Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- യുഎസിൽ അബോർഷൻ നിയമങ്ങളെ സംബന്ധിക്കുന്ന ഡ്രാഫ്റ്റ് മാധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ യഥാർത്ഥ ഡ്രാഫ്റ്റ് തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എന്നാൽ ഇത് കോടതിയുടെ അന്തിമതീരുമാനം അല്ലെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് വ്യക്തമാക്കി. ഇത്തരം പ്രധാന രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവായിട്ടുണ്ട്. പുറത്തായ ഡ്രാഫ്റ്റ് പ്രകാരം 1973 ൽ യു എസ് കോടതി കൈകൊണ്ട അബോർഷൻ നിയമങ്ങളെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1973 ലെ വിധിപ്രകാരം സ്ത്രീകൾക്ക് തങ്ങളുടെ അബോർഷന്റെ കാര്യത്തിൽ അധികം ഇടപെടലുകൾ ഇല്ലാതെ സ്വന്തമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്ന ആദ്യത്തെ ഡ്രാഫ്റ്റ് എന്ന് വിശ്വസിക്കുന്ന ഈ രേഖ കോടതിയുടെ പൊതുവായ താൽപര്യമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ കോടതിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

1973 ലെ വിധി തെറ്റാണെന്നുള്ള രീതിയിലാണ് പുറത്ത് വന്നിരിക്കുന്ന ആദ്യ ഡ്രാഫ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് അന്തിമതീരുമാനം അല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഡ്രാഫ്റ്റ് പ്രകാരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ യുഎസിലെ പകുതിയോളം ഫെഡറൽ സ്റ്റേറ്റുകൾക്ക് അബോർഷൻ പൂർണമായും നിരോധിക്കാൻ സാധിക്കും. ഈ രേഖ പുറത്തുവന്നതോടെ നിരവധി വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 1973 ലെ വിധി ഇല്ലാതാക്കിയാൽ 36 മില്യനോളം സ്ത്രീകൾക്ക് അബോർഷനുള്ള അവകാശം നഷ്ടപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 2035ഓടെ ആദ്യത്തെ ബഹിരാകാശ പവർ സ്റ്റേഷൻ വിക്ഷേപിക്കാൻ യുകെ. സ്‌പേസ് എനർജി ഇനിഷ്യേറ്റീവ് (SEI) എന്ന പ്രൊജക്റ്റിലൂടെയാണ് ഇത് സാധ്യമാവുന്നത്. രാജ്യത്തെ ഊർജ്ജ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാരം കുറഞ്ഞ സോളാർ പാനലുകളും പാനലുകളിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കാൻ മിറർ സംവിധാനവും ഉള്ള ഉപഗ്രഹങ്ങൾ കൊണ്ടാണ് ഇത് നിർമ്മിക്കുക. ഉപഗ്രഹത്തിൽ ഏകദേശം 3.4 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 2040 – 2045 ഓടെ ബഹിരാകാശ നിലയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 30 ജിഗാവാട്ടിലെത്തും. യുകെയുടെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം വരെ നിറവേറ്റാൻ ഇതിലൂടെ കഴിയും.

രാജ്യം നേരിടുന്ന ഊർജ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതെന്ന് കൺസർവേറ്റീവ് എംപിയും എസ്ഇഐയുടെ അഡ്വൈസറി ബോർഡ് ചെയർമാനുമായ മാർക്ക് ഗാർണിയർ പറഞ്ഞു. പല രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ വെട്ടിക്കുറച്ചത് കാരണം വില കുതിച്ചുയർന്നതിനാൽ ബ്രിട്ടൻ ഊർജ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ശുഭപ്രതീക്ഷ നൽകി ഈ വാർത്ത വരുന്നത്. പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ കഴിഞ്ഞാഴ്ച വെട്ടിക്കുറച്ചിരുന്നു.

യുക്രെയ്നിലെ യുദ്ധം രൂക്ഷമാകുമ്പോള്‍ റഷ്യയില്‍ നിന്നു കൂടുതല്‍ ഇന്ധനം വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ ഗ്യാസിന്റെ അഞ്ച് ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് എത്തുന്നതെങ്കിലും ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്തും ഊർജ ക്ഷാമം ഉണ്ടായി. ഈ പുതിയ പ്രൊജക്റ്റിലൂടെ ബ്രിട്ടനിൽ ഊർജ സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അധിക ഊർജ്ജം കയറ്റുമതി ചെയ്യുന്നതിലൂടെ യുകെയ്ക്ക് ലാഭം നേടാമെന്നും ഗാർണിയർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ ആരോഗ്യമേഖലയെ കാക്കുന്ന വിദേശ നേഴ്സുമാരുടെ യോഗ്യത പരീക്ഷകൾ അശാസ്ത്രീയവും വിവേചനപരവുമെന്ന് ആരോപണം. ഭാഷാ പരീക്ഷയുടെ പേരിൽ വിദേശ നേഴ്‌സുമാർ ജോലിയിൽ വിലക്ക് നേരിടുന്നുണ്ട്. വിദേശത്ത് നിന്ന് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത ആയിരക്കണക്കിന് യോഗ്യതയുള്ള നേഴ്സുമാർ ബുദ്ധിമുട്ടുള്ള ഭാഷാ പരീക്ഷകൾ കാരണം അവിദഗ്ധ ജോലികൾ ചെയ്യുകയാണെന്ന് ഗവേഷകർ പറയുന്നു. സാൽഫോർഡ് സർവ്വകലാശാല നടത്തിയ സർവേയിൽ പങ്കെടുത്ത 857 പേരിൽ 600-ലധികം പേർ ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണ്. 79% പേർ ഒരു ദശാബ്ദത്തിലേറെയായി യുകെയിൽ താമസിക്കുന്നവരും 17 പേർ നേഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. എന്നാൽ അവർക്ക് നേഴ്‌സുമാരായി പ്രാക്ടീസ് ചെയ്യാൻ കഴിയുന്നില്ല. ഒഇടി, ഐഇഎൽടിഎസ് പോലുള്ള ഭാഷാ പരീക്ഷകൾ വിജയിക്കാൻ കഴിയുന്നില്ലെന്നതാണ് കാരണം.

2007-ൽ ഇന്ത്യയിൽ നിന്ന് യുകെയിലെത്തിയ 43 കാരിയായ ജിനി ജോയ് നിരവധി തവണ ഒഇടി പരീക്ഷ എഴുതുന്നതിനായി 3,500 പൗണ്ട് ചെലവഴിച്ചതായി വെളിപ്പെടുത്തി. പരീക്ഷയിലെ സ്പീക്കിംഗ്, റൈറ്റിംഗ് എന്നിവ പാസായെങ്കിലും കോംപ്രിഹെൻഷൻ വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിട്ടത്. “ഞങ്ങൾ നേഴ്‌സുമാരുടെ അതേ ജോലിയാണ് ചെയ്യുന്നത്, പക്ഷേ കുറഞ്ഞ ശമ്പളത്തിന്. ഇത് ന്യായമല്ല.” – ഇപ്പോൾ ഒരു എൻഎച്ച്എസ് ട്രസ്റ്റിൽ അസിസ്റ്റന്റ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ജിനി പറഞ്ഞു.

എൻഎംസിയുടെ ടെസ്റ്റുകൾ പുനഃപരിശോധിക്കണമെന്നും അത് വിവേചനപരമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. യുകെയിലെ നേഴ്സിങ് ക്ഷാമം കൂടുതൽ വഷളാകാൻ ഇതൊരു കാരണമാണെന്നും അവർ പറയുന്നു. എൻ എച്ച് എസിന് നിലവിൽ 40,000 നേഴ്‌സുമാരുടെ കുറവുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞവർഷം രണ്ടായിരത്തിലധികം ഡോക്ടർമാരാണ് എൻഎച്ച്എസ് വിട്ടിരിക്കുന്നത് രാജ്യത്തിൻറെ 20 പ്രദേശങ്ങളിൽ “ഡെന്റൽ ഡെസേർട്ട്സ്” പ്രതിസന്ധിക്ക് കാരണമായി. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പരിചരണം ലഭിക്കുന്നത് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം ജനസംഖ്യയുള്ള നോർത്ത് ലിങ്കൺഷയർ ഇംഗ്ലണ്ടിൽ 32 എൻഎച്ച്എസ് ഡോക്ടർമാരാണ് ഉള്ളത്. ഇതാണ് രാജ്യത്തെ ഏറ്റവും മോശം സേവനം ഉള്ള പ്രദേശം. ചില പ്രദേശങ്ങളിൽ സാധാരണ പരിചരണം ലഭിക്കാൻ സാധ്യമല്ലാത്ത രീതിയിലേയ്ക്ക് ഡോക്ടർമാരുടെ ക്ഷാമം എത്തിയിരിക്കുന്നു എന്ന് ഡെന്റൽ ഗ്രൂപ്പുകളുടെ അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു. “ഡെന്റൽ ഡെസേർട്ട്സ്” ഗുരുതരമായ അപകടസാധ്യത നൽകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 2020ലെ എൻഎച്ച്എസ് ഡോക്ടർമാരുടെ എണ്ണം 23,733 ആയിരുന്നെങ്കിൽ നിലവിൽ ജനുവരിയിൽ ഇത് 21,544 ആണ് ഉള്ളത്. ഇത് നാല് ദശലക്ഷം ആളുകളെ പരിചരിക്കുന്ന ഡോക്ടർമാരുടെ എണ്ണത്തിലാണ് കുറവുണ്ടക്കിയിരിക്കുന്നത്.


