Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഋഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് നിലനിർത്താൻ പ്രതിവർഷം 30,000 പൗണ്ട് നൽകുന്നതായി അവരുടെ വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യൻ സ്ഥാപനമായ ഇൻഫോസിസിൽ നിന്ന് അക്ഷത മൂർത്തിക്ക് കഴിഞ്ഞവർഷം ലാഭവിഹിതമായി 11.6 മില്യൻ പൗണ്ട് ലഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവരുടെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം വിദേശത്ത് സമ്പാദിക്കുന്ന വരുമാനത്തിൻെറ നികുതി നൽകേണ്ട ആവശ്യമില്ല. ഒരു വ്യക്തി കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ 7 വർഷമെങ്കിലും യുകെയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മുപ്പതിനായിരം പൗണ്ട് ഫീസ് ഈടാക്കും. ഗവൺമെന്റ് നിയമപ്രകാരം ഇവർക്ക് നോൺ – ഡോമിസിലിയറി പദവി നൽകാം.ഇത്തരക്കാർ യുകെയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും.


അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർധിപ്പിക്കുന്നതിനിടയിൽ ഭാര്യയുടെ നികുതി കുറയ്ക്കാൻ പദ്ധതികൾ സുനക് ഉപയോഗിച്ചുവെന്നത് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഏറെ ആശ്വാസകരമാണ് എന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകളും ആശുപത്രി പ്രവേശനവും ഉയർന്നതോടെ എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിൽ. ആക്‌സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലാണ് പ്രതിസന്ധി രൂക്ഷം. എ & ഇ യിലേക്ക് രോഗികളെ എത്തിക്കാൻ ആംബുലൻസുകൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടതായി വന്നു. പല രോഗികളെയും തെറ്റായ സ്ഥലങ്ങളിലേക്ക് എത്തിക്കുന്ന സാഹചര്യവും ഉടലെടുത്തു. ഇത്തരം സ്ഥിതിഗതികളിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ആരോഗ്യ പരിചരണ മേഖലകളിലും ഈ സമ്മർദ്ദം ഉണ്ട്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. രാജ്യത്ത് 20,000 ത്തിലധികം പേർ ഇപ്പോൾ ആശുപത്രികളിൽ കഴിയുന്നുണ്ട്. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതായി ആശുപത്രികൾ അറിയിച്ചു. ആരോഗ്യ, പരിചരണ സംവിധാനത്തിലുടനീളമുള്ള പ്രതിസന്ധി ആംബുലൻസ് സേവനങ്ങളെയും സാരമായി ബാധിച്ചു. ആശുപത്രി പ്രവേശനം ഉയർന്ന നിലയിലാണെന്നും അതിനാൽ തിരക്ക് വർധിച്ചുവെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്നുവെന്ന് റിപ്പോർട്ട്‌. 60 ഹെപ്പറ്റൈറ്റിസ് കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ മനസിലാക്കി ജാഗ്രത പാലിക്കാൻ ഡോക്ടർമാർ അഭ്യർത്ഥിച്ചു. സാധാരണയായി, ഹെപ്പറ്റൈറ്റിസ് വൈറസുകൾ എന്നു വിളിക്കപ്പെടുന്നതും, എ, ബി, സി , ഡി, ഇ എന്നിങ്ങനെ അഞ്ചിനങ്ങൾ ഉൾപ്പെടുന്നതുമായ ഒരു കൂട്ടം വൈറസുകളാണ് ഇതിന് കാരണമാകുന്നത്. രോഗബാധയെ പറ്റി അന്വേഷണം നടത്തിവരികയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷൻസ് ഡയറക്ടർ ഡോ മീരാ ചന്ദ് പറഞ്ഞു.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും ആളുകൾ ബോധവാന്മാരായിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്കോട്ട്ലൻഡിൽ പതിനൊന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാനാർക്‌ഷയർ, ടെയ്‌സൈഡ്, ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ്, ഫൈഫ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചത്. കേസുകൾ തമ്മിൽ വ്യക്തമായ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് സ്കോട്ട്‌ലൻഡ് പറഞ്ഞു. “നിങ്ങളുടെ കുട്ടികൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടർമാരെ ബന്ധപ്പെടണം.” പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ.നിക്കോളാസ് ഫിൻ നിർദേശിച്ചു.

നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പെൻസിൽവാനിയ : യു.എസില്‍ രണ്ട് വയസ്സുള്ള സഹോദരനിൽ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. പെൻസിൽവാനിയയിലെ ചെസ്റ്റർ ഗ്യാസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 10:45ഓടെയായിരുന്നു സംഭവം. ഗ്യാസ് സ്റ്റേഷനിൽ നിർത്തിയിട്ട കാറിനുള്ളിലാണ് കുട്ടികൾ ഉണ്ടായിരുന്നത്. വാഹനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ട് സമീപവാസികൾ പെൺകുട്ടിയെ ക്രോസർ-ചെസ്റ്റർ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് അപകടം ഉണ്ടായതെന്ന് ചെസ്റ്റർ പോലീസ് പറഞ്ഞു.

 

വെടിയുതിർക്കുമ്പോൾ കുട്ടികളുടെ പിതാവ് കാറിന് വെളിയിലായിരുന്നു. അദ്ദേഹം കടയിൽ കയറിയ സമയത്താണ് അപകടം ഉണ്ടായതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. എവരിടൗൺ ഫോർ ഗൺ സേഫ്റ്റി അഡ്വക്കസി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് , ഈ വർഷം ഇതുവരെ 51 കുട്ടികൾ മനഃപൂർവമല്ലാതെ വെടിയുതിർത്ത സംഭവങ്ങളിൽ 17 പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2020-ല്‍ പതിനെട്ടുവയസിനു താഴെയുള്ള കുട്ടികള്‍ മനഃപൂര്‍വമല്ലാതെ വെടിയുതിര്‍ത്ത സംഭവങ്ങളില്‍ 142 പേര്‍ മരിക്കുകയും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 ല്‍ 163 പേര്‍ കൊല്ലപ്പെടുകയും 248 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ടാക്സ് വെട്ടിപ്പിനായി ഉപയോഗിക്കുന്നതായി പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം ബ്രിട്ടന് പുറത്തുള്ള സമ്പാദ്യങ്ങൾ ക്ക് ബ്രിട്ടണിൽ ടാക്സ് നൽകേണ്ടതില്ല. ഇന്ത്യയിലെ സമ്പന്നന്മമാരിൽ ഒരാളുടെ മകളായ അക്ഷത ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരമാണ് ജീവിക്കുന്നത്. ഇതിലൂടെ കോടികളുടെ സമ്പാദ്യങ്ങൾക്ക് ടാക്സ് നൽകാതിരിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്നാണ് പുതിയതായി ഉയർന്നുവന്നിരിക്കുന്ന വിവാദം. തന്റെ എല്ലാ സമ്പാദ്യങ്ങൾക്കും കൃത്യമായ ടാക്സ്‌ താൻ നൽകുന്നുണ്ടെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. എന്നാൽ ഇതുസംബന്ധിച്ച് ഉടൻ തന്നെ ഇരുവരും കൃത്യമായ വിശദീകരണം നൽകണമെന്നാണ് ലേബർ പാർട്ടി ഷാഡോ ട്രഷറി മിനിസ്റ്റർ ട്യൂലിപ് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ. യാതൊരുവിധ ടാക്സ്‌ തട്ടിപ്പും നടത്തുന്നില്ലെന്ന ശക്തമായ വിശദീകരണമാണ് അക്ഷതയുടെ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജ്യത്തെ വൈറസ് ബാധിത പ്രദേശങ്ങളിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് എൻഎച്ച്എസ് അധികൃതർ മുന്നറിയിപ്പുനൽകി. രോഗബാധിതരുടെ എണ്ണം മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേയ്ക്ക് എത്തിച്ചേർന്നതായാണ് കണക്കുകൾ കാണിക്കുന്നത്.


കഴിഞ്ഞ മാസത്തിലെ അവസാന മൂന്ന് ആഴ്ചയിൽ രാജ്യത്തെ 16 പേരിൽ ഒരാൾക്ക് വൈറസ് ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു . ഇംഗ്ലണ്ടിലുടനീളം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ അവസാനിപ്പിച്ചതിന് ശേഷമുള്ള ഈ വിവരങ്ങളും യഥാർഥ സ്ഥിതി വിശേഷവുമായി വളരെയേറെ അന്തരമുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.


ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച 389,368 പേർക്കാണ് വൈറസ് ബാധിച്ചത്. അതിനു മുമ്പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 169,364 പേരുടെ കുറവാണ് കാണിക്കുന്നത്. എന്നാൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നിർത്തലാക്കിയതു മൂലം രോഗ ലക്ഷണമുള്ള പലരും ടെസ്റ്റുകൾക്ക് വിധേയരാകുന്നില്ല. രോഗവ്യാപന നിരക്ക് ഫെബ്രുവരിയിലെ 2.88 ശതമാനത്തിൽ നിന്ന് മാർച്ചിൽ 6.37 ശതമാനമായി ഉയർന്നതായാണ് ലണ്ടനിലെ ഇംപീരിയൽ കോളേജും ഇപ്‌സോസ് മോറിയും പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. എയർപോർട്ട് ജീവനക്കാരുടെ ക്ഷാമം മൂലം യാത്രക്കാരും കടുത്ത പ്രതിസന്ധിയിലായി. ഹീത്രൂ വിമാനത്താവളത്തിലെ നാല് വിമാനങ്ങളാണ് ഇന്ന് ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദാക്കിയത്. മുൻപ് 74 സർവീസുകൾ പിൻവലിച്ചിരുന്നു. ഇന്ന് ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഈസിജെറ്റ് 30 വിമാനങ്ങൾ റദ്ദാക്കി. കോവിഡ് കാരണം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. ഈസ്റ്റർ സമയം കൂടുതൽ വിമാനങ്ങൾ നിർത്തിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും ആശങ്ക സൃഷ്ടിക്കുന്നു.

യാത്രാദുരിതങ്ങളുടെ പശ്ചാത്തലത്തിൽ , മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്റ്റെഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങളുടെ ഉടമകളായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ കരേന്‍ സ്മാര്‍ട്ട് ഇന്നലെ രാജിവെച്ചു. പകർച്ചവ്യാധിയുടെ സമയത്ത് നിരവധി പേർ ജോലി ഉപേക്ഷിച്ചതിന് ശേഷം ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ എയർലൈനുകൾ പാടുപെടുകയാണ്. എയർപോർട്ടിൽ രാവിലെ മുതലേ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സെക്യൂരിറ്റി ചെക്കിംഗ് വൈകുന്നതിനാൽ പലർക്കും വിമാനം ലഭിച്ചില്ല.

വിമാനത്താവളത്തില്‍ പുതിയതായി നിയമിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ കൗണ്ടര്‍ ടെറര്‍ചെക്കിംഗ് നടത്താന്‍ ധാരാളം സമയം ആവശ്യമായി വരും. അതിനാൽ, വേനല്‍ക്കാലം മുഴുവന്‍ ഈ പ്രതിസന്ധി തുടരും എന്ന് യൂണിയനുകൾ വ്യക്തമാക്കി. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ആദ്യ അവധി ആഘോഷിക്കാൻ ബ്രിട്ടീഷുകാർ തയ്യാറെടുത്തിരിക്കുന്ന സമയമാണിത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി തികച്ചും ആശങ്കാജനകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭക്ഷ്യ-കാർഷിക മേഖലകളിലെ തൊഴിലാളി ക്ഷാമം വിലക്കയറ്റത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി എംപിമാർ. ഇതോടെ രാജ്യം ഭക്ഷ്യ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. കോവിഡും ബ്രെക്‌സിറ്റും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കാർഷിക മേഖല ശാശ്വതമായി തകരുമെന്നും പരിസ്ഥിതി-ഭക്ഷ്യ- ഗ്രാമീണ കാര്യ സമിതി (ഡെഫ്ര) യുടെ റിപ്പോർട്ടിൽ പറയുന്നു. സീസണൽ വർക്കർ വിസ സ്കീം വിപുലീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് കാർഷിക മേഖലയെ സാരമായി ബാധിച്ചത്. അഞ്ചു ലക്ഷം ജോലി ഒഴിവുകളാണ് ഇപ്പോൾ ഈ മേഖലയിൽ ഉള്ളത്. ഡാഫോഡിൽ വിളയുടെ നാലിലൊന്ന് ഭാഗവും നശിച്ചു പോയി. വിദഗ്‌ദ്ധരായ കശാപ്പുകാരുടെയും അറവുശാലയിലെ തൊഴിലാളികളുടെയും അഭാവം മൂലം 35,000 പന്നികളെ ആവശ്യമായ വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. തൊഴിലാളികളുടെയും എച്ച്‌ജിവി ഡ്രൈവർമാരുടെയും കുറവ് ക്രിസ്‌മസ് ടർക്കികളുടെ വിതരണത്തിന് ഭീഷണിയായപ്പോൾ, സർക്കാർ ഇടപെട്ട് താൽക്കാലിക വിസ പദ്ധതിക്ക് രൂപം നൽകിയിരുന്നു.

മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, തൊഴിലാളികളുടെ മാനസികാരോഗ്യം എന്നിവയിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പല സംഘടനകളും അഭിപ്രായപ്പെട്ടു. കാർഷിക മേഖല അഭിമുഖീകരിക്കുന്ന തൊഴിൽ വെല്ലുവിളികൾ നേരിടാൻ അവരോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഡെഫ്ര ഉറപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് നിരവധി ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍ക്ക് ജയിൽ ശിക്ഷ. നൃത്താധ്യാപികയായ ജെന്നിഫർ ഹെസ്സെ (48) യാണ് തന്റെ വിദ്യാർഥിയുടെ വാട്ട്‌സ്ആപ്പിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചത്. ലൈംഗിക സംതൃപ്തിക്കായി എപ്പോഴും തന്റെ ഒപ്പം ഇരിക്കണമെന്ന് ആൺകുട്ടിയോട് അവർ ആവശ്യപ്പെട്ടതായും കോടതി പറഞ്ഞു. മാതാപിതാക്കൾ കണ്ടെത്താതിരിക്കാൻ സന്ദേശങ്ങൾ വേഗത്തിൽ ഡിലീറ്റ് ചെയ്യാനും ജെന്നിഫർ നിർദേശം നൽകി. തനിക്ക് ഒരു കാമുകി ഉണ്ടെന്നും അതിനാൽ ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാർഥി ഹെസ്സെയോട് പറഞ്ഞെങ്കിലും സന്ദേശങ്ങൾ അയക്കുന്നത് തുടരാൻ അവർ ആവശ്യപ്പെട്ടു.

ലൈംഗിക സംതൃപ്തിയ്ക്കായി കുട്ടിയെ ഉപയോഗിച്ചതിന് ജെന്നിഫർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തനിക്ക് ജെന്നിഫറോട് പ്രണയമില്ലെന്ന് വിദ്യാർഥി പറഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബാല്യകാലത്തെ അനുഭവങ്ങളും അസന്തുഷ്ടമായ ദാമ്പത്യവുമാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ജെന്നിഫറെ ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് അഭിഭാഷകയായ ഓഡ്രി ആർച്ചർ പറഞ്ഞു.

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ പ്രവര്‍ത്തികള്‍ കയ്യോടെ പിടിച്ചത്. ഇതോടെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ടീച്ചര്‍ക്കെതിരെ കേസ് നല്‍കി. ജെന്നിഫറിന് കോടതി 12 മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. 18 മാസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒപ്പം 100 മണിക്കൂർ ശമ്പളമില്ലാത്ത ജോലി പൂർത്തിയാക്കണം. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ചേർത്തിട്ടുമുണ്ട്. അഞ്ചു വർഷത്തേക്ക് 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുമായി ബന്ധപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള നിരോധന ഉത്തരവും കോടതി പുറപ്പെടുവിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏഴു വർഷത്തിനുള്ളിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ 302 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സൗത്താംപ്ടണിലാണ് രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്.

2015 ന് ശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ കൊക്കെയ്ൻ പിടിച്ചെടുക്കലാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കൊളംബിയയിൽ നിന്നുള്ള വാഴപ്പഴത്തിന്റെ ചരക്കുകൾക്കിടയിലാണ് മയക്ക് മരുന്ന് ഒളിച്ചു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3.7 ടൺ ഭാരമുണ്ടെന്ന് അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved