ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ മൂന്ന് പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിയന്ത്രണങ്ങളിൽ വരുത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ നിലവിൽ വന്ന ബാങ്കുകളുടെ നിയമങ്ങളിൽ പുതിയ തീരുമാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കും ശക്തികൾക്കും അനുസൃതമായി നിയമങ്ങൾ ക്രമീകരിക്കാനുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമായി പുതിയ മാറ്റങ്ങളെ സർക്കാർ അവതരിപ്പിക്കും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഉൾക്കൊണ്ട മാറ്റങ്ങൾ മറക്കുന്നതിന് തുല്യമാകും ഇത്തരത്തിലുള്ള പുതിയ നിയമങ്ങളെന്ന് വിമർശകർ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ റിസ്‌ക് ഇൻവെസ്റ്റ്‌മെന്റ് പ്രവർത്തനങ്ങളിൽ നിന്ന് റീട്ടെയിൽ ലെൻഡിംഗ് വിഭാഗത്തെ നിയമപരമായി വേർപെടുത്താൻ ബാങ്കുകളെ നിർബന്ധിക്കുന്ന നിയമങ്ങൾ, സീനിയർ ഫിനാൻസ് എക്‌സിക്യൂട്ടീവുകളുടെ നിയമനം, നിരീക്ഷണം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവയിലെല്ലാം തന്നെ പുനർ വിചിന്തനം ഉണ്ടാകും.

ബാങ്കർമാരുടെ ബോണസിന്റെ പരിധി നിർത്തലാക്കുമെന്നും നിക്ഷേപം വർധിപ്പിക്കുന്നതിനായി ദീർഘകാല അസറ്റുകളായ ഹൗസിങ്, വിൻഡ്‌ഫാം പോലുള്ളവയിൽ ഇൻഷുറൻസ് കമ്പനികളെ നിക്ഷേപിക്കാൻ അനുവദിക്കുമെന്നും സർക്കാർ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലധികം റെഗുലേറ്ററി പരിഷ്കാരങ്ങളുടെ പാക്കേജ് പ്രഖ്യാപിക്കാനിരിക്കുന്ന ചാൻസലർ ജെറമി ഹണ്ട്, മാറ്റങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് ജോലിയും അവസരങ്ങളും നൽകുന്നതിന് സമ്പദ്‌വ്യവസ്ഥയിലുടനീളം കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മാറ്റം ബ്രിട്ടന്റെ റെഗുലേറ്ററി നിയമങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നതിനും അതോടൊപ്പം തന്നെ ശക്തമായ സാമ്പത്തിക സേവന മേഖലയുടെ മുഴുവൻ സാധ്യതകൾ കണ്ടെത്തുന്നതിനും ഒരു സുവർണ്ണാവസരം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനങ്ങളുടെ മേധാവികളുമായി ചാൻസലർ ഹണ്ട് വെള്ളിയാഴ്ച എഡിൻബർഗിൽ കൂടിക്കാഴ്ച നടത്തും.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, യുകെ ബാങ്കിംഗ് സംവിധാനത്തെ പുനരുദ്ധരിക്കുന്നതിനായി ഗവൺമെന്റിന് കോടിക്കണക്കിന് പണം ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ, മുതിർന്ന റിസ്ക്-ടേക്കിംഗ് സ്റ്റാഫുകളുടെ വ്യക്തിഗത ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിന് ഒരു പുതിയ നിയമസംവിധാനം നിലവിൽ വന്നിരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, വലിയ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര ബാങ്കിംഗ് പ്രവർത്തനങ്ങളെ (മോർട്ട്ഗേജുകൾ, ലോണുകൾ മുതലായവ) കൂടുതൽ അപകടങ്ങൾ നിറഞ്ഞ നിക്ഷേപ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്ന് (വിപണിയിലെ നിക്ഷേപം) വേർതിരിക്കുവാൻ നിർബന്ധിതരായിരുന്നു. പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നെറ്റ്ഫ്ലിക്സിൽ റിലീസായ പുതിയ ഡോക്യുമെന്ററിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ. ഹാരി&മേഗൻ എന്ന പേരിൽ റിലീസായ ഡോക്യുമെന്ററിയുടെ മൂന്ന് എപ്പിസോഡുകൾ വ്യാഴാഴ്ച പുറത്തിറങ്ങിയിരുന്നു. മേഗൻ എല്ലാം ത്യജിച്ചാണ് തന്നോടൊപ്പം ജീവിക്കാൻ തയ്യാറായതെന്ന ഹാരി രാജകുമാരൻെറ വൈകാരികമായ വെളിപ്പെടുത്തൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ് . തൻെറ ജീവിതത്തെക്കുറിച്ചും രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന വംശീയത ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട് .

ഹാരിയും മേഗനും ഡോക്യൂമെന്ററിയിൽ ഉയർത്തിയ ചോദ്യങ്ങളോട് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഡോക്യുമെന്ററിയെ കുറിച്ച് രാജകുടുംബാഗങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഒരു മണിക്കൂർ ദൈർഘ്യമുള്ള ആദ്യ എപ്പിസോഡിൽ ഇരുവരുടെയും അഭിമുഖമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ പരാമർശങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത് . രാജകുടുംബത്തിലെ ഭാഗമായ തന്റെ കടമയും ഉത്തരവാദിത്തവുമാണ് രാജ്യത്ത് നിലനിൽക്കുന്ന വംശീയതയ്ക്കും മറ്റും എതിരെ സ്വരം ഉയർത്തുക എന്നതെന്നും ഹാരി പറഞ്ഞു.

മേഗനുമായുള്ള തൻെറ പ്രണയനാളുകൾ ഹാരി വളരെ വികാരഭരിതനായാണ് ഓർത്തെടുത്തത്. തനിക്കായി മേഗൻ വളരെയധികം കാര്യങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും തൻെറ ലോകത്തേക്ക് അവൾ എങ്ങനെയാണ് കടന്നെതെന്നും ഹാരി ഈ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട് . ആദ്യ എപ്പിസോഡിൽ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചപ്പോൾ രണ്ടാമത്തെ എപ്പിസോഡിൽ രാജകുടുംബത്തെ സംബന്ധിച്ചുള്ള പല നിർണായക വിവരങ്ങളും ഇരുവരും പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോൾ ഹാരിയും മേഗനും തങ്ങളുടെ മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരോടൊപ്പം കാലിഫോർണിയയിലാണ് താമസം. ഡോക്യൂമെന്ററിയിൽ ഇരുവരുടെയും ബന്ധത്തെ വംശീയ ചുവയോടെ സമീപിച്ച മാധ്യമങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. ജനുവരിയിൽ ഹാരി രാജകുമാരന്റെ പുസ്തകമായ ‘സ്പെയർ’ പുറത്തിറങ്ങും. രാജകുടുംബത്തെ സംബന്ധിച്ച വിവാദപരമായ പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഡോക്യുമെന്ററിയുടെ ബാക്കി എപ്പിസോഡുകൾ ഡിസംബർ 5,18 തീയതികളിലായിരിക്കും റിലീസ് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഋഷി സുനക് സർക്കാരിൻെറ ആദ്യ ക്രിസ്‌തുമസ് കാലം അത്ര സുഖകരമായിരിക്കില്ല. ക്രിസ്‌തുമസ് കാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നത് സമര പരമ്പരകളാണ്. നേഴ്‌സുമാർക്കും റെയിൽവേ ജീവനക്കാർക്കും പുറകേ ആയിരത്തിലധികം എയർപോർട്ട് ജീവനക്കാരും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് പ്രധാന വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് പാസ്പോർട്ട് ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം ബ്രിട്ടീഷുകാരുടെ അവധി ആഘോഷ പരിപാടികളെ വെള്ളത്തിലാക്കും. ഹീത്രൂ, ഗാറ്റ്‌വിക്ക്, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ജീവനക്കാർ ഡിസംബർ 23 മുതൽ 26 വരെയും ഡിസംബർ 28നും പണിമുടക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അറിയിച്ചു.

ഈ മാസം അവസാനവും ജനുവരി ആദ്യവും പതിനായിരക്കണക്കിന് റെയിൽവേ ജീവനക്കാരും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ വളരെ വൈകിയാണ് ഇടപെട്ടതെന്ന് ആർഎംടി യൂണിയൻ ആരോപിച്ചു. ക്രിസ്‌തുമസിൻെറ കാലയളവിൽ റെയിൽവേ യൂണിയനുകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തപാൽ ജീവനക്കാരും പണിമുടക്കിലേക്ക് കടക്കും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

