Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മെറ്റ് പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചു. അതിജീവിതയുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ ഫാബിയൻ അഗ്വിലാർ-ഡെൽഗാഡോ (40) ആ സമയത്ത് യൂണിഫോമിലും ഡ്യൂട്ടിയിലുമായിരുന്നു. 2020 മെയ്‌ മാസത്തിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ കുറ്റം ചെയ്തത്. സഹപ്രവർത്തകനോടൊപ്പം വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥൻ വീട് പരിശോധിക്കാൻ എന്ന വ്യാജേനെയാണ് ഉള്ളിൽ പ്രവേശിച്ചത്.

സൗത്ത് വാർക്ക് ക്രൗൺ കോടതിയാണ് കേസിൽ വാദം കേട്ടത്. അതേസമയം, ജോലിയിൽ പുതിയ ആളായ അഗ്വിലാർ-ഡെൽഗാഡോ, തനിക്കെതിരെ ഉയർന്നു വന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു രംഗത്ത് വന്നു. സ്ത്രീ തന്നെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും, കേസിൽ ഇയാൾ നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന അഭിമുഖത്തിൽ വ്യക്തമാക്കി.

ആദ്യം അയാൾ എന്നെ കടന്നുപിടിക്കുകയും, പിന്നീട് ബലമായി ചുണ്ടിൽ ചുംബിക്കാൻ ശ്രമിക്കുകയും ആയിരുന്നെന്ന് യുവതി പറയുന്നു. ‘അയാളുടെ ആക്രമണത്തിൽ നിന്ന് തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ബലമായി ഉപദ്രവിക്കുകയായിരുന്നെന്നും അവർ കൂട്ടിചേർത്തു. മാറിടത്തിൽ ബലമായി കടന്ന് പിടിക്കാൻ വരെ ശ്രമമുണ്ടായി’- അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിൽ ഇന്നലെ ആരംഭിച്ച ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്ന് തുടർന്നേക്കും. നികുതിയിലെ ക്രമക്കേടുകൾ , ലാഭം വക മാറ്റൽ തുടങ്ങിയവ ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച 11 . 30 -ന് ആരംഭിച്ച റെയ്ഡിൽ 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റെയ്ഡ് അല്ല സർവേയാണ് നടക്കുന്നത് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം .

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ നടന്ന റെയ്ഡ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെ വിമർശിക്കുന്നവരെ ഉന്നമിടുന്നത് ഇന്ത്യയിൽ അസാധാരണമല്ലെന്നാണ് പരിശോധനകളോട് ബിബിസി പ്രതികരിച്ചത്. പരിശോധനകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ട് ബിബിസിയിൽ നടന്ന റെയ്ഡ് ആണ്. തരംതാണ പ്രതികാര നടപടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പൊതുവേയുള്ള വിമർശനം. ബിബിസിയിൽ നടത്തിയ റെയ്ഡ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. റെയ്ഡും അനന്തര നടപടികളും ഇന്ത്യൻ – ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയേക്കാമെന്ന് സംശയിക്കുന്നവരും കുറവല്ല .ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടൻ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൗൺസിൽ നികുതി വർധനവിൽ വലഞ്ഞ് ജനം. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ 100 പൗണ്ടോ അതിൽ കൂടുതലോ വർദ്ധനവാണ് നിലവിൽ നേരിടുന്നത്. നികുതി പുതുക്കാൻ സർക്കാർ തീരുമാനം കൈകൊണ്ടതിനെ തുടർന്നാണ് നടപടി. അനുദിനം ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ കനത്ത പ്രഹരമാണ് ഇത് ഏൽപ്പിക്കുന്നത്. ഓരോ ദിവസവും തള്ളി നീക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നാണ് ജനങ്ങൾ പറയുന്നത്. നികുതി വർദ്ധനവ് കൂടിയാകുമ്പോൾ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്ന കാര്യമുറപ്പാണെന്നും വിമർശകർ പറയുന്നു.

