ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഐഎസ് ഐഎസ് നേതാവ് ജാക്ക് ലെറ്റ്സിന്റെ അമ്മയുടെ വാക്കുകൾ ചർച്ചയാകുന്നു. ജാക്കിന്റെ ജനനം ബ്രിട്ടനിലായിരുന്നു. കുഴപ്പം നിറഞ്ഞ’ ബാല്യമാണ് അവനെ പ്രശ്നം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് മാറ്റിയതെന്നും, ബ്രിട്ടന്റെ സ്വയം പ്രഖ്യാപിത ശത്രു ആക്കുന്നതിനും, സിറിയയിലേക്ക് പലായനം ചെയ്യുന്നതിലേക്ക് നയിക്കുന്നതിൽ തനിക്കും പങ്കുണ്ടെന്നും അവർ പറയുന്നു. ആത്മകഥയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഐ എസിൽ ചേരാൻ മിഡിൽ ഈസ്റ്റിലേക്ക് പോകാനുള്ള തീരുമാനത്തെ തന്റെ അമിതമായ ലിബറൽ പാരന്റിംഗ് ശൈലി സ്വാധീനിച്ചോ എന്ന് താൻ അത്ഭുതപ്പെടുന്നുവെന്ന് 60 കാരിയായ സാലി ലെയ്ൻ ആത്മകഥയിൽ എഴുതി.

ഇപ്പോൾ 28 വയസ്സുള്ള ജാക്ക് ലെറ്റ്‌സ് യുകെയും കനേഡിയൻ പൗരത്വവും നേടിയാണ് വളർന്നത്. ജോർദാനിലെ സുഹൃത്തിനെ കാണാൻ മാതാപിതാക്കൾ നൽകിയ പണം ഉപയോഗിച്ച് 2014-ൽ കൗമാരപ്രായത്തിൽ സിറിയയിലേക്ക് ഒളിച്ചോടിയാണ് അദ്ദേഹം പുതിയ വഴി തിരഞ്ഞെടുത്തത്. കുവൈറ്റിൽ മൂന്ന് മാസത്തെ യാത്രയിൽ അറബി പഠിക്കാനും ഖുർആൻ പഠിക്കാനും ഉദ്ദേശിച്ചിരുന്നതായും എന്നാൽ റാഖയിൽ വെച്ച് ഐഎസിൽ ചേരുകയായിരുന്നു എന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. 2017-ൽ കുർദിഷ് അധികാരികൾ പിടികൂടിയ ശേഷം, യുകെയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും 2019-ൽ ഹോം ഓഫീസ് അദ്ദേഹത്തിന്റെ പാസ്പോർട്ട് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

അന്നുമുതൽ അദ്ദേഹം സിറിയയിലെ കുർദിഷ് ജയിലിൽ തടവിലാണ്.തന്റെ മകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോളേജിലെ അധ്യാപകർ ആശങ്കാകുലരായിരുന്നുവെന്നും റീസണബിൾ കോസ് ടു സ്‌പെക്റ്റ് എന്ന ഓർമ്മക്കുറിപ്പിൽ അവർ പറയുന്നു. മകനെ വേണ്ട വിധത്തിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണോ താൻ ചെയ്‌ത തെറ്റെന്നുള്ളത് മാതാവ് രേഖപ്പെടുത്തുന്നതായി ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മകന്റെ ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ കാര്യമായി പരിഗണിക്കാത്തതിൽ കുറ്റബോധവും അവർ പങ്കുവയ്ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഞായറാഴ്ച സൗത്താംപ് ടണ്ണിലെ പാർക്കിൽ രാവിലെ നടക്കാനിറങ്ങിയ പെൺകുട്ടി ക്രൂരമായി ലൈംഗികാക്രമത്തിന് ഇരയായി . സംഭവത്തിനോട് അനുബന്ധിച്ച് 27 വയസ്സുകാരനായ യുവാവിനെ പാമർസ്റ്റൺ പാർക്കിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാൽസംഗത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തി ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ .

ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ തരാൻ കഴിയുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. 27 വയസ്സുകാരനായ പ്രതിയെ സ്പെഷ്യലിസ്റ്റ് ഡിറ്റക്റ്റീവുകൾ ചോദ്യം ചെയ്ത് വരുകയാണെന്ന് ഹാംഷെയർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിനോട് ബന്ധപ്പെട്ട് മറ്റ് പ്രതികൾ ഉള്ളതായി സംശയിക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചീഫ് ഇൻസ്പെക്ടർ ആൻഡ്രിയ ഡഗ്ലസ് പറഞ്ഞു.

സൗത്താംപ്ടണ്ണിലെ പാർക്കിൽ രാവിലെ നടക്കാനിറങ്ങിയ പെൺകുട്ടി ലൈംഗിക അക്രമത്തിന് ഇരയായതോടെ യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷിതത്വം വീണ്ടും ചർച്ചയാവുകയാണ്. ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയുടെ തിരോധാനം കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. രാജ്യത്ത് പോലീസ് സേനയിൽ ഒട്ടേറെ ലൈംഗിക കുറ്റവാളികൾ ഉണ്ടെന്നത് കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയ്ക്കായുള്ള തിരച്ചിലിനിടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഔപചാരികമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സൂചനകളെ തുടർന്ന് ആണ്ടർ വാട്ടർ സേർച്ച് ടീമും സ്പെഷലിസ്റ്റ് ഓഫീസർമാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഔപചാരികമായ തിരിച്ചറിയൽ നടന്നുകഴിഞ്ഞേ ഇത് നിക്കോള ബുള്ളിയാണോ എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു . നിക്കോളയുടെ കുടുംബത്തെ പുതിയ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിക്കോളയുടെ തിരോധാനം യുകെയിലെമ്പാടും വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.
45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു . അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്. മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനിക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്.
നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയതിന് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ എത്തുന്ന എല്ലാവർക്കുമുള്ള ആഗ്രഹമാണ് ഗ്രാമർ സ്കൂളിൽ കുട്ടികളെ ചേർക്കുക എന്നുള്ളത്. എല്ലാ വർഷവും, രാജ്യത്തുടനീളമുള്ള ഏകദേശം 100,000 വിദ്യാർത്ഥികൾ ഇതിനായുള്ള 11+ പരീക്ഷ എഴുതുന്നുണ്ട്. യുകെയുടെ വിവിധ മേഖലകളിൽ നിന്നുമാണ് ഇവിടേക്ക് കുട്ടികൾ പഠിക്കാൻ എത്തുന്നത്.

ഇംഗ്ലീഷ്, ഗണിതം, വെർബൽ റീസണിംഗ്, നോൺ-വെർബൽ റീസണിംഗ് എന്നിവയിലെ പ്രഗാത്ഭ്യത്തെ അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നൽകുന്നത്. 30 ചോദ്യങ്ങളാണ് ഉള്ളത്. അത് പത്ത് മിനിറ്റ് കൊണ്ട് എഴുതി പൂർത്തിയാക്കണം. 15 ചോദ്യങ്ങൾക്ക് എങ്കിലും കൃത്യമായ ഉത്തരം നൽകണം. അധ്യാപന മികവും മികച്ച വിദ്യാഭ്യാസ രീതിയുമാണ് ഗ്രാമർ സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയാണ് ഇവിടുത്തെ പഠനരീതി. ഭാഷയിലും, വിവിധ വിഷയങ്ങളിലും സമഗ്രമായ അറിവ് ഇവിടെ നിന്ന് പകർന്നു നൽകുന്നു. ഈ വർഷം ഗ്രാമർ സ്കൂളിലെ അഡ്മിഷന് വേണ്ടി പരീക്ഷ എഴുതുന്ന എല്ലാ യുകെ മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉത്പന്നങ്ങളുടെ വില വർദ്ധനവ് മൂലം യുകെയിലുടനീളമുള്ള അര ഡസനിലധികം സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാർക്‌സ് ആൻഡ് സ്പെൻസർ. 300 മില്യൺ പൗണ്ട് ലാഭിക്കുന്നതിനായി തങ്ങളുടെ കീഴിലുള്ള 67 ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ അടയ്ക്കുമെന്ന് കഴിഞ്ഞ വർഷം എം ആൻഡ് എസ് പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് കിൽബ്രൈഡ്, കാസിൽഫോർഡ്, എഡിൻബർഗ്, കാർഡിഫ്, റെക്‌സാം, മിഡിൽസ്ബ്രോ, ബോൾട്ടൺ എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് അടച്ചിടാൻ ഒരുങ്ങുന്നത്. 2028 ന്റെ തുടക്കത്തോടെ ഭക്ഷണം, വസ്ത്രങ്ങൾ, ഹോംവെയർ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന 180 ‘ഫുൾ-ലൈൻ’ ഷോപ്പുകളാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എം ആൻഡ് എസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് മച്ചിൻ പറഞ്ഞു.

ടികെ മാക്സും ബി&ക്യുവും കഴിഞ്ഞയാഴ്ച തങ്ങളുടെ കടകൾ അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള എം ആൻഡ് എസിൻെറ പ്രഖ്യാപനം ബ്രിട്ടീഷ് ഹൈ സ്ട്രീറ്റിന് വൻ പ്രഹരമായിരിക്കും. അടച്ച് പൂട്ടലിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും നിലവിൽ ഏഴ് ഫുൾ ലൈൻ സ്റ്റോറുകളാണ് അടയ്ക്കാനായി ഉദ്ദേശിക്കുന്നതെന്നും എം ആൻഡ് എസ് പറഞ്ഞു. ഈസ്റ്റ് കിൽബ്രൈഡ് ഷോപ്പിംഗ് സെന്ററിലെ സ്റ്റോറുകളായിരിക്കും ഫെബ്രുവരി 25-ന് ആദ്യമായി അടയ്ക്കുക. നിലവിൽ എത്ര പേരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

എം ആൻഡ് എസിൻെറ ഊർജ്ജ ഉപയോഗത്തിന്റെ 80 ശതമാനവും സ്റ്റോറുകളിൽ നിന്നാണ് വരുന്നത്. അതിനാൽ തന്നെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് വഴി എനർജി ബില്ലുകളിൽ മാത്രം 100 മില്യൺ പൗണ്ട് വരെ കമ്പനിക്ക് ലാഭിക്കാൻ കഴിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലാണ് നേഴ്സുമാർക്ക് താരതമ്യേന ശമ്പളം കുറവുള്ളത്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി യുകെയിലെ ആരോഗ്യ മേഖലയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സമരമുഖത്താണ് . അതുകൊണ്ടുതന്നെ എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. യുകെയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അധിക ജോലിഭാരവും മോശം ശമ്പളം മൂലം കടുത്ത അതൃപ്തിയിലാണ്.
ഇതൊക്കെയാണെങ്കിലും യുകെയിലെ എൻഎച്ച്എസിന്റെ കീഴിലുള്ള ജോലി കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ഇന്നും സ്വപ്നതുല്യമാണ്. എന്നാൽ യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. മലയാളികൾ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഒട്ടേറെ നേഴ്സുമാർ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ കാത്തിരിക്കുകയാണ്. യുകെയിലെ നേഴ്സുമാരുടെ അസംതൃപ്തി മുതലാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് യുകെയിൽ ഫെബ്രുവരി 25 മുതൽ റിക്രൂട്ട്മെൻറ് നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ, അധ്യാപകർ എന്നിവരെയും യുകെയിലെനേക്കാൾ ഉയര്‍ന്ന ശമ്പളം നൽകി റിക്രൂട്ട് ചെയ്യാനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ 30,000 -ത്തിലധികം തൊഴിൽ ഒഴിവുകളിലേയ്ക്കാണ് പ്രതിരോധ വ്യവസായ മന്ത്രി പോൾ പപ്പാലിയയുടെ നേരിട്ടുള്ള നേതൃത്വത്തിൽ റിക്രൂട്ട്മെൻറ് നടത്തുന്നത്.
യുകെയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും വേതന സേവന വ്യവസ്ഥകൾ ഓസ്ട്രേലിയയിൽ മെച്ചപ്പെട്ടതാണ്. ഓസ്ട്രേലിയയിൽ എനർജി ബില്ലുകൾ കുറവായതിനാൽ ജീവിത ചെലവുകൾ കുറയ്ക്കാൻ സാധിക്കും എന്ന് നേട്ടവും ഉണ്ട് . ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾക്ക് വലിപ്പ കൂടുതലുണ്ടെങ്കിലും വാടക കുറവാണെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഓസ്ട്രേലിയയിലെ കാലാവസ്ഥയും ഒരു അനുകൂല ഘടകമാണ്.
വെസ്റ്റ് ഓസ്ട്രേലിയയിൽ കുടിയേറുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വൻ ഞെരുക്കത്തിലൂടെയാണ് യുകെ സമ്പദ് വ്യവസ്ഥ ഇപ്പോൾ കടന്നു പോകുന്നത്. ഉയർന്ന ജീവിത ചിലവിനോട് ആനുപാതികമായി ശമ്പളം വർധിക്കാത്തത് ജനങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നു. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചിരിക്കുന്നത്. 2023-ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ പ്രവചിച്ചിരുന്നു. പകർച്ചവ്യാധി, ഉക്രെയ്നിലെ യുദ്ധം, ഉയർന്ന ജീവിത ചെലവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങലായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

എന്നാൽ എന്തുകൊണ്ടാണ് യുകെയുടെ സമ്പദ് വ്യവസ്ഥ യു.എസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മോശമായിരിക്കുന്നത്. രാഷ്ട്രീയം മുതൽ കാലാവസ്ഥ വരെ നിരവധി ഘടകങ്ങൾ ഒരു രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് രാജ്യങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വെല്ലുവിളികളുടെ ആഘാതം താരതമ്യേന കുറവാണ്. സമ്പന്ന രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്ന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിൻെറ (ഒഇസിഡി) കണക്കുകൾ പ്രകാരം പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഇടിഞ്ഞതായി കാണാം.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തി. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകളുണ്ട്, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും ഡയാന രാജകുമാരിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് അറിയിച്ച് മുൻ പാചകക്കാരൻ രംഗത്ത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു പരാമർശം.10 വർഷത്തിലധികമായി രാജകുമാരിയുടെ എല്ലാമായിരുന്ന പോൾ ബറെൽ എന്നായാളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രാജകുമാരിയുടെ രഹസ്യങ്ങൾ തന്നെ ഭാരപ്പെടുത്തുന്നു എന്നും, രണ്ട് ആൺമക്കളോടും അത് പറയാം എന്ന് തീരുമാനിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വൈകിയാൽ അതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വില്യമിനോടും ഹാരിയോടും അമ്മയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പറയാനുള്ള ഉത്തരവാദിത്തം തന്റെ അസുഖം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബറെൽ ദ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എല്ലാം അത്ര നല്ല കാര്യങ്ങൾ ഒന്നുമല്ല, പക്ഷെ ഞാൻ വേറൊരിടത്തേക്ക് പോയാൽ ഇവർ ഒരിക്കലും ഇത് അറിയില്ല. അവർ അറിയണമെന്ന് ഞാൻ കരുതുന്നു. രാജ്ഞിയുടെ ആഗ്രഹം അത് തന്നെ ആണെന്നും ഞാൻ മനസിലാക്കുന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ഡയാനയുടെ ഏറ്റവും നല്ല സുഹൃത്തും, അവൾ വിശ്വസിച്ചിരുന്ന ഒരേയൊരു പുരുഷൻ താൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാന തന്നിൽ വിശ്വസിച്ചറിയിച്ചിരുന്ന വിവരങ്ങൾ മക്കളെ കൂടുതൽ അടുപ്പിച്ചേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അന്തരിച്ച രാജകുമാരി തന്റെ മക്കളെ ജീവിതകാലം മുഴുവൻ അരികിൽ നിർത്താൻ ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തന്നെ വല്ലാതെ വലച്ചെന്നും ഉടൻ തന്നെ ഓപ്പറേഷന് വിധേയനാകണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഏഴ് ദിവസമായി തുടരുന്ന സമരം നിർത്തിവച്ചു. ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കാനിരുന്ന പ്രതിഷേധവും മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. അധികൃതരുമായി നടത്തിയ ചർച്ചകളിൽ ഉണ്ടായ പുരോഗതിയെ തുടർന്നാണ് ഈ തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അടുത്ത ആഴ്ച്ചകളിൽ എല്ലാം സാധാരണ നിലയിൽ എത്തുമെന്ന് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് പ്രേരിപ്പിച്ചത്.

ചർച്ചകൾ ക്രിയാത്മകമായ രീതിയിൽ മുൻപോട്ട് പോകാൻ അടുത്ത രണ്ടാഴ്ചത്തേക്ക് പണിമുടക്കുകൾ നിർത്തിവക്കുകയാണെന്നാണ് ഗ്രേഡി പറഞ്ഞു. യൂണിയനും സർക്കാരും തമ്മിൽ പെൻഷൻ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു ദശാബ്ദത്തിലേറെ മുമ്പ് ആരംഭിച്ചതാണ്. എന്നാൽ അക്കാദമിക് ജീവനക്കാർ ഉപയോഗിക്കുന്ന പെൻഷൻ പദ്ധതിയുടെ പുനർമൂല്യനിർണ്ണയത്തോടെയാണ് ഇത് വീണ്ടും ചർച്ചയായത്. പുതിയ സ്കീം പ്രകാരം പെൻഷൻ സംഭാവനകൾ വർധിക്കുകയും ഭാവി ആനുകൂല്യങ്ങൾ കുറയുകയും ചെയ്യുന്നതായാണ് യൂനിയൻെറ പരാതി. 2023-ൽ നടന്ന പരിശോധനയിൽ ഈ സ്കീമിൽ 1.8 ബില്യൺ പൗണ്ട് മിച്ചമുള്ളതായി കണ്ടെത്തി. ഇതിന് പിറകെയാണ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തൊഴിലുടമകൾ പുനഃസ്ഥാപിക്കണം എന്ന ആവിശ്യം ശക്തമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയെ കുറിച്ചുള്ള സ്വകാര്യവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയത് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും പോലീസിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വിവരം. അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്.
മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനി ക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്. തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .