Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും ഇളവ് വരുത്തുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും തന്നെ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കമെന്ന നിർദേശമാണ് ബ്രിട്ടീഷ് ഗവൺമെന്റ് നൽകുന്നത്. ഈ രോഗത്തോട് ഒപ്പം ജീവിക്കേണ്ട സാഹചര്യത്തിലേക്കാണ് ലോകം എത്തിനിൽക്കുന്നത്. അതിനാൽ തന്നെ ഗവൺമെന്റ് ചില പ്രാഥമിക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. വാക്സിൻ ഇനിയും എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്ന നിർദ്ദേശമാണ് ഇതിൽ മുൻപന്തിയിലുള്ളത്. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ളവർ, ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്നും നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ ആശുപത്രിയിൽ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ആളുകൾ കൂടുന്ന സാഹചര്യങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. ട്രെയിനുകളിലും, തിരക്കുള്ള കടകളിലുമെല്ലാം ഈ നിർദ്ദേശം പാലിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ആളുകൾ കൂടിയാൽ ഒരു മണിക്കൂർ ഇടവിട്ട് ജനാലകളും മറ്റും തുറന്ന് ആവശ്യത്തിനുള്ള വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കാറുകളിലും മറ്റും യാത്ര ചെയ്യുന്നവർ ഗ്ലാസുകളും മറ്റും തുറന്നിട്ട് സഞ്ചരിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ ഇരിക്കണമെന്ന നിർദേശമാണ് മറ്റൊന്ന്. രോഗം മറ്റുള്ളവരിലേക്ക് പടരുവാൻ ഇടയാക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വിവേകത്തോടെ ഉള്ള പ്രവർത്തനമാണ് ഈ സാഹചര്യങ്ങളിൽ ആവശ്യം എന്നാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം. രോഗത്തോടൊപ്പം ജീവിക്കുക എന്ന ആശയം ആണ് ഇപ്പോൾ ആരോഗ്യവകുപ്പും മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരും ഇത് അനുസരിച്ചുള്ള ജാഗ്രത സ്വന്തം ജീവിതത്തിൽ പാലിക്കണമെന്ന് നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടു വർഷങ്ങൾക്കു ശേഷം കേരളത്തിലെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂളുകളിൽ എത്തി ഈ വിദ്യാഭ്യാസ വർഷത്തിലെ അധ്യയനം പൂർണതോതിൽ ആരംഭിച്ചു എന്ന് പറയാം.

കേരളത്തിൽ ഗവൺമെൻറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകൾ കഴിഞ്ഞാൽ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിലാണ് . മാസാമാസം വിദ്യാർഥികളിൽനിന്ന് ഫീസ് മേടിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഫീസിൻെറ കാര്യത്തിൽ വൻ വർദ്ധനവ് നടത്തിയതായുള്ള പരാതികൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ വ്യാപകമായുണ്ട്.

ഓൺലൈൻ ക്ലാസ് നടത്തി കൊണ്ടിരുന്ന സമയത്ത് ഫീസിനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ ചിലത് സിമ്മിംഗ് ഫീസ്   വരെ വാങ്ങിയ കാര്യം ഇതിനുമുമ്പും മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല സ്വകാര്യ സ്കൂളുകളും അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന സമയത്ത് ശമ്പളം പകുതിയോ അതിലധികമോ വെട്ടിക്കുറച്ചിരുന്നു. അധ്യാപകരുടെ ശമ്പളത്തിൽ വരുത്തിയ കുറവിൻെറ ആനുകൂല്യം കുട്ടികൾക്ക് ഫീസിനത്തിൽ ഇളവ് ചെയ്യുന്നതിന് പല സ്കൂളുകളും തയ്യാറായിട്ടില്ല എന്നതാണ് സത്യം.

അമിതമായ ഫീസ് ഈടാക്കാനായിട്ടാണ് പല സ്കൂളുകളും പേരിന്റെ കൂടെ ‘ഇൻറർനാഷണൽ‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് .  സ്വകാര്യ സ്കൂളുകളിലെ ബസ് ഫീസ് രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനമോ അതിലധികമോ ബസ് ഫീസ് വർധിപ്പിച്ച സ്കൂളുകളും കേരളത്തിൽ ഉണ്ട്. ഇന്ധന വിലയിൽ ഭീമമായ വർധനവ് ഉണ്ടായി എന്ന സത്യം മറക്കുന്നില്ല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ് സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിലെ പലവിധമുള്ള ഫീസ് വർദ്ധനവുകൾ.

ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പുസ്തകങ്ങളും , നോട്ട്ബുക്കുകളും വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ കൂടിയാണ്. തങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും എംആർപി വിലയിൽ വിൽക്കുന്നതിലൂടെ സ്കൂളുകൾ കൊയ്യുന്നത് വൻ ലാഭമാണ്. ഈ ഇനത്തിലുള്ള നികുതിവെട്ടിപ്പിലൂടെ ഗവൺമെന്റിന് നഷ്ടമാകുന്നത് കോടികളാണ്. സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ നടക്കുന്ന അനീതികൾക്കെതിരെ എവിടെ പരാതി പറയണം എന്നുള്ള കാര്യം പോലും ഭൂരിപക്ഷം മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയില്ല.

എൽ കെ ജി , യു കെ ജി തലത്തിൽ ചേരുമ്പോൾ തന്നെ സ്വകാര്യ സ്കൂളുകൾ ഡിപ്പോസിറ്റ് ആയി നല്ലൊരു തുക മേടിക്കുന്നുണ്ട്. തങ്ങൾ കൊടുത്തിരിക്കുന്ന ഭീമമായ ഡെപ്പോസിറ്റിൻെറ നഷ്ടമോർത്താണ് പല രക്ഷിതാക്കളും കുട്ടികളെ എയ്ഡഡ് ഗവൺമെന്റിൻെറ കീഴിലുള്ള സ്കൂളുകളിലേയ്ക്ക് മാറ്റാൻ മടിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിബിഎസ്ഇ , ഐസിഎസ്ഇ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : വ്ലാഡിമിർ പുടിന്റെ തലയ്ക്ക് 1 മില്യൺ ഡോളർ വിലയിട്ട് റഷ്യൻ വ്യവസായി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അലക്സ് കൊനാനിഖിൻ ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്റെ ധാർമിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യൻ നിയമങ്ങൾ പ്രകാരം പുടിനെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി 1,000,000 ഡോളർ നൽകുമെന്നാണ് വാഗ്ദാനം. പോസ്റ്റിൽ പുടിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂട്ടകൊലയ്ക്ക് കാരണക്കാരനായ പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്സ് പറയുന്നു.

രൂക്ഷമായ ഭാഷയിൽ പുടിനെ വിമർശിച്ച അലക്സ്‌ 1996ൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യൻ എക്‌സ്‌ചേഞ്ച് ബാങ്കിൽ നിന്ന് 8 മില്യൺ ഡോളർ അപഹരിച്ചുവെന്ന ആരോപണത്തെ തുടർന്ന് യുഎസിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യൻ അധികാരികളുടെ ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്. റഷ്യൻ മാഫിയയുമായി അലക്സിന് ബന്ധമുണ്ടായിരുനെന്ന് എഫ്ബിഐ ഏജന്റുമാർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, യുക്രെയ്‍ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ അഭിനവ ഹിറ്റ്‍ലർ ആണെന്നും യുക്രെയ്‍‌നിലെ നിഷ്കളങ്കരായ ജനത കൂട്ടക്കൊല ചെയ്യപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ സാധാരണ ജനങ്ങൾ ജീവിക്കാൻ പാടുപെടുമ്പോൾ എംപിമാരുടെ ശമ്പള വർധനവിന് പ്രധാനമന്ത്രി തയ്യാറാകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വാച്ച്ഡോഗിന്റെ സ്ഥിരീകരണത്തെ തുടർന്ന് എംപിമാരുടെ ശമ്പളത്തിൽ അടുത്ത മാസം മുതൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിവരം. 2,200 പൗണ്ട് കൂടി വർധിക്കുന്നതോടെ ശമ്പളം 84,144 പൗണ്ടിലെത്തും. രോഗവ്യാപന സമയത്ത് രാഷ്ട്രീയ നേതാക്കൾ പതിവിലും കൂടുതൽ കഠിനാധ്വാനം ചെയ്തുവെന്ന വാദമാണ് വാച്ച്ഡോഗ് ഉയർത്തിയത്. എന്നാൽ, ഊർജ്ജ ബില്ലുകളും പണപ്പെരുപ്പവും കുതിച്ചുയരുന്ന സാഹചര്യത്തിൽ എംപിമാരുടെ ശമ്പളം വർധിപ്പിക്കുന്നത് പൊതുജനങ്ങളെ രോഷാകുലരാക്കും.

ചില എംപിമാർ ഇതിനകം തന്നെ ശമ്പള വർധനവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. പണം ചാരിറ്റിക്ക് നൽകുമെന്നും അവർ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളാൻ ബോറിസ് ജോൺസന് മേൽ സമ്മർദ്ദമേറും. ശമ്പള വർധനവ് തെറ്റാണെന്ന് ലേബർ എംപി സാറാ സുൽത്താന ആരോപിച്ചു. സാധാരണ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും തനിക്ക് ലഭിക്കുന്ന അധിക ശമ്പളം ഫുഡ്‌ബാങ്കിന് നൽകുമെന്നും സാറാ ട്വീറ്റ് ചെയ്തു. ലേബർ ബാക്ക്ബെഞ്ചർ റിച്ചാർഡ് ബർഗണും സമാന നിലപാട് സ്വീകരിച്ചു.

നികുതി വർധനവ് നേരിടുന്ന സമയത്ത് എംപിമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് കണ്ടാൽ സാധാരണക്കാർ രോക്ഷാകുലരാകുമെന്ന് ടാക്‌സ് പേയേഴ്‌സ് അലയൻസ് ചീഫ് എക്‌സിക്യുട്ടീവ് ജോൺ ഒ കോണൽ അഭിപ്രായപ്പെട്ടു. ഹൗസ് ഓഫ് ലോർഡ്സിലും ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നികുതി രഹിത പ്രതിദിന ശമ്പളം 323 പൗണ്ടിൽ നിന്നും 332 പൗണ്ടിലേക്ക് ഉയരും. അതേസമയം രാജ്യത്ത് പെട്രോൾ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഭക്ഷ്യ സാധനങ്ങളുടെ വിലയും ഉടൻ ഉയരുമെന്നാണ് സൂചന. മലയാളികൾ അടക്കമുള്ള കുടുംബങ്ങൾ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ എംപിമാരുടെ ശമ്പളം ഉയർത്തുന്നത് വലിയ വിമർശനത്തിന് കാരണമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ പ്രൈമറി കെയർ നെറ്റ്‌വർക്കുകളിലെ ജനറൽ പ്രാക്ടീഷണറുമാർ ഇനി മുതൽ ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും , പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് ആറര മുതൽ എട്ടു വരെയും അധികമായി പ്രവർത്തിക്കണമെന്ന പുതിയ മാർഗനിർദേശം എൻ എച്ച് എസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബർ മാസം മുതലാണ് ഈ മാറ്റങ്ങൾ നിലവിൽ വരുക. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന അപ്പോയ്ന്റ്മെന്റുകളുടെ നീണ്ടനിര പരിഹരിക്കുവാൻ ആണ് പുതിയ മാറ്റങ്ങൾ ഏർപ്പെടുത്തുവാൻ എൻഎച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. ജനറൽ പ്രാക്ടീഷണർമാരുമായുള്ള പുതിയ കോൺട്രാക്ട് ആണ് എൻ എച്ച് എസ് ഈ തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി പേർക്ക് ഡോക്ടർമാരെ കാണുവാൻ സാധിക്കുന്നില്ല എന്നുള്ള പരാതിയെതുടർന്നാണ് ഈ നീക്കം. എന്നാൽ എൻഎച്ച്എസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

തങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെയുള്ള തീരുമാനത്തോട് എതിർപ്പുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി കമ്മറ്റി ചെയർ ഹെഡ് ഡോക്ടർ ഫറാ ജമീൽ വ്യക്തമാക്കി. മറ്റ് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും, അതൊന്നും തിരഞ്ഞെടുക്കാതെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ഈ നീക്കം തങ്ങളെ തികച്ചും ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നീക്കം രോഗികൾക്ക് ക്രമമായുള്ള ചെക്കപ്പിനും, വാക്സിനേഷനും, മറ്റ് ടെസ്റ്റുകൾക്ക് എല്ലാം കൂടുതൽ സൗകര്യപ്രദം ആകും എന്നാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. നിരവധി ജനറൽ പ്രാക്ടീഷണറുമാർ ഈ നീക്കത്തിനെതിരെ തങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈനിൽ റഷ്യ നടത്തിയ അധിനിവേശം ലോകമൊട്ടാകെ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് . റഷ്യയോടെ മൃദ സമീപനം കൈകൊണ്ട ഇന്ത്യൻ സർക്കാരിൻറെ നിലപാടിലുള്ള പ്രതിഷേധവും നയതന്ത്രതലത്തിൽ ശക്തമാണ്. ഉക്രൈൻ നഗരമായ ഖാർകിവിലെ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചതിന് ശേഷം റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിക്കണമെന്ന് ഇന്ത്യൻ സർക്കാരിൻറെ മേലുള്ള സമ്മർദ്ദം ശക്തമാണ് . ഉക്രൈനിലെ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യാ ഗവണ്മെൻറ് ശക്തമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി എംപിയായ പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത് . ക്രൂരമായ സൈനിക മുന്നേറ്റത്തെ പരസ്യമായി അപലപിക്കാൻ ഇന്ത്യാ ഗവൺമെൻറ് ഇതുവരെ തയ്യാറായിട്ടില്ല. റഷ്യ ആക്രമണം നിർത്തിവെച്ചാൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സുരക്ഷിതമായി സ്വന്തം നാടുകളിലേയ്ക്ക് മടങ്ങി പോകാനാകും . ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ ഔദ്യോഗികമായി അപലപിക്കാനുള്ള ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നിരുന്നു. യുഎസ് മുന്നോട്ടുവെച്ച പ്രമേയം റഷ്യ വിറ്റോ ചെയ്തതിനാൽ പാസാക്കാനായില്ല.

കാശ്മീർ പോലുള്ള സുപ്രധാന വിഷയങ്ങളിൽ റഷ്യ ഇന്ത്യയെ വളരെ കാലമായി പിന്തുണയ്ക്കുന്നുണ്ട്. സൈനിക തലത്തിലും ഇന്ത്യയും റഷ്യയും തമ്മിൽ സഹകരണം ഉണ്ട്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ അസ്വാരസ്യം ഉണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടിലുള്ള അവസ്ഥയിലാണ് ഇന്ത്യ എന്ന് ഡൽഹി ആസ്ഥാനമായുള്ള ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ പ്രതിരോധ, ജിയോപൊളിറ്റിക്കൽ അനലിസ്റ്റായ ഹർഷ് പന്ത് പറഞ്ഞു.