അതേസമയം, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയറിലെ ഒരു കൗൺസിൽ മാത്രമാണ് 2023-24 ൽ കൗൺസിൽ നികുതി വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞത്. നികുതി വർധിപ്പിച്ചതിൽ ഏറെയും 2% ആണ്. ക്യാപ്പിംഗ് സമ്പ്രദായം രാജ്യത്ത് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണിതെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ശരാശരി 4 ശതമാനമെങ്കിലും വർധനവ് രേഖപ്പെടുത്തുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നികുതി ഉയർത്തുന്നതെന്നാണ് കൗൺസിൽ മേധാവികളുടെ വാദം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് കൗൺസിലുകൾക്കാണ് 10 ശതമാനം മുതൽ 15 ശതമാനം വരെ നികുതി വർധിപ്പിക്കാൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്ക് സമാഹരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 152 ഏകീകൃത അധികാരികളിൽ 114 എണ്ണം വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ശരാശരി ബാൻഡ് D ഗാർഹിക ബില്ലുകൾ 5 ശതമാനം വർദ്ധനവിന് കീഴിൽ പ്രതിവർഷം £ 99 വർദ്ധിക്കും. ഏറ്റവും ഉയർന്ന നികുതിയുള്ള മേഖലകളിലെ ചെലവേറിയ സാധനങ്ങൾക്ക് ഇതിന്റെ ഇരട്ടിയിലധികം വർധനയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ഏറെ സംശയമുള്ള കാര്യമാണ് സ്റ്റുഡന്റ് വിസയിൽ നിന്ന് സ്‌കിൽഡ് വർക്കർ വിസയിലേക്ക് മാറുന്ന നടപടി. യോഗ്യതയുള്ള ഏതാനും വിദ്യാർത്ഥികൾക്കാണ് പഠന വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ആഭ്യന്തര വകുപ്പ് അനുവാദം നൽകുന്നത്. ഇങ്ങനെ മാറുന്നതിനെ തുടർന്ന് പലവിധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥികൾ നേരത്തെ മുതൽ തന്നെ പറയുന്ന കാര്യമാണ്.

കെയർ ഹോം വിസയിലേക്ക് മാറുമ്പോൾ പല തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രധാനമായും പല തട്ടിപ്പ് സംഘങ്ങളും പെട്ടെന്ന് വിസ ഓഫർ ചെയ്യുകയും, എന്നാൽ പിന്നീട് ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ ഏൽക്കാതിരിക്കുകയും ചെയ്യും. സ്പോൺസർഷിപ്പ് ഉണ്ടെന്ന വ്യാജേനയാണ് ഇത്തരം ആളുകൾ വിദ്യാർത്ഥികളെ സമീപിക്കുന്നത്. കെയർ ഹോം വിസകളിൽ ഒരാൾ വളരെ കുറച്ച് കാലം മാത്രമേ ജോലി ചെയ്യാൻ സാധ്യതയുള്ളൂ. എന്നാൽ ഇത് കഴിഞ്ഞു പോകുമ്പോഴാണ് നിയമവശങ്ങൾ അനുസരിച്ചു നടപടി നേരിടേണ്ടി വരുന്നത്.

വിസ എളുപ്പത്തിൽ മാറ്റാൻ ശ്രമിക്കുന്ന ചില കുറുക്കുവഴികളാണ് ഇത്തരം കുഴികളിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. കെയർ ഹോം വിസയിലേക്ക് മാറുമ്പോൾ ഇത്തരം ചില കാര്യങ്ങൾ കൂടി നിർബന്ധമായും ശ്രദ്ധിക്കണം. ധൃതിപിടിച്ച് വിസ മാറ്റത്തിനു വിദ്യാർത്ഥികൾ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. പഠിക്കാൻ ആണ് എത്തിയതെങ്കിൽ ആദ്യം അത് പൂർത്തിയാക്കുവാൻ ശ്രമിക്കണം. അല്ലാതെ പെട്ടെന്ന് ജോലി ചെയ്യണം, പണം സമ്പാദിക്കണം എന്നുള്ള നിലയിലേക്ക് മാറുമ്പോഴാണ് നിയമപരമല്ലാത്ത കുഴികളിൽ ചെന്ന് ചാടുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഉപഭോക്താകൾക്ക് ഗുണപ്രദമായ മാറ്റാവുമായി ബാങ്ക്. നാറ്റ്‌വെസ്റ്റ് ഉപഭോക്താക്കൾക്കാണ് നടപടി ഉപകാരപ്പെടുക. മാർച്ച് ആദ്യം മുതൽ, ഫിക്സഡ് അല്ലെങ്കിൽ ട്രാക്കർ മോർട്ട്ഗേജുകളിലുള്ള ഉപഭോക്താക്കൾക്ക് നേരത്തെയുള്ള തിരിച്ചടവ് തുക നൽകാതെ തന്നെ കൂടുതൽ പണം ലഭിക്കുന്ന തരത്തിലാണ് പുതിയ നടപടി. നാറ്റ്‌വെസ്റ്റ് അതിന്റെ ഓവർപേയ്‌മെന്റ് പരിധി 10% ൽ നിന്ന് 20% ആയി വർദ്ധിപ്പിക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് ബാങ്കിൽ അധികമായി നൽകാതെ തന്നെ കൂടുതൽ മോർട്ട്‌ഗേജ് ക്ലിയർ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.

പ്രതിമാസം 500 പൗണ്ടിൽ കൂടുതൽ പണം സ്ഥിരമായി അടയ്ക്കുന്ന ഉപഭോക്താക്കൾക്ക്, ഓരോ വർഷവും ശേഷിക്കുന്ന തുകയുടെ 8% മുതൽ 10% വരെ ക്ലിയർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകാൻ തയാറാണെന്നും നാറ്റ്വെസ്റ്റ് അറിയിച്ചു. മാസങ്ങൾക്കുള്ളിൽ ആദ്യമായി ശരാശരി മോർട്ട്ഗേജ് നിരക്ക് 4% ത്തിൽ താഴെയായതിന് ശേഷമാണ് ഈ നടപടി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജനുവരിയിൽ തുടർച്ചയായ പത്താം തവണയും പലിശ നിരക്ക് 4% ആയി ഉയർത്തിയിരുന്നു. വർദ്ധിച്ച പലിശനിരക്കും, ജീവിതചിലവും മൂലം ആളുകൾ പ്രതിസന്ധിയിലാണ്.

മോർട്ട്ഗേജ് എന്നത് വലിയ നിക്ഷേപമാണ്. അതിനാൽ നിങ്ങൾക്ക് കഴിയുന്നിടത്ത് പണം ലാഭിക്കാൻ ശ്രമിക്കണം. ഇതിനായി ആദ്യം പരിഗണിക്കേണ്ടത് പലിശ നിരക്കാണ്. ഒട്ടുമിക്ക കേസുകളിലും, വലിയ തുക കുറഞ്ഞ നിരക്കിലാണ് കൂടുതൽ ആളുകളും നിക്ഷേപിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളേക്കാൾ ഫിക്സഡ് നിരക്കുകൾ സാധാരണയായി കുറവാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Uswitch.com അല്ലെങ്കിൽ moneysupermarket.com പോലുള്ള വെബ്സൈറ്റുകൾ പരിശോധിക്കുക. അല്ലെങ്കിൽ ഇടനിലക്കാരെ സമീപിക്കാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ സർവകലാശാലകളിലേയ്ക്ക് വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 10,000 ത്തോളം അപേക്ഷകരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ അധ്യായന വർഷം 18 വയസ്സുള്ള 180,000 -ത്തിലധികം പെൺകുട്ടികളാണ് അപേക്ഷിച്ചത്. ഇത് 50.4 ശതമാനമാണ്. എന്നാൽ 2023 -ൽ അപേക്ഷാ നിരക്ക് 47.6 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വനിതാ അപേക്ഷകരുടെ എണ്ണത്തിൽ 10,000 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മഹാമാരിയുടെ സമയത്ത് നേഴ്സിങ് അനുബന്ധ കോഴ്സുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം നേഴ്സിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിലേയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലെ നേഴ്സുമാരുടെ ശമ്പളത്തിനോട് അനുബന്ധിച്ചുള്ള സമരവും മറ്റും വിദ്യാർഥികളെ ആ മേഖലയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ .

അപേക്ഷകരുടെ എണ്ണം വളരെ കുറയുകയാണെങ്കിൽ യുകെയിലെ സർവകലാശാലകൾ വൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് സൂചന. പണപെരുപ്പവും ഉയരുന്ന ചിലവുകളും കൂടുതൽ ഫീസ് നൽകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഏറ്റെടുക്കാൻ സർവകലാശാലകളെ പ്രേരിപ്പിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥിനികളുടെ കാര്യത്തിൽ മാത്രമല്ല യുകെയിലെ സർവകലാശാലകളിലേയ്ക്കുള്ള മൊത്തം വിദ്യാർത്ഥികളുടെ അപേക്ഷയിലും കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 2.3 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട ജോലി സാധ്യതയും ശമ്പളവും ലഭിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന കമ്പ്യൂട്ടർ സയൻസ്, നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പള്ളി നിർമ്മിക്കാൻ സഹായിച്ച രണ്ട് യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ് കോട്ടയം സി എം എസ് കോളേജിൽ നിന്ന് വിരമിച്ച ഡോ. വൈ മാത്യു. കോട്ടയം കഞ്ഞിക്കുഴി സിഎസ്ഐ അസൻഷൻ ദേവാലയത്തിന്റെ നിർമാണത്തെ സഹായിച്ച രണ്ട് പേരെ തേടിയാണ് യുകെയിലെ എസ്സെക്സിൽ പോയത്. പള്ളിയുടെ നിർമാണം നടന്നതാകട്ടെ 100 വർഷങ്ങൾക്ക് മുൻപും. പള്ളിയുടെ ശതാബ്ദി സമ്മേളനത്തിൽ പ്രസംഗിച്ച മുൻ വികാരി റവ. ഡാനിയേൽ ജോർജ് പറഞ്ഞ വാക്കുകളാണ് രണ്ടുപേരെ തേടി യുകെയിൽ ഡോ. മാത്യുവിനെ എത്തിച്ചത്.

കേരളത്തിന്റെ സാംസ്‌കാരിക മണ്ണിൽ ഏറെ സംഭാവനകൾ നൽകിയ ബേക്കർ കുടുംബത്തെ തേടിയാണ് ഡോ. മാത്യു യുകെയിൽ വന്നത്. 1920 – കളിലാണ് പള്ളിയുടെ നിർമാണം. 100 വർഷം പിന്നിട്ട വേളയിലാണ് രണ്ടുപേരെ ആദരിച്ചില്ല എന്നുള്ള വിവരം പുറത്ത് വന്നത്. പള്ളി നിർമ്മിക്കാനുള്ള സ്ഥലം വിട്ടുനൽകിയ തേരത്താനത്ത് പുന്നൻ ജഡ്ജിയും പള്ളി നിർമ്മാണത്തിന് സഹായിച്ച ഇസബെൽ അമേലിയ ബേക്കറുമായിരുന്നു ആ രണ്ട് പേർ.

അതിൽ ഒരാളെ കോട്ടയത്ത് കൊണ്ടുവന്നു ആദരിക്കാൻ കഴിഞ്ഞെങ്കിലും, ഇസബെൽ അമേലിയ ബേക്കറിനെ തേടി യുകെയിലേക്ക് പോവുകയായിരുന്നു. കോട്ടയം ബേക്കർ സ്കൂളിലെ ഒരു അധ്യാപികയുടെ സഹായത്തോടെ അവരുടെ മെയിൽ ഐഡി കണ്ടെത്തുകയും, തുടർന്ന് കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കുകയും ആയിരുന്നു ആദ്യം ചെയ്തത്. പിന്നീട് ലണ്ടൻ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ നേരിട്ട് കാണുകയും ആ ആഗ്രഹം സാധിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ട്രാൻസ്‌ജെൻഡർ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രിയാന ഗെയ് എന്ന പതിനാറുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ചെഷയറിലെ വാറിംഗ്ടണിനടുത്തുള്ള ഗ്രാമമായ കുൽചെത്തിലെ ലീനിയർ പാർക്കിൽ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം.റെയിൽവേ കട്ടിംഗിന്റെ സൈറ്റിലെ ബ്യൂട്ടി സ്പോട്ടിൽ ബ്രിയാന ഗെയ് ഒരു സംഘത്തിന്റ അപ്രതീക്ഷിത ആക്രമണത്തിന് ഇരയാവുകയായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ബ്രിയാന സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ബ്രിയാനയുടെ വേർപാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അനുശോചനവും ദുഃഖവും പങ്കുവെച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂട്ടുകാരും, സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകളും വേർപാടിൽ ദുഃഖം അറിയിച്ചു രംഗത്ത് വരുന്നുണ്ട്.

തിരക്കുള്ള ദിവസമാണെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു ആക്രമണമാണെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും,എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്ക് ഇവാൻസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. നിക്കോളയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുമ്പോഴും അന്വേഷണത്തെ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന്റെ ആശ്വാസത്തിലാണ് പോലീസ് . അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വിവരം. അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്.


മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനി ക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്.

നിക്കോള ബുള്ളിയെ കാണാതായിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ  (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട്  വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.

നഴ്‌സായ അനു  കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ  രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.

എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ  Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രണ്ട് പെൺമക്കൾ-  ആഞ്‌ജലീന  (7) ഇസബെല്ല  (3).  മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ  ഇരട്ടമക്കളിൽ ഒരാളാണ്.

പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved