Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഓൺലൈനിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ മാറ്റികൊണ്ട് 1600 പൗണ്ടിന്റെ തട്ടിപ്പ് നടത്തിയ എൻ എച്ച് എസ് ശാസ്ത്രജ്ഞയെ ജോലിയിൽ നിന്നും താത്കാലികമായി പിരിച്ചുവിട്ടു. ഓൺലൈൻ വിൽപ്പനയിൽ വാങ്ങിയ വാച്ച് വിലകൂടിയ മറ്റൊരു ഉത്പന്നത്തിന്റെ പെട്ടിയിൽ തിരിച്ചു നൽകിയ മൗറീൻ ബെന്നിക്ക് വാച്ചിന്റെ യഥാർത്ഥ വിലയുടെ ഇരട്ടി തുകയാണ് റീഫണ്ട്‌ ആയി ലഭിച്ചത്. തട്ടിപ്പിനിരയായ ജോൺ ലൂയിസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ക്രിസ്മസിന് മുമ്പുള്ള മാസങ്ങളിൽ താൻ ഇത്തരത്തിലുള്ള ചില തട്ടിപ്പുകൾ കൂടി നടത്തിയിട്ടുണ്ടെന്ന് വിചാരണ വേളയിൽ ബെന്നി വെളിപ്പെടുത്തി. ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷണൽ ട്രൈബ്യൂണൽ സർവീസ് പാനലിൽ കുറ്റം സമ്മതിച്ച ബെന്നിയെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഗ്ലാസ്ഗോ, ക്ലൈഡ് എൻ‌എച്ച്‌എസ് ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റിൽ ഒരു ബയോമെഡിക്കൽ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മൗറീൻ ബെന്നി. ജോൺ ലൂയിസിൽ നിന്നുയർന്ന തട്ടിപ്പ് വാർത്തകൾക്ക് പിന്നാലെ 2018 ന്റെ ആരംഭത്തിലാണ് ബെന്നിയെ തേടി പോലീസ് എത്തുന്നത്. 2017 ക്രിസ്മസ് സമയത്ത് ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ പരസ്പരം മാറ്റി റീഫണ്ടിലൂടെ 1,660 പൗണ്ട് തട്ടിയെടുത്തു. സെൻട്രൽ ഗ്ലാസ്ഗോയിലെ ബുക്കാനൻ ഗാലറിയിലെ സ്റ്റോറിലാണ് ഈ തട്ടിപ്പ് നടന്നത്. അതിനു ശേഷമാണ് ഓൺലൈനിൽ വാങ്ങിയ സ്വർണ വാച്ച് വില കൂടിയ വെള്ളി വാച്ചിന്റെ പെട്ടിയിലാക്കി തിരിച്ചയക്കുന്നത്. തന്റെ മകൾക്ക് ഒരു ക്രിസ്മസ് സമ്മാനമായി വാങ്ങിയ വാച്ചാണ് അതെന്ന വാദം പാനൽ തള്ളിക്കളഞ്ഞു.

ബെന്നി കുറ്റം സമ്മതിക്കുകയും 2019 ഓഗസ്റ്റിൽ ഗ്ലാസ്‌ഗോ ഷെരീഫ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പിലൂടെ ജോൺ ലൂയിസിന് നഷ്ടം സംഭവിച്ചുവെന്ന വസ്തുത ബെന്നി അംഗീകരിച്ചില്ല. ബെന്നിയെ 12 മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടൊപ്പം ജോൺ ലൂയിസിൽ നേരിട്ടും ഓൺലൈനായും ഷോപ്പിംഗ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രാജ്യത്ത് വാക്സിനേഷൻ വിതരണം വിപുലപ്പെടുത്തന്നതിന്റെ ഭാഗമായി, 12 മുതൽ 15 വയസ്സു വരെയുള്ള സ്കൂൾ കുട്ടികൾക്ക് തിങ്കളാഴ്ച മുതൽ വാക്സിൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ എൻഎച്ച്എസ് ടീമുകൾ നിരവധി സെക്കൻഡറി സ്കൂളുകളിൽ എത്തി വാക്സിൻ നൽകുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം മൂന്ന് മില്യനോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്സിന് അർഹരായിട്ടുള്ളത്. ഒക്ടോബർ പകുതിയോടെ കൂടെത്തന്നെ ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി തീർക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ വാക്സിനേഷൻ പ്രോഗ്രാമുകൾ വേഗത്തിൽ നടക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. മരണ നിരക്കുകൾ കുറയ്ക്കുന്നതിനും, രോഗ വ്യാപനം തടയുന്നതിനും വാക്സിനുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ കുട്ടികളെല്ലാവരും വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി ഓർമിപ്പിച്ചു.


സ്കൂളിൽ എത്താതെ ഹോം സ്കൂളിങ് നടത്തുന്ന കുട്ടികൾക്കും വാക്സിനുകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുമെന്ന് എൻ എച്ച് എസ്‌ അധികൃതർ അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് വാക്സിനുകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്കൂൾ അധികൃതർ തന്നെ ഒരുക്കും. എന്നാൽ യുകെയിൽ കുട്ടികൾ സ്കൂളുകളിൽ തിരിച്ചെത്തിയിട്ടും, കേസുകളിൽ കാര്യമായ വർധനയില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളുടെ വാക്സിനേഷൻ പ്രോഗ്രാമുകൾ നടക്കുന്നതോടൊപ്പം തന്നെ, മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകാനുള്ള സൗകര്യങ്ങൾ ആരോഗ്യപ്രവർത്തകർ ഒരുക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടൻ ഊർജ പ്രതിസന്ധിയുടെ വക്കിലെത്തി നിൽക്കുകയാണ്. എനർജി ബില്ലുകൾ കുത്തനെ ഉയരുന്ന സാഹചര്യവും ഉടലെടുത്തിരിക്കുന്നു. പാചകവാതക വിലയും വൈദ്യുതി വിലയും ഉയരുന്നത് ഉപഭോക്താക്കളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഗ്യാസിന്റെ വില ഉയരുന്നതിനനുസരിച്ച് വിപണിയിലെ വിതരണക്കാരുടെ എണ്ണം കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണ്. ഉത്പാദനക്കുറവും ആവശ്യകത വർദ്ധിക്കുന്നതുമാണ് ഗ്യാസ് വില ഉയരാനുള്ള കാരണം. ലോക്ക്ഡൗണിൽ ഗ്യാസ് വില കുറഞ്ഞെങ്കിലും അതിന്റെ ഇരട്ടി വേഗത്തിലാണ് ഇപ്പോൾ വില ഉയരുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന് (എൽഎൻജി) ഉയർന്ന ആവശ്യകത ഉണ്ട്. ഒപ്പം റഷ്യയിൽ നിന്നുള്ള വിതരണം പ്രവചിച്ചതിലും മന്ദഗതിയിലായതിനാൽ പ്രതിസന്ധി രൂക്ഷമായി.

ജനുവരി മുതൽ ഗ്യാസിന്റെ മൊത്തവ്യാപാര വില 250 ശതമാനം ഉയർന്നുവെന്ന് ഓയിൽ ആൻഡ് ഗ്യാസ് യുകെ വ്യക്തമാക്കി. 220 ലക്ഷത്തിലധികം കുടുംബങ്ങൾ ഗ്യാസ് വിതരണശൃംഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉയർന്ന ഗ്യാസ് വിലകൾ ഈ വർഷം വൈദ്യുതി വിലയിൽ വർദ്ധനവിന് കാരണമായി. ഏതുവിധേനയും നിലനിൽക്കുന്നതിനായി വിതരണക്കാർ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരും. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ അഞ്ചു വിതരണക്കാരാണ് വ്യവസായം അവസാനിപ്പിച്ചത്. എന്നാൽ നിങ്ങളുടെ ഗ്യാസ് വിതരണക്കാർ വിതരണം അവസാനിപ്പിച്ചെങ്കിൽ പേടിക്കേണ്ടതില്ല. ഓഫ് ജെം നിങ്ങളെ മറ്റൊരു വിതരണക്കാരിൽ എത്തിക്കും. പഴയ വിതരണക്കാരിൽ നിന്നുള്ള ബിൽ, മീറ്ററിന്റെ ചിത്രം എന്നിവ സഹിതം ഓഫ് ജെമിനെ സമീപിക്കുക. എന്നാൽ ഇവിടെ പുതിയ കരാറാണ് അവർ മുമ്പോട്ടു വയ്ക്കുക.

ഊർജ വിലയിലുള്ള നിലവിലെ സാഹചര്യം ഉപഭോക്താക്കളിലും കമ്പനികളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഇതൊരു ആഗോള പ്രശ്നമാണെന്നും ഓഫ് ജെം വ്യക്തമാക്കി. ഗ്യാസ് വിലവർധനയുടെ വ്യാപകമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ ഓഫ്‌ജെം സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിലക്കയറ്റം തുടരുന്നതിനാൽ പ്രതിസന്ധി പരിഹരിക്കപ്പെടാൻ കുറച്ച് മാസങ്ങൾ എടുത്തേക്കും. പക്ഷേ ആ സമയത്ത്, വിപണിയിൽ വിതരണക്കാർ വളരെ കുറവായിരിക്കാം. ഇത് ഉപഭോക്താക്കളെയും രൂക്ഷമായി ബാധിക്കും. പ്രീ-പേയ്മെന്റ് മീറ്ററിലുള്ള ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 ന് 153 പൗണ്ട് ഉയർന്ന് ആകെ 1,309 പൗണ്ടിലെത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും കൗമാര ഗർഭധാരണം കുറയാൻ ലോക്ക്ഡൗൺ പ്രധാന കാരണമായെന്ന് റിപ്പോർട്ട്‌. കൗമാര ഗർഭിണികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 വയസ്സിന് താഴെയുള്ള 2,600 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. എന്നാൽ 2019നെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 2019 ന്റെ രണ്ടാം പാദത്തിൽ 3788 കൗമാര ഗർഭധാരണമാണ് റിപ്പോർട്ട്‌ ചെയ്തത്. 1998 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപെടുത്തിയിരിക്കുന്നത്. മാർച്ച് 24 ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിനുമുമ്പ് 2020ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 3,597 കൗമാര ഗർഭിണികൾ ഉണ്ടായിരുന്നു.

 

കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്തെ മുഴുവൻ വീട്ടുതടങ്കലിലാക്കുകയാണ് ഉണ്ടായത്. വീടിനുള്ളിൽ പുറത്തുനിന്ന് ഉള്ളവരുമായി ഇടപഴകുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. ഇതാണ് കണക്കുകൾ കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മികച്ച ലൈംഗിക വിദ്യാഭ്യാസവും ലൈംഗികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതിനാൽ 2008 മുതൽ കൗമാരക്കാരുടെ ഗർഭധാരണ നിരക്ക് പകുതിയിലധികം കുറഞ്ഞിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ ഭാഗത്ത് ഏറ്റവും ഉയർന്ന കൗമാര ഗർഭധാരണ നിരക്ക് രേഖപ്പെടുത്തി. 100,000 ആളുകളിൽ 16.2 കൗമാര ഗർഭധാരണങ്ങൾ. നോർത്ത് വെസ്റ്റിൽ 15.8, യോർക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ 13.2, വെസ്റ്റ് മിഡ്‌ലാൻഡിൽ 11.5 എന്നിങ്ങനെയാണ് നിരക്ക്. 2020 ന്റെ രണ്ടാം പാദത്തിലെ കണക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ ഹൈജീൻ ആൻഡ് മെഡിസിൻ നടത്തിയ പഠനത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ വസന്തകാലത്ത് ആളുകൾ അവരുടെ സാമൂഹിക സമ്പർക്കം 75 ശതമാനം കുറച്ചുവെന്നാണ്. 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ 15 വയസും അതിൽ താഴെയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രായപൂർത്തിയാകാത്തവർ 16 വയസ്സിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ വീട് വില കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ശരാശരി വീട് വില 338,462 പൗണ്ടിലെത്തി. റൈറ്റ്മൂവിലെ കണക്കുകൾ പ്രകാരം, വീടുകളുടെ ശരാശരി ചോദ്യ വിലകൾ 0.3 ശതമാനം (1,091 പൗണ്ട്) വർദ്ധിച്ചു. വെയിൽസ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, കിഴക്കൻ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ 8 ശതമാനത്തിലധികം വാർഷിക വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്പനക്കാർ തമ്മിലുള്ള കടുത്ത മത്സരമാണ് വീട് വില ഉയരാനുള്ള പ്രധാന കാരണം. പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റിന്റെ ഇൻഡെക്സ് അനുസരിച്ച്, ശരാശരി ചോദിക്കുന്ന വില വെറും ആറ് മാസത്തിനുള്ളിൽ, 21,389 പൗണ്ട് ഉയർന്ന് 338,447 പൗണ്ടിലെത്തി.

കോവിഡ് -19 ന് മുമ്പുള്ളതിനേക്കാൾ 13 ശതമാനം വർധനവിലാണ് ഇപ്പോൾ വീടുകളുടെ വില്പന നടക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം പകർച്ചവ്യാധി മൂലം നിലവിൽ വന്ന സർക്കാരിന്റെ സ്റ്റാമ്പ് ഡ്യൂട്ടി അവധി, വീടിന്റെ വില ദ്രുതഗതിയിൽ വർധിക്കുന്നതിന് കാരണമായി. വിൽപ്പനയ്ക്കുള്ള വീടുകളുടെ ലഭ്യതക്കുറവാണ് ഇതിന് കാരണമായതെന്നും വിൽപ്പനയ്‌ക്കായി കൂടുതൽ സാധാരണ നിലയിലുള്ള സ്വത്ത് നിലനിർത്തിയാൽ വില സ്ഥിരപ്പെടുത്താൻ സാധിക്കുമെന്നും റൈറ്റ്മൂവ് കൂട്ടിച്ചേർത്തു.

സ്റ്റാമ്പ് ഡ്യൂട്ടി അവധി അവസാനിച്ചിട്ടും വീട് വിപണിയിൽ ഉയർന്ന തലത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ജൂൺ 30 ന് അവസാനിച്ച സ്റ്റാമ്പ് ഡ്യൂട്ടി അവധി പ്രകാരം ഒരു വസ്തു വാങ്ങൽ വിലയുടെ ആദ്യ 500,000 പൗണ്ടിന് നികുതി നൽകേണ്ടതില്ലായിരുന്നു. എന്നാൽ അതിപ്പോൾ സെപ്റ്റംബർ അവസാനം വരെ വീട് വിലയുടെ ആദ്യത്തെ 250,000 പൗണ്ടിന് നികുതിയില്ലെന്നായി. സ്റ്റാമ്പ് ഡ്യൂട്ടി അതിനു ശേഷം പൂർണ്ണമായി തിരിച്ചുവരും. വില സുസ്ഥിരമാകേണ്ടത് അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും റൈറ്റ്മൂവ് അഭിപ്രായപ്പെട്ടു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യുകെ മലയാളികളുടെ നാട്ടിലെത്താനുള്ള സ്വപ്നങ്ങൾക്കുമേൽ തിരിച്ചടിയായിരിക്കുകയാണ് രാജ്യം കൈക്കൊണ്ടിരിക്കുന്ന പുതിയ തീരുമാനങ്ങൾ. ഇന്ത്യൻ വാക്സിൻ അംഗീകരിക്കുകയില്ലെന്ന തീരുമാനമാണ് യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യുകെയിലെത്തിയ ശേഷം പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്നുള്ളതാണ് പുതിയ നിയമം. ഈ വ്യവസ്ഥയുമായി യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം ഒക്ടോബർ 4 മുതൽ നിലവിൽ വരും. ഇന്ത്യയിലെ രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും വാക്സിൻ എടുക്കാത്തവരുടെ പട്ടികയിലാവും ഉൾപ്പെടുത്തുക. ഇന്ത്യയ്ക്കു പുറമേ, യു എ ഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ, എന്നീ രാജ്യങ്ങളിൽ നിന്നും, ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്കും ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