ഇതേ തുടർന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ എൻഎച്ച്എസ് ഡെന്റൽ കരാറിൽ ജനസംഖ്യയുടെ പകുതിയിലധികം പേർക്കുള്ള ചികിത്സയ്ക്കുള്ള ഫണ്ട് മാത്രമാണ് നൽകുന്നതെന്നും ഈ കരാർ അടിയന്തരമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. 29 കാരനായ മാവോസ് ആവാൻ ആറു വർഷമായി ദന്തഡോക്ടറെ കണ്ടിട്ട്. ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോനാർഡ്സ്-ഓൺ-സീയിൽ നിന്നുള്ള പിഎച്ച്ഡി ബിരുദധാരിയായ ഇദ്ദേഹം മഹാമാരിയുടെ തുടക്കത്തിൽ ഒരു അപ്പോയിന്റ്മെന്റ് നേടാൻ ശ്രമിച്ചെങ്കിലും തന്നെ ശാസ്ത്രീയ പട്ടികയിൽ നിന്ന് പുറത്താക്കിയതായി കണ്ടെത്തി. 20 മൈൽ അകലെയുള്ള എല്ലാ എൻഎച്ച്എസ് സർജറികളിലും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും രോഗികളെ സ്വീകരിക്കുന്നില്ല എന്ന് മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളു. അതിനാൽ തന്നെ തൻെറ പല്ലുവേദനയ്ക്ക് ഒരു ദന്തഡോക്ടറെ കാണുവാൻ ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പ്രൈവറ്റ് ആശുപത്രിയിലേക്ക് പോകുവാൻ പണമില്ലാത്തതിനാൽ ഡോക്ടറെ കാണുവാനുള്ള തങ്ങളുടെ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ത്രീകൾക്ക് മാത്രമുള്ള സ്ഥലങ്ങളിൽനിന്ന് ട്രാൻസ് സ്ത്രീകളെ മാറ്റിനിർത്തിയാൽ അവർക്ക് 999 എന്ന നമ്പറിലേക്ക് വിളിക്കാം എന്ന് യുകെയിലെ ഏറ്റവും വലിയ ചൈൽഡ് ട്രാൻസ്‌ജെൻഡർ ചാരിറ്റി അറിയിച്ചു. സ്വകാര്യത സംരക്ഷിക്കുന്നതുപോലെയുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കിൽ സ്ത്രീകൾ മാത്രം ഉള്ള ഇടങ്ങളിൽ നിന്ന് ട്രാൻസ് സ്ത്രീകളെ ഒഴിവാക്കാമെന്ന മനുഷ്യാവകാശ കമ്മീഷൻ വിധിയിൽ തൃപ്തിയില്ല എന്നും മെർമെയ്‌ഡസ് പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഉപയോഗിക്കാൻ കഴിയുന്ന ടോയ്‌ലെറ്റുകൾ പോലുള്ള സേവനങ്ങളിൽ നിയമാനുസൃതമായി തീരുമാനമെടുക്കാനുള്ള മാർഗ്ഗനിർദ്ദേശം ഇഎച്ച്ആർസി കഴിഞ്ഞമാസം പ്രസിദ്ധീകരിച്ചിരുന്നു.

മാർഗനിർദേശ പ്രകാരം അപകടസാധ്യത ഉള്ളതായി തോന്നിയാൽ നിങ്ങൾ വിശ്വസിക്കുന്നവരെ ആരെയെങ്കിലും അല്ലെങ്കിൽ 999 എന്ന നമ്പറിലേക്കാൻ വിളിക്കാൻ പറയുന്നു.999 എന്ന നമ്പറിൽ വിളിക്കാൻ ഉള്ള ഉപദേശം തീർത്തും നിരുത്തരവാദപരമായതാണെന്ന് വിവേചന നിയമ ബാരിസ്റ്ററായ നവോമി കണ്ണിംഗ്ഹാം പറഞ്ഞു. സേവനങ്ങൾ ഏതെങ്കിലുമൊരു ലിംഗത്തിന് മാത്രമായി പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് നിയമപരമായി ഇത് ചെയ്യാൻ സാധിക്കും എന്ന് ഇഎച്ച്ആർസിയിലെ അധികൃതർ അറിയിച്ചു. ഇതിൽ സ്വകാര്യത, മാന്യത, ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു. എന്നാൽ ഈ നിയമത്തിൽ ട്രാൻസ് ജനങ്ങളെ കരുതിയിട്ടില്ല എന്ന അവകാശവാദവുമായി മെർമെയ്‌ഡസ് രംഗത്ത് വന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്തെ വിമാനത്താവളങ്ങളിലും നിരത്തുകളിലും ഇന്ന് തിരക്ക് കൂടുമെന്ന മുന്നറിയിപ്പിന് പിന്നാലെ മാഞ്ചസ്റ്റർ എയർപോർട്ടിൽ യാത്രക്കാരുടെ നീണ്ട നിര. ചെക്ക്-ഇൻ ഡെസ്‌ക്കുകളിലും സെക്യൂരിറ്റിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ രണ്ട് വർഷത്തിന് ശേഷം അവധിക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയാണ് ബ്രിട്ടീഷുകാർ. പത്തു മില്യണിലധികം കാറുകൾ ഇന്ന് റോഡിൽ പ്രതീക്ഷിക്കാമെന്നും ട്രാവൽ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

യുകെ നെറ്റ്‌വർക്കിലുടനീളം 70 മില്യൺ പൗണ്ടിന്റെ റെയിൽ എഞ്ചിനീയറിംഗ് ജോലികളും ഇന്ന് നടക്കുന്നുണ്ട്. റോഡിലെ തിരക്ക് വർദ്ധിക്കാൻ ഇതും കാരണമായി. നൂറുകണക്കിന് യാത്രക്കാർ ഇന്ന് പുലർച്ചെ 3.26 ന് മാഞ്ചസ്റ്റർ എയർപോർട്ടിന്റെ ടെർമിനൽ 1 ന് പുറത്ത് ക്യൂ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാരുടെ കുറവ് മൂലം വിമാനത്താവളങ്ങൾ പ്രതിസന്ധിയിലാണ്. അവധിക്കാല യാത്രകൾക്ക് പുറപ്പെടുന്നവർ നേരത്തെ തന്നെ എയർപോർട്ടിൽ എത്തണമെന്ന് നിർദേശമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ പവർ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കാൻ റഷ്യ ഒരുങ്ങുന്നുവെന്ന് എംഐ 5 മുന്നറിയിപ്പ്. റഷ്യൻ അട്ടിമറിയുടെ ഭീതിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. യുക്രൈനെതിരെ പൊതുജനാഭിപ്രായം ഉയർത്താൻ ഇന്റലിജൻസ് ഏജന്റുമാരെ അയക്കാൻ പുടിൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസനെയും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെയും ഇന്റലിജൻസ് മേധാവികൾ വിവരമറിയിച്ചിട്ടുണ്ട്.

 

റഷ്യയുടെ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഏജന്റുമാരോ യുകെയിൽ കടന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിടാൻ ശ്രമിച്ചേക്കുമെന്ന ഗുരുതരമായ ആശങ്കയുണ്ട്.’ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈന് പൂർണ്ണ പിന്തുണയുമായി യുകെ രംഗത്തുണ്ട്. ഈ പിന്തുണ ഇല്ലാതാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. യുകെ സർക്കാരിനെ അപമാനിക്കാനുള്ള പ്രവർത്തനങ്ങളും അവർ നടത്തും.

ഇതിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാർ തയ്യാറായിട്ടുണ്ട്. അതേസമയം, ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് , ട്വിറ്റെർ , യൂട്യൂബ് , ടിക്ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം 200 യുദ്ധ അനുകൂല, പുടിൻ അനുകൂല കമന്റുകൾ പോസ്റ്റ് ചെയ്യാൻ റഷ്യ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികൾക്ക് പ്രതിമാസം 45,000 റൂബിൾസ് (£500) വരെ ശമ്പളം ലഭിക്കും. ഇത്തരം നീക്കങ്ങളിലൂടെ യുക്രൈനെ ഒറ്റപ്പെടുത്താനാണ് പുടിൻ ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞവർഷം 2.7 ദശലക്ഷം ആളുകളെ ക്യാൻസർ പരിശോധനയ്ക്കായി റഫർ ചെയ്‌തെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. 2020-ൽ കോവിഡ് പകർച്ചവ്യാധികൾക്ക് ശേഷം ക്യാൻസർ രോഗികളിൽ ഗണ്യമായ കുറവുണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. എന്നാൽ ഇവരിൽ 30,000 പേരെങ്കിലും ചികിത്സ തുടങ്ങാൻ കാത്തിരിക്കുന്നവരാണ്. അർബുദം എന്ന് സംശയിക്കുന്ന റഫറലുകൾ നിലവിൽ 16 ശതമാനം കൂടുതലാണ്. കഴിഞ്ഞ 12 മാസത്തിനിടയിൽ 2.4 ദശലക്ഷത്തിൽ നിന്നും ഇത് 2.65 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. പകർച്ചവ്യാധി മൂലം ചികിത്സ ആരംഭിച്ചിട്ടില്ലാത്ത മുപ്പതിനായിരം പേർ ഇപ്പോഴും ഉണ്ട് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ദേശീയ ക്യാൻസർ ഡയറക്ട് ഡാം കാലിൽ പാമ്പാർ പറഞ്ഞു. തങ്ങൾക്കാവുന്ന വിധം അർബുദങ്ങളെ ആദ്യ സ്റ്റേജിൽ കണ്ടെത്തുവാനും അതിന് ചികിത്സിക്കാനും ഒരു ജീവൻ നിലനിർത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡെവോണിൽ നിന്നുള്ള 72 കാരനായ ക്ലൈവ് ഹോർസ്‌നെലിന് കഴിഞ്ഞവർഷം കുടലിൽ ക്യാൻസർ കണ്ടെത്തിയിരുന്നു അത്യാധുനിക റോബോട്ട് സർജറിയിലൂടെ ചികിത്സ ലഭിച്ചതിനുശേഷം ഇദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. മിസ്റ്റർ ഹോർസ്‌നെൽ രോഗലക്ഷണങ്ങൾ കാണിക്കുകയും ഒടുവിലൊരു കൊളോനോസ്കോപ്പി നടത്തിയതിൻെറ ഫലമായി രോഗം കണ്ടെത്തുകയുമായിരുന്നു.

പരിശോധനകൾ നടത്താനായി സ്റ്റോപ്പ് ഷോപ്പുകളും മൊബൈൽ ക്ലിനിക്കുകളും രോഗലക്ഷണ ഹോട്ട്‌ലൈനുകളും രാജ്യത്ത് വർധിച്ചുവരുന്ന രോഗികളുടെ രോഗനിർണയത്തിനും ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുമായി സജ്ജീകരിച്ചിട്ടുണ്ട് എന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഈ വർഷത്തെ റഫറലുകളുടെ വർദ്ധനവിനെ ചാരിറ്റി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും പരിചരണത്തിൽ കോവിഡ് പകർച്ചവ്യാധി ഉണ്ടാക്കിയ ആഘാതത്തിൻെറ മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. 2020 മാർച്ചിനും സെപ്റ്റംബറിനുമിടയിൽ യുകെയിൽ മൂന്നു ദശലക്ഷം ആളുകൾക്കാണ് സ്ക്രീനിങിനായി ക്ഷണം ലഭിച്ചതെന്ന് ഈ മാസം ആദ്യം ഒരു റിപ്പോർട്ടിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി പറഞ്ഞിരുന്നു. 2020 മാർച്ചിനെ അപേക്ഷിച്ച് 2021 മാർച്ചിൽ ഇംഗ്ലണ്ടിൽ രോഗം ഉള്ളതായി സംശയിച്ച്‌ റഫറൽ ലഭിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വില്യം രാജകുമാരന്റെയും, കെയ്റ്റ് മിഡിൽടണിന്റെയും മകൾ ഷാർലറ്റിന്റെ ഏഴാം പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് രാജകുടുംബം. നോർഫോക്കിൽ ആയിരിക്കുന്ന മകളുടെ ചിത്രങ്ങൾ അമ്മ കെയ്റ്റ് തന്നെയാണ് എടുത്തിരിക്കുന്നത്. ബ്ലൂബെൽ പുഷ്പങ്ങൾക്കിടയിൽ സന്തോഷത്തോടെ ഇരിക്കുന്ന ഷാർലറ്റിന്റെ ചിത്രവും, അതോടൊപ്പം തന്നെ തന്റെ വളർത്തു പട്ടിയായ ഓർലയോടൊപ്പമുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

2015 മെയ് രണ്ടിന് സെൻട്രൽ ലണ്ടനിലെ പാഡിങ്ടൺ ഹോസ്പിറ്റലിലാണ് ഷാർലറ്റിന്റെ ജനനം. അടുത്തിടെയുള്ള രണ്ടു പബ്ലിക് ചടങ്ങുകളിൽ ഷാർലറ്റിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പുതിയതായി ലഭിച്ച ഓർല എന്ന നായയോടൊപ്പമുള്ള ചിത്രം ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നോർഫോക്കിലുള്ള രാജ്ഞിയുടെ സാന്ദ്രിൻഗ്രാം എസ്റ്റേറ്റിലെ ആൻമർ ഹാളിലാണ് കുടുംബം പിറന്നാൾ ആഘോഷങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കെയർ പാക്കേജ് ക്ലെയിം ചെയ്യുന്നതിനായി നാഡീസംബന്ധമായ അസുഖമുണ്ടെന്നഭിനയിച്ച് ലോക്കൽ അതോറിറ്റിയെ 12 വർഷം കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്നംഗ കുടുംബം ജയിലിലേക്ക്. ഹിച്ചിനടുത്തുള്ള വെസ്റ്റൺ ഗ്രാമത്തിൽ നിന്നുള്ള കുടുംബം 2005 ഓഗസ്റ്റ് 1 നും 2018 നവംബർ 30 നും ഇടയിൽ കൗൺസിലിൽ നിന്ന് വ്യാജ രോഗത്തിന്റെ മറവിൽ 733,936 പൗണ്ട് തട്ടിയെടുത്തു. ദമ്പതികളായ ലോറ, ഫിലിപ്പ് ബോറെൽ, ബോറെലിന്റെ അമ്മ ഫ്രാൻസിസ് നോബിൾ എന്നിവരാണ് പ്രതികൾ. 66 കാരിയായ നോബിളിന് മസ്തിഷ്ക തകരാറുണ്ടെന്ന് അവർ ഹെർട്ട്ഫോർഡ്ഷയർ കൗണ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തി. ഇങ്ങനെയാണ് പണം തട്ടിയത്.

2020 ജൂണിൽ ഇവർ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ 2022 ഏപ്രിൽ 27 ന് സെന്റ് ആൽബൻസ് ക്രൗൺ കോടതിയിൽ മൂവരുടെയും വിചാരണ ആരംഭിച്ചു. ജൂൺ 24ന് ശിക്ഷ വിധിക്കും. ഒരു തദ്ദേശ സ്ഥാപനത്തിനെതിരെ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജർമ്മനിയിൽ കഴിയുന്ന ഇവർ കേസിന്റെ ഭാഗമായി യുകെയിൽ എത്തി. എന്നാൽ ഫ്രാൻസിസ് നോബിൾ ഇപ്പോഴും ബെർലിനിലാണ്.

അതേസമയം 2017-ൽ, 39 വയസ്സുള്ള ലോറ ദിസ് മോർണിംഗ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് താൻ ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ ബാധിതയാണെന്ന് പറയുകയുണ്ടായി. ഈ രോഗനിർണയം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് താനെന്ന് അവൾ അവകാശപ്പെട്ടു. എന്നാൽ ദമ്പതികളുടെ മറ്റ് കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ല.

RECENT POSTS
Copyright © . All rights reserved