ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോക തൊഴിലാളി ദിനത്തിൽ ഇംഗ്ലണ്ടിൽ റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ കീഴിലുള്ള നേഴ്സുമാർ ഒരു ദിവസം നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സമരമെന്നാണ് ഇന്നത്തെ സമരത്തെക്കുറിച്ച് എൻഎച്ച് എസ് പറഞ്ഞത്. റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇംഗ്ലണ്ടിലെ പകുതിയോളം എൻഎച്ച്എസ് ട്രസ്റ്റുകളെ ബാധിക്കും. ഇന്ന് അർദ്ധരാത്രിക്കാണ് സമരം അവസാനിക്കുന്നത്. എ ആൻറ് ഇ, തീവ്രപരിചരണം, ക്യാൻസർ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ആരോഗ്യമേഖലയിൽ ഈ രീതിയിലുള്ള ഒരു സാഹചര്യം അസാധാരണമെന്നാണ് വിലയിരുത്തുന്നത്.
ആർസിഎന്നും യുണൈറ്റും ഒഴികെയുള്ള യൂണിയൻ പ്രതിനിധികളുമായി നിർദിഷ്ട ശമ്പള പരിഷ്കരണത്തെക്കുറിച്ച് നാളെ മന്ത്രിതല ചർച്ചകൾ നടക്കാനിരിക്കെയാണ് ഇന്ന് സമരം നടക്കുന്നത്. ഇന്ന് സമരവുമായി മുന്നോട്ടു പോകാനുള്ള ആർസിഎന്നിന്റെ നീക്കത്തെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. പണിമുടക്ക് ദിവസമായ ഇന്ന് സേവനങ്ങൾക്ക് തടസ്സവും കാലതാമസവും നേരിട്ടേക്കാമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ ആർസിഎൻ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് സമരം ഒരു ദിവസമായി വെട്ടി ചുരുക്കിയത്. സ്വതന്ത്രമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്നാണ് ഹൈക്കോടതി ഇടപെടലിനെ കുറിച്ച് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പ്രതികരിച്ചത്. ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മെയ് 6-നു നടക്കുന്ന ചാൾസ് രാജാവിൻെറ കിരീട ധാരണത്തിന് ഒരുങ്ങി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ എന്ന നിലയിൽ രാജാവിന്റെ പങ്ക് ഔപചാരികമാക്കുകയും അദ്ദേഹത്തിൻെറ പദവിയുടെയും അധികാരങ്ങളുടെയും കൈമാറ്റം അടയാളപ്പെടുത്തുകയും ചെയ്യുക എന്നതാണ് കിരീടധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക.
പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.
മുൻപുള്ള കിരീടധാരണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ചടങ്ങു വീക്ഷിക്കുന്നവർക്ക് രാജാവിനോടുള്ള കൂറുപ്രഖ്യാപനം നടത്താനുള്ള അവസരം ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഒരു ദാമ്പത്യ ബന്ധം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ പലവിധ ഘടകങ്ങൾ അതിന് കാരണമാണ്. പലവിധമായ ആശങ്കകളും പങ്കാളികളിൽ ഉണ്ടാകുന്നതും ദാമ്പത്യത്തെ ഇന്ന് സാരമായി ബാധിക്കുന്നവയാണ്. അതിൽ ഏറെയും ജോലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓഫീസിൽ നിന്നും വരാൻ താമസിക്കുന്നത്, കൂടുതൽ ജോലി കാര്യങ്ങൾക്ക് ശ്രദ്ധ നൽകുന്നത്, അടുപ്പം കുറഞ്ഞവരായിരിക്കുക തുടങ്ങിയവ അവയിൽ പ്രധാനമാണെന്ന് സൈക്കോതെറാപ്പിസ്റ്റും മേക്കിംഗ് സെൻസ് ഓഫ് ഇറ്റിന്റെ രചയിതാവുമായ ടോബി ഇങ്ഹാം പറയുന്നു.
പ്രധാന നിരീക്ഷണങ്ങൾ
* ജോലിയോടൊപ്പം സാമൂഹികമായ പ്രവർത്തനം
ജോലി സമയത്തിന് പുറത്ത് സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഓഫീസിൽ നിന്ന് അകന്നുപോകുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. കുടുംബജീവിതത്തിനും ജോലിക്ക് തുല്യ പ്രാധാന്യം നൽകി മുൻപോട്ടു പോകാൻ കഴിയണം.
* ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുന്നത്
നിങ്ങളുടെ പങ്കാളി ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയാൽ, അവർ പതിവിലും തിരക്കുള്ളതിനാലാണ് എന്ന് മനസിലാക്കാൻ കഴിയണം. എന്ത് പറ്റിയെന്നും മറ്റുമുള്ള കാര്യങ്ങൾ അവരുമായി സംസാരിച്ചുകൊണ്ട് മുന്നോട്ട് പോകണം.
* കാഴ്ച്ചയിലെ മാറ്റം
എപ്പോഴും കാഴ്ച്ചയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കണം. വസ്ത്രത്തിന്റെ കാര്യത്തിലും ആ കാര്യങ്ങൾ ശ്രദ്ധിക്കണം. പങ്കാളിയെ എപ്പോഴും വ്യത്യസ്തമായി കാണുവാനാണ് പൊതുവെ ഒപ്പമുള്ളവർ ആഗ്രഹിക്കുന്നത്.
* സ്വകാര്യതകൾ അതിരുവിടരുത്
പലപ്പോഴും പങ്കാളിയുടെ ഫോണിന്റെ ലാപ്ടോപ്പിന്റെ ഒക്കെ പാസ്സ്‌വേർഡ് അറിയാത്തവർ ആയിരിക്കും പലരും. പക്ഷെ അത് പലവിധമായ ആശങ്കകൾ ഉയർത്തും എന്നതിൽ തർക്കമില്ല. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.
* ജോലിയോടുള്ള അമിത താല്പര്യം
ജീവിതത്തെക്കാൾ ഉപരി ജോലിക്ക് പ്രാധാന്യം നൽകുന്നത് കുടുംബജീവിതത്തെ സാരമായി തന്നെ ബാധിക്കും. പരമാവധി ജോലികൾ ഓഫീസിൽ വെച്ച് തന്നെ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. അത് വീട്ടിലേക്ക് വലിച്ചിട്ടാൽ പരസ്പരമുള്ള വിശ്വാസ്യത നഷ്ടപ്പെടും എന്നുള്ളത് വ്യക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്ന രക്ഷാകരദൗത്യം അവസാനഘട്ടത്തിലെത്തി. സുഡാനിലെ വാദി സെയ്‌ഡ്‌ന എയർഫീൽഡിൽ നിന്ന് പറന്നുയർന്ന അവസാന രക്ഷാ വിമാനവും എത്തിചേർന്നതായി യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ 1888 ബ്രിട്ടീഷ് പൗരന്മാരെയാണ് കലാപ ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
72 മണിക്കൂർ വെടിനിർത്തൽ ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിൽ വിവിധ സായുധ വിഭാഗങ്ങൾ തമ്മിലുള്ള പോര് സുഡാനിന്റെ തലസ്ഥാനത്ത് ശക്തമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. കലാപത്തെ തുടർന്നുള്ള മരണസംഖ്യ 459 ആണ് എന്നാണ് ഔദ്യോഗികമായി പുറത്തു പറയുന്ന കണക്കുകൾ . എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. സംഘർഷം തുടർന്നാൽ ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ.
ശനിയാഴ്ച തന്നെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് പൂർണമായതായി അമേരിക്കയും അറിയിച്ചിരുന്നു. നാലായിരത്തോളം ബ്രിട്ടീഷ് വംശജർ സുഡാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതുവരെ പകുതിയോളം പേരെ മാത്രമേ ഒഴിപ്പിച്ചിട്ടുള്ളൂ. വെടി നിർത്തൽ അവസാനിപ്പിച്ച സാഹചര്യത്തിൽ ഇനി ഒഴിപ്പിക്കൽ നടപടികൾ തുടരാനാവില്ലെന്നാണ് യുകെ സർക്കാർ അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ഇന്ധനത്തിനും ഷാമം നേരിടുന്ന സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസ് യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ധാരണയായ ശമ്പളപരിഷ്കരണത്തിന് ഭൂരിപക്ഷം യൂണിയനുകളും അംഗീകാരം നൽകി. എന്നാൽ എൻഎച്ച്എസ് ജീവനക്കാരിലെ നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന റോയൽ കോളേജ് ഓഫ് നേഴ്സിങ്ങും യുണൈറ്റും പുതിയ ശമ്പള കരാറിന് തങ്ങളുടെ അംഗങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ രണ്ടു യൂണിയനുകളിലെയും ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെ കൂടുതൽ മെച്ചപ്പെട്ട ശമ്പള കരാറിനായി വീണ്ടും സമരം ചെയ്യുമെന്ന് ആർസി എന്നിന്റെയും യുണൈറ്റിന്റെയും നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ പുതുക്കിയ ശമ്പള കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയതായി ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും അടുത്ത ആഴ്ച മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പുതുക്കിയ ശമ്പള കരാറിനെ കുറിച്ചുള്ള സജീവമായ ചർച്ചകളാണ് മലയാളി സമൂഹത്തിൽ നടക്കുന്നത്. നിർദിഷ്ട ശമ്പള പരിഷ്കരണത്തിൽ എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും തൃപ്തരല്ല എന്ന വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമരകാലത്തെ കുറിച്ച് അത്ര സുഖകരമായ ഓർമ്മകളല്ല എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഉള്ളത്. അതിൻറെ പ്രധാനകാരണം സമരകാലത്ത് അനുഭവിക്കേണ്ടതായി വന്ന അമിത ജോലിഭാരമാണ്. തദ്ദേശീയരായ ജീവനക്കാർ സമരമുഖത്തിറങ്ങിയപ്പോൾ അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സേവന തത്പരരെന്ന് പേരെടുത്ത മലയാളി നേഴ്സുമാർക്ക് ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി എടുക്കേണ്ടതായി വന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്രീക്ക് ആസ്ഥാനമായുള്ള ഏജിയൻ എയർലൈൻസ് ബർമിംഗ്ഹാം വിമാനത്താവളത്തിൽ സേവനങ്ങൾ പുനരാരംഭിച്ചു . വീണ്ടും സേവനങ്ങൾ ലഭ്യമാകുമെന്ന അറിയിച്ച അധികൃതർ ഏഥൻസിലേക്ക് ആഴ്ചയിൽ രണ്ടുതവണ ഫ്ലൈറ്റുകൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വിമാനങ്ങൾ പുറപ്പെടും.ബി എച്ച് എക്സ് മേധാവികളാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ബിഎച്ച്‌എക്‌സിൽ നിന്ന് പിസയിലേക്ക് പുതിയ റൂട്ട് സർവീസ് നടത്തുമെന്ന് ബജറ്റ് എയർലൈൻ റയാൻ എയർ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
ചെരിഞ്ഞ ഗോപുരത്തിന് പേരുകേട്ട ഇറ്റാലിയൻ നഗരത്തിലേക്കുള്ള പുതിയ റൂട്ട് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുകെയിലെ ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വേനൽക്കാലം സന്തോഷകരമാക്കാനാണ് വിവിധ പാക്കേജുകളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റിയാനെയറിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ദാരാ ബ്രാഡി പറയുന്നു. യുകെയിലെ ആളുകളെ ഞങ്ങൾ അത്രയും പ്രിയപ്പെട്ടവരായിട്ടാണ് കാണുന്നതെന്ന് പറഞ്ഞുവെച്ച അദ്ദേഹം വരും കാലങ്ങളിൽ കൂടുതൽ പാക്കേജുകൾ ഉണ്ടാകുമെന്നും അറിയിച്ചു. ബിർമിംഗ്ഹാമിലെയും ഗ്ലാസ്‌ഗോയിലെയും ആളുകൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ വേനലവധി പാക്കേജുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരും മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സും തമ്മിലുള്ള തർക്കം വൻ ജനശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ താമസിച്ച കാലയളവിൽ അവിടെ നിന്ന് ബാത്ത്‌റോബുകളും സ്ലിപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാതായതായി എന്ന് ചൂണ്ടിക്കാട്ടി 12,000 പൗണ്ടിലധികം തുക നൽകണമെന്ന്ക്യാബിനറ്റ് ഓഫീസ് ആവശ്യപ്പെട്ടത്. ലിസ് ട്രസ് വളരെ കുറച്ച് നാളുകൾ മാത്രമാണ് പ്രധാന മന്ത്രി സ്‌ഥാനം ഏറ്റെടുത്തിരുന്നത്. ഈ കാലയളവിൽ ചെവനിംഗ് എസ്റ്റേറ്റ് ഉപയോഗിക്കുമ്പോഴുള്ള ബില്ലുകളാണ് കാബിനറ്റ് ഓഫീസ് അയച്ചത്.
പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ലിസ് ട്രസ് ഇവിടെ ചിലവഴിച്ച സമയം കാണാതായ സാധനങ്ങൾക്കും ഇവരും സഹായികളും കഴിച്ച ഭക്ഷണത്തിനും വീഞ്ഞിനും പണം നൽകണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഈ വസതി സർക്കാർ ആവശ്യങ്ങൾക്കല്ല മറിച്ച് രാഷ്ട്രീയ കാര്യങ്ങൾക്കായാണ് ഉപയോഗിച്ചത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ലിസ് ട്രസ് കൃത്യമായ ഇൻവോയ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരുടെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ സഹായികളോടൊപ്പം ഒത്തുകൂടിയപ്പോഴും മിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരുന്നു. ഋഷി സുനകിനെതിരെയുള്ള തൻെറ ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ ഒത്തുകൂടൽ. കെന്റിലെ സെവെനോക്‌സിനടുത്ത് 3,500 ഏക്കറിൽ 115 റൂമുകളാണ് ഈ വീടിനുള്ളത്. 1981 മുതൽ ഇത് വിദേശകാര്യ മന്ത്രിയുടെ വസതിയായി കരുതിവരുന്നു.
സെപ്തംബറിലെ ടോറി ലീഡർഷിപ്പ് മത്സരത്തിൽ വിജയിച്ചതിന് ശേഷം ലിസ് ട്രസ് വെറും 45 ദിവസം മാത്രമാണ് ഓഫീസിൽ തുടർന്നത്. ഇതിന് മുൻപ് പലപ്പോഴും പ്രധാന മന്ത്രിയുടെ വസതിയായ നമ്പർ 10 എന്നപോലെ തന്നെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്ത് വന്നു. ഈ കാലയളവിൽ ടവ്വലിംഗ് വസ്ത്രങ്ങളും ചെരിപ്പുകളും പോലും അപ്രത്യക്ഷമായതായി വീട്ടിലെ ജീവനക്കാർ കാബിനറ്റ് ഓഫീസിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഏകദേശം 12,000 പൗണ്ടിലധികം തുകയാണ് നിലവിൽ ലിസ് ട്രസ്സിന് അടയ്ക്കാനുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
“ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ” വേണ്ടി മയക്കുമരുന്ന് സംഘം സോളീഹൾ ഹോസ്പിറ്റലിന് മുൻപിൽ ആഡംബര കാറുകൾ പാർക്ക് ചെയ്തു. ഇവിടെ ഉണ്ടായിരുന്ന അഞ്ചു കാറുകളും വലിയ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവയാണ്. മൂന്ന് ആഴ്ച്ചയായി ഈ പ്രശ്‌നം സോളീഹൾ ആശുപത്രി അധികൃതരെ കുഴക്കുകയാണ്. ഒരു ജാഗ്വാർ എക്സ് എഫ് , ബി എം ഡബ്ല്യൂ 3 സീരീസ്, ഔഡി ക്യു 7, ലെക്സസ് സി റ്റി 200 & ഗോൾഫ് ജി റ്റി ഐ എന്നിവയാണ് കാറുകൾ. പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു, തുടർന്ന് ഈ വാഹനങ്ങളെല്ലാം മയക്കുമരുന്ന് വ്യവഹാരം ഉൾപ്പെടെയുള്ള ഉന്നത തല കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ് സേനയുടെ സെയിന്റ് ആൽഫിജ് നൈബർഹുഡ് ടീം കണ്ടെത്തി.
ഇവിടെ നിന്നും മാറ്റിയ ഈ കാറുകളിൽ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധന നടത്തി വരികയാണ്. ഇവയ്ക്ക് അടുത്തായി രാത്രി ഏറെ വൈകി സംശയാസ്പദമായ തരത്തിൽ ആളുകളെ കണ്ടിരുന്നതായി ഹോസ്‌പിറ്റൽ സ്റ്റാഫ് മൊഴി നൽകി. ഈ കാറുകളെല്ലാം കുറ്റകൃത്യങ്ങളിൽ പങ്കുള്ളവയാണ് എന്ന് വാഹങ്ങളെക്കുറിച്ച് പഠിച്ച ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിച്ചു.
ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാർ, മറ്റ് ജോലിക്കാർ എന്നിവർ നൽകുന്ന വിവരങ്ങളും ശേഖരിച്ചു വരുന്നു. ഹോസ്പിറ്റൽ അധികൃതർ കാറുകളിൽ പെനാൽട്ടി നോട്ടീസ് പതിപ്പിച്ചിരുന്നു; ഇതിൽ ഒരു കാർ £30,000 വിലമതിക്കുന്നതാണ്. പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളും കുറ്റവാളികളെ പിടികൂടുന്നതിൽ നിർണായകമായേക്കാം . അതിനാൽ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.
ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ അഭിമാനം വാനോളം ഉയർത്തി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിംഗ് അവാർഡിൻറെ അവസാന റൗണ്ടിൽ ഒരു മലയാളി നേഴ്സ് എത്തി. മലയാളിയായ ജിൻസി ജെറിയാണ് മത്സരത്തിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് അവസാന റൗണ്ടിലെ പത്ത് മത്സരാർത്ഥികളിൽ ഒരാളായത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ രണ്ടു കോടിയോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 227,800 യൂറോ ആണ് ഈ മലയാളി നേഴ്സിന് ലഭിക്കുന്നത്. നിലവിൽ മാറ്റർ ഹോസ്പിറ്റലിൽ നേഴ്സിംഗ് ഫോർ പ്രിവൻഷൻ സെൻററിൽ അസോസിയേറ്റീവ് ഡയറക്ടർ ഓഫ് നേഴ്സ് ആയി ജോലി നോക്കുകയാണ് ജിൻസി .
1861ൽ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സ്ഥാപിച്ച അയർലണ്ടിലെ ഡബ്ലിനിലെ പ്രശസ്തമായ മാറ്റർ ഹോസ്പിറ്റലിൽ മൂന്നുവർഷം മുമ്പാണ് ജിൻസി ജോലിയിൽ പ്രവേശിച്ചത് . 600 ലധികം കിടക്കകളും 2000 ജീവനക്കാരുമുള്ള രാജ്യത്തെ തന്നെ ഒന്നാനിര ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ച് വൈകാതെ തന്നെ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു. എന്നാൽ തൻറെ ടീമിൽ മുഴുവൻ ജീവനക്കാരെയും നിയമിക്കുകയും മഹാമാരിയെ നേരിടാൻ ആശുപത്രിയെ സുസജ്ജമാക്കുകയും ചെയ്ത ജിൻസിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് അവാർഡിലേക്കുള്ള നോമിനേഷൻ . നിലവിൽ 100 രോഗികൾക്ക് ഒരു ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ് എന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് മാറ്റർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ ആ തുക ഉപയോഗിച്ച് മാറ്റർ ഹോസ്പിറ്റലിൽ ലോകോത്തര മാതൃകയിലുള്ള ഒരു ഇൻഫെക്ഷൻ സെൻട്രൽ ആപ്ലിക്കേഷൻ നിർമ്മിക്കലാണ് ജിൻസിയുടെ സ്വപ്ന പദ്ധതി.
ജിൻസിയുടെ ഭർത്താവ് ഐടി എൻജിനീയറായാണ് ജോലി ചെയ്യുന്നത്. 4, 12, 20 വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളാണ് ഈ ദമ്പതികൾക്ക് . ജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും തനിക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നില്ലെങ്കിലും ഒരു നേഴ്സായ തന്റെ നേട്ടങ്ങളെക്കുറിച്ച് മക്കൾക്ക് എപ്പോഴും അഭിമാനമാണ് ഉള്ളതെന്ന് ജിൻസി പറഞ്ഞു .
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിൻസിക്ക് വോട്ട് ചെയ്യാം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ സുധ മൂർത്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു. തന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി മാറ്റി എന്നാണ് വീഡിയോയിൽ പറയുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പത്നിയാണ് സുധാ മൂർത്തി.
‘‘എങ്ങനെ ഒരു ഭർത്താവിനെ മാറ്റിയെടുക്കാൻ ഭാര്യയ്ക്കാകുമെന്ന് നോക്കൂ…പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാനായില്ല. എന്നാൽ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. എല്ലാം ഭാര്യയുടെ മഹത്വമാണ്. പൂർവികരുടെ കാലം മുതൽ മരുമകന്റെ കുടുംബം ഇംഗ്ലണ്ടിലാണ് താമസം. എന്നാലും അവർ വലിയ മതവിശ്വാസികളാണ്. എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും വ്യാഴാഴ്ച തുടങ്ങുന്നതെന്ന് മരുമകൻ വിവാഹശേഷം എന്നോട് ചോദിച്ചിരുന്നു. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ച വ്രതമെടുക്കുന്നതിനാൽ അത് നല്ല ദിവസമാണെന്ന് പറഞ്ഞു. ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്.’– സുധ വിഡിയോയിൽ പറയുന്നു.
2009ലാണ് അക്ഷതയും ഋഷി സുനക്കും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നതെങ്കിലും, പിന്നീട് പ്രണയത്തിൽ ആകുകയായിരുന്നു. കൃഷ്ണയും അനൗഷ്കയുമാണ് മക്കൾ.