ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടൻ വരും നാളുകളിൽ കടുത്ത വരൾച്ച നേരിടുമെന്ന റിപ്പോർട്ടുകൾക്കിടെ വെള്ളം പാഴാക്കുന്ന ജലവിതരണ കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ജലവിതരണ കമ്പനികൾ പ്രതിദിനം ഏകദേശം 3 ബില്യൺ ലിറ്റർ ജലം പാഴാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ജലവിതരണ സംവിധാനത്തിലെ തകരാറുകൾ മൂലമാണ് ഇത്രയും ജലം പാഴായിപ്പോകുന്നത്. ജലം അമൂല്യമാണ് പാഴാക്കരുതെന്ന് പ്രചരിപ്പിക്കുന്ന കമ്പനികളുടെ ഭാഗത്തുനിന്നും ഇത്രയും ജലം പാഴാക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്ത് പുതിയ ജലസംഭരണികളൊന്നും തുറന്നിട്ടില്ല. പക്ഷേ ജനസംഖ്യയിൽ 10 ദശലക്ഷം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജലവിതരണ സംവിധാനം സ്വകാര്യവത്കരിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള പണം വിനിയോഗിക്കുന്നത് കുറഞ്ഞുവരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ജാമി വുഡ് വാർഡ് ആവശ്യപ്പെട്ടു. വരൾച്ച തടയുന്നത് മുൻകൂട്ടി കണ്ടുള്ള നിക്ഷേപം നടത്തുന്നതിന് കമ്പനികളുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയതായുള്ള പൊതുവികാരം ശക്തമാണ്.
ഇതിനിടെ വരൾച്ചയെ നേരിടുന്നതിന് യുകെയിലെ പലസ്ഥലങ്ങളിലും ഹോസ് പൈപ്പുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലീക്കായ ഹോസ് പൈപ്പുകളിൽ നിന്ന് കഴിഞ്ഞവർഷം 88.7 മില്യൺ ലിറ്റർ വെള്ളം പാഴായതായാണ് കണക്കുകൾ . നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടക്കേണ്ടി വരും.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് (75) കഴുത്തിന് കുത്തേറ്റു. പ്രശസ്ത നോവലിസ്റ്റ്, കലാവിദ്യാഭ്യാസ കേന്ദ്രമായ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണം നടത്താനിരിക്കെ ഒരാള്‍ വേദിയിലേക്ക് ഇരച്ചുകയറിയാണ് അക്രമം നടത്തിയത്. കഴുത്തിന് കുത്തേറ്റു വീണ റുഷ്ദിയെ സ്റ്റേജില്‍ കിടത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കിയെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് പറയുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സ് എന്ന പുസ്തകത്തിന് ശേഷം റുഷ്ദി വധഭീഷണി നേരിടുകയും ഒരു ദശാബ്ദത്തോളം ഒളിവില്‍ പോവുകയും ചെയ്തിരുന്നു. അക്കാലത്ത് ഇറാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 14 നോവലുകളുടെ രചയിതാവായ റുഷ്ദിയെ 2007ല്‍ സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് നൈറ്റ് പദവി നല്‍കി ആദരിച്ചു.
