Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യു കെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മറ്റു രാജ്യങ്ങളെക്കാൾ യു കെ ഇത്രയും ബുദ്ധിമുട്ടുന്ന സാഹചര്യം വന്നതിനു പിന്നിൽ ധാരാളം കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വീണ്ടും 0.2% ഇടിവുണ്ടായപ്പോൾ നിലവിലെ അവസ്ഥയുടെ തീവ്രത വ്യക്തമായി.

പിന്നിലേക്ക് നോക്കുമ്പോൾ, യുകെ സമ്പദ്‌വ്യവസ്ഥ മൂന്ന് വർഷം മുമ്പ് പാൻഡെമിക്കിന് തൊട്ടുമുമ്പുള്ളതിനേക്കാൾ ചെറുതായി തുടരുന്നു എന്നത് ആശങ്കാജനകമാണ്. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ സാമ്പത്തികരംഗം ആകെ ചുരുങ്ങുകയും കോവിഡ് സമയത്ത് നഷ്ടപ്പെട്ടവ തിരികെ പിടിക്കാൻ കഴിയാത്തതുമാണ് നിലവിൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

കോവിഡ് മുതൽ യൂറോപ്യൻ ഊർജ ഞെരുക്കം തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ കാലയളവിൽ പ്രതിസന്ധിയായി നിലകൊണ്ടു. ഇതിനെ എല്ലാം അതിജീവിച്ചു സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരിക എന്നുള്ളത് വെല്ലുവിളിയാണ്. ആഗോളതലത്തിൽ നിരവധി സമ്മർദ്ദങ്ങൾ വേറെയുമുണ്ട്. അടുത്ത ആഴ്ചയിലെ ശരത്കാല പ്രസ്താവനയിൽ പലിശനിരക്കുകൾ ഉയരുമ്പോൾ സാമ്പത്തിക സമ്മർദ്ദങ്ങൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്കും ടാക്സ് അടയ്ക്കണമെന്ന നിബന്ധന ഉടൻ നിലവിൽ വരും. വ്യാഴാഴ്ച നടത്തുന്ന പ്രസ്താവനയിൽ ചാൻസലർ ജെറെമി ഹണ്ട് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ദ്രുതഗതിയിൽ ആയതോടെ , റോഡ് നികുതിയിൽ ഉണ്ടായിരിക്കുന്ന 7 ബില്യൺ പൗണ്ടിന്റെ കുറവ് നികത്താനാണ് ഈ നീക്കം. എന്നാൽ ഈ തീരുമാനം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുമെന്ന മുന്നറിയിപ്പുകളും ഉയർന്നു കഴിഞ്ഞു.

നിലവിൽ ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധന ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നയിക്കുമ്പോൾ, അതിൽ സർക്കാർ ഏർപ്പെടുത്തുന്ന ടാക്സ് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കും. എന്നാൽ പൊതു ധനകാര്യത്തിന്റെ ദയനീയാവസ്ഥ അടുത്ത ആഴ്ചത്തെ ബജറ്റിൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട നിര തന്നെ എടുക്കേണ്ടിവരുമെന്ന് മിസ്റ്റർ ഹണ്ട് ഇന്നലെ മുന്നറിയിപ്പ് നൽകി കഴിഞ്ഞിരുന്നു. രണ്ട് വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടൻ പ്രവേശിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ ബ്രിട്ടന്റെ പൊതു ധനകാര്യത്തിൽ ഉണ്ടായിരിക്കുന്ന വിടവ് ഏകദേശം 54 മില്യൺ പൗണ്ടാണെന്നാണ് ഏകദേശം കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നതും പൊതു ചെലവുകൾ കുറയ്ക്കുന്നതും കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഭയപ്പെടുന്നുണ്ട്. യുകെയിലെ റോഡുകളിൽ ഏകദേശം 600,000 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നും, ഇപ്പോൾ വിൽക്കുന്ന ആറ് പുതിയ കാറുകളിൽ ഒന്ന് അവയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ടാക്സുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് സാമ്പത്തിക രംഗത്തെ കൂടുതൽ തകരാറിലാക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരികയാണ്. ഇതിന്റെ ഒരു കണക്ക് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ക്രൈം ഏജൻസി. ബ്രിട്ടനിൽ കുട്ടികൾക്കെതിരെ ഇത്തരത്തിൽ അക്രമം നടത്തുന്നവർ 85000ത്തിലധികം ആളുകൾ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന വാർത്ത. ഇതിന്റെ ഭാഗമായി മാസം തോറും 800 ആളുകൾ അറസ്റ്റിലാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ പിന്തിരിപ്പിക്കാൻ സമൂഹവും അധികാരികളും ശ്രദ്ധിക്കണമെന്നും ഈ കണക്കുകൾ പറയുന്നു.

കുട്ടികൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ പ്രധാനമായും വരുന്നത് ഓൺലൈനിലൂടെയാണ്. ഇന്റർനെറ്റിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകൾ കുട്ടികളെ യഥാർത്ഥത്തിൽ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. 12 വയസ്സുള്ള പെൺകുട്ടികളെ തന്റെ ലൈംഗിക അടിമകളാക്കാൻ ബ്ലാക്ക് മെയിൽ ചെയ്ത സൈബർ സുരക്ഷാ വിദഗ്‌ദ്ധന് 26 വർഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിലാണ് എൻ സി എ ഡയറക്ടർ ക്രിസ് ഫാരിമോണ്ടിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഓൺലൈനിലൂടെ പരിചയപ്പെട്ട ശേഷം കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തുകയും പിന്നീട് ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യന്നതാണ് അവരുടെ ശൈലി.

ഇത്തരത്തിലുള്ള സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇവർ, കെണിയുണ്ടാക്കി വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഇന്റർനെറ്റ്‌ എന്ന കടലിന്റെ പല ഇടങ്ങളും അജ്ഞാതമാണ്. അത് നീന്തികയറാനും ഇത്തരം ചതിക്കുഴികളെ കുറിച്ച് അവരെ ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അമ്മ ഏലിക്കുട്ടി മാത്യു (89 ) നിര്യാതയായി. പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്  പരേതനായ മാത്യു മത്തായിയാണ് .

സംസ്കാര ശുശ്രൂഷകൾ നാളെ (13/11/2022,ഞായർ ) ഉച്ചകഴിഞ്ഞ് 2 : 30ന് ഉരുളിക്കുന്നത്തുള്ള സ്വഭവനത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.പരേത പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്.

സ്രാമ്പിക്കല്‍ പിതാവിന്‍റെ അമ്മയുടെ വിയോഗത്തില്‍ ലെസ്റ്റര്‍ ഇടവകയിലെ വിശ്വാസി സമൂഹത്തിന്‍റെ അനുശോചനങ്ങള്‍ ലെസ്റ്റര്‍ ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. ജോര്‍ജ്ജ് ചേലക്കല്‍ അറിയിച്ചു.

മറ്റു മക്കൾ : പരേതനായ അഡ്വ. മാത്യു, ജോൺസ് മാത്യു, ഷാജി മാത്യു ,ബിജു മാത്യു, ജിപ്സൺ മാത്യു ( സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് പാലാ) മരുമക്കൾ : ഫിലോമിന തൊടുകയിൽ (വലിയ കൊട്ടാരം), ആഗ്നസ് ഇടയാടിയിൽ (പൂഞ്ഞാർ), ബിജി പുരയിടത്തിൽ (കൊല്ലപ്പള്ളി ), ദീപ മടുക്കാവിൽ ( ഉരുളികുന്നം), പഴയിടം പാമ്പൂരിക്കൽ ജിഷ (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, പാലാ).

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാമ്പത്തികരംഗത്തെ പ്രതിസന്ധി പഴയത് പോലെ തുടരുകയാണ്. മാറ്റങ്ങൾ കൊണ്ടുവരുമെന്നും, നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന പുതിയ ഗവണ്മെന്റ് വാഗ്ദാനം മറന്നുപോയോ എന്നും വിമർശനം ഉയരുന്നുണ്ട്. സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ജെറമി ഹണ്ട് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു.

എന്നാൽ അദ്ദേഹം ഇപ്പോൾ നിർണായക മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. മുൻപോട്ടുള്ളത് കഠിനമായ പാതയാണെന്നും ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജിഡിപിയിൽ 0.2 ശതമാനം ഇടിവുണ്ടായത് നിലവിൽ സാമ്പത്തിക രംഗത്ത് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. ഇത് പരിമിതപെടുത്താൻ അടിയന്തിര ഇടപെടൽ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ വേഗത്തിൽ ഇത് പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കണക്കുകൾ ആശങ്കയ്ക്ക് കാരണം ആകുന്നുണ്ടെങ്കിലും വലിയൊരു മാന്ദ്യത്തിലേക്ക് പോകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ രണ്ടാം പാദത്തിൽ 0.2 ശതമാനം വളർച്ചയാണെന്ന് കാണിച്ചിരുന്നു. ആ സാഹചര്യത്തിൽ രാജ്യം ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് വീഴുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കേണ്ടതിന്റെയും സർക്കാർ കടം കുറയ്ക്കുന്നതിന്റെയും ആവശ്യകതയാണ് ജിഡിപി കണക്കുകൾ ഉയർത്തിക്കാട്ടുന്നതെന്ന് ചാൻസിലർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സുമാർക്ക് പിന്നാലെ പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനും സമരം പ്രഖ്യാപിച്ചത് ഭരണനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിസിഎസിലെ ഒരു ലക്ഷത്തോളം അംഗങ്ങളാണ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട ശമ്പള വർദ്ധനവിന് വേണ്ടിയാണ് സമരപ്രഖ്യാപനമെന്ന് പബ്ലിക് ആൻഡ് കൊമേഴ്സ് സർവീസ് യൂണിയൻ അറിയിച്ചു.

പി സി എസിയുടെ സമരപ്രഖ്യാപനം രാജ്യത്തെ ഒട്ടുമിക്ക ഓഫീസുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് എക്സാമിനർ വരെയുള്ള 126 വിവിധ മേഖലകളിലെ ജീവനക്കാരാണ് പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനിൽ അംഗങ്ങളായിട്ടുള്ളത്. 10 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻറെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഇത് കൂടാതെ മെച്ചപ്പെട്ട പെൻഷനും തൊഴിൽ സുരക്ഷയുമാണ് യൂണിയൻ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ .

അടുത്ത രണ്ട് വർഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും രാജ്യമൊട്ടാകെയുള്ള ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സമര പ്രഖ്യാപനങ്ങൾ ഋഷി സുനക് സർക്കാരിന് ഒരു വെല്ലുവിളി തന്നെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രമേഹരോഗം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രമേഹരോഗികളിൽ വിരൽ വികസിക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള ഏറ്റവും പുതിയ പഠനം ഇപ്പോൾ ചർച്ചയാവുകയാണ്. സ്വീഡനിലെ ലണ്ട് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രിഗർ ഫിംഗർ എന്നത് കൈയുടെ ഒന്നോ അതിലധികമോ ടെൻഡോണുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്, ഇത് ബാധിച്ച വിരലോ തള്ളവിരലോ വളയ്ക്കുന്നതിന് ബുദ്ധിമുട്ടാണ്.

ട്രിഗർ വിരൽ ഉള്ള ആളുകൾക്ക് സാധാരണയായി കോർട്ടിസോൺ കുത്തിവെപ്പ് ഉപയോഗിച്ച് ഈ അവസ്ഥയെ ചികിത്സിക്കാൻ കഴിയും, എന്നാൽ ചില സന്ദർഭങ്ങളിൽ, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ അത് തന്നെയാണ് മുഖ്യപരിഹാരമെന്നും പഠനം പറയുന്നുണ്ട്. എന്നാൽ വിഷയത്തിൽ വിദഗ്ധർ പലരീതിയിലാണ് അഭിപ്രായപ്പെടുന്നത്. മുതിർന്ന എഴുത്തുകാരനായ മത്തിയാസ് റൈഡ്‌ബെർഗിന്റെ വാക്കുകൾ, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ട്രിഗർ വിരലുകൾ കൂടുതലായി ബാധിക്കുന്നുവെന്നും, ശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ 20 ശതമാനത്തിലധികം പേരും പ്രമേഹമുള്ളവരാണെന്നും പറയുന്നു.

ഗവേഷണത്തിൽ ആളുകൾ ഔദ്യോകിക കണക്കുകളെയും കേന്ദ്രങ്ങളെയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ആരോഗ്യസംവിധാനത്തിന്റെ കേന്ദ്രങ്ങൾ അവർ ഇതിനായി ഉപയോഗപ്പെടുത്തി. കണക്കുകൾ അനുസരിച്ച് സ്വീഡിഷ് ജനസംഖ്യയുടെ ഒരു ശതമാനത്തോളം പേരിൽ ട്രിഗർ വിരൽ ബാധിക്കുന്നുണ്ടെന്നും, പ്രമേഹമുള്ളവരിൽ 10 മുതൽ 15 ശതമാനം വരെ ഈ അവസ്ഥ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യം സമര തീച്ചൂളയിലേയ്ക്ക് എറിയപ്പെടുകയാണ് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ സമരം പ്രഖ്യാപിച്ചത് എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഇത് എത്രമാത്രം രോഗി പരിപാലനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം . സമരം നീണ്ടുനിൽക്കുകയാണെങ്കിൽ അത്യാവശ്യ സർവീസുകൾ ഉൾപ്പെടെ മുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ തങ്ങളുടെ സമരത്തിന് പൊതുജന പിന്തുണ നേടി നേഴ്സുമാർ രംഗത്തെത്തി. റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിനെ പ്രതിനിധീകരിച്ച് പാറ്റ് കുള്ളൻ ആണ് പൊതുജനത്തിനായി തുറന്ന കത്ത് എഴുതിയിരിക്കുന്നത്. 166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിംഗ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ്‌വൈഫറി , ജി എം പി, യുണൈറ്റി, യൂണിയൻ എന്നീ സംഘടനയുടെ സമര പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ 130 എൻഎച്ച് എസ് ട്രസ്റ്റുകളാണ് നിലവിൽ സമരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെയിൽസിൽ 12 ഉം സ്കോഡ്ലൻഡിൽ 23 ഉം നോർത്തേൺ ഐർലൻഡിൽ 11 ഉം എൻ എച്ച് എസ് ട്രസ്റ്റുകളെ സമരം ബാധിക്കും . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ പണിമുടക്കുന്നത് ബാധിക്കുന്ന എൻ എച്ച് എസ് ട്രസ്റ്റുകളുടെ വിവരങ്ങളാണ് ഇത് . എന്നാൽ മറ്റു യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുകയാണെങ്കിൽ സമരം കൂടുതൽ ഹോസ്പിറ്റലുകളെ ബാധിക്കും. നേഴ്സുമാരുടെ സമര പ്രഖ്യാപനത്തിന് തുടർച്ചയായി പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസും സമരം മുഖത്തേയ്ക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .ഇത് രാജ്യത്തെ വിവിധ മേഖലകളെ ബാധിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അടിസ്ഥാനമായ വിവിധ ആവശ്യങ്ങളും, വേതന വർധനവും ആവശ്യപ്പെട്ടു നേഴ്സുമാർ സംഘടിപ്പിക്കുന്ന പണിമുടക്ക് പുരോഗമിക്കുകയാണ്. സർക്കാരിന് മുൻപിൽ വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ മുൻപോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നിലവിൽ കാര്യങ്ങൾ പോകുന്നത്. വാക്ക്-ഔട്ടുകൾ ഉൾപ്പെടെ നടക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ സർക്കാരും ‘മിലിറ്റന്റ്’ നേഴ്സിംഗ് യൂണിയനും തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്ന് നടക്കുകയാണ്.

ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ, തൊഴിലാളികൾ ഒന്നാകെ മുൻപോട്ട് വെച്ചിരിക്കുന്ന സമരത്തിൽ നിർണായക ഇടപെടലുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ മേധാവി പാറ്റ് കുള്ളനെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻപെങ്ങും ഇല്ലാത്ത രീതിയിൽ, യൂണിയന്റെ ഭാഗമായ മുഴുവൻ ആളുകളും സമരത്തെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയത് ഭരണകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവരുടെ ഐക്യത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നാണ് നിലവിലെ സംഭവവികാസങ്ങൾ പറയുന്നത്.

ജീവിതചിലവുകൾ ദിനതോറും വർധിക്കുകയാണ്. ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ചെയ്യേണ്ടത് നേഴ്സുമാരാണ്. എന്നാൽ അവർക്ക് നാളിതുവരെയായി വേതനം വർധിപ്പിച്ചു നൽകിയിട്ടില്ല. 35,000 പൗണ്ട് സമ്പാദിക്കുന്ന ഒരു ശരാശരി നേഴ്‌സിന് 6,000 പൗണ്ടിന് തുല്യമായി ഏകദേശം 17 ശതമാനം ശമ്പള വർദ്ധനവിന് വേണ്ടിയാണ് നിലവിൽ സമരം നടത്തുന്നത്. എന്നാൽ ഈ ആവശ്യത്തെ നിരാകരിച്ചു സ്റ്റീവ് ബാർക്ലേ നേരത്തെ രംഗത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വകാര്യതയ്ക്കും വ്യക്തിഗത വിവരങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ബ്രിട്ടൻ . അതുകൊണ്ടുതന്നെ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ വാണിജ്യ താൽപര്യങ്ങൾക്കായി നൽകുന്നതിനെയും അതുവഴി ലാഭം കൊയ്യുന്നതിനെയും ശക്തമായ നിയമങ്ങൾ വഴി ശിക്ഷ അർഹിക്കുന്ന കുറ്റങ്ങളാണ്. കലണ്ടർ തുടങ്ങി സമ്മാനങ്ങൾ പോസ്റ്റലിൽ അയക്കുന്നതിനായി മേൽവിലാസം ശേഖരിക്കുന്നതിന്റെ പുറകിൽ ഒളിഞ്ഞിരിക്കുന്ന കച്ചവട കണ്ണിനെ കുറിച്ച് യുകെ മലയാളികളിൽ പലരും അത്ര ബോധവാന്മാരല്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പല ബിസിനസ് സ്ഥാപനങ്ങൾക്കും നൽകി ലാഭം കൊയ്യുന്ന പ്രക്രിയയിൽ അറിയാതെ നമ്മൾ കണ്ണികൾ ആകുന്ന കാര്യം വിസ്മരിക്കരുത്. ചെറിയ ഇരയെ കാട്ടി ചൂണ്ടയിട്ട് വൻ മത്സ്യങ്ങളെ വേട്ടയാടുന്ന നയം തന്നെയാണ് ഇവിടെ കച്ചവട കണ്ണോടെ ഇവർ പയറ്റുന്നത്.

മേൽവിലാസവും ഫോൺ നമ്പറും ഈമെയിൽ ഐഡിയും കൊടുക്കുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കിടന്നുറങ്ങുന്ന നമ്മുടെ ഉറക്കം കെടുത്തുന്ന മാർക്കറ്റിംഗ് ഫോൺ കോളുകൾക്ക് പിന്നിലുള്ളത് നമ്മൾ കൊടുത്ത ഈ വിവരങ്ങൾ ആണെന്നുള്ളത് നമ്മൾ മനസ്സിലാക്കുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഈമെയിൽ ഐഡിയിലേക്ക് വരുന്ന പ്രമോഷണൽ, മാർക്കറ്റിംഗ് മെയിലുകളുടെ പിന്നിലുള്ളതും നമ്മൾ ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ ആണെന്നുള്ളതാണ് സത്യം. ഒരാളുടെ ഈമെയിൽ ഐഡിയും ഫോൺ നമ്പറും കൊടുക്കുകയാണെങ്കിൽ ചെറിയ കമ്പനികൾ വരെ നാല് പൗണ്ട് വരെ കൊടുക്കുന്നുണ്ട്. എത്തിനിക് വിവരങ്ങൾ, പ്രായം എന്നിവയൊക്കെ കൊടുക്കുകയാണെങ്കിൽ കിട്ടുന്ന തുക വളരെ വലുതാണ് . യുകെയിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക മാർക്കറ്റിങ്ങുകൾക്കും പിന്നിലും നമ്മൾ കൊടുക്കുന്ന ഇത്തരം വിവരങ്ങളാണുള്ളത്.

ഏതെങ്കിലും മാധ്യമങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് നാം ബോധവാന്മാരാകണം. നിസ്സാരമെന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും പിന്നീട് ലഭിക്കുന്ന മാർക്കറ്റിംഗ് ഫോൺകോളുകളിൽ നിന്ന് മാത്രം നമ്മുടെ വിവരങ്ങൾ വൻ ലാഭത്തിൽ കൈമാറിയതിന്റെ കച്ചവട കണ്ണുകളുടെ നേർചിത്രം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന ഒന്നാണ് ഡേറ്റയും അതിൽ നിന്ന് ഒരുത്തിരിയുന്ന വിവരങ്ങളും. പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങൾ പല രീതിയിലും പ്രാധാന്യം ഏറിയവയാണ്. വ്യക്തിഗത വിവരങ്ങളിലൂടെ അഭിരുചികളിലൂടെ നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ലാഭം കൊയ്യാൻ മത്സരിക്കുകയാണ് വൻകിട കമ്പനികൾ . ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ടെക്നോളജി ഭീമന്മാരുടെയും വൻ ലാഭത്തിന്റെ അടിസ്ഥാനം ഉപഭോക്താക്കളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ബിസിനസ് തന്ത്രങ്ങളാണ്. ഏതെങ്കിലും ആവശ്യങ്ങൾക്കായോ പ്രോഡക്റ്റിനായോ ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അനുബന്ധമായി ലഭിക്കുന്ന പ്രോഡക്റ്റ് റെക്കമെന്റേഷനിൽ നിന്ന് നമ്മുടെ ഓരോ ചലനങ്ങളും കമ്പനികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻറെ ചെറിയൊരു ഉദാഹരണം മാത്രമാണ്.

Copyright © . All rights reserved