ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗദി :- അവധിക്കാലം ആഘോഷിക്കാൻ സൗദിയിൽ എത്തിയ ലീഡ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്ന കാരണത്താലും, അക്കൗണ്ടിലൂടെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും മറ്റും പോസ്റ്റ് ചെയ്തതിലൂടെ രാജ്യത്ത് നിലവിലുള്ള സ്വസ്ഥത തകർക്കാൻ ശ്രമിച്ചെന്നുമുള്ള കാരണത്തിന് പെൺകുട്ടിക്ക് 34 വർഷം തടവു ശിക്ഷ വിധിച്ചിരിക്കുകയാണ് സൗദി. മുപ്പത്തിനാലുകാരിയായ സൽമ അൽ ഷെബാബിനെതിരെയാണ് സൗദി നടപടി സ്വീകരിച്ചിരിക്കുന്നത്.
ജനങ്ങൾക്കിടയിൽ അസ്വസ്ഥത പരത്തുവാൻ ശ്രമിച്ചതിനും, നിലവിലുള്ള ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കാരണത്തിലാണ് ശിക്ഷ ഉണ്ടായിരിക്കുന്നത്. നാലും ആറും വയസ്സുള്ള രണ്ട് ആൺമക്കളുള്ള സൽമയ്ക്ക് ആദ്യം ആറു വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നതെങ്കിലും, പിന്നീട് അവർ തന്റെ വിധിയെ ചോദ്യം ചെയ്ത അപ്പീൽ നൽകിയപ്പോഴാണ് അത് 34 വർഷമായി കോടതി വർധിപ്പിച്ചത്. ശിക്ഷ കഴിഞ്ഞതിനുശേഷം 34 വർഷത്തെ യാത്ര വിലക്കും ഇവർക്ക് ഉണ്ടായിരിക്കും.
സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, അതോടൊപ്പം തന്നെ തടവിൽ കഴിയുന്ന സ്ത്രീ സംരക്ഷണ പ്രവർത്തകരായ ലൗജെയിൻ അൽ ഹാത്തോളിനെ പോലുള്ളവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കുറ്റത്തിനാണ് സൽമയ്ക്ക് 34 വർഷത്തെ തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ പി എച്ച് ഡി വിദ്യാർത്ഥിനിയായ സൽമ അവധി ആഘോഷിക്കാനായി 2021 ജനുവരിയിൽ സൗദിയിൽ എത്തിയ സമയത്താണ് അവരെ അറസ്റ്റ് ചെയ്തത്. ഷിയാ മുസ്ലീം എന്ന നിലയിൽ ഉള്ള സൽമയുടെ മതപരമായ ഐഡന്റിറ്റി, അവളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഇനി ചിലവേറിയതാകും. അവധിക്കാലം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് പുതിയ നിരക്ക് നൽകേണ്ടിവരും. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങൾക്കായി പുതിയ വിസ ഒഴിവാക്കൽ ഫോം അവതരിപ്പിക്കുന്നതിനാലാണിത്. അംഗരാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് മുമ്പായി സന്ദർശകർ വിസ ഒഴിവാക്കൽ ഫോമിനായി 7 യൂറോ (£5.92) അധികമായി നൽകണം.
എന്നാൽ ആശ്വാസത്തിനും വകയുണ്ട്. ഈ പദ്ധതി 2023 അവസാനം വരെ വൈകുമെന്നാണ് സൂചന. 2023 നവംബറിൽ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നു. അതായത്, മിക്ക യുകെ യാത്രക്കാരും 2024 വരെ അധിക ചാർജ് നേരിടാൻ സാധ്യതയില്ല. 18-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് പുതിയ നിരക്ക് ബാധകമാകും. ഓരോ അപേക്ഷയും മൂന്ന് വർഷം നീണ്ടുനിൽക്കും.