ഉക്രൈനിലെ റഷ്യൻ അധിനിവേശം ലോകത്തിലെ ശാക്തിക ചേരികളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുഎഇയും സൗദി അറേബ്യയും റഷ്യൻ നടപടികളെ അപലപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല . പ്രതിസന്ധിയെ തുടർന്ന് കുതിച്ചുയർന്ന എണ്ണയുടെ ഉത്പാദനം വർധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല . യു എസിന്റെ നിഴലിൽ നിന്ന് പുറത്തുവരാനുള്ള ഗൾഫ് രാജ്യങ്ങളുടെ മനോഭാവമാണ് ആ രാജ്യങ്ങളുടെ നിലപാടിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്കെതിരെ നടപടി. ഡോ. കീത്ത് വോൾവർസൺ ആണ് ട്രൈബ്യൂണലിന്റെ വിചാരണയ്ക്ക് വിധേയമായത്. 15 രോഗികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പരിഹസിച്ചുവെന്ന ആരോപണവും കീത്ത് വോൾവർസണിനെതിരെ ഉയർന്നു. 2018 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായിരുന്നു സംഭവം. മെഡിക്കൽ നോട്ടിൽ പതിനഞ്ചു രോഗികളുടെ ഭാഷാ പരിജ്ഞാനത്തെ അദ്ദേഹം വിമർശിച്ചു. “ഈ മാതാപിതാക്കൾ പറയുന്ന വാക്കുകൾ എനിക്ക് മനസ്സിലാവുന്നില്ല. അവർ നന്നായി ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ട്…” ഇത്തരം വിമർശനങ്ങളാണ് രോഗികളുടെ കുറിപ്പുകളിൽ അദ്ദേഹം എഴുതി ചേർത്തത്.

ആരോപണ വിധേയനായ ഡോക്ടറെ 2019ൽ ആരോഗ്യ സ്ഥാപനമായ വോകെയറിൽ നിന്നും പിരിച്ചുവിട്ടിരുന്നു. രോഗിയായ മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെന്ന് 2019 ൽ നടന്ന അഭിമുഖത്തിൽ കീത്ത് പറഞ്ഞു. “ഞാൻ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനോട് ക്രാഷ് ഹെൽമെറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ രോഗിയോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടു.” ഡോക്ടർ വെളിപ്പെടുത്തി. 2018 മെയ് 13-നായിരുന്നു ഈ സംഭവം.

രോഗികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ച് മെഡിക്കൽ നോട്ടിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ട്രിബ്യൂണൽ അന്വേഷിക്കുമെന്ന് മെഡിക്കൽ പ്രാക്ടീഷണർ ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) പറഞ്ഞു. ഡോക്ടർ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനെതിരെ കർശന നടപടി ഉണ്ടായേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തുന്ന ഉക്രൈൻ അഭയാർഥികൾക്കുള്ള വിസാ നിയമത്തിൽ ഇളവ് വരുത്തി. രക്ഷയുടെ അധിനിവേശത്തെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഉക്രൈയിനിൽ നിന്ന് പാലായനം ചെയ്യുന്നത്. യുദ്ധമുഖത്തിൽ നിന്ന് പാലായനം ചെയ്യുന്ന 20,000 -ത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

യുകെയിൽ സ്ഥിര താമസമാക്കിയ ഉക്രൈയിൻ വംശജരുടെ അടുത്ത ബന്ധുക്കൾക്ക് അഭയം നൽകുന്ന പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത്. അഭയാർത്ഥികളായെത്തുന്ന ഉക്രൈൻ പൗരന്മാരെ സ്പോൺസർ ചെയ്യുവാൻ യുകെയിലെ സ്ഥാപനങ്ങൾക്ക് കഴിയും. ഉക്രൈൻ അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നടപടിയെ അപേക്ഷിച്ച് ബ്രിട്ടൻ ചെയ്യുന്നത് കുറവാണെന്ന കടുത്ത വിമർശനം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിസാ നിയമങ്ങളിൽ ഇളവ് വരുത്തി യുകെയുടെ നിലപാട് പ്രഖ്യാപിച്ചത്.

അഭയാർത്ഥികളായ ഉക്രൈയിൻകാരെയും അവരുടെ ബന്ധുക്കളെയും സഹായിക്കാനായി ഉദാര പൂർവ്വമായ നടപടികളാണ് യുകെ സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പാർലമെൻറിൽ പറഞ്ഞു. ഉക്രൈയിൻകാർക്കുള്ള എല്ലാ വിസാ നിയന്ത്രണങ്ങളും ഇളവുചെയ്യണമെന്ന നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സർക്കാരിനുള്ളത്. റഷ്യൻ സൈന്യം ഉക്രൈയിൻ സേനയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതും ഉക്രൈയിനിൽ തന്നെ തീവ്രവാദികളായുള്ള പൗരന്മാരുടെ സാന്നിധ്യവുമാണ് സർക്കാർ നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്‌റ്റോണ്‍ഹെഞ്ച് ഇന്നും ലോകത്തിന് മുന്നിലെ ചോദ്യ ചിഹ്നമാണ്. എന്നാൽ ഈ കൽവൃത്തത്തിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകർ. ഈ കൽവൃത്തം ഒരു കലണ്ടറായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ കണ്ടെത്തി. 10 ദിവസത്തെ ആഴ്ചകളും അധിക മാസങ്ങളും ഉൾപ്പെടുന്ന ട്രോപിക്കൽ സോളാർ കലണ്ടർ, പുരാതന ഈജിപ്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നതിന് സമാനമാണ്. മറ്റ് സംസ്കാരങ്ങളുമായി ബ്രിട്ടനുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണിതെന്ന് ഗവേഷകർ പറഞ്ഞു. ആന്റിക്വിറ്റി ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

“ബിസി 3,000-ത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിൽ ഇത്തരമൊരു സോളാർ കലണ്ടർ വികസിപ്പിച്ചെടുത്തു. ഏകദേശം 2,700-ഓടെ ഈജിപ്തിൽ സിവിൽ കലണ്ടറായി അംഗീകരിക്കപ്പെട്ടു. 2,600 ബിസിയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.” ബോൺമൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ തിമോത്തി ഡാർവിൽ പറഞ്ഞു. സാർസെൻ സർക്കിളിലെ 30 കല്ലുകളിൽ ഓരോന്നും ഒരു മാസത്തിലെ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നു. അത് തന്നെ 10 ദിവസങ്ങൾ വീതം മൂന്ന് ആഴ്ചകളായി തിരിച്ചിരിക്കുന്നു.

സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം. അതിനാല്‍ത്തന്നെ വാനനിരീക്ഷകരുടെ ഉള്‍പ്പെടെ പ്രധാന കേന്ദ്രമാണിവിടം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഇതിന് ഏകദേശം ബിസി 2000-3000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. ഈ സ്മാരകം ആരു നിര്‍മിച്ചു, എന്തിനു നിര്‍മിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. ബ്രിട്ടീഷ് ജനതയുടെ സംസ്‌കാരത്തിന്റെ അഭിമാന അടയാളം കൂടിയാണിന്ന് സ്‌റ്റോണ്‍ഹെഞ്ച്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുടിന്റെ നിർദേശം കനത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. റഷ്യയ് ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്ന് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പുടിൻ നിർദേശം നൽകിയെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയായ റഷ്യയുടെ ഈ തീരുമാനം ലോകരാജ്യങ്ങൾക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബുകൾ ഇപ്പോഴും ഒരു ദുസ്വപ്നമായി ലോകത്തെ വേട്ടയാടുന്നുണ്ട്.

ഒറ്റയടിക്ക് ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ വിതയ്ക്കുന്ന ദുരിതം ദശാബ്ദങ്ങൾ കൊണ്ടുപോലും അവസാനിക്കുന്നതല്ല. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് അജ്ഞാതമാണ്. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങൾ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നൽകിയിരുന്നു.

റഷ്യയുടെ സർമത്, പോസിഡൺ ടോർപിഡോ, ബെൽഗൊറോഡ് അന്തർവാഹിനി, അവൻഗാർഡ് ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ തുടങ്ങിയ ആണവായുധങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു. 1,500 ലേറെ ആണവ പോർമുനകൾ ശത്രുരാജ്യങ്ങളെ ഉന്നംവച്ച് റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് ദ ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്‌റ്റ്‌സിന്റെ വിലയിരുത്തൽ.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിരുന്നില്ല. അതിനാൽ ഈ ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved