Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അശ്ലീലം നിറഞ്ഞ വീഡിയോകളും ചിത്രങ്ങളും മോർഫിങ്ങിലൂടെ പങ്കുവെക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ചു ഇംഗ്ലണ്ട്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ താക്കീതുമായി രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം. അടുപ്പമുള്ള ആളുകളുടെ ചിത്രത്തിൽ തലവെട്ടി കയറ്റി ഓൺലൈനിൽ ഷെയർ ചെയ്യുന്ന രീതിക്ക് ഇതോടെ വിരാമമാകും. ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചു പണം തട്ടുന്നതും നിത്യസംഭവമായി മാറിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

അടുത്ത് കാലത്ത് റിപ്പോർട്ട്‌ ചെയ്ത പല കേസുകളും ഇതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നിരവധി കേസുകളിൽ സ്ത്രീകളായിരുന്നു ഇങ്ങനെ ഇരയാക്കപ്പെട്ടിരുന്നത്. അനുവാദമില്ലാതെ ചിത്രങ്ങൾ നിർമിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുതിർന്നവരിൽ 14-ൽ ഒരാൾ ചിത്രങ്ങൾ ഉടമസ്ഥരുടെ അനുവാദമില്ലാതെ പങ്കുവെക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തലിന്റെ രൂപത്തിലായിരുന്നു.

വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്ന സംഘങ്ങൾ ഇതിനായി ആശ്രയിക്കുന്നത് സാങ്കേതികവിദ്യയെ തന്നെയാണ്. ഇതിലെ പ്രധാനി എന്ന് കണക്കാക്കുന്ന സൈറ്റ് കഴിഞ്ഞ ഒരു വർഷം തന്നെ 38 ദശലക്ഷത്തിലധികം ആളുകളാണ് സന്ദർശിച്ചത്. ടോറി നേതൃത്വ മത്സരത്തിൽ ഇതുമായി ബന്ധപ്പെട്ട നിർണായക വാഗ്ദാനം പ്രധാനമന്ത്രി ഋഷി സുനക് നൽകിയിരുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതാണ് യഥാർത്ഥത്തിൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിവിധ ഇടങ്ങളിൽ നിന്നും യുകെയിലേയ്ക്ക് പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്താൻ ഒരുങ്ങി സർവകലാശാലകൾ. ബ്രിട്ടനിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുവാൻ പ്രധാനമന്ത്രി ഋഷി സുനക് കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണിത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ നിർബന്ധമായും ഒരു സർവകലാശാലയിൽ അഡ്മിഷൻ എടുത്തിരിക്കണം. ഇല്ലാത്തപക്ഷമാണ് വിലക്ക് ഏർപ്പെടുത്തുക. ഒരു വർഷത്തിനുള്ളിൽ യുകെയിലേക്ക് എത്തുന്ന ആശ്രിതരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായതിനെ തുടർന്നാണ് നിർണായക നീക്കം.

കഴിഞ്ഞ വർഷം ജൂൺ മാസം വരെ മൊത്തം ഏകദേശം 1.1 ദശലക്ഷം ആളുകളാണ് യുകെ യിൽ എത്തിച്ചേർന്നതെന്നാണ് എമിഗ്രേഷൻ കേന്ദ്രത്തിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കഴിഞ്ഞ 12 മാസങ്ങളിലെ കുടിയേറ്റം 173,000 നെറ്റ് മൈഗ്രേഷന്റെ മൂന്നിരട്ടിയാണ്. കൂടാതെ ഈ കണക്ക് 2015 മാർച്ച് വരെയുള്ള വർഷത്തിലെ ബ്രെക്‌സിറ്റിന് മുമ്പുള്ള 336,000 എന്ന റെക്കോർഡിനേക്കാൾ കൂടുതലാണ്.

ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ ഏറെയും യുകെയിൽ എത്തിയിരിക്കുന്നത്. ഇത്തരമൊരു നിയന്ത്രണം എത്തുന്നതോടെ പ്രധാനമായും ബാധിക്കുക മലയാളികളായ നിരവധി വിദ്യാർത്ഥികളെയാണ്. ജീവിതത്തിൽ നിരവധി സ്വപ്നങ്ങളുമായെത്തിയ വിദ്യാർത്ഥികൾ വാർത്ത പുറത്തു വന്നതിനു പിന്നാലെ സങ്കടത്തിലാണ്.

