Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പകർച്ചവ്യാധിയെ തുടർന്ന് മരിച്ച ആരോഗ്യ, സാമൂഹിക, പരിപാലന പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുകെയിൽ ഉടനീളം പ്രാബല്യത്തിലുള്ള പദ്ധതി അവസാനിപ്പിച്ചതിനെ തുടർന്ന് സർക്കാരിനെതിരെയുള്ള എതിർപ്പ് ശക്തം. ജോലിസ്ഥലത്തുനിന്ന് കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഇനിമുതൽ 60,000 പൗണ്ട് നഷ്ടപരിഹാരത്തിന് അർഹതയില്ല. ഈ പദ്ധതി നിർത്താൻ ഉള്ള സമയം ഇതുവരെ ആയിട്ടില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) പറഞ്ഞു. അതേസമയം എല്ലാ പദ്ധതികളും സമയപരിധി ഉള്ളതാണെന്നും മറ്റ് മരണാനന്തര ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. എന്നാൽ ലൈഫ് അഷ്വറൻസ് പെയ്മെന്റ് നീട്ടണമെന്ന ആവശ്യവുമായി ആർസിഎൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചു. എൻഎച്ച്എസ് ജീവനക്കാരെ ഗുരുതരമായ കോവിഡിനെതിരെ സംരക്ഷിക്കാനായി വാക്സിൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ടെങ്കിലും ചില മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്.

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നീ സ്ഥലങ്ങളിലെ ഔദ്യോഗിക രേഖകൾ പ്രകാരം 2021 ഡിസംബർ മുതൽ ജോലി സ്ഥലത്തെ സമ്പർക്കം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 304 എൻഎച്ച്എസ് ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഈ പദ്ധതി ഇപ്പോൾ അവസാനിപ്പിക്കുന്നത് ആരോഗ്യ-സാമൂഹിക മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരോടുള്ള അനാദരവാണെന്ന് ആർസിഎൻ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളൻ പറഞ്ഞു. ഈ വർഷം കോവിഡ് മൂലം ജീവൻ നഷ്ടമാകുന്ന നേഴ്സിംഗ് സ്റ്റാഫുകളിലെ ഒരംഗത്തിന് പോലും 2020ലോ 2021ലോ മരിച്ചവരേക്കാൾ കുറഞ്ഞ ബഹുമാനവും കുടുംബ പിന്തുണയും ലഭിക്കരുതെന്ന് ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ അവർ പറയുന്നു. നേഴ്സിംഗ് സ്റ്റാഫുകൾക്കും എല്ലാ ആരോഗ്യ,പരിചരണ തൊഴിലാളികൾക്കും തങ്ങളുടെ ജീവൻ പകർച്ചവ്യാധിയിൽ നിന്നുള്ള അപകടത്തിൽ അല്ല എന്ന് ഉറപ്പു വരുന്ന സമയം വരെയും പദ്ധതി അവസാനിപ്പിക്കരുതെന്ന അഭ്യർത്ഥനയും അവർ മുന്നോട്ടുവെച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മീറ്റർ റീഡിംഗ് ബില്ലുകൾ അടയ്ക്കാൻ വൻ തിരക്ക്. പിന്നാലെ എനർജി വെബ്സൈറ്റ് തകർന്നു. തങ്ങളുടെ വെബ്‌സൈറ്റുകളിലെയും ആപ്പുകളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ഷെൽ എനർജി, ഇഡിഎഫ് ഉൾപ്പെടെയുള്ള വിതരണക്കാർ അറിയിച്ചു. നാളെ മുതൽ എനർജി പ്രൈസ് ക്യാപ് ഉയരുന്നതിനാലാണ് ഇന്ന് വൻ തിരക്ക് അനുഭവപ്പെട്ടത്. അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനാൽ വെബ്‌സൈറ്റിൽ തടസ്സം നേരിട്ടുവെന്ന് ഷെൽ എനർജിയുടെ വക്താവ് പറഞ്ഞു. ഇ. ഓൺ, സ്കോട്ടീഷ് പവർ , ബ്രിട്ടീഷ് ഗ്യാസ് , എസ്എസ്ഇ എന്നിവരും തങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു.

ഓൺലൈനിൽ ബില്ലടയ്ക്കാൻ രണ്ട് മണിക്കൂർ എടുത്തെന്നു ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താവായ ഇസ്മിർ സ്മജ്‌ലാജ് വെളിപ്പെടുത്തി. എനർജി ബില്ലുകൾ ഉയരുന്നത് വലിയ തിരിച്ചടിയാണെന്ന് പല ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. ഓട്ടോമേറ്റഡ് ഫോൺ ലൈനുകളും ആപ്പുകളും പോലെയുള്ള ഇതര മാർഗങ്ങൾ വിതരണ കമ്പനികൾ നിർദേശിക്കുന്നുണ്ട്.

ബ്രിട്ടനിലെ 22 മില്ല്യണ്‍ കുടുംബങ്ങളെയാണ് വില വർധന ബാധിക്കുന്നത്. ഊർജ വിതരണക്കാരുടെ ഡിഫോള്‍ട്ട് താരിഫില്‍ പെടുന്നവര്‍ക്കെല്ലാം ഈ മാറ്റം ബാധകമാണ്. ശരാശരി കുടുംബങ്ങള്‍ക്ക് നിലവിലെ 1277 പൗണ്ടില്‍ നിന്നുമാണ് 1971 പൗണ്ടിലേക്ക് എനര്‍ജി പ്രൈസ് ക്യാപ് ഉയരുന്നത്. 693 പൗണ്ട് അഥവാ 54 ശതമാനമാണ് വര്‍ദ്ധന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രസവ പരിചരണത്തിൽ ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റിനുണ്ടായ ഗുരുതര വീഴ്ചയിൽ ക്ഷമ ചോദിച്ച് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കൻഡെന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ പുറത്തുവന്നതിന് പിന്നാലെയാണിത്. ഹോസ്പിറ്റൽ ട്രസ്റ്റ്‌ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. മെച്ചപ്പെട്ട പ്രസവ പരിചരണം നൽകിയിരുന്നെങ്കിൽ 201 കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷം നീണ്ട അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്വഭാവിക പ്രസവം പ്രോത്സാഹിപ്പിച്ചതിലൂടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലായതായി റിപ്പോർട്ടിൽ പറയുന്നു.

2000-നും 2019-നും ഇടയിലാണ് കേസുകൾ ഉണ്ടായത്. ഹോസ്പിറ്റൽ ട്രസ്റ്റിനെതിരായ 1,862 കേസുകൾ അന്വേഷണ സംഘം പരിശോധിച്ചു.

പ്രധാന കണ്ടെത്തലുകൾ;

• സ്വാഭാവിക പ്രസവം പ്രോത്സാഹിപിച്ചതിലൂടെ 201 കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു.

• സിസേറിയൻ ചെയ്യാൻ ജീവനക്കാർ വിമുഖത കാണിച്ചു. പല കേസുകളിലും, അമ്മമാരും കുഞ്ഞുങ്ങളും ട്രസ്റ്റിന്റെ പരിചരണത്തിന്റെ ഫലമായി ജീവിതകാലം മുഴുവൻ രോഗാവസ്ഥയിൽ കഴിയാനിടയായി.

• 65 സെറിബ്രൽ പാൾസി കേസുകളിലും 29 ഗുരുതരമായ മസ്തിഷ്ക ക്ഷതങ്ങളിലും നൽകിയ പരിചരണത്തിൽ ആശങ്കയുണ്ട്.

• നവജാതശിശുക്കളുടെ മരണം തുടർക്കഥയായിട്ടും അത് അന്വേഷിക്കാനോ മാതാപിതാക്കളുടെ വാക്കുകൾ ശ്രദ്ധിക്കാനോ ട്രസ്റ്റ്‌ തയ്യാറായില്ല.

• ഒമ്പത് അമ്മമാരുടെ മരണത്തിലും ട്രസ്റ്റിന് വീഴ്ചയുണ്ടായി.