പുതിയതും മെച്ചപ്പെട്ടതുമായ ശമ്പള വാഗ്ദാനങ്ങൾ നൽകി തർക്കം പരിഹരിക്കാനുള്ള റെയിൽവേ ഡെലിവറി ഗ്രൂപ്പിൻെറ ശ്രമങ്ങൾ സർക്കാർ തടഞ്ഞുവെന്നും ആർഎംടി ആരോപിച്ചു. എൻഎച്ച്എസ് നേഴ്സുമാരും പാരാമെഡിക്കലുകളും പണിമുടക്കിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവം നികത്താൻ സൈന്യത്തിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ആഘോഷ കാലയളവിൽ ബ്രിട്ടൻ സ്തംഭിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലും പരിഹാരത്തിനായി ശമ്പള വർദ്ധനവ് വാഗ്‌ദാനം ചെയ്യുകയില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ജീവനക്കാരേക്കാൾ കൂടുതൽ ആണെന്നുള്ള ന്യായമാണ് ഗവൺമെന്റ് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ ഏജൻസി നൽകി കഴിഞ്ഞിരിക്കുകയാണ്. യുകെയിൽ ഉടനീളം കടുത്ത തണുപ്പ് ആരംഭിക്കുന്നതിനാൽ വാഹനങ്ങളിൽ ചൂടുള്ള വസ്ത്രങ്ങളും പുതപ്പുകളും ഫ്ലാസ്കുകളും മറ്റും സൂക്ഷിക്കാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചു കഴിഞ്ഞു. മഞ്ഞുവീഴ്ചയുള്ളതും മഞ്ഞുമൂടിയതുമായ അന്തരീക്ഷത്തിൽ വാഹനമോടിക്കുന്ന ആളുകൾ പെട്ടെന്ന് തകരാർ സംഭവിച്ചാൽ ചൂട് നിലനിർത്തുവാനുള്ള മറ്റ് മാർഗ്ഗങ്ങൾ കരുതിയിരിക്കണമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ ആഴ്ച ശൈത്യം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതർ നിർദ്ദേശം നൽകുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒറ്റരാത്രികൊണ്ട് -10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇത് -6 ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്നുമാണ് അറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച, ലെവൽ മൂന്ന് അലേർട്ട് ഡിസംബർ 12 തിങ്കളാഴ്ച 9 മണി വരെ നിലനിൽക്കുന്നുണ്ട്. മൂന്നൂറോളം സ്ഥലങ്ങളിൽ ഗവൺമെന്റ് അർഹരായവർക്ക് 25 പൗണ്ട് വീതം തണുപ്പിനെ നേരിടുവാനായി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്‌ച പുരോഗമിക്കുമ്പോൾ കൂടുതൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ ആവശ്യമായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ സ്കോട്ട്‌ലൻഡിൽ ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ മഞ്ഞും മഞ്ഞുവീഴ്ചയും സംബന്ധിച്ച് യെല്ലോ അലേർട്ട് കാലാവസ്ഥാ വകുപ്പ് നൽകി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തും വ്യാഴാഴ്ച ഉച്ചവരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. പുറത്തുള്ള യാത്രകൾ കഴിവതും ഒഴിവാക്കുകയും, കടുത്ത സാഹചര്യങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പുകൾ ജനങ്ങൾ നടത്തുകയും ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭവനരഹിതർക്ക് അടിയന്തര താമസസൗകര്യം നൽകാനുള്ള നീക്കവും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പതിറ്റാണ്ടുകൾക്ക് ശേഷം കൽക്കരി ഖനനം പുനരാരംഭിക്കുവാനുള്ള നീക്കവുമായി യുകെ . കുംബ്രിയയിലെ വൈറ്റ്‌ഹേവനിനടുത്തായിരിക്കും ഖനി . ഭരണ പ്രതിപക്ഷ എംപിമാർക്കും പരിസ്ഥിതി പ്രേമികൾക്കും കൽക്കരി ഖനനം തുടങ്ങുന്നതിനെക്കുറിച്ച് കടുത്ത ആശങ്കകൾ ഉണ്ടെങ്കിലും ഖനി തുടങ്ങുന്നതിനുള്ള അന്തിമാനുമതി മിനിസ്റ്റർ മൈക്കൽ ഗോവ് നൽകി.

നിർദ്ദിഷ്ട ഖനിയിൽ നിന്നുള്ള കൽക്കരി ഉരുക്ക് ഉത്പാദനത്തിനായി ആണ് ഉപയോഗിക്കുന്നത്. കൽക്കരി ഖനനം പുനരാരംഭിക്കുന്നത് യുകെയുടെ കാലാവസ്ഥ നയത്തിന് തികച്ചും കടകവിരുദ്ധമാണെന്ന അഭിപ്രായമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്നാൽ കൽക്കരി ഖനി തുടങ്ങുന്നത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അതോടൊപ്പം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.

2020 -ൽ തന്നെ പ്രാദേശിക കൗൺസിൽ ഖനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ എതിർപ്പുകളെ തുടർന്ന് അന്തിമാനുമതി വൈകുകയായിരുന്നു. ഖനി തുടങ്ങുന്നത് കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കുമെന്ന് ഗവൺമെന്റിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പറഞ്ഞതും പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് കാരണമായിരുന്നു. നിലവിൽ 2049 വരെയുള്ള ഖനനത്തിനാണ് പ്രാദേശിക കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. ഖനനം ചെയ്യുന്ന കൽക്കരിയിൽ 85 % കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദേശ വിദ്യാർത്ഥികളാണ് യുകെയിലെ സർവ്വകലാശാലകളിൽ പഠിക്കാനായി ദിനംപ്രതി എത്തിച്ചേരുന്നത്. നിശ്ചിത സമയ പരിധിയിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്നുള്ളതും പഠന ശേഷം ജോലി ലഭിക്കുകയാണെങ്കിൽ യുകെയിൽ ജീവിതം കരുപിടിപ്പിക്കാമെന്നുള്ളതുമാണ് വിദേശ വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു. ഇതുമൂലം വൻ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടാകുന്നത്.
പുറത്ത് വരുന്ന കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിന്റെ ഭാഗമായി പ്രതിവർഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ 300 മില്യൺ പൗണ്ടിൽ അധികം നഷ്ടമാണ് ഉണ്ടായത്. നൂറിൽ അധികം വരുന്ന സർവ്വകലാശാലകൾക്ക് മാത്രമായി വരുന്ന നഷ്ടക്കണക്ക് ഒരു മില്യൺ പൗണ്ടിൽ അധികമാണ് . വിദേശ വിദ്യാർത്ഥികൾ പഠനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കെയർ മേഖലകളിൽ ഉൾപ്പെടെയുള്ള തൊഴിൽ നേടി പഠനം അവസാനിപ്പിക്കുന്നതിൻെറ കണക്കുകളാണ് പുറത്ത് വന്നത്. രാജ്യത്ത് ഇതിനോടകം തന്നെ ആവശ്യ സേവന രംഗമായ ആരോഗ്യ മേഖലയിലും മറ്റും വിദേശ വിദ്യാർത്ഥികളെ നിയമിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ കുറവിനെ നികത്താനുള്ള ഒരു മാർഗമാണ്.

സ്കിൽഡ് വർക്കർ വിസ സിസ്റ്റത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ മൂലം ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല. അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്റ്റുഡൻസ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയിൽ നിന്ന് ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾ ബിരുദം പൂർത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ് ഇതുമൂലം നിലവിൽ വന്നത്.
പഠനത്തിനായി യുകെയിൽ എത്തി ആരോഗ്യ മേഖല ഉൾപ്പെടെയുള്ള ജോലികളിലേക്ക് മാറാൻ സർവകലാശാലകളെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിനേക്കാൾ എളുപ്പമുള്ളതായതുകൊണ്ട് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഈ രീതി പിന്തുടരുന്നത്. ഇത് തികച്ചും നിയമാനുസൃതമായ ഒരു മാർഗമാണെങ്കിലും പഠനം തീരുന്നതിന് മുൻപേയുള്ള ഈ മാറ്റം യൂണിവേഴ്സിറ്റികളെ സാമ്പത്തികമായി നഷ്ടത്തിൽ ആക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്ന് നിലവിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കിൽഡ് വിസ നയത്തിൽ ഹോം ഓഫീസ് മാറ്റം വരുത്തുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിലെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി ആൺകുട്ടികളെയെന്ന് റിപ്പോർട്ട്. ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ഉണ്ടായിരുന്ന ഡിമാൻഡാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ ആൺകുട്ടികൾക്ക് വന്നു ചേർന്നിരിക്കുന്നത് . ഉയർന്ന ജീവിതനിലവാരമാണ് പെൺകുട്ടികളെ ആകർഷിക്കുന്നതിൽ പ്രധാന ഘടകം.
എന്തുകൊണ്ടാണ് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ സ്വപ്നനഗരം അതാണെന്നാണ് പെൺകുട്ടികളുടെ ഭാഷ്യം. ഗൾഫിലേക്ക് കേരളത്തിൽ നിന്നും ആളുകൾ പോയികൊണ്ടിരുന്ന ട്രെൻഡിന് ഇതോടെ വിരാമമാവുകയാണെന്നാണ് സൂചനകൾ. വിദ്യാഭ്യാസവും തൊഴിലും കേരളത്തിലേതിനേക്കാൾ മികച്ച അവസ്ഥയിലാണ് വിദേശരാജ്യങ്ങളിൽ എന്നുള്ളതും കല്യാണമാർക്കറ്റിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട് . പണ്ടുകാലത്ത് ചെറുക്കൻ ഗൾഫിൽ ആണെന്ന് പറയുന്നതിന് ഇതോടെ അന്ത്യമാവുകയാണ്.
ഇതുകൂടാതെ കേരളത്തിൽനിന്ന് പഠനത്തിനായി വിദേശത്ത് എത്തുന്നവരുടെ ഒഴുക്ക് തുടരുകയാണ് . കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി എന്തുകൊണ്ടാണ് വിദേശ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർത്ഥികളുടെ അനിയന്ത്രിത ഒഴുക്ക് ഉണ്ടാകുന്നത് എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ഏറ്റവും മികച്ച പേരും പെരുമയുമുള്ള കോളേജുകളിൽ പോലും ബിരുദകോഴ്‌സുകൾക്ക് ആളില്ലാത്ത അവസ്ഥ നിലവിലുണ്ട്. ഒരുകാലത്ത് അഡ്മിഷൻ കിട്ടാതെ വിദ്യാർത്ഥികൾ വലഞ്ഞിരുന്ന സാഹചര്യത്തിൽ നിന്നും, നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങൾ. വലിയ തുക വായ്പ എടുത്ത് വിദേശ സർവകലാശാലകളിലേക്ക് ഇന്ന് മലയാളികൾ കുടിയേറുകയാണ്.
അനുദിനം ഉയരുന്ന ജീവിതചിലവും, സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാനാണ് മലയാളികൾ യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ ഇതേ പ്രതിസന്ധികൾ വിദേശ രാജ്യങ്ങളിൽ ഉണ്ടെന്നുള്ള കാര്യം ഇവർ മറക്കുകയാണ്. യൂറോപ്പിൽ നിന്നൊരു കല്യാണ ആലോചന വന്നാൽ ഒന്നും നോക്കാതെ യെസ് പറയുമെന്നാണ് പെൺകുട്ടികളുടെ ഭാഷ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗത്ത് ലണ്ടനിലെ കോവിഡ് ബാധിതനായ 13 വയസ്സുകാരന്റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തും. കുട്ടിയുടെ ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ കോവിഡ് ബാധിതനായി മരിച്ച യുകെയിലെ ആദ്യത്തെ കുട്ടിയാണ് ബ്രിക്സ്റ്റണിൽ നിന്നുള്ള ഇസ്മായിൽ മുഹമ്മദ് അബ്ദുൾ വഹാബ്. ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് 19 പിടിപെട്ടതായി കണ്ടെത്തി മൂന്നാം ദിവസം ഇസ്മായിൽ മരിക്കുകയായിരുന്നു. കുട്ടിയുടെ ബ്രീത്തിങ് ട്യൂബ് തെറ്റായ നിലയിൽ കണ്ടെത്തിയിട്ടും അത് ശരിയാക്കാതെ ഷിഫ്റ്റിൽ കൂടുതൽ ജീവനക്കാർ വരുന്നത് വരെ ഡോക്ടർ കാത്തിരുന്നതായി കോടതി കണ്ടെത്തി. പ്രസ്‌തുത സംഭവം നടന്ന രാത്രി തന്നെ ഇസ്മായിൽ മരിക്കുകയായിരുന്നു.

ബ്രീത്തിങ് ട്യൂബ്സ് നേരത്തെ മാറ്റി സ്ഥാപിക്കാത്തതാണോ മരണ കാരണം എന്ന് അന്വേഷണം നടത്തുമെന്ന് സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് പറഞ്ഞു. ഇസ്മായിൽ വൈറസ് ബാധ മൂലമോ പ്രതിരോധശക്തി കുറഞ്ഞത് മൂലമോ മരിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡോക്ടറുടെ താമസിച്ചുള്ള ഇടപെടൽ മൂലമാണോ കുട്ടി മരിച്ചത് എന്നായിരിക്കും പരിശോധിക്കുക. ഗവൺമെന്റിന്റെ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം കുട്ടിയുടെ കുടുംബത്തിന് അവനോടൊപ്പം അവസാന നാളുകളിൽ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല. ലണ്ടൻ ഇന്നർ സൗത്ത് കൊറോണർ കോടതിയിൽ മാർച്ച് ഒന്നിനായിരിക്കും അടുത്ത വിചാരണ നടക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അണുബാധ മൂലം 9 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിനുശേഷം സ്‌ട്രെപ്റ്റോകോക്കസ് എ ബാധിതരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ ആന്റിബയോട്ടിക്കുകൾ നൽകാൻ ഒരുങ്ങി സർക്കാർ. ആൻറിബയോട്ടിക്കുകൾ നൽകുന്നത് ഒരു ഓപ്ഷൻ മാത്രമാണെന്നും തിങ്കളാഴ്ച നടക്കുന്ന ഹൗസ് ഓഫ് ലോർഡ്സിൽ ഈ വിഷയം ഉന്നയിക്കുമെന്നും സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. ബെൽഫാസ്റ്റ് പ്രൈമറി സ്‌കൂളിലെ അഞ്ചു വയസ്സുകാരിയുടെ മരണമാണ് അണുബാധ ബാധിച്ച് മരിച്ച വിദ്യാർത്ഥികളിൽ ഏറ്റവും ഒടുവിലത്തേത്. നിലവിൽ അധികൃതർ ഇപ്പോൾ സ്കൂളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

രാജ്യത്താകമാനം സെപ്റ്റംബർ മുതൽ സ്ട്രെപ്ട് എ ബാക്ടീരിയയുടെ അണുബാധ മൂലം എട്ടു കുട്ടികളാണ് മരിച്ചത്. ഒക്ടോബറിൽ സ്ട്രെപ് എ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒസ്കാർലറ്റ് ഫീവർ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്കൂളുകളിലും മറ്റും സ്ട്രെപ്ട് എ കേസുകൾ തടയാൻ ആൻറിബയോട്ടിക് ഉപയോഗിക്കണം എന്ന മാർഗനിർദേശം മുന്നോട്ട് വെച്ചിരുന്നു. അണുബാധയുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലുള്ള ആശങ്ക കണക്കിലെടുത്ത് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻ പറഞ്ഞു. യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി നിലവിലെ സാഹചര്യവും നിരീക്ഷിച്ച് എന്താണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകാൻ ഉള്ള കാരണമെന്ന് അന്വേഷിക്കുന്നതായും മിസ്റ്റർ ഗിബ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 ഡിസംബർ 7 മുതൽ മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേക്ക് 32 പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു . പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ വന്നതോടെ ഇന്ത്യയിലേക്ക് അവധിക്കാലത്ത് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ കിട്ടുമെന്നാണ് കരുതപ്പെടുന്നത്. അവധിക്കാലത്ത് ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള യാത്രക്കാരുടെ ഉയർന്ന കണക്കുകൾ പരിഗണിച്ചാണ് കൂടുതൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചതെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

പുതിയ ഫ്ലൈറ്റുകൾ ഇറ്റലി, യുകെ എന്നിവിടങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടും. ഇസ്താംബുൾ വഴി മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേയ്ക്കാണ് ഫ്ലൈറ്റുകൾ ഉണ്ടാവുക. ഇതുമൂലം യൂറോപ്പിലേക്കുള്ള യാത്രാ ചിലവുകൾ താരതമ്യേന കുറയുകയും ചെയ്യും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ തങ്ങൾ ശ്രമിക്കുമെന്നും വിനയ് മൽഹോത്ര പറഞ്ഞു.

മിലാൻ, മാഞ്ചസ്റ്റർ, റോം, വെനീസ് എന്നിവയെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്‌ഥലങ്ങളാണ്. ഫുട്ബോളിനും സംഗീതത്തിനും പേരുകേട്ട മാഞ്ചസ്റ്ററിലേക്കും ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാമിലേക്കും പുതിയ ഫ്ലൈറ്റുകൾ വരുന്നത് യുകെ മലയാളികൾക്ക് ഒട്ടേറെ പ്രയോജനപ്പെടും. കല, ചരിത്രം, ഫുട്ബോൾ എന്നിവയ്ക്ക് പേരുകേട്ട നഗരമാണ് മിലാൻ. അതേസമയം റോം കത്തോലിക്കാ സഭയുടെ കേന്ദ്രമായതുകൊണ്ട് ഒട്ടേറെ വിശ്വാസികളാണ് സന്ദർശനത്തിനായി എത്തുന്നത്.