ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയിലെത്തുന്ന കേരളീയ വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന കാലയളവിലേയ്ക്കായി സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഉറപ്പാക്കുവാൻ സർവ്വകലാശാലകൾക്ക് സാധിക്കാത്തതും , ചിലയിടങ്ങളിൽ സർവകലാശാല നൽകുന്ന താമസ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ ആവാത്തതുമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളോടൊപ്പം ഭർത്താവോ കുട്ടികളോ ഉണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ്. ലണ്ടനിലെ ഒരു പ്രശസ്ത സർവകലാശാലയിൽ നിയമത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജയേഷ് പിള്ള വലിയ സാമ്പത്തിക പിന്തുണയില്ലാത്ത ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ തന്റെ 20 മണിക്കൂർ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ആറ് മുറിയുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഓരോ മുറിയിലും മൂന്ന് വിദ്യാർത്ഥികളുള്ള ഈ കെട്ടിടത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉള്ളത്. ഇതിനായി പ്രതിമാസം 350 പൗണ്ട് താൻ നൽകേണ്ടതായി വരികയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വീട്ടുടമസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം വ്യത്യസ്ത വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് കൊണ്ടുവരുന്നത് തുടരുകയും മുറി മാറുവാൻ ജയേഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ നേരിടുന്ന നിരവധി പേരാണ് ബ്രിട്ടനിലുള്ളത്. ലണ്ടനിലെ തെരുവുകളിൽ വിദ്യാർത്ഥികൾ ഭിക്ഷാടനം നടത്തുന്നതായി പോലും റിപ്പോർട്ടുകളുണ്ട്.
ഇത് മലയാളി വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല. യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യമാണ് പൊതുവായി ഉന്നയിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ കോൺസുലേറ്റ് ഈ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് വളരെ ആവശ്യമാണെന്നും ഇവിടങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതോടൊപ്പം തന്നെ താമസ സൗകര്യം ലഭിക്കാതെ മറ്റുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ വിദ്യാർത്ഥികൾ ഒരിക്കലും ശ്രമിക്കരുതെന്നും നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.
അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.
കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച്‌ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നതു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്റെ തുടർച്ചയായി കീരീടധാരണത്തിന് മറ്റൊരു ലോങ് വീക്കെൻഡിനുള്ള സാധ്യത ഏറെയാണ്.
കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിക്ഷേപകരെ ശാന്തമാക്കാൻ അടിയന്തിര നീക്കം നടത്തിയതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മുന്നറിയിപ്പുമായി അധികൃതർ. നിലവിലെ സാമ്പത്തിക സ്ഥിരതയ്ക്ക് തിരിച്ചടിയാകാൻ സാധ്യത ഉണ്ടെന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ ഗവണ്മെന്റ് ബോണ്ടുകൾ വാങ്ങാനും, പെൻഷൻ ഫണ്ടുകൾ സ്ഥിരപ്പെടുത്താനുമുള്ള നീക്കം മുന്നിൽ കണ്ടുകൊണ്ടാണ് അധികൃതരുടെ നടപടി.
സർക്കാരിന്റെ മിനി ബജറ്റ് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബാങ്കിന് ഇടപെടേണ്ടി വരുന്നത്. ചാൻസലർ നികുതിയിളവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനു തുക എവിടെ നിന്ന് കണ്ടെത്തുമെന്നുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. എന്നാൽ പദ്ധതിയിൽ വിശ്വാസമുണ്ടെന്നാണ് ഏറെപ്പേരും അഭിപ്രായപ്പെടുന്നത്. സമ്പദ് വ്യവസ്ഥ വളർത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും എം പി മാർ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ചാൻസിലർ ക്വാസി ക്വാർട്ടെംഗ് പറഞ്ഞു.