ജീവനക്കാരുടെ അഭാവം, പരിശീലനത്തിന്റെ അഭാവം, കാര്യക്ഷമമായ അന്വേഷണങ്ങളുടെയും ഭരണ നേതൃത്വത്തിന്റെയും അഭാവം, ബാധിതരായ കുടുംബങ്ങളെ ശ്രദ്ധിക്കാത്ത നടപടി എന്നിവയാണ് പരാജയങ്ങളുടെ കാരണം.

പോരാട്ടത്തിന്റെ പ്രതീകമായി ഈ അമ്മമാർ

ട്രസ്റ്റിന്റെ പരിചരണത്തിലെ വീഴ്ചകൾ കാരണം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ പോരാട്ടമാണ് അന്വേഷണത്തിന് വഴിതുറന്നത്. തങ്ങളുടെ പെൺമക്കളുടെ മരണത്തെത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് റിയാനൺ ഡേവിസും കെയ്‌ലി ഗ്രിഫിത്‌സും 2016 ഡിസംബറിൽ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന് കത്തെഴുതി. 2017 മെയ് മാസത്തിൽ, അന്വേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ഡോണ ഒക്കൻഡനെ നിയമിച്ചു. റിച്ചാർഡ് സ്റ്റാന്റണിന്റെയും റിയാനൺ ഡേവിസിന്റെയും മകൾ കേറ്റ് 2009 മാർച്ചിൽ ജനിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചു. കെയ്‌ലീയുടെയും കോളിൻ ഗ്രിഫിത്‌സിന്റെയും മകൾ പിപ്പ 2016 ൽ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് അണുബാധയെത്തുടർന്ന് മരിച്ചു. കുഞ്ഞുങ്ങളുടെ മരണത്തിൽ ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതോടെ അവർ ഒരു പോരാട്ടത്തിന് തയ്യാറെടുത്തു. അതാണ് ഈ കണ്ടെത്തലുകൾക്ക് കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ ലണ്ടനിലുള്ള വീട്ടിൽ മോഷണം. ബെക്കാമും ഭാര്യ വിക്ടോറിയയും മകൾ ഹാർപ്പറും വീട്ടിൽ ഉള്ളപ്പോഴായിരുന്നു മോഷണം. ഇവർ മുകളിലത്തെ നിലയിലായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിൽ നിന്ന് ചുമർചിത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞു.

രാത്രി സുഹൃത്തുക്കളുമായി വീട്ടിലെത്തിയ മകൻ ക്രൂസ് ആണ് മോഷണം നടന്നതായി കണ്ടെത്തിയത്. ജനലിന്റെ ഗ്ലാസുകൾ തകർന്ന് കിടക്കുന്നതും കണ്ടു. ബെക്കാം ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടു. മോഷണത്തിൽ ഞെട്ടിപ്പോയെന്നും ഭാഗ്യവശാൽ ഒരു മുറി മാത്രം ആണ് കൊള്ളയടിക്കപ്പെട്ടതെന്നും ദമ്പതികൾ പ്രതികരിച്ചു.