നിലവാരം കുറഞ്ഞ ഡിഗ്രി കോഴ്സുകൾക്കെതിരെ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നടപടിയെടുക്കുമെന്ന് നാദിം സഹാവി വാഗ്ദാനം ചെയ്തിരുന്നു. വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്ന യൂണിവേഴ്സിറ്റികൾക്കും, കുറഞ്ഞ ബിരുദ വരുമാനവുമുള്ള സർവ്വകലാശാലകൾക്കും ഇതിന്റെ ഭാഗമായി പിഴ ചുമത്തിയിരുന്നു.
യുക്രൈയ്ൻ, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റമാണ് അധികൃതരെ നടപടിയിലേക്കെത്തിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലസ്റ്ററിൽ മലയാളികുടുംബം നേരിട്ടത് കൊടും ക്രൂരത. മൂന്ന് ദിവസം മുൻപാണ് ഇവർ യുകെയിൽ എത്തിയത്. വീട്ടിൽ അതിക്രമിച്ചെത്തിയ അക്രമി ഭർത്താവിന്റെ മൂക്കിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയെ മാരകമായി ആക്രമിക്കുകയും ചെയ്തു. ഇന്ത്യക്കാരൻ എന്ന വ്യാജേന അടുത്തുകൂടിയ അക്രമിയാണ് കുടുംബത്തെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹായം അഭ്യർത്ഥിച്ച് അടുത്തുകൂടിയ ശേഷം ആക്രമണത്തിന് ഇയാൾ മുതിരുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡെലിവറി ബോയിയെ പോലെ തോന്നുന്ന ഒരാൾ, മാസ്ക് ധരിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാർ അയാളെ റൂം മാറിപ്പോയി എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നെയും പല കാര്യങ്ങളും പറഞ്ഞ് ഇയാൾ പിന്നാലെ അടുത്തുകൂടി. തുടർന്ന് മുറികാണിച്ചു തരാൻ ഒപ്പം വരണമെന്ന് ഇയാൾ ആവശ്യപ്പെടുകയും, ഇതനുസരിച്ച് കൂടെ ചെല്ലുകയും ചെയ്തു. താൻ ഇന്ത്യനാണെന്ന് പരിചയപ്പെടുത്തിയ അക്രമി, മൊബൈൽ ഫോൺ തരണമെന്ന് ആവശ്യപ്പെട്ടു.

ആരെയോ വിളിച്ചു എന്ന് തോന്നിപ്പിച്ച ശേഷം പത്തു പൗണ്ടായി ഇയാളുടെ ആവശ്യം. ചേഞ്ച്‌ വേണം എന്ന വ്യാജേനയാണ് ഇയാൾ അക്രമത്തിനു തുടക്കമിട്ടത്. പണം നൽകാനായി പേഴ്സ് എടുത്ത യുവാവിനെ മാരകമായി ആക്രമിക്കുകയും, തല്ലി അവശനാക്കുകയും ചെയ്തു. തടയാൻ ചെന്ന യുവതിയെയും യാതൊരു മര്യാദയുമില്ലാതെ ഇയാൾ ഇടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസും ആംബുലൻസും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളികളുടെ കൈവശം ധാരാളം സ്വർണവും പണവും ഉണ്ടെന്ന് ധാരണ ഇത്തരം അക്രമങ്ങളിൽ ഉണ്ട്. അതുകൊണ്ട് യുകെയിലെ മലയാളികൾ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ചൈനീസ് നിർമ്മിത സെക്യൂരിറ്റി ക്യാമറകൾക്ക് നിരോധനം. സെൻസിറ്റീവ് സൈറ്റുകളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് ഇത്.

രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലുള്ള ഉപകരണങ്ങൾ പൂർണമായും നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ ഡിപ്പാർട്ട്‌മെന്റൽ കോർ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. യു കെയ്ക്ക് എതിരെ ഭീഷണി വർദ്ധിച്ചു വരികയാണ്. ഇത്തരം സിസ്റ്റങ്ങൾ അനുദിനം കൂടുതൽ കരുത്താർജിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു.

ചൈനയുടെ ദേശീയ രഹസ്യാന്വേഷണ നിയമത്തിന് വിധേയമായി കമ്പനികൾ നിർമ്മിക്കുന്ന ഉപകരണങ്ങളാണ് ഇവ. അതിനാൽ ഇത്തരം നിയന്ത്രണം അനിവാര്യമാണ്. രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഇവ ഭീഷണിയാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ ഓഫറുകളുമായി റീട്ടെയിൽ കട ഉടമകളും, കമ്പനികളും രംഗത്തെത്തിയിരിക്കുകയാണ് . വീട്ടുപകരണങ്ങളിൽ 50% ഓഫർ വരെയാണ് ചിലയിടങ്ങളിൽ ലഭ്യമാക്കുന്നത്. ബ്രെഡ് മേക്കറുകൾ, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ, എയർ ഫ്രയറുകൾ, ബ്ലെൻഡറുകൾ, എച്ച്‌ഡി ടെലിവിഷനുകൾ എന്നിവയെല്ലാം തന്നെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകൾ. ആമസോൺ , ജോൺ ലൂയിസ് , സിംബ , ഷാർക്ക് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ അവരുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നേരത്തെ തന്നെ പരസ്യപ്പെടുത്തി കഴിഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് പ്രയോജനപ്പെടുത്താനായി ചില ഓഫറുകൾ ഇതാ :-

ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ഷാർക്ക് കമ്പനിയുടെ പവേർഡ് – ലിഫ്റ്റ് – എവേ അപ്പ്റൈറ്റ് വാക്വം ക്ലീനർ ആമസോണിലൂടെ 161 പൗണ്ട് വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റ് മോഡലുകളേക്കാൾ അൽപ്പം ഭാരമുള്ളതാണെങ്കിലും, കൂടുതൽ പവർ ഈ മോഡലിന് ഉണ്ടെന്നുള്ളത് കാർപെറ്റുകൾ മുതൽ ഹാർഡ് ഫ്ലോറുകൾ വരെ ഇവയെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുന്നു.


ഡൈസൻ എയർറാപ്പ് സ്റ്റൈലർ കംപ്ലീറ്റിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 105 പൗണ്ട് വരെ ലാഭിക്കാവുന്ന തരത്തിലുള്ള ഓഫർ ആണ് വന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ എക്കോ ഡോട്ടിന്റെ അഞ്ചാം ജനറേഷൻ ബ്ലൂടൂത്ത് സ്പീക്കറിൽ 28 പൗണ്ടിന്റെ ലാഭമുണ്ടാക്കാനും ഉപഭോക്താക്കൾക്ക് ഇപ്പോൾ അവസരമുണ്ട്. മോർഫി റീചാർഡ്‌സിന്റെ ബ്രെഡ് മേക്കർ ഈ സമയത്ത് വാങ്ങുന്നവർക്ക് 60 പൗണ്ടിന്റെ ഓഫർ വരെയാണ് കമ്പനി ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ ആമസോൺ സ്മാർട്ട് പ്ലഗിലും 12 പൗണ്ടിന്റെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഡൈസൻ കോർഡ് ലെസ്സ് വാക്വം ക്ലീനറിലും 104 പൗണ്ടിന്റെ ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരത്തിൽ ഈ ക്രിസ്മസ് കാലം ആഘോഷകരം ആക്കുവാനുള്ള എല്ലാവിധ ഓഫറുകളുമായാണ് വിവിധ കമ്പനികൾ ഉപഭോക്താക്കൾക്കായി മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ യൂണിവേഴ്സിറ്റികളിൽ സമരം മുറുകുന്നു. ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, പെൻഷൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അധ്യാപകർ നടത്തിയ സമരം രൂക്ഷമാവുകയാണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് സമരത്തെ പിന്തുണച്ചു രംഗത്ത് വന്നു. അതേസമയം ക്ലാസുകൾ നഷ്ടപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കുറച്ച് വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം.

അടുത്ത ആഴ്ചയിൽ നടക്കുന്ന സമരത്തിൽ 70,000-ത്തിലധികം ജീവനക്കാർ പങ്കെടുക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. എന്നാൽ എത്രപേരാണ് പങ്കെടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അധ്യാപകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നിരവധി വിദ്യാർത്ഥികളും തെരുവിൽ ഇറങ്ങി.

സമരത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കെന്നാണ് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി വിശേഷിപ്പിച്ചത്. 2.5 ദശലക്ഷം വിദ്യാർത്ഥികളെ പണിമുടക്ക് ബാധിക്കുമെന്നാണ് യൂണിയൻ കണക്കാക്കുന്നത്. ശമ്പള കുറവ്, പെൻഷൻ വെട്ടിചുരുക്കൽ, തൊഴിൽ സാഹചര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വൈസ് ചാൻസലർമാർ വലിയ തുക ശമ്പളം വാങ്ങുമ്പോൾ അധ്യാപകർക്ക് തുച്ഛമായ തുക പോലും ലഭിക്കുന്നില്ല. ഇത് തിരുത്തപ്പെടേണ്ടതാണ്. ഇല്ലാത്തപക്ഷം, വരും വർഷങ്ങളിൽ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. എന്നാൽ സമരം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കൂടുതൽ തടസങ്ങൾ സൃഷ്ടിക്കുന്നത് നിരാശജനകമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2024 ഓടെ യുകെ വിമാനത്താവളങ്ങളിൽ ഹാൻഡ് ലഗേജിലെ ലിക്വിഡ്, ലാപ്‌ടോപ്പുകൾ എന്നിവയുടെ സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. 2024 പകുതിയോടെ കൂടുതൽ നൂതനമായ 3ഡി സ്കാനറുകൾ പുറത്തിറക്കുന്നത് സർക്കാർ പരിഗണിക്കുകയാണ്.


ആശുപത്രികളിൽ ഉപയോഗിക്കുന്ന സിടി സ്കാനറുകൾ പോലെയുള്ള ഉപകരണം ബാഗിന്റെ ഉള്ളിലെ എന്തുണ്ടെന്നതിനെ പറ്റി കൃത്യമായ ചിത്രം നൽകുന്നു. കോവിഡ് 19 നെ തുടർന്ന് ഇത് കുറച്ചു കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു. യുകെ യിലെ എയർപോർട്ടുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർണായക പ്രഖ്യാപനം വരുന്നത്. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസിന് മുന്നോടിയായി ഒരു തീരുമാനം ഉണ്ടാകുമെന്ന് ടൈംസ് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

നേരത്തെ, യാത്രക്കാർക്ക് കർശനമായ നിർദേശങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ലിക്വിഡ് കൊണ്ടുപോകുന്നത് നിരവധി നിയമവശങ്ങൾ അനുസരിച്ചു മാത്രമായിരുന്നു. എന്നാൽ പുതിയ ക്രമീകരണം വരുന്നതോടെ ഇത് ഒഴിവാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് പുതിയ ദേശീയ മാർഗനിർദേശങ്ങൾ പ്രകാരം ഇനിമുതൽ ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാൻഡ പ്രിച്ചാർഡാണ് ആദ്യമായി ആർത്തവവിരാമത്തെക്കുറിച്ച് ദേശീയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാർഗം തന്നെ പിന്തുടരണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ജോലിസമയങ്ങളിൽ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ നൽകുവാനും, ഇടവേളകൾ നൽകുവാനുമുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോവിഡ് മൂലം ആശുപത്രികളെല്ലാം പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കുവാൻ പരിശ്രമിക്കുന്ന ഈ സമയത്തും, ഇത്തരം ഒരു തീരുമാനം ഭാവിയിൽ എൻ എച്ച് എസിനു ഗുണം ചെയ്യും എന്ന നിലപാടാണ് ആരോഗ്യസേവന മേധാവി വ്യക്തമാക്കിയത്. ആർത്തവവിരാമം എന്നത് ആരോഗ്യപരമായ ഒരു പ്രശ്നമല്ലെന്നും, മറിച്ച് എല്ലാ സ്ത്രീകളും ജീവിതത്തിൽ നേരിടുന്ന ഒരു അവസ്ഥയാണെന്നും , അതിനാൽ തന്നെ സ്ത്രീകൾക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നും അമാൻഡ വ്യക്തമാക്കി.


ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളിൽ സന്ധി വേദന, ഉത്കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഹോട്ട് ഫ്ലഷുകൾ എന്നിവയും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടുന്നു. എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരു ശതമാനവും 45 മുതൽ 54 വയസ്സിനിടയിലുള്ള സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 2,60000 ത്തോളം ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എൻ എച്ച് എസ് ഗൈഡ് ലൈനുകൾ മറ്റു ജോലി സ്ഥലങ്ങളിലും പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ തുടർന്ന് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ മഞ്ഞുവീഴ്ച കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന ആഴ്ചകളിൽ താപനില കൂടുമെന്നും, ഒറ്റരാത്രികൊണ്ട് മഞ്ഞുവീണു മൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാഴ്ച മറഞ്ഞു അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഗ്ലാസിൽ വീഴുന്ന മഞ്ഞു നീക്കം ചെയ്തു മുന്നോട്ട് പോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥ പ്രവചനം പറയുന്നത്,വരണ്ടതും തണുത്തതുമായ കാലാവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നാണ്. ഒറ്റരാത്രികൊണ്ട് മഞ്ഞും മൂടൽമഞ്ഞും സാധ്യമാണെന്നും പറയുന്നു. എന്നാൽ വിൻഡ്‌സ്‌ക്രീനുകളിലെ മഞ്ഞു മായ്‌ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തണുപ്പിൽ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. വിവിധ രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലികളും മറ്റും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.

ഇതിനു പകരമായി കാർ സൂര്യനഭിമുഖമായി പാർക്ക് ചെയ്താൽ കുറെ അധികം നേട്ടങ്ങൾ ഉണ്ട്. ഐസ് ഉരുകാനും സ്ക്രാപ്പർ ഉപയോഗിക്കുന്നതിനുള്ള ഏത് ആവശ്യത്തെയും ചെറുക്കാനും സൂര്യന് കഴിയും. അതുപോലെ തന്നെ വിനാഗിരി വിൻഡ് സ്ക്രീനിൽ തളിക്കുന്നതും മഞ്ഞു ഉരുകാൻ സഹായിക്കും. വെള്ളവും വിനാഗിരിയും കലർന്ന മിശ്രിതം തലേദിവസം രാത്രി വിൻഡ്‌സ്‌ക്രീനിൽ സ്‌പ്രേ ചെയ്താൽ നല്ലതാണ്. ഒരു ബാഗിൽ ചെറു ചൂടുവെള്ളം നിറച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിസയ്ക്കും പാസ്പോർട്ടിനുമായി പലപ്പോഴും കാലതാമസം നേരിടാറുണ്ട്. പലപ്പോഴും ഇത് വി എഫ് എസിനും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച വ്യക്തത പുറപ്പെടുവിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ഇതനുസരിച്ച്, വിസകൾ, പാസ്‌പോർട്ട്, ഒസിഐ അല്ലെങ്കിൽ മറ്റ് കോൺസുലാർ സേവന അപേക്ഷകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 8 ദിവസമായിരിക്കും. പാസ്‌പോർട്ട് സേവനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് 10 ഉം ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ ഒസിഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 6 ആഴ്ചയും ആയിരിക്കും കാലതാമസം നേരിടുക. എന്നാൽ ക്രോസ് ചെക്കിംഗിനും ഇന്ത്യയിലെ അധികാരികളുടെ അംഗീകാരം ആവശ്യമുള്ള ചില സന്ദർഭങ്ങളിലും ഈ സമയക്രമത്തിൽ മാറ്റം ഉണ്ടാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും [email protected] എന്ന മെയിൽ ഐഡി ഉപയോഗിക്കുകയോ 02037938629 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ഇമെയിലിൽ, മുഴുവൻ പേര്, ദേശീയത, പാസ്‌പോർട്ട് നമ്പർ, അപേക്ഷ ARN അല്ലെങ്കിൽ GBRL നമ്പർ, അപേക്ഷ സമർപ്പിച്ച തീയതി, അപേക്ഷ സമർപ്പിച്ച VFS സെന്റർ എന്നിവ നിർബന്ധമായും സൂചിപ്പിക്കണം. മൊബൈൽ നമ്പർ ചേർക്കുന്നത് നിങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കും. ഏതെങ്കിലും കാരണത്താൽ സേവനത്തിന്റെ നിലവാരത്തിൽ പോരായ്മ ഉണ്ടാകുന്ന പക്ഷം നിങ്ങൾക്ക് പരാതി നൽകാനും അവകാശമുണ്ട്. [email protected] എന്ന മെയിൽ ഐഡി ഇതിനായി ഉപയോഗിക്കാം.

Copyright © . All rights reserved