ബ്രെക്സിറ്റിന് ശേഷം യാത്രാനിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വരുന്നുണ്ട്. ഇത് മനസ്സിലാക്കാതെ പലർക്കും അബദ്ധം സംഭവിക്കാറുണ്ട്. അതിനാൽ ബുക്കുചെയ്യുന്നതിനോ വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പ് എല്ലായ് പ്പോഴും വിദേശകാര്യ ഓഫീസിന്റെ ഏറ്റവും പുതിയ യാത്രാ നിർദേശം പരിശോധിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഈ ആഴ്ച വ്യാഴം, ശനി ദിവസങ്ങളിൽ ബ്രിട്ടനിലെ ട്രെയിനുകളിൽ അഞ്ചിലൊന്ന് മാത്രം സർവീസ് നടത്തും. അതിനാൽ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്ന് നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ആർഎംടി, ടിഎസ്എസ്എ, യൂണിറ്റ് യൂണിയനുകളിലെ ആയിരക്കണക്കിന് അംഗങ്ങളാണ് ഈ ദിവസങ്ങളിൽ സമരത്തിനിറങ്ങുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ട്രെയിൻ ഓടില്ല. സർവീസുകൾ നടത്തുന്നവ രാവിലെ 7.30 ന് ആരംഭിച്ച് വൈകുന്നേരം 6.30 ന് പതിവിലും വളരെ നേരത്തെ അവസാനിപ്പിക്കും.
ശമ്പളം, തൊഴിൽ സുരക്ഷ, വ്യവസ്ഥകൾ, പെൻഷനുകൾ എന്നിവയെച്ചൊല്ലി റെയിൽ ഓപ്പറേറ്റർമാരുമായും നെറ്റ്‌വർക്ക് റെയിലുമായും യൂണിയനുകൾ തുടരുന്ന തർക്കം കാരണമാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. വേനൽക്കാലത്ത്, 30 വർഷത്തിനിടയിലെ ഏറ്റവും വലിയ റെയിൽ പണിമുടക്ക് ഉൾപ്പെടെ നിരവധി സമരങ്ങൾ ജനങ്ങളുടെ യാത്രാ പദ്ധതികളെ ബാധിച്ചു. ഈ ആഴ്ച പണിമുടക്കുന്ന യൂണിയനുകളിൽ ട്രാൻസ്‌പോർട്ട് സാലറിഡ് സ്റ്റാഫ്സ് അസോസിയേഷനും (ടിഎസ്എസ്എ) ഉൾപ്പെടുന്നു.
പണിമുടക്കല്ലാതെ തൊഴിലാളികൾക്ക് വഴിയില്ലെന്ന് ടിഎസ്‌എസ്‌എ യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റു വാഹനങ്ങളെ പോലെതന്നെ രജിസ്ട്രേഷനും ഇൻഷുറൻസും ഓരോ സൈക്കിളുകൾക്കും നിലവിൽ വന്നേക്കാം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൈക്കിൾ യാത്രക്കാർക്ക് മേൽ വേഗപരിധി നിയന്ത്രണവും മന്ത്രിതലത്തിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അപകടങ്ങൾ പെരുകുന്നതാണ് നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.
മറ്റ് വാഹനങ്ങൾ മൂലം അപകടം സംഭവിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് മതിയായ നിയമ പരിരക്ഷയും ഇൻഷുറൻസും ലഭിക്കുമ്പോൾ സൈക്കിൾ തട്ടി അപകടം ഉണ്ടാകുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പലപ്പോഴും അപകടത്തിന് കാരണമായ സൈക്കിൾ തിരിച്ചറിയാൻ കഴിയാത്തതും അപകടത്തിൽപ്പെട്ട കാൽനടക്കയാത്രക്കാരന് മതിയായ ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിലവിലെ സംവിധാനത്തിനുള്ള പോരായ്മയുമാണ് മാറി ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.
നിലവിലെ നിയമപ്രകാരം കാൽനടയാത്രക്കാരുടെ അപകടത്തിനോ മരണത്തിനോ കാരണമാകുന്ന സൈക്കിൾ യാത്രക്കാർക്ക് രാജ്യത്തെ നിയമമനുസരിച്ച് പരമാവധി 2 വർഷം വരെ തടവ് ശിക്ഷയെ ലഭിക്കുകയുള്ളൂ. എന്നാൽ സമാനമായ അപകടത്തിന് കാരണമാകുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് രാജ്യത്ത് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഗതാഗത സെക്രട്ടറിയായിരുന്ന ഗ്രാൻറ് ഷാപ് സ് ആണ് സൈക്കിൾ യാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. 2019 -ൽ റോഡിൽ 470 കാൽനട യാത്രികരുടെ ജീവൻ പൊലിഞ്ഞപ്പോൾ 5 അപകടങ്ങൾക്ക് കാരണം സൈക്കിൾ യാത്രക്കാരുടെ പിഴവായിരുന്നു. ഈ വർഷം ഇതുവരെ മാത്രം 7 കാൽനടയാത്രക്കാർ ആണ് സൈക്കിൾ തട്ടി മരണമടഞ്ഞത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ബ്രിട്ടനിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നിലനിന്നിരുന്ന ഉഷ്ണ തരംഗം അവസാനിച്ച് കനത്ത മഴ ലഭിച്ചിരിക്കുകയാണ്. ഇതോടെ പലയിടങ്ങളിലും അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അതോടൊപ്പം തന്നെ ചിലയിടങ്ങളിൽ റോഡുകൾ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സവും ഉണ്ടായി. സോമർസെറ്റിലെ എ 358 റോഡിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടായത്. ഇതു വരെ ഏകദേശം 50 ടണ്ണോളം മണ്ണാണ് നീക്കം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4:00 മണിയോടെ തുറക്കാൻ ആകുമെന്നാണ് അധികൃതർ അറിയിച്ചത്. ജനങ്ങളെല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഡെവൺ, കോൺവോൾ എന്നിവിടങ്ങളിൽ കാലത്ത് വെള്ളപ്പൊക്കത്തിന്റെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മഴയുണ്ടായെങ്കിലും താപനിലയിൽ ക്രമാതീതമായ കുറവ് ഇല്ലെന്നാണ് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നത്. നിലവിൽ ഉണ്ടായിരിക്കുന്ന വരൾച്ച നീങ്ങുവാൻ ദിവസങ്ങളോളം മഴ ആവശ്യമാണെന്ന് വിദഗ്ധർ പറഞ്ഞു. കനത്ത വരൾച്ച മൂലം ഭൂമി വരണ്ടു കിടക്കുന്നതിനാൽ ആണ് ലഭിക്കുന്ന മഴ ഒഴുകി പോകുന്നത്. അതിനാൽ തന്നെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും ഉണ്ടാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ആർത്തവവിരാമത്തെ തുടർന്ന് മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വിവേചനം നേരിട്ട സംഭവത്തിൽ 55 കാരിയായ സ്ത്രീ ക്ലയിം നേടിയെടുത്തു. ‘ശാന്തമാക്കിയിരിക്കൂ..ഹോർമോണുകൾ നിയന്ത്രിക്കുക’ എന്ന പരാമർശത്തെ തുടർന്നാണ് സംഭവം. ഇതേ തുടർന്ന് ടെക് സിഇഒ ജാക്ക് വില്യംസിനെതിരായ പ്രായവിവേചന കേസിൽ ലൂയിസ് മക്‌കേബ് വിജയിച്ചു.
ഡിജിറ്റൽ ലോജിസ്റ്റിക്‌സ് സിഇഒ ജാക്ക് വില്യംസ്, ലൂയിസ് മക്‌കേബിനെ ‘ആർത്തവവിരാമം സംഭവിച്ച സ്ത്രീ’ ആയി കണക്കാക്കുകയും കമ്പനി മീറ്റിംഗിൽ മോശം പരാമർശം നടത്തുകയും ചെയ്തു. തുടർന്നാണ് കേസ് ട്രിബ്യുണലിനു പോയത്. സെലസാറിന്റെ ബോസ് മുതിർന്നവരെ ഐടി ബിസിനസുമായി പരിചയമില്ലാത്തവരായാണ് കണ്ടതെന്ന് കേസിൽ ജഡ്ജി കണ്ടെത്തി.
അന്യായമായ പിരിച്ചുവിടലിനെതിരെ വിജയകരമായി കേസ് നടത്തി നഷ്ടപരിഹാരം നേടിയെടുക്കുകയാണ് മക്‌കേബ്. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരോടുള്ള പെരുമാറ്റത്തെപറ്റി മക്‌കേബ് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ്, കമ്പനി ഡയറക്‌ടർ എന്ന ചുമതലയിൽ നിന്ന് അവളെ പുറത്താക്കിയത്. ഇത് അന്യായമാണെന്ന കാരണത്താൽ കേസിന് പോകുകയായിരുന്നു മക്‌കേബ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഉപയോഗിച്ച 16,000-ത്തിലധികം കായിക ഉപകരണങ്ങൾ വെസ്റ്റ് മിഡ്‌ലാൻഡിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾക്ക് നൽകുന്നു. ഗെയിംസ് സംഘാടക സമിതി, ഡിപ്പാർട്ട്‌മെന്റ് ഫോർ ഡിജിറ്റൽ കൾച്ചർ മീഡിയ ആൻഡ് സ്‌പോർട്‌സ്, സ്‌പോർട്ട് ഇംഗ്ലണ്ട് എന്നിവർ ചേർന്നാണ് ഗെയിംസിൽ ഉപയോഗിച്ച കായിക ഉപകരണങ്ങൾ സമ്മാനമായി നൽകുന്നത്. ഇതിനായി അപേക്ഷിക്കാൻ കമ്മ്യൂണിറ്റി സംഘടനകളെ ക്ഷണിക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. പ്രാദേശിക സന്നദ്ധ ഗ്രൂപ്പുകൾ, സ്‌കൂളുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, കമ്മ്യൂണിറ്റി ഇന്ററസ്റ്റ് കമ്പനികൾ (സിഐസി) പോലെയുള്ള ലാഭേച്ഛയില്ലാത്ത കമ്മ്യൂണിറ്റി അധിഷ്‌ഠിത ഓർഗനൈസേഷനുകൾക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.
ഇംഗ്ലണ്ടിലെ എല്ലാവരെയും അവരുടെ പ്രായമോ പശ്ചാത്തലമോ കഴിവോ പരിഗണിക്കാതെ സജീവമായിരിക്കാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബിർമിഗ്ഹാം കോമൺവെൽത്ത് ഗെയിംസ് എപ്പോഴും ഓർത്തിരിക്കേണ്ട ഒന്നാണെന്നു സ്‌പോർട്‌സ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ടിം ഹോളിംഗ്സ്വർത്ത് പറഞ്ഞു.
‘ഞങ്ങളും ബർമിംഗ്ഹാം 2022-ഉം കായിക, ശാരീരിക പ്രവർത്തന അവസരങ്ങൾ വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇവ ബിർമിങ്ഹാം 2022-ന്റെ ഫിസിക്കൽ ആക്റ്റിവിറ്റി ആൻഡ് വെൽബീയിംഗ് ലെഗസി പ്ലാനിൽ സജ്ജീകരിച്ചിരിക്കുന്നു. കോമൺവെൽത്ത് ഗെയിംസ് സ്‌പോർട്‌സിൽ നിന്നുള്ള ബാസ്‌ക്കറ്റ്‌ബോൾ, നെറ്റ്‌ബോൾ, ബോക്‌സിംഗ് ഗ്ലൗസ്, റഗ്ബി ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ഇനങ്ങളുടെ ഒരു നിര ഈ കായിക ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. വാക്വം ക്ലീനറുകൾ, മോപ്പുകൾ, ബക്കറ്റുകൾ, ഐസ് മെഷീനുകൾ പോലുള്ള വസ്തുക്കളുടെ ശ്രേണിയും ഇവിടെ ഉണ്ട്’ – സ്‌പോർട്‌സ് ഇംഗ്ലണ്ട് അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രൈമറി സ്കൂൾ അധ്യാപികയായി തന്റെ ജോലി ആരംഭിക്കാനിരിക്കയാണ് പെംബ്രോക് ഷെയർ നിവാസിയായ ബെക്ക റിച്ചാർഡിന്റെ ജീവൻ പൊലിഞ്ഞത്. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള ഒരുക്കുന്നതിനായാണ് അവൾ സ്കൂളിൽ എത്തിയത്. എന്നാൽ വീട്ടിലേക്ക് മടങ്ങിയ ബെക്കയുടെ കാർ ഒരു ലോറിയുമായി കൂട്ടിയിടിച്ച് അവൾ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
അകാലത്തിൽ വിട വാങ്ങിയ 23 വയസ്സുകാരിയായ തങ്ങളുടെ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബെക്കയുടെ കുടുംബം തീരുമാനിച്ചത് ആറുപേരുടെ ജീവൻ രക്ഷിച്ചതായി അവളുടെ അമ്മ എലേറി ജെയിംസ് പറഞ്ഞു. ഒരു നേഴ്സ് എന്ന നിലയിൽ മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്നത് തന്റെ കടമയായി കരുതുന്നതായി ബെക്കയുടെ അമ്മ പറഞ്ഞു. ഏതൊരു അമ്മയും നേഴ്സും കടന്നുപോകുന്ന ഏറ്റവും ദുർഘടമായ പ്രതിസന്ധിയാണ് മകളുടെ മരണത്തെ തുടർന്ന് താൻ അനുഭവിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. അവയവം സ്വീകരിച്ചതിൽ 20 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- സാമ്പത്തിക സമ്മർദ്ദവും, ജീവനക്കാരുടെ കുറവും മൂലം നേഴ്സറികൾ വേഗത്തിൽ അടച്ചുപൂട്ടിയത് മലയാളികൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ മക്കളെ സംരക്ഷിക്കുവാനായി ഏൽപ്പിക്കുവാൻ സ്ഥലം ഇല്ലാതെ വലയുകയാണ് രക്ഷിതാക്കൾ. തങ്ങളുടെ സ്ഥലങ്ങളിലുള്ള നേഴ്സറികൾ അടച്ചു പൂട്ടിയ മാതാപിതാക്കളുടെ സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തങ്ങളുടെ കംപ്ലൈന്റ് ബോക്സുകളെന്നു ദി പ്രെഗ്നന്റ് തെൻ സ്ക്രൂഡ് ക്യാമ്പയിൻ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. ഉയർന്ന വൈദ്യുത ചാർജുകൾ, ജീവനക്കാരുടെ ശമ്പളം, ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് നിരവധി നേഴ്സറികൾ അടച്ചുപൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ശിശു സംരക്ഷണ വിഭാഗങ്ങൾക്കുള്ള ഫണ്ട് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഗവൺമെന്റ് അറിയിച്ചിരുന്നു. ഈ മേഖല അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ഇംഗ്ലണ്ടിലെ ഏകദേശം പതിനാലായിരത്തോളം രക്ഷിതാക്കളെ പ്രതിനിധാനം ചെയ്യുന്ന ഏർലി ഇയേർസ് അലയൻസ് വ്യക്തമാക്കി.
തന്റെ 13 മാസം മാത്രം പ്രായമുള്ള മകനെ സംരക്ഷിക്കാനായി ഒരു നേഴ്സറി അന്വേഷിച്ചുള്ള അക്ഷീണ പരിശ്രമത്തിലാണ് താനെന്ന് ഗബ്രിയേൽ ഡ്രെയ്ക്ക് എന്ന പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകന്റെ നേഴ്സറി ഒറ്റ രാത്രി കൊണ്ടാണ് അടച്ചുപൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. ഗബ്രിയേലും അദ്ദേഹത്തിന്റെ ഭാര്യയും മുഴുവൻ സമയം ജോലി ചെയ്യുന്നതിനാൽ മകനെ സംരക്ഷിക്കാൻ ആകാത്ത അവസ്ഥയാണ്. ഇദ്ദേഹത്തെപ്പോലെ നിരവധി മാതാപിതാക്കളാണ് തങ്ങളുടെ മക്കളുടെ സംരക്ഷണത്തിന് സ്ഥലമില്ലാതെ വലയുന്നത്.
നേഴ്‌സറി അടച്ച ദിവസം തങ്ങളുടെ മകൻ പോകാത്തതിനാൽ അവന്റെ വസ്ത്രങ്ങളും നാപ്‌നുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ എടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നേഴ്‌സറിയിൽ നന്നായി മറ്റുള്ളവരോട് അടുത്ത തന്റെ മകനും അടച്ചുപൂട്ടൽ തടസ്സമുണ്ടാക്കിയതായി അവർ പറഞ്ഞു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വീടുകളുടെ ശരാശരി വിലയിൽ ഈ വർഷത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി പ്രോപ്പർട്ടി സൈറ്റായ റൈറ്റ്മൂവ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിൽ ഒരു വീടിന്റെ ശരാശരി വിലയിൽ 1.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിത ചെലവുകളുടെ വർദ്ധനവും പലിശ നിരക്കുകളുടെ വർദ്ധനവുമല്ല മറിച്ച്, സാധാരണയായി ഉള്ള സീസണൽ ഇടിവ് മാത്രമാണ് ഇതെന്നാണ് കമ്പനി അഭിപ്രായപ്പെട്ടത്. വീടുകളുടെ വില സാധാരണയായി ഓഗസ്റ്റ് മാസത്തിൽ കുറയുമെന്നും, 1.3 ശതമാനം ഇടിവ് കഴിഞ്ഞ പത്ത് വർഷമായി ഓഗസ്റ്റ് മാസത്തിൽ ഉണ്ടാകുന്ന ശരാശരി ഇടിവിന് അനുസൃതമാണെന്നും കമ്പനി പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വേഗത്തിൽ വിൽക്കേണ്ട ആവശ്യമുള്ളവർ പണം കുറയ്ക്കുന്നതാകാം ഇടിവിന് കാരണമെന്ന് കമ്പനിയുടെ പ്രോപ്പർട്ടി സയൻസ് ഡയറക്ടർ ടിം ബാനിസ്റ്റർ വ്യക്തമാക്കി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിപണി സാധാരണ രീതിയിലേക്ക് മടങ്ങി വരുന്നതിനാൽ, ഈ മാസത്തെ വിലകളിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പലിശ നിരക്കുകളിലുള്ള വർദ്ധനവിന്റെ ആഘാതം വർഷത്തിന്റെ ബാക്കിയുള്ള സമയങ്ങളിൽ ചിലപ്പോൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വീടുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ കുറവുണ്ടെങ്കിലും, മാർക്കറ്റിൽ ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ വരുന്ന കുറവ് വില കൂടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. യുകെയിൽ വീടുകളുടെ വിലയിൽ കുറവ് വന്നത് വീട് വാങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത് . എന്നാൽ വീടുകളുടെ വിലയിൽ ഇനിയും കുറവ് വന്നാൽ വില കൂടിയ സമയത്ത് പ്രോപ്പർട്ടി മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് നഷ്ടം സംഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് .