Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസമായി പുതിയ സ്കൂൾ യൂണിഫോം നയം ബ്രിട്ടനിൽ നടപ്പാക്കാൻ തീരുമാനമായി. ഇതനുസരിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള സ്കൂൾ യൂണിഫോം തങ്ങളുടെ കുട്ടികൾക്കായി മേടിക്കാനായി സാധിക്കും. പുതിയ നയം നടപ്പാക്കുന്നതിലൂടെ സ്കൂൾ കുട്ടികൾ ഉള്ള ഓരോ കുടുംബത്തിനും നൂറ് കണക്കിന് പൗണ്ടാണ് ലഭിക്കാൻ സാധിക്കുന്നത്. പുതിയ ബില്ലിൽ പറയുന്ന പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾക്ക് പകരം വിലകുറഞ്ഞ സൂപ്പർമാർക്കറ്റ് കിറ്റും വാങ്ങാം.

നിലവിൽ മാതാപിതാക്കൾ സെക്കൻഡറി സ്കൂളിലെ ഓരോ കുട്ടിക്കും യൂണിഫോമിന് ഏകദേശം 337 പൗണ്ടും പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് 315 പൗണ്ടും ചെലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി പറഞ്ഞു. ഇതിൻെറ മൂന്നിലൊന്ന് തുകയ്ക്ക് യൂണിഫോം ലഭ്യമാക്കാം എന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. അതായത് ചിലവ് കുറഞ്ഞ സെക്കൻഡറി സ്കൂൾ യൂണിഫോമിന് 105 പൗണ്ടും പ്രൈമറിസ്കൂൾ യൂണിഫോമിന് 85 പൗണ്ടും ആകുകയുള്ളൂ എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും കരുതുന്നത്. കഴിഞ്ഞവർഷം താൻ 2 കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോമിനായി ചിലവഴിച്ചത് 850 പൗണ്ടാണ് എന്ന് മാതാപിതാക്കളിൽ ഒരാൾ വെളിപ്പെടുത്തി. ചില സ്കൂളുകൾ ചില ബ്രാൻഡുകൾ നിഷ്കർഷിക്കുന്നതിലൂടെ മാതാപിതാക്കൾ അധിക വിലയ്ക്ക് ആ ബ്രാൻഡ് തന്നെ വാങ്ങേണ്ട ദുരവസ്ഥയും നിലവിലുണ്ടായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ് സ്ഥാനം ഒഴിയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാവ്യാധിയെ ഫലപ്രദമായി നേരിട്ടെന്ന ചാരിതാർത്ഥ്യവുമായാണ് എൻഎച്ച്എസ് മേധാവി പടിയിറങ്ങുന്നത് . 54 കാരനായ സ്റ്റീവൻസ് ജൂലൈയിൽ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അദ്ദേഹത്തിൻറെ പിൻഗാമി കുറച്ചുമാത്രം തുറന്നുപറയുന്ന ആരോഗ്യ സേവന ബഡ്ജറ്റിനെ പറ്റി വെല്ലുവിളിക്കാൻ തയ്യാറാകാത്ത ഒരാളായിരിക്കുമെന്നാണ് പിന്നാമ്പുറ സംസാരം. സ്റ്റീവൻസിന്റെ ഡെപ്യൂട്ടി അമണ്ട പ്രിറ്റ്‌ചാർഡ്, നോർത്തേംബ്രിയ എൻ‌എച്ച്‌എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ ജെയിംസ് മാക്കി, എൻ‌എച്ച്എസിന്റെ ഡയറക്ടർ ഓഫ് ട്രാൻസ്ഫോർമേഷൻ ആയ ഡോ. ടിം ഫെറിസ് എന്നിവരാണ് ഈ പദവിയിലേക്ക് വരാൻ സാധ്യതയുള്ളവരായി കരുതപ്പെടുന്നത്.

സ്റ്റീവൻസ് ജൂലൈ 31ന് സ്ഥാനമൊഴിയുമ്പോഴേയ്ക്കും അദ്ദേഹത്തിൻറെ പകരക്കാരനെ നിയമിക്കാൻ ആകുമെന്നാണ് എൻഎച്ച്എസ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എൻഎച്ച്എസിൻെറ ബോർഡ് ഒരു പിൻഗാമിയെ തിരഞ്ഞെടുത്തതിന് ശേഷവും ഗവൺമെൻറ് ഹെൽത്ത് സെക്രട്ടറി ആയ മാറ്റ് ഹാൻകോക്ക് വഴി ആ തീരുമാനം തള്ളിക്കളയാം . ഗൈസ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റിൻെറയും ചീഫ് എക്സിക്യൂട്ടീവ് കൂടിയായ പ്രിച്ചാർഡ് ഈ സ്ഥാനത്തേക്കുള്ള ശക്തമായ ഒരു മത്സരാർത്ഥിയാണ്. ലഭിച്ച വിവരങ്ങളനുസരിച്ച് സ്റ്റീവൻസിനൊപ്പം എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മറ്റും അവർ ഈ സ്ഥാനത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം നോർത്തേംബ്രിയയിലെ ട്രസ്റ്റിൻെറ മേധാവി എന്ന നിലയിൽ സർ ജെയിംസ് മാക്കി പ്രശസ്തനാണ്. പ്രിറ്റ്‌ചാർഡിനെ പോലെതന്നെ എൻഎച്ച്എസ് ട്രസ്റ്റ് നോക്കി നടത്താനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുമുണ്ട്. പുതുമയുള്ള ആശയങ്ങളും നവീകരണങ്ങളും ഉള്ള അദ്ദേഹത്തിൻറെ കീഴിലുള്ള ട്രസ്റ്റിൽ മഹാമാരിയുടെ കാലയളവിൽ മറ്റ് ട്രസ്റ്റുകളേക്കാൾ ഒഴിവാക്കിയ ഓപ്പറേഷനുകളുടെ എണ്ണം കുറവാണ്.

മഹാമാരി ഒഴിഞ്ഞാലും എൻഎച്ച്എസ് വരും ദിവസങ്ങളിൽ നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികളാണ്. കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

മെയ് 11ന് രാജ്ഞിയുടെ പ്രസംഗത്തിലൂടെ എൻഎച്ച്എസ് പരിഷ്കരണ ബിൽ അനാവരണം ചെയ്യും. ഇതോടുകൂടി 2012 ൽ എൻഎച്ച്എസ് ഇംഗ്ലണ്ടിന് നൽകിയ അധികാരം ആരോഗ്യ സെക്രട്ടറിയ്ക്ക് തിരികെ നൽകും. സൈമണിനേക്കാൾ കുറഞ്ഞ രാഷ്ട്രീയം ഉള്ളതും കൂടുതൽ പ്രവർത്തനപരവുമായ ഒരാളെ വേണമെന്ന് ഒരു മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എൻഎച്ച്എസിൻെറ പ്രവർത്തനവും അധികാരവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന ഒരാളായിരിക്കും ഇനി വരുന്ന എൻഎച്ച്എസിൻെറ മേധാവി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർവ്വകലാശാലകളിൽ സെക്ഷ്വൽ കൺസന്റ് ടെസ്റ്റ്‌ (Sexual Consent Test) വേണമെന്ന് വിദ്യാർത്ഥികൾ. സർവ്വകലാശാലയുടെ തുടക്കത്തിൽ തന്നെ ‘ലൈംഗിക സമ്മതം’ എന്ന വിഷയത്തിൽ നിർബന്ധിത ടെസ്റ്റ്‌ നടത്തണമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും കരുതുന്നു. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവേയിൽ 58% വിദ്യാർത്ഥികൾ ഈ ആശയത്തെ പൂർണമായി പിന്തുണച്ചു. കാമ്പസിലെ ലൈംഗിക പീഡനത്തെക്കുറിച്ച് സർവ്വകലാശാലകൾ മുന്നറിയിപ്പ് നേരിട്ടിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ നടത്തിയ തിങ്ക് ടാങ്കിന്റെ സർവേയിൽ നാലിലൊന്ന് പേർ മാത്രമേ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നൽകുന്നുണ്ടെന്ന് കരുതുന്നുള്ളൂ. ലൈംഗിക സമ്മതത്തെക്കുറിച്ച് സമഗ്രമായ ധാരണയുണ്ടാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള അനുഭവവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 ഓഗസ്റ്റിൽ ബിരുദ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ സർവേയിൽ 43% പേർ സർവ്വകലാശാലയിൽ പോകുന്നതിനുമുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 25% പേർ ആരെയും ചുംബിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. പുരുഷ വിദ്യാർത്ഥികളിൽ, 66% വിദ്യാർത്ഥിയായിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 53% സ്ത്രീ വിദ്യാർത്ഥികൾ അവരുടെ യൂണിവേഴ്സിറ്റി കാലയളവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്തിലുമുപരി കൂട്ടുകാരെ കണ്ടെത്തുന്നതാണ് യൂണിവേഴ്സിറ്റിയിൽ പ്രധാനമെന്ന് 58% വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കൂടുതൽ വിശ്വസനീയമായ തെളിവുകൾ നൽകുകയെന്നതാണ് സർവേയിലൂടെ ലക്ഷ്യമിടുന്ന കാര്യമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാന പരിവർത്തന കാലം ഏതാണെന്നു തിരിച്ചറിയാൻ ഈ റിപ്പോർട്ട്‌ സഹായിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാർസോ : ഈജിപ്ത് എന്നുകേട്ടാൽ ആദ്യം ഓർമ വരിക മമ്മികളെയായിരിക്കും. മരിച്ചുപോയ മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരങ്ങൾ സംരക്ഷിച്ചിരുന്നതിനെ പറയുന്നതാണ് മമ്മി. പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. ഈജിപ്തിൽനിന്ന് 1800ൽ കണ്ടെടുത്ത മമ്മിയിൽ പ്രത്യേക സവിശേഷത ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ മമ്മിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗർഭിണിയായിരിക്കെ മരിച്ച സ്ത്രീയുടേതാണിത്. ഗർഭിണിയായ മമ്മിയെ ആദ്യമായാണ് കണ്ടെത്തുന്നത്. തീബ്സ് എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഈ മമ്മിക്ക് 2000 വർഷത്തെ പഴക്കമുണ്ട്. 20 വയസുള്ള യുവതി മരിക്കുമ്പോൾ 26 നും 30 ആഴ്ചയ്ക്കിടയിൽ ഗർഭിണിയായിരുന്നുവെന്ന് പോളിഷ് അക്കാദമി ഓഫ് സയൻസസിലെ വിദഗ്ദർ പറഞ്ഞു. 1800 കളിൽ തീബ്സിലെ റോയൽ ടോംബ്സിൽ നിന്ന് കണ്ടെത്തിയ മമ്മിയെ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇത് ഗർഭിണിയായിരുന്നുവെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. സിടി സ്കാനുകളും എക്സ്-റേകളും സംയോജിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.

ഭ്രൂണം എങ്ങനെയാണ് സ്ത്രീക്കുള്ളിൽ അവശേഷിച്ചതെന്നും എന്തുകൊണ്ടാണ് വെവ്വേറെ മമ്മി ചെയ്യാതിരുന്നതെന്നും വ്യക്തമല്ല. മൃതദേഹം ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങളിൽ പൊതിഞ്ഞ് ഹോറസിന്റെ നാല് ആൺമക്കളെ പ്രതിനിധീകരിക്കുന്ന നിരവധി അമ്യൂലറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. അവർ തീബ്സിലെ വളരെ പ്രധാനപ്പെട്ട ഒരാളാണെന്ന് വിദഗ്ദ സംഘം സൂചിപ്പിക്കുന്നു. 1800 കളിൽ കണ്ടെത്തിയ ഇത് ബിസി ഒന്നാം നൂറ്റാണ്ടിൽ ക്ലിയോപാട്ര രാജ്ഞിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നതാണ്.

ഈജിപ്ഷ്യൻ വാലി ഓഫ് കിംഗ്സിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചില കണ്ടെത്തലുകളുടെ സമയത്ത് 1826 ൽ ഈ മമ്മിയെ പോളണ്ടിലെ വാർസോയിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ വാർസയിലെ നാഷണൽ മ്യൂസിയത്തിൽ ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ഈ മമ്മി പുരാതന കാലത്തെ ഗർഭധാരണ പഠനത്തിന് പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇത് നിലവിലെ കേസുകളുമായി താരതമ്യപ്പെടുത്താനും ബന്ധപ്പെടുത്താനും കഴിയും.’ പഠന രചയിതാക്കൾ എഴുതി. പുരാതന ഈജിപ്ഷ്യൻ ശ്മശാന സമ്പ്രദായങ്ങളുടെ കണ്ടെത്താത്ത ഒരു വശത്തെക്കുറിച്ചും പുരാതന ഈജിപ്ഷ്യൻ മതത്തിന്റെ പശ്ചാത്തലത്തിൽ ഗർഭാവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളെപറ്റി പഠിക്കാനും ഈ മാതൃക സഹായിക്കും. ഗർഭിണികളായ സ്ത്രീകളുടെ മമ്മികൾ വളരെ അപൂർവമായി മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യം സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുമെന്ന് യുകെയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. ദിവസേനയുള്ള രോഗവ്യാപനം 10 ശതമാനം കുറഞ്ഞ് 2166 ആയതും കോവിഡ് മരണങ്ങൾ 29 ആയതും മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . യുകെയിലെ രണ്ടാം തരംഗത്തിന് വഴിമരുന്നിട്ട കെന്റ് വേരിയന്റിനെ പിടിച്ചു നിർത്താൻ പ്രതിരോധ കുത്തിവെയ്പ്പ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നാണ് വിദഗ് ദാഭിപ്രായം. അതേസമയം രാജ്യത്തെ 68.3 ശതമാനം മുതിർന്നവരിലും കോവിഡിനെതിരെയുള്ള ആൻറി ബോഡീസ് ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസിൻെറ സർവേയിൽ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇത് 53.1 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും ഈ രോഗത്തിനെതിരെ പ്രതിരോധശേഷി ഉണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകിയതുകൊണ്ടാണിതെന്നാണ് ആരോഗ്യവിദഗ് ദർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 34 ദശലക്ഷം ആൾക്കാർക്ക് ഒരു ഡോസും 13.5 ദശലക്ഷം പേർക്ക് രണ്ടുഡോസും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വൈറസ് ബാധിക്കാനുള്ള സാധ്യത പകുതിയായി കുറയുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിൽ 42 വയസ്സ് മുതലുള്ളവർക്ക് പ്രതിരോധകുത്തിവയ്പ്പിനായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ ഒന്നിന് 42 വയസ്സ് തികയുന്നവർക്കുമുതൽ ഈ അവസരം ഉപയോഗിക്കാൻ സാധിക്കും. 42 കാരനായ താൻ ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഈ പ്രായപരിധിയിലുള്ള മറ്റുള്ളവരും ഈ അവസരം ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻഎച്ച്എസ് നേഴ്സുമാരുടെ 1% ശമ്പള വർദ്ധനവിനെതിരെ മാഞ്ചസ്റ്ററിൽ പ്രതിഷേധം സംഘടിപ്പിച്ച എൻഎച്ച്എസ് നേഴ്സ് കാരെൻ റെയ്‌സ്മാന് 10,000 പൗണ്ട് പിഴ ചുമത്തി. കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് ശേഷമാണ് റെയ്സ്മാന് പിഴ ചുമത്തിയത്. എന്നാൽ കേസ് ഹൈക്കോടതിയിലേയ്ക്ക് നീക്കാനാണ് അവരുടെ ശ്രമം. സ്കൂളുകൾ തുറക്കുന്നതിന് തൊട്ട് മുമ്പ് മാർച്ച്‌ ഏഴാം തീയതി ആയിരുന്നു റെയ്സ്മാൻ പ്രതിഷേധം സംഘടിപ്പിച്ചത്. തുടക്കത്തിൽ സാമൂഹിക അകലം പാലിച്ച് പ്രതിഷേധം തുടരാൻ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അവർ സമ്മേളനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. 40 പേർ ചേർന്നാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്.