ബെക്കാമിന്റെ വീടിനെ ‘ബെക്കിങ്ഹാം പാലസ്’ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. 2013 ലാണ് ബെക്കാം ദമ്പതികൾ ഈ ബംഗ്ലാവ് മേടിച്ചത്. ഏകദേശം 10 മില്യൺ ഡോളർ ചെലവഴിച്ച് പുതുക്കിപ്പണിത ശേഷമാണ് 2016 ൽ ഇവിടേക്ക് താമസം മാറിയത്. അത്യാഡംബരം നിറയുന്ന അകത്തളങ്ങളാണ് ബംഗ്ലാവിനുള്ളിൽ. മൂന്ന് നിലകളിലായി എട്ടു കിടപ്പുമുറികൾ. പ്രൗഢമായ പാഷ്യോ, വിശാലമായ കോർട്യാർഡുകൾ, ആധുനിക കിച്ചൻ, ജിം, വൈൻ സെല്ലാർ, വിശാലമായ ഹോം തിയറ്റർ, ഇൻഡോർ പൂൾ, മൂന്ന് ഗരാജുകൾ എന്നിവയാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. 40 മില്യൺ പൗണ്ടാണ് മൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രണ്ടുമാസം കൊണ്ട് ബൂട്സ് ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് 736,000 പൗണ്ട് തുകയുടെ തട്ടിപ്പ് നടത്തിയ ബിസിനസ്സുകാരന് ജയിൽശിക്ഷ ലഭിച്ചിരിക്കുകയാണ്. കാർഡിനെ സംബന്ധിക്കുന്ന ഒരു രഹസ്യ ലൂപ്ഹോൾ ഉപയോഗിച്ചാണ് മുപ്പത്തിയേഴുകാരനായ റോബർട്ട്‌ ബെൽ തട്ടിപ്പ് നടത്തിയത്. ഓർഡർ ഫോം പൂരിപ്പിച്ചു നൽകിയതിലൂടെ റോബർട്ടിന് സൗജന്യമായി ലഭിച്ച കാർഡുകളിൽ അദ്ദേഹം ക്രെഡിറ്റ് സേവനം ലഭ്യമാക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ സ്വന്തമാക്കിയ തുക അദ്ദേഹം ഒരിക്കലും തിരിച്ചടക്കാൻ ശ്രമിച്ചിരുന്നില്ല. ഗ്ലാസ്ഗോ ഷെരിഫ് കോടതി അദ്ദേഹത്തെ 33 മാസത്തെ ജയിൽ ശിക്ഷയ്ക്കാണ് വിധിച്ചത്. റോബർട്ട് ഈ പണം എന്തിനു വേണ്ടി ഉപയോഗിച്ചു എന്നത് ഇതുവരെയും അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. മറ്റൊരു 150,000 പൗണ്ട് തുകയുടെ തട്ടിപ്പ് നടത്തുന്നതിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോഴാണ് റോബർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2017 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങൾക്കിടയിൽ ആണ് അദ്ദേഹം ഈ തട്ടിപ്പ് എല്ലാം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഈസ്റ്റ്‌ ഡൻബാറ്റൺഷെയറിൽ ഒരു ചെറിയ വീട് കേന്ദ്രീകരിച്ചാണ് റോബർട്ട് ബിസിനസ്സുകൾ നടത്തുന്നതെന്നാണ് അദ്ദേഹത്തിന് സ്പെഷ്യൽ ഡെലിവറികൾ നൽകിയതായി അവകാശപ്പെടുന്ന പോസ്റ്റുമാൻ വ്യക്തമാക്കിയത്. തന്റെ ജീവനക്കാർക്ക് ഗിഫ്റ്റ് ആയി നൽകാൻ വേണ്ടിയാണ് റോബർട്ട് കാർഡുകൾക്കായി അപേക്ഷിച്ചത്. ഇതിൽ തനിക്ക് നാല്പതോളം ജീവനക്കാർ ഉണ്ടെന്നാണ് റോബർട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ഡെലിവറിയിൽ നൽകിയിരുന്ന പോസ്റ്റുമാൻ അവിടെ വേറെ ജീവനക്കാർ ഒന്നും തന്നെ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബൂട്ട്സ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞശേഷം റോബർട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരു തരത്തിലുള്ള മറുപടിയും നൽകിയില്ല. അതിനുശേഷം കമ്പനി തന്നെ മറ്റുള്ള കാർഡുകൾ പ്രവർത്തന രഹിതമാക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടി നടത്തിയതിൻെറ പേരിൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ഗവൺമെന്റ് അധികൃതർ പാർട്ടികൾ നടത്തിയ വിവാദത്തിൽ അന്വേഷണത്തെ തുടർന്ന് പിഴ ഈടാക്കുവാൻ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞതിന് പിന്നാലെയാണിത്. നിയമങ്ങളൊന്നും താൻ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ് ജോൺസൺ എംപിമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആരോപിച്ചു. അതേസമയം അന്വേഷണമായി മുന്നോട്ടുപോകാൻ പോലീസിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും മെട്രോപൊളിറ്റൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബോറിസ് ജോൺസനെതിരെയും അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെയും ഈ വിവാദത്തിൽ വൻ വിമർശനങ്ങൾ ഉണ്ടായിരുന്നു. ചില കൺസർവേറ്റീവ് എംപിമാരും ബോറിസ് ജോൺസന്റെ രാജിക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു.

 

അടുത്തിടെ യുക്രൈൻ യുദ്ധമാരംഭിച്ചതിനുശേഷം ഈ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കപ്പെട്ടിരുന്നു. സീനിയർ സിവിൽ സർവെന്റ് ആയിരുന്ന സ്യു ഗ്രെയുടെ സ്വതന്ത്ര അന്വേഷണത്തിന് ശേഷമാണ് മെട്രോപൊളിറ്റൻ പോലീസ് കേസ് ഏറ്റെടുത്തത്. പോലീസ് അന്വേഷണം പൂർത്തിയായ ശേഷം ഗ്രെയുടെ റിപ്പോർട്ട് പൂർണമായ തോതിൽ പ്രസിദ്ധീകരിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. ഓപ്പറേഷൻ ഹിൽമാൻ എന്ന് പേരിട്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ 12 പാർട്ടികളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായുള്ള ചോദ്യം. ഇതിൽ മൂന്ന് പാർട്ടികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നിരുന്നാൽ തന്നെയും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് ഈ വിവാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രസവ പരിചരണത്തിൽ ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ വീഴ്ച ശരിവെച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട്‌. മെച്ചപ്പെട്ട പ്രസവ പരിചരണം നൽകിയിരുന്നെങ്കിൽ 201 കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കൻഡെന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അന്വേഷണത്തിന്റെ പൂർണ്ണ റിപ്പോർട്ട് ഇന്ന് രാവിലെ പത്തു മണിക്ക് പ്രസിദ്ധീകരിക്കും. സ്വഭാവിക പ്രസവം പ്രോത്സാഹിപ്പിച്ചതിലൂടെ മുന്നൂറോളം നവജാത ശിശുക്കൾ മരിക്കാനിടയായി. അമ്മമാരെയും ഇത് അപകടത്തിലാക്കി.

ഹോസ്പിറ്റൽ ട്രസ്റ്റിനെതിരായ 1,862 കേസുകൾ അന്വേഷണ സംഘം പരിശോധിച്ചു. ഭൂരിഭാഗം കേസുകളും 2000 മുതൽ 2019 വരെയുള്ളതാണ്. പ്രസവ ശുശ്രൂഷയിലെ പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം
ഏറ്റെടുക്കുന്നുവെന്നും ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നുവെന്നും ട്രസ്റ്റ് മുമ്പ് പറഞ്ഞിരുന്നു.

ട്രസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് വെസ്റ്റ് മെർസിയ പോലീസും അന്വേഷിക്കുന്നുണ്ട്. ട്രസ്റ്റിന്റെ പരിചരണത്തിലെ വീഴ്ചകൾ കാരണം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ പോരാട്ടമാണ് അന്വേഷണത്തിന് വഴിതുറന്നത്. അന്വേഷണം ആവശ്യപ്പെട്ട് 2016 ഡിസംബറിൽ അവർ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന് കത്തെഴുതി. 2017 മെയ് മാസത്തിൽ, അന്വേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ഡോണ ഒക്കൻഡനെ നിയമിച്ചു. അഞ്ചു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലങ്ങളാണ് ഇന്ന് പുറത്തുവരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലണ്ടൻ നഗരം ഇന്നലെ ഇരുട്ടിലായി. വൈദ്യുതി തടസ്സം ഉണ്ടായതോടെ 5,000 ത്തോളം ആളുകൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതെ വലഞ്ഞു. ട്രാഫിക് ലൈറ്റുകളുൾപ്പെടെ നിലച്ചു. ഇൻറർനെറ്റ് സേവനവും താറുമാറായി. വീട്ടിലിരുന്ന് ജോലി ചെയ്തവർക്ക് ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ഭൂഗർഭ വൈദ്യുത കേബിളിലെ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് യുകെ പവർ നെറ്റ്‌വർക്ക് സ് പറഞ്ഞു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വൈദ്യുതി തടസ്സപ്പെട്ടത്. ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായതോടെ ലണ്ടൻ നിവാസികൾ ആശയക്കുഴപ്പത്തിലായി. വൈദ്യുതി തടസ്സം കാരണം ഭക്ഷണം പാകം ചെയ്യാൻ സാധിച്ചില്ലെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ പോപ്ലറിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് റോതർഹിത്തെ ടണൽ അടച്ചു. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. ഈ അപകടത്തിലൂടെ ഉണ്ടായ വൈദ്യുതി തടസ്സം 38,000 ഉപഭോക്താക്കളെ ബാധിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു.

പോപ്ലറിലെ കാസ്റ്റർ ലെയ്‌നിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാല് ഫയർ എഞ്ചിനുകളും 25 ഓളം അഗ്നിശമന സേനാംഗങ്ങളും എത്തിയിട്ടുണ്ടെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഇരു നിലകളുള്ള ഇലക്ട്രിക്കൽ സബ്‌സ്റ്റേഷന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ബ്ലാക്ക്‌വാൾ ടണലും റോതർഹിത്തെ ടണലും അടച്ചിട്ടിരിക്കുന്നതിനാൽ റെയിൽവേ ഗതാഗതവും തടസ്സപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഗവേഷണ പഠനങ്ങൾക്കായി കേരളത്തിൽ എത്തിയ പ്രമുഖ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടഞ്ഞു ബ്രിട്ടനിലേക്ക് മടക്കി അയച്ചു. മാർച്ച് 24 നാണ് കേരളത്തിന് തന്നെ അപമാനമായ ഈ സംഭവം അരങ്ങേറിയത്. യൂണിവേഴ്സിറ്റി ഓഫ് സസ്സെക്സിലെ നരവംശശാസ്ത്രജ്ഞനായ ഒസെല്ല കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ സന്ദർശനം നടത്തി വരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണങ്ങളും കേരളവുമായി ബന്ധപ്പെട്ടവയുമാണ്. തീരദേശ സമൂഹങ്ങളെ കുറിച്ചുള്ള ദ്വിദിന സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഒസെല്ല. വിമാനം ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തി തന്നെ കൊണ്ടുപോയി തന്റെ ചിത്രം എടുക്കുകയും തന്റെ വിരലടയാളം ശേഖരിക്കുകയും ചെയ്തതായി ഒസെല്ല വ്യക്തമാക്കി. അതിനുശേഷം തന്നെ മടക്കി അയയ്ക്കുകയാണെന്ന് മാത്രമാണ് അവർ തന്നോട് വിശദീകരിച്ചതെന്നും ഒസെല്ല പറഞ്ഞു. എന്ത് കാരണം മൂലമാണ് തന്നെ മടക്കി അയച്ചതെന്ന് തനിക്കറിയില്ലെന്നും ഒസെല്ല പറഞ്ഞു.

ദുബായിലേക്കുള്ള അടുത്ത വിമാനത്തിൽ തന്നെ ഒസെല്ലയെ യാത്രയാക്കുകയും പിന്നീട് വിവിധ വിമാനത്താവളങ്ങളിൽ സമയം ചെലവിട്ടാണ് ഒസെല്ലയ്ക്ക് ലണ്ടനിൽ എത്തിച്ചേരാൻ സാധിച്ചത്. ഒസെല്ലയെ തിരിച്ചയച്ച സംഭവം ഇന്ത്യയിൽ മുഴുവൻ വിവാദമായി. തനിക്ക് പിന്തുണ അറിയിച്ച് നാനൂറോളം ഇ-മെയിലുകളും മെസ്സേജുകളും ലഭിച്ചതായും ഒസെല്ല വ്യക്തമാക്കി. ഇന്ത്യയിലുള്ള തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പോലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ അനുവദിച്ചില്ലെന്ന് ഒസെല്ല എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ ബാഗിൽ നിന്നും രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ എടുക്കണം എന്ന ആവശ്യമുന്നയിച്ചപ്പോഴും തന്നോട് അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിസർച്ച് വിസയിലാണ് അദ്ദേഹം കേരളത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻപുള്ള തന്റെ യാത്രയിൽ ഒസെല്ല തന്റെ വിസ ദുരുപയോഗം ചെയ്തതായും അതാകാം അറസ്റ്റിനുള്ള കാരണമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഗവൺമെന്റ് ഒഫീഷ്യൽ വ്യക്തമാക്കി. എന്നാൽ തന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്നാണ് ഒസെല്ല വ്യക്തമാക്കിയത്.

2019 ൽ കേരളത്തിലെത്തിയപ്പോൾ തനിക്ക് കോൺഫറൻസ് വിസ ഉണ്ടായിരുന്നതായും, അതിനുശേഷം കഴിഞ്ഞ സെപ്റ്റംബറിൽ എത്തിയപ്പോൾ ഗവേഷണത്തിന്റെ ഭാഗമായതിനാൽ റിസർച്ച് വിസ ഉണ്ടായിരുന്നതായും ഒസെല്ല വ്യക്തമാക്കി. എന്താണ് യഥാർത്ഥ കാരണം എന്ന് ഇതുവരെയും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. കേരളത്തിലെ വിവിധ മതാചാരങ്ങൾ, ക്ഷേത്ര ഉത്സവങ്ങൾ എന്നിവയെല്ലാം തന്നെ ഗവേഷണം ചെയ്ത വ്യക്തിയാണ് ഒസെല്ല. തനിക്ക് ഇനിയും കേരളത്തിലേക്ക് വരുവാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒസെല്ല വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെസ്റ്റ്മിൻസ്റ്റർ ആബേയിൽ നടന്ന ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് എലിസബത്ത് രാജ്ഞി. ആൻഡ്രൂ രാജകുമാരനോടൊപ്പം വിൻഡ്‌സർ കാസിലിൽ നിന്ന് കാറിൽ യാത്ര ചെയ്താണ് 95 കാരിയായ രാജ്ഞി ചടങ്ങിനെത്തിയത്. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും പ്രിയ ഭർത്താവിന്റെ ഓർമ ദിനത്തിൽ പങ്കുചേരാൻ രാജ്ഞി എത്തുമെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. മുപ്പതോളം വിദേശ രാജകുടുംബങ്ങളില്‍ നിന്നുള്ളവര്‍, ഫിലിപ്പ് രാജകുമാരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, വിവിധ ചാരിറ്റി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി ആകെ 1,800 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

പ്രായാധിക്യം കാരണം ചടങ്ങിൽ നിന്ന് മാറി നിൽക്കാൻ രാജ്ഞി ആദ്യം തീരുമാനിച്ചിരുന്നു. മാര്‍ച്ച് 14 ന് നടന്ന കോമണ്‍വെല്‍ത്ത് ഡേ സര്‍വ്വീസിൽ രാജ്ഞി പങ്കെടുത്തിരുന്നില്ല. ഫെബ്രുവരിയിൽ കോവിഡ് ബാധിതയുമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്റെ 99-ാം വയസ്സിലായിരുന്നു ഫിലിപ്പ് രാജകുമാരന്‍ മരണമടഞ്ഞത്. രാജ്യം കോവിഡ് നിയന്ത്രണങ്ങളിലായിരുന്നതിനാല്‍ രാജകുമാരന്റെ സംസ്കാര ചടങ്ങുകളിൽ 30 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ നേതാവ് കെയർ സ്റ്റാർമർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയിരുന്നു. അമേരിക്കന്‍ കോടതിയിലെ ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കിയ ആന്‍ഡ്രൂ രാജകുമാരനും ചടങ്ങിൽ പങ്കെടുത്തു. ഹാരിയും മേഗനും ഇതില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രാജകുടുംബത്തിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 1 -ന് ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് ഹാരി അവസാനമായി ബ്രിട്ടനിലെത്തിയത്.

RECENT POSTS
Copyright © . All rights reserved