അപകടനില അതീവ ഗുരുതരമായി തുടരുന്നതായി ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ജീവിതത്തിൽ ബാധിച്ച ക്യാൻസർ എന്ന പ്രതിസന്ധിയെ സധൈര്യം നേരിട്ട വിഗാനിലെ മലയാളി നേഴ്സ് സിനി ജോബിയുടെ (41) മരണം യുകെ മലയാളികളെ ആകെ ദുഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നാല്പത്തിയൊന്നുകാരിയായ സിനി തൊടുപുഴ കാലയന്താനി വാളിയങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ്. ഒരു വർഷത്തോളമായി രോഗത്തിന് ചികിത്സയിലായിരുന്ന സിനി, രോഗം ഏറെക്കുറെ ഭേദമായെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്ന അവസരത്തിലാണ്, രോഗം വീണ്ടും കലശലായി മരണത്തിലേക്ക് എത്തുന്നത്. രോഗം പൂർണമായും ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് സിനി തന്റെ കുടുംബാംഗങ്ങളെ ഡൽഹിയിലും, നാട്ടിലുമെത്തി സന്ദർശിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലുള്ള തന്റെ സുഹൃത്തുക്കളെയും സിനി ചികിത്സയ്ക്ക് ശേഷം സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ എത്തുകയും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാർത്ത വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ക്യാൻസർ ചികിത്സയ്ക്ക് പേരുകേട്ട മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആയിരുന്നു സിനിയുടെ ചികിത്സ നടന്നിരുന്നത്. മരണത്തിന് തൊട്ടു മുൻപ് വരെയും സിനിക്ക് ബോധം ഉണ്ടായിരുന്നതായും, ചുറ്റും നിന്നിരുന്ന ഭർത്താവിനോടും ഏക മകനായ ഒൻപത് വയസ്സുകാരൻ ആൽബിനോടും സംസാരിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ തനിക്ക് ദൈവസാന്നിധ്യം വെളിപ്പെട്ടതായും സിനി ഭർത്താവിനോട് പറഞ്ഞു. സിനിയുടെ വിയോഗം താങ്ങാനാവാതെ നിരവധി സുഹൃത്തുക്കൾ പുലർച്ച് തന്നെ മരണ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. ജോബിയുടെ സഹോദരൻ കെന്റിലും, സഹോദരി ലെസ്റ്ററിലുമാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം പുരോഗമിക്കുന്തോറും വിവാദങ്ങൾ ഉയരുകയാണ്. ഇത്തവണ ഋഷി സുനക്കിന്റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് വിവാദം. ദ്വാരമുള്ള ഷൂ ധരിച്ച സുനക്കിനെതിരെയാണ് വിമർശനം. പ്രചാരണം പുരോഗമിക്കുന്നതിനാൽ സുനക് ബോധപൂർവം ധരിച്ചതാണെന്ന് പലരും പറയുന്നു. നോർത്ത് യോർക്ക്ഷെയറിലെ 1.5 മില്യൺ പൗണ്ടിന്റെ വസതിയിൽ നീന്തൽക്കുളത്തിന്റെ പണികൾ നടത്തുന്ന സുനക് ദ്വാരമുള്ള ഷൂ ധരിച്ചത് ബോധപൂർവമാണെന്ന വാദം ഉയർന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പത്ത് പ്രദർശിപ്പിക്കുന്നത് അനുചിതമാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്കൽ മാർക്കറ്റിംഗ് വിദഗ്‌ദ്ധനായ പ്രൊഫ. പോൾ ബെയ്‌ൻസ് പറഞ്ഞു. 42 കാരനായ സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവർക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തി ഉണ്ടെന്നാണ് കണക്കുകൾ. അവർ രാജ്ഞിയേക്കാൾ സമ്പന്നരാണെന്നും പറയപ്പെടുന്നു.
“നമ്മുടെ രാജ്യത്ത് ആളുകളെ വിലയിരുത്തുന്നത് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെയല്ല, അവരുടെ സ്വഭാവവും പ്രവൃത്തിയും അനുസരിച്ചാണ് ഞങ്ങൾ അവരെ വിലയിരുത്തുന്നത്.” ചൊവ്വാഴ്ച കോ ഡർഹാമിലെ ഡാർലിംഗ്ടണിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളോട് സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ജൂലൈയിൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ള ആളുകളുടെ എണ്ണം 67 ലക്ഷം ആയി ഉയർന്നു. ജനസംഖ്യയുടെ എട്ടിൽ ഒരാൾ എന്ന നിലയിൽ. ആക്സിഡന്റ് & എമർജൻസിയിൽ 12 മണിക്കൂറിലധികം കാത്തിരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. ദേശീയ ഇൻഷുറൻസിൽ 1.25 ശതമാനം വർധന ഏർപ്പെടുത്തിയതിന് ശേഷവും പ്രതിസന്ധി രൂക്ഷമായത് വിമർശനത്തിനിടയാക്കി. പൊള്ളൽ, അപസ്മാരം, പക്ഷാഘാതം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പോലും ആംബുലൻസ് എത്തുന്നത് ഒരു മണിക്കൂർ വൈകിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നികുതി വർധന എൻഎച്ച്എസിനും സോഷ്യൽ കെയറിനുമായി 12 ബില്യൺ പൗണ്ട് വാർഷിക ഫണ്ടിംഗ് നൽകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോഴും ആരോഗ്യ മേഖലയിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. അതേസമയം, ശമ്പളം വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാരും നേഴ്സുമാരും.
ശമ്പളത്തിൽ കാര്യമായ വർധന വരുത്തിയില്ലെങ്കിൽ സമരത്തിന് ഒരുങ്ങുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. 26 ശതമാനം വർധനയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെടുന്നത്. അടുത്തിടെ ജൂനിയർ ഡോക്ടർമാർക്കിടയിൽ നടത്തിയ ബിഎംഎ സർവേയിൽ, 83 ശതമാനം പേർ 2 ശതമാനം വർധന പൂർണ്ണമായും അസ്വീകാര്യമാണെന്ന് പറഞ്ഞു. ശമ്പളം പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായില്ലെങ്കിൽ സമരത്തിന് തയ്യാറാണെന്ന് 72 ശതമാനം പേരും പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുരങ്ങ് വസൂരിക്കെതിരെ മതിയായ ഡോസ് വാക്സിനുകൾ ഇല്ലാത്തത് പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. വാക്സിൻ ഇല്ലാത്തതു മൂലം ബ്രൈറ്റണിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് നിർത്തിവയ്ക്കേണ്ടതായി വന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. സമാനമായ സാഹചര്യം മറ്റു സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കൂടുതൽ സ്റ്റോക്ക് വാക്സിൻ എത്തുന്നത് വരെ നിലവിൽ അപ്പോയിൻമെന്റ് എടുത്തവർക്ക് മാത്രമേ വാക്സിൻ നൽകുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. വാക്സിൻ ക്ഷാമം തുടരുകയാണെങ്കിൽ മറ്റ് സ്ഥലങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പുകൾ നിർത്തിവയ് ക്കേണ്ടതായി വരുമെന്ന് എംപി റസ്സൽ മോയ്ൽ പറഞ്ഞു. ഇതിനിടെ സെപ്റ്റംബർ മാസത്തോടെ വാക്സിന്റെ ഒരു ലക്ഷം ഡോസുകൾ എത്തുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിട്ടുണ്ട്. നിലവിൽ കുരങ്ങ് വസൂരിക്കെതിരെയുള്ള വാക്സിന്റെ 5000 ഡോസുകൾ മാത്രമേ രാജ്യത്തെ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പുതിയതായി ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം താമസ സൗകര്യം ഉറപ്പു നൽകാനാവില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി . ഇതുമൂലം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സ്വന്തമായി താമസ്‌ഥലം കണ്ടത്തേണ്ടി വന്നിരിക്കുകയാണ് . ഈ വർഷം യൂണിവേഴ്സിറ്റി പതിവിലും കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തതിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉടലെടുത്തത്. അതേസമയം ഗ്ലാസ്‌ഗോയിലെ വാടക വീടുകളുടെ ലഭ്യതയിൽ ഉണ്ടായ ക്രമാതീതമായ കുറവാണ് ഈ സാഹചര്യത്തിന് കാരണമെന്ന് സർവ്വകലാശാല ആരോപിച്ചു .
എന്നാൽ കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാർത്ഥി പ്രതിനിധി കൗൺസിൽ (എസ് ആർ സി) ആരോപിച്ചു . ഗ്ലാസ്‌ഗോയിലെ വാടക വീടുകളുടെ ആവശ്യം ക്രമാതീതമായി വർദ്ധിച്ചതിന്റെ ഫലമായി 2022 ലേക്ക് വിദ്യാർഥികളെ സ്വീകരിക്കുന്നതിൻെറ എണ്ണം പരിമിതപ്പെടുത്തണമെന്ന് എസ് ആർ സി സർവകലാശാലയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. താമസസൗകര്യം ലഭിക്കാത്തത് മൂലം ചില വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയിലേക്ക് വരാൻ ദിവസേന ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തനിക്ക് എന്നും അഞ്ച് മണിക്കൂർ ദൂരം യാത്ര ചെയ്യാൻ കഴിയില്ല എന്ന ആശങ്ക പുതിയതായി ചേർന്ന ഒരു വിദ്യാർത്ഥി പങ്കുവെച്ചു. തങ്ങളുടെ ഹോസ്റ്റൽ മുറികളുടെ എണ്ണം 25% വർദ്ധിപ്പിച്ചതായി സർവ്വകലാശാല അവകാശപ്പെടുന്നുണ്ടെങ്കിലും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഇതുവരെ താമസസൗകര്യം ലഭിച്ചിട്ടില്ല . താമസ സൗകര്യങ്ങളുടെ അഭാവം മൂലം സർവ്വകലാശാലയിൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള പലരും മറ്റു സർവ്വകലാശാലയിലേയ്ക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബാല്യകാലത്ത് താൻ ആവർത്തിച്ചു ലൈംഗിക ചൂഷണത്തിനിരയായെന്ന വെളിപ്പെടുത്തലുമായി സാമന്ത സ്മിത്ത്. വർഷങ്ങൾക്ക് ശേഷമാണ് വേദനാജനകമായ ഭൂതകാലത്തെ പറ്റി സാമന്ത തുറന്നെഴുതുന്നത്. “എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഞാൻ ഒരാളുടെ മടിയിൽ ഇരിക്കുകയാണ്. ഭയത്താൽ മരവിച്ചുപോയി. അയാളുടെ കൈ എന്റെ അടിവസ്ത്രത്തിലേക്ക് നീങ്ങി. ഈ മനുഷ്യൻ മുതിർന്ന ആളാണ്. ഞാൻ വിശ്വസിക്കുന്ന ഒരാൾ. പക്ഷേ അയാൾ ചെയ്യുന്നത് എനിക്ക് വാക്കുകളിൽ വിവരിക്കാൻ പറ്റാത്ത വിധത്തിൽ തെറ്റായി തോന്നി. ഞാൻ ലൈംഗിക ചൂഷണത്തിനിരയാകുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.” സാമന്ത എഴുതി.
അഞ്ചിനും 14 വയസ്സിനുമിടയിൽ മറ്റ് പലരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സാമന്ത പറഞ്ഞു. സ്വയം വെറുത്ത് തുടങ്ങി. ഒടുവിൽ ഈ സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്നെ അധിക്ഷേപിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഒന്നും ചെയ്തില്ലെന്നും തനിക്ക് പിന്തുണ നൽകിയില്ലെന്നും സാമന്ത വെളിപ്പെടുത്തി.
ടെൽഫോർഡിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി 10,000 ന് 7.9 എന്ന നിലയിലാണ്. എന്നാൽ, ടെൽഫോർഡിൽ അത് 16.4 ലേക്ക് ഉയർന്നു. കുറ്റകൃത്യം തടയുന്നതിൽ പൊലീസിനും വലിയ വീഴ്ചയുണ്ടായി. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഈ തുറന്നുപറച്ചിൽ മറ്റനേകം അതിജീവിതകൾക്ക് മുന്നോട്ട് വരാൻ പ്രേരണ നൽകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിലെ ഉക്രയിൻ അഭയാർത്ഥികളിൽ നല്ലൊരു ശതമാനത്തിന്റെയും ഭാവി അനശ്ചിതത്തിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഗവൺമെന്റിന്റെ പ്രത്യേക പദ്ധതി പ്രകാരം ഉക്രയിൻ അഭയാർത്ഥികൾക്ക് ബ്രിട്ടീഷ് പൗരന്മാരുടെ ഭവനങ്ങളിൽ പുനരധിവാസത്തിന് അവസരം ഒരുക്കിയിരുന്നു . എന്നാൽ നാലിലൊന്ന് അഭയാർത്ഥികൾക്ക് അഭയം നൽകിയിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഈ പദ്ധതി തുടർന്നു കൊണ്ടുപോകാൻ താല്പര്യമില്ലന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഹോം ഫോർ ഉക്രയിൻ പദ്ധതിയുടെ ഭാഗമായി 75,000 അഭയാർത്ഥികൾ യുകെയിൽ എത്തിച്ചേർന്നിരുന്നു. ഈ പദ്ധതിയിൽ തുടർന്നും ഭാഗമാകാൻ സ്പോൺസർമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയത് 6 മാസത്തേയ്ക്ക് എങ്കിലും അഭയാർത്ഥികൾക്ക് സ്വന്തം വീട്ടിൽ താമസസൗകര്യം നൽകാമെന്നാണ് സ്പോൺസർമാർ സമ്മതിച്ചിരുന്നത്.
റഷ്യയുടെ ഉക്രയിനിലെ അധിനിവേശത്തിന്റെ ഫലമായി വൻ അഭയാർത്ഥി പ്രവാഹമാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയ്ക്ക് ഉണ്ടായത്. യുകെ ഉക്രയിൻ അഭയാർത്ഥികളോട് പുറംതിരിഞ്ഞു നിൽക്കുന്നതായുള്ള വിമർശനങ്ങൾ അന്ന് ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹോംസ് ഫോർ ഉക്രയിൻ പദ്ധതി യുകെ ഗവൺമെൻറ് ആസൂത്രണം ചെയ്തത്. ഇതുകൂടാതെ യുകെയിലുള്ള ബന്ധുക്കളുമായി ഒത്തുചേരാൻ സഹായിക്കുന്ന ഉക്രയിൻ ഫാമിലി സ്കീമും ഗവൺമെൻറ് നടപ്പിൽ വരുത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലൂട്ടൺ വിമാനത്താവളത്തിൽ തുർക്കിയിൽ നിന്നെത്തിയ ഭീകരൻ അറസ്റ്റിലായി. ഐ എസ് ഭീകര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൊടുംകുറ്റവാളിയാണ് അറസ്റ്റിലായിരിക്കുന്നത്. തുർക്കിയിൽ നിന്ന് നാടുകടത്തിയ ബ്രിട്ടീഷ് പൗരനായ ഐൻ ഡേവിസിനെ തീവ്രവാദ വിരുദ്ധ പോലീസാണ് അറസ്റ്റ് ചെയ്തത്. ഐഎസിന്റെ ഭാഗമായതിന്റെ പേരിൽ ഏഴര വർഷത്തോളം തുർക്കിയിൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷമായിരുന്നു നാടുകടത്തൽ .
ഐഎസ് തീവ്രവാദ സംഘടനയ്ക്ക് വേണ്ടി കൊടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് അറസ്റ്റിലായ ഭീകരൻ . തീവ്രവാദികൾ തടവിലാക്കുന്നവരെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായുള്ള കുറ്റങ്ങളാണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. 2000 -ത്തിലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റിലായിരിക്കുന്ന പ്രതിയെ സൗത്ത് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഒരു ബ്രിട്ടീഷ് പൗരനെ തുർക്കിയിൽ നിന്ന് നാടുകടത്തിയതായും എന്നാൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഹോംസ് ഓഫീസ് വക്താവ് അറിയിച്ചു.