Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ലെങ്കിലും മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് എത്തുമ്പോൾ അതൊരു രോഗാവസ്ഥയായി മാറുന്നു. ബ്രിട്ടീഷുകാരിൽ നാലിൽ ഒരാൾ (22 %) കഴിഞ്ഞ വർഷത്തേക്കാൾ മദ്യപാനം വർധിപ്പിച്ചതായി ചെഷയർ ആസ്ഥാനമായുള്ള റീഹാബ് ക്ലിനിക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ മദ്യാസക്തിയെക്കാൾ ‘ഫങ്ഷണൽ ആൽക്കഹോൾ ഡിസോർഡർ’ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യപാനിയാണെങ്കിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കാനും കുടുംബത്തിനുള്ളിൽ ഒരു പങ്ക് വഹിക്കാനും കഴിവുള്ളവരെയാണ് ‘ഫങ്ഷണൽ ആൽക്കഹോളിക്’ എന്ന് വിളിക്കുന്നത്. അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിലും മദ്യപാന പ്രശ്നങ്ങൾ മറച്ചുപിടിച്ചാവും ജീവിക്കുന്നത്. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. മദ്യപാനത്താൽ ബുദ്ധിമുട്ടുന്ന ഇത്തരക്കാർ അവരുടെ അവസ്ഥ മറച്ചുവെക്കുന്നതിൽ അസാധാരണ കഴിവുള്ളവരാണ്. ഇത് അപകടകരമായ മദ്യപാന സ്വഭാവമായി പരിണമിക്കും.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

• മദ്യത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം നഷ്ടപ്പെടുക.
• കാറിലും ഓഫീസിലും ഗാരേജിലുമൊക്കെയായി മദ്യം ഒളിപ്പിക്കുക
• ജോലി സമയത്ത് മദ്യപിക്കുക
• ദിവസേനയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ശേഷം മദ്യപിക്കുക
• ജോലി കഴിഞ്ഞ് സ്വസ്ഥമാകുന്നതിനുള്ള ഒരു മാർഗമായി മദ്യപാനത്തെ ന്യായീകരിക്കുക
• മദ്യപിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുക, അസ്വസ്ഥത പ്രകടിപ്പിക്കുക
• മദ്യമില്ലാത്ത സാമൂഹിക പരിപാടികളോ പ്രവർത്തനങ്ങളോ ഒഴിവാക്കുക
• മദ്യപാനികൾ ആണെന്ന കാര്യം നിഷേധിക്കുക
• മദ്യപിച്ചതിന് ശേഷം ഓർമ്മ കുറവ് ഉണ്ടാകുക

നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മിതമായ അളവിൽ കുടിക്കാനും കഴിയുമോയെന്ന് സ്വയം ചോദിക്കുക. ഒപ്പം മദ്യപാനം നിർത്താൻ ആഗ്രഹിച്ചാൽ, ആ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്നും ചോദിക്കുക. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നിങ്ങൾ അമിത മദ്യപാനത്തിന് അടിമയാണെന്ന് മനസിലാക്കുക. മദ്യപാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ആദ്യപടിയായി ജിപിയെ കാണണമെന്ന് എൻഎച്ച്എസ് നിർദേശിക്കുന്നു. പരിശോധനയിലൂടെ മദ്യപാന ശീലങ്ങൾ വിലയിരുത്തിയ ശേഷം നിങ്ങൾക്ക് ലഭ്യമായ സേവനങ്ങളും ചികിത്സകളും നൽകും. ചികിത്സയിൽ സാധാരണയായി കൗൺസിലിംഗും മരുന്നും ഉൾപ്പെടുന്നു.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരോട് മദ്യാസക്തിയെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും വളരെ സഹായകരമാണെന്ന് ക്ലിനിക് പറഞ്ഞു. മദ്യപാനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവരോട് ശാന്തമായി വിശദീകരിക്കുക. അമിത മദ്യപാനം ചികിത്സിക്കാവുന്നതാണെന്ന് പറഞ്ഞ് അവർക്ക് പ്രതീക്ഷ നൽകുക. അമിത മദ്യപാനത്തിൽ നിന്ന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ നമുക്ക് കഴിയുമെന്നും തുറന്ന സംസാരം അതിനാവശ്യമാണെന്നും ക്ലിനിക് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിന് ശേഷമുള്ള ചികിത്സകൾ ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കിൽ ആൻറിബയോട്ടിക്കിനെതിരെ പ്രതിരോധശേഷിയുള്ള അണുബാധകൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധിയെക്കുറിച്ച് യുകെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പനിയുടെ ലക്ഷണങ്ങൾ ഈ ശൈത്യകാലത്ത് സാധാരണയിലും കൂടുതലായിരിക്കാം. എന്നാൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഇതിനൊരു പ്രതിവിധി അല്ല . ഇത് പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2020 -ൽ അണുബാധയുള്ള അഞ്ചിൽ ഒരാൾക്ക് ആൻറിബയോട്ടിക് പ്രതിരോധശേഷി ഉണ്ടായിരുന്നു. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ മരുന്നിനോട് പ്രതികരിച്ചില്ലെങ്കിൽ ഗുരുതരമായ സങ്കീർണത ഉണ്ടാക്കുകയും ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടതായി വരും.

ആൻറിബയോട്ടിക്കിൻെറ ആവശ്യം ശരിക്കും ഉള്ളപ്പോൾ മാത്രം ഇവ സ്വീകരിക്കുക. ഉദാഹരണത്തിന് സെപ്സിസ്, മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാനാണ് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുക. കീമോതെറാപ്പി, സിസേറിയൻ, മറ്റ് സാധാരണ ശസ്ത്രക്രിയകൾ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിനായും ഇവ സ്വീകരിക്കാറുണ്ട്. ചുമ, ചെവി വേദന, തൊണ്ടവേദന തുടങ്ങിയ ചികിത്സകൾക്കായി ഇവ നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണാറില്ല. 2020 – 2021 ലെ ആന്റിമൈക്രോബയൽ യൂട്ടിലൈസേഷൻ ആൻഡ് റെസിസ്റ്റൻസിൽ (ഇ എസ് പി എ യു ആർ) നിന്നുള്ള കണക്കുകൾ പ്രകാരം 2020 -ൽ ബ്ലഡ് ഇന്ഫക്ഷന്സിൻെറ എണ്ണം ക്രമാതീതമായി കുറവാണ്. പകർച്ചവ്യാധിയുടെ സമയത്തുള്ള ആളുകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ സാമൂഹിക അകലം പാലിക്കൽ, മെച്ചപ്പെട്ട കൈ ശുചിത്വം എന്നിവ ഇതിനെ സ്വാധീനിച്ചതായി കരുതുന്നു. ഇതേസമയം ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണവും വർദ്ധിച്ചു.

ആൻറി മൈക്രോബിയൽ പ്രതിരോധം മറഞ്ഞിരിക്കുന്ന ഒരു പകർച്ചവ്യാധിയുടെ സൂചന ആണെന്നും കോവിഡ് -19 നെ മറികടന്ന് മറ്റൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മൾ കടക്കരുതെന്നത് പ്രധാനമാണെന്നും യുകെഎച്ച്എസ്എ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ജനങ്ങൾ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഗുരുതരമായ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണം വർധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് ജനങ്ങൾ പ്രവേശിക്കുമ്പോൾ വർദ്ധിച്ചുവരുന്ന ശ്വസന അണുബാധകൾക്കൊപ്പം, ജലദോഷം പോലുള്ള പല ലക്ഷണങ്ങൾക്കും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ലെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ വീട്ടിൽ തന്നെ കഴിയുവാൻ ശ്രദ്ധിക്കുക എന്നും ഡോ. ഹോപ്കിൻസ് പറഞ്ഞു. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഭാവിയിൽ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ തന്നെ ജിപിയുടെയോ ദന്തരോഗവിദഗ്ദ്ധന്റെയോ അല്ലെങ്കിൽ ഫാർമസിസ്റ്റിൻെറയോ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഇവ സ്വീകരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ക്ലായിഡ്ബാങ്കിലെ ഫ്ലാറ്റിൽ വെച്ച് തന്റെ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ലോർണ മിഡിൽടണിനു കോടതി ജയിൽ ശിക്ഷ വിധിച്ചു. ഏറ്റവും കുറഞ്ഞത് 18 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലോർണ അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2020 ജൂൺ 26 നാണ് മുപ്പത്തിയാറുകാരിയായ ലോർണ മിഡിൽടൺ തന്റെ ഭർത്താവ് മുപ്പത്തിയെട്ടുകാരനായ വില്യം മിഡിൽടണിനെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു പുരുഷനുമായി ലോർണയ്ക്ക് ഉണ്ടായ തർക്കത്തിൽ വില്യം തന്റെ പക്ഷം ചേർന്നില്ല എന്ന് ആരോപിച്ചാണ് ലോർണ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ക്ലയിഡ്ബാങ്കിലെ ഇരുവരുടെയും ഫ്ലാറ്റിൽ ചോരയിൽ കുളിച്ച നിലയിലാണ് പോലീസ് വില്യമിനെ കണ്ടെത്തിയത്. വില്യമിന്റെ ശരീരത്തിനു സമീപം രണ്ട് കത്തിയും പോലീസ് കണ്ടെത്തിയിരുന്നു.


തുടക്കത്തിൽ തന്റെ പ്രതികാരം മൂലമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ച ലോർണ, പിന്നീട് തന്റെ പ്രാണരക്ഷാർത്ഥമാണെന്ന് തിരുത്തി പറഞ്ഞിരുന്നു. എന്നാൽ ലോർണയുടെ ഈ വാദം കോടതി തള്ളി കളഞ്ഞു. ഗ്ലാസ്ഗോ ഹൈകോടതിയാണ് ലോർണയ് ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ലോർണ.ഗൃഹാന്തരീക്ഷത്തിൽ ഇത്തരമൊരു കൊലപാതകം നടന്നതിനാലാണ് ശിക്ഷാകാലാവധി ഉയർത്തിയതെന്ന് വിധി പ്രസ്താവിച്ച ശേഷം ജഡ്ജി ലോർഡ് ക്ലാർക്ക് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന സൂപ്പർമാർക്കറ്റായി മാറാനൊരുങ്ങി ലിഡിൽ. അടുത്ത വർഷം മാർച്ച് മുതൽ ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ലണ്ടന് പുറത്തുള്ള ജീവനക്കാർക്ക് മിനിമം വേതന നിരക്ക് മണിക്കൂറിന് 10.10 പൗണ്ടായി വർദ്ധിപ്പിക്കും. പരിചയസമ്പന്നരായ തൊഴിലാളികൾക്ക് 11.40 പൗണ്ട് വരെ ലഭിക്കുമെന്നും സൂപ്പർമാർക്കറ്റ് ശൃംഖല വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ പതിനെട്ടു മാസമായി കഠിനാധ്വാനം നടത്തിയ ജീവനക്കാർക്കുള്ള ആദരവാണ് ഈ ശമ്പള വർധനയെന്ന് ലിഡിൽ അറിയിച്ചു. ലണ്ടൻ നഗരത്തിന് വെളിയിൽ എൻട്രി-ലെവൽ വേതനം മണിക്കൂറിന് 9.50 പൗണ്ട് മുതൽ 10.10 പൗണ്ട് വരെയും ലണ്ടനിൽ 10.85 പൗണ്ട് മുതൽ 11.30 പൗണ്ട് വരെയും വർദ്ധിക്കും. 2022 മാർച്ച് മുതലാണ് ഈ ശമ്പള വർദ്ധനവ്. ഈ വർഷമാദ്യം, മണിക്കൂറിന് 10 പൗണ്ട് വേതനം നൽകുന്ന ആദ്യത്തെ യുകെ സൂപ്പർമാർക്കറ്റായി മോറിസൺസ് മാറിയിരുന്നു.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ചില ജീവനക്കാരുടെ ശമ്പളത്തിൽ 6 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടാകുമെന്ന് ലിഡിൽ കൂട്ടിച്ചേർത്തു. 80% ജീവനക്കാർക്കും ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കും. ജോലി ഒഴിവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ജോലി ഒഴിവുകൾ 11.7 ലക്ഷമായി ഉയർന്നു. ജോലി ഒഴിവുകൾ നികത്തുന്നതിനും ജീവനക്കാരെ നിലനിർത്തുന്നതിനുമായി ഉടമകൾ ശമ്പളവും ജോലി വ്യവസ്ഥകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

ലിഡിലിന് ബ്രിട്ടനിൽ 850-ലധികം സ്റ്റോറുകളുണ്ട്. 2023 അവസാനത്തോടെ ഇത് ആയിരമായി ഉയർത്താനുള്ള ശ്രമത്തിലാണ്. ലിഡിലിന്റെ ഈ തീരുമാനം എതിരാളികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ടെസ്‌കോയും ആൽഡിയും നിലവിൽ മണിക്കൂറിന് 9.55 പൗണ്ട് നൽകുമ്പോൾ സെയിൻസ്‌ബറി, വെയ്‌ട്രോസ്, കോ-ഓപ്പ് എന്നിവർ 9.50 പൗണ്ടും അസ്‌ഡ 9.18 പൗണ്ടും നൽകുന്നു. ശമ്പള വർധനവിനാകെ 18 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് ലിഡിലിന്റെ വിലയിരുത്തൽ. ഇപ്പോൾ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ലിഡിലിന്റെ എച്ച്ആർ ബോസ് നാൻ ഗിബ്സൺ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടി സ്കോട്ട്‌ലൻഡിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്കോട്ട്ലൻഡിലെ ആർജിൽ & ബ്യുട്ടിലെ ലോക്ക്ഗിൽഫെഡിലിന് 11 മൈൽ വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കുന്നത്. തങ്ങളുടെ വീടുകളിൽ ഭൂചലനത്തിന്റെ ഫലമായി വൻതോതിലുള്ള ചലനങ്ങൾ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടിലെ മുഴുവൻ സാധനങ്ങൾക്കും ഭൂചലനത്തിൽ ചലനം അനുഭവപ്പെട്ടതായി മറ്റൊരാൾ വ്യക്തമാക്കി. ഏകദേശം പത്ത് സെക്കൻഡോളം ചലനം അനുഭവപ്പെട്ടതായാണ് ജനങ്ങൾ വ്യക്തമാക്കിയത്.


ഭൂമിയുടെ പ്രതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ ഏകദേശം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടക്കത്തിൽ ഭൂചലനമാണെന്ന് മനസ്സിലായില്ലെന്നും, സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് ലോക്ക്ഗിൽഫെഡിന് സമീപം ഫാമിൽ താമസിക്കുന്ന റോസ്മേരി നീഗിൾ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടുന്നതെന്നും അവർ പറഞ്ഞു. ഒരു മാസത്തിനു മുൻപ് നോർത്ത് വെയിൽസിലും ഇതേ തരത്തിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ വെയിൽസിലെ ഭൂചലനം റിക്ടർ സ്കെയിലിൽ 1.0 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം യു കെയിൽ ഒരു വർഷം മാത്രം ഏകദേശം 200 മുതൽ 300 വരെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് റിപ്പോർട്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജോലി ഉപേക്ഷിക്കാതിരിക്കാൻ കെയർ ഹോം ജീവനക്കാർക്ക് 500 പൗണ്ട് ക്രിസ്മസ് ബോണസ് നൽകണമെന്ന ആവശ്യം ശക്തം. നിരവധി ജീവനക്കാർ ഇതിനകം തന്നെ ആമസോൺ, ടെസ്കോ പോലുള്ള കമ്പനികളിലെ ജോലിക്കായി കെയർ ഹോം ഉപേക്ഷിച്ചു. തൊഴിൽ ഉപേക്ഷിക്കുന്നതിൽ നിന്ന് ജീവനക്കാരെ തടയാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകി. സമീപ വർഷങ്ങളിൽ കെയർ മേഖലയിൽ ജോലി ഒഴിവ് കൂടി വരികയാണ്. ശൈത്യകാലം കഠിനമാവുന്ന ക്രിസ്മസ് നാളുകളിൽ ജീവനക്കാർക്ക് ബോണസ് നൽകി അവരെ സംരക്ഷിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

വിവാദ നിയമത്തിന്റെ ഫലമായി ഏകദേശം 57,000 ജീവനക്കാരെ പിരിച്ചുവിട്ടതും വലിയ തിരിച്ചടിയായി. കെയർ ഹോം മേഖലയിൽ നിലവിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. ബോണസ് നൽകുന്നതുപോലെയുള്ള അടിയന്തര നടപടിയാണ് സർക്കാർ ഇപ്പോൾ ആലോചിക്കേണ്ടതെന്നും സാമൂഹിക പരിചരണം ഉപേക്ഷിച്ച് റീട്ടെയിൽ മേഖലയിലേക്ക് പോകുന്നവരെ പിടിച്ചുനിർത്തണമെന്നും എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ക്രിസ് ഹോപ്‌സൺ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ ക്ഷാമം രൂക്ഷമായാൽ കെയർ ഹോമിൽ താമസിക്കുന്നവർ ദുരിതത്തിലാകുമെന്ന് ചാരിറ്റികൾ വ്യക്തമാക്കി. ജീവനക്കാർക്കെല്ലാം ഇരട്ട കുത്തിവയ്പ്പ് നിർബന്ധമാക്കിയതോടെ പതിനായിരക്കണക്കിന് കെയർ സ്റ്റാഫുകൾക്കാണ് കഴിഞ്ഞ വ്യാഴാഴ്ച ജോലി നഷ്‌ടപ്പെട്ടത്. മഹാമാരി രൂക്ഷമായപ്പോൾ സ്കോട്ട്ലൻഡിലെയും നോർത്തേൺ അയർലണ്ടിലെയും കെയർ ജീവനക്കാർക്ക് 500 പൗണ്ട് ബോണസ് നൽകിയിരുന്നു. വെയിൽസിൽ 1,235 പൗണ്ട് നൽകി. എന്നാൽ ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള സാമ്പത്തിക പിന്തുണ ഉണ്ടായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷനിൽ ട്രിപ്പിൾ ലോക്ക് സംവിധാനം നിലനിർത്താനുള്ള ശ്രമം നിരസിച്ച് എം പിമാർ. ഇതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് അടുത്ത വർഷം പെൻഷനിൽ ചെറിയ വർദ്ധനവ് മാത്രമേ ഉണ്ടാകൂ. സർക്കാരിന്റെ ട്രിപ്പിൾ ലോക്ക് സംവിധാനത്തിലൂടെ സ്റ്റേറ്റ് പെൻഷനിൽ എല്ലാ വർഷവും 2.5% നിരക്കിന്റെ വർധനവ് ഉണ്ടാകുമായിരുന്നു. വരുമാനമോ പണപെരുപ്പമോ അനുസരിച്ചും പെൻഷൻ നിരക്ക് ഉയർന്നിരുന്നു. എന്നാൽ കോവിഡ് മഹാമാരിയിലൂടെ വരുമാനം വർധിച്ചതിനാൽ 2022 – 23 വർഷത്തിൽ ഇത് ന്യായമല്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഈ മാസം ആദ്യം, ഹൗസ് ഓഫ് ലോർഡ്സ് ട്രിപ്പിൾ ലോക്ക് നിലനിർത്താൻ വോട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ രാത്രി ഹൗസ് ഓഫ് കോമൺസിൽ 229നെതിരെ 300 വോട്ടുകൾക്ക് എംപിമാർ ഈ നീക്കം നിരസിച്ചു. പെൻഷൻ ട്രിപ്പിൾ ലോക്ക് ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ ചാൻസലർ ഋഷി സുനക് തയ്യാറായികഴിഞ്ഞു.

 

 

ഈ തീരുമാനത്തിന് പിന്നാലെ, പെൻഷൻ വർദ്ധനവ് പരിമിതപ്പെടുത്തുന്നത് വായോധികരെ ബുദ്ധിമുട്ടിലാക്കുമെന്ന വാദം ഉയർന്നു. എംപിമാരുടെ ഈ തീരുമാനം ലക്ഷക്കണക്കിന് പെൻഷൻകാരുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ക്യാംമ്പെയ്‌ൻ ഗ്രൂപ്പായ സിൽവർ വോയ്‌സിന്റെ ഡയറക്ടർ ഡെന്നിസ് റീഡ് പറഞ്ഞു. കോവിഡിനെ കണക്കിലെടുക്കാതെ വരുമാനത്തിന്റെ കണക്കുമായി പെൻഷൻ വർദ്ധനവ് ബന്ധിപ്പിക്കാൻ സാധ്യമല്ലെന്ന് തൊഴിൽ, പെൻഷൻ മന്ത്രി ഗയ് ഓപ്പർമാൻ വ്യക്തമാക്കി.

 

2010 ലാണ് പെൻഷൻ ട്രിപ്പിൾ ലോക്ക് അവതരിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം വേതനത്തിൽ വർധനവ് ഉണ്ടായതോടെ അടുത്ത വർഷം സ്റ്റേറ്റ് പെൻഷനിൽ 8% വർദ്ധനവിന് കാരണമാകുമായിരുന്നു. അതിനാലാണ് 2022-23 നികുതി വർഷത്തേക്കുള്ള ട്രിപ്പിൾ ലോക്ക് സർക്കാർ താൽക്കാലികമായി നിർത്തിവച്ചത്. ഇതിനർത്ഥം സ്റ്റേറ്റ് പെൻഷൻ പണപ്പെരുപ്പ് നിരക്കിനനുസരിച്ചോ 2.5 ശതമാനത്തിലോ ഉയരുമെന്നാണ്. പകർച്ചവ്യാധിയുടെ സമയത്ത് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ കടമെടുത്ത് തുടങ്ങിയതോടെ ട്രിപ്പിൾ ലോക്ക് തുടരുന്നത് ചിലവ് വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അറിയിച്ചിരുന്നു. മാർച്ച് വരെയുള്ള കണക്ക് പ്രകാരം, ജിഡിപിയുടെ 14.2% ന് തുല്യമായ 297.7 ബില്യൺ പൗണ്ട് സർക്കാർ കടമെടുത്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബൂസ്റ്റർ വാക്സിനുകൾ ഇന്നു മുതൽ 40 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ലഭ്യമാകും. 40 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്നവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസത്തിന് ശേഷം ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കുന്നതിനെ സംബന്ധിച്ച്‌ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംയുക്ത സമിതി (ജെസിവിഐ) സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. യുകെയുടെ നാല് ഭാഗങ്ങളിലും ജെ‌സി‌വി‌ഐയുടെ ഉപദേശം സ്വീകരിക്കാൻ തീരുമാനിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അസ്‌ട്രാസെനക്ക വാക്സിൻ സ്വീകരിച്ച്‌ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരിലെ സംരക്ഷണം 93.5 ശതമാനമായതായും ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ഇത് 94 ശതമാനമായതായും സെക്യൂരിറ്റി ഏജൻസിയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനുപുറമെയുള്ള ജെ‌സി‌വി‌ഐയുടെ ശുപാർശ മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.


പതിനാറും പതിനേഴും വയസ്സുള്ള എല്ലാവർക്കും ഫൈസറിൻെറ രണ്ടാം ഡോസ് വാക്സിൻ നൽകണമെന്ന ഉപദേശവും മുന്നോട്ടുവയ്ക്കുമെന്ന് ജെസിവിഐ അറിയിച്ചു. ജെസിവിഐയുടെ ഈ ശുപാർശ അംഗീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി ജാവിദ് പറഞ്ഞു. നേരത്തെ ഈ പ്രായ പരിധിയിൽ ഉണ്ടായിരുന്ന മുൻഗണനാ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രമേ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നുള്ളൂ. പതിനാറും പതിനേഴും വയസ്സുള്ള എല്ലാ കുട്ടികൾക്കും അവരുടെ രണ്ടാം ഡോസ് വാക്സിൻ ആദ്യത്തെ ഡോസ് വാക്സിന് ശേഷം കുറഞ്ഞത് പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ജെസിവിഐ നിർദ്ദേശിച്ചു. വാക്സിൻെറ പാർശ്വഫലങ്ങളും അപകടസാധ്യതകളും താരതമ്യം ചെയ്യുമ്പോൾ, വാക്സിൻ പ്രോഗ്രാമിന്റെ നേട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ ഡോസ് നിർദ്ദേശിക്കുന്ന തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ആദ്യ ഡോസ് വാക്സിനുകൾ എന്തായിരുന്നു എന്ന് പരിഗണിക്കാതെ ഫൈസറിൻെറയോ മോഡേണയുടെയോ ബൂസ്റ്റർ വാക്സിൻ നൽകണമെന്നും ജെസിവിഐ പറഞ്ഞു.


ഇതുവരെ യുകെയിൽ ഏകദേശം 12.6 ദശലക്ഷം ആളുകൾക്കാണ് കോവിഡ് -19 നെതിരായ മൂന്നാം ഡോസ് വാക്‌സിൻ ലഭിച്ചിട്ടുള്ളത്. യുകെ ബൂസ്റ്റർ പ്രോഗ്രാമുമായി അതിവേഗത്തിൽ നീങ്ങുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ-ടാം പറഞ്ഞു. കോവിഡ് -19ൻെറ രോഗ ലക്ഷണങ്ങളിൽ നിന്ന് ബൂസ്റ്റർ വാക്സിനുകൾ ജനങ്ങളുടെ സംരക്ഷണം എങ്ങനെ വർധിപ്പിക്കുന്നുവെന്ന് പുതിയ പഠനം എടുത്തു കാണിച്ചിരുന്നു. ബൂസ്റ്റർ പ്രോഗ്രാം വിജയകരമാണെങ്കിൽ കോവിഡ് മൂലമുള്ള ആശുപത്രിവാസത്തെയും മരണത്തെയും കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്ക വൻതോതിൽ കുറയ്ക്കാൻ കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റിമെംബറെൻസ് സൺഡേയിൽ ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിന് പുറത്ത് നടന്ന സ്ഫോടനം ഭീകരാക്രമണമായി സ്ഥിരീകരിച്ച് പോലീസ്. ഏകദേശം രാവിലെ 11 മണിയോടെയാണ് പ്രവേശനകവാടത്തിന് അടുത്തുള്ള ഒരു ഡ്രോപ്പ്-ഓഫ് സോണിൽ ടാക്സിയ്ക്ക് തീപിടിച്ച സംഭവത്തിൽ യാത്രക്കാരൻ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഈ സംഭവത്തിൽ സംശയാസ്പദമായി തോന്നിയ ആളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടതിന് ടാക്സി ഡ്രൈവർ ഡേവിഡ് പെറിയെ ലിവർപൂൾ മേയർ ജോവാൻ ആൻഡേഴ്സൺ ഹീറോ ആയി പ്രഖ്യാപിച്ചിരുന്നു.

ലിവർപൂളിൽ ഉണ്ടായ ഈ സ്ഫോടനം ഈ മാസത്തിലെ തന്നെ രണ്ടാമത്തെ സംഭവമാണ്. തീവ്രവാദ നിയമപ്രകാരം നഗരത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. യുകെയിൽ ഭീകരാക്രമണ ഭീഷണികൾ കൂടിവരികയാണ്. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലിവർപൂൾ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുക്കാനാണ് യാത്രക്കാരൻ ടാക്സി വിളിച്ചത്. യഥാർത്ഥത്തിൽ, ബോംബാക്രമണം ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ ആയിരുന്നു ഇയാൾ. എന്നാൽ കാർ ഗതാഗത കുരുക്കിൽ പെട്ടതോടെ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഡ്രൈവർ ഡേവിഡ് പെറി, ആശുപത്രിയിൽ എത്തിയ ഉടൻ കാറിൽ പരിശോധന നടത്തുകയായിരുന്നു. വൻ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ ചാവേറിനെ കാറിനുള്ളിൽ ഇട്ട് ലോക്ക് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തിൽ കാർ പൊട്ടിത്തെറിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഭീകരനും കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പരിക്കേറ്റ പെറിക്ക് ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. സമീപവാസികളെ ഒഴിപ്പിച്ച ശേഷം സെഫ്റ്റൺ പാർക്കിന് സമീപമുള്ള റട്ട്‌ലാൻഡ് അവന്യൂ പോലീസ് സീൽ ചെയ്തു. ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിൽ നിന്ന് ഒരു മൈൽ അകലെയുള്ള ആംഗ്ലിക്കൻ കത്തീഡ്രലിൽ നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും പൗര പ്രമുഖരും ഉൾപ്പെട്ട അനുസ്മരണ ശുശ്രൂഷയ്ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഉദ്ദേശ്യം എന്ന് പോലീസ് പറഞ്ഞു. എന്നാൽ ഗതാഗത കുരുക്കിൽ പെട്ടതോടെയാണ് കാർ തിരിച്ചു ആശുപത്രിയിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടത്. ഇവിടെയാണ് ഡ്രൈവർ രക്ഷകനായി തീർന്നത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റൽ പ്രതിവർഷം 50,000 രോഗികളെ ചികിത്സിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചെൽട്ടൻഹാം: ഭക്ഷണ മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന നൂതന ആശയം നടപ്പിലാക്കി റെസ്റ്റോറന്റ് ഗ്രൂപ്പായ ജെഎം സോഷ്യൽസ്‌. ഹോളി കൗ, ഭൂമി കിച്ചൻ എന്നിവയുൾപ്പെടെയുള്ള ആറ് ഭക്ഷണശാലകളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞു. പ്രകൃതിയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ആശയത്തിന് പിന്നിൽ ജെഎം സോഷ്യൽസിന്റെ സ്ഥാപകരായ മൈക്കൽ റാഫേൽ, ജയ് റഹ് മാൻ എന്നിവരാണ്. ഗ്ലൗസെസ്റ്റർഷെയറിലെ ഇൻഡിപെൻഡന്റ് റെസ്റ്റോറന്റ് ഗ്രൂപ്പാണ് ജെഎം സോഷ്യൽസ്‌. ചെൽട്ടൻഹാം ആസ്ഥാനമാക്കി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഭക്ഷണ മാലിന്യം മണ്ണിലേക്ക് തള്ളരുതെന്ന തീരുമാനത്തിൽ നിന്നാണ് ഹരിത സംരംഭത്തിലേക്ക് എത്തിയതെന്ന് സ്ഥാപകർ പ്രതികരിച്ചു.

ഭക്ഷണ മാലിന്യവും പുനരുപയോഗിക്കാനാവാത്ത പാക്കേജിംഗുമാണ് ഇപ്പോൾ വൈദ്യുതിയാക്കി മാറ്റുന്നത്. പുതിയ പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജെഎം സോഷ്യൽസ്‌, സാധാരണ പ്ലാസ്റ്റിക്കുകൾ, പേപ്പർ, ടിൻ എന്നിവയുടെ റീസൈക്ലിങ്ങും നടത്തി വരുന്നു. മാലിന്യ നിർമാർജന കമ്പനിയായ ഗ്രണ്ടണുമായി കൈകൊർത്താണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഹോളി കൗ, ഹോളി കൗലെസ്, ഹോളി ക്ലക്കർ, പൃഥ്വി, ബാവോ + ബിബിക്യു, ഭൂമി കിച്ചൻ എന്നീ ആറ് റെസ്റ്റോറന്റുകളാണ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളത്.

സീറോ ലാൻഡ്‌ഫില്ലിലേക്ക് മാറുകയെന്നതാണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാപകരിൽ ഒരാളായ റാഫേൽ പറഞ്ഞു. പ്രകൃതിയ്ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികൾ സമീപഭാവിയിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ കാണിച്ച മാതൃക മറ്റുള്ളവരും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് റാഫേലും റഹ് മാനും. ഈ വർഷാവസാനത്തോടെ രണ്ട് റെസ്റ്റോറന്റുകൾ കൂടി തുറക്കാൻ ജെഎം സോഷ്യൽസ് പദ്ധതിയിടുന്നു; സിർക്കോ ബ്രസീറി ആൻഡ് ഫോർ ദി സെയിന്റ്‌സും, മോണ്ട്‌പെല്ലിയറിൽ എസ്‌പ്രെസോ ബാറും.

RECENT POSTS
Copyright © . All rights reserved