യു കെ, യൂറോപ്പ്, യു എസ്‌ എന്നിവിടങ്ങളിൽനിന്നും ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ ആസ്ട്രാസെനെക്കയുടെ തന്നെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന ചോദ്യമാണ് ഉയർന്നുവന്നിരിക്കുന്നത്. ഈ വിഷയത്തെ സംബന്ധിച്ച് നയതന്ത്ര ചർച്ചകൾ ഉണ്ടാകുമെന്ന ഉറപ്പാണ് കേന്ദ്രസർക്കാർ പ്രവാസികൾക്ക് നൽകുന്നത്. പ്രവാസികളോടുള്ള ഐക്യം പ്രഖ്യാപിച്ച്, ബ്രിട്ടൻെറ തീരുമാനത്തെ ശക്തമായി എതിർത്ത് ശശി തരൂർ എം പി യും രംഗത്ത് വന്നിട്ടുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്നും ശശി തരൂർ എംപി പിന്മാറി.


ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുന്നവർ 72 മണിക്കൂർ മുൻപേ ആർടി പിസിആർ ടെസ്റ്റ് ചെയ്യേണ്ടതാണ്. ഇതോടൊപ്പംതന്നെ യുകെയിലെത്തിയ ശേഷം 10 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും,
രണ്ടാംദിവസവും, എട്ടാം ദിവസവും സ്വന്തം ചെലവിൽ ടെസ്റ്റ് ചെയ്യേണ്ടതുമാണ്. എന്നാൽ പുതിയ നിയമങ്ങൾ പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. കൂടുതൽ ചർച്ചകളിലൂടെ നിയമങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ശിശു ജനന നിരക്കിൽ ഉണ്ടാവുന്ന കുറവ് ദീർഘകാല സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടേക്കാമെന്ന് തിങ്ക്ടാങ്ക്. ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് മികച്ച ശിശു സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യണമെന്നും സോഷ്യൽ മാർക്കറ്റ് ഫൗണ്ടേഷൻ വ്യക്തമാക്കി. സാധാരണയായി ജോലി ചെയ്യുന്ന മാതാപിതാക്കൾ അവരുടെ വരുമാനത്തിന്റെ 22% മുഴുവൻ സമയ ശിശുസംരക്ഷണത്തിനായി ചെലവഴിക്കുന്നുണ്ട്. ഇത് പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയുടെ ശരാശരിയേക്കാൾ ഇരട്ടിയാണ്. പ്രശ്നപരിഹാരത്തിനായി മന്ത്രിമാർ ഒരു ക്രോസ്-ഗവൺമെന്റ് ടാസ്ക്ഫോഴ്സ് രൂപീകരിക്കണമെന്നും അവർ നിർദേശിക്കുന്നു. 1964 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും ജനനനിരക്ക് ഉയർന്നിരുന്നു. ഓരോ സ്ത്രീയ്ക്കും ഉള്ള കുട്ടികളുടെ എണ്ണം ശരാശരി 2.93 ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 1.58 ആയി കുറഞ്ഞു.

കുട്ടികളെ പ്രസവിക്കുന്നതിന് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി നടപ്പിലാക്കുന്ന നയമാണ് പ്രൊനാറ്റലിസം. സർക്കാർ പിന്തുണയിലൂടെ ജനനനിരക്ക് ഉയർത്തുന്ന നടപടിയാണിത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 28 ശതമാനം, ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് പ്രത്യേകമായി നിയമങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിൽ, 950 യൂറോയുടെ ‘ബർത്ത് ഗ്രാന്റ്’ നിലവിലുണ്ട്.

നയങ്ങൾ രൂപീകരിക്കുമ്പോൾ, ജനസംഖ്യാ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മന്ത്രിമാർ ഒരു ക്രോസ്-ഡിപ്പാർട്ട്മെന്റൽ ടാസ്ക്ഫോഴ്സ് ഉണ്ടാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ജനനനിരക്കിലെ കുറവ് സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് വിലങ്ങുതടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആറു മാസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെ ജനനനിരക്ക് എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. 2020 ൽ ന്യൂസിലാന്റിൽ 57,753 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,064 (3%) ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വാഹനത്തെ മറന്നുകൊണ്ടുള്ള ജീവിതം ഈ കാലത്ത് സാധ്യമല്ല. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? ആർമർ ഓൾ രണ്ടായിരം കാർ ഉടമകളിൽ നടത്തിയ പഠനത്തിൽ 49 ശതമാനം പേരും തങ്ങളുടെ വാഹനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. വൃത്തിയില്ലായ്മ, മങ്ങിയ നിറം, പോറലുകൾ എന്നിവ നാണക്കേടുണ്ടാക്കുന്നതായി പലരും വെളിപ്പെടുത്തി. ആറിൽ ഒരാൾ അവരുടെ വാഹനത്തിന്റെ അവസ്ഥയെപറ്റി സ്വയം ബോധവാന്മാരാണ്. 41 ശതമാനം പേർ വാഹനം കഴുകാൻ മടിയുള്ളവരാണ്. 56 ശതമാനം പേരും കാറിന്റെ നിറത്തിൽ അധികം ശ്രദ്ധ നൽകാറില്ല. അതുകൊണ്ട് തന്നെ പോറലുകളും മങ്ങിയ നിറവും ശ്രദ്ധിക്കാറില്ല.

പത്തിൽ ആറ് പേർ പതിവായി സ്വന്തം വാഹനം കഴുകുന്നവരാണ്. 38 ശതമാനം പേർക്ക് കാർ ക്ലീനിംഗ് ഐറ്റംസ് സ്വന്തമായിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കാറുകൾ വൃത്തിയാക്കാമെങ്കിലും പലരും അതിന് ശ്രമിക്കുന്നില്ല. എന്നാൽ കാറുകൾ വൃത്തിയാക്കുന്നത് ആസ്വദിച്ചു ചെയ്യുന്നവരുമുണ്ട്. കാറുകൾ തങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്നതായി പറയുന്നവർ നിരത്തുന്ന പത്ത് കാരണങ്ങൾ ഇവയാണ്.

• വാഹനം പഴയതായിരുന്നു
• കാറിനകവും പുറവും വൃത്തികേടായിരുന്നു.
• കാറിൽ പോറലുകൾ ഉണ്ടായിരുന്നു
• കാർ തുരുമ്പിച്ചു
• നിറം മങ്ങിതുടങ്ങി
• പലയിടത്തും ചളുക്ക് ഉണ്ടായിരുന്നു
• കാർ തീരെ ചെറുതാണ്
• എഞ്ചിനിൽ നിന്നും പല ശബ്‍ദങ്ങൾ കേട്ടു
• കാറിന്റെ പുറം വളരെ വൃത്തികേടായിരുന്നു
• കാറിന്റെ ബ്രാൻഡ് ഇഷ്ടപെട്ടില്ല

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെർബി : ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കില്ലമാർഷ് ചന്ദോസ് ക്രസന്റിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. സംഭവം കൊലപാതകം ആണെന്നും ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഒരു വ്യക്തിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലുള്ളവരെ കാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. നാടിനെ നടുക്കിയ കൊലപാതകം നടന്നതോടെ പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ സംശയാസ്പദമായി എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തവർ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും വിവരങ്ങൾ എത്ര ചെറുതാണെങ്കിലും പോലീസിൽ അറിയിക്കാൻ തയ്യാറാകണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ റോബ് റൂട്ട്‌ലെഡ്ജ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളുമായി പോലീസ് സംസാരിച്ചു വരികയാണ്. വളരെ ദാരുണമായ സംഭവം ആണ് നടന്നതെന്ന് നോർത്ത് ഈസ്റ്റ് ഡെർബിഷയർ എംപി ലീ റൗലി പറഞ്ഞു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസംബറോടുകൂടി കൊറോണ വൈറസിനെതിരെയുള്ള 100 ദശലക്ഷം വാക്സിനോളമാണ് ഉപയോഗ്യശൂന്യമാകുന്നതെന്ന് ഗവേഷണ ഗ്രൂപ്പായ എയർഫിനിറ്റിയുടെ പഠനറിപ്പോർട്ട് പുറത്ത് . ആഗോള വാക്സിൻ ഉച്ചകോടിക്ക് മുൻപ് ഗവേഷണ റിപ്പോർട്ട് ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർക്ക് അയച്ചിരുന്നു.എയർഫിനിറ്റിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ഏകദേശം ഏഴ് ദശലക്ഷം വാക്സിനുകളാണ് ലഭ്യമാകുന്നത്.ഡിസംബർ മാസത്തോടെ ഇത് പന്ത്രണ്ട് ദശലക്ഷത്തിലേക്ക് എത്തും. എന്നാൽ ഏകദേശം നൂറ് ദശലക്ഷം വാക്സിനുകൾ ഉപയോഗശൂന്യമാകുമോയെന്ന ഭയം നിലനിൽക്കുന്നുണ്ട്. ഏതു രാജ്യത്തിലേക്കാണ് വാക്സിന് നൽകുന്നത് എന്നതാണ് ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിക്കുന്ന ഘടകം എന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മൂന്നാംകിട രാജ്യങ്ങളിലേക്ക് ആരാണ് വാക്സിന് നല്കുന്നത് എന്നതിനെ പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംകിട രാജ്യങ്ങൾക്ക് വാക്സിൻ കിട്ടാത്ത ഈ സാഹചര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ ഏകദേശം 100 ദശലക്ഷത്തോളം വാക്സിനുകൾ ഉപയോഗശൂന്യമായി വലിച്ചെറിയേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾക്ക് മാറ്റമുണ്ടാകുമോ, വാക്സിൻ കയറ്റുമതിക്കുള്ള നിയന്ത്രണ തടസ്സങ്ങൾ എങ്ങനെ മറികടക്കാൻ സാധിക്കും , സ്റ്റോക്ക് ചെയ്ത വാക്സിനുകൾ ഉപയോഗശൂന്യമാകാതെ എങ്ങനെ നോക്കാം എന്നീ കാര്യങ്ങൾക്ക് ബുധനാഴ്ച്ചയിലെ ഉച്ചകോടിയിൽ തീരുമാനമാകും. എയർഫിനിറ്റിയുടെ റിപ്പോർട്ട് ലോകനേതാക്കൾക്ക് പ്രശ്നങ്ങൾ നേരിടാനുള്ള ഒരു ഉത്തമ വഴികാട്ടിയായിരിക്കും. വാക്സിൻെറ വലിയ തോതിലുള്ള നഷ്ടം ഉണ്ടാകാതിരിക്കാൻ നാം ഒരു വാക്സിൻ റിലീസ് പ്ലാൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലേക്ക്‌ ഉടൻ തന്നെ വാക്സിൻ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അത് ലോകത്തിനു തന്നെ ഒരു വലിയ നഷ്ടമായി തീരുമെന്നും തെക്കൻ രാജ്യങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ നൽകേണ്ടതുണ്ടെന്നും ഡയറക്ടർ നിക്ക് ഡിയർഡൻ അഭിയപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved