Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : തളരാത്ത മനോവീര്യത്തിന്റെ അടയാളമാണ് ഡെബോറ ജെയിംസ്. മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിക്കുകയാണ്. അഞ്ചു വർഷമായി ബോവൽ കാൻസറിനോട് പടപൊരുതുന്ന ബിബിസി പോഡ്കാസ്റ്റ് അവതാരക ഡെബോറ സ്വരൂപിക്കുന്ന ബോവല്‍ ബേബ് ഫണ്ടില്‍ ഇതുവരെ എത്തിയത് അഞ്ചു മില്യൺ പൗണ്ട്. കാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും കാൻസർ ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിക്കുന്നത്. പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു. ഇന്നലെ ഒരു വിശിഷ്ടാതിഥി കൂടി ഡെബോറയെ തേടിയെത്തി. ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ നേരിട്ടത്തിയത് വില്യം രാജകുമാരനാണ്.

“വില്യം രാജകുമാരൻ ഇന്ന് ഞങ്ങളുടെ കുടുംബ വീട്ടിൽ വന്നിരുന്നു!! ഉച്ചയ്ക്ക് ശേഷം ചായയും ഷാംപെയ്നും കഴിക്കാൻ അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു. ഡേംഹുഡ് നൽകി എന്നെ ആദരിക്കുകയും ചെയ്തു.” ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡെബോറ ഇങ്ങനെ എഴുതി. ഇനിയും വിശ്വസിക്കാനാകാത്ത ഒരു സന്ദര്‍ശനം ആണിതെന്ന് ഡെബോറ പറയുന്നു. വില്യമും കാതറീനും ഡെബോറയുടെ ഫണ്ടിലേക്ക് സംഭാവന നൽകി.

ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമാണ് ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്. 2016-ല്‍ ബോവല്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി വിടുന്നതിനു മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിച്ചു. അവർ ഡെബോറയ്ക്ക് ഒപ്പം നിൽക്കുന്നു. പൊരുതാൻ ഉറച്ചു തന്നെ..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സറിയിൽ ഉണ്ടായ ചികിത്സാപിഴവ്‌ മൂലം 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിലെ ഒരു നേഴ്‌സറിയിൽ ആണ് സംഭവം നടന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. സംഭവത്തിൽ 35-ഉം 34-ഉം പ്രായമുള്ള സ്ത്രീകളെയാണ് ഗുരുതരമായ അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്ക് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തത്.


കുട്ടിയുടെ മരണം വളരെ വിഷമാജനകമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിന് തങ്ങൾ എല്ലാവിധ സഹായവും കൈത്താങ്ങും നൽകുമെന്നും ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അർഹമായ നീതി ലഭിക്കുവാൻ തങ്ങൾ കഴിയുന്നത്ര പ്രയത്നിക്കും എന്നും വസ്തുതകൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെതുടർന്ന് താൽക്കാലികമായി നേഴ്സറി അടച്ചിട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നേഴ്‌സുമാരുടേത്. അതിജീവനത്തിന്റെ പാതയിലെ മുന്നണി പോരാളികളായിരുന്നു അവർ. അവർക്ക് ആദരം അർപ്പിച്ചാണ് ഈ വർഷത്തെ നേഴ്സസ് ദിനം കടന്നുപോയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സിലെ തീയറ്റര്‍ നേഴ്‌സായ മഞ്ജു മാത്യുവിന് ഈ നേഴ്സസ് ദിനം ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഇത്തവണത്തെ ഡെയ്സി അവാർഡ് മഞ്ജുവിനെ തേടിയെത്തിരിക്കുകയാണ്. അവാർഡിന്റെ സന്തോഷം പങ്കിടാൻ ഭർത്താവും ഒപ്പമുണ്ടായിരുന്നത് ഇരട്ടിമധുരം പകരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ മഞ്ജു നേഴ്സ് ആയി ജോലി ആരംഭിച്ചിട്ട് 23 വർഷങ്ങൾ കഴിഞ്ഞു. സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെയാണ് ഇരുപത് വർഷവും ജോലി ചെയ്തത്.

ഡെയ്സി അവാര്‍ഡ് ഫോര്‍ എക്‌സ്ട്രാ ഓര്‍ഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് അവാർഡ് ലഭിച്ചത്. രോഗികളോടും പ്രിയപ്പെട്ടവരോടും ഏറ്റവും സ്നേഹത്തോടെ പെരുമാറുന്ന നേഴ്സിനെ തേടിയെത്തുന്ന പുരസ്‌കാരം ആണിത്. സേവന മികവിന് രോഗികളുടെ നിര്‍ദേശം വഴിയാണ് ഈ അവാർഡ് ലഭിക്കുക. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കി എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്‌സി അവാര്‍ഡ് തേടിയെത്തുന്നത്. ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക് സ്ട്രാ ഓർഡിനറി നേഴ്സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാൻ വേണ്ടി ജെ. പാട്രിക്ക് ബാൺസിന്റെ കുടുംബം അദ്ദേഹത്തിന്റ ഓർമ്മയ്ക്കു വേണ്ടി 1999 നവംബറിൽ സ്ഥാപിച്ചതാണ് ഡെയ്സി ഫൗണ്ടേഷൻ. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നേഴ്സുമാർക്ക് കൂടി ഡെയ്സി അവാർഡ് നൽകുന്നു.

മഞ്ജുവിന്റെ ഭര്‍ത്താവ് അനീഷ് മാത്യു സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെ അനസ്തെറ്റിക് പ്രാക്ടീഷണര്‍ നേഴ്‌സാണ്. സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് അനീഷ്. വിദ്യാര്‍ത്ഥികളായ ആല്‍ഫിയും അമ്മുവുമാണ് ഇവരുടെ മക്കള്‍.

സ്‌പോട്‌സ് ഡെസ്‌ക് മലയാളം യുകെ.
ലീഡ്‌സ്. മലയാളി ക്രിക്കറ്റ് താരം അനീഷ് ബാബു യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ ഇരുപത് പേരടങ്ങുന്ന ലിസ്റ്റില്‍ പതിനൊന്നാമതായി ഇടം നേടി. യോർക്ഷയറിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി യോർക്ഷയർ ഹോനേർഡ്സ് ബോർഡിൽ ഇടംപിടിക്കുന്നത്.   യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ആയിരത്തോളം കൗണ്ടി ക്ലബ്ബുകളില്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത്. സ്‌കിപ്പടണ്‍ ചര്‍ച്ച് ഇന്റ്റിറ്റിയൂട്ട് ക്രിക്കറ്റിന് ക്ലബ്ബിന് വേണ്ടി കളിച്ച മത്സരത്തില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റെടുത്ത മിന്നും പ്രകടനമാണ് ഈ നേട്ടം കൈവരിക്കാന്‍ അനീഷിനെ സഹായിച്ചത്.

സ്‌കൂള്‍കാലഘട്ടമുതല്‍ ക്രിക്കറ്റ്കളിച്ചുതുടങ്ങിയ അനീഷ് ഹരിയാനയിലെ ഫരീദബാദില്‍ നടന്ന മാനവരചന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നടത്തിയ ടൂര്‍ണ്ണമെന്റ്മുതലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിനുശേഷം പലക്ലബുകളുടെയും ഭാഗമായി കളിച്ചിരുന്നു. ഇംഗ്ലണ്ടില്‍ വെസ്റ്റ് യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്ററിന്‌വേണ്ടിയാണ് അനീഷ് ആദ്യമായി കളിച്ചത്. ആദ്യ ഓള്‍ റൗണ്ടര്‍ പ്രകടനത്തില്‍ തന്നെ അനീഷ് സെഞ്ച്വറി നേടിയിരുന്നു. ഇപ്പോള്‍ സ്‌കിപ്ടണ്‍ ചര്‍ച്ച് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. ബോര്‍ഡില്‍ ഇടം തേടിയതിന് പിന്നാലെ യുകെ പലനല്ല ക്രൗണ്ടി ക്രിക്കറ്റ് ക്ലബുകളും നല്ല വാഗ്ദാനങ്ങള്‍ നല്കിതുടങ്ങി.

2021 ല്‍ യുകെയിലെത്തിയ അനീഷ് കുടുംബസമേതം യോര്‍ക്ഷയറിലെ കീത്തിലിയിലാണ് താമസം. കേരളത്തില്‍ കൊല്ലം പത്തനാപുരമാണ് ജന്മദേശം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മരണത്തിനു കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം . ക്ഷീണം തോന്നുന്നു എന്ന് ഭാര്യയോട് പറഞ്ഞ് കിടക്കാൻ പോയ ജെയ്മോനെ മരണം തട്ടിയെടുത്തതിന്റെ തേങ്ങലിലാണ് ഭാര്യയും രണ്ടു കുട്ടികളും .

മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായ ജെയ്മോൻെറ നിര്യാണം അറിഞ്ഞ് ഓടിയെത്തുകയാണ് സുഹൃത്തുക്കൾ. കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ സ്വദേശിയായ ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മരണത്തിൻെറ കാരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . യുകെയിലെ നോർത്താംപ്ടണിൽ താമസിക്കുന്ന ജെയ്മോൻ സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

15 വയസ്സുകാരിയെ കാണാതായതിൻെറ പതിനഞ്ചാം ദിവസം ബ്രിസ്റ്റോളിൽ കണ്ടെത്തി പോലീസ്. ഏപ്രിൽ-26 ന് സൗത്ത്മീഡ് ഏരിയയിലെ തൻെറ വീട്ടിൽ നിന്ന് കാണാതായ മാഡി എന്ന് അറിയപ്പെടുന്ന മാഡിസണിനുവേണ്ടി പോലീസ് വൻ തിരച്ചിലാണ് നടത്തിയിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ എന്ന് സംശയിക്കുന്ന മൂന്ന് പേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്താനായുള്ള പൊതുജനങ്ങളുടെ സഹായത്തിന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലോറ മില്ലർ നന്ദി പറഞ്ഞു.

മാഡിസണെ കണ്ടെത്തിയെന്നും ഇതിനോടനുബന്ധിച്ച് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ ആണെന്നും അവരെ ഉടനെതന്നെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു. മാഡിയെകുറിച്ചുള്ള തങ്ങളുടെ തെരച്ചിലിൽ പൊതു ജനങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും ഞങ്ങൾ നന്ദി ഉള്ളവരാണെന്നും അവൾക്കിപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പു നൽകാൻ ആഗ്രഹിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. മാഡിയെ കണ്ടെത്തിയ വിവരം ഉടനെ തന്നെ പോലീസ് കുടുംബത്തെ അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഉയര്‍ന്ന തുകയുടെ പണം നിക്ഷേപിക്കുന്നതിന് പാൻകാര്‍ഡ് അല്ലെങ്കിൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ. ഒരു സാമ്പത്തിക വർഷം നിശ്ചിത തുക നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും പുതിയ നിബന്ധന ബാധകമാകും. നിക്ഷേപം 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലാണ് ഇനി പാൻകാര്‍ഡോ ആധാറോ നിര്‍ബന്ധമാകുന്നത്. ബാങ്കിൽ കറന്റ് അക്കൗണ്ടോ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടോ തുറക്കുന്ന സാഹചര്യത്തിലും പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആണ് മെയ് 10-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയമം 2022 മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.

വിജ്ഞാപനമനുസരിച്ച് എല്ലാ വ്യക്തികളും ഉയര്‍ന്ന പണം ഇടപാടുകൾ നടത്തുമ്പോൾ, ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ പാൻ നമ്പറോ ആധാർ നമ്പറോ നൽകേണ്ടതാണ്. ഈ പുതിയ നിയമം പോസ്റ്റ് ഓഫീസുകൾക്കും സഹകരണ സംഘങ്ങൾക്കും ബാധകമായിരിക്കും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും പണം നിക്ഷേപം, പിൻവലിക്കൽ എന്നിവ ട്രാക്കുചെയ്യുന്നതിനും ഇടപാടുകൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള ഒന്നോ അതിലധികമോ അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപം നടത്തിയവര്‍ക്ക് ഇത് ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപമാണ് പരിശോധിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതചെലവ് പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി 90,000 സിവിൽ സർവീസ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഞ്ച് തസ്തികകളിൽ ഒന്ന് വീതം വെട്ടിക്കുറച്ച്, വരും വർഷങ്ങളിൽ ജോലിക്കാരുടെ എണ്ണം 2016 ലെ നിലവാരത്തിലേക്ക് മടങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന് സർക്കാർ ചിലവുകൾ കുറയ്ക്കേണ്ടതുണ്ടെന്ന് ജോൺസൺ വ്യക്തമാക്കി. എന്നാൽ ഈ തീരുമാനം, പാസ്‌പോർട്ട് പ്രോസസ്സിംഗ് പോലുള്ള സേവനങ്ങളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

2016-ൽ സിവിൽ സർവീസ് സേവനങ്ങളിൽ 384,000 ജീവനക്കാർ ജോലി ചെയ്തിരുന്നു. എന്നാൽ ബ്രെക്സിറ്റോടെ എണ്ണം കുതിച്ചുയർന്നു. കഴിഞ്ഞ വർഷം അവസാനം ഇത് 475,000-ൽ എത്തി. ജോലി വെട്ടികുറയ്ക്കുന്നതിന്റെ കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാം. എന്നാൽ ഈ നീക്കം പാസ്‌പോർട്ടുകൾ, അതിർത്തി നിയന്ത്രണം, ആരോഗ്യം പോലുള്ള വിവിധ സേവനങ്ങളെ ബാധിക്കുമെന്ന് എഫ് ഡിഎ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ പറഞ്ഞു.

വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുന്നവർക്ക് കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി അടിയന്തര ബജറ്റ് അവതരിപ്പിക്കുന്നതിനുപകരം അർഥശൂന്യമായ ഇത്തരം പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ലേബർ പാർട്ടി ആരോപിച്ചു. എന്നാൽ ജീവിതചെലവ് പ്രതിസന്ധി നേരിടാനായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാൽമൊണല്ല ഭീതിയെ തുടർന്ന് ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ. ചിക്കൻ സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സാലഡുകൾ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നൽകാനും സൂപ്പർമാർക്കറ്റുകൾ നിർദ്ദേശിക്കുന്നു. ടെസ്‌കോ, സെയിൻസ്‌ബറിസ്, ആൽഡി, പ്രെറ്റ് എ മാംഗർ, എം ആൻഡ് എസ്, വെയ്‌ട്രോസ് എന്നിവരാണ് നൂറോളം ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ആമസോൺ, കഫെ നീറോ, കോസ്റ്റ, വൺ സ്റ്റോപ്പ്, സ്റ്റാർബക്സ് എന്നിവയുൾപ്പെടെയുള്ളവരും ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) മുന്നറിയിപ്പ് നൽകി. മെയ്‌ 11 മുതൽ 20 വരെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിച്ചത്.

ഹളിലെ ക്രാൻസ്‌വിക്ക് കൺട്രി ഫുഡ്‌സ് പ്രോസസ്സിംഗ് പ്ലാന്റിലെ പരിശോധനയിലാണ് സാൽമൊണല്ലാ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം ഒരു മുൻകരുതൽ നടപടിയാണെന്ന് സൂപ്പർമാർക്കറ്റുകളുടെ വെബ്സൈറ്റിൽ പറയുന്നു. 33 ഇനങ്ങളാണ് സെയിൻസ്‌ബറി തിരിച്ചുവിളിക്കുന്നത്.

ചിക്കൻ സാൻഡ്‌വിച്ചുകൾ, ചിക്കൻ റാപ്പുകൾ, ചിക്കൻ സാൻഡ്‌വിച്ച് പ്ലേറ്ററുകൾ, പാകം ചെയ്ത ചിക്കൻ തുടങ്ങിയവയാണ് തിരിച്ചുവിളിക്കുന്നതെന്ന് സെയിൻസ്‌ബറിയുടെ വക്താവ് അറിയിച്ചു. “ചിക്കൻ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അടുത്തുള്ള സെയിൻസ്ബറി സ്റ്റോറിലേക്ക് തിരികെ നൽകണമെന്നും ഞങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. അവിടെ അവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ചലച്ചിത്രനടിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ അഭിനയിച്ച സാറാ ഫിതിയനും (36) ഭർത്താവ് വിക്ടർ മാർക്കും (59) ആണ് പ്രതികൾ. 14 ലൈംഗിക കുറ്റകൃത്യങ്ങളിൽ സാറാ കുറ്റക്കാരിയാണെന്ന് നോട്ടിംഗ്ഹാം ക്രൗൺ കോടതി കണ്ടെത്തി. വിക്ടർ 18 കേസുകളിൽ കുറ്റക്കാരനാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. 2002-നും 2003നും ഇടയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലും വിക്ടർ പ്രതിയാണ്.

ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം അവർ കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. മെയ്‌ 16ന് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി മാർക്ക് വാട്‌സൺ അറിയിച്ചു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.

Copyright © . All rights reserved