എന്നാൽ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള ബാങ്കിന്റെ മുന്നറിയിപ്പ് വിരളമാണെന്നും നിലവിലെ പ്രശ്നത്തെ അവഗണിക്കാൻ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. തിങ്കളാഴ്ച മുതൽ നിക്ഷേപകരെ ശാന്തമാക്കാൻ ട്രഷറി നടപടികൾ സ്വീകരിച്ചിട്ടും സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന് ബാങ്ക് ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കുറ്റം ക്ലീവ്ലാൻഡ് പോലീസ് ആക്ടിംഗ് ഇൻസ്പെക്ടർ നാല്പത്തഞ്ചുകാരനായ ലീ മോർഗൻ സമ്മതിച്ചു. ഇതോടെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ അവധിക്കാലത്ത് ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ട് സ്ത്രീകളുടെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിക്കുകയും, ഇതോടൊപ്പം തന്നെ ഒരാളോട് രാത്രി മുഴുവൻ മോശമായ രീതിയിലുള്ള സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തതാണ് മോർഗനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. നോർത്ത് യോർക്ക്ഷെയറിലെ ഇംഗ്ലെബി ബാർവിക്കിൽ താമസിക്കുന്ന ലീ മോർഗൻ, തിങ്കളാഴ്ച ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും കുറ്റസമ്മതം നടത്തിയതോടെ ഇദ്ദേഹത്തെ ഉടൻതന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സംഭവം നടന്നതിന്റെ പ്രധാന കാരണം മോർഗൻ മദ്യപിച്ചിരുന്നതായിരുന്നുവെന്ന് കോടതി പരാമർശിച്ചു.
കുറ്റങ്ങൾ നടക്കുന്ന സമയത്ത് മോർഗൻ ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ റേച്ചൽ ബട്ട് കോടതിയിൽ വ്യക്തമാക്കി. മാർഗൻ നടത്തിയ പ്രവർത്തികൾ സിസിടിവിയിൽ പതിഞ്ഞു എന്നതും കോടതി വിലയിരുത്തി. തന്റെ സ്വകാര്യത മോർഗൻ ലംഘിച്ചതായി അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ കോടതിയിൽ വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ താൻ ഒരു ലൈംഗിക അതിക്രമത്തിന് ഇരയായതായി തനിക്ക് തോന്നുന്നില്ലെന്ന് വ്യക്തമാക്കി. മോർഗന്റെ ഭാഗത്തു നിന്നും മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ പ്രവർത്തികളും ഉണ്ടായിട്ടില്ലെന്ന് ഡിഫെൻസ് സോളിസിറ്റർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ജഡ്ജി ഈ കേസിൽ ഒരു വിധി പുറപ്പെടുവിക്കാതെ ക്രൗൺ കോടതിയിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ നവംബർ 14ന് കോടതിയിൽ ഹാജരാകും വരെ മോർഗന് ഉപാധികൾ ഒന്നുമില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ കെയർ ഹോം ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ ഇംഗ്ലണ്ടിൽ ഏകദേശം 500,000 ത്തോളം കെയർ സ്റ്റാഫുകൾ കൂടി ആവശ്യമായി വരുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞവർഷം 50,000 ത്തോളം സ്റ്റാഫുകളുടെ കുറവ് വന്നുവെന്ന റിപ്പോർട്ട് ഇപ്പോൾ പുതിയ ആശങ്കയ്ക്ക് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുകയാണ്. സ്കിൽസ് ഫോർ കെയറിന്റെ വാർഷിക റിപ്പോർട്ടിലാണ് ഏകദേശം 165,000 ജോലികൾ ഒഴിഞ്ഞുകിടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുമുള്ള പ്രശ്നങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇത്തരം ജീവനക്കാരുടെ ആവശ്യകത കൂടിയ സാഹചര്യവും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ കയർ ഹോം ജീവനക്കാരുടെ അഭാവം പരിരക്ഷ വേണ്ടുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
അതോടൊപ്പം തന്നെ നിലവിലുള്ള ജീവനക്കാരിൽ 28 ശതമാനം പേരോളം 55 വയസ്സ് കഴിഞ്ഞവർ ആയതിനാൽ, പത്തുവർഷത്തിനുള്ളിൽ തന്നെ ഇവർ റിട്ടയർ ചെയ്യുമെന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ജീവനക്കാരുടെ കുറവുള്ളതിനാൽ പരിചരണത്തിന്റെ ഗുണനിലവാരം കുറയുന്നതായും സ്‌കിൽ ഫോർ കെയർ കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലമായുള്ള തുച്ഛമായ വേതനം ഇത്തരത്തിൽ എണ്ണം കുറയുന്നതിന്റെ ഒരു പ്രധാന കാരണമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. കെയർ വർക്കർമാരുടെ ശരാശരി മണിക്കൂർ വേതനം നിലവിൽ 9.50 പൗണ്ടാണ്. എൻ എച്ച് എസിലെ പുതിയ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ലഭിക്കുന്നതിനേക്കാൾ 1 പൗണ്ട് കുറവാണ് ഈ തുക എന്നത് ഭൂരിഭാഗം പേരെയും ഈ തൊഴിലിലേക്ക് നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ആവശ്യത്തിന് കെയർ ബെഡുകളും ഹോംകെയർ പാക്കേജുകളും ലഭ്യമല്ലാത്തതിനാൽ ആശുപത്രികൾക്ക് രോഗികളെ ആവശ്യത്തിലധികം സമയം വാർഡുകളിൽ നിർത്തേണ്ടിവരുകയും ഇത് മറ്റ് മെഡിക്കൽ ചികിത്സകളുടെ വിതരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് വെസ്റ്റിനും ആവേശോജ്ജ്വലമായ പരിസമാപ്തി. ബോളിവുഡ് ഡാൻസ് മത്സരത്തിൽ ബിസിഎംസി ബെർമിംഗ്ഹാം ഒന്നാം സമ്മാനവും ആയിരത്തൊന്നു പൗണ്ടും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം എലൈറ്റ് ലിവർപൂൾ (751 പൗണ്ടും ) കീത്തിലി ബോയ്സ് (501 പൗണ്ടും ) ആണ് . യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങൾക്കും സംഘടനകൾക്കും വിവിധ മേഖലകളിലെ അവാർഡ് സമ്മാനിച്ചു.
മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച സംഘടനകൾക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയാണ്. 2005 -ൽ സ്ഥാപിതമായ ബിസിഎംസിയിൽ 250 ഓളം കുടുംബങ്ങളാണ് ഉള്ളത്. കിഡ്നി ഫെഡറേഷനു വേണ്ടി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ, ഓൾ ഓവർ യുകെയിൽ നിന്നുള്ള മലയാളികളെ ഉൾപ്പെടുത്തി നടത്തിയ വടംവലി മത്സരംഎന്നിവയിലൂടെ ബി സി എം സി ജനമനസുകളിൽ സ്ഥാനം പിടിച്ചിരുന്നു . ചിറമേലച്ചൻറെ നേതൃത്വത്തിലുള്ള ചാരിറ്റിക്കായി ഏതാണ്ട് 10000 പൗണ്ടാണ് സമാഹരിച്ചത് . പ്രസിഡണ്ട് ബെന്നി ഓണശ്ശേരിയാണ് ബിസിഎംസിയുടെ അവാർഡ് ഏറ്റുവാങ്ങിയത്.
ബെസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷനുള്ള അവാർഡ് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിക്കാണ് ലഭിച്ചത്. മലയാളം യുകെയുടെ കഴിഞ്ഞതവണത്തെ അവാർഡ് നൈറ്റ് ഏറ്റെടുത്ത് വിജയിപ്പിച്ചത് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ്. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജയ് കൃഷ്ണനും ചേർന്നാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെയ്ക്കാണ് സാമൂഹിക പരിഷ്കരണത്തിനുള്ള അവാർഡ് ലഭിച്ചത്. കഴിഞ്ഞ ഏഴുവർഷക്കാലമായി ഗുരുധർമ്മങ്ങൾക്ക് അധിഷ്ഠിതമായി മതേതര മൂല്യം ഉയർത്തിപ്പിടിച്ച് ജാതിമത ഭേദമന്യേ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാൻ സേവനം യു കെയ്ക്ക് കഴിഞ്ഞു.
വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തനിക്കെതിരെ പാർട്ടിയിൽ നടക്കുന്ന പടയൊരുക്കത്തിൽ സമവായ നീക്കവുമായി പ്രധാനമന്ത്രി ലിസ് ട്രസ്. ഇതിന്റെ ഭാഗമായി ഈ ആഴ്ച ടോറി എം പി മാരുമായി കൂടിക്കാഴ്ച നടത്തും. ലിസ് ട്രസിന്റെ നയങ്ങൾ ഭിന്നിപ്പിക്കുന്നതാണെന്ന പ്രസ്താവന പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പുറത്തു വന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ ആഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ സർക്കാരിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതിഷേധം പുറത്തു വന്നിരുന്നു. എന്നാൽ അതേസമയം വിഷയത്തിൽ പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരക്കണമെന്നാണ് കാബിനറ്റ് മന്ത്രിമാർ ആവശ്യപ്പെട്ടത്. പാർട്ടിയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിൽ, തന്റെ എതിരാളിയായിരുന്ന റിഷി സുനക്കിന്റെ അടുത്ത സുഹൃത്തിന് സർക്കാർ സ്ഥാനം നൽകിയിരുന്നു. മോശം പെരുമാറ്റ പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ട കോണർ ബേൺസിന് പകരക്കാരനായി ഗ്രെഗ് ഹാൻഡ്‌സിനെ വ്യാപാര മന്ത്രിയായി ലിസ് ട്രസ് നിയമിക്കുകയും ചെയ്തിരുന്നു .
നേതൃമത്സരത്തിൽ സുനക്കിനെ പരാജയപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ മാസം പ്രധാനമന്ത്രി പദത്തിലെത്തിയ ലിസ് ട്രസ്, ഇതിനകം തന്നെ ഒന്നിലധികം തവണയായി എതിർപ്പ് നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എം പി മാർ രംഗത്ത് വന്നിരുന്നു.
നികുതി വെട്ടിക്കുറച്ച മിനി-ബജറ്റ് സാമ്പത്തിക വിപണിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും തിരിച്ചടിയായി. പണപ്പെരുപ്പത്തേക്കാൾ വരുമാനത്തിന് അനുസൃതമായി ജോലി ചെയ്യാനുള്ള ആനുകൂല്യങ്ങൾ ഉയർത്താൻ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിനെ ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പൂർണ്ണ ഗർഭകാലം കഴിയുന്നതിനു മുൻപ് പ്രസവം നടന്നശേഷം നിയോനേറ്റൽ കെയറിൽ കഴിഞ്ഞിരുന്ന ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് വിചാരണ നേരിടുകയാണ് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ മുപ്പത്തിരണ്ടുകാരിയായ നേഴ്സ് ലൂസി ലെറ്റ്‌ബി. ഏഴ് പേരെ കൂടാതെ, മറ്റു പത്തോളം കുഞ്ഞുങ്ങളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു. ഇൻസുലിനും, പാലും, ചിലപ്പോൾ വായുവും മറ്റും അമിതതോതിൽ കുത്തി വെച്ചാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഏകദേശം 12 മാസങ്ങളിലായി ഇവർ 5 ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഉൾപ്പെടെ ഏഴോളം കുട്ടികളെ കൊലപ്പെടുത്തി എന്നാണ് കേസ്. നിയോനേറ്റൽ വാർഡിൽ മാതാപിതാക്കൾ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നതിനാൽ രാത്രി ഷിഫ്റ്റുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരം പ്രവർത്തികൾ നടത്തിയതെന്നാണ് ആരോപണം. നിരവധി കുഞ്ഞുങ്ങൾക്ക് ഇൻസുലിൻ അമിതതോതിൽ നൽകിയാണ് അപകടപ്പെടുത്തിയത്. ബേബി ഇ എന്നറിയപ്പെട്ട മറ്റൊരു കുട്ടിക്ക് ഇവർ വായു കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കേട്ടു. ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ എയർ എംബോളസ് എന്നാണ് പറയുന്നത്, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചാണ് കുട്ടി മരണപ്പെടുന്നത്. ഫീഡിംഗ് ട്യൂബുകളിലൂടെയും സിരകളിലൂടെയും കുട്ടികളിലേക്ക് അപകടകരമായ അളവിൽ ഇവർ പാൽ പമ്പ് ചെയ്തിരുന്നതായും ആരോപണമുണ്ട്.
തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു കുറ്റങ്ങളും ലെറ്റ്ബി അംഗീകരിച്ചിട്ടില്ല. ഒരു കുട്ടിയെ ഏകദേശം മൂന്നോളം തവണ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായും കോടതി വാദം കേട്ടു. അപകടത്തിൽ പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളും വിചാരണ സമയത്ത് കോടതിയിൽ സന്നിഹിതരായിരുന്നു. 2015 ന് മുൻപ് ഈ ആശുപത്രിയിലെ നിയോനേറ്റൽ വാർഡിലെ മരണനിരക്ക് മറ്റ് ഏതൊരു ആശുപത്രിയിലെയും പോലെ തന്നെ ആയിരുന്നു. എന്നാൽ പിന്നീടാണ് ഈ മരണ നിരക്കിൽ ക്രമാതീതമായ വർദ്ധന ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഏകദേശം ആറുമാസത്തോളം വിചാരണ നീളുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യോർക്ക്ഷെയറിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റ് വേദിയെയും കാണികളെയും ത്രസിപ്പിച്ച ഒരു പ്രകടനമായിരുന്നു മൂന്നു വയസ്സുകാരി അരുണിമ സജീഷ് കാഴ്ച വെച്ചത്. ‘അണ്ണാറ കണ്ണാ വാ ‘ എന്ന മലയാള ഗാനം ഈ മൂന്നു വയസ്സുകാരിയുടെ ശ്രുതി മാധുര്യത്തിലൂടെ കാണികളിലേക്ക് എത്തിയപ്പോൾ, കേട്ടിരുന്ന എംപിയും മേയറും ഉൾപ്പെടെയുള്ളവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. അലൻസ് ക്രോഫ്റ്റ് നേഴ്സറി വിദ്യാർത്ഥിയായ അരുണിമ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബിർമിങ്ഹാമിലെ കിങ്‌സ് ഹീത്തിലാണ് അരുണിമയുടെ കുടുംബം താമസിക്കുന്നത്. അരുണിമയുടെ പിതാവ് സജീഷ് ദാമോദരൻ സേവനം യുകെയുടെ സ്ഥാപകരിൽ ഒരാളും, ബിസിഎംസിയുടെ മുൻ സെക്രട്ടറിയും, ബിർമിങ്ഹാം ഹയാട്ട് റീജൻസിയിലെ ജീവനക്കാരനുമാണ്. യുകെയുടെ പല മേഖലകളിലും യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘടനയാണ് സേവനം യു കെ. മലയാളം യുകെ അവാർഡ് നൈറ്റിൽ ഇത്തവണ സാമൂഹിക സേവനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം നേടിയതും സജീഷിന്റെ സേവനം യു കെ ആയിരുന്നു.
ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ സ്മിത സജീഷാണ് അരുണിമയുടെ മാതാവ്. ബിർമിങ്ഹാം ക്വീൻ എലിസബത്ത് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ സ്മിതയുടെ ഹിന്ദി ഗാനവും അവാർഡ് നൈറ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. അരുണിമയുടെ സഹോദരങ്ങളായ പതിമൂന്നു വയസ്സുകാരൻ അർജുൻ സജീഷും, പത്തു വയസ്സുകാരൻ ആര്യൻ സജീഷും ഗായകരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനത്തോടെ അരുണിമ നിരവധി പേരുടെ അഭിനന്ദനത്തിന് അർഹയായിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ഇത്രയും വലിയ ഒരു വേദിയിൽ തന്റെ മകൾക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് സജീഷ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളം യുകെയുടെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് മത്സരത്തിനും വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ കൃത്യം 2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് മത്സരത്തിൽ ഒന്നിനൊന്നു മികച്ച പ്രകടനങ്ങളോടെയാണ് വിവിധ ടീമുകൾ മാറ്റുരച്ചത്. ഒന്നാം സമ്മാനത്തിനുള്ള ട്രോഫിയും 1001 പൗണ്ട് ക്യാഷ് അവാർഡും BCMC ബെർമിംഗ്ഹാം ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനവും 751 പൗണ്ട് ക്യാഷ് അവാർഡും എലൈറ്റ് ലിവർപൂൾ ടീം കരസ്ഥമാക്കി. മൂന്നാം സ്ഥാനവും 501 പൗണ്ട് ക്യാഷ് അവാർഡും കീത്തിലി ബോയ്സ് ടീം കരസ്ഥമാക്കി.
ബോളിവുഡ് ഡാൻസ് മത്സരത്തിനു ശേഷം വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.
മലയാളം യുകെ അവാർഡിനർഹരായ സംഘടനകളും വ്യക്തികളും
1. ബെസ്റ്റ് അസോസിയേഷൻ ഓഫ് ദ ഇയർ: ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി
2. ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ : ഫാ. മാത്യു മുളയോലിൽ
3. കണ്ടമ്പററി ആർട്ടിസ്റ്റ് ഓഫ് ദി ഇയർ : ഫെർണാണ്ടസ് വർഗീസ്
4. ബെസ്റ്റ് സോഷ്യൽ റീഫോർമെർ : ജോസ്ന സെബാസ്റ്റ്യൻ സാബു
5. ബെസ്റ്റ് സപ്പോർട്ടിംഗ് അസോസിയേഷൻ ഓഫ് മലയാളംയുകെ : ലെസ്റ്റർ കേരള കമ്മ്യൂണിറ്റി
6. സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ: ഫാ. ഹാപ്പി ജേക്കബ്
7. സ്റ്റോറി റൈറ്റർ ഓഫ് ദ ഇയർ: പ്രൊഫ.റ്റിജി തോമസ്
8. ബെസ്റ്റ് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ റീഫോം : സേവനം യുകെ
9. എമേർജിങ് എന്റർപ്രെന്യൂർ ഓഫ് ദി ഇയർ : എലിസബത്ത് ഇന്റർനാഷണൽ
10. സ്റ്റാർ ഐക്കൺ ഓഫ് ദ ഇയർ: ആൽബർട്ട് ആന്റണി
11.ഫിലാന്ത്രോപിക് ഓർഗനൈസേഷൻ ഓഫ് ദ ഇയർ: കലാകേരളം
12.എക്സ്സെലൻസ് ഓഫ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ഇന്റെർവെൻഷൻ : ബൈജു വർക്കി തിട്ടാല
13. ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ: കൃപാ തങ്കച്ചൻ
14. ഡിസ്റ്റിംഗ്ഷെഡ് നേഴ്സ് ഓഫ് ദി ഡികെയ്ഡ് : മിനിജ ജോസഫ്
15. ക്ലാസിക്കൽ ഡാൻസ് ഇൻസ്ട്രക്ടർ ഓഫ് ദ ഇയർ: ഡോ. രജനി പാലക്കൽ
16. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ഓഫ് ചാരിറ്റി വർക്ക് : ടോം ജോസ് തടിയമ്പാട്
17. സർവൈവർ ഓഫ് ദ ഇയർ: നോബി ജെയിംസ്
18. ഫിലാന്ത്രോപിസ്ററ് ഓഫ് ദി ഇയർ : ടോണി ചെറിയാൻ
19. ഔട്ട്സ്റ്റാൻഡിങ് കോൺട്രിബൂഷൻ ഓഫ് മലയാളംയുകെ : ബാബു സെബാസ്റ്റ്യൻ
20. കണ്ടമ്പററി ഡാൻസ് കൊറിയോഗ്രാഫർ ഓഫ് ദി ഇയർ : കലാഭവൻ നൈസ്
മലയാളം യുകെ ന്യൂസിന്റെ അവാർഡ് നൈറ്റിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശന കർമ്മം നടന്നു. രണ്ടു പുസ്തകങ്ങളും മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച പംക്തികളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരങ്ങളാണ്. വർണ്ണ ശബളമായ സദസ്സിലേയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉച്ചയോടെ ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.