 

കോവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചു കൂട്ടം കൂടിയതിനാണ് പിഴ ചുമത്തിയത്. കേസിന്റെ പുനരവലോകനത്തിനുശേഷവും, പിഴ നിയമപരമാണെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞതായി റെയ്സ്മാൻ വെളിപ്പെടുത്തി. പിഴ ചുമത്തിയ പോലീസ് നടപടിയ്ക്ക് എതിരായി കേസ് നടത്തുവാൻ റെയ്സ്മാനുവേണ്ടി ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ നടത്തി 30000 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. ഇൻഡോർ ഇവന്റുകളിൽ ആണ് വൈറസിന്റെ തീവ്രവ്യാപനം നടക്കുന്നതെന്നും ഔട്ട്‌ഡോർ ഇവന്റുകളിൽ വ്യാപനം കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.

“രണ്ട് മീറ്റർ അകലം പാലിച്ചു നിൽക്കുന്ന നാല്പതു പേർ രോഗവ്യാപനത്തിന് കാരണമാകുന്നില്ലെന്ന് അറിവുള്ളതാണ്. ഞാൻ വെറുതെ പിഴ സ്വീകരിക്കാൻ പോകുന്നില്ല. കേസ് ഹൈക്കോടതിയിലേയ്ക്ക് കൊണ്ടുപോകും.” റെയ്സ്മാൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരി ഒഴിഞ്ഞു തുടങ്ങി എന്നു കരുതിയിരിക്കെ, മുൻപത്തേതിലും ഭീകരമായ തിരിച്ചടി നേരിടുകയാണ് ഇന്ത്യ, തകർന്ന് തുടങ്ങിയ ആരോഗ്യ സംവിധാനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് “ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം കോവിഡിനോട് പൊരുതാൻ ഞങ്ങളും ചേരുന്നു ” വെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ആശുപത്രികളെ സഹായിക്കാൻ കണ്ടെയ്നർ സൈസിലുള്ള മൂന്ന് ഓക്സിജൻ ഫാക്ടറികളാണ് യുകെ ഇന്ത്യയ്ക്ക് സഹായമായി നൽകുന്നത്. ഡൗണിങ് സ്ട്രീറ്റ് കോൺഫറൻസിൽ ആരോഗ്യ മന്ത്രിയായ മാറ്റ് ഹാൻകോക്ക് മിനിറ്റിൽ ആയിരം ലിറ്ററിലധികം ഓക്സിജൻ നിർമ്മിക്കാൻ കഴിയുന്ന ഉപകരണം നോർത്തേൺ അയർലൻഡ് സംഭാവന നൽകുന്നതായി വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ കൈവശം അധികം വാക്സിനുകൾ ഇല്ലാത്തതിനാൽ മാത്രമാണ് സഹായിക്കാനാവാത്തത് എന്ന് അവർ നിസ്സഹായവസ്ഥ രേഖപ്പെടുത്തിയിരുന്നു.

ഓക്സിജനും മറ്റ് ആരോഗ്യ മേഖലയിലെ അവശ്യ വസ്തുക്കൾക്കും കനത്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ലോകജനതയ്ക്ക് ഹൃദയഭേദകമായിരുന്നു. ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം കോവിഡ് മരണങ്ങൾ 201,187 എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇതിലും വളരെ കൂടുതലാണ്.

