ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പളവർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്സിംഗ് യൂണിയൻ നടത്തുന്ന സമരം കൂടുതൽ കരുത്താർജിക്കുകയാണ്. അതിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ വാർഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്‌സുമാരോട് സഹപ്രവർത്തകരോടൊപ്പം പണിമുടക്കിൽ പങ്കെടുക്കാൻ യൂണിയൻ ഉടൻ ആവശ്യപ്പെടും. സർക്കാരുമായുള്ള തർക്കം രൂക്ഷമാകുന്നതിനാൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ (ആർസിഎൻ) ജീവനക്കാർ പണിമുടക്കിനൊരുങ്ങുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം.

നേരത്തെ അടിയന്തിര സേവനങ്ങൾ വേണ്ട മേഖലകളിൽ ചില ഇളവുകൾ യൂണിയൻ നൽകിയിരുന്നു. എന്നാൽ സർക്കാർ മൗനം പാലിക്കുന്നതിനാൽ ഇത് നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് നേഴ്സിംഗ് ജീവനക്കാർ. വെള്ളിയാഴ്ച മുതൽ ഇളവുകൾ എല്ലാം പിൻവലിക്കുമെന്നും മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് എൻ എച്ച് എസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. തീരുമാനത്തെ എൻ എച്ച് എസ് നേതാക്കൾ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

ഏതുവിധേയനെയും സമരം നിർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അല്ലാതെ മറ്റ് മാർഗമില്ല എന്ന നിലപാടിലാണ് ജീവനക്കാർ. ഇംഗ്ലണ്ടിലെ നേഴ്‌സുമാരുടെ അടുത്ത പണിമുടക്കുകളുടെ തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലെ നേഴ്‌സുമാർ കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തേക്ക് ജോലിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ വെയിൽസ് സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിൽ ആസൂത്രണം ചെയ്ത സമരം പിൻവലിക്കുകയാണ് ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലങ്കാഷെയറിൽ നിന്ന് കാണാതായ നിക്കോള ബുള്ളിയുടെ തിരോധാനത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്.

നിക്കോള ബുള്ളിയെ കാണാതായിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിറ്റ്സ് അവാർഡ് തിളക്കത്തിൽ ഗായകൻ ഹാരി സ്‌റ്റൈൽസ്. നാല് അവാർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും വിജയിച്ചു എന്നുള്ളതും ഇത്തവണത്തെ പ്രത്യേകതയാണ്.

29 കാരനായ ഗായകൻ അതുല്യ നേട്ടം കൈവരിച്ചതിന് ശേഷം, ഇതിന്റെ വില തനിക്കറിയാമെന്നും, അവാർഡ് ലഭിക്കാത്ത എല്ലാവർക്കും ഇത് സമർപ്പിക്കുന്നു എന്നും പറഞ്ഞു. ഗ്രാമി അവാർഡിന് ശേഷം തനിക്ക് ലഭിച്ച ഓൺലൈൻ വിമർശനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആൽബം ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കുമ്പോൾ അതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
അതുല്യ നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രത്യേകിച്ചു ഇതിനു പ്രാപ്തരാക്കിയ മാതാവ്, മറ്റ് പ്രിയപ്പെട്ടവർ എന്നിവരുടെ പേരുകളും എടുത്തു പറഞ്ഞായിരുന്നു പരാമർശം. ‘ഇന്ന് രാത്രി ലഭിച്ച നേട്ടത്തെ കുറിച്ച് എനിക്കറിയാം, അതിനാൽ ഈ അവാർഡ് റെയ്ന, ഫ്ലോറൻസ് [വെൽച്ച്], മേബൽ, ബെക്കി [ഹിൽ] എന്നിവർക്കുള്ളതാണ്’ – ഹാരി പറഞ്ഞു.

തന്റെ ആസ് ഇറ്റ് വാസ് എന്ന ഗാനത്തിന്റെ പ്രകടനത്തോടെ ഷോയ്ക്ക് തുടക്കമിട്ടപ്പോൾ ബ്രിറ്റ്സിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് ആതിഥേയനായ മോ ഗില്ലിഗൻ വേദിയിലെത്തി, ഷോയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മെർസിസൈഡ് ഹോട്ടലിന് പുറത്തുണ്ടായ സംഘർഷത്തിൽ 15 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സംഭവം. അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലാണിത്. നോസ്‌ലിയിൽ സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് ആളുകൾക്കും പരിക്കേറ്റു. ഒരു പോലീസ് വാൻ കത്തിക്കുകയും പലതരത്തിലുള്ള വസ്തുക്കൾ ഉദ്യോഗസ്ഥർക്ക് നേരെ എറിയുകയും ചെയ്തു.

13 നും 54 നും ഇടയിൽ പ്രായമുള്ള 13 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും അക്രമാസക്തമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്യൂട്ട്സ് ഹോട്ടലിന് പുറത്ത് സമാധാനപരമായാണ് പ്രതിഷേധം അരങ്ങേറിയത്. എന്നാൽ ഒരുകൂട്ടം ആളുകൾ കടന്നു വന്നതോടെ പ്രതിഷേധം അക്രമസക്തമാകുകയായിരുന്നു. ചുറ്റികകളും പടക്കങ്ങളുമായി കൂട്ടമായി ആളുകൾ ഒത്തുക്കൂടുകയായിരുന്നു എന്ന് ഹെഡ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. സംഭവത്തെ അപലപിച്ചു ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സെക്രട്ടറി ട്വീറ്റിൽ വ്യക്തമാക്കി. പ്രദേശത്ത് 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞാ ഏർപ്പെടുത്തിയിരിക്കുകയാണ്. ലജ്ജാകരവും ഭയാനകവുമാണ് ഈ സംഭവമെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. എന്നാൽ ഭീഷണികളെ തള്ളിക്കളഞ്ഞത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ എത്തുന്ന മലയാളികൾക്ക് പലപ്പോഴും ട്രാഫിക്ക് ചിഹ്നങ്ങൾ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു വീഡിയോ മലയാളികൾക്ക് ഏറെ സഹായകരമാവുകയാണ്. അടയാളം അനുസരിച്ച് നിയമം മനസിലാക്കാൻ എളുപ്പമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു ഡ്രൈവിംഗ് പരിശീലക. സ്‌പോട്ട് ഓൺ ഡ്രൈവിംഗ് സ്‌കൂളിന്റെ സ്ഥാപക ചെഷയറിൽ നിന്നുള്ള ആനി വിന്റർബേൺ 825,000-ത്തിലധികം ഫോളോവേഴ്‌സുള്ള ടിക്ടോക്കിലൂടെയാണ് പരാമർശം നടത്തിയത്.

ഏറ്റവും പരിചയസമ്പന്നരായ ഡ്രൈവർമാരെപ്പോലും പലപ്പോഴും കുഴപ്പത്തിലാക്കുന്ന റോഡ് അടയാളത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.b ചെറിയ നീല നിറത്തിൽ ഹൈലൈറ്റ് ചെയ്ത വലിയൊരു ‘P’ ചേർത്തിട്ടുള്ള ചിഹ്നം ‘തിങ്കൾ – ശനി. 8എ എം – 6പിഎം എന്നാണ് വായിക്കുന്നതെന്ന് ആനി പറയുന്നു. 1 മണിക്കൂർ. 1 മണിക്കൂറിനുള്ളിൽ തിരിച്ചുവരില്ല എന്നാണ് സൂചിപ്പിക്കുന്നത്. തിങ്കൾ മുതൽ ശനിയാഴ്ച വരെ, നിങ്ങൾക്ക് രാവിലെ 8 മണിക്കും രാത്രി 6 മണിക്കും ഇടയിൽ പാർക്ക് ചെയ്യാം, എന്നാൽ ഒരു മണിക്കൂർ മാത്രമേ പാർക്ക് ചെയ്യാവൂ എന്നാണ് ഈ അടയാളം പറയുന്നത്- ആനി പറയുന്നു.
നിങ്ങളുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഡ്രൈവ് ചെയ്യാനും ബ്ലോക്കിന് ചുറ്റും ഡ്രൈവ് ചെയ്യാനും നേരെ ആ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങാനും നിങ്ങൾക്ക് അനുവാദമില്ല എന്നും ഇത് സൂചിപ്പിക്കുന്നു. ഈ സമയങ്ങൾ ഒഴികെ മറ്റു സമയങ്ങളിൽ നിങ്ങൾക്ക് എത്ര നേരം വേണമെങ്കിലും പാർക്ക് ചെയ്യാമെന്ന് ഇത് വ്യക്തമാക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികൾ ഉൾപ്പെടെയുള്ള 50 ഓളം ഇന്ത്യൻ വിദ്യാർഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നൽകാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. യുകെ മലയാളികൾക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോർത്ത് വെയിൽസിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാൻ (25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് .
മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം കൊടുക്കുന്ന അലക്സ കെയർ എന്ന് റിക്രൂട്ടിംഗ് ഏജൻസി വഴി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൂഷണത്തിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സഹായവും കൗൺസിലിങ്ങുമായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഭവത്തിൽ ഇടപെട്ടുകൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
പല ഏജൻസികളും നടത്തുന്ന കൊടും ക്രൂരതകളിലേയ്ക്കും മനുഷ്യത്വമില്ലാത്ത പ്രവർത്തനരീതികളിലേയ്ക്കും വെളിച്ചം വീശുന്നതാണ് വിദ്യാർഥികളെ ചൂഷണം ചെയ്ത് അടിമപ്പണിയുടെ പേരിൽ നടന്ന അറസ്റ്റ് . ഒരു രൂപ പോലും മുടക്കില്ലാതെ വിസയ്ക്ക് പത്തും പന്ത്രണ്ടും ലക്ഷം രൂപ വാങ്ങിയാണ് മലയാളികളെ ഈ അടിമപ്പണിക്കായി യുകെയിൽ എത്തിക്കുന്നത്. കേരളത്തിലെ ജീവിതാവസ്ഥകളിൽ നിന്നും ഒരു മോചനത്തിനായി പലരും ഭൂമി വിറ്റും സ്വർണ്ണം പണയപ്പെടുത്തിയുമാണ് യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരത്തിലുള്ള ആൾക്കാരെ അതിക്രൂരമായി ചൂഷണം ചെയ്യുന്ന രീതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഏജന്റുമാർ പിൻതുടരുന്നത്. യുകെയിൽ എത്തിക്കഴിയുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിലും പലപ്പോഴും കിടക്കാൻ ഒരു സ്ഥലവും പോലുമില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിലുള്ളവർ ജീവിക്കേണ്ടതായി വരുന്നത്.
പല ഏജൻസികളും സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളെ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് ചൂഷണം ചെയ്യുന്നത്. പലരും സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികളെ ജോലി ചെയ്യാമെന്ന വാഗ്ദാനം നൽകി ഒരാഴ്ചയോളം വേതനമില്ലാതെ ട്രെയിനിങ് എന്ന പേരിൽ ചൂഷണത്തിന് വിധേയമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പല വിദ്യാർത്ഥികളെയും പിന്നീട് ഷിഫ്റ്റ് കൊടുക്കാതിരിക്കുന്ന നീചമായ കൗശലവും പല മലയാളി ഏജൻസികളും പിന്തുടരുന്ന പ്രവണതയുമുണ്ട്.
അടുത്തകാലത്ത് ഒരു മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയായത് ഇത്തരത്തിലുള്ള ഏജൻസികളുടെ ചൂഷണത്തിന്റെയും ക്രൂരതകളുടെയും ഉത്തമോദാഹരണമാണ്. സ്റ്റുഡൻറ് വിസയിൽ എത്തി കെയർ ഹോമിൽ ജോലി ലഭിച്ച മലയാളി വിദ്യാർത്ഥിയെ വീണ്ടും ചൂഷണം ചെയ്യാനുള്ള ഏജന്റിന്റെ ശ്രമങ്ങളാണ് ആ ചെറുപ്പക്കാരന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് അറിയാൻ സാധിച്ചത്. പല ഏജൻസികളും ചോര കുടിച്ച് തടിച്ചു കൊഴുക്കുന്നത് വിദ്യാർത്ഥികളെ ട്രെയിനിങ്ങിന് എന്ന പേരിൽ ചൂഷണം ചെയ്ത് അവർക്ക് വേതന നൽകാതെയാണ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് പൗണ്ട് ആണ് പല നേഴ്സിംഗ് ഏജൻസികളും അന്യായമായി സമ്പാദിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നേഴ്സിംഗ് ഏജൻസികൾ മലയാളി സംഘടനകൾക്കും സാമൂഹിക നേതാക്കൾക്കും മതസംഘടനകൾക്കും സംഭാവനകൾ വാരി കോരി കൊടുക്കുന്നതുകൊണ്ട് ആരും ഇവർക്കെതിരെ ശബ്ദിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എപ്സം കോളേജ് മേധാവിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എമ്മ പാറ്റിസണിന്റെ വേർപാടിൽ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഞെട്ടലിലാണ്. യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ വിദ്യാർത്ഥികൾ പ്രധാന അധ്യാപകന്റെ വീടിന് ചുറ്റും പോലീസ് കാറുകളും വലയങ്ങളും കണ്ടത് വാർത്തകൾ കൂടുതൽ പരക്കുന്നതിനു കാരണമായി. ആരോ ഒരാൾക്ക് പരിക്ക് ഉണ്ടെന്ന് ആൾകൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടിരുന്നു എന്നും, എന്നാൽ ഇത്രയും ഭയാനകമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.

അന്ന് വൈകുന്നേരമാണ് സ്കൂളിൽ നിന്ന് പാറ്റിസണിന്റെയും ഭർത്താവിന്റെയും മകളുടെയും മരണവാർത്ത സ്ഥിരീകരിച്ചു സന്ദേശങ്ങൾ വന്നത്. ഏഴുവയസ്സുള്ള മകൾ ലെറ്റിയെ സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയെന്നാണ് സന്ദേശത്തിൽ പറയുന്നത്. സങ്കടം ഉൾകൊള്ളാൻ ആകുന്നില്ല, ആക്‌സാമികമായ വേർപാട്, വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. മരണവാർത്ത അറിഞ്ഞു സ്കൂളിലേക്ക് ഓടിയെത്തിയ പലരും മരണത്തെ അംഗീകരിക്കാൻ തയാറായില്ല.

ഞായറാഴ്ച വൈകുന്നേരമാണ് കൂടുതൽ പേരും ദാരുണമായ സംഭവത്തെ കുറിച്ച് അറിയുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ബുധനാഴ്ച മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ചാർട്ടേഡ് അക്കൗണ്ട് ആയ ഭർത്താവും അധ്യാപികയും തമ്മിലുള്ള പ്രഫഷണൽ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ സറേ പോലീസ് അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വാഹനാപകടത്തിൽ രണ്ട് എൻ എച്ച് എസ് നേഴ്സുമാർക്ക് ദാരുണാന്ത്യം. യുഎസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയിലാണ് ദാരുണമായ സംഭവം. പോർച്ചുഗീസ് പൗരന്മാരായ ടാറ്റിയാന ബ്രാൻഡോ (30), റാക്വൽ മൊറേറ (28) എന്നിവരാണ് മരിച്ചത്. ഇരുവരും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സതാംപ്ടണിൽ ജോലി ചെയ്യുന്നവരായിരുന്നു.

ഫെബ്രുവരി 3 -ന് അരിസോണയിലെ ഗ്രാൻഡ് കാന്യോണിന് സമീപം ജീപ്പും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരുടെയും മരണവാർത്ത പുറത്ത് വന്നതിനു പിന്നാലെ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്. സ്നേഹനിധികളായ സഹപ്രവർത്തകർ ആയിരുന്നു ഇരുവരുമെന്നും, മരണവാർത്ത ഞെട്ടിക്കുന്നവന്നും അവർ പറഞ്ഞു.

ഏഴും അഞ്ചും വർഷം മുൻപാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. നല്ല ഭാവി ഉള്ളവർ ആയിരുന്നു രണ്ടുപേരുമെന്ന് ട്രസ്റ്റിന്റെ ചീഫ് നേഴ്സിംഗ് ഓഫീസർ ഗെയ്ൽ ബൈർൺ പറഞ്ഞു. രോഗികളെ പരിചരിക്കുന്നതും അവരോടുള്ള സമീപനവും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിനുള്ള പരീക്ഷയിൽ ആവശ്യമായ സ്കോർ നിരക്ക് കുറച്ച് എൻ എം സി. പുതുക്കിയ ഗൈഡ് ലൈൻ അനുസരിച്ചു ഐ ഇ എൽ ടി എസിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് 6.5 ഉം, എഴുത്തു പരീക്ഷയിൽ 6 ഉം സ്കോർ നേടണം. അതേസമയം, ഒ ഇ ടി പരീക്ഷയിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് C+ ഗ്രേഡും, എഴുത്തിൽ സി ഗ്രേഡും ലഭിക്കണം. രണ്ടിനും കൂടി ലഭിക്കുന്ന മാർക്ക് വിലയിരുത്തിയാണ് ടെസ്റ്റ് അന്തിമ റിസൾട്ട് തീരുമാനിക്കുന്നത്.
ഓരോ പരീക്ഷകൾ തന്നെയായിട്ടാണ് അറ്റൻഡ് ചെയുന്നത് എങ്കിൽ മിനിമം സ്കോറിൽ മാറ്റമുണ്ട്. അത് പഴയപോലെ തന്നെ ആയിരിക്കും. ഐ ഇ എൽ ടി എസ് ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് 7 ഉം, എഴുത്തിനു 6.5 സ്കോറും നിർബന്ധമാണ്. ഒ ഇ ടി യിൽ ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് ബി ഗ്രേഡും, എഴുത്തിന് C+ ഉം വേണം. ഇവയുടെ സ്കോർ രണ്ടും തമ്മിൽ പ്രകടമായ മാറ്റമുണ്ട്.
പലപ്പോഴും ടെസ്റ്റിൽ പരാജപ്പെടുന്നത് മലയാളികളായ ഉദ്യോഗാർത്ഥികളാണ്. അതും നേരിയ വ്യത്യാസത്തിലാണ് ഏറെയും. സ്കോർ കുറയ്ക്കുന്നതോടെ മലയാളികളായ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച രോഗികൾ ഡോക്ടറെ കാണാൻ എൻ എച്ച് എസിൽ വളരെ നാളുകൾ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം ക്യാൻസർ ബാധിതരായ 50,000 -ത്തിലധികം ആളുകൾ ഒരു വിദഗ്ധ ഡോക്ടറെ കാണാൻ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്യാൻസർ രോഗബാധിതരെ സംബന്ധിച്ചിടത്തോളം എൻഎച്ച് എസ് -ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ കണക്കുകളാണിത്.

പല രോഗികളുടെയും യഥാർത്ഥ കാത്തിരിപ്പ് സമയം ഇതിലും കൂടുതലാണ്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ 25,000 രോഗികൾ ഒരു മാസത്തിലധികമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടതായി വന്നത്. ക്യാൻസർ പരിചരണത്തിൽ സംഭവിക്കുന്ന കൃത്യതവിലോപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന വിമർശനം ശക്തമാണ്.

ഓരോ മാസവും വളരെയേറെ പേരാണ് ക്യാൻസർ രോഗബാധയുണ്ടോ എന്ന സംശയത്തിന്റെ പേരിൽ ചികിത്സ തേടിയെത്തുന്നത് . 2012 -ൽ ഇത് പ്രതിമാസം 100, 392 ആയിരുന്നെങ്കിൽ നിലവിൽ അത് 234,756 ആണ് . രോഗികളുടെ എണ്ണം വളരെ കൂടിയത് ക്യാൻസർ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുവാൻ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പോലെ അർബുദത്തെ പരിഗണിച്ചില്ലെങ്കിൽ 2025 – ഓടെ രോഗം ബാധിച്ചുള്ള മരണം വളരെ കൂടുമെന്ന് ക്യാൻസർ രോഗ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിന്റെ ഡയറക്ടറുമായ പ്രൊഫ. കരോള്‍ സിക്കോറ പറഞ്ഞു