗരനെന്ന് റിപ്പോർട്ട്. നാല്പത്തിനാലുകാരനായ മാലിക് ഫൈസൽ അക്രം എന്ന ബ്രിട്ടീഷ് പൗരനാണ് പ്രതി എന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച ആരാധന നടക്കുന്നതിനിടയിലാണ് ഇയാൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയത്. പത്ത് മണിക്കൂറോളം പോലീസുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി. ബന്ദികളാക്കിയ നാലുപേരെയും അപകടങ്ങൾ ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ പോലീസിന് സാധിച്ചു. അപലപനീയമായ ഒരു സംഭവമാണ് നടന്നതെന്ന് യുകെയും യു എസും ഒരുപോലെ പ്രതികരിച്ചു. ജൂതൻമാർക്ക് എതിരെയുള്ള ആക്രമണം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും, ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിൽ യുഎസിനു ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ് അറിയിച്ചു.


യാതൊരു തരത്തിലുള്ള സ്ഫോടകവസ്തുക്കളും അക്രമിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് മാലിക്കെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ സഹോദരന് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും എങ്ങനെയാണ് യുഎസിൽ പ്രവേശിക്കാൻ സാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതോടൊപ്പം തന്നെ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ മാഞ്ചസ്റ്ററിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ വൻ വിവാദങ്ങൾക്ക് കാരണം ആകാവുന്നതാണ് ഈ സംഭവം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രണങ്ങളില്ലാത്ത പ്രഭാതം ബ്രിട്ടീഷുകാർ സ്വപ്നം കണ്ടു തുടങ്ങി. കോവിഡ് കേസുകളിലെ കുറവ് പ്രതീക്ഷയുണർത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങളും ഇല്ലാതാക്കുമെന്നത് വലിയ ആശ്വാസമാകും. ഇംഗ്ലണ്ടിൽ വർക്ക്‌ ഫ്രം ഹോമും കോവിഡ് പാസ്പോർട്ടും ഉൾപ്പെടെയുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ ജനുവരി 26 -ന് പിൻവലിക്കാനാണ് സാധ്യത. രോഗവ്യാപനം ഇതേ തോതിൽ കുറയുകയാണെങ്കിൽ പ്ലാൻ ബി നിയന്ത്രണങ്ങൾ പത്തു ദിവസത്തിനുള്ളിൽ നീക്കാൻ കഴിയുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടുകയാണെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രി പ്രവേശനത്തിലും കുറവുണ്ടായെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു.

രാജ്യത്ത് ഇന്നലെ 70,924 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച 141,471 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് കോവിഡ് കേസുകളിൽ 50% ശതമാനത്തിന്റെ കുറവ് ഉണ്ടായി. ഇന്നലെ 88 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

പ്ലാൻ ബി നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. രാജ്യം മുഴുവൻ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാൻ ബി നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബര്‍ ആദ്യ വാരമാണ് കോവിഡ് പാസ്സ്പോര്‍ട്ട് നിർബന്ധമാക്കിയത്. രോഗവ്യാപന തോത് ക്രമമായി കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിമാർ നിർബന്ധിതരാകും.

RECENT POSTS
Copyright © . All rights reserved