യുഎസിനും ബ്രസീലിനും മെക്സിക്കോയ്ക്കും ശേഷം മരണസംഖ്യ രണ്ട് ലക്ഷം കടന്ന നാലാം രാജ്യമാണ് ഇന്ത്യ. ബുധനാഴ്ച മാത്രം രാജ്യത്ത് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 362,757 ആണ്.
മതപരവും രാഷ്ട്രീയവുമായ ആഘോഷങ്ങളും ഒത്തു കൂടലുകളും നിയന്ത്രിക്കുന്നതിൽ സർക്കാരിന് വന്ന പരാജയമാണ് കേസുകൾ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്ന് നരേന്ദ്ര തനേജ പറയുന്നു. സാമൂഹിക അകലം പാലിക്കുക മാസ്കുകൾ ധരിക്കുക പോലെയുള്ള മുൻകരുതലുകൾ കർശനമാക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും, അതിനുപകരം രോഗം ഇനി ഉണ്ടാവില്ല എന്ന് കരുതി നേരത്തെ വിജയം ആഘോഷിച്ചതാണ് രാജ്യത്തിന് നേരിട്ട് തിരിച്ചടി എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷാവസാനം പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായി ബ്രിട്ടൻ 60ദശലക്ഷം ഡോസ് ഫൈസർ വാക്സിന് ഓർഡർ നൽകി. ശൈത്യകാലത്തിന് മുന്നോടിയായി കോവിഡ്-19 നെതിരെ ജനങ്ങൾക്ക് ഏറ്റവും ശക്തമായ സംരക്ഷണം നൽകാൻ വാക്സിനേഷന്റെ ഒരു ബൂസ്റ്റർ പ്രോഗ്രാം നടപ്പിലാക്കാൻ ഇതുപകരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് . ബൂസ്റ്റർ ഡോസ് നൽകുന്നതിലൂടെ ജനിതകമാറ്റം വന്ന വൈറസുകളുടെ ആക്രമണത്തിൽനിന്ന് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്തിയും ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ ബ്രിട്ടൻ കൈവരിച്ചത്‌ അഭൂതപൂർവമായ നേട്ടമാണ്. എന്നാൽ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം ഒരു മൂന്നാം തരംഗത്തിൻെറ ആവിർഭാവം ഉണ്ടാക്കിയേക്കാം എന്ന ആശങ്ക ആരോഗ്യ വിദഗ്ധരുടെ ഇടയിലുണ്ട്. ഏകദേശം 47540984 ഡോസ് വാക്സിനാണ് ഇതുവരെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നല് കാനായി ഉപയോഗിച്ചത് . രാജ്യത്ത് 33959908 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനായി ;13581076 പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത് . ഇതിനർത്ഥം യുകെയിലെ 65 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട് എന്നാണ്. ഇത് രോഗവ്യാപനം കുറയുന്നതിൽ നിർണായക പങ്കാണ് വഹിച്ചത് . യുകെയിലെ 40 ദശലക്ഷം ജനങ്ങളും താമസിക്കുന്നത് കൊറോണ വൈറസിന്റെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗ വ്യാപനം തുടരുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു കഴിഞ്ഞു. ഉറ്റവരെയും ഉടയവരെയും വിട്ടുപിരിഞ്ഞ് അന്യ രാജ്യത്ത് കഴിയുന്നവർക്ക് വൻ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾ കണ്ടും കേട്ടും മലയാളികൾ അടക്കമുള്ള യുകെ പ്രവാസികളും ബ്രിട്ടനിൽ ആശങ്കയിലാണ്. ഇന്ത്യയ്ക്കായി എന്ത് സഹായവും നൽകാൻ അവർ തയ്യാറെടുക്കുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ പല അയൽ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരുന്നു. പ്രാർത്ഥിച്ചും പണം സ്വരൂപിച്ചും തങ്ങളുടെ ജന്മനാടിനെ താങ്ങാൻ ഒരുങ്ങുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസി സുഹൃത്തുക്കൾ. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വെംബ്ലിയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ആളുകൾ പ്രാർത്ഥന നടത്തുകയാണ്. ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മാനസികമായി ബുദ്ധിമുട്ട് നേരിടാത്ത ഒരു പ്രവാസിയും ഇല്ലെന്ന് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് ചെയർമാൻ മനോജ് ബഡാലെ പറഞ്ഞു. “എനിക്ക് ഇന്ത്യയിൽ ധാരാളം കുടുംബങ്ങളുണ്ട്. എന്റെ സഹോദരി ഒരു ഡോക്ടറാണ്. എന്റെ മരുമകനും മരുമക്കളും ഡോക്ടർമാരാണ്. ഞങ്ങൾ ഭയങ്കരമായ കഥകൾ കേൾക്കുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് കോവിഡ് വെല്ലുവിളി എങ്ങനെയാണ് ഇത്രയും വർദ്ധിച്ചതെന്ന് ശരിക്കും ആശ്ചര്യപ്പെടുത്തുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ബ്രിട്ടീഷ് ഏഷ്യക്കാർ നടത്തുന്ന ട്രസ്റ്റ്, ഇന്ത്യയിലെ ഓക്സിജൻ ക്ഷാമം എത്രയും വേഗം പരിഹരിക്കാനുള്ള വഴികൾ തേടുകയാണ്. ഇന്ത്യയിൽ ദുരിതമനുഭവിക്കുന്നവർ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലുമുണ്ടെന്നറിയിച്ച് വെയിൽസ് രാജകുമാരൻ ട്രസ്റ്റിന്റെ അടിയന്തര അപ്പീൽ അംഗീകരിച്ചു. “ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ, ഇപ്പോൾ നമ്മൾ ഇന്ത്യയെ സഹായിക്കണം.” അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ഓക്സിജൻ ഫോർ ഇന്ത്യ കാമ്പയിന് രാജകുമാരൻ വ്യക്തിഗത സംഭാവനയും നൽകി. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിനായി ഇതിനകം തന്നെ ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ചിട്ടുണ്ടെന്നു ട്രസ്റ്റ്‌ അറിയിച്ചു.

“ഏത് രോഗത്തിന്റെയും രണ്ടാമത്തെ തരംഗം എല്ലായ് പ്പോഴും ബുദ്ധിമുട്ടാണ്, കാരണം ആദ്യത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ മാനസിക നില തികച്ചും വ്യത്യസ്തമാണ്.” ബ്രിസ്റ്റോളിൽ ഒരു കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന അമീദീപ് ദാസ് തിദാർ പറഞ്ഞു. ഇന്ത്യയിലെ പ്രതിസന്ധി കാരണം ബ്രിട്ടീഷ് ഇന്ത്യൻ സമൂഹം വളരെ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് വെംബ്ലിയിലെ ശ്രീ വല്ലഭ് നിധി ക്ഷേത്രം ചെയർമാൻ നരേംദ്ര തക്രാർ വെളിപ്പെടുത്തി. “അവരുടെ ബന്ധുക്കളെല്ലാം അവിടെയുണ്ട്. അവരിൽ ചിലർ ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് ബന്ധുക്കളെ കാണാൻ കഴിയില്ല, അവരിൽ ചിലർക്ക് പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയുന്നില്ല.” അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ആചാരങ്ങളില്ലാതെ, പ്രിയപ്പെട്ടവരുടെ കണ്ണീരിന്റെ അകമ്പടിയില്ലാതെ, ദഹനചടങ്ങുകളോ അന്ത്യപ്രാർത്ഥനകളോ ഇല്ലാതെ, കാർമികന്റെ നിർദേശങ്ങൾ ഇല്ലാതെ നിരനിരയായി ഒരുക്കിയ ചിതകളിൽ എരിഞ്ഞടങ്ങുകയാണ് ഓരോ ജീവനുകളും. ഭീതിദമായ സാഹചര്യമാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എങ്ങും. പ്രാണവായു കിട്ടാതെ ജീവനുവേണ്ടി പിടയുന്നവർ ഒരു വശത്ത്, കോവിഡ് കവർന്നെടുത്ത ജീവിതങ്ങളെ ദഹിപ്പിക്കാനവസരം കാത്ത് മണിക്കൂറുകളോളം കാത്തിരിക്കുന്നവർ മറ്റൊരു വശത്ത്. മരണത്തിന്റെ കനത്ത നിശബ്ദത ദില്ലിയുടെ മാനത്ത് ആകെ പരക്കുകയാണ്. ഡൽഹിയിലെ സരായ് കലേഖാൻ ശ്മശാനത്തിലെ ദൃശ്യമാണിത്. മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂർ വരെയാണ് ആളുകൾ കാത്തിരിക്കുന്നത്. ശ്മശാനങ്ങളിൽനിന്ന് ശ്മശാനങ്ങളിലേക്കും മൃതദേഹം സൂക്ഷിക്കാൻ ഇടം തേടിയും അലയുന്ന കാഴ്ച കണ്ടാണ് ഓരോ ദിവസവും ഡൽഹി ഉണരുന്നത്.

തിങ്കളാഴ്ച മാത്രം ഡൽഹിയിൽ മരിച്ചത് 380 പേരാണ്. ഔദ്യോഗികരേഖകൾ പ്രകാരം ഈ മാസം ഇതുവരെ മരിച്ചത് 3601 പേർ. കോവിഡ് രണ്ടാം തരംഗം തുടങ്ങിയശേഷം കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 2,267 പേർ. 22 മൃതദേഹങ്ങൾ മാത്രം സംസ്കരിക്കാൻ ശേഷിയുള്ള ശ്മശാനത്തിൽ ഇപ്പോൾ സംസ്കരിക്കുന്നത് എൺപത്തിലധികം മൃതദേഹങ്ങളാണ്. അവിടുത്തെ തൊഴിലാളികൾ അതിരാവിലെ മുതൽ അർദ്ധരാത്രി വരെ പണിയെടുക്കേണ്ടി വരുന്നു. സരായ് കലേഖാൻ ശ്മശാനത്തിൽ 27 പുതിയ ചിതകൾ നിർമ്മിച്ചുകഴിഞ്ഞു. സമീപത്തുള്ള പാർക്കിലും ചിതകൾ ഒരുങ്ങുന്നു. നഗരത്തിലെ യമുന റിവർ ബെഡിനടുത്ത് അധിക സ്ഥലവും അധികൃതർ അന്വേഷിക്കുന്നുണ്ട്. ശവസംസ്കാര ചിതകളിൽ ഉപയോഗിക്കുന്നതിനായി സിറ്റി പാർക്കുകളിലെ മരങ്ങൾ അധികൃതർ മുറിച്ചുമാറ്റി.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് കീഴിലെ 26 ശ്മശാനങ്ങളിലെയും സ്ഥിതി ഗുരുതരമാണ്. മൃതദേഹങ്ങളുടെ നീണ്ട വരി. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല. ഗാസിപ്പുർ ശ്മശാനത്തിൽ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകൾകൂടി പണിതു. വസീറാബാദിൽ പത്തും. സീമാപുരിയിലും പാർക്കിങ് മേഖലയെ സംസ്കാരത്തിനായി ഉപയോഗിച്ചു തുടങ്ങി. രാജ്യത്ത്​ കോവിഡ്​ രോഗബാധ അതിതീവ്രമായി തുടരുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്​ കേസുകളും മരണവും റിപ്പോർട്ട്​ ചെയ്​തതെന്നതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000 ത്തിലധികം കോവിഡ്​ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved