ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി: സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സിസ്റ്റർ സ്റ്റെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. 2009ൽ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സ്റ്റെഫി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

 

ഇതിന്റെ റിപ്പോർട്ട് തന്റെ എതിർപ്പ് പരിഗണിക്കാതെ പരസ്യപ്പെടുത്തിയെന്നും സ്റ്റെഫി ആരോപിച്ചു. കേസിൽ ഇരയാണോ പ്രതിയാണോ എന്നത് പരിശോധനക്ക് ന്യായീകരണമല്ല. കേസിന്റെ നടപടികൾ പൂർത്തിയായാൽ സ്റ്റെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയയെ 1992ൽ കോട്ടയം പയസ് ടെൻത് കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സിസ്റ്റർ സെഫി പ്രതിയായത്. ഫാ. കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിയും തമ്മിലുള്ള ബന്ധത്തിന് അഭയ സാക്ഷിയായെന്നും ഇത് മറച്ചുവെക്കാൻ അഭയയെ കൊന്നുവെന്നുമാണ് കേസ്.

പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ചെങ്കിലും ഈ വിധി ഹൈ​കോടതി മരവിപ്പിച്ചതോടെ ഇരുവരും ജയിൽ മോചിതരാവുകയായിരുന്നു. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സ്റ്റെഫിക്ക് ജീവപര്യന്തവും ശിക്ഷയായിരുന്നു തിരുവനന്തപുരം സി ബി ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.