ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ലിസ് ട്രസിന് പിന്തുണയുമായി മുൻ ചാൻസലർ സാജിദ് ജാവിദ്. നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ലിസ് ട്രസിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസിന്റെ പ്രഖ്യാപനം പോലെ അടിയന്തര നികുതി വെട്ടിക്കുറയ്ക്കലാണ് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യുകെയെ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയാക്കാൻ മാത്രമേ സുനക്കിന്റെ പദ്ധതികൾക്ക് സാധിക്കൂ എന്നും ജാവിദ് പറഞ്ഞു.

ജാവിദിന്റെ പിന്തുണ ലിസ് ട്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അഞ്ച് സ്ഥാനാർത്ഥികളുടെ പിന്തുണയും ട്രസിനുണ്ട്. ട്രഷറിയിൽ ജാവിദിനൊപ്പം പ്രവർത്തിക്കുകയും 2020 ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ചാൻസലറാകുകയും ചെയ്ത സുനകിന് ഈ പിന്തുണ പ്രഖ്യാപനം തിരിച്ചടിയാകും.

നികുതി വെട്ടിക്കുറയ്ക്കൽ ഇപ്പോൾ അത്യന്താപേക്ഷിതമാണെന്നും നാം ഇപ്പോൾ നേരിടുന്ന സാഹചര്യങ്ങൾക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ജാവിദ് ടൈംസ് പത്രത്തിൽ കുറിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടുത്ത വർഷമാദ്യം പണപ്പെരുപ്പം 15 ശതമാനത്തിലെത്തുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 1.75 ലേക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി), ഇപ്പോഴത്തെ പലിശ നിരക്കായ 1.25 ശതമാനത്തിൽ നിന്ന് അര ശതമാനം ഉയർത്തിയേക്കുമെന്ന സൂചനയുണ്ട്. പണപ്പെരുപ്പം ഈ ശരത്കാലത്തിൽ ഏകദേശം 11 ശതമാനത്തിൽ എത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ കൂടുതൽ സാമ്പത്തിക ദുരിതം വന്നേക്കാമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺവാൾ ഇൻസൈറ്റ് പ്രവചിച്ചിരുന്നു.

ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു. അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികളിലേക്കാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
പലിശ കൂട്ടുമ്പോൾ..
പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വളരെ വ്യത്യസ്തമായ ഒരു ആദ്യകുർബാന സ്വീകരണ ചടങ്ങ് നടത്തിയെടുക്കുവാൻ സാധിച്ചു എന്ന സന്തോഷത്തിലാണ് ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബം. സാധാരണയിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ശൈലിയിലുള്ള വസ്ത്രധാരണവും ചടങ്ങുകളുമാണ് ഈ ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബത്തിലെ മാർട്ടിൻ കെ ജോസഫിന്റെയും രാജാ കെ ജോസഫിന്റെയും മക്കളായ ഡിയോണിന്റെയും ഷോണിന്റെയും ആദ്യകുർബാന സ്വീകരണ ചടങ്ങാണ് യൂറോപ്യൻ രീതിയിലുള്ള ശൈലികൾ കൊണ്ട് വ്യത്യസ്തമായത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്ത അനുഭവം കൊണ്ടുവരുവാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് യുകെയിലെ ബെർമിംഹാമിൽ സ്ഥിരതാമസമാക്കി കോൺഫിഡൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിവരുന്ന മാർട്ടിൻ കെ ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

മാർട്ടിനും കുടുംബവും
കണിമംഗലത്ത് പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിനും മറിയാമ്മയ്ക്കും 5 ആൺമക്കളും ഒരു മകളും ഉൾപ്പടെ ആറ് മക്കളും 14 കൊച്ചുമക്കളുമാണ് ഉള്ളത്. ഇപ്പോഴും വളരെ ഊർജ്ജസ്വലതയോടെ കുടുംബത്തെ നയിക്കുന്ന മറിയാമ്മ, വളരെ വേഗത്തിൽ ബൈബിൾ പകർത്തിയെഴുതി എന്ന ഖ്യാതിക്കും ഉടമയാണ്. ദൈവപരിപാലനയിൽ കുടുംബത്തെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നതാണ് തന്റെ സന്തോഷം എന്ന് മറിയാമ്മ പറഞ്ഞു.

കുഞ്ഞാപ്പു ജോസഫിൻെറയും മറിയാമ്മയുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്നയാളായ സുനിൽ കെ ജോസഫിനും ഭാര്യ ബിൻസി സുനിലിനും അനഘ സുനിൽ, അനൽ സുനിൽ എന്നീ രണ്ട് മക്കളാണ് ഉള്ളത്. രണ്ടാമത്തെ മകൻ ജോർജ് ജോസഫും ഭാര്യ ജോയ്സി ജോർജും കുവൈറ്റിൽ സ്ഥിരതാമസമാണ്. ഇവർക്ക് എബിതാ ജോർജ്, നിവേദിത ജോർജ്, എവിൻ ജോർജ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. മൂന്നാമത്തെ മകളായ ഡോ . ജീനാ ജോസഫും ഭർത്താവ് ജോസഫ് വർഗീസുമാണ്. യു എസിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അലൻ ജോസഫ്, ആൽബർട്ട് ജോസഫ്, ആൾഡൻ ജോസഫ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. നാലാമത്തെ മകനായ ജിജോ കെ ജോസഫും ഭാര്യ ബെറ്റി ജിജോയും മക്കളായ ആരോൺ ജിജോയും, ആർവിൻ ജിജോയും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. അഞ്ചാമത്തെ മകനായ മാർട്ടിൻ കെ ജോസഫും ഭാര്യ പ്രേമ മാർട്ടിനും യുകെയിൽ സ്ഥിരതാമസമാണ്. മാർട്ടിൻ യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. ഡെലിന, ലിയോണ, ഡിയോൺ എന്നിവരാണ് ഇവരുടെ മക്കൾ. ഏറ്റവും ഇളയ മകനായ രാജാ കെ ജോസഫും ദീപ്തി രാജയും ബഹ്റൈനിൽ സ്ഥിരതാമസമാണ് . ഇവർക്ക് ഷോൺ എന്ന ഒരു മകനാണ് ഉള്ളത്. ഇതിൽ മാർട്ടിൻ കെ ജോസഫിന്റെ മകനായ ഡിയോണിന്റെയും, രാജാ ജോസഫിന്റെ മകനായ ഷോണിന്റെയും ആദ്യകുർബാനയാണ് കുടുംബം വ്യത്യസ്തമായ രീതിയിൽ നടത്തിയത്.



ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആർച്ചി ബാറ്റേഴ്സ്ബീയുടെ മാതാപിതാക്കൾ തങ്ങളുടെ മകൻെറ ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള തീരുമാനം മാറ്റിവയ്ക്കാനുള്ള ശ്രമവുമായി യൂറോപ്യൻ കോടതിൽ (ഇ സി എച്ച് ആർ) അപേക്ഷ സമർപ്പിച്ചു. പന്തണ്ട് വയസ്സുകാരന്റെ ജീവൻ നിലനിർത്തുന്ന ചികിത്സ ബുധനാഴ്ച പിൻവലിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ചികിത്സ പിൻവലിക്കുന്നതിനെതിരെ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. ആർച്ചിയെ ചികിത്സിക്കുന്ന റോയൽ ലണ്ടൻ ആശുപത്രി പ്രവർത്തിപ്പിക്കുന്ന ബാഴ്സ് എൻഎച്ച്എസ് ഹെൽത്ത് ട്രസ്റ്റ് കുട്ടിയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമേ ചികിത്സ അവസാനിപ്പിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. അതേസമയം മസ്തിഷ്ക മരണത്തിനാണ് ഏറെ സാധ്യതയെന്നും കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയില്ല എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ലൈഫ് സപ്പോർട്ടിന്റെ സഹായം അവസാനിപ്പിക്കുന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. ചികിത്സ തുടരുന്നത് അർഥശൂന്യമാണെന്ന് ഹൈക്കോടതി ജഡ്ജി മുമ്പ് പറഞ്ഞിരുന്നു.

ഇ സി എച്ച് ആറിന് നൽകിയ അപേക്ഷയിൽ തങ്ങൾക്ക് അനുകൂലമായ ഒരു വിധി പ്രതീക്ഷിക്കുന്നുവെന്നും ആർച്ചിയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ തങ്ങൾ പോരാടുമെന്നും ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് തന്റെ മകൻെറ ചികിത്സയ്ക്കായുള്ള സഹായ അഭ്യർഥനകൾ വന്നിട്ടുണ്ടെന്ന് മിസ്സ് ഡാൻസ് പറഞ്ഞു. ഈ രാജ്യത്തിൽ അവനെ ചികിത്സിക്കാൻ കഴിയുകയില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിൽ താൻ തെറ്റ് കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആർച്ചിയുടെ പേരിൽ ഒരു അപേക്ഷ ലഭിച്ചതായി ഇ സി എച്ച് ആർ സ്ഥിരീകരിച്ചിരുന്നു. സൗത്ത്എൻഡ്-ഓൺ-സീ എസ്സെക്സിൽ താമസിക്കുന്ന ആർച്ചി ഏപ്രിൽ ഏഴിനാണ് അബോധാവസ്ഥയിൽ ആയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡിന്റെ ആനുകൂല്യത്തിൽ ലോൺ എടുത്ത 16000 – ത്തിലധികം ബിസിനസ് സ്ഥാപനങ്ങൾ പണം തിരിച്ചടക്കുന്നില്ലെന്ന് കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ വായ്പാ പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ നികുതിദായകൻറെ 500 മില്യണിലധികം പൗണ്ട് നഷ്ടമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്ത കൂടുതൽ കമ്പനികളുടെ വിവരങ്ങൾ പുറത്തുവരുന്നതിലൂടെ ഈ തുക ഇനിയും ഉയരാനാണ് സാധ്യത.

അർഹതയില്ലാതെ വായ്പ നേടിയെടുക്കുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത നൂറുകണക്കിന് കമ്പനി മേധാവികളെ ഇതിനോടകം അയോഗ്യരാക്കിയിട്ടുണ്ട്. ഖജനാവിന് നഷ്ടമായ പണം തിരിച്ചുപിടിക്കാൻ എന്ത് ചെയ്യുമെന്നത് സർക്കാർ കേന്ദ്രങ്ങളിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

വായ്പകൾ സ്വീകരിക്കുന്നവരെ കുറിച്ച് കൃത്യമായ വിശകലനം നടത്താതെയാണ് പല ലോണുകളും അനുവദിച്ചത് എന്ന വിമർശനം ശക്തമാണ് . മഹാമാരിയെ അതിജീവിക്കാൻ ബിസിനസ് സംരംഭങ്ങളെ സഹായിക്കാനാണ് സർക്കാർ വായ്പാ പദ്ധതി ആസൂത്രണം ചെയ്തത് . പദ്ധതി പ്രകാരം ഏതൊരു ചെറുകിട കമ്പനിക്കും അതിൻറെ വിറ്റുവരവനുസരിച്ച് 50,000 പൗണ്ട് വരെ വായ്പയ്ക്ക് അപേക്ഷിക്കാം . എന്നാൽ അപേക്ഷകർക്ക് കണക്കുകൾ സ്വയം സാക്ഷ്യപ്പെടുത്താൻ അനുവദിച്ചതാണ് പല അർഹതയില്ലാത്തവരും വായ്പാ പദ്ധതിയിൽ കടന്നുകൂടാൻ ഇടയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സുരക്ഷാ ഭീതി കാരണം പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകൾ അയക്കാൻ വൈകുന്നു. സുരക്ഷാ ഏജൻസിയായ ജിസിഎച്ച്‌ക്യുവുമായി കൂടിയാലോചിച്ച ശേഷം ശേഷമാണ് ഈ നടപടി. ഹാക്കർമാർക്ക് ബാലറ്റിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ജിസിഎച്ച്‌ക്യു മുന്നറിയിപ്പ് നൽകി. തപാൽ വഴിയോ ഓൺലൈനായോ വോട്ടെടുപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനം.

എന്നാൽ, നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ നിർദേശം പ്രകാരം വോട്ടെടുപ്പ് പ്രക്രിയയിൽ സുരക്ഷ വർധിപ്പിക്കാനായി അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചു. പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പാർട്ടി കാലതാമസത്തിന്റെ കാരണം വിശദീകരിച്ചു. പ്രത്യേക ഭീഷണിയില്ലെങ്കിലും, വോട്ടുകൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 11-നകം ബാലറ്റ് പായ്ക്ക് ലഭിക്കാത്ത അംഗങ്ങൾ പാർട്ടിയുമായി ബന്ധപ്പെടണമെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 60% ടോറി അംഗങ്ങളുടെ പിന്തുണയുണ്ടെന്നും മുൻ ചാൻസലർ ഋഷി സുനക്കിന് 26% പിന്തുണയുണ്ടെന്നും ടൈംസിൽ റിപ്പോർട്ട് ചെയ്ത യൂഗോവ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെന്റ് : ഹാംപ്ഷയറിനും ഐല്‍ ഓഫ് റൈറ്റിനും പിന്നാലെ, കെന്റിലും സസെക്സിലും ഹോസ്‌പൈപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നു. ഓഗസ്റ്റ് 12 മുതലാണ് നിരോധനം. 22 ലക്ഷം ആളുകൾക്ക് ഇത് ബാധകമായിരിക്കും. ഇതൊരു തത്കാലിക നിരോധനം ആയിരിക്കുമെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ പറഞ്ഞു. ലീക്കായ പൈപ്പുകളിൽ നിന്ന് കഴിഞ്ഞ വർഷം 88.7 മില്യൺ ലിറ്റർ വെള്ളം നഷ്ടമായെന്നാണ് കണക്കുകൾ. ഇത്തവണ ഹോസ് പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ കമ്പനിയാണ് സൗത്ത് ഈസ്റ്റ് വാട്ടർ. സതേണ്‍ വാട്ടര്‍ ആണ് കഴിഞ്ഞ ദിവസം നിരോധനം പ്രഖ്യാപിച്ചത്.

ഇനി പൂന്തോട്ടം നനയ്ക്കുവാനും കാര്‍ കഴുകുവാനും ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതുപോലെ അലങ്കാര കുളങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം നിറക്കാനും അനുവാദമില്ല. നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടയ്‌ക്കേണ്ടി വരും. കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ജലക്ഷാമം ഉണ്ടാകുന്നതിന്റെ സൂചനയാണ് ഈ നിരോധനം.

അതുപോലെ തന്നെ വീടുകളുടെ ചുമരുകള്‍, ജനലുകള്‍, മറ്റു പുറംവാതില്‍ സാധനങ്ങള്‍ എന്നിവയും ഹോസ്‌പൈപ്പ് ഉപയോഗിച്ച് കഴുകുന്നതിന് നിരോധനമുണ്ട്. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ കടുത്ത വരൾച്ച ഇംഗ്ലണ്ടിൽ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സൗത്ത് ലണ്ടനിൽ നിന്നും ഒരു മാസം മുൻപ് കാണാതായ നേഴ്സിങ് വിദ്യാർത്ഥി ഓവാമി ഡേവിസിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എസെക്സിലെ ഗ്രെയ്‌സിൽ നിന്നുള്ള ഇരുപത്തിനാലുകാരിയായ ഓവാമി ജൂലൈ 4 -ന് വീട്ടിൽനിന്ന് പുറപ്പെട്ടതായാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അതിനുശേഷം ഓവാമിയെ ജൂലൈ 7 -ന് വെസ്റ്റ് ക്രോയ്ഡനിലെ ഡെർബി റോഡിൽ വച്ചാണ് അവസാനം കണ്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓവാമിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിമൂന്നും, ഇരുപത്തേഴും വയസ്സുള്ള രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഇവർ ഇരുവരും സൗത്ത് ലണ്ടൻ പോലീസ് കസ്റ്റഡിയിലാണ്. സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡ് വിഭാഗത്തിലെ ഡിറ്റക്ടീവ് ഉദ്യോഗസ്ഥരാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.
ഓവാമിയെ കണ്ടെത്തുന്നതിനായുള്ള ശക്തമായ അന്വേഷണം തുടരുകയാണെന്ന് മെട്രോപോളിറ്റൻ പോലീസ് വക്താവ് അറിയിച്ചു. ആരെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ടോറി നേതൃത്വ പോരാട്ടത്തിൽ ലിസ് ട്രസിന് പിന്തുണയേകി പെന്നി മോർഡൗണ്ട്. ഋഷി സുനകിനും ലിസ് ട്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് വാണിജ്യ മന്ത്രി മോർഡൗണ്ട് മത്സരത്തിൽ നിന്ന് പുറത്തായത്. പ്രധാനമന്ത്രിയാകാൻ ട്രസിനാണ് കൂടുതൽ സാധ്യതയെന്ന് പെന്നി അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ 160,000 അംഗങ്ങൾക്ക് ഇന്നലെ മുതൽ ബാലറ്റ് പേപ്പറുകൾ ലഭിച്ചുതുടങ്ങി. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തി സെപ്റ്റംബർ അഞ്ചോടെ പുതിയ പ്രധാനമന്ത്രി ആരെന്ന് അറിയാം.

കൺസർവേറ്റീവ് അംഗങ്ങളെ ആകർഷിക്കുന്നതിനായി സ്ഥാനാർഥികൾ തങ്ങളുടെ നയങ്ങൾ പ്രഖ്യാപിച്ചപ്പോൾ നികുതിക്കാണ് പ്രഥമ പരിഗണന നൽകിയത്. പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ചാൻസലർ നദീം സഹവി എന്നിവരും ലിസ് ട്രസിനെ പിന്തുണയ്‌ക്കുന്നു. അതേസമയം, മുൻ ക്യാബിനറ്റ് മന്ത്രിമാരായ ലിയാം ഫോക്സും ഡാമിയൻ ഗ്രീനും ഉൾപ്പെടെയുള്ള മുതിർന്ന ടോറി എംപിമാരുടെ പിന്തുണ സുനക്കിന് ലഭിച്ചു.

മോർഡോണ്ട് വലിയ രാജ്യസ്നേഹിയാണെന്നും അവളെ എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ട്രസ് പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, മത്സരഘട്ടത്തിൽ ട്രസ്സിന്റെ ടീം വൃത്തികെട്ട, തന്ത്രപരമായ പ്രചാരണം നടത്തിയെന്ന് മൊർഡോണ്ടിന്റെ ചില സഖ്യകക്ഷികൾ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ എല്ലാം നിഷേധിച്ചാണ് ഇപ്പോൾ പിന്തുണ ഉറപ്പാക്കിയത്. രാഷ്ട്രീയക്കാരനല്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സുനക്കിന്റെ മറുപടി ഇങ്ങനെ; “എനിക്ക് സതാംപ്ടൺ ഫുട്ബോൾ ക്ലബ് നടത്താൻ കഴിയുമെങ്കിൽ വളരെയധികം സന്തോഷം”.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗ്ലാസ്ഗോ : 10 വർഷത്തിനിടെ ഗ്ലാസ്‌ഗോയിൽ മൂന്ന് കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കേസിൽ ഏഴ് പുരുഷന്മാരും നാല് സ്ത്രീകളും പ്രതികൾ. കുട്ടികൾ വ്യത്യസ്ത സമയങ്ങളിൽ ബലാത്സംഗത്തിനിരയായി. ഒപ്പം കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയും അവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുകയും ചെയ്തു. ഒരു പെൺകുട്ടിയെ മൈക്രോവേവിൽ അടച്ചിട്ടുവെന്ന് പറയപ്പെടുന്നു. മൃഗങ്ങളെ കൊല്ലാനും കുട്ടികളെ നിർബന്ധിച്ചു.

ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ, നഗരത്തിലെ ടൗൺഹെഡ്, മേരിഹിൽ, ക്രെയ്‌ജെൻഡ് എന്നിവിടങ്ങളിൽ 2010 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ 43 വ്യത്യസ്‌ത കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നു. ഇയാൻ ഓവൻസ് (43), എലെയ്ൻ ലാനറി (38), ലെസ്ലി വില്യംസ് (40), പോൾ ബ്രന്നൻ (40), മരിയാൻ ഗല്ലഗർ (37), സ്കോട്ട് ഫോർബ്സ് (49), ബാരി വാട്സൺ (46), മാർക്ക് കാർ (49), റിച്ചാർഡ് ഗചഗൻ (44), ലയിംഗ് (50) ജോൺ ക്ലാർക്ക് (46) എന്നിവരാണ് പ്രതികൾ.

ഓജോ ബോർഡ് ഉപയോഗിച്ച് ആത്മാക്കളെയും പിശാചുക്കളെയും വിളിക്കുന്ന പ്രവൃത്തിയിലും ഏർപ്പെട്ടിട്ടുണ്ട്. ഇതിനായും കുട്ടികളെ ഉപയോഗിച്ചു. പ്രതികളിൽ പലരും മുൻപ് പല കേസുകളിലും കുറ്റക്കാരാണ്. അടുത്ത വർഷം സെപ്റ്റംബറിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ എട്ടാഴ്ചത്തെ വിചാരണ നടക്കും.