Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഉപഭോക്താക്കളിൽ നിന്ന് സൂപ്പർമാർക്കറ്റുകൾ കൊള്ള ലാഭം കൊയ്യുന്നുണ്ടോ എന്ന് കർശന നിരീക്ഷണം നടത്തുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി (സി എം എ )അറിയിച്ചു. ജനങ്ങൾക്കും ബിസിനസുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന യുകെയിലെ ഒരു സ്വതന്ത്ര സർക്കാർ ഏജൻസിയാണ് സി എം എ . 2014 ഏപ്രിൽ ഒന്നു മുതൽ പൂർണ്ണമായി പ്രവർത്തനക്ഷമമായ സിഎംഐയുടെ ഇടപെടലുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്നതിന് സഹായിച്ചിട്ടുണ്ട്.

ഭക്ഷണത്തിൻറെ വില കഴിയുന്നത്ര കുറയ്ക്കാൻ തങ്ങൾ പരിശ്രമിക്കുന്നതായാണ് സൂപ്പർമാർക്കറ്റുകൾ പറയുന്നത് . എന്നാൽ ഇന്ധന വിലയെക്കുറിച്ചുള്ള അന്വേഷണത്തിൽ ചില സൂപ്പർമാർക്കറ്റുകൾ പെട്രോളിന്റെയും ഡീസലിന്റെയും മാർജിൻ വർധിപ്പിച്ചതായി സി എം എ കണ്ടെത്തിയിരുന്നു. ഏതെങ്കിലും ഒരു സൂപ്പർമാർക്കറ്റിൽ കൂടുതൽ മാർജിൻ ഈടാക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവരും വില ഉയർത്തുന്നതിലേയ്ക്കും തത്ഫലമായി രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സിഎംഎ വിലയിരുത്തുന്നത്.

കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുമെന്നാണ് സിഎംഎയുടെ നിരീക്ഷണങ്ങളോട് ആസ്ഡാ പ്രതികരിച്ചത്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും മത്സരാധിഷ്ഠിത വിപണികളിലൊന്നാണ് യുകെയിലുള്ളതെന്നും അതുകൊണ്ടുതന്നെ ആഗോളതലത്തിൽ വില കുറയുന്നതും വ്യവസായത്തിന്റെ മത്സര സ്വഭാവവും മൂലം രാജ്യത്തും വിലകൾ കുറയുമെന്നാണ് സിഎംഎയുടെ നിരീക്ഷണത്തെ കുറിച്ച് ബിആർസിയിലെ ഫുഡ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ ആൻഡ്രൂ ഡെപ്പി പറഞ്ഞു. എന്നാൽ ഉയർന്ന ഭക്ഷണ വിലയും പണപ്പെരുപ്പവും യുകെയിലെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കും എന്ന അഭിപ്രായമാണ് പൊതുജനത്തിനുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഹഡേഴ്സ് ഫീൽഡിലെ ഒരു വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനും മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് ഇവർ താമസിക്കുന്ന സ്ഥലത്തേയ്ക്ക് അടിയന്തര വൈദ്യസഹായത്തിനായി സഹായം അഭ്യർത്ഥിക്കപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചതായാണ് വെസ്റ്റ് യോർക്ക് ഷെയർ പോലീസ് അറിയിച്ചിരിക്കുന്നത്.

പ്രതിയെന്നു സംശയിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരാളെ ഹഡേഴ്സ് ഫീൽഡിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എല്ലാ രീതിയിലുമുള്ള അന്വേഷണം നടത്തി വരികയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് ഓഫീസർ മാർക്ക് ബോവ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ലീഡ്‌സിനും മാഞ്ചസ്റ്ററിനും മധ്യേയുള്ള വെസ്റ്റ് യോർക്ക് ഷെയറിലെ ഒരു നഗരമാണ് ഹഡേഴ്സ് ഫീൽഡ്. ലീഡ്സ് , ബ്രാഡ് ഫോർഡ് , ഹഡേഴ്സ് ഫീൽഡ് , വെയ്ക്ക് ഫീൽഡ് എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വെസ്റ്റ് യോർക്ക് ഷെയറിൽ ഒട്ടേറെ മലയാളികൾ താമസിക്കുന്ന പ്രദേശമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സ്റ്റിയറിംഗിന് പിന്നിൽ ഡ്രൈവർമാരില്ലാതെ യുകെ യിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചു. എഡിൻ ബറോയിലാണ് ബസ് വന്നത്. അഞ്ച് സിംഗിൾ ഡെക്ക് ബസുകളിൽ 14 മൈൽ (22.5 കിലോമീറ്റർ) റൂട്ടിൽ ആഴ്ചയിൽ 10,000 യാത്രക്കാരെ കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന ഈ സർവീസ് ലോകത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ലോക്കൽ ബസ് സർവീസായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

“ഈ ബസിലെ സ്വയംഭരണ സാങ്കേതികവിദ്യ മുമ്പ് പരീക്ഷിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത ലോക്കൽ ബസ് സർവീസായ ഒരു ബസിൽ ഇത് ആദ്യമായാണ് ഇൻസ്റ്റാൾ ചെയുന്നത്,” സ്റ്റേജ്കോച്ച് ബസ് സർവീസിന്റെ പോളിസി ഡയറക്ടർ പീറ്റർ സ്റ്റീവൻസ് ഒരു പരീക്ഷണ യാത്രയ്ക്ക് ശേഷം എഎഫ്‌പിയോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ, മണിക്കൂറിൽ 50 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ബസുകൾക്ക്, യുകെ നിയമം അനുശാസിക്കുന്ന സാങ്കേതിക വിദ്യ നിരീക്ഷിക്കാൻ ഒരു സുരക്ഷാ ഡ്രൈവർ ഉണ്ടായിരിക്കും, ഇത് ഇതുവരെ പൂർണ്ണമായും സ്വയംഭരണ വാഹനങ്ങൾക്ക് അനുമതിയില്ല.

വാഹനം ഓട്ടോണമസ് മോഡിൽ ആയിരിക്കുമ്പോൾ ഡ്രൈവർമാർ നിയന്ത്രണങ്ങളിൽ തൊടരുത്, കൂടാതെ ടിക്കറ്റിംഗും യാത്രക്കാരുടെ അന്വേഷണങ്ങളും ബസിലെ കണ്ടക്ടർ കൈകാര്യം ചെയ്

യുന്നു. കൂട്ടിയിടികൾ തടയാൻ ഓൺബോർഡ് സിസ്റ്റം ഇതിൽ ഉണ്ട്. അതേസമയം ഒപ്റ്റിക്കൽ ക്യാമറകളും റഡാറും കാൽനടയാത്രക്കാരെ അറിയാൻ റോഡ് സ്കാൻ ചെയ്യാൻ സഹായിക്കുന്നു.

അഞ്ച് ഒറ്റനില ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേർ ഈ ബസുകളിൽ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈൽ ദൂരമുള്ള റൂട്ടിലൂടെ സെൻസറുകളുടെ സഹായത്തോടെയാണ് മണിക്കൂറിൽ 50 മൈൽ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൌട്ടുകൾ, ട്രാഫിക് ലൈറ്റുകൾ, മോട്ടോർവേകളിലെ ലൈൻ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സ്റ്റേജ് കോച്ചിന്റെ ഈ പുതിയ സംരംഭം വഴിതുറക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കോവിഡ് മഹാമാരി കാരണം 2020 , 2021ലും രാജ്യത്തെ പല പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം കുട്ടികളുടെ ക്ലാസ് റൂമിലെ പ്രകടനത്തെ വിലയിരുത്തി അധ്യാപകർ ഗ്രേഡ് നൽകുന്ന സംവിധാനമാണ് കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ ഒട്ടുമിക്ക കുട്ടികൾക്കും പ്രതീക്ഷിച്ചതിനേക്കാൾ മികവാർന്ന ഗ്രേഡുകളാണ് ലഭിച്ചത്. എന്നാൽ ഈ വർഷം മുതൽ പരീക്ഷ നടത്തിപ്പുകൾ സാധാരണ നിലയിലായിരിക്കുമെന്ന് പരീക്ഷാ റെഗുലേറ്റർ അറിയിച്ചു കഴിഞ്ഞു .

2022 – ൽ നടന്ന ജിസിഎസ്ഇ പരീക്ഷയിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങളെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഈ വർഷം ആ നടപടി ഉണ്ടാകില്ല എന്നാണ് വിദ്യാർഥികളെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില കാര്യങ്ങൾ തുടർന്നും ചെയ്യുമെന്നാണ് പരീക്ഷാ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.

ഇതിൻറെ ഭാഗമായി പരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വിശ്രമത്തിനും പരീക്ഷകൾക്കായി കൂടുതൽ പഠിക്കുന്നതിനും സമയം പ്രധാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ജി സി എസ് ഇ വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യങ്ങളും ചോദ്യത്തിന്റെ ഭാഗമായി നൽകാനും തീരുമാനമായിട്ടുണ്ട്. ഇത് സൂത്രവാക്യങ്ങളും സമവാക്യങ്ങളും കുട്ടികൾ കാണാതെ പഠിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഈസ്റ്റ് ഹാമിൽ വിസിറ്റ് വിസയിൽ എത്തിയ തിരുവനന്തപുരത്തുകാരി പെട്ടെന്നുള്ള അസുഖം മൂലം മരണമടഞ്ഞു. ആറുമാസത്തെ വിസിറ്റ് വിസയിൽ ഭർത്താവിനൊപ്പം യുകെയിലെത്തിയ യുവതിയാണ് മരണപ്പെട്ടത്. സാധാരണയായി, വിസിറ്റ് വിസയിലുള്ള ഒരാൾക്ക് ഒരു സ്പോൺസർ ഉണ്ടായിരിക്കും, അവർ വിസിറ്റ് വിസയിൽ യുകെയിലായിരിക്കുമ്പോൾ അവരെ പരിപാലിക്കുന്നതിനുള്ള എല്ലാ ഉറപ്പുകളും ഗ്യാരണ്ടികളും ഹോം ഓഫീസിന് നൽകുന്നത് ഈ സ്പോൺസർ ആണ്.

എന്നാൽ ഈ സാഹചര്യത്തിൽ മരിച്ചയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്പോൺസർ മുന്നോട്ട് വന്നിട്ടില്ല. ആരാണ്, എവിടെയാണ് എന്നു പോലും വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കേരളത്തിലെ നോർക്ക ഓർഗനൈസേഷനും യുവതിയുടെ വിസ സ്റ്റാറ്റസിന്റെ നിയമസാധുത പരിശോധിക്കാതെ ഇടപെട്ട് മൃതദേഹം കേരളത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിലവിൽ പരിശ്രമിക്കുകയാണ്.

എന്നാൽ, വിസ തട്ടിപ്പിന് ഇരയാകുന്ന മലയാളികൾക്ക് ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ലക്ഷങ്ങൾ ഇടനില നിന്ന് കൈപ്പറ്റിയാണ് പലരും ആളുകളെ പറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളിൽ സ്പോൺസർ ഇല്ലാതെ വരുന്നത് വലിയ നിയമക്കുരുക്കാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാന്യമായ ശമ്പള വർദ്ധനവിനായി തുടർ ചർച്ചകൾ പുനരാരംഭിക്കാൻ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ 5 ശതമാനത്തിന് പകരം രണ്ടക്ക ശമ്പള വർദ്ധനവിനായി തങ്ങൾ പട പൊരുതുമെന്ന് ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. 2023 – 24 – ൽ 5 ശതമാനം വർദ്ധനവാണ് സർക്കാർ നടപ്പിലാക്കിയ ശമ്പള വർദ്ധനവ്. എന്നാൽ ഈ നിർദ്ദേശം ആർസിഎൻ നിരസിച്ചിരുന്നു .

ചർച്ചകൾ വീണ്ടും പുനരാരംഭിക്കുവാൻ ആർസിഎൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ആർസിഎന്നിന്റെ ആവശ്യത്തോടെ നിഷേധപരമായ സമീപനമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ ശമ്പള വർദ്ധനവിനെ കുറിച്ച് വളരെ ഉദാരമെന്നാണ് എനർജി സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അഭിപ്രായപ്പെട്ടത് . എന്നാൽ യുകെയിലെ കടുത്ത ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിൽ നിൽക്കുന്നതുമായ സാഹചര്യത്തിൽ നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്.

നേരത്തെ സർക്കാർ മുന്നോട്ട് വച്ച ശമ്പള വർദ്ധനവ് ആർസിഎൻ ഒഴിച്ചുള്ള മറ്റ് യൂണിയനുകളുടെ അംഗങ്ങൾ വോട്ടിനിട്ട് അംഗീകരിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശത്തിനെതിരെ ആർസിഎൻ യൂണിയനിലെ 54 ശതമാനം ആൾക്കാരും എതിർത്ത് വോട്ട് ചെയ്തതോടെയാണ് യൂണിയൻ നേതൃത്വം വീണ്ടും സമരമുഖത്ത് ഇറങ്ങിയത്. മെയ് ഒന്നിന് ഇംഗ്ലണ്ടിലെ നേഴ്സുമാർ 24 മണിക്കൂർ പണിമുടക്കിയിരുന്നു. തീവ്രചരണം ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിൽ നിന്നും ആർസി എൻ അംഗങ്ങൾ പണിമുടക്കിൽ അണിചേരുന്നത് ആദ്യമായിട്ടാണ്

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ വോട്ടവകാശത്തിന്റെ കാര്യത്തിൽ ചില നയപരമായ തീരുമാനങ്ങൾ എടുക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. യുകെയിൽ താമസിക്കുന്ന ചില രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വോട്ടവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ഇതോടൊപ്പം പതിനാറും പതിനേഴും വയസ്സ് പ്രായമായവർക്കും വോട്ടവകാശം നൽകുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിൽ ഉണ്ട് .


2020 -ൽ തന്നെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ബ്രിട്ടനിൽ താമസിക്കുന്ന എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യുകെയിൽ പൂർണമായ വോട്ട് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം തങ്ങളുടെ പ്രകടനപത്രികയുടെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇവിടെ താമസിച്ച് രാജ്യത്തിനായി സംഭാവന നൽകുന്നവരെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നാണ് ലേബർ പാർട്ടിയുടെ വാദം.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർക്ക് വോട്ടവകാശം നൽകുന്നത് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൺസർവേറ്റീവ് പാർട്ടി കാണുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും അടുത്ത യു കെ സർക്കാരിനെ തിരഞ്ഞെടുക്കാനുമുള്ള അവകാശം ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമുള്ളതാണെന്നാണ് ഈ വിഷയത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്‌സ് പ്രതികരിച്ചത്. നിലവിൽ യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഏകദേശം 3.4 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാർ യുകെയിൽ ഉണ്ടെന്നാണ് കണക്കുകൾ . വോട്ടിംഗ് പ്രായം 16 വയസ്സായി കുറയ്ക്കുമെന്ന് ലേബർ പാർട്ടി 2015 -ലെയും 2017 – ലെയും പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബലാത്സംഗ കേസിൽ ബ്രിട്ടീഷ് വിനോദസഞ്ചാരി മഗലൂഫിൽ പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ നടന്നതായി പറയപ്പെടുന്ന ബലാത്സംഗത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബാഗുകൾ പായ്ക്ക് ചെയ്ത് ദ്വീപ് വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തിനെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. താമസിച്ചിരുന്ന മുറിയ്ക്ക് അടുത്തുള്ള യുവതിയുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ പീഡനം നടത്തിയത്. തുടർന്ന് മഗലൂഫിലെ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിന് സമീപമുള്ള സിവിൽ ഗാർഡ് ഓഫീസിൽ അലാറം മുഴക്കിയതോടെയാണ് സംഭവം പുറത്ത് വന്നത്.

മജോർക്കയിലെ പാൽമ എയർപോർട്ടിലെ ഫ്ലൈറ്റ് ഗേറ്റിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ, ഇരയായ യുവതിയിൽ നിന്ന് മൊഴി എടുത്തിരുന്നു.പോലീസ് അറസ്റ്റ് ചെയ്യുമെന്ന് തോന്നിയ പ്രതി ഉടൻ തന്നെ വിമാനമാർഗം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ചാണ് പോലീസ് പിടികൂടിയത്. യുകെയിലേക്ക് മടങ്ങുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ഇയാൾക്ക്, ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ചൊവ്വാഴ്ച നടന്നതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ചും തുടർന്നുള്ള അറസ്റ്റിനെക്കുറിച്ചും സ്പെയിനിലെ സിവിൽ ഗാർഡ് സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി പ്രതിയുടെ പേരോ മറ്റ് വിവരങ്ങളൊ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ദ്വീപിൽ തുടർച്ചയായി സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ സമാനമായ സംഭവത്തിന്റെ ഞെട്ടൽ വിട്ട് മാറുന്നതിനിടയിലാണ് ഇപ്പോൾ പുതിയ സംഭവം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബി ആൻഡ് എം, ഐസ് ലാൻഡ്, ലിഡിൽ, ന്യൂ ലുക്ക്‌, എന്നീ സ്റ്റോറുകൾ രാജ്യത്തുടനീളം അടച്ചുപൂട്ടുന്നു. എനർജി ബില്ലുകൾ കുതിച്ചുയരുകയും ഹൈസ്ട്രീറ്റ് സ്റ്റോറുകൾക്ക് നികുതി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ബി ആൻഡ് എംമ്മിന്റെ രണ്ട് സ്റ്റോറുകൾ ഈ മാസം അടച്ചുപൂട്ടും, അതേസമയം ഐസ്‌ലാൻഡും ന്യൂ ലുക്കും ഒന്ന് വീതവും ലിഡ്‌ലിന് രണ്ട് സ്‌റ്റോറുകളും പ്രവർത്തനം നിർത്തിവെക്കും. സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, വ്യവസായത്തിലുടനീളം അടച്ചുപൂട്ടലുകളുടെ കാലമാണ് വരാൻ പോകുന്നത് എന്നാണ്. വർദ്ധിച്ചുവരുന്ന ചിലവുകൾ വ്യവസായ സമ്പ്രദായത്തെ തകർക്കുകയാണ്.

ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്‌ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ബ്രാഞ്ച് അടയ്ക്കും. ബി ആൻഡ് എം ഈ മാസം ബോൾട്ടന്റെ ബേൺഡൻ റീട്ടെയിൽ പാർക്കിലെ സ്റ്റോർ അടച്ചുപൂട്ടും. പല സ്റ്റോറുകളിലെ ആളുകളെയും ഇതനുസരിച്ച് മറ്റിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. ചെഷയറിലെ വിഡ്‌നസിലെ മറ്റൊരു സ്റ്റോറും ഉടൻ പൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വ്യവസായ മേഖലകളിൽ സമാനമായ മാറ്റം പ്രതിഫലിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

യുകെയിലുടനീളമുള്ള ബി ആൻഡ് എം സ്റ്റോറുകളുടെ എണ്ണം ഇപ്പോൾ 700-ലധികമാണ്. ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്‌ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ശാഖയും അടയ്ക്കും. മറ്റൊന്ന് ബെക്കിൾസിലെ സഫോൾക്കിൽ അടുത്ത മാസം ആരംഭിക്കും. ദി ഫുഡ് വെയർഹൗസിനൊപ്പം 1,000-ത്തിലധികം സ്റ്റോറുകളുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ വരെ ഏകദേശം നാല് മില്യൺ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഊർജ്ജ ബില്ലിൽ 20 മില്യൺ പൗണ്ട് വർധിച്ചതിനാൽ പുതിയ സ്റ്റോർ ഓപ്പണിംഗുകൾ നിർത്തലാക്കാൻ നിർബന്ധിതരായെന്ന് കമ്പനി സിഇഒ ബോസ് റിച്ചാർഡ് വാക്കർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ പുതുമയുള്ളതായിരുന്നു ഈ വർഷത്തെ യൂറോവിഷൻ സംഗീത മത്സരം. എല്ലാവർഷവും ഈ പരിപാടിക്ക് ആതിഥേയത്വം അരുളേണ്ടത് മുൻ വർഷത്തെ ജേതാക്കളായ രാജ്യമാണ്. ഈ വർഷം റഷ്യൻ യുദ്ധം കാരണം ആ പതിവ് തെറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ യുക്രെയിനിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതു കാരണം ബ്രിട്ടൻ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. മത്സരവേദിയിൽ, ഒരു സന്ദർഭത്തിലെങ്കിലും ചാൾസ് രാജാവും കാമില രാജ്ഞിയും സന്നിഹിതരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അതിശക്തമായിരുന്നു ഫൈനലിൽ എല്ലാ മത്സരാർത്ഥികളും കാഴ്‌ച്ച വെച്ചത്. ഏറെ പ്രതീക്ഷകൾ ഉയർത്തിയ ഫിൻലാൻഡിന്റെ കാറിജയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി സ്വീഡന്റെ ലോറീൻ കിരീടം നേടി. യുക്രെയിന് വേണ്ടി ആതിഥേയത്വം ഏറ്റെടുത്ത യുകെയ്ക്ക് പക്ഷെ 25-ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഐ റോട്ട് എ സോംഗ് എന്ന ട്രാക്കുമായി എത്തിയ മേ മുള്ളർ ആയിരുന്നു യു കെയെ പ്രതിനിധീകരിച്ചത്. സ്റ്റേജിലേക്കുള്ള കാലുഷ് ഓർക്കസ്ട്രയുടെ തിരിച്ചു വരവിനും ഈ വർഷത്തെ യൂറോവിഷൻ സാക്ഷ്യം വഹിച്ചു. റഷ്യയുമായുള്ള യുക്രെയിന്റെ യുദ്ധം 444-ാം ദിവസത്തിലെത്തുമ്പോഴായിരുന്നു തങ്ങളുടെ ഹിറ്റ് പാട്ടുകളുമായി അവർ വേദിയിൽ എത്തുന്നത്. ലിവർപൂൾ അറീനയിൽ നടന്ന ലൈവ് പരിപാടിയിലും ഗ്രാന്റ് ഫിനാലെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരായിരുന്നു പങ്കെടുത്തിരുന്നത്.

നേരത്തേ തന്റെ യൂഫോറിയ എന്ന ട്രാക്കുമായി 2012-ലും ലോറീൻ യൂറോവിഷൻ കിരീടം നേടിയിട്ടുണ്ട്. ടാറ്റൂ എന്ന ട്രാക്കായിരുന്നു ഇത്തവണ. കടുത്ത മത്സരം നൽകി തൊട്ടുപിറകെ എത്തുകയായിരുന്നു ഫിൻലാൻഡ് ഗായകനായ കാറിജ. ഇസ്രയേൽ ഗായിക നോവ കിരേലിനും ആരാധകർ നിരവധി ഉണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് സ്ഥനങ്ങളിൽ എത്താൻ കഴിഞ്ഞില്ല.

Copyright © . All rights reserved