Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

എയർ ട്രാഫിക് കൺട്രോൾമാരുടെ കുറവുമൂലം ലണ്ടനിലെ എയർപോർട്ടിലെ വിമാന സർവീസുകൾ വ്യാപകമായി താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ഒട്ടേറെ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.


ഇന്നലെ രാത്രി 10 മണി വരെ 22 വിമാനങ്ങൾ റദ്ദാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നൂറ് കണക്കിന് വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്ന് പോകാനും വരാനും വൈകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എയർപോർട്ട് അധികൃതർ ക്ഷമാപണം നടത്തി. പുനർ ക്രമീകരണത്തെക്കുറിച്ച് അറിയാൻ യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് നാഷണൽ എയർ ട്രാഫിക് സർവീസ് ( നാറ്റ്സ് ) പറഞ്ഞു . ഫ്ലൈറ്റ് റഡാർ 24 ന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഗാറ്റ് വിക്കിൽ എത്തിച്ചേരേണ്ട 376 വിമാനങ്ങളാണ് വൈകിയത്. ഇത് കൂടാതെ ഗാറ്റ് വിക്കിലേക്കുള്ള 252 വിമാനങ്ങൾ പുറപ്പെടാൻ വൈകുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും തങ്ങളുടെ ആശങ്കകൾ എൻ എച്ച് എസ് സ്റ്റാഫുകൾ വേണ്ടത്ര പരിഗണിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം കൂടി തേടാനുള്ള അവസരം ഇനിമുതൽ ലഭ്യമാകും. “മാർത്താസ് റൂൾ ” എന്ന് പേരിട്ടിരിക്കുന്ന ഈ ഓർഡർ നടപ്പിലാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെ അറിയിച്ചു. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പരിചരണത്തിൽ 2021 – ലാണ് സെപ്‌സിസ് ബാധിച്ച് മാർത്ത മിൽസ് എന്ന 13 വയസ്സുകാരി പെൺകുട്ടി മരിച്ചത്. ഡോക്ടർമാർ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ 13 വയസ്സുകാരി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം കൊറോണർ വിധിച്ചിരുന്നു. വെയിൽസിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പാൻക്രിയാസിനു പരിക്കേറ്റ മാർത്തയെ കിംഗ്‌സിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർത്തയുടെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് നിരവധി തവണ ആശങ്കകൾ ഉന്നയിച്ചെങ്കിലും അവയൊന്നും തന്നെ സ്റ്റാഫുകൾ കണക്കിലെടുത്തില്ലെന്ന് മാർത്തയുടെ മാതാപിതാക്കളായ മെറോപ്പ് മിൽസും, പോൾ ലെയ്‌റ്റിയും വ്യക്തമാക്കി.


ഇതേ തുടർന്നാണ് ഇപ്പോൾ എൻഎച്ച്എസ്സിൽ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. രോഗികൾക്കോ ബന്ധുക്കൾക്കോ ആശങ്കകൾ ഉണ്ടെങ്കിൽ രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം തേടാൻ ഇനിമുതൽ അവസരം ഉണ്ടാകും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ശിശുരോഗ വിഭാഗത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ആരോഗ്യ സെക്രട്ടറി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നവരെ തടയാൻ യൂറോപ്പുമായി പുതിയ കരാറിൽ ഏർപ്പെടാൻ ലേബർ പാർട്ടി. ചാനൽ കടക്കാൻ സഹായിക്കുന്ന സംഘങ്ങളെ തകർക്കുന്നത് തീവ്രവാദത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസിയുമായുള്ള ചർച്ചകൾക്കായി ഹേഗിലുള്ള ലേബർ നേതാവ് കെയർ സ്റ്റാമർ പറഞ്ഞു. ആളുകളെ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും തന്റെ ചർച്ചകൾ അതിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് യുകെ സർക്കാരായിരിക്കണം,” കെയർ കൂട്ടിച്ചേർത്തു.

ചാനൽ കടക്കാൻ ആളുകളെ സഹായിക്കുന്നത് പ്രത്യേക സംഘങ്ങളാണ്. ഈ സംഘങ്ങളെ ഇല്ലാതാക്കാൻ രഹസ്യാന്വേഷണം നടത്തുന്നതിനായുള്ള സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കരാറിൽ ഏർപ്പെടാനാണ് താൻ യൂറോപോളിൽ എത്തിയതെന്ന് കെയർ പറഞ്ഞു. ലേബർ സർക്കാർ അധികാരത്തിൽ വന്ന് 12 മാസത്തിനുള്ളിൽ അഭയാർഥികൾക്കായി ഹോട്ടലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

45,755 കുടിയേറ്റക്കാർ 2022-ൽ ചാനൽ മുറിച്ചുകടന്നു, 2018-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 20,101 പേർ ചാനൽ കടന്നു. നിലവിലെ ഗവൺമെന്റ് പദ്ധതികൾ ഉപേക്ഷിക്കാനും പകരം ചാനൽ കടക്കുന്നവർക്കെതിരെ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം ഏജൻസിക്കായി കൂടുതൽ വിഭവസമാഹരണം നടത്താനും ലേബർ പദ്ധതിയിടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേ വാര്‍ഡ് ഹീത്തിൽ താമസിക്കുന്ന റെജി ജോൺ (53) നിര്യാതനായി. ജോലിക്ക് പുറപ്പെട്ടെങ്കിലും റെജി ജോലി സ്ഥലത്ത് എത്തിയില്ല, തിരികെ വീട്ടിലും വന്നില്ല. ജോലിക്ക് എത്താത്തതാകുമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടില്‍ എത്തിക്കാണുമെന്നു രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതി. കൂടാതെ ജോലിക്ക് ശേഷം പകല്‍ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ തിരക്കിലായിരിക്കുമെന്ന് കരുതി ഫോണും ചെയ്യാനായില്ല. എന്നാൽ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റെജിയുടെ കാര്‍ പാര്‍ക്കിംഗ് സ്പേസില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ മരിച്ച നിലയില്‍ റെജിയേയും. യുകെയിൽ എത്തി ഒന്നരവർഷം മാത്രം ആയിട്ടുള്ളുവെങ്കിലും യുകെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം.

പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍. ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് യുകെയിൽ നേഴ്സായി ജോലി ചെയ്യുന്നു. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.

റെജി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടോറി എംപി ടോബിയാസ് എൽവുഡ് അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് കോമൺസ് ഡിഫെൻസ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു. മുൻ പ്രതിരോധ മന്ത്രിയായ എല്‍വുഡ്‌ കഴിഞ്ഞ ജൂലൈയിലാണ് വിവാദപരമായ പ്രസ്താവന നടത്തിയത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാന് നല്ല മാറ്റങ്ങൾ സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡിഫെൻസ് സെലക്ട് കമ്മിറ്റിയിലെ സഹ എംപിമാർ അദ്ദേഹത്തിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ഇനി മുതൽ എൽവുഡ്‌ കമ്മിറ്റിയിൽ തുടരില്ല. എൽവുഡിന് മേൽ കൂടുതൽ സമ്മർദ്ദങ്ങൾ വരുന്നതിനു മുൻപ് തന്നെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ക്ലിപ്പിൽ, യുദ്ധത്താൽ തളർന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ സ്ഥിരതയ്ക്ക് പകരമായി കൂടുതൽ സ്വേച്ഛാധിപത്യ നേതൃത്വത്തെ സ്വീകരിക്കുകയാണെന്നായിരുന്നു എംപി അഭിപ്രായപ്പെട്ടത്. യുകെ താലിബാൻ സർക്കാരുമായി വീണ്ടും ഇടപഴകണമെന്നും കാബൂളിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ദൂരെ നിന്ന് ഉച്ചത്തിൽ പറയുന്നത് സ്ത്രീകളുടെ അവകാശങ്ങൾ ഒരുതരത്തിലും മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷ വളരെയധികം മെച്ചപ്പെട്ടതായും, അഴിമതി കുറഞ്ഞതായും ഒപിയം വ്യാപാരം അവസാനിച്ചതായും വീഡിയോയ്ക്ക് ഒപ്പമുള്ള ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.


എന്നാൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് & ക്രൈമിന്റെ റിപ്പോർട്ട് പ്രകാരം 2021 നെ അപേക്ഷിച്ച് 2022 ൽ ഒപിയം കൃഷി 32 ശതമാനമായി വർദ്ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും സ്ത്രീ സംഘടനകളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ എംപിമാരും ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. കമ്മിറ്റിയിലെ നാലംഗങ്ങൾ അദ്ദേഹത്തിന് എതിരെ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടർന്ന്, വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. തന്റെ അഭിപ്രായങ്ങളെ വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു എൽവുഡിന്റെ പ്രതികരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിലെ സമരങ്ങൾ മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികളുടെ ചികിത്സ മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022ൽ സമരം ആരംഭിച്ചതിനുശേഷം ഏകദേശം 36,000 ക്യാൻസർ രോഗികളുടെ അപ്പോയിൻമെന്റുകളാണ് പുനർ ക്രമീകരിക്കേണ്ടതായി വന്നത്. ഇത്തരത്തിലുള്ള കാലതാമസം ക്യാൻസർ പോലുള്ള ഗുരുതര രോഗം ബാധിച്ച രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.


ക്യാൻസർ രോഗികളും മറ്റ് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കും പണിമുടക്ക് പോലുള്ള പ്രശ്നങ്ങൾ മൂലം അവരുടെ ചികിത്സകൾ മുടങ്ങുന്ന സാഹചര്യം ആശങ്കയുള്ളവാക്കുന്നതാണെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ മിഷേൽ മിച്ചൽ പറഞ്ഞു. എൻഎച്ച്എസിലെ സമരങ്ങൾ എത്ര കാലം തുടരുന്നുവോ അതിനനുസരിച്ച് പ്രശ്നങ്ങൾ ഗുരുതരമായി മാറും എന്ന് എൻഎച്ച്എസ് പ്രോവിഡൻസിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻഎച്ച്എസ് കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും ആദ്യമായി ഒന്നിച്ച് സമരത്തിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത് മൂലം രോഗികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

ജൂണിയർ ഡോക്ടർമാർ 35% വേതന വർദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ 6നും 10നും ഇടയിൽ മാത്രമേ ശമ്പള വർദ്ധനവ് നൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത് . നിലവിലെ രീതിയിൽ സമരപരമ്പരകൾ തുടരുകയാണെങ്കിൽ ഈ വർഷാവസാനത്തോടെ ഇംഗ്ലണ്ടിലുടനീളം ഒരു ദശലക്ഷത്തിലധികം രോഗികളുടെ അപ്പോയിന്മെന്റുകളെ സമരം ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതാവിനെയും രണ്ടാനമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്‌തു. പാകിസ്ഥാനിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഉർഫാൻ ഷെരീഫ് (41), ഭാര്യ ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ ദുബായിൽ നിന്ന് വിമാനം ഇറങ്ങിയ ശേഷം വൈകിട്ട് 3:45 ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ , സഹോദരൻ ഫൈസൽ മാലിക് എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 41 കാരനായ ഉർഫാൻ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രാജ്യം വിട്ട് അഞ്ചാഴ്‌ചയ്ക്ക് ശേഷമാണ് മൂവരെയും ലണ്ടൻ ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തത്‌. ഒന്നിനും 13നും ഇടയിൽ പ്രായമുള്ള സാറയുടെ സഹോദരങ്ങൾ ഇപ്പോൾ പാകിസ്ഥാൻ സർക്കാരിൻെറ പരിചരണ കേന്ദ്രത്തിൽ ആണ്. തിങ്കളാഴ്ച പാകിസ്ഥാനിലെ ഝലമിലുള്ള ഷരീഫിന്റെ പിതാവിന്റെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉർഫാനും പങ്കാളിക്കും സഹോദരനുമായി പാകിസ്ഥാൻ പോലീസ് ആഴ്ചകളായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൻെറ ഭാഗമായി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉർഫാന്റെ സഹോദരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഉർഫാന്റെ പാകിസ്ഥാനിലുള്ള കുടുംബം ലാഹോർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ്ജ് (35) നിര്യാതയായി. ക്യാൻസര്‍ ബാധിതയായിരുന്നു. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം. അഞ്ചു വയസുകാരി നിവ ഏക മകളാണ്.

കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് ജെനിയുടെ ഭർത്താവ് എവിന്‍. മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ്ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി.

ജെനി ജോര്‍ജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗികളുടെ സുരക്ഷയ്ക്ക് വെല്ലുവിളികളുണ്ടെന്ന് ആരോപിച്ച് ഒരു സഹപ്രവർത്തകയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെത്തുടർന്ന് എൻഎച്ച്എസ് മേധാവികൾ തന്നെ ലക്ഷ്യമിട്ട് പ്രവർത്തിച്ചതായി മുതിർന്ന നേഴ്സിന്റെ വെളിപ്പെടുത്തൽ. മാഞ്ചസ്റ്റർ ക്രിസ്റ്റി ക്യാൻസർ ഹോസ്പിറ്റലിലെ ഒരു നേഴ്‌സിന്റെ വീഴ്ചകൾ പരിഹരിക്കാൻ താനും സഹപ്രവർത്തകരും മേധാവികളോട് പലതവണ ആവശ്യപ്പെട്ടതായി റെബേക്ക വൈറ്റ് പറഞ്ഞു. ആശുപത്രിയിൽ കഴിയേണ്ട രോഗികളെ ശരിയായ പരിചരണം നൽകാതെ വീട്ടിലേക്ക് പറഞ്ഞയച്ചതായി വൈറ്റ് പറഞ്ഞു. ഏകദേശം ഒരു ദശാബ്ദത്തോളം ദി ക്രിസ്റ്റിയിൽ ജോലി ചെയ്തിരുന്ന നേഴ്സാണ് വൈറ്റ്. കൺസ്ട്രക്ടീവ് ഡിസ് മിസലിനെതിരെ വൈറ്റ് ഇപ്പോൾ ക്രിസ്റ്റിക്കെതിരെ കേസെടുക്കുകയാണ്.

വൈറ്റ് ചില ആശങ്കകൾ ഉന്നയിച്ചുവെന്നും അവ ഉന്നയിച്ചതിലൂടെ സേവനത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ സാധിച്ചുവെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രി ഭരിക്കുന്ന ട്രസ്റ്റിന്റെ അന്വേഷണത്തിൽ നേഴ്‌സിന്റെ പരിചരണത്തിന്റെ ഫലമായി ഒരു രോഗിയുടെ ജീവനും ഭീഷണി ഇല്ലെന്ന് അവർ പറഞ്ഞു. വൈറ്റ് മൂന്ന് തവണ ആശങ്ക ഉന്നയിച്ചെന്നും ഇതിൽ നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ സമഗ്രമായ അന്വേഷണം തുടങ്ങി. അന്വേഷണവുമായി ട്രസ്റ്റ് പൂർണമായി സഹകരിക്കുന്നുണ്ട്. ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സംഭവത്തോട് പ്രതികരിച്ച എൻ എച്ച് എസ് ഇംഗ്ലണ്ട് പ്രതിനിധി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആത്മഹത്യയിലൂടെയുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് പാരസെറ്റമോൾ അടങ്ങിയ ഓവർ-ദി-കൗണ്ടർ മരുന്നുകളുടെ ലഭ്യത പരിമിതപ്പെടുത്താൻ ഒരുങ്ങി യുകെ സർക്കാർ. അടുത്തിടെ തയാറാക്കിയ ദേശീയ ആത്മഹത്യാ പ്രതിരോധത്തിൻെറ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടിൽ 2018 മുതൽ ആത്മഹത്യ മൂലമുള്ള മരണങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന് കാണിക്കുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ദേശീയ ജാഗ്രതാ സംവിധാനങ്ങൾ ഉൾപ്പെടുത്താനുമുള്ള തയാറെടുപ്പിലാണ് അധികൃതർ.

 

കടകളിൽ വാങ്ങാവുന്ന പാരസെറ്റമോളിന്റെ എണ്ണം കുറയ്ക്കുന്നത് യുകെയിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ സഹായിക്കുമോ എന്ന് മെഡിക്കൽ വിദഗ്ധർ പരിശോധിച്ച് വരികയാണ്. നിലവിൽ ആളുകൾക്ക് പാരസെറ്റമോൾ അടങ്ങിയ പരമാവധി രണ്ട് പാക്കറ്റ് മരുന്നുകൾ വാങ്ങാനാകും. ഇതിൽ 500 മില്ലിഗ്രാം 16 ഗുളികൾ അടങ്ങിയിട്ടുണ്ട്.

സർക്കാർ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസിയോട് (എംഎച്ച്ആർഎ) കൂടുതൽ നിയന്ത്രണങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലെ മന്ത്രിമാർ പ്രവർത്തിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 2018 ലെ ഒരു പഠനത്തിൽ യുകെയിൽ സ്വയം വിഷബാധയ്ക്ക് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മരുന്നാണ് പാരസെറ്റമോൾ എന്നും ഇത് മാരകമായ കരൾ തകരാറിന് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. ഓരോ വർഷവും 5,000-ത്തിലധികം ആളുകൾ ആത്മഹത്യയിലൂടെ മരിക്കുന്നുണ്ടെന്ന് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) കണക്കുകൾ കാണിക്കുന്നു.

RECENT POSTS
Copyright © . All rights reserved