Main News

ഡോ. ഐഷ വി

ഒരു പൊന്നിൻ ചിങ്ങപുലരിയിലാണ് അവൾ എത്തിയത്. നനുത്ത രോമം കോണ്ട് തീർത്ത നേർത്ത ചാരനിറത്തിലുള്ള വരകളുള്ള ഒരു കുഞ്ഞി പൂച്ച . അമ്മയാണവളെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്ന വരാന്തയിൽ പതുങ്ങിയിരിയ്ക്കന്നു. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയതാകാം. അമ്മ കതക് തുറന്നപ്പോൾ ” ഞാനിവിടുണ്ടേ” എന്ന് തന്റെ വരവറിയിയ്ക്കാനെന്നവണ്ണം ഒരു “മ്യാവൂ ” ശബ്ദം. അമ്മ ഞങ്ങളെ വിളിച്ചു പൂച്ചയെ കാണിച്ചു തന്നു. ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളവൾക്ക് ജൂലി എന്ന് പേരിട്ടു. അന്ന് പശുക്കറവയുണ്ടായിരുന്നതിനാൽ പാൽക്കാരൻ കറന്ന് വച്ചു പോയ പാലെടുത്ത് അമ്മ കാച്ചി. കുറച്ചു പാൽ ആറിത്തണുത്തപ്പോർ ഒരു കൊച്ചു പാത്രത്തിലൊഴിച്ച് ഞങ്ങൾ ജൂലിയ്ക്ക് വച്ചു കൊടുത്തു . കണ്ണുകൾ പതുക്കെയടച്ച് പാത്രത്തോട് മുഖം ചേർത്ത് അവളത് നക്കി കുടിച്ചു. പിന്നെ പാത്രം നക്കിത്തുടച്ച് വച്ചു.

പതുക്കെ പതുക്കെ ജൂലി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ തുടങ്ങി. ചിലപ്പോൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് നടക്കും. അവൾ ഞങ്ങളെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവളുടെ വാലും താഴ്ത്തിയിട്ടുള്ള ഓട്ടം ഞങ്ങൾ ആസ്വദിക്കും. ചിലപ്പോൾ അവൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന മുരിങ്ങയിൽ ചാടിക്കയറും. ഉയരങ്ങളിൽ നിന്ന് വീണാൽ അവൾ നാലു കാലിലേ വീഴുകയുള്ളൂ. പൂച്ചയുടെ സെന്റർ ഓഫ് ഗ്രാവിറ്റി കാലുകളിൽ ആണോ എന്നു വരെ ഞങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ട്. ഏത് കുറ്റാകുറ്റിരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കും.വീടിനകത്ത് അവൾക്ക് സ്വാതന്ത്ര്യമായി. പല്ലി, പാറ്റ, നച്ചെലി തുടങ്ങിയവയെ ആദ്യം ആഹരിച്ചു. വലിയ എലികളെ കൊന്നിട്ടു.

ക്രമേണ ഞങ്ങളുടെ പറമ്പിലെ എലിശല്യം കുറഞ്ഞ് കുറഞ്ഞു വന്നു. ജൂലിയുടെ വലുപ്പം കൂടി കൂടി വന്നു. കാലക്രമേണ അവൾ ഒരു മിടുമിടുക്കി പൂച്ചയായി തീർന്നു. കുന്നു വിള വീട്ടിൽ നിന്നും ഒരു കുന്നൻ പൂച്ച അതിർത്തി കടന്ന് ഞങ്ങളുടെ പറമ്പിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റൊരു പാണ്ടൻ പൂച്ച ആലുവിള ഭാഗത്തു നിന്നും ഞങ്ങളുടെ വടക്കേ അതിർത്തി കടന്നെത്തി. കുന്നനും പാണ്ടനും ഞങ്ങളുടെ ജൂലിയെ പ്രണയിക്കണം. അവർ തമ്മിൽ മത്സരമായി. അവസാനം പാണ്ടൻ വിജയിച്ചു. കുന്നൻ തോറ്റു പിൻവാങ്ങി. കുന്നൻ പിന്നെ ഞങ്ങളുടെ പറമ്പിൽ കയറാതായി. പാണ്ടൻ ഞങ്ങളുടെ പറമ്പെന്ന പൂച്ചസാമ്രാജ്യത്തിന്റെ അധിപനും , അങ്ങനെ ജൂലി പൂച്ച പാണ്ടന്റെ പ്രണയിനിയും ഭാര്യയുമായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും ജൂലിയ്ക്ക് മാത്രമേ ഞങ്ങളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പാണ്ടൻ ഔട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂലിയുടെ ഉദരം വീർത്തു വന്നു. കാലമായപ്പോൾ ഒരു കുട്ടയിൽ വിരിച്ചിട്ട പഴന്തുണിയിൽ അവൾ ആറേഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കറുപ്പും വെളുപ്പും ചാരനിറവും വരയുള്ളതും വരയില്ലാത്തതുമൊക്കെയായ കുഞ്ഞുങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്മയായതോടെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ അടുത്തു ചെന്നാൽ അള്ളാനായി നഖങ്ങൾ പുറത്തേയ്ക്ക് തള്ളും. ഞങ്ങൾ അകന്ന് നിൽക്കുമ്പോൾ നഖങ്ങൾ ഉൾവലിഞ്ഞിരിക്കും. അമ്മ മീൻ ഖണ്ഡിയ്ക്കുമ്പോൾ മീനിന്റെ തലയും വാലുമൊക്കെ അവൾക്ക് അവകാശപ്പെട്ടതാണ്. ധാരാളം മത്സ്യം ലഭിയ്ക്കുന്ന ദിവസം അതിന്റെ അവശിഷ്ടങ്ങൾ കഴിച്ച ശേഷം മുഖം മിനുക്കുന്ന സ്വഭാവവും അവൾക്കുണ്ടായിരുന്നു.

പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളുടെ ആക്രാന്തം കൂടി. തലയും വാലും തിന്നു തീർത്ത ശേഷം വൃത്തിയാക്കിയ മത്സ്യവുമായി പോകുന്ന അമ്മയുടെ പാദo അവൾ കടിച്ചു മുറിച്ചു. അതോടെ അമ്മയ്ക്ക് അവളോട് ദേഷ്യമായി. അവളുടെ കുഞ്ഞുങ്ങളെയെല്ലാം പാലു കുടി മാറിയപ്പോൾ അച്ഛനും എന്റെ അനുജനും കൂടി ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് ദൂരെ കൊണ്ടു കളഞ്ഞു. ജൂലി ഞങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വീണ്ടും പ്രസവിച്ചും രണ്ട് മൂന്ന് വർഷങ്ങൾ കൂടി കടന്നുപോയി. അങ്ങനെ അവൾ ഒരിക്കൽ കൂടി മത്സ്യം ഖണ്ഡിച്ചു കഴിഞ്ഞ അമ്മയുടെ കാൽ കടിച്ചു മുറിച്ചു. കുറെ കോഴി കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ചു മുറിച്ചു. ഇത്രയുമായപ്പോൾ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അമ്മ ജൂലിയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിയ്ക്കണമെന്ന നിർബന്ധത്തിലായി. അച്ഛനും അനുജനും കൂടി ജൂലിയെ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് പരവൂർ ഒല്ലാലിനടുത്തുള്ള ലെവൽ ക്രോസിനരികിൽ കൊണ്ടു വിട്ടു. അവർ തിരികെ പോന്നു. നേരം വെളുത്തപ്പോൾ ജൂലി ഞങ്ങളുടെ വീട്ടിൽ തിരികെയെത്തി. ഏഴു കിലോമീറ്റർ എങ്ങിനെ വഴി മനസ്സിലാക്കി അവൾ തിരികെയെത്തിയെന്നത് ഞങ്ങൾക്ക് അതിശയമായിരുന്നു. സാധാരണ നായ്ക്കളാണെങ്കിൽ യാത്ര പോകുന്ന വഴിയിലെ സർവ്വേക്കല്ലിൽ മൂത്രമൊഴിച്ച് പോയി പോയി അതിന്റെ ഗന്ധം പിടിച്ച് തിരികെയെത്തുകയാണ് പതിവ്. അപ്പോൾ നായ്ക്കളേക്കാൾ വഴി തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് കൂടുതലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജൂലിയെ ഉപേക്ഷിക്കാനുള്ള ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ഇതു പോലെ പരാജയപ്പെട്ടു. ഒരു പക്ഷേ വീട്ടുകാരുമായി ഇണങ്ങിയ പൂച്ചയുടെ രണ്ട് മൂന്ന് വർഷത്തെ ആത്മബന്ധമാകാം ഇതിന് കാരണം. അവസാനം പോളച്ചിറയ്ക്കടുത്ത് കൊണ്ട് കളഞ്ഞ ശേഷം ജൂലി തിരികെയെത്തിയില്ല. തോടുകളും ജലാശയങ്ങളുമൊക്കെ മറികടന്ന് അവൾക്ക് തിരികെയെത്താൻ സാധിക്കാഞ്ഞതാകാം. അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ച വീട്ടുകാരോടുള്ള പിണക്കമാകാം. അതുമല്ലെങ്കിൽ നല്ലൊരു വീട് അവൾക്ക് അഭയമായി കിട്ടിയിരിക്കണം. അതുമല്ലെങ്കിൽ അവൾ ഈ ലോകം വിട്ട് പോയിരിക്കണം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൻ രാജകുമാരിയെ സ്വീകരിക്കുവാനായി പറന്നുയർന്ന രാജ്ഞിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറുകൾ മൂലം തിരിച്ചിറക്കേണ്ടതായി വന്നു. ബാൽമോറലിലേയ്ക്ക് പറന്ന സികോർസ് കി എസ്‌ -76 ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറുകൾ മൂലം ബുധനാഴ്ച തിരിച്ചിറക്കിയത്. പറന്നുയർന്ന് അധികം താമസിയാതെ തന്നെ കോപ്റ്റർ തിരിച്ചിറക്കേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി. രാജകുടുംബത്തിലെ ആരുംതന്നെ അപകടം നടന്ന സമയത്ത് കോപ്റ്ററിൽ ഉണ്ടായിരുന്നില്ല.

വിദഗ് ധരായ മെക്കാനിക്കുകൾ കോപ്റ്ററിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറിന് ശേഷവും പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരണത്തിന് രാജകുടുംബം തയ്യാറായിട്ടില്ല. മൂന്ന് എൻഗേജ്മെന്റു കളിൽ പങ്കെടുക്കുന്നതിനായാണ് ആൻ രാജകുമാരിക്ക് ഹെലികോപ്റ്റർ ആവശ്യമായി വന്നത്. രാജകുടുംബാംഗങ്ങൾ തങ്ങളുടെ സ്വകാര്യ യാത്രകൾക്കായി ഉപയോഗിക്കുന്ന കോപ്റ്റർ ആണ് ഇത്. എലിസബത്ത് രാജ്ഞി ഇപ്പോൾ സ്കോട്ട്‌ലൻഡിൽ തന്റെ അവധിക്കാല ആഘോഷങ്ങൾക്കിടയിൽ ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ബ്രിട്ടീഷ് പുരുഷന്മാരും ബ്രിട്ടീഷ് സ്വദേശിയുടെ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെളിപ്പെടുത്തി. ഐ. എസ് നടത്തിയ ഇരട്ട ചാവേർ ആക്രമണത്തിൽ 13 യു. എസ് സൈനികർ ഉൾപ്പെടെ 170 ആളുകൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുകയാണ്. “കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മറ്റൊരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.” റാബ് ഇന്നലെ വെളിപ്പെടുത്തി. “ഇതൊരു വലിയ ദുരന്തമാണ്. ഇവർ നിരപരാധികളും. അവരുടെ പ്രിയപ്പെട്ടവരെ യുകെയിലെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോഴാണ് ദുരന്തം നടന്നത്.” റാബ് കൂട്ടിച്ചേർത്തു. ” ഈ ആക്രമണം അഫ്ഗാനിസ്ഥാനിലുള്ളവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുടെ തീവ്രതയെ ഉയർത്തിക്കാട്ടുന്നു. ഇത് മൂലമാണ് ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്. അവരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ കോൺസുലർ പിന്തുണ വാഗ്ദാനം ചെയ്യുന്നു.” അദ്ദേഹം ഉറപ്പ് നൽകി.

മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വ്യക്തിയെ എയർഫീൽഡിലേക്ക് മാറ്റി വൈദ്യസഹായം നൽകിയ ശേഷം യുകെയിൽ എത്തിച്ചു. യുകെ കുടുംബവുമായി ബന്ധമുള്ള അഫ് ഗാൻ കുട്ടി പരിക്കേറ്റ് കാബൂളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “ഇന്നത്തെ ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബങ്ങളോടും അവരുടെ പ്രിയപ്പെട്ടവരോടും കൂടെയാണ്.” ബോറിസ് ജോൺസൻ അറിയിച്ചു. അഫ് ഗാനിസ്ഥാനിൽ നിന്ന് ശേഷിക്കുന്ന യോഗ്യരായ ആളുകളെ ഒഴിപ്പിക്കാൻ യുകെ സർക്കാർ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ അവശേഷിക്കുന്നവരെ നാം അടിയന്തിരമായി സഹായിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.

അതേസമയം വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ തിരിച്ചടി നൽകിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായും ലക്ഷ്യമിട്ടവരെ വധിച്ചതായും അമേരിക്ക വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ജോ ബൈഡൻെറ ഉത്തരവിലായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം നടത്തിയവരോട് പകരം വീട്ടുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.എസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട്ട്‌ലൻഡ് : സ് കോട്ട്‌ലൻഡിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ നടപ്പാക്കില്ലെന്നാണ് ഗവൺമെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മാത്രം 6835 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സ് കോട്ട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ അറിയിച്ചു. തൊട്ടുമുൻപുള്ള ദിവസത്തെക്കാളും 1910 കേസുകൾ അധികമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ്ബാധ ആരംഭിച്ചതുമുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേസുകളുടെ എണ്ണം രണ്ടിരട്ടിയായാണ് സ് കോട്ട്‌ലൻഡിൽ വർദ്ധിച്ചിരിക്കുന്നത്.

ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, കേസുകൾ വർദ്ധിക്കുന്നതിനുള്ള കാരണം ഇത് മാത്രമല്ലെന്ന് സ്റ്റർജിയോൻ വ്യക്തമാക്കി. ജൂലൈ മാസത്തിൽ സ് കോട്ട്‌ലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ വീണ്ടും ഇത് വർദ്ധിക്കുന്നതിന് ഇടയായി. വർധിച്ചുവരുന്ന കേസുകളുടെ എണ്ണം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന നിലപാടിലാണ് സ്കോട്ട്‌ലൻഡ് പ്രഥമ മന്ത്രി. സാഹചര്യങ്ങൾ കൂടുതൽ വിലയിരുത്തി മാത്രമേ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. യുകെയിലെമ്പാടും കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും, സ് കോട്ട്‌ലൻഡിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്കൂളുകൾ നേരത്തെ തുറന്നത് കൂടുതൽ സമ്പർക്കം ഉണ്ടാകുന്നതിനു ഇടയാക്കിയതായും സ്റ്റർജിയോൻ വ്യക്തമാക്കി.

ഇന്നലെ മാത്രം 479 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 47 ഓളം പേർ ഇപ്പോഴും ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൗമാരക്കാരിലും വാക്സിൻ വിതരണം ഉടനടി പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഈ സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. സ് കോട്ട്ലൻഡിലെ സ്കൂളുകളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം അമിത തോതിൽ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. 40 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനം പേരും, 30 മുതൽ 39 വയസ്സ് വരെയുള്ളവരിൽ 70 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 18 മുതൽ 29 വയസ്സ് വരെയുള്ള പ്രായക്കാർക്കിടയിൽ, 74 ശതമാനം പേർ ആദ്യ ഡോസ് മാത്രമാണ് എടുത്തിരിക്കുന്നത്. 16 മുതൽ 17 വയസ്സുള്ളവർക്ക് അടുത്തിടെയാണ് വാക്സിൻ ലഭ്യമാക്കുവാൻ ആരംഭിച്ചത്. ഇതിൽ 44 ശതമാനം പേർ മാത്രമാണ് ആദ്യ ഡോസ് എടുത്തിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും, കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യണമെന്നും, പൊതു സ്ഥലത്ത് നിഷ്കർഷച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് നിക്കോള സ്റ്റർജിയോൻ നൽകിയത്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് വീണ്ടും ഒരു സമ്പൂർണ്ണ ലോക് ഡൗൺ നടപ്പിലാക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് അവർ ഓർമ്മപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നെതർലൻഡ് : ബാൾട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയ 400 വർഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള നിഗൂഢതകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ആർക്കിയോളജിസ്റ്റുകൾ. ഫ്ലോയിറ്റ് മാതൃകയിലുള്ള ഈ ഡച്ച് കപ്പൽ ചരക്ക് ഗതാഗതത്തിനായാണ് മുഖ്യമായും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും മുങ്ങൽ വിദഗ്ധർ കഴിഞ്ഞ വർഷം കണ്ടെത്തിയ ഈ കപ്പലിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ പുരാവസ്തുഗവേഷകർ നടത്തിവന്നത്. പഠനങ്ങൾക്കിടയിൽ കപ്പലിന്റെ പേരും, പുറത്തിറക്കിയ വർഷവും രേഖപ്പെടുത്തിയ കപ്പലിന്റെ ഒരുഭാഗം ഗവേഷകർക്ക് ലഭിച്ചതാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. കപ്പലിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജിസ്റ്റ് നിക്ലസ് എറിക്സൺ വ്യക്തമാക്കി. ‘സ്വാൻ ‘ എന്ന് പേരിട്ടിട്ടുള്ള ഈ കപ്പൽ 1636 ലാണ് നിർമ്മിച്ചതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ മുപ്പത് വർഷത്തെ അനുഭവങ്ങൾക്കിടയിൽ ഒരു വഴിത്തിരിവാണ് ഇതെന്ന് ഫിന്നിഷ് ഹെറിറ്റേജ് ഏജൻസി വക്താവ് മിന്നാ കൊയ്‌വിക്കോ അഭിപ്രായപ്പെട്ടു.


ഇത്രയും വിവരങ്ങൾ ലഭിച്ചതിലൂടെ കപ്പലിലെ ജീവനക്കാരുടെ പേരുകൾ വരെ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഡച്ചുകാരുടെ പ്രത്യേകതയായിരുന്ന ഫ്ലോയിറ്റ് മാതൃകയിലുള്ള കപ്പലുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും ഇത് സഹായിക്കും. ഡച്ച് ഭരണകാലത്തെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമാണ് കപ്പൽ അവശിഷ്ടങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ ലോകത്തെ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഡച്ച് അധീനതയിലായിരുന്നു.


സമുദ്ര പ്രതലത്തിൽ നിന്നും 85 മീറ്റർ താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അധികം കേടുപാടുകളൊന്നും തന്നെ ഇതിന് ഉണ്ടായിരുന്നില്ല. ആയുധങ്ങളും തോക്കുകളും ഒന്നും തന്നെ ഇത്തരം കപ്പലുകളിൽ ഉണ്ടായിരുന്നില്ല. ചരക്ക് ഗതാഗതം ആണ് ഇത്തരം കപ്പലുകളുടെ മുഖ്യ ഉദ്ദേശം എന്ന് ആർക്കിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഫിൻലാൻഡിലെ ഒരുകൂട്ടം നീന്തൽ വിദഗ്ധരാണ് ഈ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീമിംഗ് ടൺ: ലീമിംഗ് ടൺ സ്പായിൽ ഇന്ന് രാവിലെ നടന്ന തീപിടുത്തവും സ്ഫോടനവും നിയന്ത്രണവിധേയമാക്കിയാതായി അഗ്നിശമനസേന. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും 70 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളോട് വാതിലുകളും ജനലുകളും അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വ്യക്തിയെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്തുന്നതിനായി അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വാർവിക്ക്ഷയർ ഫോഴ്സിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ലീസൺ പോളിയുറീൻ ലിമിറ്റഡിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് അവിടെനിന്നും കറുത്ത പുക ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. സ്ഫോടനത്തോടൊപ്പം രാസവസ്തുക്കൾ കത്തിയുണ്ടായ ദുർഗന്ധവും പരിസരത്തു നിറഞ്ഞിരുന്നു.

“എനിക്ക് ഒരു വലിയ ഇരുണ്ട മേഘം കാണാൻ കഴിഞ്ഞു. ആദ്യം അത് ഒരു ഇടിമിന്നലാണെന്ന് കരുതി. എന്നാൽ ഞാൻ എന്റെ വലതുവശത്തേക്ക് നോക്കിയപ്പോൾ കെട്ടിടത്തിൽ നിന്ന് വലിയ പുക ഉയരുന്നത് കണ്ടു.” സമീപവാസിയായ ബെൻ കോൾമാൻ വെളിപ്പെടുത്തി. വ്യവസായ മേഖലയായതിനാൽ സ്പായിലേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ബിസിനസ് യൂണിറ്റിലെ രാസവസ്തുക്കളിൽ തീപിടുത്തമുണ്ടായെന്ന് കേട്ടതായി ലേബർ എംപി മാറ്റ് വെസ്റ്റേൺ പറഞ്ഞു. വാർവിക്ക്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും പോലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ ആളപായം ഇല്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. അഫ്ഗാൻ വിടാനായി വിമാനത്താവളത്തിൽ കാത്തുനിന്നവരുടെ ഇടയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 13 അ​​​മേ​​​രി​​​ക്ക​​​ൻ സേനാംഗങ്ങ​​ൾ ഉൾപ്പെടുന്നു. 140 ലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ അഫ്ഗാൻ സ്വദേശികളും 11 യു.​​​എസ്​ മ​​​റീ​​​നു​​​ക​​​ളും ഒരു നേവി മെഡിക്കൽ ഉദ്യോഗസ്​ഥനുമാണ്​ കൊല്ലപ്പെട്ടതെന്ന്​ അമേരി​​​ക്ക​​​ൻ പ്രതിരോധ വിഭാഗമായ പെന്റഗൺ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് വിമാനത്താവള കവാടമായ ആബി ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നിൽ ഐ. എസ് ആണെന്ന് താലിബാൻ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ. എസ് ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. “ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം – ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. നിങ്ങളെ വേട്ടയാടി പകരം വീട്ടും.” വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നും ബൈഡൻ അറിയിച്ചു. ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ദൗ​​​​ത്യ​​​​ത്തി​ന്റെ തിരക്കിനിടയിൽ ഭീകരാക്രമണം ഉണ്ടാകുമെന്നും ആളുകൾ എത്രയും വേഗം വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോകണമെന്നും ബ്രിട്ടീഷ്, യു. എസ് മുന്നറിയിപ്പ് വന്നു മണിക്കൂറുകൾക്ക് ശേഷമാണ് ഇരട്ട സ്ഫോടനം നടന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് യുകെ തുടരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അടിയന്തിര യോഗത്തിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി, അവസാന നിമിഷം വരെ യുകെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി എം‌ഒ‌ഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,146 വ്യക്തികളെ യുകെ ഇതുവരെ പുറത്തെത്തിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കിയുള്ള റോക്കറ്റുകളോ വാഹനങ്ങളിൽ നിന്നുള്ള ബോംബുകളോ ഉൾപ്പെടെ ഐ. എസിന്റെ ആക്രമണങ്ങൾക്കായി ജാഗ്രത പുലർത്തുന്നതായി യുഎസ് കമാൻഡർമാർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി, കാനഡ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ തായ്‌ലൻഡ്, മോന്റെനെഗ്രോ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് ടെസ്റ്റിംഗ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.


ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് തെരുവിൽ കഴിഞ്ഞവർക്കും, ഭവനങ്ങൾ ഇല്ലാതിരുന്നവർക്കും അഭയം നൽകിയ ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ തന്നെയെന്ന് ബിബിസി റിപ്പോർട്ട്. നാലിൽ ഒരാൾ മാത്രമാണ് സ്ഥിരമായ താമസസ്ഥലത്തേയ്ക്ക് മാറിയതെന്ന് ബിബിസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി കാലത്ത് ഏകദേശം 37000 ത്തോളം പേർക്കാണ് ഗവൺമെന്റ് ഇത്തരത്തിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിൽ പാർപ്പിച്ചവരിൽ ചിലരെങ്കിലും ഇപ്പോൾ തിരികെ തെരുവിൽ എത്തിയതായി ചാരിറ്റി സംഘടനയായ ഷെൽട്ടർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. ഇതോടൊപ്പംതന്നെ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 750 മില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.


വിവരാവകാശ നിയമപ്രകാരം, ചാരിറ്റി സംഘടനയായ ഷെൽട്ടർ ഇംഗ്ലണ്ടിൽ ഇത്തരത്തിൽ താൽക്കാലിക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയവർക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ലോക്കൽ കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് സ്ഥിരമായ താമസ സൗകര്യങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ൽ ആദ്യമായി കോവിഡ് വ്യാപനം ഉണ്ടായ സമയത്താണ് ഇത്തരത്തിൽ തെരുവിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തി നൽകുവാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഇതിനായി 3.2 മില്യൺ പൗണ്ട് തുടക്കത്തിൽ ഗവൺമെന്റ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി ഇവരെ ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളിലും, താൽക്കാലിക ഇടങ്ങളിലുമെല്ലാം പാർപ്പിച്ചിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം ഇതിനാവശ്യമായ ഫണ്ടിങ് ഇല്ലാതായതാണ് ചാരിറ്റി സംഘടനകളെ അമർഷത്തിലാക്കിയിരിക്കുന്നത്.

ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷെൽട്ടർ സംഘടന ചീഫ് എക്സിക്യൂട്ടീവ് പോളി നിയറ്റ് ആവശ്യപ്പെട്ടു. രാജ്യം പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമ്പോൾ ഇത്തരത്തിൽ കഴിയുന്നവരെ മറക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൽക്കാലിക ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച ഓരോരുത്തരെ സംബന്ധിച്ച ഗവൺമെന്റ് അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും, ഉടൻ നടപടി ഉണ്ടാകുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ, മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനകാരണമായിരിക്കുകയാണ് യുകെയിലെ നാല് പെൺകുട്ടികൾ അടങ്ങുന്ന ഒരു മലയാളി കുടുംബം. ആതുര സേവന രംഗത്ത് അമ്മയുടെ പാത പിന്തുടർന്ന് എൻഎച്ച് എസ്‌ സർവീസിൽ പ്രവേശിച്ചിരിക്കുകയാണ് ഒരേ സമയം ജനിച്ച അനീറ്റ, എയ്ഞ്ചൽ, അലീന, അനീഷ എന്നിവർ. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ റോയൽ പാപ്പ് വർഥ് ഹോസ്പിറ്റലിൽ നഴ്സുമാരായും , മറ്റൊരു സഹോദരി അനീഷ കെറ്റേറിങ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായുമാണ് ജോയിൻ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാവ് ജോബി ഇപ്സ്വിച് ആശുപത്രിയിലെ ഓൺകോളജി വിഭാഗത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. 2007ലാണ് ജോബിയും ഭർത്താവ് ഷിബുവും യുകെയിലേക്ക് എത്തിയത്. ഇതിനു മുൻപ് ഒമാനിലെ ആശുപത്രിയിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അവിടെവച്ചാണ് ഷിബുവിനും ജോബിക്കും നാല് പെൺകുട്ടികൾ ജനിച്ചത്.

യുകെയിലെത്തിയ ഇവർക്ക് ആദ്യം തന്നെ മക്കളെ കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല. രണ്ടുവർഷം മക്കളെ ബന്ധുക്കളോടൊപ്പം നിർത്തിയതിനുശേഷമാണ് അവരെക്കൂടി യുകെയിൽ എത്തിക്കുവാൻ ജോബിക്ക് സാധിച്ചത്. ജോബിക്ക് ഉണ്ടായിരുന്ന നേഴ്സിംഗ് ബിരുദം യു കെയിൽ അനുവദനീയമല്ലാതിരുന്നതിനാൽ, ആദ്യം കെയർഹോമുകളിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അതിനു ശേഷം പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ പഠനം തുടർന്ന ജോബി, 2017 ലാണ് പഠനം പൂർത്തീകരിച്ച് എൻഎച്ച്എസ് നേഴ്സ് ആയി ജോയിൻ ചെയ്തത്. ഇതിനു ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ജോബിയുടെ മൂന്ന് മക്കളും അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നേഴ്സിങ് പഠനത്തിനായി ചേർന്നു. ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത അനീഷ മാത്രം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം ആരംഭിച്ചു. നാലുപേരുടെയും ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു.

തങ്ങളുടെ മാതാവാണ് തങ്ങളുടെ എല്ലാവരുടെയും പ്രചോദനം എന്ന് നാല് പേരും ഉറപ്പിച്ചു പറയുന്നു. യുകെയിൽ മെയിന്റനൻസ് എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. യുകെയിലെ ഈ മലയാളി കുടുംബത്തെ കുറച്ച് ഡെയിലി മെയിൽ പത്രവും റിപ്പോർട്ട് ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved